മുറിമീശ, കുറുവടി, കോമഡി...; ചാർലി ചാപ്ലിൻ, ചിരിയുടെ ‘ദ് ഗ്രേറ്റ് ഡിക്റ്റേറ്റർ’
ശബ്ദത്തേക്കാൾ നിശ്ശബ്ദതയെ സ്നേഹിച്ചയാൾ. ലോകം ശബ്ദസിനിമയുടെ വഴിയേ ആവേശപൂർവ്വം സഞ്ചരിച്ചു തുടങ്ങിയപ്പോഴും നിശ്ശബ്ദതയിൽ ഉറച്ചുനിന്ന് ലോകത്തെ ചിരിപ്പിച്ചയാൾ. ചിരികൊണ്ടു ലോകം കീഴടക്കുമ്പോഴും ദുരന്തബാല്യത്തിന്റെ കറുത്തകാലമുണ്ടായിരുന്നു എന്നും ചാപ്ലിന്റെ മനസ്സിൽ... ചാപ്ലിൻ ഇന്നു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ (പലരും ഇന്നത് ആഗ്രഹിക്കുന്നുമുണ്ട്) ഏപ്രിൽ 16ന് അദ്ദേഹത്തിന് 134 വയസ്സു തികഞ്ഞേനെ. ആ ഓർമകളിലൂടെ ഒരു ചലച്ചിത്ര യാത്ര... അഴുക്കുപിടിച്ച തെരുവ്... അനാഥനും തെരുവുതെണ്ടിയുമായ അയാളുടെ ജീവിതമിപ്പോൾ ഈ തെരുവിലാണ്. അയാൾ അലഞ്ഞുനടന്ന പല തെരുവുകളിലൊന്ന്. അന്ധയും ദരിദ്രയുമായ ആ പൂക്കാരിയെ അയാൾ കണ്ടുമുട്ടിയ തെരുവുകൂടിയാണത്. അവളോടു തോന്നിയ അലിവും ആർദ്രതയുമാണ് അയാളുടെ ജീവിതത്തിന് അദ്യമായൊരു ലക്ഷ്യം നൽകിയത്. തെരുവു തൂത്തുവാരിക്കിട്ടുന്ന ചില്ലിക്കാശു പോലും അയാൾ അവൾക്കും രോഗിയായ അവളുടെ മുത്തശ്ശിക്കും വേണ്ടിയാണു ചെലവിട്ടത്. അവളുടെ കണ്ണുചികിത്സയ്ക്കുള്ള പണം സമ്പാദിക്കാനുള്ള ഒാട്ടമാകട്ടെ ഒടുവിലയാളെ ജയിലിലെത്തിക്കുകയും ചെയ്തു. ഏറെ നാളുകൾക്കു ശേഷം ജയിൽമോചിതനായി, ദരിദ്രനും ദീനനുമായി അയാൾ പഴയ തെരുവിൽ മടങ്ങിയെത്തിയിരിക്കുന്നു. ആകെ മുഷിഞ്ഞ അയാളെ ചൂണ്ടി തമാശയൊപ്പിക്കുന്ന കുട്ടികൾ. അതുകണ്ട് തെരുവിലെ പൂക്കടയിലിരുന്ന് ആർത്തുചിരിക്കുന്ന പെൺകുട്ടി. ഒരു നിമിഷം, അയാൾ സ്തബ്ധനായി, അന്നത്തെ അതേ പൂക്കാരി, വ്യത്യാസം ഒന്നു മാത്രം...
ശബ്ദത്തേക്കാൾ നിശ്ശബ്ദതയെ സ്നേഹിച്ചയാൾ. ലോകം ശബ്ദസിനിമയുടെ വഴിയേ ആവേശപൂർവ്വം സഞ്ചരിച്ചു തുടങ്ങിയപ്പോഴും നിശ്ശബ്ദതയിൽ ഉറച്ചുനിന്ന് ലോകത്തെ ചിരിപ്പിച്ചയാൾ. ചിരികൊണ്ടു ലോകം കീഴടക്കുമ്പോഴും ദുരന്തബാല്യത്തിന്റെ കറുത്തകാലമുണ്ടായിരുന്നു എന്നും ചാപ്ലിന്റെ മനസ്സിൽ... ചാപ്ലിൻ ഇന്നു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ (പലരും ഇന്നത് ആഗ്രഹിക്കുന്നുമുണ്ട്) ഏപ്രിൽ 16ന് അദ്ദേഹത്തിന് 134 വയസ്സു തികഞ്ഞേനെ. ആ ഓർമകളിലൂടെ ഒരു ചലച്ചിത്ര യാത്ര... അഴുക്കുപിടിച്ച തെരുവ്... അനാഥനും തെരുവുതെണ്ടിയുമായ അയാളുടെ ജീവിതമിപ്പോൾ ഈ തെരുവിലാണ്. അയാൾ അലഞ്ഞുനടന്ന പല തെരുവുകളിലൊന്ന്. അന്ധയും ദരിദ്രയുമായ ആ പൂക്കാരിയെ അയാൾ കണ്ടുമുട്ടിയ തെരുവുകൂടിയാണത്. അവളോടു തോന്നിയ അലിവും ആർദ്രതയുമാണ് അയാളുടെ ജീവിതത്തിന് അദ്യമായൊരു ലക്ഷ്യം നൽകിയത്. തെരുവു തൂത്തുവാരിക്കിട്ടുന്ന ചില്ലിക്കാശു പോലും അയാൾ അവൾക്കും രോഗിയായ അവളുടെ മുത്തശ്ശിക്കും വേണ്ടിയാണു ചെലവിട്ടത്. അവളുടെ കണ്ണുചികിത്സയ്ക്കുള്ള പണം സമ്പാദിക്കാനുള്ള ഒാട്ടമാകട്ടെ ഒടുവിലയാളെ ജയിലിലെത്തിക്കുകയും ചെയ്തു. ഏറെ നാളുകൾക്കു ശേഷം ജയിൽമോചിതനായി, ദരിദ്രനും ദീനനുമായി അയാൾ പഴയ തെരുവിൽ മടങ്ങിയെത്തിയിരിക്കുന്നു. ആകെ മുഷിഞ്ഞ അയാളെ ചൂണ്ടി തമാശയൊപ്പിക്കുന്ന കുട്ടികൾ. അതുകണ്ട് തെരുവിലെ പൂക്കടയിലിരുന്ന് ആർത്തുചിരിക്കുന്ന പെൺകുട്ടി. ഒരു നിമിഷം, അയാൾ സ്തബ്ധനായി, അന്നത്തെ അതേ പൂക്കാരി, വ്യത്യാസം ഒന്നു മാത്രം...
