കബീർ ബേദി പറയുന്നു: സിനിമയുമായി പ്രണയത്തിലാകാനുള്ള കാരണങ്ങളിലൊന്ന് ഒരു മലയാള ചലച്ചിത്രം
‘‘സിനിമയെന്ന കലയുമായി പ്രണയത്തിലാകാൻ എന്നെ പ്രേരിപ്പിച്ച കാരണങ്ങളിലൊന്ന് ഒരു മലയാള ചലച്ചിത്രമാണ്’’– പറയുന്നതു മറ്റാരുമല്ല, പത്രപ്രവർത്തകനായി തുടങ്ങി, നാടകവേദിയിലും പരസ്യരംഗത്തും തിളങ്ങി, ബോളിവുഡിലേക്കും അവിടെനിന്ന് ഇറ്റാലിയൻ ടെലിവിഷനിലേക്കും തുടർന്ന് ഹോളിവുഡിലേക്കും ചേക്കേറിയ ലോകപ്രശസ്ത നടൻ– കബീർ ബേദി. ‘സാൻഡോക്കൻ’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ഇറ്റലിയുടെ ഹൃദയം കവർന്ന കബീർ ബേദിക്ക് ജയിംസ് ബോണ്ട് ചിത്രമായ ഒക്ടോപ്പസി നേടിക്കൊടുത്ത രാജ്യാന്തര പ്രശസ്തിക്ക് ഇന്നും ഇളക്കം തട്ടിയിട്ടില്ല. വായിക്കാം, മലയാള മനോരമ ചീഫ് സബ് എഡിറ്റർ ലീന ചന്ദ്രൻ കബീർ ബേദിയുമായി നടത്തിയ സുദീർഘ സംഭാഷണം.
‘‘സിനിമയെന്ന കലയുമായി പ്രണയത്തിലാകാൻ എന്നെ പ്രേരിപ്പിച്ച കാരണങ്ങളിലൊന്ന് ഒരു മലയാള ചലച്ചിത്രമാണ്’’– പറയുന്നതു മറ്റാരുമല്ല, പത്രപ്രവർത്തകനായി തുടങ്ങി, നാടകവേദിയിലും പരസ്യരംഗത്തും തിളങ്ങി, ബോളിവുഡിലേക്കും അവിടെനിന്ന് ഇറ്റാലിയൻ ടെലിവിഷനിലേക്കും തുടർന്ന് ഹോളിവുഡിലേക്കും ചേക്കേറിയ ലോകപ്രശസ്ത നടൻ– കബീർ ബേദി. ‘സാൻഡോക്കൻ’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ഇറ്റലിയുടെ ഹൃദയം കവർന്ന കബീർ ബേദിക്ക് ജയിംസ് ബോണ്ട് ചിത്രമായ ഒക്ടോപ്പസി നേടിക്കൊടുത്ത രാജ്യാന്തര പ്രശസ്തിക്ക് ഇന്നും ഇളക്കം തട്ടിയിട്ടില്ല. വായിക്കാം, മലയാള മനോരമ ചീഫ് സബ് എഡിറ്റർ ലീന ചന്ദ്രൻ കബീർ ബേദിയുമായി നടത്തിയ സുദീർഘ സംഭാഷണം.
‘‘സിനിമയെന്ന കലയുമായി പ്രണയത്തിലാകാൻ എന്നെ പ്രേരിപ്പിച്ച കാരണങ്ങളിലൊന്ന് ഒരു മലയാള ചലച്ചിത്രമാണ്’’– പറയുന്നതു മറ്റാരുമല്ല, പത്രപ്രവർത്തകനായി തുടങ്ങി, നാടകവേദിയിലും പരസ്യരംഗത്തും തിളങ്ങി, ബോളിവുഡിലേക്കും അവിടെനിന്ന് ഇറ്റാലിയൻ ടെലിവിഷനിലേക്കും തുടർന്ന് ഹോളിവുഡിലേക്കും ചേക്കേറിയ ലോകപ്രശസ്ത നടൻ– കബീർ ബേദി. ‘സാൻഡോക്കൻ’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ഇറ്റലിയുടെ ഹൃദയം കവർന്ന കബീർ ബേദിക്ക് ജയിംസ് ബോണ്ട് ചിത്രമായ ഒക്ടോപ്പസി നേടിക്കൊടുത്ത രാജ്യാന്തര പ്രശസ്തിക്ക് ഇന്നും ഇളക്കം തട്ടിയിട്ടില്ല. വായിക്കാം, മലയാള മനോരമ ചീഫ് സബ് എഡിറ്റർ ലീന ചന്ദ്രൻ കബീർ ബേദിയുമായി നടത്തിയ സുദീർഘ സംഭാഷണം.
‘‘സിനിമയെന്ന കലയുമായി പ്രണയത്തിലാകാൻ എന്നെ പ്രേരിപ്പിച്ച കാരണങ്ങളിലൊന്ന് ഒരു മലയാള ചലച്ചിത്രമാണ്’’– പറയുന്നതു മറ്റാരുമല്ല, പത്രപ്രവർത്തകനായി തുടങ്ങി, നാടകവേദിയിലും പരസ്യരംഗത്തും തിളങ്ങി, ബോളിവുഡിലേക്കും അവിടെനിന്ന് ഇറ്റാലിയൻ ടെലിവിഷനിലേക്കും തുടർന്ന് ഹോളിവുഡിലേക്കും ചേക്കേറിയ ലോകപ്രശസ്ത നടൻ– കബീർ ബേദി. ‘സാൻഡോക്കൻ’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ഇറ്റലിയുടെ ഹൃദയം കവർന്ന കബീർ ബേദിക്ക് ജയിംസ് ബോണ്ട് ചിത്രമായ ഒക്ടോപ്പസി നേടിക്കൊടുത്ത രാജ്യാന്തര പ്രശസ്തിക്ക് ഇന്നും ഇളക്കം തട്ടിയിട്ടില്ല.
ഇടതു വിപ്ലവകാരി ബാബ പ്യാരി ലാൽ ബേദിയുടെയും ബ്രിട്ടിഷുകാരി ഫ്രെഡ ബേദിയുടെയും രണ്ടാമത്തെ മകനായാണ് കബീർ ബേദിയുടെ ജനനം. ഫ്രെഡ പിൽക്കാലത്ത് ടിബറ്റ് ബുദ്ധമതാചാര്യയായി പ്രശസ്തയായിത്തീർന്നു. ബർമയിൽ ബുദ്ധസന്യാസിയായി ഭിക്ഷയാചിച്ചു നടന്ന ബാല്യവും കബീറിനുണ്ട്. ഡൽഹിയിലും കശ്മീരിലും അസമിലും ഉൾപ്പെടെ വിവിധയിടങ്ങളിലാണ് കബീർ ബേദി പഠിച്ചു വളർന്നത്. ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജിൽനിന്നു പഠിച്ചിറങ്ങിയ ശേഷം ഓൾ ഇന്ത്യ റേഡിയോയിലും ദൂരദർശനിലും ജോലി ചെയ്തു. തുടർന്നു മുംബൈയിൽ അലിക് പദംസിയുടെ പ്രിയ ശിഷ്യനായി പരസ്യ, നാടക ലോകത്ത് സജീവമായി.
പിൽക്കാലത്ത് ഒഡീസി നർത്തകിയായിത്തീർന്ന പ്രൊതിമ ബേദിയാണ് ആദ്യ ഭാര്യ. ഈ ബന്ധത്തിലെ മകൾ പൂജ ബേദി അറിയപ്പെടുന്ന നടിയാണ്. ബോളിവുഡ് സൂപ്പർതാരം പർവീൺ ബാബിയുമൊത്ത് പ്രണയജീവിതം. വീണ്ടും വിവാഹങ്ങൾ. സ്കീസോഫ്രീനിയ രോഗിയായിരുന്ന മകൻ സിദ്ധാർഥിന്റെ ആത്മഹത്യ ഉൾപ്പെടെ ദുരന്തങ്ങളും വേർപാടുകളും കബീർ ബേദിയുടെ ജീവിതത്തിലെ ദുഃഖകാലങ്ങളാണ്. ഭാര്യ പർവീൺ ദുസാഞ്ചിനൊപ്പം മുംബൈയിലാണ് ഇപ്പോൾ താമസം. ‘സ്റ്റോറീസ് ഐ മസ്റ്റ് ടെൽ: ദി ഇമോഷനൽ ലൈഫ് ഓഫ് ആൻ ആക്ടർ’ എന്ന ആത്മകഥ 2021ൽ പുറത്തിറങ്ങി. പത്രപ്രവർത്തകൻ, മോഡൽ, നടൻ, നായകൻ, മകൻ, കാമുകൻ, ഭർത്താവ് തുടങ്ങിയ നിലകളിലെല്ലാം എന്തായിരുന്നു കബീർ ബേദി? അദ്ദേഹം മനസ്സു തുറക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ. വായിക്കാം, മനോരമ ചീഫ് സബ് എഡിറ്റർ ലീന ചന്ദ്രൻ കബീർ ബേദിയുമായി നടത്തിയ സുദീർഘ സംഭാഷണം.
? ഇറ്റലിയിൽ ആരാധനാപാത്രം, ഇന്ത്യയിൽ സുന്ദരമായ ഗൃഹാതുരത്വത്തിന്റെ ഭാഗം, ‘ഒക്ടോപ്പസി’യിലൂടെ ജെയിംസ് ബോണ്ട് സിനിമയിലെ ആദ്യ ഇന്ത്യൻ താരസാന്നിധ്യം... എന്തെല്ലാം വിശേഷണങ്ങളാണ് കബീർ ബേദിയെക്കുറിച്ചു പറയാൻ. എങ്കിലും ഈ ശബ്ദസൗന്ദര്യത്തിന്റെ കൂടി ആരാധകരാണ് ഞാനുൾപ്പെടെ പലരും. അതുകൊണ്ടുതന്നെ ആദ്യചോദ്യം ബാരിറ്റോൺ ശബ്ദത്തെക്കുറിച്ചാണ്. ഡൽഹിയിലെത്തിയ ബീറ്റിൽസിനെ അഭിമുഖം ചെയ്യാൻ പോയപ്പോൾ താങ്കളുടെ ശബ്ദം അവർ ശ്രദ്ധിച്ചതായി തോന്നിയോ.
