താറാവിറച്ചി സാധാരണ വീടുകളിൽ വളരെ ചുരുക്കം പേരെ വയ്ക്കാറുളളു. രുചികരമായി പാകപ്പെടുത്തിയെടുത്താൻ പിന്നെ ആരും വേണ്ടെന്നു വയ്ക്കില്ലാത്തൊരു രുചിക്കൂട്ടാണിത്. തേങ്ങാപ്പാലിൽ വെന്തു കുറുക്കിയെടുത്താലോ?
ആവശ്യമുള്ള സാധനങ്ങൾ:
താറാവിറച്ചി – ചെറിയ കഷണങ്ങളായി മുറിച്ചെടുത്തത്: 1 കി.ഗ്രാം, മുളകുപൊടി – ഒന്നര ടേ.സ്പൂൺ, മഞ്ഞൾപ്പൊടി – അര ടീസ്പൂൺ, ഉപ്പ് – പാകത്തിന്, പച്ചമുളക്, തക്കാളി നീളത്തിൽ മുറിച്ചത് – രണ്ടെണ്ണം വീതം. എല്ലാം കൂടി പുരട്ടി യോജിപ്പിച്ച് അരക്കപ്പ് വെള്ളമൊഴിച്ച് കുക്കറിലാക്കി 6 –7 വിസിൽ വരുന്നതുവരെ വേവിച്ചു മാറ്റിവയ്ക്കണം.
ചുവന്നുള്ളി നീളത്തിലരിഞ്ഞത് – ഒന്നര കപ്പ്, ഇഞ്ചി, വെളുത്തുള്ളി പൊടിയായരിഞ്ഞത് – ഒരു ടേ.സ്പൂൺ വീതം, പട്ട – 1 – 2 കഷണം, ഗ്രാമ്പൂ 5– 6 എണ്ണം, ഏലയ്ക്കാ 5 – 6 എണ്ണം, പെരുംജീരകം – മുക്കാൽ ടീസ്പൂൺ. ഇതെല്ലാം കൂടി നന്നായി ചതച്ചു മണം പോകാതെ അടച്ചുവയ്ക്കണം. കറിവേപ്പില – 3 – 4 തണ്ട്, കുരുമുളക് തരിതരിപ്പായി പൊടിച്ചത് – ഒരു ടേ.സ്പൂൺ, കട്ടിയുള്ള തേങ്ങാപ്പാൽ – അരക്കപ്പ്, വെളിച്ചെണ്ണ – രണ്ട് ടേ.സ്പൂൺ.
പാകപ്പെടുത്തുന്നത്:
വെളിച്ചെണ്ണ ചൂടാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി മൂപ്പിച്ച് ചുവന്നുള്ളി ഇട്ട് വഴറ്റണം. കറിവേപ്പില ഉതിർത്തെടുത്തതും ചേർത്തിളക്കി താറാവിറച്ചി ഗ്രേവിയോടെ ഇതിലേക്കൊഴിച്ച് ഇളക്കണം. വെള്ളം ഉണ്ടെങ്കിൽ വറ്റിച്ചെടുക്കണം. ഇതിലേക്ക് ഇറച്ചി മസാല ചതച്ചതും കുരുമുളകു പൊടിയും ചേർത്തു നന്നായി ഉലർത്തിയെടുക്കണം. തേങ്ങാപ്പാലും ഒഴിച്ചുകൊടുക്കാം. എല്ലാം യോജിപ്പിച്ച് ഉലർത്തി പുരളൻ പാകത്തിൽ ഇറക്കിവയ്ക്കാം. ഊണിനൊപ്പവും പത്തിരി, വെള്ളയപ്പം, ഇടിയപ്പം, ചപ്പാത്തി തുടങ്ങിയവയോടൊപ്പവും കഴിക്കാൻ ഉത്തമം.