ശബ്ദത്തേക്കാൾ നിശ്ശബ്ദതയെ സ്നേഹിച്ചയാൾ. ലോകം ശബ്ദസിനിമയുടെ വഴിയേ ആവേശപൂർവ്വം സഞ്ചരിച്ചു തുടങ്ങിയപ്പോഴും നിശ്ശബ്ദതയിൽ ഉറച്ചുനിന്ന് ലോകത്തെ ചിരിപ്പിച്ചയാൾ. ചിരികൊണ്ടു ലോകം കീഴടക്കുമ്പോഴും ദുരന്തബാല്യത്തിന്റെ കറുത്തകാലമുണ്ടായിരുന്നു എന്നും ചാപ്ലിന്റെ മനസ്സിൽ... ചാപ്ലിൻ ഇന്നു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ (പലരും ഇന്നത് ആഗ്രഹിക്കുന്നുമുണ്ട്) ഏപ്രിൽ 16ന് അദ്ദേഹത്തിന് 134 വയസ്സു തികഞ്ഞേനെ. ആ ഓർമകളിലൂടെ ഒരു ചലച്ചിത്ര യാത്ര... അഴുക്കുപിടിച്ച തെരുവ്... അനാഥനും തെരുവുതെണ്ടിയുമായ അയാളുടെ ജീവിതമിപ്പോൾ ഈ തെരുവിലാണ്. അയാൾ അലഞ്ഞുനടന്ന പല തെരുവുകളിലൊന്ന്. അന്ധയും ദരിദ്രയുമായ ആ പൂക്കാരിയെ അയാൾ കണ്ടുമുട്ടിയ തെരുവുകൂടിയാണത്. അവളോടു തോന്നിയ അലിവും ആർദ്രതയുമാണ് അയാളുടെ ജീവിതത്തിന് അദ്യമായൊരു ലക്ഷ്യം നൽകിയത്. തെരുവു തൂത്തുവാരിക്കിട്ടുന്ന ചില്ലിക്കാശു പോലും അയാൾ അവൾക്കും രോഗിയായ അവളുടെ മുത്തശ്ശിക്കും വേണ്ടിയാണു ചെലവിട്ടത്. അവളുടെ കണ്ണുചികിത്സയ്ക്കുള്ള പണം സമ്പാദിക്കാനുള്ള ഒാട്ടമാകട്ടെ ഒടുവിലയാളെ ജയിലിലെത്തിക്കുകയും ചെയ്തു. ഏറെ നാളുകൾക്കു ശേഷം ജയിൽമോചിതനായി, ദരിദ്രനും ദീനനുമായി അയാൾ പഴയ തെരുവിൽ മടങ്ങിയെത്തിയിരിക്കുന്നു. ആകെ മുഷിഞ്ഞ അയാളെ ചൂണ്ടി തമാശയൊപ്പിക്കുന്ന കുട്ടികൾ. അതുകണ്ട് തെരുവിലെ പൂക്കടയിലിരുന്ന് ആർത്തുചിരിക്കുന്ന പെൺകുട്ടി. ഒരു നിമിഷം, അയാൾ സ്തബ്ധനായി, അന്നത്തെ അതേ പൂക്കാരി, വ്യത്യാസം ഒന്നു മാത്രം...
അഴുക്കുപിടിച്ച തെരുവ്... അനാഥനും തെരുവുതെണ്ടിയുമായ അയാളുടെ ജീവിതമിപ്പോൾ ഈ തെരുവിലാണ്. അയാൾ അലഞ്ഞുനടന്ന പല തെരുവുകളിലൊന്ന്. അന്ധയും ദരിദ്രയുമായ ആ പൂക്കാരിയെ അയാൾ കണ്ടുമുട്ടിയ തെരുവുകൂടിയാണത്. അവളോടു തോന്നിയ അലിവും ആർദ്രതയുമാണ് അയാളുടെ ജീവിതത്തിന് അദ്യമായൊരു ലക്ഷ്യം നൽകിയത്. തെരുവു തൂത്തുവാരിക്കിട്ടുന്ന ചില്ലിക്കാശു പോലും അയാൾ അവൾക്കും രോഗിയായ അവളുടെ മുത്തശ്ശിക്കും വേണ്ടിയാണു ചെലവിട്ടത്. അവളുടെ കണ്ണുചികിത്സയ്ക്കുള്ള പണം സമ്പാദിക്കാനുള്ള ഒാട്ടമാകട്ടെ ഒടുവിലയാളെ ജയിലിലെത്തിക്കുകയും ചെയ്തു.
ഏറെ നാളുകൾക്കു ശേഷം ജയിൽമോചിതനായി, ദരിദ്രനും ദീനനുമായി അയാൾ പഴയ തെരുവിൽ മടങ്ങിയെത്തിയിരിക്കുന്നു. ആകെ മുഷിഞ്ഞ അയാളെ ചൂണ്ടി തമാശയൊപ്പിക്കുന്ന കുട്ടികൾ. അതുകണ്ട് തെരുവിലെ പൂക്കടയിലിരുന്ന് ആർത്തുചിരിക്കുന്ന പെൺകുട്ടി. ഒരു നിമിഷം, അയാൾ സ്തബ്ധനായി, അന്നത്തെ അതേ പൂക്കാരി, വ്യത്യാസം ഒന്നു മാത്രം, അവൾക്കിപ്പോൾ ലോകം കാണാം. തെരുവുതെണ്ടിക്ക് അനുകമ്പയോടെ ആ സുന്ദരി ഒരു നാണയം നീട്ടി. അയാളതു വാങ്ങാൻ മടിക്കുമ്പോൾ അലിവോടെ അയാളുടെ കൈകളിൽ പിടിച്ച് അതേൽപിക്കാൻ ശ്രമിക്കുകയാണവൾ. ഒരു നിമിഷം, പരിചിതമായ ആ പഴയ സ്പർശം അവളെ സംഭ്രമിപ്പിച്ചു. അയാളുടെ കയ്യിൽ മുറുകെപ്പിടിച്ച് അവൾ ചോദിച്ചു, “you?’’ ക്ഷീണിച്ച ചിരിയോടെ അയാൾ തിരികെ ചോദിച്ചു,‘‘you can see now’’. അയാളുടെ കൈ തന്റെ ഹൃദയത്തോട് ചേർത്തു പിടിച്ച് വികാര വിക്ഷുബ്ധയായി അവൾ പറഞ്ഞു, “Yes, I can see now".