∙ ബീറ്റിൽസ് എന്റെ ശബ്ദം ശ്രദ്ധിച്ചെന്നേ തോന്നുന്നില്ല. കാരണം, അവർ അന്ന് ആകെ തിരക്കുപിടിച്ച് ഓട്ടത്തിലായിരുന്നല്ലോ. അവരുടെ പ്രശസ്തമായ ആ സംഗീതപര്യടനത്തിനിടെ, ഫിലിപ്പീൻസിൽനിന്നു വരുംവഴി ഡൽഹിയിൽ ഇറങ്ങിയതായിരുന്നു. അപ്പോൾ ഞാൻ ഇടിച്ചു കയറി അഭിമുഖം എടുത്തതാണ്. ആദ്യം അവരുടെ മാനേജർ ബ്രയൻ എപസ്‌റ്റെയ്‌നെ സമീപിച്ച് ബീറ്റിൽസിന്റെ അടുത്ത് എത്തിക്കാമോ എന്നു ചോദിച്ചപ്പോൾ നിരാശയായിരുന്നു ഫലം. ‘‘എന്താണീ പറയുന്നത്? അഭിമുഖമോ! ‘ബോയ്‌സ്’ ഒരു അഭിമുഖത്തിനും സമ്മതിക്കില്ല’’ എന്നു പറഞ്ഞ് അദ്ദേഹം എന്നെ പറഞ്ഞുവിടാൻ നോക്കി. ഞാൻ വിട്ടില്ല.
‘‘അയ്യോ സർ, ഇന്ത്യൻ സർക്കാർ ഒരു അഭിമുഖപരിപാടി നിശ്ചയിച്ചു കഴിഞ്ഞു. ഓൾ ഇന്ത്യ റേഡിയോയ്ക്കു പ്രക്ഷേപണം ചെയ്യാനുള്ളതാണ്. രാത്രി 10ന്; അഭിമുഖം തരില്ലേ?’’ നല്ല ഒന്നാന്തരം നുണയായിരുന്നു ഞാൻ തട്ടിവിട്ടത്. ‘‘ഓഹോ അങ്ങനെയോ? എന്നാൽ ആ നശിച്ച ഇന്റർവ്യൂവിന് ഞാൻ പോരേ?’’ എപ്സ്റ്റെയ്ൻ അന്വേഷിച്ചു. എന്നെ സംബന്ധിച്ച് അതുപോലും ധാരാളമായിരുന്നു. ബ്രയൻ എപ്‌സ്റ്റെയ്ൻ എന്നാൽ ബീറ്റിൽസ് മാനേജർ. അതും നല്ല സ്‌കൂപ്പ് ആകും.
പറഞ്ഞ സമയത്ത് ഞാൻ വീണ്ടും ചെന്നു. വാതിലിൽ മുട്ടി. വാതിൽ തുറന്ന് അദ്ദേഹം എന്നെ മിഴിച്ചുനോക്കി. അദ്ദേഹം വിയർത്തുകുളിച്ചിരുന്നു. മുഖമാകെ വിളറിയിട്ടുണ്ട്. ഹോട്ടൽ കുപ്പായമാണ് ധരിച്ചിരുന്നത്. അകപ്പാടെ നല്ല സുഖമില്ലെന്നു തോന്നി. അതു കഴിഞ്ഞ് ആറു മാസത്തിനു ശേഷം അദ്ദേഹം മരിച്ചുപോയല്ലോ. അതായത്, ആരോഗ്യം മോശമായിരിക്കെയാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. എനിക്കതൊന്നും അന്ന് അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി. എങ്കിലും മടിച്ചുനിൽക്കാതെ ഞാൻ വീണ്ടും പരിചയപ്പെടുത്തി– ‘‘കബീർ ബേദിയാണ് സർ. പത്തുമണി അഭിമുഖത്തിന്റെ കാര്യം പറഞ്ഞിരുന്നല്ലോ’’.
‘‘ദൈവമേ! എന്നെക്കൊണ്ടു പറ്റില്ല’’ എന്നു പറഞ്ഞ് വലിയ ശബ്ദത്തോടെ അദ്ദേഹം കതകടച്ചു കളഞ്ഞു. ഞാൻ സ്തബ്ധനായി. ഇനി എന്തു ചെയ്യും? ഏറെ മോഹിച്ച ഇന്‌റർവ്യൂ നഷ്ടമായിരിക്കുന്നു. എന്തു ചെയ്യണമെന്നറിയാതെ ഞാൻ നിൽക്കുമ്പോഴതാ കതകു വീണ്ടും തുറക്കുന്നു. ഹോട്ടൽ കുപ്പായത്തിന്റെ അടിയിൽ ഉടുപ്പിട്ട് അദ്ദേഹം വീണ്ടും പ്രത്യക്ഷപ്പെട്ടു. ഒബ്റോയ് ഇന്റർകോണ്ടിനെന്റൽ ഹോട്ടലിന്റെ അങ്ങേയറ്റം വരെ എന്നെയും കൊണ്ടു നടന്ന് അവിടുത്തെ സ്യൂറ്റിലെത്തി. അദ്ദേഹം വാതിലിൽ മുട്ടിയപ്പോൾ തുറന്നത് പോൾ മകാർട്‌നിയായിരുന്നു!
‘‘ബോയ്‌സ്, ഒരു സഹായം ചെയ്യൂ! ഈ പയ്യന് ഒരു അഭിമുഖം നൽകി വിട്ടേക്കുമോ?’’ എപ്‌സ്റ്റെയ്ൻ അവരോട് ചോദിച്ചു. ഞാൻ വിസ്മയമടക്കാനാകാതെ നിൽക്കുകയായിരുന്നു. ഇതിഹാസതുല്യരായ ബീറ്റിൽസിന്റെ മുറിയിലാണു ഞാൻ. മേഘങ്ങളിൽ പാറി നടക്കുന്ന തോന്നലായിരുന്നു അത്. അവർ എന്റെ സംഗീത ഐക്കണുകൾ. ഉജ്വലസംഗീതം സൃഷ്ടിച്ച അതുല്യമായൊരു തലമുറയിലെ ഏറ്റവും മികച്ച പാട്ടുകാർ എന്നതു മാത്രമല്ല ബീറ്റിൽസിന്റെ പ്രാധാന്യം. റോളിങ് സ്റ്റോൺസ്, ബോബ് ഡിലൻ അങ്ങനെ എത്രയെത്ര താരങ്ങളായിരുന്നു അന്ന്.
അവരിലെല്ലാം ഏറ്റവും മികച്ചുനിന്നവരെന്നു മാത്രമല്ല, 1960കളെ പൊതിഞ്ഞുനിന്ന മാന്ത്രികമായ അനുഭൂതികളെയും അന്നുണ്ടായ മുന്നേറ്റങ്ങളെയും ഏറ്റവും നന്നായി പ്രതിനിധീകരിച്ചവരായിരുന്നു ബീറ്റിൽസ്. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക വിപ്ലവത്തിന്റെ കാലമായിരുന്നു അറുപതുകൾ. വിയറ്റ്നാം യുദ്ധം നടക്കുന്നു. സമാധാനത്തിനു വേണ്ടി ജനം പ്രക്ഷോഭം നടത്തുന്നു. സമാധാനത്തിനു വേണ്ടി ജനം തെരുവിലിറങ്ങിയ സംഭവം അതിനു മുൻപുണ്ടായിട്ടില്ല. ഹിപ്പികളെക്കൊണ്ട് സാൻഫ്രാൻസിസ്കോ നിറഞ്ഞ കാലം. ടേൺ ഓൺ, ട്യൂൺ ഇൻ, ആൻഡ് ഡ്രോപ് ഔട്ട് എന്ന അവരുടെ മുദ്രാവാക്യത്തിന് വൻതോതിൽ പ്രചാരം കിട്ടുന്ന കാലം.
വസ്ത്രവും വസ്ത്രധാരണവും സൈക്കഡെലിക് എന്നു പറയാവുന്ന തരമായിരുന്നു. മുൻപെങ്ങും പരിചയിച്ചിട്ടില്ലാത്ത മാനങ്ങളിലേക്ക് സംഗീതം ഒഴുകിപ്പരക്കുകയായിരുന്നു. അറുപതുകളിലെ ആ തലമുറ, യുദ്ധാനന്തര തലമുറ, വിപ്ലവം കൊണ്ടാടുകയായിരുന്നു. ഞങ്ങളും ആ വിപ്ലവത്തിന്റെ ഭാഗമായി. ബീറ്റിൽസ് ആകട്ടെ, ആ വിപ്ലവത്തിന്റെ പ്രതീകമായി. അതുകൊണ്ടുതന്നെ, ബീറ്റിൽസിന്റെ മുറിയിലെത്തുകയെന്നാൽ സംഗീത ഇതിഹാസങ്ങളുടെ അടുത്തെത്തുക എന്നു മാത്രമല്ല, പക്വതപൂണ്ട ആ കാലത്തെ ഞാൻ അനുഭവിക്കുക കൂടിയായിരുന്നു. ബീറ്റിൽസ് കാരണമാണ് ഞാൻ ഡൽഹി വിട്ടത്. പോക്കറ്റിൽ എഴുന്നൂറു രൂപയുമായി പുതിയ ജീവിതവും സ്വപ്നങ്ങളും തേടി ഞാൻ ബോംബെയ്ക്കുള്ള ട്രെയിൻ പിടിച്ചത് അവർ കാരണമാണ്.
? ബീറ്റിൽസുമായി ബന്ധപ്പെട്ട് താങ്കൾ എഴുതിയതിൽ എന്നെ ആകർഷിച്ച മറ്റൊന്ന് ജോൺ ലെനന്റെ ജീസസ് പരാമർശത്തെക്കുറിച്ചുള്ളതാണ്; പടിഞ്ഞാറൻ പത്രഫീച്ചറിൽ അതു കണ്ടതും വായിച്ചതും ശ്രദ്ധിച്ചതും. അമേരിക്കൻ മാധ്യമങ്ങൾ അതേറ്റെടുത്തു വിവാദമാക്കിയത് പിന്നെയും കുറച്ചുനാൾ കഴിഞ്ഞുമാത്രമാണ്. മാധ്യമപ്രവർത്തകന്റെ സൂക്ഷ്മദൃഷ്ടിയോടെ താങ്കൾ അന്നേ അതു ശ്രദ്ധിച്ചു...
