ADVERTISEMENT

വര്‍ഷങ്ങളുടെ ചരിത്രമുള്ള രുചികരമായ ഒരു വിഭവമാണ് പിടിയും കോഴിയും. എഡി 52 ൽ മുസിരിസിൽ വച്ച്, ചേര രാജാവ് സെന്‍റ് തോമസിന് വിളമ്പിയെന്ന് കരുതപ്പെടുന്ന ഈ വിഭവത്തിന് സാംസ്‌കാരിക പ്രധാന്യവുമുണ്ട്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ വിവാഹങ്ങളിലും മതപരമായ ചടങ്ങുകളിലും ഈ വിഭവം വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. അരിപ്പൊടിയും തേങ്ങാപ്പീരയും വറുത്ത്, തിളച്ച വെള്ളമൊഴിച്ചു കുഴച്ച്, ചെറു ഉരുളകളായി ഉരുട്ടിയെടുത്തു വീണ്ടും വേവിച്ചെടുക്കുന്നക്കുന്നതാണ് പിടി.

pidi-and-chicken-tasty

കൊഴുക്കട്ടയുടെ ഒരു അകന്ന ബന്ധുവായി വരും. അരിപ്പൊടിയിൽ വെളുത്തുള്ളിയുടെയും ജീരകത്തിന്‍റെയും രുചികള്‍ കൂടി ചേരുമ്പോള്‍, പിടിക്ക് അസാധ്യമായ മണവും സ്വാദും വരും. നല്ല വെന്തു കുറുകിയ പിടി ഒരു പ്ലേറ്റിലേക്ക് അല്‍പ്പം കോരിയിട്ട്, നല്ല തേങ്ങാപ്പാലൊഴിച്ച കോഴിക്കറി അതിനു മുകളിലേക്ക് ഒഴിച്ച് ഒരു 'പിടി'യങ്ങ് പിടിക്കണം, അന്നുവരെ കഴിച്ച സകല രുചികളും മറന്നുപോകും!  ഇത്തവണത്തെ ഈസ്റ്ററിന് പിടിയും കോഴിക്കറിയും തയാറാക്കാം. 

മതപരമായ പ്രാധാന്യം

മതപരമായ ചടങ്ങുകളുടെ ഭാഗമായി സമർപ്പിക്കുന്ന വിഭവങ്ങളില്‍ ഒന്നാണ് പിടിയും കോഴിയും. സുറിയാനി ഓർത്തഡോക്സ് ക്രിസ്ത്യാനികൾ, സുറിയാനി യാക്കോബായ ക്രിസ്ത്യാനികൾ, സീറോ മലബാർ ക്രിസ്ത്യാനികൾ എന്നിവരുമായി ബന്ധപ്പെട്ട ചടങ്ങായ പന്ത്രണ്ടു അപ്പോസ്തലന്മാര്‍ക്കുള്ള നേര്‍ച്ച സമയത്ത് പിടിയും കോഴിയും വിളമ്പാറുണ്ട്. എറണാകുളം കോട്ടയം ജില്ലയുടെ അതിർത്തിയിലുള്ള പിറവം, ഈ നേര്‍ച്ചയ്ക്ക് പ്രസിദ്ധമാണ്. 

പിടിയും കോഴിയും, വകഭേദങ്ങള്‍

മലബാറിലെ കുഞ്ഞിപ്പത്തല്‍, പിടിയും കോഴിയും പോലെയുള്ള ഒരു വിഭവമാണ്. കേരളത്തിൽ ആംഗ്ലോ ഇന്ത്യക്കാർക്കിടയിൽ കാൽദെഗ്ഗഡ എന്ന പേരിൽ സമാനമായ ഒരു വിഭവമുണ്ട്, അവര്‍ ബീഫിനൊപ്പമാണ് പിടി വിളമ്പുന്നത്.

pidi

തെക്കൻ തമിഴ്‌നാട്ടിലെ മുസ്‌ലിങ്ങളുടെ തക്കടി എന്ന വിഭവവും ഇതിനോട് സാമ്യമുണ്ട്, കോഴിക്ക് പകരം ആട്ടിറച്ചിയാണ് അവര്‍ ഉപയോഗിക്കുന്നത്.