അടുത്ത ഷോട്ടിൽ അയാളുടെ മുഖം പ്രേക്ഷകൻ കാണുന്നത് അയാൾക്കു നേരെ തിരിഞ്ഞുനിൽക്കുന്ന അവളുടെ ചുമലിനു മുകളിലൂടെയാണ്. അവളുടെ മുഖമാകട്ടെ പിന്നീടങ്ങോട്ട് മറഞ്ഞിരിക്കുന്നു. കഥയിലെ ആ തെരുവുതെണ്ടി, ‘The Tramp’ ആബാലവൃദ്ധം ലോകത്തിനും സുപരിചിതനാണ്; ചാർളി ചാപ്ലിൻ. ഒാരോ ഫ്രെയിമിലും ആവോളം ചിരിയും അതിലേറെ സങ്കടങ്ങളും നിറച്ച കലാകാരൻ. ഒരു നൂറ്റാണ്ടിലേറെയായി ലോകത്തെ ചിരിപ്പിച്ചും കരയിപ്പിച്ചും നീങ്ങുന്ന ആ ജീവിതം 134 വയസ്സ് പിന്നിട്ടു, ഇക്കഴിഞ്ഞ ഏപ്രിൽ 16ന്.
∙ ശബ്ദത്തേക്കാൾ നിശ്ശബ്ദതയെ സ്നേഹിച്ചയാൾ
എന്തിനായിരിക്കണം ‘സിറ്റി ലൈറ്റ്സ്’ സിനിമയുടെ അവസാന ഷോട്ടിൽ ചാപ്ലിൻ നായികയുടെ മുഖം മറച്ചു പിടിച്ചത്? ഒരുപക്ഷേ ചാപ്ലിൻ സിനിമകളിൽ ഏറ്റവും കലാഭംഗി തുളുമ്പുന്ന രംഗനിർമിതിയാണത്. ആദ്യത്തെ അമ്പരപ്പിനുശേഷം അയാളെ അടുത്തു കാണുന്ന അവളുടെ കണ്ണുകളിൽ തെളിയുന്ന ഭാവം എന്തായിരിക്കും? യാചകനോടുള്ള അനുകമ്പയാകാം, ചെയ്ത ഉതവികൾക്കുള്ള നന്ദിയാവാം, ഒരുപക്ഷേ ഒരു ജീവിതം തന്നെയാവാം. ചാർളിക്കു നേരെ തിരിഞ്ഞുനിൽക്കുന്ന ആ പൂക്കാരി പെൺകുട്ടിയിൽ ലോകം മുഴുവനുമുണ്ട്. നിസ്വനും നിരാലംബനുമായ ഒരുവൻ ലോകത്തിനു മുന്നിൽ തന്റെ ഹൃദയമുറിവുകൾ തുറന്നുവച്ച് പറയുകയാണ്. 'നിങ്ങൾക്ക് കാണാമല്ലോ. ഞാൻ ഇതാണ്, ഇത്രമാത്രം, ആട്ടിയോടിക്കാം, ആശ്വസിപ്പിക്കാം. മറുപടിയെക്കുറിച്ചുള്ള സൂചനകളൊന്നുമില്ലാതെ സ്വീകരണത്തിന്റെയും തിരസ്ക്കാരത്തിന്റെയും സമദൂരത്തിൽ ചാപ്ലിൻ ചിത്രം അവസാനിക്കുന്നു.
ചാർളി ചാപ്ലിൻ എന്ന ചലച്ചിത്രപ്രതിഭയുടെ കലയും ജീവിതവും ഇഴചേരുന്നുണ്ട് സിറ്റി ലൈറ്റ്സിന്റെ ഈ അന്ത്യരംഗത്തിൽ. വർണ്ണക്കടലാസിൽ പൊതിഞ്ഞുവച്ച സങ്കടങ്ങളായിരുന്നു ചാപ്ലിൻ സൃഷ്ടിച്ച ചിരികളോരോന്നും. ജീവിതം അയാളെ ഒരിക്കലും ചിരിപ്പിച്ചില്ല. ചാപ്ലിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ ‘ക്ലോസപ്പിൽ ദുരന്തമായി കാണുന്ന ജീവിതത്തെ ലോങ് ഷോട്ടിൽ ഫലിത’മായി കാണാൻ അയാൾ ശ്രമിച്ചു. ലോകം ശബ്ദസിനിമയുടെ വഴിയേ ആവേശപൂർവ്വം സഞ്ചരിച്ചു തുടങ്ങിയപ്പോഴാണ് നിശ്ശബ്ദതയിൽ ഉറച്ചുനിന്ന് ചാപ്ലിൻ സിറ്റി ലൈറ്റ്സ് (1931) നിർമിക്കുന്നത്. നിശ്ശബ്ദചിത്രങ്ങളിലൂടെ ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച ചാപ്ലിൻ ശബ്ദസിനിമയുടെ കാലം വന്നിട്ടും നിശ്ശബ്ദതയെ സ്നേഹിച്ചു. എന്തിന്, ശബ്ദചിത്രങ്ങളെ വെറുക്കുന്നുവെന്നു വരെ ഒരിക്കൽ ചാപ്ലിൻ പറയുകയുണ്ടായി. എന്തുകൊണ്ടാവും എന്നുമയാൾ ശബ്ദത്തേക്കാൾ നിശ്ശബ്ദതയെ സ്നേഹിച്ചത്? വാക്കുകളേക്കാൾ മൗനത്തെ പുണർന്നത്?
