ഇനി കോഴിക്കോടിന്റെ 'ഓർമത്തിയറ്ററി'ൽ..; അവസാനിച്ചു, സിനിമയുടെ ‘അപ്സര’കാലം
ക്രൗൺ, കോറണേഷൻ, രാധ, അപ്സര, ബ്ലൂ ഡയമണ്ട്, സംഗം, പുഷ്പ, ഡേവിസൺ… കോഴിക്കോട്ടുകാരെ സിനിമാപ്രേമികളാക്കിയതിൽ ഈ തിയറ്ററുകളുടെ പങ്ക് ചില്ലറയല്ല. ഒരുകാലത്ത് മലയാള സിനിമയെന്നാൽ തമിഴ്നാട്ടിലെ കോടമ്പാക്കമായിരുന്നല്ലോ. അവിടെനിന്നു മലയാള സിനിമയെ കേരളത്തിലേക്കു പറിച്ചുനടാൻ സിനിമാപ്രവർത്തകർ ശ്രമം തുടങ്ങിയപ്പോൾ അതിനു വേണ്ട എല്ലാ പ്രോത്സാഹനവും നൽകിയിരുന്നത് ഈ തിയറ്ററുകളുടെ പിൻബലമായിരുന്നു. അത്രയ്ക്കു സമ്പന്നമായൊരു ചരിത്രമുണ്ടായിരുന്നു ഈ തിയറ്ററുകൾക്ക്.
ക്രൗൺ, കോറണേഷൻ, രാധ, അപ്സര, ബ്ലൂ ഡയമണ്ട്, സംഗം, പുഷ്പ, ഡേവിസൺ… കോഴിക്കോട്ടുകാരെ സിനിമാപ്രേമികളാക്കിയതിൽ ഈ തിയറ്ററുകളുടെ പങ്ക് ചില്ലറയല്ല. ഒരുകാലത്ത് മലയാള സിനിമയെന്നാൽ തമിഴ്നാട്ടിലെ കോടമ്പാക്കമായിരുന്നല്ലോ. അവിടെനിന്നു മലയാള സിനിമയെ കേരളത്തിലേക്കു പറിച്ചുനടാൻ സിനിമാപ്രവർത്തകർ ശ്രമം തുടങ്ങിയപ്പോൾ അതിനു വേണ്ട എല്ലാ പ്രോത്സാഹനവും നൽകിയിരുന്നത് ഈ തിയറ്ററുകളുടെ പിൻബലമായിരുന്നു. അത്രയ്ക്കു സമ്പന്നമായൊരു ചരിത്രമുണ്ടായിരുന്നു ഈ തിയറ്ററുകൾക്ക്.
ക്രൗൺ, കോറണേഷൻ, രാധ, അപ്സര, ബ്ലൂ ഡയമണ്ട്, സംഗം, പുഷ്പ, ഡേവിസൺ… കോഴിക്കോട്ടുകാരെ സിനിമാപ്രേമികളാക്കിയതിൽ ഈ തിയറ്ററുകളുടെ പങ്ക് ചില്ലറയല്ല. ഒരുകാലത്ത് മലയാള സിനിമയെന്നാൽ തമിഴ്നാട്ടിലെ കോടമ്പാക്കമായിരുന്നല്ലോ. അവിടെനിന്നു മലയാള സിനിമയെ കേരളത്തിലേക്കു പറിച്ചുനടാൻ സിനിമാപ്രവർത്തകർ ശ്രമം തുടങ്ങിയപ്പോൾ അതിനു വേണ്ട എല്ലാ പ്രോത്സാഹനവും നൽകിയിരുന്നത് ഈ തിയറ്ററുകളുടെ പിൻബലമായിരുന്നു. അത്രയ്ക്കു സമ്പന്നമായൊരു ചരിത്രമുണ്ടായിരുന്നു ഈ തിയറ്ററുകൾക്ക്.
