എക്കാലത്തെയും മികച്ച ചലച്ചിത്രങ്ങളുടെ പട്ടികയില്‍ ബംഗാളി ചിത്രം പഥേര്‍ പാഞ്ചലി (പാതയുടെ പാട്ട്) ഇടം നേടുന്നത് ഇതാദ്യമായല്ല. സിനിമകളുടെ എണ്ണം വളരെ കുറവായിരുന്ന കാലത്ത് മികച്ച പത്തു ലോകസിനിമകളുടെ പട്ടികയില്‍ ഒന്നായിപ്പോലും ചില നിരൂപകര്‍ ഈ ചിത്രത്തെ ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ടൈം മാഗസിനു വേണ്ടി വിഖ്യാത ചലച്ചിത്ര നിരൂപക സ്റ്റെഫനി സാക്കറക്ക് തയാറാക്കിയ, നൂറു വര്‍ഷത്തെ മികച്ച ലോക സിനിമകളുടെ പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ ചിത്രമായിരിക്കുന്നു പഥേര്‍ പാഞ്ചലി. ബംഗാളി ഭാഷയിലെ ഒരു കഥാഗീതികയാണ് പാഞ്ചലി. പ്രത്യേക ഈണത്തില്‍ പാടുന്ന പാട്ടുശൈലി എന്നും പറയാം. ആഗോള തലത്തില്‍ നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ ആദ്യ ഇന്ത്യന്‍ ചിത്രമാണ് ബിഭൂതി ഭൂഷണ്‍ ബന്ദോപാധ്യായയുടെ നോവലിലെ ആദ്യ രണ്ട് അധ്യായങ്ങളെ അവലംബിച്ച് സത്യജിത് റായ് സംവിധാനം ചെയ്ത പഥേര്‍ പാഞ്ചലി.

എക്കാലത്തെയും മികച്ച ചലച്ചിത്രങ്ങളുടെ പട്ടികയില്‍ ബംഗാളി ചിത്രം പഥേര്‍ പാഞ്ചലി (പാതയുടെ പാട്ട്) ഇടം നേടുന്നത് ഇതാദ്യമായല്ല. സിനിമകളുടെ എണ്ണം വളരെ കുറവായിരുന്ന കാലത്ത് മികച്ച പത്തു ലോകസിനിമകളുടെ പട്ടികയില്‍ ഒന്നായിപ്പോലും ചില നിരൂപകര്‍ ഈ ചിത്രത്തെ ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ടൈം മാഗസിനു വേണ്ടി വിഖ്യാത ചലച്ചിത്ര നിരൂപക സ്റ്റെഫനി സാക്കറക്ക് തയാറാക്കിയ, നൂറു വര്‍ഷത്തെ മികച്ച ലോക സിനിമകളുടെ പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ ചിത്രമായിരിക്കുന്നു പഥേര്‍ പാഞ്ചലി. ബംഗാളി ഭാഷയിലെ ഒരു കഥാഗീതികയാണ് പാഞ്ചലി. പ്രത്യേക ഈണത്തില്‍ പാടുന്ന പാട്ടുശൈലി എന്നും പറയാം. ആഗോള തലത്തില്‍ നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ ആദ്യ ഇന്ത്യന്‍ ചിത്രമാണ് ബിഭൂതി ഭൂഷണ്‍ ബന്ദോപാധ്യായയുടെ നോവലിലെ ആദ്യ രണ്ട് അധ്യായങ്ങളെ അവലംബിച്ച് സത്യജിത് റായ് സംവിധാനം ചെയ്ത പഥേര്‍ പാഞ്ചലി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എക്കാലത്തെയും മികച്ച ചലച്ചിത്രങ്ങളുടെ പട്ടികയില്‍ ബംഗാളി ചിത്രം പഥേര്‍ പാഞ്ചലി (പാതയുടെ പാട്ട്) ഇടം നേടുന്നത് ഇതാദ്യമായല്ല. സിനിമകളുടെ എണ്ണം വളരെ കുറവായിരുന്ന കാലത്ത് മികച്ച പത്തു ലോകസിനിമകളുടെ പട്ടികയില്‍ ഒന്നായിപ്പോലും ചില നിരൂപകര്‍ ഈ ചിത്രത്തെ ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ടൈം മാഗസിനു വേണ്ടി വിഖ്യാത ചലച്ചിത്ര നിരൂപക സ്റ്റെഫനി സാക്കറക്ക് തയാറാക്കിയ, നൂറു വര്‍ഷത്തെ മികച്ച ലോക സിനിമകളുടെ പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ ചിത്രമായിരിക്കുന്നു പഥേര്‍ പാഞ്ചലി. ബംഗാളി ഭാഷയിലെ ഒരു കഥാഗീതികയാണ് പാഞ്ചലി. പ്രത്യേക ഈണത്തില്‍ പാടുന്ന പാട്ടുശൈലി എന്നും പറയാം. ആഗോള തലത്തില്‍ നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ ആദ്യ ഇന്ത്യന്‍ ചിത്രമാണ് ബിഭൂതി ഭൂഷണ്‍ ബന്ദോപാധ്യായയുടെ നോവലിലെ ആദ്യ രണ്ട് അധ്യായങ്ങളെ അവലംബിച്ച് സത്യജിത് റായ് സംവിധാനം ചെയ്ത പഥേര്‍ പാഞ്ചലി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എക്കാലത്തെയും മികച്ച ചലച്ചിത്രങ്ങളുടെ പട്ടികയില്‍ ബംഗാളി ചിത്രം പഥേര്‍ പാഞ്ചലി (പാതയുടെ പാട്ട്) ഇടം നേടുന്നത് ഇതാദ്യമായല്ല. സിനിമകളുടെ എണ്ണം വളരെ കുറവായിരുന്ന കാലത്ത് മികച്ച പത്തു ലോകസിനിമകളുടെ പട്ടികയില്‍ ഒന്നായിപ്പോലും ചില നിരൂപകര്‍ ഈ ചിത്രത്തെ ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ടൈം മാഗസിനു വേണ്ടി വിഖ്യാത ചലച്ചിത്ര നിരൂപക സ്റ്റെഫനി സാക്കറക്ക് തയാറാക്കിയ, നൂറു വര്‍ഷത്തെ മികച്ച ലോക സിനിമകളുടെ പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ ചിത്രമായിരിക്കുന്നു പഥേര്‍ പാഞ്ചലി. ബംഗാളി ഭാഷയിലെ ഒരു കഥാഗീതികയാണ് പാഞ്ചലി. പ്രത്യേക ഈണത്തില്‍ പാടുന്ന പാട്ടുശൈലി എന്നും പറയാം. 