∙ അതെ, ആ പരാമർശം വായിച്ചപ്പോൾത്തന്നെ എന്റെ മനസ്സിലുടക്കിയിരുന്നു. ഒപ്പം, അക്കാര്യം അഭിമുഖത്തിൽ സൂചിപ്പിക്കാതിരുന്നതിൽ പിന്നീട് തിരിഞ്ഞുനോക്കുമ്പോൾ എനിക്ക് കുറ്റബോധവും തോന്നാതിരുന്നില്ല. അതുവരെ ആരും ലെനന്റെ വാക്കുകൾ വിവാദമാക്കുകയോ അതേക്കുറിച്ചു ബഹളമുണ്ടാക്കുകയോ ചെയ്തിരുന്നില്ല. പിന്നെ ഞാനായിട്ട് എന്തിനൊരു പ്രശ്നം തുടങ്ങിവയ്ക്കുന്നെന്ന് കരുതി. പക്ഷേ ബീറ്റിൽസ് അമേരിക്കയിൽ ചെന്നപ്പോൾ ലെനന്റെ ആ പഴയ പരാമർശത്തിൽ വിവാദം കത്തിപ്പടർന്നു. ഒരു അന്തവുമില്ലാതെ വ്യാഖ്യാനങ്ങൾ വന്നു.
ക്ലൂ ക്ലസ് ക്ലാൻ വധഭീഷണി മുഴക്കി, യാഥാസ്ഥിതികരായ ക്രിസ്ത്യൻ വിശ്വാസികൾ ബീറ്റിൽസിന്റെ പരിപാടി ബഹിഷ്കരിക്കാൻ തുടങ്ങി. ജോൺ ലെനന്റെ വാക്കുകൾ ഏറ്റുപിടിച്ച് അതൊരു വലിയ വിവാദമാക്കി മാറ്റാൻ ശ്രമിക്കുകയായിരുന്നു പലരും. ജോൺ ലെനൻ വിശദീകരിക്കാൻ ശ്രമം നടത്തി. ക്രിസ്തുവിന്റെ കാലവും ഇക്കാലവും തട്ടിച്ചുനോക്കുമ്പോൾ പ്രശസ്തി പരക്കാനെടുക്കുന്ന കാലാന്തരത്തെക്കുറിച്ചാണു താൻ പറഞ്ഞതെന്നൊക്കെ പറഞ്ഞെങ്കിലും അതൊന്നും വിലപ്പോയില്ല. വിവാദമാകും മുൻപേ ആ പരാമർശത്തെക്കുറിച്ചു ജോണുമായി സംസാരിക്കാൻ തോന്നാതിരുന്നതിൽ ഇന്നും എനിക്കു വലിയ വിഷമമുണ്ട്. അന്നതു ചർച്ച ചെയ്തിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ചിന്തകളിലൂടെയുള്ള രസകരമായ പര്യവേക്ഷണമാകുമായിരുന്നു.
എന്നെ സംബന്ധിച്ചിടത്തോളം ജോൺ ലെനൻ ബ്രിട്ടിഷ് സംഗീതജ്ഞരിലെ ഏറ്റവും മഹാനായ മനുഷ്യനാണ്. അദ്ദേഹം ഒരപരാധവും ചെയ്യുന്നയാളല്ല. എന്നോട് അന്നദ്ദേഹം സംസാരിച്ച കാര്യങ്ങളെല്ലാംതന്നെ നിധി പോലെ മനസ്സിൽ സൂക്ഷിച്ച് ബഹുമാനിക്കുന്നു. ലഹരിയെപ്പറ്റി, റെബൽ ആകുന്നതിനെപ്പറ്റി, ചോദ്യങ്ങൾ ചോദിക്കുന്നതിനെപ്പറ്റി... ഞാനും ചോദ്യങ്ങൾ ചോദിച്ച് അതിരുകളെ ലംഘിക്കാൻ ഇഷ്ടപ്പെട്ടയാളാണ്.
? പിന്നീട് എപ്പോഴെങ്കിലും ബീറ്റിൽസിനെ കാണാൻ അവസരം കിട്ടിയോ? താങ്കളും രാജ്യാന്തരതലത്തിൽ സെലിബ്രിറ്റിയായിക്കഴിഞ്ഞപ്പോൾ അതിനുള്ള സാഹചര്യം ഒത്തുകിട്ടിയിരുന്നോ?
∙ ഇറ്റാലിയൻ ഭാഷയിലെ ജനപ്രിയ സീരീസിൽ അഭിനയിച്ചതാണ് എന്നെ അവിടെ സെലിബ്രിറ്റിയാക്കിയത്. പുറത്തിറങ്ങിയാൽ ആൾക്കൂട്ടം പൊതിയുന്ന അവസ്ഥ. ആളുകൾ തിരിച്ചറിഞ്ഞു പിന്നാലെ കൂടുന്ന കാലം. പോൾ മകാർട്‌നിയെ ഒരിക്കൽ യാത്രയ്ക്കിടെ വിമാനത്താവള ലോഞ്ചിൽവച്ച് കണ്ടതൊഴിച്ചാൽ ബീറ്റിൽസിനെ പിന്നീടു ഞാൻ നേരിട്ടു കണ്ടിട്ടില്ല. ഞാൻ കാണുമ്പോൾ മകാർട്നി ബാത്ത്റൂമിലേക്ക് നടക്കുന്ന രംഗമാണ്. പരിചയം പുതുക്കി ശല്യപ്പെടുത്തേണ്ട എന്നു കരുതി.
പക്ഷേ റോളിങ് സ്റ്റോണിന്റെ ഗംഭീര സംഗീതപരിപാടി കണ്ടിട്ടുണ്ട്. പാരിസിൽ. അറുപതുകളുടെ സ്വർഗീയ സൗന്ദര്യം മുഴുവൻ തുളുമ്പുന്ന ഒന്ന്. ഞാനത് നന്നായി ആസ്വദിച്ചു. റോളിങ് സ്റ്റോൺ പാശ്ചാത്യസംഗീതത്തിന്റെ അവിഭാജ്യഘടകമായി പുലർന്നതെന്തെന്നു ബോധ്യപ്പെടാൻ ആ ഒരൊറ്റ പരിപാടി മതിയായിരുന്നു. മിക് ജാഗർ ആ പാരിസ് പരിപാടിയിൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഫോമിലായിരുന്നു. ആ സംഗീതപരിപാടി കാണാൻ സാധിച്ചതും എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്നാണ്.
? സച്ചി സംവിധാനം ചെയ്ത്, പൃഥിരാജ് നായകനായ അനാർക്കലിയിൽ അഭിനയിക്കാനെത്തും മുൻപുതന്നെ കേരളവുമായി അടുത്ത ബന്ധം താങ്കൾക്കുണ്ടായിരുന്നെന്നാണ് എന്റെ വിശ്വാസം...
∙ അതെ, കോളജിൽ പഠിക്കുമ്പോൾ എന്നെ ഏറ്റവുമധികം സ്പർശിച്ച സിനിമകളിലൊന്ന് ‘ചെമ്മീനാ’യിരുന്നു. എന്റെ ഹൃദയം കവർന്ന ചിത്രമായിരുന്നു അത്. ആ സിനിമയുടെ സൗന്ദര്യവും സന്ദേശവും എന്നെ പിടിച്ചുലച്ചു. ഇതാണ് സിനിമയുടെ സൗന്ദര്യമെന്ന് ഞാൻ എന്നോടുതന്നെ പറഞ്ഞുപോയി. സിനിമയെന്ന കലയുമായി പ്രണയത്തിലാകാൻ എന്നെ പ്രേരിപ്പിച്ച കാരണങ്ങളിലൊന്നും ‘ചെമ്മീൻ’തന്നെ. കേരളവുമായി എന്നെ ഇണക്കിയ നിമിഷം അതാണ്.
? നവോദയ അപ്പച്ചൻ നിർമിച്ച ബൈബിൾ പരമ്പരയിൽ അഭിനയിച്ചിരുന്നില്ലേ?
∙ ശരിയാണ്. ജിജോ സംവിധാനം ചെയ്ത പരമ്പര. ബൈബിൾ കഥകൾ എന്നായിരുന്നു പേര്. ഏബ്രഹാമിന്റെ വേഷമായിരുന്നു എനിക്ക്. ആദം – ഹവ്വ, ഏബൽ – കെയ്ൻ, പിന്നെ മൂന്നാം എപ്പിസോഡായി ഏബ്രഹാം. അങ്ങനെ ബൈബിളിൽനിന്നുള്ള പല പല കഥകൾ ആയിരുന്നു. ഒരുപാട് വർഷം മുൻപാണ്. അന്ന് ഏതാനും മുസ്‌ലിം സംഘടനകൾ എതിർപ്പുമായി രംഗത്തെത്തി. ഖുറാനിൽ അങ്ങനെയല്ല എന്നായിരുന്നു വിമർശനം. പക്ഷേ അവയെല്ലാം തന്നെ ബൈബിളിൽനിന്നുള്ള കഥകളാണല്ലോയെന്ന് നിർമാതാവ് വിശദീകരിച്ചു.
അന്ന് കോൺഗ്രസ് സർക്കാർ ഭരിക്കുന്ന കാലമാണ്. ദൂരദർശനിൽ ആ പരമ്പരയുടെ സംപ്രേഷണം വേണ്ടെന്ന് സർക്കാർ തീരുമാനമെടുത്തു. അങ്ങനെ അന്ന് അതു വെളിച്ചം കണ്ടില്ല. എല്ലാവരും വളരെ കഷ്ടപ്പെട്ടും അധ്വാനിച്ചും പൂർത്തിയാക്കിയ പ്രോജക്ട് ആയിരുന്നു. മികവിലും ഒട്ടും മോശമായിരുന്നില്ല. നല്ല ഗംഭീര പ്രൊഡക്‌ഷൻ. ജിജോ അസാമാന്യ പ്രതിഭയായിരുന്നു. ആ സൗഹൃദം വളരെ സന്തോഷം തരുന്ന ഓർമയാണ്.