ക്രൗൺ, കോറണേഷൻ, രാധ, അപ്സര, ബ്ലൂ ഡയമണ്ട്, സംഗം, പുഷ്പ, ഡേവിസൺ... കോഴിക്കോട്ടുകാരെ സിനിമാപ്രേമികളാക്കിയതിൽ ഈ തിയറ്ററുകളുടെ പങ്ക് ചില്ലറയല്ല. ഒരുകാലത്ത് മലയാള സിനിമയെന്നാൽ തമിഴ്നാട്ടിലെ കോടമ്പാക്കമായിരുന്നല്ലോ. അവിടെനിന്നു മലയാള സിനിമയെ കേരളത്തിലേക്കു പറിച്ചുനടാൻ സിനിമാപ്രവർത്തകർ ശ്രമം തുടങ്ങിയപ്പോൾ അതിനു വേണ്ട എല്ലാ പ്രോത്സാഹനവും നൽകിയിരുന്നത് ഈ തിയറ്ററുകളുടെ പിൻബലമായിരുന്നു. അത്രയ്ക്കു സമ്പന്നമായൊരു ചരിത്രമുണ്ടായിരുന്നു ഈ തിയറ്ററുകൾക്ക്.
സിനിമ സാങ്കേതികമായി മുന്നേറിയപ്പോൾ തിയറ്ററുകളും മാറി. എന്നാൽ ഈ മാറ്റത്തെ ഉൾക്കൊള്ളാൻ കഴിയാഞ്ഞിട്ടോ തിയറ്റർ വ്യവസായം നഷ്ടമായതുകൊണ്ടോ പതുക്കെപ്പതുക്കെ ഓരോ തിയറ്ററുകളും അടച്ചുപൂട്ടാൻ തുടങ്ങി. ബ്ലൂ ഡയമണ്ട്, പുഷ്പ, ഡേവിസൺ, സംഗം എന്നിവയ്ക്കു പിറകെ ഇപ്പോഴിതാ അപ്സര തിയറ്ററിനും താഴുവീഴുന്നു. മലയാളത്തിലെ മിക്ക ഹിറ്റ് സിനിമകൾക്കും പ്രദർശനമൊരുക്കിയിരുന്ന തിയറ്ററായിരുന്നു അപ്സര. അതിനും താഴുവീഴുന്നതോടെ സമ്പന്നമായൊരു സിനിമാ അനുഭവമാണ് കോഴിക്കോട്ടുകാർക്കു നഷ്ടമാകുന്നത്.
∙ കോടമ്പാക്കമല്ല, ഇത് കോഴിക്കോട്
കോഴിക്കോട് ആകാശവാണിയും മലയാള സിനിമയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. സിനിമയും സാഹിത്യവുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രമുഖരാണ് കോഴിക്കോട് ആകാശവാണിയിൽ പ്രവർത്തിച്ചിരുന്നത്. പി.ഭാസ്കരൻ, കെ.രാഘവൻ, ഉറൂബ് തുടങ്ങി മലയാള സിനിമയിലെ അതികായരൊക്കെ കോഴിക്കോട് ആകാശവാണിയിലെ ഉദ്യോഗസ്ഥരായിരുന്നു. അതുപോലെ കോഴിക്കോട്ടെ സാംസ്കാരിക നായകരായ എം.ടി.വാസുദേൻനായർ, വൈക്കം മുഹമ്മദ് ബഷീർ, തിക്കൊടിയൻ, കുതിരവട്ടം പപ്പു, കെ.ടി.മുഹമ്മദ്, പ്രേംജി, കുഞ്ഞാണ്ടി, ബാലൻ കെ.നായർ, നെല്ലിക്കോട്ട് ഭാസ്കരൻ, കെ.പി.ഉമ്മർ, ശാന്താദേവി എന്നിവരൊക്കെ കോഴിക്കോട് ആകാശവാണിയുമായി ചേർന്നു പ്രവർത്തിച്ചവരായിരുന്നു.