∙ ഭ്രാന്തിനും സുബോധത്തിനുമിടയിൽ
അച്ഛനുപേക്ഷിച്ചുപോയ ഒരു കുട്ടി മാനസികരോഗിയായ അമ്മയ്ക്കൊപ്പം കരച്ചിലും പുലമ്പലും ദീർഘനിശ്വാസങ്ങളും നീണ്ട നിശ്ശബ്ദതയും നിറഞ്ഞ ദരിദ്ര കൂടാരത്തിലിരിക്കുമ്പോൾ ഒരുപക്ഷേ ലോകത്തെയും ജീവിതത്തെയും ശപിച്ചിരിക്കണം. സിനിമയുടെ വെള്ളിവെളിച്ചം വീഴും മുമ്പ് ബാല്യകൗമാരങ്ങളിൽ അനുഭവിച്ച യാതനകളെക്കുറിച്ച് ചാപ്ലിൻതന്നെ എഴുതിയിട്ടുണ്ട്. ചെയ്യാത്ത ജോലികളില്ല, അന്നന്നത്തെ ആഹാരത്തിനു വേണ്ടി അലയാത്ത തെരുവുകളില്ല. ആഹാരം മാത്രം പോരായിരുന്നു, മനോരോഗിയായ അമ്മയെ ചികിത്സിക്കാനും തലചായ്ക്കാനുള്ള താവളത്തിനുമെല്ലാം പണം അത്യാവശ്യമായിരുന്നു.
ഭർത്താവുപേക്ഷിച്ചുപോയ അമ്മ ഭ്രാന്തിനും സുബോധത്തിനുമിടയിൽ തെന്നിനീങ്ങുമ്പോഴും മക്കളായ ചാർളിയേയും സിഡ്നിയേയും ചേർത്തുപിടിച്ചിരുന്നു. ഇടറിയ ശബ്ദത്തിനും നിലതെറ്റിയ ഓർമ്മകൾക്കും ഇടയിൽനിന്നുകൊണ്ട് അവൾ മക്കൾക്കായി നാടക സ്േറ്റജുകളിൽ പാടി. സമനില തെറ്റി ഭ്രാന്താശുപത്രിയിലാകുമ്പോഴെല്ലാം അവളുടെ കുട്ടികൾ വാടകവീട്ടിൽനിന്ന് തെരുവിലേക്കെറിയപ്പെട്ടു. അമ്മയെ ചികിത്സിക്കാനും അന്തിയുറങ്ങാനുള്ള ഇടത്തിനുമെല്ലാമായി ആ കുഞ്ഞുങ്ങൾ ചെയ്യാത്ത ജോലികളില്ല. എല്ലാ അർത്ഥത്തിലും ദുരന്തപൂർണമായിരുന്നു കുഞ്ഞു ചാർളിയുടെ ബാല്യം.
ഒരുപക്ഷേ എല്ലാ ദുരന്തങ്ങളും ഫലിതത്തിലായിരിക്കും അവസാനിക്കുക. വ്യഥയും വ്യർത്ഥതയും ഇഴചേരുന്ന മുഹൂർത്തങ്ങൾ ഒരുവനെ വാവിട്ടു ചിരിപ്പിച്ചേക്കാം. ദുരന്തഫലിതങ്ങളുടെയെല്ലാം പിറവി അങ്ങനെ ആയിരിക്കണം. ചാപ്ലിൻ സിനിമകൾ ഫലിതത്തിന്റെയും ദുരന്തത്തിന്റെയും ക്ലാസിക് ദൃഷ്ടാന്തങ്ങളായി മാറുന്നതും അതുകൊണ്ടുതന്നെ.
അനാഥവും വ്രണിതവുമായ ബാല്യത്തിൽതന്നെ അരങ്ങ് ചാപ്ലിനെ മോഹിപ്പിച്ചിരുന്നു. നാടകവേദിയിൽ അറിയപ്പെടുന്ന കൊമേഡിയനായിരുന്ന കാലത്താണ് ചാപ്ലിൻ കീേസ്റ്റാൺ സ്റ്റുഡിയോയുടെ ഒറ്റ റീൽ നിശ്ശബ്ദ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് കീേസ്റ്റാൺ വിട്ട് 1914ൽ എസ്റ്റാനേ എന്ന കമ്പനിയിൽ. കലാകാരൻ എന്ന നിലയിൽ ചാപ്ലിൻ സ്വതന്ത്രനാവുന്നത് ഈ ഘട്ടത്തിലാണ്. സ്വന്തം സ്ക്രിപ്റ്റ്, സ്വയം സംവിധാനം, വിജയചിത്രങ്ങൾ, ആവശ്യത്തിലധികം പണം, പ്രണയപരമ്പര... ദുരിതങ്ങളുടെ വറചട്ടിയിൽനിന്ന് പ്രശസ്തിയുടെ പട്ടുമെത്തയിലേയ്ക്കുള്ള യാത്ര. വൈരുധ്യമെന്നു തോന്നാം,
അതേ കാലത്തുതന്നെയാണ് ചാപ്ലിന്റെ വിഖ്യാതവേഷം ‘ട്രാംപ്’ അഥവാ 'തെണ്ടി' രൂപപ്പെടുന്നത്. അയഞ്ഞ പാന്റും ഇറുകിയ കോട്ടും മുഷിഞ്ഞ തൊപ്പിയും മുറിമീശയും കുറുവടിയും ചേർന്ന തെരുവുതെണ്ടിവേഷം. അവന് വീടോ നാടോ സമ്പത്തോ സാമൂഹിക പദവിയോ ഇല്ല. ഉള്ളത് ദാരിദ്ര്യം, സ്വാതന്ത്ര്യം, പിന്നെ തെരുവും. ചാപ്ലിന്റെ ജീവിതത്തിലുടനീളം കാണുന്ന പ്രണയ–ദാമ്പത്യ തകർച്ചകളും വിലക്ഷണമായ പെരുമാറ്റ രീതികളുമെല്ലാം അനശ്വരമായ ആ തെരുവുതെണ്ടിവേഷത്തോടു കൂട്ടിവായിക്കുമ്പോൾ ബോധ്യമാകുന്ന ഒന്നുണ്ട്; ചാപ്ലിന്റെ ഉള്ളിൽ എക്കാലത്തും ഒരു ‘ട്രാംപ്’ ഉണ്ടായിരുന്നു; നേട്ടങ്ങളുടെ നെറുകയിൽനിൽക്കുമ്പോഴും അത്മനിന്ദയും അർഥശൂന്യതയും കാണിച്ചുതരുന്ന അപരജീവിതം
പലവട്ടം മുറിഞ്ഞുപോയ ഔപചാരിക വിദ്യാഭ്യാസത്തിന്റെ നഷ്ടങ്ങളെ ചാപ്ലിൻ മറികടക്കുന്നത് പുസ്തകക്കടകൾ കയറിയിറങ്ങിയാണ്. ഇംഗർസോളും ഷോപ്പൻഹോവറുമെല്ലാം വായനയുടെ വാതിലുകൾ കടന്നു വന്നു. ഒരുപക്ഷേ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുമ്പോഴും ദസ്തയോവ്സ്ക്കിയുടെ നായകന്മാരെപ്പോലെ നിന്ദിതനും പീഡിതനുമായ ഒരാത്മാവ് തന്റെയുള്ളിൽ വിലപിക്കുന്നുണ്ടെന്നും അതിനൊരു തിരശ്ശീല രൂപം നൽകണമെന്നും ചാപ്ലിൻ തിരിച്ചറിഞ്ഞത് വായന നൽകിയ ആഴക്കാഴ്ചയാകാം.