∙ കുട്ടിക്കാലത്തെക്കുറിച്ച് പറയാമോ? ഇന്ത്യ – ബ്രിട്ടിഷ് സന്തതിയാണല്ലോ താങ്കൾ. വിപ്ലവകാരിയും സ്വാതന്ത്ര്യസമരസേനാനിയുമായ അച്ഛൻ, ബുദ്ധസന്യാസിനിയായി മാറിയ ബ്രിട്ടിഷുകാരി അമ്മ. കുട്ടിക്കാലത്തെക്കുറിച്ച് അനുപമമായ ഓർമകൾ ഒട്ടേറെക്കാണുമല്ലോ...
എന്റെ ജീവിതകഥ രസമുള്ളതാണ്. അതിൽ ബോളിവുഡ് ഉണ്ട്, ഹോളിവുഡ് ഉണ്ട്, യൂറോപ്പ് ഉണ്ട്, താരപദവിയും വിജയവും ദുരന്തവും പരാജയവും പ്രണയബന്ധങ്ങളും എന്നു വേണ്ട, എല്ലാമുണ്ട്. എന്നിരിക്കിലും ഞാൻ എല്ലാവരോടും ഒരു കാര്യം പറയാറുണ്ട്. എന്റെ ആത്മകഥയിൽ അച്ഛനമ്മമാരെക്കുറിച്ചുള്ള ആ ഒരൊറ്റ അധ്യായം മാത്രം വായിച്ചാൽ മതി പുസ്തകത്തിനു മുടക്കിയ തുക മുതലാകാൻ. അമ്മയുടെയും അച്ഛന്റെയും കഥ അത്രയ്ക്ക് വേറിട്ടതാണ്.
ആലോചിച്ചു നോക്കൂ, ഓക്‌സ്ഫഡ് സർവകലാശാലയിൽ പഠിക്കാനെത്തിയ ഇന്ത്യയിൽന്നുള്ള യുവാവ് ഇംഗ്ലിഷുകാരിയായ പെൺകുട്ടിയെ കണ്ടുമുട്ടുന്നു. സഹപാഠിയായ അവളിൽ അനുരാഗം മൊട്ടിടുന്നു. വിവാഹാഭ്യർഥന നടത്തുന്നു. എനിക്ക് നിന്നെ ഇഷ്ടമാണ്. പക്ഷേ സുരക്ഷിതമായ ജീവിതം ഉറപ്പുതരാൻ എനിക്കാകില്ല. ജയിലിനു പുറത്തു കാത്തുനിന്ന് നിന്റെ ദിനങ്ങൾ ഒടുങ്ങിയേക്കാം. കാരണം, എനിക്ക് ഇന്ത്യയിലേക്കു തിരികെപ്പോയി ബ്രിട്ടിഷുകാർക്കെതിരെ പോരാടിയേ തീരൂ. നീയാകട്ടെ ഒരു ബ്രിട്ടിഷുകാരിയും. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ എന്നെ വിവാഹം ചെയ്യാൻ സമ്മതമാണോ?
ഉത്തരം ഉടനെത്തി- ‘‘ഇംഗ്ലണ്ട് എന്റെ ജന്മരാജ്യമാണ്. ഞാൻ ആ രാജ്യത്തെ സ്‌നേഹിക്കുന്നു. പക്ഷേ കോളനിവാഴ്ചയോട് എനിക്കു വെറുപ്പു മാത്രമേ ഉള്ളൂ. നിങ്ങളെ എനിക്ക് ഇഷ്ടമാണ്. ഒപ്പം ഇന്ത്യയിലേക്കു വരാൻ ഒരുക്കവുമാണ്. വരുന്നതെല്ലാം നമുക്ക് ഒരുമിച്ചു നേരിടാം’’. അങ്ങനെയവർ ഇന്ത്യയിലെത്തുന്നു. ഓക്‌സ്ഫഡ് ബിരുദധാരികളായ ഇരുവർക്കും മുന്തിയ ഉദ്യോഗങ്ങളെന്തെങ്കിലും തീർച്ചയായും കിട്ടുമായിരുന്നു. അവർക്കു പക്ഷേ അതൊന്നും വേണ്ട. എല്ലാം ത്യജിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി.
അച്ഛൻ കമ്യൂണിസ്റ്റായിരുന്നു. വിപ്ലവകാരി. തൊഴിലാളി സംഘടനാ പ്രവർത്തനവും ബ്രിട്ടിഷുകാർക്കെതിരെ സമരത്തിനു നേതൃത്വം നൽകുന്നതും ഒക്കെയായി തീപ്പൊരി നേതാവായിരുന്നു. അമ്മയാകട്ടെ, ശാന്തശീല. അടിമുടി ഗാന്ധിയൻ. സത്യഗ്രഹം നയിക്കാനായി ഗാന്ധിജി അമ്മയെ നിയോഗിച്ചിരുന്നു. അതിന്റെ പേരിൽ അമ്മയെ അറസ്റ്റു ചെയ്തു. അതുതന്നെ ഒരു വലിയ കഥയാണ്. ബ്രിട്ടിഷുകാരിയെ ബ്രിട്ടിഷുകാർതന്നെ ജയിലിൽ അടച്ചു. കാരണം, അമ്മ എല്ലാ ഇന്ത്യക്കാരെക്കാളും ഇന്ത്യനായി മാറിക്കഴിഞ്ഞിരുന്നു. അതിനു ശേഷം ഒട്ടേറെ സംഭവങ്ങളുണ്ടായി.
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം അച്ഛന്റെ പ്രയാണം പുതിയൊരു ദിശയിലായി. ഗുരു നാനാക്കിന്റെ പിന്മുറക്കാരനായിരുന്നു അദ്ദേഹം. ഗുരു നാനാക്കിന്റെ ദർശനവും കടന്ന് സ്വന്തമായി ഒരു പ്രപഞ്ച ചിന്താപദ്ധതിക്കുതന്നെ രൂപം നൽകി. പ്രകൃതിയുടെ ഡൈനമിക്‌സ്, നിറം, ശബ്ദം, വെളിച്ചം എന്നിവയെല്ലാം അദ്ദേഹത്തിന്റെ ദർശനപദ്ധതിയിലുൾപ്പെട്ടു. മനുഷ്യനെയും ആത്മീയഭാവങ്ങളെയും സ്പർശിക്കുന്ന പ്രപഞ്ചചലനങ്ങളെപ്പറ്റിയും അസ്തിത്വത്തെപ്പറ്റിത്തന്നെയുമായി അദ്ദേഹത്തിന്റെ ചിന്തകൾ. എന്റെ അമ്മയാകട്ടെ, ബുദ്ധമതത്തിൽ ആകൃഷ്ടയായി. പിൽക്കാലത്ത്, ബുദ്ധമതത്തിൽ ലോകത്തെതന്നെ ഏറ്റവും വലിയ പദവിയിലെത്തിയ സന്യാസിനിയായി.
അമ്മയും അച്ഛനും തമ്മിലുള്ള ബന്ധം വേറിട്ടതും അപൂർവതകൾ നിറഞ്ഞതുമായിരുന്നു. അച്ഛൻ പിന്നീട് ഇറ്റലിയിലേക്കു പോയി. അവിടെ ഒരു വലിയ ആരാധകവൃന്ദം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. ഇറ്റലിയിൽവച്ച് അദ്ദേഹം വീണ്ടും വിവാഹിതനായി. ഇത്രയൊക്കെയായിട്ടും അമ്മയും അച്ഛനും തമ്മിലുള്ള അടുപ്പം വിശ്വാസങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും (അച്ഛൻ ഇറ്റലിയിൽ, അമ്മ ഇന്ത്യയിൽ) അകലം മറികടന്നും ദൃഢമായി തുടർന്നു. എന്റെ ജീവിതകഥയ്ക്ക് മറ്റാരാൾ എഴുത്തുരൂപം നൽകാൻ ശ്രമിച്ചിരുന്നു. പത്തുമുപ്പതു പേജൊക്കെ എഴുതി, അങ്ങനെ എഴുതിയാൽ പോരെന്നു മനസ്സിലായി നിർത്തേണ്ടി വന്നു.
എന്റെ കഥ ഞാൻതന്നെ എന്റെ രീതിയിൽ എഴുതണം. എന്നാലേ ആത്മാവുണ്ടാകൂ, ആളുകളുടെ ഹൃദയം തൊടാൻ പറ്റൂ. ആ വിശ്വാസം ശരിയാണെന്നു തെളിഞ്ഞു. ജനപ്രിയ ജീവചരിത്രത്തിനുള്ള ആമസോൺ പുരസ്കാരം, വെനീസ് ചലച്ചിത്ര മേളയിലെ ബുക്ക് ഓഫ് ദി ഇയർ പ്രൈസ് ഇവയൊക്കെ നേടി. പുസ്തകം വലിയ വിജയമായിരുന്നു. ഹിന്ദി, മറാഠി പതിപ്പുകൾ പുറത്തിറങ്ങിക്കഴിഞ്ഞു. മലയാളം പതിപ്പും പുറത്തിറങ്ങിക്കാണാൻ ആഗ്രഹമുണ്ട്.
? ആദ്യ ഭാര്യ പ്രൊതിമ ബേദി ആത്മകഥയെഴുതാൻ തീരുമാനിച്ചപ്പോൾ താങ്കൾ ആദ്യം എതിർക്കുകയാണുണ്ടായത്. പിന്നീട് താങ്കൾ ആത്മകഥയെഴുതി. പണ്ടു പ്രൊതിമയെ നിരുത്സാഹപ്പെടുത്തിയതിൽ അപ്പോൾ വിഷമം തോന്നിയോ?
പ്രൊതിമ എഴുതാൻ തീരുമാനിച്ചപ്പോൾ ഞാൻ വിയോജിച്ചു. അവർ പുസ്തകം എഴുതിയാൽ അത് ഒട്ടേറെപ്പേരെ വേദനിപ്പിക്കുമെന്ന് എനിക്കറിയാമായിരുന്നു. അത് അവസാനം പ്രൊതിമയ്ക്കുതന്നെ അപകടം വരുത്തും. കാര്യങ്ങളെ പൊടിപ്പും തൊങ്ങലും വച്ച് വർണാഭമാക്കി പറയാനുള്ള പ്രത്യേക കഴിവുണ്ടായിരുന്നു പ്രൊതിമയ്ക്ക്. അത് അവർക്കു തന്നെ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് എനിക്കു തോന്നിയത്. അവസാനം, പുസ്തകമെഴുതേണ്ട എന്നു തന്നെ പ്രൊതിമ തീരുമാനിച്ചു. പക്ഷേ അപ്പോഴൊക്കെയും എഴുതാനുള്ള അവരുടെ അവകാശത്തെ ഞാൻ പരസ്യമായി പിന്തുണയ്ക്കുന്നുണ്ടായിരുന്നു.
