അവല്‍ ഉപയോഗിച്ച് പല വിധത്തിലുള്ള സ്വാദിഷ്ഠമായ വിഭവങ്ങള്‍ തയ്യാറാക്കാം. എളുപ്പത്തിൽ തയാറാക്കാവുന്നൊരു അവൽ പായസം...
01. അവൽ — 250 ഗ്രാം
02. തേങ്ങ — ഒരു വലുത്
03. ശർക്കര — 400 ഗ്രാം
04. ഏലയ്ക്കാപ്പൊടി — പാകത്തിന്
05. നെയ്യ് — പാകത്തിന്
06. കശുവണ്ടിപ്പരിപ്പ് അരിഞ്ഞത് — ഒരു വലിയ സ്പൂൺ
07. ഉണക്കമുന്തിരി — ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
01. അവൽ വൃത്തിയാക്കിയശേഷം, ചൂടായ നെയ്യിൽ ചേർത്തു ചുവപ്പു നിറത്തിൽ വറുത്തെടുക്കുക.
02. ഇത്, റവ പരുവത്തിൽ, മിക്സിയിൽ പൊടിച്ചുവയ്ക്കുക.
03. തേങ്ങ പൊടിയായി തിരുമ്മി, ഒന്നും രണ്ടും മൂന്നും പാൽ എടുത്തു വയ്ക്കുക.
04. ശർക്കര വെള്ളമൊഴിച്ചു തിളപ്പിച്ച് അരിച്ചു മണ്ണു കളഞ്ഞുവയ്ക്കുക.
05. മൂന്നാം പാൽ അടുപ്പിൽ വച്ചു തിളയ്ക്കുമ്പോൾ, അതിൽ അവൽ വറുത്തുപൊടിച്ചതും ചേർത്തിളക്കി വേവിക്കുക.
06. ഇതിൽ ശർക്കരയൊഴിച്ചു വറ്റിച്ചശേഷം രണ്ടാം പാലും ചേർത്തു മെല്ലേ ഒന്നിളക്കുക.
07. പിന്നീട് ആദ്യത്തെ പാലും ചേർത്തശേഷം വാങ്ങിവച്ച്, ഏലയ്ക്കാപ്പൊടിയും ചേർക്കുക.
08. നെയ്യിൽ കശുവണ്ടിപ്പരിപ്പും കിസ്മിസും വറുത്തു പായസത്തിൽ ചേർക്കുക.
09. ശർക്കര ചേർക്കാതെ പഞ്ചസാരയും പാലും ചേർത്തും അവൽപ്പായസം തയാറാക്കാം.