ഇത്തിരി... സാലഡ്; ഒത്തിരി ഗുണങ്ങൾ
സാലഡ് എന്ന ഇംഗ്ലിഷ് വാക്ക് സലാഡെ (salade) എന്ന ഫ്രഞ്ച് പദത്തിൽ നിന്ന് ജന്മമെടുത്തതാണ്. സലാട്ട (salata) എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് സലാഡെയുടെ വരവ്. ഉപ്പ് എന്നർഥം വരുന്ന സാൽ (sal) എന്ന വാക്കുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. 14–ാം നൂറ്റാണ്ടിലാണ് സാലഡ് എന്ന വാക്ക് ആദ്യമായി ഇംഗ്ലിഷിൽ ഉപയോഗിച്ചു തുടങ്ങിയത്.
ചരിത്രം
റോമൻ സാമ്രാജ്യം ആദ്യ സാലഡിന് രൂപം നൽകി എന്നാണ് ഭക്ഷണ ചരിത്രകാരൻമാർ പറയുന്നത്. പച്ചക്കറി കൊണ്ടുള്ള ഏറ്റവും ലഘുവായ ഭക്ഷ്യവസ്തു എന്നാണ് സാലഡിനെ വിശേഷിപ്പിക്കാറുള്ളത്. പച്ചക്കറികളും ഇലക്കറികളും ഉപ്പും എണ്ണയും ചാലിച്ചാണ് ആദ്യകാലത്ത് സാലഡ് ഉണ്ടാക്കിയിരുന്നത്.
പ്രാചീന ഗ്രീക്ക്– റോമൻ ജനത സാലഡ് ഭക്ഷിച്ചിരുന്നതായി ചരിത്രരേഖകൾ പറയുന്നു. പിന്നീട് ഇത് യൂറോപ്പാകെ വ്യാപിച്ചു. സാലഡ് തയാറാക്കുന്ന എണ്ണകളെക്കുറിച്ചും പരാമർശമുണ്ട്.
പുരാതന ഗ്രീക്ക്, റോമൻ, പേർഷ്യൻ കാലഘട്ടം മുതൽക്കെ പച്ചക്കറികൾ അലങ്കരിച്ചു വച്ച് കഴിക്കുന്ന പതിവുണ്ടായിരുന്നത്രേ. ഗ്രീക്ക്– റോമൻ അധിനിവശത്തോടെ യൂറോപ്പിലും ഇതു വ്യാപകമായി. രാജകീയ ഭക്ഷണമായി യൂറോപ്പിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ സാലഡ് പിന്നെ അവിടെ സാധാരണക്കാരന്റെ പാത്രത്തിലും സ്ഥാനം പിടിച്ചു. പച്ചക്കറികൾ പല തട്ടുകളായി അലങ്കരിച്ചു ഭക്ഷിക്കുന്നത് യൂറോപ്യൻ ഭക്ഷ്യസംസ്കാരത്തിന്റെ ഭാഗമായി. ജോൺ ഇവിലിൻ 1699ൽ ഇതുസംബന്ധിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ട്–Acetaria : A Discourse on Sallets. 1542–1567കാലഘട്ടത്തിൽ ജീവിച്ച സ്കോട്ട് രാജ്ഞി മേരി സെലറിയുടെ വേവിച്ച കിഴങ്ങ് പുഴുങ്ങിയ മുട്ട അരിഞ്ഞതിനൊപ്പം സാലഡ് രൂപത്തിൽ കഴിച്ചിരുന്നതായി രേഖകളുണ്ട്. സാലഡുകളിൽ ഉപയോഗിച്ചിരുന്ന പ്രത്യേകതരം എണ്ണയെപ്പറ്റി 17–ാം നൂറ്റാണ്ടിലെ രേഖകളിലും പരാമർശമുണ്ട്.
കാലം മാറിയതോടെ സാലഡുകളുടെ രൂപവും ഭാവവുമൊക്കെ മാറിത്തുടങ്ങി. പലതരം സാലഡുകൾ തീൻമേശയിൽ സ്ഥാനം പിടിച്ചു. ചില സാലഡുകളെ പരിചയപ്പെടാം.
അപ്പിറ്റൈസർ സാലഡ്
- പ്രധാന ഭക്ഷണത്തിന് മുന്നോടിയായി വിളമ്പുന്ന സാലഡ്.
- സൈഡ് സാലഡ്
- പ്രധാന ഭക്ഷണത്തിനൊപ്പം വിളമ്പുന്ന സാലഡ്. ഇത് ഒരു കൂട്ടുകറി എന്ന നിലയിലാണ് വിളമ്പുക.
- മെയിൻ കോഴ്സ് സാലഡ്
- ഡിന്നർ സാലഡ് എന്ന പേരിലും അറിയപ്പെടുന്നു. പ്രൊട്ടീൻ ഘടകങ്ങളാൽ സമ്പന്നമായ സാലഡ്. ചിക്കൻ, ബീഫ്, ചീസ്, കടൽവിഭവങ്ങൾ എന്നിവ അടങ്ങിയിരിക്കും
സ്വീറ്റ് സാലഡ്
- ഡിസേർട്ട് സാലഡുകളാണ് ഇവ. ചീസ്, ക്രീം തുടങ്ങിയവ ചേർത്ത്, പഴങ്ങളാൽ സമ്പന്നമായ സാലഡ്.
സാലഡിൽ അടങ്ങിയിരിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ അടിസ്ഥാനത്തിലും സാലഡിനെ തരംതിരിക്കാം
ഗ്രീൻ സാലഡ്
ഗാർഡൻ സാലഡ് എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇലക്കറികളാണ് മുഖ്യ വിഭവം (ലെറ്റൂസ്, ചീര, തുടങ്ങിയവ)
വെജിറ്റബിൾ സാലഡ്
പച്ചക്കറികളാൽ സമ്പന്നം. ഏറ്റവും പ്രചാരം നേടിയ സാലഡുകൾ ഇവയാണ്. വെള്ളരി, തക്കാളി, കാരറ്റ്, സവാള തുടങ്ങിയ പച്ചക്കറികളുടെ നിര തന്നെ അടങ്ങിയിരിക്കും.
ബൗണ്ട് സാലഡ്
മയോണൈസ് പോലുള്ള വസ്തുക്കൾ ഉണ്ടാക്കുന്നവയാണ് ഇവ. പാസ്ത സാലഡ്, ചിക്കൻ സാലഡ്, എഗ്ഗ് സാലഡ് തുടങ്ങിയവ ഉദാഹരണം. എന്നാൽ സംസ്കരിച്ച വസ്തുക്കൾക്കൊണ്ട് ഉണ്ടാക്കിയതിനാൽ ഇവയ്ക്ക് സാധാരണ സാലഡിന്റെ ഒൗഷധഗുണമുണ്ടാകണമെന്നില്ല.
ഇപ്പോൾ മുന്തിയ ഹോട്ടലുകളിൽ സാലഡ് ബാർ എന്നതും യാഥാർഥ്യമായി. 1950കളിൽ അമേരിക്കയിലെ വിസ്കോൻസിൻ സംസ്ഥാനത്താണ് ഇത്തരത്തിലെ ആദ്യ ബാർ ആരംഭിച്ചത്. വിരുന്നുകളിൽ സാലഡുകളുടെ കൗണ്ടറുകൾക്കും ഇന്ന് പഞ്ഞമില്ല.
English Summary: Summer Salad