ഇവരൊക്കെ മലയാള സിനിമയിലെ ആദ്യകാലത്തെ പ്രമുഖ എഴുത്തുകാരും താരങ്ങളുമൊക്കെയായിരുന്നു. അങ്ങനെയാണ് കോഴിക്കോട് കേരളത്തിലെ സാംസ്കാരിക നഗരമായി മാറിയത്. സാഹിത്യം, നാടകം എന്നിവയ്ക്കൊപ്പം സിനിമയും ഇവിടെ വളരെവേഗം വളർന്നു. എം.ടി.വാസുദേവൻനായർ, ഐ.വി.ശശി, ഹരിഹരൻ തുടങ്ങിയവർ മലയാള സിനിമയുടെ നെടുംതൂണുകളായത് കോഴിക്കോടു നഗരം നൽകിയ പിൻബലം കൊണ്ടായിരുന്നു. സിനിമാമോഹവുമായി ഐ.വി.ശശിയും ഹരിഹരനും കോടമ്പാക്കത്തേക്കു പോയി വിജയിച്ചപ്പോൾ അവിടെത്തന്നെ നിലകൊണ്ടില്ല. മലയാള സിനിമയെ കോഴിക്കോടു നഗരത്തിലേക്കുപറിച്ചുനട്ടതിൽ ഐ.വി.ശശിക്കു വലിയ പങ്കാണുള്ളത്.
മമ്മൂട്ടിയും മോഹൻലാലും നായകരായ ഒട്ടേറെ ചിത്രങ്ങൾ ചിത്രീകരണം നടത്തിയത് കോഴിക്കോട് നഗരത്തിൽ വച്ചായിരുന്നു. കോഴിക്കോട് മഹാറാണി ഹോട്ടലെന്നാൽ സിനിമാക്കാരുടെ താവളമായിരുന്നു. ഒരേസമയം രണ്ടും മൂന്നും ചിത്രങ്ങൾ ഐ.വി.ശശി ഇവിടെ താമസിച്ചുകൊണ്ടു ചിത്രീകരിച്ചിരുന്നു. പി.വി.ഗംഗാധരന്റെ ഉടമസ്ഥതയിലുള്ള ഗൃഹലക്ഷ്മി പ്രൊഡക്‌ഷൻ നിർമിക്കുന്ന മിക്ക ചിത്രവും ഇവിടെ വച്ചായിരുന്നു ചിത്രീകരിച്ചിരുന്നത്. അങ്ങനെ നിർമാണ–സംവിധാന– അഭിനേതാക്കളെക്കൊണ്ട് കോഴിക്കോടു നഗരം സിനിമയ്ക്കനുകൂലമായ നഗരമായി മാറുകയായിരുന്നു.
∙ തകർത്തോടിയ തിയറ്റര്‍ കഥകൾ
നഗരം സിനിമയ്ക്ക് അനുകൂലമായപ്പോൾ ഒട്ടേറെ തിയറ്ററുകളും ഇവിടെ ആരംഭിച്ചു. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽതന്നെ കോഴിക്കോട് നഗരത്തിൽ സിനിമാ പ്രദർശനം തുടങ്ങിയിരുന്നു. പോൾ വിൻസന്റ് എന്നൊരാൾ തന്റെ ബയോസ്കോപ്പുമായി കോഴിക്കോട് മുതലളക്കുളത്തുവച്ച് സിനിമാ പ്രദർശനം നടത്തിയിരുന്നു. നഗരത്തിലെ ആദ്യകാല തിയറ്ററുകളായിരുന്നു ക്രൗണും രാധയും. 1940 ൽ ആണ് മാനാഞ്ചിറയ്ക്കരികിലായി ക്രൗൺ തിയറ്റർ തുടങ്ങുന്നത്. ഹോളിവുഡ് സിനിമകളുടെ തിയറ്റർ എന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും ആദ്യകാലത്ത് ഹിന്ദി, തമിഴ്, മലയാളം സിനിമകളായിരുന്നു ക്രൗണിൽ പ്രദർശിപ്പിച്ചിരുന്നത്.