മറ്റു കാരണങ്ങളാലാണ് അവർ പുസ്തകം വേണ്ടെന്നു വച്ചത്. ഞാൻ ഓർമകളെഴുതാനിരുന്നപ്പോൾ എല്ലാം അതേപടി, വൈകാരികമായ സത്യസന്ധതയോടെ പകർത്താനാണു ശ്രമിച്ചത്. ആളുകൾക്ക് പൊതുവെ അറിയാവുന്ന എന്റെ ബന്ധങ്ങളെപ്പറ്റിയാണ് ഞാനതിൽ വിവരിച്ചത്. അതും വളരെ ആഴത്തിൽത്തന്നെ. പൊതുമണ്ഡലത്തിലുള്ള വസ്തുതകളെപ്പറ്റി കൂടുതൽ അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. എന്താണ്, എങ്ങനെയാണ് അതൊക്കെ സംഭവിച്ചതെന്ന് അവർക്ക് അറിയാനുള്ള അവകാശമുണ്ട്. അത്ര അറിയപ്പെടാത്ത മറ്റു ബന്ധങ്ങളെക്കുറിച്ചും ഞാൻ എഴുതിയിട്ടുണ്ട്.
പക്ഷേ അതിന്റെ വിശദാംശങ്ങൾ, അവർ ആരൊക്കെ, എന്തൊക്കെ എന്നൊന്നും പരസ്യമാക്കേണ്ട കാര്യമില്ല. അങ്ങനെ ചെയ്താൽ പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. പക്ഷേ പ്രൊതിമ, പർവീൺ ബാബി എന്നിങ്ങനെ എന്റെ പേരുമായി ചേർത്ത് ആളുകൾക്ക് അറിയാവുന്ന പ്രശസ്തരായ വ്യക്തികളുമായുള്ള ബന്ധത്തെക്കുറിച്ച് എല്ലാം തുറന്നെഴുതിയിട്ടുണ്ട്. പരിപൂർണമായും സത്യസന്ധത പാലിച്ചാണ് അതൊക്കെ വിവരിച്ചിരിക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് വളരെ വ്യക്തമാകുന്ന വിധം എഴുതിയിട്ടുണ്ട്. ചിലയിടത്തൊക്കെ സീൻ ബൈ സീൻ എന്നു പറയാവുന്ന തരത്തിലാണ് വിവരണം.
? കബീർദാസിന്റെ പേരാണ് അച്ഛനമ്മമാർ താങ്കൾക്കു നൽകിയത്. ഹിന്ദു–മുസ്‌ലിം മതസൗഹാർദത്തിന്റെ പ്രതീകം...
∙ അതെ. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപാണു ഞാൻ ജനിച്ചത്. ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള ബന്ധം സംഘർഷഭരിതമായ അന്തരീക്ഷത്തിലേക്കു മാറിയ കാലമായിരുന്നു അത്. എന്റെ അച്ഛനമ്മമാർ മതനിരപേക്ഷതയിലും സഹിഷ്ണുതയിലും സാമുദായിക സഹവർത്തിത്വത്തിലും വിശ്വസിച്ചിരുന്നവരാണ്. അവർ എനിക്കിടാൻ നല്ലൊരു പേരു തിരയുകയായിരുന്നു. ചിന്തകൾക്കിടെയാണ് അമ്മയുടെ കണ്ണുകൾ പുസ്തക അലമാരയിൽ ചെന്നുടക്കിയത്. കബീറിന്റെ കവിതകൾ, സാഹിത്യ നൊബേൽ നേടിയ രവീന്ദ്രനാഥ് ടഗോർ പരിഭാഷപ്പെടുത്തിയത്. മനം നിറഞ്ഞ് അമ്മ മന്ത്രിച്ചു: കബീർ. അച്ഛനും പറഞ്ഞു, അതേ, കബീർ എന്നാകട്ടെ. മതി.
ഹിന്ദു – മുസ്‌ലിം മൂല്യങ്ങളിലെ ഏറ്റവും മികച്ചതെല്ലാംതന്നെ പ്രതിനിധാനം ചെയ്തത് കബീർ ദാസായിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള കഥകൾ ഏറെ കൗതുകം നിറഞ്ഞതാണ്. അദ്ദേഹം അന്തരിച്ചപ്പോൾ ഹിന്ദുക്കളും മുസ്‌ലിംകളും ഒരുപോലെ ആ ഭൗതികശരീരം തങ്ങളുടേതെന്ന അവകാശവാദമുന്നയിച്ചു. അവർ വഴക്കിട്ട് അടിപിടിയുടെ വക്കിലെത്തി. ഏതായാലും ശവക്കച്ച നീക്കണമല്ലോ. ആവരണം നീക്കി നോക്കുമ്പോൾ കബീറിന്റെ ഭൗതികശരീരം അവിടെയില്ലായിരുന്നെന്നാണ് ഐതിഹ്യം. പകരം, നിറയെ പൂക്കളായിരുന്നു. അതിൽ പാതി മുസ്‌ലിംകളെടുത്ത് സംസ്കരിച്ചു. പാതി പൂക്കൾ ഹിന്ദുക്കളെടുത്ത് ദഹിപ്പിച്ചു. ഈ പാരമ്പര്യം കൊണ്ടുതന്നെ, എന്റെ പേര് കബീർ എന്നായതിൽ എനിക്ക് വലിയ അഭിമാനമുണ്ട്.
? മക്കൾക്ക് അർഥപൂർണമായ പേരിടുന്നതിൽ അമ്മയും അച്ഛനും പുലർത്തിയ ശ്രദ്ധ വിശേഷപ്പെട്ടതാണെന്നു തോന്നിയിട്ടുണ്ട്. താങ്കളുടെ സഹോദരങ്ങളുടെ പേരുകളിലും അപൂർവസൗന്ദര്യം നിറഞ്ഞുനിൽക്കുന്നു...
ശരിയാണ്. എന്റെ മൂത്ത സഹോദരന്റെ പേര് രംഗ. ദ് ഹിന്ദു പത്രത്തിന്റെ എഡിറ്ററായിരുന്ന രംഗസ്വാമി അയ്യങ്കാറോടുള്ള സ്നേഹാദരങ്ങളായാണ് അമ്മയും അച്ഛനും മകന് ആ പേരു നൽകിയത്. അവരുടെ വിവാഹത്തെ പിന്തുണച്ച് ഒപ്പം നിന്നതിന്റെ നന്ദി കൂടിയായിരുന്നു അത്. കാരണം അന്നൊക്കെ ഓക്സ്ഫഡിൽ കടുത്ത വംശീയത നിലനിന്നിരുന്നു. ഇന്ത്യക്കാരനായ അച്ഛൻ ഒരു ബ്രിട്ടിഷ് യുവതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത് അന്നു വളരെ ചർച്ചയായ കാര്യമാണ്. വംശീയ അധിക്ഷേപം ഉൾപ്പെടെയുണ്ടായി. പക്ഷേ അച്ഛൻ അപാരമായ കരുത്തുള്ള വ്യക്തിയായിരുന്നു. ഗുസ്തിയിലെ ഇതിഹാസം ഗാമയിൽനിന്നായിരുന്നു പരിശീലനം നേടിയിരുന്നത്.
അച്ഛനോട് എതിരിടാൻ വരുന്നവരുടെ കാര്യം പോക്കാണെന്നുറപ്പ്. അതു കൊണ്ട് ആരും ദേഹത്തു കൈവയ്ക്കാൻ ധൈര്യപ്പെട്ടിരുന്നില്ല. എന്നാലും വിമർശനശരങ്ങൾക്ക് കുറവില്ലായിരുന്നു. അപ്പോഴെല്ലാം രംഗസ്വാമി അയ്യങ്കാർ കമിതാക്കൾക്കൊപ്പം നിന്നു. അങ്ങനെയാണ് എന്റെ മൂത്ത സഹോദരന് രംഗ എന്നു പേരു വന്നത്. സ്വാതന്ത്ര്യസമരകാലത്ത് ഞങ്ങളിൽനിന്നു വിട്ടുപിരിഞ്ഞ രണ്ടാമത്തെ സഹോദരന്റെ പേര് തിലക് എന്നായിരുന്നു. സ്വാതന്ത്ര്യസമര നായകരിലൊരാളായ ബാലഗംഗാധര തിലകിനുള്ള ആദരം. കശ്മീരിൽവച്ചു ജനിച്ച സഹോദരിയുടെ പേര് ഗുൽഹിമ എന്നാണ്. മഞ്ഞിൽവിരിഞ്ഞ റോസാപ്പൂവ് എന്നർഥം. കശ്മീരിൽ ജനിച്ച പെൺകുഞ്ഞാണല്ലോ. അങ്ങനെ, അമ്മയും അച്ഛനും ഞങ്ങൾക്കിട്ട പേരുകൾക്ക് സവിശേഷ പ്രതീകാത്മകതയും പ്രസക്തിയുമുണ്ടായിരുന്നു.
? ശാന്തിനികേതനിൽവച്ച് താങ്കൾക്ക് എന്താണു സംഭവിച്ചത്? പുസ്തകത്തിൽ എഴുതിയതു വായിച്ച് അമ്പരന്നു പോയി...
∙ രവീന്ദ്രനാഥ ടഗോർ സ്ഥാപിച്ച ശാന്തിനികേതനിൽ ചേർത്ത് എന്നെ പഠിപ്പിക്കണമെന്ന് അമ്മയ്ക്കും അച്ഛനും വലിയ ആഗ്രഹമായിരുന്നു. രാജ്യത്തുള്ള മറ്റു സ്കൂളുകളേറെയും പടിഞ്ഞാറൻ സ്വാധീനമുള്ളവയായിരുന്നു. ഡൽഹി പബ്ലിക് സ്കൂളും ഷെർവുഡ് കോളജും സെന്റ് സ്റ്റീഫൻസ് കോളജുമെല്ലാം പടിഞ്ഞാറൻ സമ്പ്രദായത്തിലുള്ളതായിരുന്നു. എന്റെ ഇന്ത്യൻ വേരുകൾക്ക് നീരു പകരാൻ അമ്മയും അച്ഛനും ശ്രദ്ധിച്ചു. ഇന്ത്യയിൽ താമസിക്കുക എന്ന അനുഭവം നേടാനും ഇന്ത്യൻ വിദ്യാഭ്യാസത്തിലൂടെ വളരാനും പ്രാപ്തനാക്കണമെന്ന് അവർ ആഗ്രഹിച്ചു. അങ്ങനെ, വിശ്വഭാരതിയുടെ സ്കൂൾ വിഭാഗത്തിൽ എന്നെ ചേർത്തു.
