ശരീരഭാരം കുറയ്ക്കാന്‍ സൂപ്പർ ഫൂഡ്; മധുരക്കിഴങ്ങ് കൊണ്ട് പുഡ്ഡിങ് ആയാലോ
Mail This Article
മധുരക്കിഴങ്ങ് കൊണ്ട് കറിയും സാലഡുമെല്ലാം ഉണ്ടാക്കാറുണ്ട്. ഇക്കുറി അല്‍പം വെറൈറ്റി ആയാലോ? മധുരക്കിഴങ്ങ് ഉപയോഗിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പുഡ്ഡിങ് ഉണ്ടാക്കുന്ന രീതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് ജാസ്മിന്‍ എന്ന കോണ്ടന്‍റ് ക്രിയേറ്റര്‍. ഇത് ഉണ്ടാക്കുന്ന രീതി നോക്കാം.
ചേരുവകൾ
മധുരക്കിഴങ്ങ് - 300 ഗ്രാം
മൈദ - 4 ടേബിള്‍സ്പൂണ്‍
ശർക്കര പാനി - 1/2 കപ്പ് (125 മില്ലി)
തേങ്ങാപ്പാൽ - 1&1/2 കപ്പ്
ഏലക്ക - 2
ഉപ്പ് - ആവശ്യത്തിന്
നെയ്യ് - 2 ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം
- മധുരക്കിഴങ്ങ് വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഇത് ഇഡ്ഡലി തട്ടില്‍ വെച്ച് ആവി കയറ്റി വേവിച്ചെടുക്കുക. തീ കൂട്ടി പത്തു മിനിറ്റ് വേവിക്കുക.
- ഇത് തണുത്ത ശേഷം, തൊലി കളഞ്ഞ് ഒരു ബ്ലെന്‍ഡറില്‍ ഇടുക, ഇതിലേക്ക് മൈദ, ശര്‍ക്കര പാനി, തേങ്ങാപ്പാല്‍, ഏലക്ക, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. കട്ടകള്‍ ഇല്ലാതെ വേണം അടിച്ചെടുക്കാന്‍. ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക.
- ഇനി ഇതിലേക്ക് നെയ്യ് ചേര്‍ത്ത് നന്നായി ഇളക്കി, അടുപ്പത്തുവെച്ച് കുറുക്കി എടുക്കുക. ശേഷം ഇതൊരു സ്റ്റീല്‍ പാത്രത്തിലേക്ക് ഒഴിച്ച് തണുപ്പിച്ച് എടുക്കുക. മധുരക്കിഴങ്ങ് പുഡ്ഡിംഗ് റെഡി!
മധുരക്കിഴങ്ങ് എന്ന സൂപ്പര്‍ഫുഡ്!
പ്രോട്ടീനും നാരുകളുമെല്ലാം നിറയെ അടങ്ങിയ ഒരു സൂപ്പർ ഫുഡാണ് മധുരക്കിഴങ്ങ്. ബീറ്റ കരോട്ടിന്‍, വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ സി, പൊട്ടാസ്യം, അയണ്‍, കാല്‍സ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയ ഒട്ടേറെ പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.
നൂറ് ഗ്രാം മധുരക്കിഴങ്ങില്‍ വെറും 86 കാലറി മാത്രമാണ് ഉള്ളത്. കാലറിയുടെ അളവ് കുറവായതുകൊണ്ട് ശരീരഭാരം കുറയ്ക്കാനും മധുരക്കിഴങ്ങ് വളരെയധികം സഹായിക്കും. ഗ്ലൈസെമിക് സൂചിക വളരെ കുറഞ്ഞ ഭക്ഷണമാണ് മധുരക്കിഴങ്ങ്. കൂടാതെ ഇവയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ മിതമായ അളവില്‍ കഴിക്കുമ്പോള്‍ ഇവ പ്രമേഹനിയന്ത്രണത്തിനും സഹായിക്കും.
ഇതില്‍ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിനും വിറ്റാമിന്‍ സിയും ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാനും യുവത്വവും തിളക്കവും നിലനിര്‍ത്താനും സഹായിക്കും. വിറ്റാമിന്‍ ബി 6 ധാരാളമടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഹൃദയാഘാതസാധ്യത കുറയ്ക്കുന്നു. ആരോഗ്യ വിദഗ്ധന്‍റെയോ ന്യൂട്രീഷനിസ്റ്റിന്‍റെയോ ഉപദേശം തേടിയ ശേഷം മധുരക്കിഴങ്ങ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.