എല്ലാ മനുഷ്യരുടെയും ഉള്ളിൽ ബാഹ്യലോകത്തിന് അപപരിചിതവും ഒരുപക്ഷേ തീർത്തും വിരുദ്ധവുമായ അപരസ്വത്വം ഉണ്ടെന്നതു നേര്. ചാപ്ലിൻ സിനിമകളിൽ നാം കണ്ടുമുട്ടുന്നത് നമ്മുടെതന്നെ ഈ അപരനെയാണ്. എല്ലാ എസ്റ്റാബ്ലിഷ്മെന്റുകളെയും മൂല്യമഹിമകളെയും തെരുവുമധ്യത്തിൽ പരിഹാസച്ചിരികൊണ്ട് ഉരിഞ്ഞുകളഞ്ഞ് സ്വതന്ത്രനായി നീങ്ങാൻ ഇഷ്ടപ്പെടുന്ന ഒരപരൻ, 'ട്രാംപ്' മാത്രമല്ല, ചാപ്ലിന്റെ എല്ലാ വേഷങ്ങളും ഈ അപരജന്മങ്ങളാണ്. വൈരുധ്യങ്ങളിൽനിന്നാണ് ചാപ്ലിൻ ഹാസ്യം സൃഷ്ടിക്കുന്നത് എന്ന നിരൂപക നിരീക്ഷണങ്ങൾ ശരിതന്നെ.
∙ വെള്ളിവെളിച്ചത്തിലേക്ക്...
1915ൽത്തന്നെ ഹ്രസ്വചിത്രങ്ങളിലെ ഹാസ്യരംഗങ്ങളിലൂടെ ചാപ്ലിൻ താരമായി വളർന്നിരുന്നു. ഇക്കാലത്തു പുറത്തുവന്ന ചാപ്ലിന്റെ ചിത്രങ്ങളിൽ രണ്ടു റീൽ ചിത്രമായ 'ദ് ട്രാംപ്’ ആണ് അദ്ദേഹത്തിന്റെ വളർച്ചയുടെ ആദ്യ പടവ്. തെരുവുതെണ്ടിയുടെ പ്രണയവും പ്രണയനഷ്ടവും ലോകത്തെ മുഴുവൻ ചിരിപ്പിച്ചു. ചാപ്ലിൻ ചിത്രങ്ങൾ രാജ്യാന്തരശ്രദ്ധ നേടാൻ തുടങ്ങുന്നത് 1920ൽ പുറത്തുവന്നു ‘ദ് കിഡ്’ മുതലാണ്. നേരമ്പോക്കിനപ്പുറം കോമഡിയുടെ രാഷ്ട്രീയ, സാമൂഹിക സാധ്യതകൾ പരീക്ഷിക്കാൻ ചാപ്ലിൻ തുനിയുന്നത് ഈ ചിത്രം മുതലെന്നു പറയാം.
മാത്രമല്ല അക്കാലത്തു നേരിട്ട വ്യക്തിപരമായൊരു വേദനയുടെ ഗൂഢസ്വരവും ‘ദ് കിഡ്’ ഒളിച്ചു പിടിക്കുന്നുണ്ട്. പ്രണയത്തകർച്ചകളുടെ ഘോഷയാത്രയ്ക്കിടയിൽ ചാപ്ലിന് മിൽഡ്രെഡ് ഹാരിസെന്ന നടിയെ വിവാഹം കഴിക്കേണ്ടിവന്നത് അവളുടെ ഉദരത്തിൽ തന്റെ കുഞ്ഞ് വളരുന്നുണ്ട് എന്ന തിക്ത സത്യത്തിന്റെ സമ്മർദ്ദത്തിലായിരുന്നു. എന്നാൽ മിൽഡ്രെഡിൽ പിറന്ന കുഞ്ഞ് ആഴ്ച തികയും മുൻപ് മരിച്ചു. അഗ്രഹിച്ചു പിറന്നതല്ലെങ്കിൽക്കൂടിയും ആ കുഞ്ഞിന്റെ മരണവും അച്ഛൻ എന്ന വികാരവും ചാപ്ലിന്റെ ഹൃദയത്തിൽ ചെറുതല്ലാത്ത മുറിവു വിഴ്ത്തിയിരിക്കണം. ഈ മുറിപ്പാടാണ് ‘കിഡി’ന്റെ ഭാവതലത്തിൽ വീണുകിടക്കുന്നത്.
അനാഥനായ ‘ട്രാംപി’ന് ചവറ്റുകൂനയിൽനിന്ന് ഒരു കുഞ്ഞിനെ ലഭിക്കുന്നു. ആദ്യം അതിനെ ഒഴിവാക്കാനാണ് ശ്രമിക്കുന്നതെങ്കിൽ പിന്നീട് ആ കുഞ്ഞില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന നിലയിലെത്തുന്നു ചാർളി. ആ‘അച്ഛന്റെ’യും ‘മകന്റെ’യും' തെരുവിലെ അതിജീവന ദൃശ്യങ്ങളിൽ ചാപ്ലിൻ തന്റെതന്നെ ബാല്യം ആയിരിക്കണം ഫ്രെയിമിലാക്കിയത്.