കോഴിക്കോട് ക്രൗണിൽനിന്ന് ഇംഗ്ലിഷ് സിനിമ കണ്ട അനുഭവത്തെക്കുറിച്ചൊക്കെ എം.ടി.വാസുദേവൻനായർ തന്റെ അനുഭവക്കുറിപ്പുകളിൽ പറയുന്നുണ്ട്. അൻപതുകളിലാണ് ക്രൗണിൽ ഇംഗ്ലിഷ് സിനികൾ പ്രദർശിപ്പിക്കാൻ തുടങ്ങിയത്. ഹോളിവുഡിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും നല്ല സിനിമകളെല്ലാം ഇവിടെ പ്രദർശിപ്പിക്കുമായിരുന്നു. കാലത്തിനനുസരിച്ചുള്ള മാറ്റം ഉൾക്കൊള്ളാൻ ക്രൗൺ തിയറ്റർ മാനേജ്മെന്റ് തയാറായി. ഇപ്പോൾ രണ്ടു സ്ക്രീനുകളാണ് ക്രൗണിലുള്ളത്. ഹോളിവുഡിനൊപ്പം ബോളിവുഡ്, മലയാളം, തമിഴ് സിനിമകളും ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്.
ക്രൗണിനു ശേഷമാണു രാധ തിയറ്റർ ആരംഭിക്കുന്നത്. പൂതേരി ഇല്ലത്തുകാരുടേതായിരുന്നു രാധയും ഫറോക്കിലുള്ള പ്രീതി തിയറ്ററും. നടി വിധുബാലയുടെ ഭർത്താവായിരുന്നു ഇതിന്റെ ഉടമ. ഇവരുടെ ഉടമസ്ഥതയിലുള്ളതാണ് കോറണേഷൻ തിയറ്ററും. രാധയും കോറണേഷനും ഇടത്തരം തിയറ്ററുകളായിരുന്നു. മറ്റു തിയറ്ററുകളെക്കാൾ ടിക്കറ്റ് ചാർജും ആദ്യകാലത്ത് ഇവിടെ കുറവായിരുന്നു. ഇതോടൊപ്പം ആരംഭിച്ചതായിരുന്നു സംഗം, പുഷ്പ തിയറ്ററുകൾ. ഗൃഹലക്ഷ്മി പ്രൊഡക്‌ഷൻകാരുടേതായിരുന്നു സംഗം തിയറ്റർ. മോഹൻലാലിന്റെ ദേവാസുരമൊക്കെ തകർത്തോടിയത് ഇവിടെയായിരുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മയാണ് ഇവിടെ പ്രദർശിപ്പിച്ച അവസാനത്തെ സിനിമ.
∙ ക്യാംപസും ഒഴുകി, തിയറ്ററിലേക്ക്...
ഏതുതരം സിനിമ കാണാനും കോഴിക്കോട് നഗരം അവസരമൊരുക്കിയിരുന്നു. ഹോളിവുഡ് സിനിമ കാണാൻ ക്രൗണിൽ പോകാം. ബോളിവുഡ് ഹിറ്റ് ചിത്രങ്ങൾ വന്നിരുന്നത് അപ്സരയിലും ബ്ലൂഡയമണ്ടിലുമായിരുന്നു. മൊഫ്യൂസൽ ബസ് സ്റ്റാൻഡിന് മുൻവശത്തുള്ള ബ്ലൂ ഡയമണ്ട് തിയറ്റർ കോളജ് വിദ്യാർഥികളുടെ കേന്ദ്രമായിരുന്നു. ബോളിവുഡ്, കോളിവുഡ് ക്യാംപസ് ചിത്രങ്ങൾ അധികവും ഇവിടെയായിരുന്നു പ്രദർശിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ നഗരത്തിലെ പ്രധാന കലാലയത്തിലെ ‘അടിപൊളി’ ഇഷ്ടപ്പെടുന്നവരെ അധികവും ഇവിടെ കണ്ടെത്താൻ കഴിയും. എന്റെ സൂര്യപുത്രിക്ക്, അനിയത്തിപ്രാവ് എന്നീ ഹിറ്റ് ചിത്രങ്ങൾ കാണാൻ നഗരത്തിലെ കോളജുകൾ ഒഴുകിയെത്തിയൊരു ചരിത്രം ബ്ലൂഡയമണ്ടിനുണ്ടായിരുന്നു.