പിടിയും കോഴിയും ഉണ്ടാക്കാം

പിടി– ചേരുവകൾ

അരിപ്പൊടി (നേരിയ തരിപ്പരുവത്തിൽ) ഒരു കിലോ
തേങ്ങാപ്പീര ഒന്നര തേങ്ങയുടേത്
വെളുത്തുള്ളി നാല് അല്ലി
ജീരകം ഒരു ചെറിയ ടീസ്‌പൂൺ

തയാറാക്കുന്ന വിധം

അരിപ്പൊടിയും തേങ്ങാപ്പീരയും ചേർത്തു വറുക്കുക. ചുവപ്പു നിറമാകുന്നതിനു മുൻപു വാങ്ങിവയ്‌ക്കണം. ഒരു കപ്പ് വറുത്ത പൊടിക്കു രണ്ടു കപ്പ് എന്ന കണക്കിൽ വെള്ളം തിളപ്പിക്കണം. അരച്ചെടുത്ത വെളുത്തുള്ളി, ജീരകം എന്നിവ ചേർത്താണു വെള്ളം തിളപ്പിക്കേണ്ടത്. തിളപ്പിച്ച വെള്ളം ഒഴിച്ച്, വറുത്തപൊടി ചൂടോടെ കുഴച്ചെടുക്കണം. 10 മിനിറ്റെങ്കിലും കുഴക്കണം. തുടർന്ന്, അരിപ്പൊടി മിശ്രിതം ചൂടോടെ കൈവെള്ളയിൽവച്ചു ചെറിയ ഉരുളകളാക്കണം.

വെളുത്തുള്ളിയും ജീരകവും അരച്ചുചേർത്ത വെള്ളം ബാക്കിയുണ്ടെങ്കിൽ അതിലേക്ക് ഒന്നര കപ്പ് വെള്ളംകൂടി ചേർത്തു വീണ്ടും തിളപ്പിക്കുക. തിളച്ചുവരുമ്പോൾ പിടികൾ അതിലേക്ക് ഇടണം. അഞ്ചു മിനിറ്റുകൂടി തിളപ്പിച്ചശേഷം മാത്രം ഇളക്കാൻ തുടങ്ങുക. നന്നായി ഇളക്കിവറ്റിച്ച്, കുറുക്കു പരുവത്തിലാക്കിയ ശേഷം വാങ്ങിവയ്‌ക്കുക. തണുത്തു കഴിഞ്ഞു മുറിച്ചു കഷണങ്ങളാക്കി വിളമ്പാം.

തേങ്ങാപ്പാലിൽ കോഴിക്കറി– ചേരുവകൾ

കോഴിയിറച്ചി കഷണങ്ങളാക്കിയത് അര കിലോ
മുളകുപൊടി ഒരു ടീസ്‌പൂൺ
മഞ്ഞൾപ്പൊടി അര ടീസ്‌പൂൺ
മല്ലിപ്പൊടി രണ്ടു ടീസ്‌പൂൺ
കുരുമുളകുപൊടി അര ടീസ്‌പൂൺ
ഇഞ്ചി ഒരു കഷണം
വെളുത്തുള്ളി എട്ട് അല്ലി
കറുവാപ്പട്ട ഒരു കഷണം
ഗ്രാമ്പൂ നാലെണ്ണം
ഏലയ്‌ക്കാ നാലെണ്ണം
തക്കോലം ഒന്ന്
തേങ്ങാപ്പാൽ രണ്ടു കപ്പ്
സവാള രണ്ട്
കറിവേപ്പില ആവശ്യത്തിന്
ഉപ്പ് പാകത്തിന്
മല്ലിയില പാകത്തിന്

തയാറാക്കുന്ന വിധം

ഗ്രാമ്പൂ, കറുവാപ്പട്ട, ഏലയ്‌ക്ക, തക്കോലം എന്നിവ ചതച്ചുചേർത്തു കോഴിയിറച്ചി വേവിക്കുക. പാതിവേവ് മതിയാകും. സവാള, വേപ്പില, അരച്ചെടുത്ത വെളുത്തുള്ളി, ചതച്ച ഇഞ്ചി എന്നിവ ഒരുമിച്ചു വഴറ്റുക. മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ കൂടി ചേർത്തു വഴറ്റുക. പൊടികൾ ചേർത്തശേഷം ഒരു മിനിറ്റുപോലും അധികമായി വഴറ്റാതെ പാതിവേവിച്ച കോഴിക്കഷണങ്ങൾ ചേർക്കാം. ആദ്യം രണ്ടാം പാൽ ഒഴിക്കണം. ഇറച്ചി വെന്തു പാകമായ ശേഷം ഒരു നുള്ളു ഗരംമസാല ചേർക്കാം. കറി തിളച്ചു വരുമ്പോൾ ഒന്നാംപാൽ ചേർത്ത്, ഉടൻ വാങ്ങിവയ്‌ക്കണം. മുകളിൽ മല്ലിയില വിതറി വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com