വെജിറ്റബിൾ മക്രോണി ബിരിയാണി

ബിരിയാണി പ്രിയർക്ക് ഇഷ്ടപ്പെടുന്നൊരു രുചിക്കൂട്ട് പരിചയപ്പെടാം.

ചേരുവകൾ

01. മക്രോണി (ധാന്യ രൂപത്തിലുള്ളത് ) — രണ്ടു കപ്പ്
02. നെയ്യും എണ്ണയും കൂടി — കാൽ കപ്പ്
03. ഇഞ്ചി ചതച്ചത് — ഒരു ടീസ്പൂൺ
04. വെളുത്തുള്ളി ചതച്ചത് — ഒരു ടീസ്പൂൺ
05. സവാള നേർമയായി അരിഞ്ഞത് — ഒരു കപ്പ്
06. കാബേജ് നേർമയായി അരിഞ്ഞത് — ഒരു കപ്പ്
07. കാരറ്റ് നേർമയായി അരിഞ്ഞത് — അര കപ്പ്
08. ബീൻസ് നേർമയായി അരിഞ്ഞത് — അര കപ്പ്
09. തക്കാളി നേർമയായി അരിഞ്ഞത്— ഒരെണ്ണം
10. പച്ചമുളക് നീളത്തിൽ അരിഞ്ഞത് — അഞ്ചെണ്ണം
11. വെള്ളം — അര കപ്പ്
12. ചെറുനാരങ്ങാനീര് — ഒരു ചെറിയ നാരങ്ങ
13. ഗരം മസാല — അര ടീസ്പൂൺ
14. മല്ലിയില അരിഞ്ഞത് — അൽപം
15. ഉപ്പ് — പാകത്തിന്

തയാറാക്കുന്ന വിധം

01. ഒരു പാത്രത്തിൽ മക്രോണിയിട്ട്, അതുമുങ്ങത്തക്ക വിധത്തിൽ വെള്ളമൊഴിച്ച് ഉപ്പ് ചേർത്തു വേവിക്കുക. ഇത് അരിപ്പയിലിട്ട് വെള്ളം ഊറ്റിക്കളയുക.
02. മറ്റൊരു പാത്രത്തിൽ നെയ്യും എണ്ണയും ചേർത്ത് ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക.
03. അതിൽ സവാള, കാബേജ്, കാരറ്റ്, ബീൻസ്, തക്കാളി, പച്ചമുളക്, ഉപ്പ് എന്നിവയിട്ട് ഒന്നു കൂടി വഴറ്റുക.
04. അരക്കപ്പ് വെള്ളമൊഴിച്ച ശേഷം പാത്രം മൂടുക. തീ താഴ്ത്തി മസാല പാകമാകുന്നതുവരെ വേവിക്കുക.
05. വെന്തു കഴിഞ്ഞാൽ മക്രോണി, ചെറുനാരങ്ങാനീര്, ഗരം മസാല, മല്ലിയില എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക.
06. ചൂടോടെ കഴിക്കാം.