മമ്മൂട്ടി, മോഹൻലാൽ സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ അധികവും പ്രദർശിപ്പിച്ചിരുന്നത് ബ്ലൂഡയമണ്ട്, അപ്സര, സംഗം തിയറ്ററുകളിലായിരുന്നു. ഇടത്തരം നായകന്മാരുടെ ചിത്രങ്ങൾക്ക് അവസരം ലഭിച്ചിരുന്നത് രാധ, കോറണേഷൻ, ഡേവിസൺ തിയറ്ററുകളിലും. എയർ കണ്ടിഷനൊന്നുമില്ലാത്ത തിയറ്ററുകളായിരുന്നു ആദ്യകാലത്ത് ഇവ. അതേപോലെ തമിഴ് സിനിമകൾ അധികവും എത്തിയിരുന്നത് പുഷ്പയിലായിരുന്നു.
തിയറ്റർ ഉള്ളതിനാൽ കല്ലായി– കോഴിക്കോട് റെയിൽവേ സ്റ്റേഷനു മധ്യത്തിലായുള്ള ഈസ്ഥലത്തിന് പുഷപ ജംക്‌ഷൻ എന്ന പേരുതന്നെ വന്നു. തമിഴിലെ ഗ്ലാമർ ചിത്രങ്ങൾക്കായിരുന്നു തിയറ്റർ അധികവും പ്രദർശനാവസരം നൽകിയിരുന്നത്. തമിഴ്, ഹിന്ദി, ഇംഗ്ലിഷ് ഗ്ലാമർ ചിത്രങ്ങൾക്കു മാത്രമായുള്ളതായിരുന്നു ഇംഎംഎസ് സ്റ്റേഡിയത്തിനുള്ളിലുള്ള ഗംഗ തിയറ്റർ. നൂൺഷോയായിരുന്നു ഇവിടെ ആൾക്കൂട്ടം സൃഷ്ടിച്ചിരുന്നത്. എ സർട്ടിഫിക്കറ്റുണ്ടെങ്കിൽ ഇവിടെ ആൾക്കൂട്ടമുണ്ടാകുമെന്നുറപ്പായിരുന്നു.
ഒറ്റ സ്ക്രീൻ തിയറ്ററുകൾ നഷ്ടത്തിലാകുകയും മൾട്ടിപ്ലക്സുകൾ ആരംഭിക്കുകയും ചെയ്തതോടെ നഗരത്തിലെ പല തിയറ്ററുകൾക്കും താഴു വീഴാൻ തുടങ്ങി. സംഗം തിയറ്ററാണ് ആദ്യം പൂട്ടിയത്. തിയറ്റർ ഉടമകളും നടത്തിപ്പുകാരും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് തിയറ്റർ പൂട്ടുന്നതിലേക്ക് എത്തിയത്. അതിനു പിന്നാലെ പുഷ്പ തിയറ്ററും പൂട്ടി. തിയറ്ററെല്ലാം പൊളിച്ച് സമീപത്തായി ഫ്ലാറ്റും സൂപ്പർമാർക്കറ്റും വന്നെങ്കിലും ജംക്‌ഷന് ഇന്നും പുഷ്പ ജംക്‌ഷൻ എന്നുതന്നെയാണു പേര്. നിർമാതാവ് സ്വർഗചിത്ര അപ്പച്ചന്റെ ഉമടസ്ഥതയിലുള്ളതായിരുന്നു ബ്ലൂ ഡയമണ്ട് തിയറ്റർ. അപ്പച്ചൻ തിയറ്റർ വിറ്റപ്പോൾ അതു പൊളിച്ച് അവിടെ മാൾ നിർമാണം ആരംഭിച്ചു കഴിഞ്ഞു. ഇതേ സമയത്തു തന്നെ പാളയത്തുള്ള ഡേവിസൺ തിയറ്ററും അടച്ചുപൂട്ടി. തിയറ്റർ എല്ലാം പൊളിച്ച് അവിടെ കെട്ടിടം നിർമിച്ചു.