ഞാൻ എക്കാലവും ഒരു ഔട്ട്സൈഡർ ആയിരുന്നു. ഞാൻ എത്തിപ്പെട്ട ഏത് മേഖലയുമാകട്ടെ, അവിടെയെല്ലാം ഞാൻ അന്യനായി നിലകൊണ്ടു. നാടകനടനായി എത്തിയ എനിക്ക് ബോളിവുഡുമായി പൊരുത്തപ്പെടേണ്ടി വന്നു. പിന്നെ യൂറോപ്പിലും അതുപോലെ. കണ്ണടച്ചു തുറക്കുംമുൻപേ ഞാൻ ഇറ്റലിയിലെ താരപ്രശസ്തിയിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നല്ലോ. ഇറ്റലിയിലെന്നല്ല, ഫ്രാൻസിലെയോ ജർമനിയിലെയോ സ്പെയിനിലെയോ പോലും താരനിരയെക്കുറിച്ച്, അഭിനയരംഗത്ത് അന്നു ജ്വലിച്ചുനിന്ന പ്രമുഖർ ആരൊക്കെയെന്ന് ഒരൂഹവും എനിക്കില്ലായിരുന്നു. യൂറോപ്പിലാകെ പേരെടുത്തിട്ടും ഞാനവിടെ അന്യനായിരുന്നു.
സമൂഹത്തിൽ അങ്ങനെയായിപ്പോകുന്ന ഒരാൾക്ക് അതിജീവനത്തിനു വേണ്ടി വരുന്ന പരിശ്രമത്തിന്റെ തോത് ഇരട്ടിയിലേറെയാണ്. ആളുകളുമായി ഇടപെടുന്നത്, സംവദിക്കുന്നത് എല്ലാം ശ്രമം വേണ്ട പ്രവൃത്തികളായി മാറും. എല്ലാം ചില സമവാക്യങ്ങളാണല്ലോ. സിനിമയെടുക്കുന്നവർക്ക് നമ്മളോട് ഇഷ്ടം തോന്നിയാലേ അവസരങ്ങളും ഉണ്ടാകൂ. എന്റെ സിനിമയിൽ നിങ്ങൾ കൂടിയേ തീരൂ എന്നു പറയുന്ന ഒരാളുണ്ടെങ്കിലേ അഭിനേതാവിനു നിലനിൽപുള്ളൂ. വേറെ എന്തു ജോലിയുമാകട്ടെ, ഇഷ്ടമുള്ളതു ചെയ്യാം. നമുക്കു തന്നെ കാര്യങ്ങൾ ചെയ്യാം. ഒരുൽപന്നം മികച്ച ഗുണനിലവാരത്തോടെ വിപണിയിൽ എത്തിച്ച് വേണ്ടത്ര പ്രചാരം നൽകിയാൽ വിജയിച്ചു. നമ്മൾ ശ്രദ്ധിച്ചാൽ മതി. അഭിനേതാവാകുമ്പോൾ, അവസരം നൽകാൻ ഒരാൾ വേണം. അത്തരമൊരു സാഹചര്യത്തോട് ഇണങ്ങിയെടുക്കണം.
ഹോളിവുഡിൽ എത്തിയപ്പോൾ അവിടെ മറ്റൊരു സമ്പ്രദായം. വലിയ മതിലുകൾ. ഇന്ത്യക്കാർക്ക് വേഷമില്ല. അപ്പോഴെന്താണ്, ഞാൻ മറ്റു വിദേശികളുടെ വേഷങ്ങൾ ചെയ്തു. ഇറ്റലിക്കാരനായും സ്പെയിൻകാരനായും റഷ്യക്കാരനായും ജർമൻകാരനായുമൊക്കെ അഭിനയിച്ചു. എനിക്കത് സാധിച്ചു. ഇന്ത്യക്കാർക്കുവേണ്ടി അവർ കഥയെഴുതാത്ത കാലം. ഏഷ്യൻ വേഷങ്ങൾക്കായി ഞാൻ പൊരുതി, ഏറെ വാദിച്ചു. എന്റെ ശ്രമം കൊണ്ടാണോ, മറ്റു കാരണങ്ങൾ കൊണ്ടാണോ എന്നറിയില്ല, അവർ ഏഷ്യൻ കഥാപാത്രങ്ങളെ സൃഷ്ടിച്ചു തുടങ്ങി. ഇന്നു നോക്കുമ്പോൾ വളരെ സന്തോഷമുണ്ട്. കാരണം, രാജ്യാന്തരതലത്തിൽ വളരെയേറെ ഇന്ത്യൻ അഭിനേതാക്കൾ ഇന്നുണ്ട്. പ്രിയങ്ക ചോപ്രയെ പോലെ. അവരുടെ ആദ്യത്തെ ഹിന്ദി സിനിമയിൽ ഞാനുണ്ടായിരുന്നു. എന്റെ പുസ്തകം പ്രകാശിപ്പിച്ചതും അവരാണ്. അന്നുതൊട്ട് ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്.
? രാഷ്ട്രീയ ലോകത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നയാളാണു താങ്കൾ. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള ബിബിസി ഡോക്യുമെന്ററിയെക്കുറിച്ച് ഉൾപ്പെടെ വ്യക്തമായ നിലപാടും കാഴ്ചപ്പാടുമുണ്ട്. രാഷ്ട്രീയമായി വേറിട്ട നിലപാടുള്ള താങ്കളുടെ സുഹൃത്തുക്കളെ അത് അലോസരപ്പെടുത്തിയോ?
∙ വിപുലമായ രാഷ്ട്രീയ സംവാദങ്ങളിലൊന്നും ഞാൻ ഏർപ്പെടാറില്ല. എല്ലാ വിഷയങ്ങളിലും ഞാൻ സർക്കാരിനെ പിന്തുണയ്ക്കാറുമില്ല. പക്ഷേ ഈ കാര്യത്തിൽ എനിക്ക് വലിയ രോഷമാണു തോന്നിയത്. ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ, ഇത്ര അപഖ്യാതിയുണ്ടാക്കുന്നതും ദുർബലമായ തെളിവുകളിൽ കെട്ടിപ്പൊക്കിയതുമായ ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുകയെന്നത് അൺപ്രഫഷനൽ ആയിത്തോന്നി. പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്താനാണ് അവർ ശ്രമിച്ചത്. അതിനെതിരെയാണ് ഞാൻ പ്രതിഷേധം രേഖപ്പെടുത്തിയത്. സുപ്രീം കോടതി അവസാനിപ്പിച്ച കേസിലാണ് ഇത്തരമൊരു നീക്കം. അതാണ് ഞാൻ പ്രതികരിച്ചത്.
? മുംബൈ ജീവിതത്തിലേക്കു വന്നാൽ, പരസ്യമേഖലയിൽ ആയിരുന്നല്ലോ ആദ്യം. ഒട്ടേറെ നല്ല പരസ്യങ്ങൾ ഒരുക്കി. പലതിലും മുഖം കാണിച്ചു പ്രശസ്തനായി. ലിബർട്ടി ഷർട്ടിന്റെ പഴയ പരസ്യം കണ്ടതോർക്കുന്നു. അതിമനോഹരമായ പരസ്യവാചകങ്ങൾ, നാടകീയമായ അവതരണം. അത്തരം പരസ്യങ്ങൾക്കുള്ള പ്രചോദനവും പശ്ചാത്തലവും എന്തായിരുന്നു?
പല പരസ്യങ്ങളുടെയും വിശദാംശങ്ങൾ ഞാനോർക്കുന്നില്ല. ലിബർട്ടി ഷർട്ടിന്റെയും വിൽസ് ഫിൽറ്റർ കിങ് ബ്രാൻഡ് ലോഞ്ചിങ്ങിന്റെയും പരസ്യവും മറ്റും ഓർമയിലുണ്ട്. ഇവയുടെയെല്ലാം പിന്നിൽ പ്രതിഭാധനരായ പരസ്യ എജൻസികൾ ഉണ്ടായിരുന്നു. ഇന്ത്യയിലെ അക്കാലത്തെ മുൻനിര പുരുഷമോഡലായി എന്നെ മാറ്റിയത് ആ പരസ്യങ്ങളാണ്. മോഡലാകുക എന്നത് എന്റെ ലക്ഷ്യങ്ങളിലേ ഇല്ലായിരുന്നു. പരസ്യചിത്രങ്ങളെടുക്കുന്ന ജോലിയിലായിരുന്നു ഞാനന്നു മുഴുകിയിരുന്നത്.
ലിന്റാസ് ഉൾപ്പെടെ ഏജൻസികളിൽ ജോലി ചെയ്യുന്ന കാലത്ത്, ഉൾക്കാമ്പുള്ള പരസ്യചിത്ര സംവിധായകനായി മാറാനാണ് ഞാൻ ആഗ്രഹിച്ചത്. മോഡലിങ്ങിലേക്കിറങ്ങിയാൽ പിന്നെ മോഡൽ മാത്രമാകും. കാലക്രമേണ മോഡലിങ്ങിനു കിട്ടുന്ന പണം പരസ്യ ഏജൻസിയിലെ ശമ്പളത്തേക്കാൾ ഭീമമായി മാറി. അങ്ങനെ മോഡലിങ്ങിലും തിരക്കായി. അന്നത്തെ കാലത്തെ വൻകിട ക്യാംപെയ്നുകളുടെ ഭാഗമാകാനുള്ള ഭാഗ്യവും എനിക്കു ലഭിച്ചു. അന്ന് ശോഭ രാജദക്ഷ ആയിരുന്ന ശോഭ ഡേ മുൻനിര മോഡലുകളിൽ ഒരാളായിരുന്നു. പ്രൊതിമയും മറ്റൊരു മുൻനിര മോഡൽ.
