ഒരു വേവുള്ളത് പായസവും രണ്ട് വേവുള്ളത് പ്രഥമനുമാണ്. വാഴയിലക്കീറിൽ നിരത്തിയ മാവ് വേവിച്ച് നുറുക്കി പായസമധുരത്തിൽ ലയിച്ചൊരു പ്രഥമൻ തയാറാക്കാം.
01.ഉണക്കലരി — 300 ഗ്രാം
02.പഞ്ചസാര — 50 ഗ്രാം
03.വെളിച്ചെണ്ണ — രണ്ടു ചെറിയ സ്പൂൺ
04.പാൽ — നാലു ലീറ്റർ
05.പഞ്ചസാര — 800 ഗ്രാം
പാകം ചെയ്യുന്ന വിധം
01.ഉണക്കലരി കഴുകി ഊറ്റിയെടുത്തു പൊടിക്കുകയോ അരച്ചെടുക്കുകയോ ചെയ്യുക.
02.ഇതിൽ പഞ്ചസാരയും വെളിച്ചെണ്ണയും ചേർത്തു ദോശമാവിനെകാൾ അയവിൽ, അണിയാൻ (ഇലയിൽ ഒഴിച്ചു പരത്താൻ) പാകത്തിന് കലക്കുക.
03.വാഴയില കീറി അഞ്ചു തുണ്ടില എടുത്ത്, നാരു കളഞ്ഞെടുത്തതിൽ അടയ്ക്കുള്ള മാവ് കൈകൊണ്ട് നിരത്തി, അമർത്തി തെറുത്ത് എടുക്കുക.
04.ഒരു പാത്രത്തിൽ വെള്ളം അടുപ്പിൽ വച്ച്, നന്നായി തിളയ്ക്കുമ്പോൾ, തെറുത്ത അട അതിലിടുക.
05.അട നന്നായി വേവിച്ചശേഷം അടുപ്പ് ഓഫ് ചെയ്യുക.
06.വെള്ളം ഊറ്റിക്കളഞ്ഞ്, അട തണുത്തതിനുശേഷം, അട ഇലയിൽ നിന്നു വേർതിരിച്ചെടുക്കുക.
07.തയാറാക്കിയ അട ചെറിയ കക്ഷണങ്ങളാക്കി കൊത്തി വയ്ക്കുക.
08.പാൽ ഉരുളിയിൽ വച്ചു തിളയ്ക്കുമ്പോൾ, പഞ്ചസാര ചേർത്തു തിളപ്പിച്ചു വറ്റിക്കുക.
09.നന്നായി വറ്റുമ്പോൾ നേരത്തെ തയാറാക്കി വച്ചിരിക്കുന്ന അട ചേർത്തിളക്കുക.
10.തിളച്ചു വറ്റിയ പാലും അടയും യോജിച്ചു, വിളമ്പാൻ പാകത്തിനായി എന്ന് ഉറപ്പാകുമ്പോൾ വാങ്ങി വയ്ക്കാം.