ഗോതമ്പു ചതുരമടക്ക് രുചികരമായ നാലുമണിപ്പലഹാരം

ഗോതമ്പു ചതുരമടക്കിൽ തേങ്ങ കൊത്തിയിടുന്നത് ഇഷ്ടമില്ലാത്തവർക്ക് ഒഴിവാക്കാം. മൈദ മിശ്രിതത്തിനു പകരം ഗോതമ്പുപൊടിയും ഉപയോഗിക്കാം.

ഗോതമ്പു വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്കും കുട്ടികൾക്കും തീർച്ചയായും ഇഷ്ടപ്പെടുന്നൊരു പലഹാരമാണ് ഗോതമ്പു ചതുരമടക്ക്.

ചേരുവകൾ–1

ഗോതമ്പുപൊടി –ഒരു കപ്പ്, മൈദ– ഒരു കപ്പ്, തേങ്ങ കൊത്തിയെടുത്ത് കനംകുറച്ചു ചെറുതായി അരിഞ്ഞത്–രണ്ടു ടേബിൾ സ്പൂൺ, തേങ്ങ ചിരകിയതും പഞ്ചസാരും ഏലയ്ക്കയും പൊടിച്ചത് –ആവശ്യത്തിന്. 

ചേരുവകൾ–2

ഉപ്പ്– പാകത്തിന്, മൈദ– മൂന്നു ടേബിൾ സ്പൂൺ, റൊട്ടിപ്പൊടി.

തയാറാക്കുന്ന വിധം

ഗോതമ്പുപൊടിയും മൈദയും ചേർത്തു ചെറുചൂടുവെള്ളത്തിൽ ചപ്പാത്തിയുടെ പരുവത്തിൽ കുഴച്ചെടുക്കുക. ഇതു രണ്ടോ മൂന്നോ കഷണമാക്കിയശേഷം വലുപ്പത്തിൽ ചപ്പാത്തിപോലെ പരത്തിയെടുക്കണം. 

തേങ്ങാക്കൊത്ത് കുറച്ച് എണ്ണയിൽ മൂപ്പിച്ചെടുക്കുക. ഇതോടൊപ്പം ചിരകിയ തേങ്ങ, പഞ്ചസാര, ഏലയ്ക്ക പൊടിച്ചത് എന്നിവ ചേർത്തു നന്നായി യോജിപ്പിച്ചശേഷം തയാറാക്കിയ ചപ്പാത്തിയുടെ നടുവിലായി നിരത്തുക. ചപ്പാത്തിയുടെ ഇരുവശത്തുനിന്നും മടക്കി ദീർഘ ചതുരത്തിലാക്കിയെടുക്കുക. അതിനുശേഷം സമചതുരാകൃതിയിൽ മുറിച്ചെടുത്തു ചെറുതായി ഒന്നുകൂടി പരത്തിയെടുക്കാം. മുറിച്ചെടുത്ത ഭാഗം വിരൽകൊണ്ടമർത്തി യോജിപ്പിക്കുക.

  രണ്ടാമത്തെ ചേരുവകൾ പാകത്തിനു വെള്ളം ചേർത്ത് കുഴമ്പു പരുവത്തിൽ മിശ്രിതമാക്കിയ ശേഷം തയാറാക്കിയ ചപ്പാത്തി മിശ്രിതത്തിൽ മുക്കിയെടുത്തു റൊട്ടിപ്പൊടിയിൽ ഉരുട്ടി നല്ലതുപോലെ ചൂടാക്കിയ എണ്ണയിൽ വറുത്തു കോരാം. 

ശ്രദ്ധിക്കാൻ

തേങ്ങ കൊത്തിയിടുന്നത് ഇഷ്ടമില്ലാത്തവർക്ക് ഒഴിവാക്കാം. മൈദ മിശ്രിതത്തിനു പകരം ഗോതമ്പുപൊടിയും ഉപയോഗിക്കാം.