? ലിബർട്ടി ഷർട്ട് പരസ്യത്തിൽ എതിർവശത്തായി ഇരിക്കുന്ന സ്ത്രീരൂപം പ്രൊതിമയാണോ? മുഖം വ്യക്തമല്ല...
∙ അതെ, പ്രൊതിമയാണ്. എന്നെ സ്വന്തമാക്കും എന്ന് പ്രൊതിമയാണ് ശോഭ ഡേയോട് ബെറ്റു വച്ചത്. അതു വാസ്തവമാകുകയും ചെയ്തു. നിശ്ചയദാർഢ്യത്തിന്റെ കാര്യത്തിൽ പ്രൊതിമ എന്നും മുന്നിലായിരുന്നു. ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി. പ്രൊതിമയിൽ ഞാൻ ആകൃഷ്ടനായില്ല എന്നല്ല പറഞ്ഞുവരുന്നത്. പരസ്യചിത്ര സംവിധായകനായ ഞാൻ മോഡലുകളെ ഡേറ്റ് ചെയ്യാൻ തുടങ്ങുകയും അവർക്ക് അവസരങ്ങൾ നൽകുന്നതു പതിവാക്കുകയും ചെയ്താൽ അവരെ ചൂഷണം ചെയ്യുകയാണെന്ന ആരോപണം വരും. അതുകൊണ്ട് മോഡലുകളെ ഡേറ്റ് ചെയ്യുന്നതിൽനിന്ന് ഞാൻ ബോധപൂർവം ഒഴിഞ്ഞുമാറാൻ തീരുമാനിച്ചു. അങ്ങനെ വിട്ടാൽ പറ്റില്ലെന്ന് പ്രൊതിമയും തീരുമാനിച്ചു. അവർ തന്നെ വിജയിച്ചു. കല്യാണവും കഴിച്ചു. രണ്ടു കുട്ടികളുമായി.
പിന്നെയാണ്, പുസ്തകത്തിൽ വിവരിക്കുന്നതുപോലെ നാടകീയമായ ഒട്ടേറെ സംഭവങ്ങൾ നടക്കുന്നത്. അതോടെ ഞങ്ങളുടെ വിവാഹജീവിതത്തിന് തിരശ്ശീല വീണു. എന്തായാലും പ്രൊതിമ എന്റെ ആദ്യത്തെ ഭാര്യയാണ്. ഏറെ സ്നേഹത്തോടെയാണ് ഞാനിപ്പോഴും അവരെ ഓർക്കുന്നത്. ഞാൻ പല വിവാഹങ്ങളിലൂടെ കടന്നു പോയി. ഇപ്പോഴത്തേതിനു മുൻപ് മൂന്നു വിവാഹങ്ങൾ. ഇപ്പോഴത്തെ എന്റെ ഭാര്യയായ പർവീൺ ദുസാഞ്ചിനൊപ്പം ജീവിതം സന്തോഷത്തോടെ മുന്നോട്ടു പോകുന്നു. മികച്ചതിലെത്താൻ കാലമേറെയെടുത്തെങ്കിലും അതു സംഭവിച്ചു എന്ന സംതൃപ്തിയുണ്ട്.
? ഇറ്റാലിയൻ കഥയിലേക്കു വന്നാലോ? ഇറ്റലിയിലുള്ള എന്റെ മലയാളി സുഹൃത്ത് അവരുടെ ഇറ്റാലിയൻ സഹപാഠികളോട് താങ്കളെക്കുറിച്ച് ചോദിച്ചിരുന്നു. കൂട്ടുകാരിയുടെ ബോയ്ഫ്രണ്ടിന്റെയും കുടുംബത്തിന്റെയും ആരാധനാപാത്രമാണു കബീർ ബേദിയെന്നാണ് വിവരം കിട്ടിയത്. വർഷങ്ങൾക്കിപ്പുറവും ഇറ്റലിയിൽ ഇത്ര വലിയ സെലിബ്രിറ്റിയായി തുടരുന്നതിന്റെ രഹസ്യം എന്താണ്
∙ ‘സാൻഡോക്കൻ’ എന്ന സീരീസാണ് എന്നെ അവിടെ പ്രശസ്തനാക്കിയത്. ടെലിവിഷൻ റെക്കോർഡുകളെല്ലാം തകർത്ത സീരീസായിരുന്നു അത്. എന്റെ ഇറ്റലി പ്രശസ്തിയുടെ ഏക കാരണം പക്ഷേ അതു മാത്രമായിരിക്കില്ല. എന്നെ അവർ ഇന്ന് അറിയുന്നുണ്ടെങ്കിൽ അതിനു കാരണം സാൻഡോക്കനു ശേഷവും ഞാൻ മുഖ്യധാരാ സീരീസുകളിൽ അഭിനയിച്ചു എന്നതാണ്. സാൻഡോക്കൻ ഇടക്കിടെയെല്ലാം അവിടെ ടിവിയിൽ കാണിക്കുന്നുമുണ്ട്. ക്ലാസിക് പദവിയാണ് അവർ അതിനു നൽകുന്നത്. മറ്റേതു രാജ്യത്തെക്കാൾ ആദരവും ബഹുമാനവും എനിക്കു തന്നത് ഇറ്റലിയാണ്.
എന്റെ കരിയറിന്റെ ഗ്രാഫ് നോക്കിയാൽ 20% ഇന്ത്യൻ ചിതങ്ങളാണ്. ബോണ്ട് ചിത്രവും ബോൾഡ് ആൻഡ് ബ്യൂട്ടിഫുളും ഉൾപ്പെടെ 30% അമേരിക്കൻ സിനിമകളും ടെലിവിഷൻ സീരീസുകളും. കരിയറിന്റെ ബാക്കി 50% ഇറ്റലിയിലാണ്. നൈറ്റ്ഹുഡ് പദവിക്കു തുല്യമായ ബഹുമതി നൽകി ഇറ്റലി എന്നെ ആദരിച്ചു. അവിടുത്തെ പരമോന്നത സിവിലിയൻ ബഹുമതിയാണത്. കലാരംഗത്തെ സംഭാവനകളും ഇന്ത്യ–ഇറ്റലി സൗഹൃദം പ്രോത്സാഹിപ്പിച്ചതും മാനിച്ചായിരുന്നു അത്. ഇറ്റലിയുമായി എന്റെ ബന്ധം വളരെ ആഴത്തിലുള്ളതാണ്. ഇറ്റലിയിലെ അമ്മൂമ്മമാർതൊട്ട് കൊച്ചുമക്കൾ വരെ എന്നെ തിരിച്ചറിയുന്നതിനു കാരണം ഇതൊക്കെയാകാം.
? ഇറ്റലിയെന്നാൽ മാഫിയകൾക്കും അധോലോകത്തിനും കുപ്രസിദ്ധി നേടിയതാണല്ലോ. അത്തരമൊരു പ്രമേയത്തിലുള്ള സീരീസുകളുടെയോ ചിത്രങ്ങളുടെയോ ഭാഗമായിട്ടുണ്ടോ
∙ കരീബിയനിൽ ചിത്രീകരിച്ച ‘ബ്ലാക്ക് പൈററ്റ്’ എന്ന ചിത്രത്തിന്റെ പലേർമോയിലെ കന്നി പ്രദർശനം ഓർമ വരുന്നു. സിസിലിയുടെ തലസ്ഥാനമായിരുന്നു പലേർമോ. അന്നത്തെ അത്താഴവിരുന്നിൽ അവിടെ വന്നവരിൽ ഒട്ടേറെ പ്രമുഖ മാഫിയക്കാർ ഉണ്ടായിരുന്നു. എനിക്ക് അതറിയില്ലായിരുന്നു. ആരും അന്ന് എന്നോട് പറഞ്ഞില്ല. പലരും വന്ന് എനിക്കു ഹസ്തദാനം തന്നു, കുശലാന്വേഷണം നടത്തി. അവരെല്ലാം വൻതോക്കുകളാണ്. പക്ഷേ എനിക്ക് ആരെയും അറിയില്ല. അതൊക്കെ കഴിഞ്ഞാണ്, ഇറ്റലിയിലെ മാഫിയ ഡോണുകളിൽ ആരെയെങ്കിലും ഒന്നു കാണാൻ കിട്ടുമോ എന്നു ഞാൻ തിരക്കിയത്. മാഫിയകളെക്കുറിച്ചൊക്കെ ഒരുപാടു വായിച്ചതിൽനിന്നുള്ള കൗതുകം. എന്റെ ചോദ്യം കേട്ടവർ അമ്പരന്നു. ഓർക്കുന്നില്ലേ? താങ്കളുടെ ചിത്രത്തിന്റെ പ്രീമിയറിന് എത്ര മാഫിയ ചക്രവർത്തിമാരാണ് വന്നത്! ഞാൻ ഞെട്ടിപ്പോയി. അതൊരു രസകരമായ അനുഭവമായിരുന്നു.
മറ്റൊന്നു കൂടിയുണ്ട്. ഇറ്റലിയിലെ ഏറ്റവും പേരുകേട്ട മാഫിയാ തലവന്മാരിൽ ഒരാളുടെ പേര് ഞാൻ അഭിനയിച്ച കഥാപാത്രമായ സാൻഡോക്കൻ എന്നായിരുന്നു. കാഴ്ചയിൽ എന്നെപ്പോലെയായതിനാൽ അദ്ദേഹത്തിന് ആ പേരു വീണതാണ്! പൊലീസ് പിടിക്കുകയും തടവിലാകുകയുമൊക്കെ ചെയ്ത കരുത്തനാണ്. രൂപസാദൃശ്യംകൊണ്ട് അങ്ങനെയൊരു ഓമനപ്പേരു കിട്ടി. ഞാൻ ചെയ്ത ഒരു കഥാപാത്രത്തിന്റെ പേരിൽ ഇറ്റലിയിലെ ഒരു വൻകിട മാഫിയാ തലവൻ അറിയപ്പെട്ടെന്നത് വലിയൊരു അംഗീകാരമായും കാണുന്നു.
? ഇറ്റാലിയൻ താരറാണി ജിന ലോലോബ്രിജഡയെ കണ്ട അനുഭവം പുസ്തകത്തിൽ വിവരിക്കുന്നത് ഏറെ കൗതുകം ഉളവാക്കി. താരറാണി പാർട്ടിക്കു വിളിച്ചത്...