∙ തിയറ്ററിലെ ‘അപ്സര’ കാഴ്ചകൾ
കേരളത്തിലെ എയർ കണ്ടിഷൻ ചെയ്ത ഏറ്റവും വലിയ തിയറ്ററ്റർ എന്ന പരസ്യത്തോടെ 1971 ൽ ആണ് അപ്സര തിയറ്റർ കോഴിക്കോട് ലിങ്ക് റോഡിൽ പ്രവർത്തനം തുടങ്ങുന്നത്. തൊമ്മൻ ജോസഫ് കൊച്ചുപുരയ്ക്കൽ ആയിരുന്നു ഉടമ. പ്രേംനസീറും ശാരദയും ചേർന്നായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. 70 എംഎം സ്ക്രീൻ അന്ന് കേരളത്തിൽ ആദ്യത്തേതിലൊന്നായിരുന്നു. കൂടുതൽ സീറ്റുകളുള്ളതിനാൽ ഏതു പുതിയ സിനിമ റിലീസ് ചെയ്യുമ്പോഴും സീറ്റ് കിട്ടുമെന്ന് സിനിമാ പ്രേമികൾക്ക് ഉറപ്പായിരുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെയും പാളയം അങ്ങാടിയുടെയും നടുവിലുള്ള തിയറ്ററിലേക്ക് എത്തിപ്പെടാൻ എളുപ്പമായിരുന്നു എന്നതും അനുകൂല ഘടകമായിരുന്നു.
ഒട്ടേറെ ഹിറ്റ് സിനിമകൾ അൻപതും നൂറും ദിവസം പ്രദർശിപ്പിച്ചതിന്റെ ആഘോഷത്തിന്റെ തെളിവുകൾ തിയറ്ററിലെത്തുന്നവർക്കു കാണാമായിരുന്നു. മൈഡിയർ കുട്ടിച്ചാത്തൻ എന്ന ത്രീഡി അനുഭവം കോഴിക്കോട്ടുകാർക്ക് ആദ്യമൊരുക്കിയത് ഈ തിയറ്ററായിരുന്നു. തിയറ്ററുകളെല്ലാം ഡിജിറ്റലായപ്പോഴും അപ്സര അതിനൊപ്പംനിന്നു കാലത്തിനസുസരിച്ചുള്ള മാറ്റം തിയറ്ററിലും വരുത്തി. പക്ഷേ തിയറ്ററർ വ്യവസായം നഷ്ടത്തിലായതോടെ അപ്സരയ്ക്കും താഴിടാൻ മാനേജ്മെന്റ് തീരുമാനിച്ചു.
നഗരത്തിന്റെ സിനിമാപ്രേമ ചരിത്രം പറഞ്ഞുകൊണ്ട് ക്രൗണും രാധയും കോറണേഷനും മാത്രമേ ഇപ്പോഴുള്ളൂ. നഗരത്തിലെ പ്രധാന മാളുകളിലെല്ലാം മൾട്ടിപ്ലക്സുകൾ വന്നുകഴിഞ്ഞു. എങ്കിലും ഗൃഹാതുരത്വം പേറുന്ന ഒട്ടേറെ ഓർമകളാണ് കോഴിക്കോട്ടുകാർക്ക് ഈ തിയറ്ററുകളിലെല്ലാം. റിലീസ് ചെയ്യുന്ന സിനിമകൾ ആദ്യ ഷോയിൽ തന്നെ കാണാൻ ഗ്രാമത്തിൽനിന്നു പോലും യുവാക്കളും കുടുംബവും വന്നുകൊണ്ടിരുന്നൊരു സമ്പന്ന ചരിത്രമുണ്ടായിരുന്നു ഈ നഗരത്തിന്. അതൊക്കെ ഇനി മധ്യവയസ്‌കരുടെ ഓർമകളിൽ മാത്രമായി മാറും. ഓൺലൈനിൽ സിനിമ ബുക്ക് ചെയ്ത് തിയറ്ററുകളിലെത്തുന്ന പുതുതലമുറയ്ക്ക് അറിയില്ല, മണിക്കൂറുകളോളം ക്യൂ നിന്ന് ആവനാഴിയും ദേവാസുരവും കമ്മിഷണറും ആറാം തമ്പുരാനുമെല്ലാം കണ്ട് കയ്യടിച്ച് വിസിലടിച്ച് തിയറ്ററിൽനിന്ന് എഴുന്നേറ്റു പോന്ന ആ കാലം.
English Summary: Good Bye to That Good Old Cinematic Memories; Kozhikode Apsara Theatre to Down the Curtains