മധുരമുള്ള ചക്കപ്പഴം കൊണ്ട് കുട്ടികൾക്ക് പ്രിയപ്പെട്ടൊരു കറി തയാറാക്കിയാലോ? 

ചേരുവകൾ 

  • പഴുത്ത ചക്കച്ചുള -  15 എണ്ണം 
  • കുരുമുളകുപൊടി - 1 ടേബിൾസ്പൂൺ 
  • മഞ്ഞൾപ്പൊടി - 2 ടേബിൾസ്പൂൺ 
  • നാളികേരം ചിരവിരുത്‌ -  1 മുറി (1/2 കപ്പ് )
  • തൈര് - 200 മില്ലി
  • ജീരകം - 1 ടേബിൾസ്പൂൺ 
  • ശർക്കര - 2 ടേബിൾസ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

അടി കട്ടിയുള്ള പാത്രത്തിൽ (കൽച്ചട്ടി കൂടുതൽ ഉചിതം) പഴുത്ത ചക്ക ചുളയും വെള്ളവും ഉപ്പും കുരുമുളകുപൊടിയും മഞ്ഞൾപൊടിയും ചേർത്ത് വേവിക്കുക. മിക്സിയിൽ ചിരവിയ നാളികേരവും തൈരും ജീരകവും ചേർത്ത് നന്നായി അരച്ചെടുക്കുക. പാത്രത്തിലെ പഴുത്ത ചക്ക വെന്തു വരുമ്പോൾ അടുപ്പിൽ നിന്നും വാങ്ങി ചൂടാറിയ ശേഷം അതും മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ശേഷം ആദ്യത്തെ നാളികേരത്തിന്റെ അരപ്പും മിക്സിയിൽ അരച്ചെടുത്ത ചക്കയും ചേർത്ത് ഒരു പാത്രത്തിലേക്ക് പകർത്തി നന്നായി ഇളക്കി വേവിച്ചെടുക്കുക. മധുരത്തിന്റെ ആവശ്യം അനുസരിച്ച് ശർക്കരയും ചേർക്കുക. വേവ് പാകമാവുമ്പോൾ തീ കെടുത്തി വറവും (കടുകും മുളകും കറിവേപ്പിലയും കൂടി) ചേർത്ത് വിളമ്പാം. ചക്ക പഴത്തിന്റെ സ്വാദ് ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു വിഭവമായിരിക്കും.

English Summary: Chakkapazham Pulissery or Kalan is a dish, unique to Kerala cuisine.