∙ ഷൂ ഭക്ഷണമാക്കിയ ജീവിതം
1925ൽ പുറത്തുവന്ന 'ദ് ഗോൾഡ് റഷ്' എന്ന ചിത്രം പേരു പോലെത്തന്നെ സ്വർണം തേടിയുള്ള യാത്രയാണ്. അലാസ്കയിലേക്കുള്ള ട്രാംപിന്റെ യാത്ര കൊടും ശൈത്യവും ഹിമപാതവും കടന്നാണ്. ഇടയ്ക്ക് വന്യമൃഗങ്ങളുമായി ‘ഒളിച്ചേ കണ്ടേ’ കളികൾ, പ്രണയത്തിന്റെയും സമ്പത്തിന്റെയും സ്വപ്നലോകങ്ങളിലൂടെയാണ് ഇക്കുറി ട്രാംപിന്റെ സഞ്ചാരം. സത്യജിത്റായ് 'Our Films Their Films' എന്ന പുസ്തകത്തിൽ ഒരധ്യായംതന്നെ ഈ ചിത്രത്തിനു വേണ്ടി മാറ്റിവച്ചിട്ടുണ്ട്. ചിത്രത്തിൽ ചാപ്ലിൻ ഷൂ പുഴുങ്ങിത്തിന്നുന്ന രംഗം തമാശയ്ക്കപ്പുറം കൃത്യമായ ചില രാഷ്ട്രീയ സൂചനകൾ പ്രതിഫലിപ്പിക്കുന്നതായിരുന്നു.
ഷൂ ഭക്ഷണമാക്കേണ്ടി വരുന്ന ഗതികേട് അന്നത്തെ ലോകക്രമത്തോടുള്ള ചാപ്ലിന്റെ കഠിനമായ എതിർപ്പുതന്നെ. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം വന്ന ചാപ്ലിൻ ചിത്രങ്ങളിലെല്ലാം വിശപ്പും തൊഴിലില്ലായ്മയും പ്രധാന കഥാപാത്രങ്ങളാണ്. ഒരു പക്ഷേ ട്രാംപ് തന്നെയും യുദ്ധത്തിന്റെ അവശിഷ്ട ജന്മമാണെന്നു വരുന്നു. യുദ്ധം ബാക്കിവച്ച ദാരിദ്ര്യത്തിന്റെയും പട്ടിണിയുടേയും ലോകത്ത് മനുഷ്യനു സ്വന്തം ഷൂ വരെ തിന്നേണ്ടിവരുന്നു എന്ന ചാപ്ലിൻ ഫലിതം യുദ്ധം സൃഷ്ടിച്ച വൻശക്തികൾക്ക് രസിക്കാതെ തരമില്ലല്ലോ. ലണ്ടനിൽ ജനിച്ചെങ്കിലും അമേരിക്കയിൽ ജീവിച്ച ചാപ്ലിൻ പിൽക്കാലത്ത് അമേരിക്കൻ ഭരണകൂടത്തിന് അനഭിമതനായതിൽ ഗോൾഡ് റഷിനും പങ്കുണ്ട്. ക്രമേണ, 'ക്യാപ്പിറ്റലിസത്തിന്റെ വിമർശകൻ', 'കമ്യൂണിസ്റ്റ് തുടങ്ങിയ വിമർശനങ്ങൾ ചാപ്ലിനെതിരെ പ്രബലമാകുകയും ചെയ്തു.
1928ൽ പുറത്തുവന്ന 'ദ് സർക്കസ്' എന്ന ചിത്രം ദ് കിഡ്' പോലെ ചാപ്ലിന്റെ അന്തർലോകത്തെ വെളിപ്പെടുത്തുന്ന മറ്റൊരു ചിത്രമാണ്. പോക്കറ്റടിക്കാരനെന്നു തെറ്റിദ്ധരിച്ച് തന്നെ പിൻതുടരുന്ന പോലീസുകാരനിൽനിന്ന് രക്ഷപ്പെടാനോടുന്ന ചാർളി ഒരു സർക്കസ് കൂടാരത്തിൽ എത്തപ്പെടുന്നു. ഷോ നടക്കുന്ന സമയം. ചാർളിയും പോലീസുകാരനും തമ്മിലുള്ള ‘പിടിച്ചു പിടിച്ചില്ല’ കളി കാണികളെ അത്യന്തം രസിപ്പിക്കുന്നതോടെ ചാർളി സർക്കസിലെ വിദൂഷകനാകുന്നു. അവിടെ കണ്ടുമുട്ടുന്ന പെൺകുട്ടിയുടെ പ്രേമം നേടാൻ ശ്രമിക്കുന്ന ചാർളിക്കു പക്ഷേ അവൾ മറ്റൊരാളുടെ സ്വന്തമാകുന്നതു കാണേണ്ടിവരുന്നു. ദൂരെ മറയുന്ന സർക്കസ് വാഹനങ്ങളെ നോക്കി നിൽക്കുന്ന ചാപ്ലിനെ കാണാം ‘സർക്കസി’നൊടുവിൽ.
∙ മോഡേൺ ടൈംസ്
ചാപ്ലിന്റെ ക്ലാസ്സിക് സറ്റയർ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ‘മോഡേൺ ടൈംസ്’ പുറത്തുവരുന്നത് 1936ലാണ്. ചാപ്ലിൻ ഉയർത്തുന്ന ചിരിയിൽ ജീവിത ദർശനവും രാഷ്ട്രീയ ധ്വനിയും സാംസ്കാരിക വിപ്ലവവുമുണ്ടെന്ന് അടിവരയിട്ടു പ്രഖ്യാപിക്കുന്ന ചിത്രം, ഏതാണ്ട് ഒന്നരമണിക്കൂർ ദൈർഘ്യം വരുന്ന ചിത്രത്തിലുടനീളം ഇരുണ്ട ഹാസ്യം നിറഞ്ഞു പെയ്യുന്നു. ട്രാംപിന്റെ വിടവാങ്ങൽ ചിത്രം കൂടിയായിരുന്നു ഇത്. വളരെ മുമ്പേതന്നെ വന്നെത്തിയ ശബ്ദചിത്രങ്ങളോടുള്ള എതിർപ്പിന്റെ സ്വരം ഒളിപ്പിച്ചു വച്ചപ്പോൾതന്നെ സംഗീതവും ചില്ലറ സംഭാഷണങ്ങളുമായി ശബ്ദലോകത്തേക്കു മാറാനുള്ള സന്നദ്ധതയും മോഡേൺ ടൈംസ് പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.