∙ ‘സാൻഡോക്ക’ന്റെ ഗംഭീരവിജയത്തിനു പിന്നാലെയായിരുന്നു അത്. അന്ന് എന്റെ പങ്കാളിയായിരുന്ന ബോളിവുഡ് താരം പർവീൺ ബാബിയും ഇറ്റലിയിൽ എന്നോടൊപ്പം വന്നിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് ജിനയെ കാണാൻ പോയത്. ഇറ്റലിയിലെ ടെലിവിഷൻ ഷോകളിലും മാഗസിൻ കവറിലുമൊക്കെ ഞാൻ നിറഞ്ഞുനിൽക്കുന്ന കാലം. ഡിന്നറിനു ക്ഷണിച്ച് ജിനയുടെ കത്ത് എത്തുന്നത് അതിനിടെയാണ്. എയർ ഇന്ത്യ മാനേജർ വഴിയായിരുന്നു അവർ ക്ഷണിച്ചത്. അതൊരു വലിയ സംഭവമായിരുന്നു.
ജിന ലോലോബ്രിജിഡയും സോഫിയ ലോറനുമൊക്കെ രാജ്യാന്തരതലത്തിലെ ഇറ്റാലിയൻ താരചക്രവർത്തിനിമാരാണ്. ആ ജിനയുടെ ക്ഷണം കിട്ടുകയെന്നാൽ ചെറിയ കാര്യമല്ല. റോമിലെ ക്ലാസിക് തെരുവുകളിലൊന്നിലെ ജിനയുടെ അതിമനോഹരമായ മാളികയിലേക്കാണ് ഞങ്ങൾ പോയത്. വീടു നിറയെ പെയിന്റിങ്ങുകളും ശിൽപങ്ങളും താരസുന്ദരിയുടെ സുഹൃത്തുക്കളും. കൂട്ടുകാർക്കെല്ലാം എന്നെ പരിചയപ്പെടുത്തിയ ശേഷം ഡിന്നറിനു കൊണ്ടു പോകാനായിരുന്നു പ്ലാൻ. ജിന എന്നോടു മാത്രം സംസാരിച്ചുകൊണ്ടിരുന്നു. പർവീണിനെ നോക്കുന്നു പോലുമില്ല. അത് എന്നെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു.
ജിനയുടെ പെരുമാറ്റം പർവീണിനെ വേദനിപ്പിച്ചു. എല്ലാവരും സാൻഡോക്കനെക്കുറിച്ചു വാചാലരായി ആവേശം കൊള്ളുകയാണ്. ഞാൻ ഇടയ്ക്കിടെ പർവീണിനെ ശ്രദ്ധിക്കുന്നുണ്ട്. ഡിന്നറിനു പോകുന്നതോടെ എല്ലാം ശരിയാകുമെന്ന് ഞാൻ ആശിച്ചു. ജിനയുടെ വീട്ടിലെ സുഹൃദ്സംഗമത്തിനു ശേഷം ഞങ്ങളെല്ലാം റോമിലെ റസ്റ്ററന്റിലേക്കു പോയി. പഴയ ഇറ്റാലിയൻ ശൈലിയിലുള്ള, ബാൻഡ് സംഗീതം നിറഞ്ഞ, താഴ്ന്നു കത്തുന്ന മെഴുതിരികളുള്ള മേശകളുമായി മനോഹരമായിരുന്നു ആ റസ്റ്ററന്റ്. ജിനയും എയർ ഇന്ത്യ മാനേജരും മുഖാമുഖമായും ഞാനും പർവീണും മുഖാമുഖമായും ഇരുന്നു.
പെട്ടെന്നാണ്, നമുക്കു നൃത്തം ചെയ്യാം എന്നു പറഞ്ഞ് ജിന എഴുന്നേറ്റു. അവർ എനിക്കൊപ്പം നൃത്തം ചെയ്തു. ലോകത്ത ഏറ്റവും പ്രശസ്തയായ താരസുന്ദരി ജിന ലോലോബ്രിജിഡയ്ക്കൊപ്പം നൃത്തം ചെയ്യുകയാണു ഞാനെന്നത് അവിശ്വസനീയമായി തോന്നി. അതൊരു ‘ബീറ്റിൽസ് നിമിഷ’മായിരുന്നെന്നു തന്നെ പറയാം. ജിന ഇടയ്ക്ക് പർവീണിനെ നോക്കി ‘എന്തൊരു സൗന്ദര്യം’ എന്നു പറഞ്ഞു. അതെ, എന്നു ഞാൻ പറഞ്ഞു. ആ ഡാൻസ് ഇനം തീർന്നതോടെ ഞങ്ങൾ ഇരിപ്പിടത്തിലേക്ക് മടങ്ങി. പിന്നെയാണ് ജിന ആ ചോദ്യം പർവീണിനു നേരെ തൊടുത്തത്: ‘‘മൈ ഡിയർ, എന്താണിവിടെ? താരത്തിനു പിന്നാലെ കൂടിയതാണോ?’’
എല്ലാം നിശ്ചലമായതു പോലെ തോന്നി. ആരാധനയോടെയാണെങ്കിലും എന്റെ പ്രണയിനിയെ താരസുന്ദരി അപമാനിച്ചിരിക്കുന്നു. ഇനി ഞാനെന്തു പറയാനാണ്. എനിക്കു സംസാരിക്കാൻ കഴിയുന്നതിനു മുൻപേ ബുദ്ധിമതിയായ പർവീണിന്റെ ശബ്ദം ഉയർന്നു. ജിനയുടെ ചോദ്യത്തിന് മറുപടിയായി പർവീൺ പറയുകയാണ്: ‘‘അല്ല, മൈ ഡിയർ, ഞാൻ എന്റെ പുരുഷനൊപ്പമാണ് ഇവിടെ എത്തിയിരിക്കുന്നത്. കാരണം, എനിക്കൊരു പുരുഷനുണ്ട്’’.
ജിനയും തെല്ല് അമ്പരന്നു. ‘‘ബുദ്ധിമതി’’ എന്നു പറഞ്ഞ് അവർ ചിരിച്ചു. നമുക്കു നൃത്തം ചെയ്യാമെന്ന് പർവീൺ എന്നോടു പറഞ്ഞു.
നൃത്തത്തിനായി എഴുന്നേറ്റപ്പോൾ, ‘‘ഞാൻ പോകുകയാണ്’’ എന്നായി പർവീൺ. ഞാൻ ഞെട്ടി. ജിനയുടെ വിരുന്നു ബഹിഷ്കരിച്ച് ഇറങ്ങിപ്പോകാനോ! ‘‘അവർ എന്നെ അപമാനിച്ചു, ഞാൻ ഇറങ്ങുന്നു’’ എന്നു പറഞ്ഞ് പർവീൺ നടന്നു. ഞാൻ ആശയക്കുഴപ്പത്തിലായി. പർവീണിനൊപ്പം പോകണോ അതോ ജിനയുടെ ആതിഥേയത്വം സ്വീകരിച്ച് അവിടെ തുടരണോ? ഞാൻ ആലോചിച്ചു. തിരികെ മേശയ്ക്കരികിൽ എത്തുമ്പോഴേയ്ക്കും ഞാൻ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു. ജിന എന്നോടു ക്ഷമിക്കണം. എനിക്ക് പോകാതെ വേറെ മാർഗമില്ല, എന്നെ മനസ്സിലാക്കുമെന്നു കരുതെന്നു എന്ന് ഞാനവരോട് പറഞ്ഞു. ‘‘അതു പറ്റില്ല, ഡിന്നർ ഇപ്പോഴെത്തും, എന്താണ് പോകുന്നത്’’ എന്നു ചോദിച്ചു ജിന അസ്വസ്ഥയായി. ഞാൻ വീണ്ടും ക്ഷമ ചോദിച്ച് പർവീണിനൊപ്പം ഇറങ്ങി.
? ബോണ്ട് ഫിലിമിന്റെ പേരെന്തെന്ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ചോദിച്ചപ്പോൾ ഒക്ടോപസി എന്നു പറയാൻ മടിച്ച് ഒക്ടോപസ് എന്നു പറഞ്ഞ കഥയും ശ്രദ്ധിച്ചു.
അതെ, ഇന്ദിര ഗാന്ധിയോട് ആ പേര് അങ്ങനെ പറയാൻ എനിക്കു മടിയുണ്ടായിരുന്നു. അതാണ് ഒക്ടോപസ് എന്നു പറഞ്ഞു തടിതപ്പിയത്. എന്റെ കരിയർ ഗ്രാഫ് അറിയാൻ വിക്കിപീഡിയ നോക്കിയാൽ മതി. അഭിനേതാവായ എന്റെ വൈകാരികജീവിതമാണ് ആത്മകഥയിൽ ഞാനെഴുതിയിരിക്കുന്നത്. ഒരു നടന്റെ വൈകാരികതലത്തിലൂടെ ഞാൻ എന്റെ കഥ പറയാൻ ശ്രമിച്ചു. ഭാവിയെപ്പറ്റി യാതൊരു നിശ്ചയവുമില്ലാത്ത ഒരു ഇൻഡസ്ട്രിയിൽ മൂന്നു ഭൂഖണ്ഡങ്ങളിലായി പ്രവർത്തിച്ച ‘ഫ്രീലാൻസർ’.
ഇന്നത്തെ കാലത്ത് ആളുകൾ എത്ര പെട്ടെന്നാണ് തൊഴിൽ മാറുന്നത്. എന്റെ ജീവിതത്തിൽനിന്ന് പഠിക്കാനേറെയുള്ളത് അതുകൊണ്ടാണ്. എന്റെ പുസ്തകമെന്നല്ല ഏതാണെങ്കിലും, വായനയ്ക്കായി സമയം കണ്ടെത്തണം. മറ്റൊരു മാധ്യമത്തിനും നൽകാൻ കഴിയാത്ത വൈകാരിക ആഴമാണ് വായന ഒരാൾക്കു സമ്മാനിക്കുന്നത്. പുസ്തകങ്ങളുടെ പങ്ക് വളരെ വലുതാണ്. വായനയിലൂടെയുള്ള സംവാദത്തിന് സമാനതകളില്ല.
English Summary: Exclusive Interview with Actor Kabir Bedi