ചപ്പാത്തി, പത്തിരി, ചോറ് എന്നിവയുടെ കൂടെ കഴിക്കാൻ പറ്റിയൊരു ഉഗ്രൻ വറുത്തരച്ച മീൻകറിക്കൂട്ട് പരിചയപ്പെടാം.
ചേരുവകൾ
01. ചുവന്ന മുളക് — 8
02. ഉലുവ — കാൽ ടീസ്പൂൺ
03. മല്ലിപ്പൊടി — രണ്ടു ടേബിൾ സ്പൂൺ
04. നല്ല ജീരകം — അര ടീസ്പൂൺ
05. കുരുമുളക് — ഒരു ടേബിൾ സ്പൂൺ
06. തേങ്ങ ചിരവിയത് — ഒരു മുറി തേങ്ങ
07. വെളുത്തുള്ളി — എട്ട് അല്ലി
08. മഞ്ഞൾ പൊടി — ഒരു ടീസ്പൂൺ
09. വാളൻ പുളി — ഒരു നെല്ലിക്കാ വലിപ്പത്തിൽ
10. ഫിഷ് മസാലപ്പൊടി — ഒരു ടേബിൾ സ്പൂൺ
11. വെള്ളം — ആവശ്യത്തിന്
12. വെളിച്ചെണ്ണ — മൂന്നു ടേബിൾ സ്പൂൺ
13. സവാള അരിഞ്ഞത് — ഒരെണ്ണം
14. നല്ല തരം മീൻ കഷണങ്ങളാക്കിയത്— അര കിലോ
15. ഉപ്പ് — പാകത്തിന്
തയ്യാറാക്കുന്ന വിധം
01. ചുവന്നമുളക്, ഉലുവ, മല്ലിപ്പൊടി, നല്ല ജീരകം, കുരുമുളക് എന്നിവ വറുത്തെടുക്കുക.
02. ഇത് തേങ്ങ, വെളുത്തുള്ളി, മഞ്ഞൾപൊടി, വാളൻപുളി, ഫിഷ് മസാലപ്പൊടി, ഉപ്പ് എന്നിവയോടൊപ്പം ചേർത്ത് ആവശ്യത്തിനു വെള്ളവും ചേർത്ത് അരച്ചെടുക്കുക.
03. ഒരു പാത്രത്തിൽ വെളിച്ചെണ്ണയൊഴിച്ച് സവാള ബ്രൗൺ നിറത്തിൽ വറുക്കുക.
04. അരച്ചു വച്ച മസാലക്കൂട്ട് അതിലൊഴിച്ച് ഇളക്കി വേവിക്കുക.
05. തിളച്ചു കഴിഞ്ഞാൽ തീ താഴ്ത്തി ഏതാനും മിനിറ്റ് കൂടി അടുപ്പിൽ വയ്ക്കുക.
06. ഒടുവിൽ മീൻകഷണങ്ങളും ചേർത്തു പാകമാകുന്നതുവരെ ചെറുതീയിൽ വേവിക്കുക.
07. ചോറിന്റെയോ, ചപ്പാത്തി, പത്തിരി എന്നിവയുടെ കൂടെയോ ചൂടോടെ കഴിക്കാം.