ടൈംപീസിന്റെ ക്ലോസപ്പ് ദൃശ്യത്തിലാരംഭിക്കുന്ന ചിത്രത്തിലെ വില്ലൻ അധുനിക ജീവിതത്തിൽ ആർക്കും തികയാത്ത ഒന്നാണ്; സമയം. ഇരകൾ മനുഷ്യരും. ഭീമൻ യന്ത്രങ്ങളും അവയ്ക്കിടയിൽ തല ചൊറിയാൻ നേരമില്ലാതെ പണിയെടുക്കുന്ന തൊഴിലാളികളും ഒരു നിമിഷം പോലും നഷ്ടപ്പെടാതെ അവരെക്കൊണ്ട് പണിയെടുപ്പിക്കുന്ന ഫാക്ടറി ഉടമയും കൂടിച്ചേർന്ന് മതിഭ്രമത്തിന്റെ വക്കോളമെത്തുന്ന അന്തരീക്ഷം.
തന്റെ മുന്നിലൂടെ വേഗത്തിൽ കടന്നുപോകുന്ന കൺവേയർ ബൽറ്റിലൂടെ എത്തുന്ന യന്ത്രഭാഗത്തിന്റെ നട്ടുകൾ മുറുക്കലാണ് ഇവിടെ ചാർളിയ്ക്കു ജോലി. രണ്ടു കയ്യിലും സ്പാനർ പിടിച്ച് നട്ടുകൾ മുറുക്കുന്ന ചാർളിക്ക് മിക്കപ്പോഴും ബെൽറ്റിന്റെ വേഗത്തെ പിൻതുടരാൻ കഴിയുന്നില്ല. ജോലി കഴിഞ്ഞ് സ്പാനർ താഴെ വച്ചാലും ചാർളിയുടെ കൈകൾ യന്ത്രം പോലെ പ്രവർത്തിക്കുകയാണ്. നട്ടുകൾപോലെ കാണപ്പെടുന്നവയുടെ അടുത്തേയ്ക്കെല്ലാം അതു മുറുക്കാൻ ചാർളിയുടെ കൈകൾ നീണ്ടു ചെല്ലുന്നു; എതിരെ വരുന്ന വഴിയാത്രക്കാരിയുടെ നേരെ പോലും.
ജോലിക്കിടെ മുങ്ങി അൽപനേരം വിശ്രമിക്കാനാഗ്രഹിച്ചാലും രക്ഷയില്ല. എവിടെയും നിരീക്ഷണക്യാമറകൾ. ചാർളിയുടെ വിശ്രമവും പുകവലിയുമെല്ലാം മുതലാളി കയ്യോടെ പിടികൂടുന്നു. യന്ത്രങ്ങൾക്കിടയിലെ ജീവിതം ഒടുവിൽ ചാർളിയെ ചിത്തരോഗാശുപത്രിയിലാണ് എത്തിക്കുന്നത്. ചിത്രം പുറത്തിറങ്ങി 86 വർഷം കഴിഞ്ഞിരിക്കുന്നു. മോഡേൺ ടൈംസ് പറഞ്ഞു വച്ച മനുഷ്യ-യന്ത്ര സംഘർഷം അന്നത്തേക്കാൾ എത്രയോ പ്രസക്തമാണ് ഇന്ന്. സ്വത്വബോധത്തെ പുറന്തള്ളി യന്ത്രഭാഗമായി മനുഷ്യനെ രൂപാന്തരപ്പെടുത്തുന്ന തൊഴിൽ- ജീവിത പരിസരങ്ങളെക്കുറിച്ചുള്ള ചാപ്ലിന്റെ പ്രവചനം എത്രവട്ടം സത്യമായിത്തീർന്നിരിക്കുന്നു.
മോഡേൺ ടൈംസ് പുറത്തിറങ്ങിയതോടെ, ചാപ്ലിൻ കമ്യൂണിസ്റ്റാണെന്നുള്ള വിമർശകരുടെ വിധിയെഴുത്ത് പൂർണമായി. ചിത്രം ഇറ്റലിയിലും ജർമനിയിലും നിരോധിച്ചു. മോഷണം എന്ന ആക്ഷേപവും നേരിട്ടു. റെനെ ക്ലെയറിന്റെ A NOVS LA LIBERTIE എന്ന ഫ്രഞ്ചു ചിത്രത്തിലെ ചില രംഗങ്ങൾ ചാപ്ലിൻ കോപ്പിയടിച്ചു എന്നായിരുന്നു ആരോപണം. ചാപ്ലിന് തന്റെ ചിത്രം പ്രചോദനമായെങ്കിൽ താൻ അതൊരു ബഹുമതിയായി കരുതുന്നുവെന്നായിരുന്ന റെനെയുടെ പ്രതികരണം.
∙ ദ് ഗ്രേറ്റ് ഡിക്റ്റേറ്റർ
മോഡേൺ ടൈംസോടെ ചാപ്ലിൻ മിണ്ടാവ്രതം അവസാനിപ്പിച്ചു. ചാപ്ലിൻസിനിമകൾ ശബ്ദിക്കാൻ തുടങ്ങിയപ്പോൾ അതും ചരിത്രമായി. ഹിറ്റ്ലറുടെ സ്വേച്ഛാധിപത്യ വാഴ്ചയെ പരിഹസിച്ചുകൊണ്ട് അധികാരത്തിന്റെ അശ്ലീലതലം വെളിവാക്കുകയാണ് 'ദ് ഗ്രേറ്റ് ഡിക്റ്റേറ്റർ' (1940) എന്ന ചാപ്ലിൻ ചിത്രം. ചിത്രത്തിന്റെ ഒടുവിൽ മുഴങ്ങുന്ന ഉജ്വല പ്രസംഗം രണ്ടാം ലോക മഹായുദ്ധത്തിനിടയിൽ ലോകസമാധാനത്തിനു വേണ്ടി വാദിച്ചവർക്കു മുഴുവൻ ഊർജം പകർന്നു. ഹിൽകൽ (ഹിറ്റ്ലർ) എന്നു തെറ്റിദ്ധരിച്ച് അയാളുമായി രൂപസാദൃശ്യമുള്ള ബാർബറെ ജൂതവിരുദ്ധ പ്രസംഗം നടത്താനായി അനുയായികൾ വേദിയിലേക്കു ക്ഷണിക്കുന്നു. ബാർബർ നൽകിയാതാവട്ടെ മാനവ സാഹോദര്യത്തിന്റെ ഉദാത്ത സന്ദേശം.
നാസി തടങ്കൽപാളയത്തിൽ നരകയാതന അനുഭവിക്കുന്ന പ്രണയിനി ഹന്നയെ സ്മരിച്ച് അയാൾ പറയുന്നുണ്ട്. “ഹന്നാ, നീ എവിടെയാണെങ്കിലും ധൈര്യമായിരിക്കൂ’’. റേഡിയോയിലൂടെ ഈ വാക്കുകൾ കേട്ട് ഹന്ന വികാരതരളിതയാകുന്നു. ജൂതവേട്ടയുടെയും നാസി തടങ്കൽപാളയങ്ങളുടെയും കഥ പറഞ്ഞുകൊണ്ട് പിൽക്കാലത്ത് പുറത്തിറങ്ങിയ അനേക ചിത്രങ്ങളിലൊന്നായ ‘ലൈഫ് ഈസ് ബ്യൂട്ടിഫുളി’ൽ ഏറെക്കുറെ സമാനമായ രംഗം കാണാം. അനുകരണമെന്നല്ല, അവസാനിക്കാത്ത ചാപ്ലിൻ പ്രഭാവം എന്നുവേണം അതിനെക്കുറിച്ചു പറയാൻ.
∙ ഒപ്പമെത്താൻ ഓടിയവർ
ചാർളി ചാപ്ലിനും ബസ്റ്റർ കീറ്റണും ഹരോൾഡ് ലോയ്ഡുമാണ് നിശ്ശബ്ദസിനിമയിലെ കോമഡി ത്രയം. രണ്ടാം നിരയിൽ ലാങ്ടനും ഫാറ്റി ആർബി ഹാർഡിയും മറ്റും. ചാപ്ലിന്റെ സമകാലിക എതിരാളികളിൽ ഏറ്റവും പ്രതിഭാശാലി ബസ്റ്റർ തന്നെ. സ്ലാപ്സ്റ്റിക് കോമഡിയായിരുന്നു മൂവരുടേതും. എന്നാൽ സ്ലാപ്സ്റ്റിക് ശൈലി പിൻതുടരുമ്പോഴും മനുഷ്യാവസ്ഥയുടെ ഭിന്നതലങ്ങളിലേയ്ക്കുള്ള ഉൾക്കാഴ്ചകൾ ചിരിയിൽ പൊതിഞ്ഞു വച്ചിരുന്നു ചാപ്ലിൻ. ഈ ജീവിത ദർശനത്തിന്റെ അഭാവമാണ് അദ്ദേഹത്തിനൊപ്പം മത്സരിച്ചവരെയെല്ലാം പിൽക്കാലത്ത് വിസ്മൃതിയിലെത്തിച്ചത്.
നിന്ദാനിർഭരമായ അനുഭവങ്ങളിലൂടെ ലോകത്തിന്റെ നെറുകയിലൂടെ നടക്കുന്ന ‘ട്രാംപ്’ ചിരിപ്പിക്കാൻ ശ്രമിക്കുകയല്ല ചിരിയുടെ ഇരയായി മാറുകയാണ്. നൈസർഗികമായ ഫലിതസിദ്ധിയാണത്. കീറ്റണിലെ കൊമേഡിയൻ പക്ഷേ പലപ്പോഴും ഹാസ്യത്തെ ഉൽപാദിപ്പിക്കാനുള്ള കഠിന ശ്രമങ്ങളിലാണ്. The General (1927) ഉദാഹരണം. അമേരിക്കൻ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രൂപപ്പെടുന്ന ഈ ചിത്രത്തിൽ കീറ്റൺ ഹാസ്യം സൃഷ്ടിക്കുന്നത് അദ്ഭുതത്തിൽനിന്നാണ്. കാണികളെ സ്തബ്ധരാക്കുന്ന ട്രെയിൻ ചേസ് ചിത്രത്തിലുണ്ട്.
വേഗത്തിൽ പായുന്ന ട്രെയിനിന്റെ മുകളിലൂടെയും വശങ്ങളിലൂടെയും ഓടിയും ചാടിയും കീറ്റൺ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. അതിന്റെ തുടർച്ചയാണ് ചിരി. ഒരുപക്ഷേ മനുഷ്യനും യന്ത്രവും തമ്മിലുള്ള സംഘർഷം മോഡേൺ ടൈംസിൽ ചാപ്ലിൻ അവതരിപ്പിക്കുന്നതിനും മുമ്പ് കീറ്റൺ കണ്ടെടുത്തു എന്നു പറയാം. ചാർളി യന്ത്രത്തിനെ ഭയക്കുമ്പോൾ കീറ്റൺ യന്ത്രത്തിനു മുകളിൽ അധികാരം സ്ഥാപിക്കുകയാണ് എന്ന വ്യത്യാസമുണ്ട്.
കീറ്റണും ലോയ്ഡുമെല്ലാം സൃഷ്ടിച്ച ചിരിയുടെ അലകൾ കാലത്തിന്റെ പരിണതികളിൽപ്പെട്ട് ദുർബലമായി. എന്നാൽ ചാപ്ലിന്റെ ഹാസ്യം നമ്മുടെ കാലത്തെ കൂടുതൽ കൂടുതൽ വിചാരണ ചെയ്തുകൊണ്ടിരിക്കുന്നു. കാരണം ചാപ്ലിനുതിർക്കുന്ന ചിരി ചരിത്രത്തിനും മതത്തിനും അധികാരത്തിനും നേരെ പായുന്ന വിദൂഷകശരങ്ങളാണ്. കാലമതിന് നാൾക്കുനാൾ മൂർച്ച കൂട്ടിക്കൊണ്ടേയിരിക്കും. എല്ലാക്കാലത്തും അത് കപടമൂല്യങ്ങളെ തെരുവിൽ വിവസ്ത്രമാക്കും. എങ്കിലുമത് എല്ലായിപ്പോഴും നമ്മെ ആത്മാവിന്റെ വിശുദ്ധിയിലേക്കു നിശ്ശബ്ദമായി ജ്ഞാനസ്നാനം ചെയ്യും.
English Summary: 134 Years of Charlie Chaplin: Life Story of 'Silent' Comic Era Icon