 

ADVERTISEMENT

ആഗോള തലത്തില്‍ നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ ആദ്യ ഇന്ത്യന്‍ ചിത്രമാണ് ബിഭൂതി ഭൂഷണ്‍ ബന്ദോപാധ്യായയുടെ നോവലിലെ ആദ്യ രണ്ട് അധ്യായങ്ങളെ അവലംബിച്ച് സത്യജിത് റായ് സംവിധാനം ചെയ്ത പഥേര്‍ പാഞ്ചലി. 1956 ലെ കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ഹ്യൂമന്‍ ഡോക്യുമെന്ററി പുരസ്‌കാരം നേടിയതോടെയാണ് റായിയുടെ ആദ്യ സിനിമാസംരഭം ലോകമാകെ ശ്രദ്ധിക്കപ്പെട്ടത്. കലാമൂല്യമുള്ള സിനിമ സാക്ഷാത്കരിക്കുക എന്നതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 

 

ഇന്ത്യയില്‍ അക്കാലത്തു നിര്‍മിക്കപ്പെട്ടുകൊണ്ടിരുന്ന ചലച്ചിത്രങ്ങളിലെ ചേരുവകളൊന്നും പഥേര്‍ പാഞ്ചലിയില്‍ ഇല്ല. ‘ഇതു സിനിമയോ’ എന്നു തോന്നും മട്ടില്‍ യഥാര്‍ഥ ജീവിതത്തെ ഒപ്പിയെടുക്കുകയായിരുന്നു റായ്. ലാഭം കൊയ്യാന്‍ വേണ്ടി നിര്‍മിക്കപ്പെട്ടുകൊണ്ടിരുന്ന നേരമ്പോക്കിന്റെ കെട്ടുകാഴ്ചകള്‍ക്കിടയിലേക്കാണ് പൊള്ളുന്ന ജീവിതാനുഭവങ്ങളുടെ ദൃശ്യാഖ്യാകനവുമായി ഒരു ചലച്ചിത്രകാവ്യം പിറന്നു വീണത്. ഇതിനുള്ള പഠനവും മനനവും പരിശീലനവുമെല്ലാം പ്രതിഭാശാലിയായ റായ് നേരത്തേതന്നെ നേടിയിരുന്നു. 

സത്യജിത് റായ്. 1989ലെ ചിത്രം (File Photo by DOMINIQUE FAGET / AFP)

 

ADVERTISEMENT

∙ രേഖാചിത്രത്തിൽനിന്ന് ചലനചിത്രങ്ങളിലേക്ക്...

 

ചലച്ചിത്രകലയോടുള്ള അടങ്ങാത്ത അഭിനിവേശവുമായി കൊല്‍ക്കത്തയിലെ സിഗ്നറ്റ് പ്രസ്സിന്റെ പ്രസാധനശാലയില്‍ രേഖാചിത്രകാരനായി ജോലി ചെയ്യുന്ന കാലത്താണ് ബിഭൂതി ഭൂഷണ്‍ ബന്ദോപാധ്യായയുടെ പഥേര്‍ പാഞ്ചലി എന്ന നോവലിന് പുറം ചട്ടയും രേഖാചിത്രങ്ങളും വരയ്ക്കാന്‍ റായ് നിയോഗിക്കപ്പെടുന്നത്. ചിത്രം വരയ്ക്കാന്‍ വേണ്ടി വായിച്ച നോവല്‍ ചലിക്കുന്ന ചിത്രങ്ങളായി അദ്ദേഹത്തിന്റെ മനസ്സില്‍ പതിഞ്ഞു. നോവലിന്റെ താളുകളില്‍നിന്ന് കഥാപാത്രങ്ങളെ ജീവനോടെ പുറത്തെടുക്കാനുള്ള വെമ്പലായിരുന്നു പിന്നീട്. 

പഥേർ പാഞ്ചലിയിൽ സുബിര്‍ ബാനര്‍ജിയും ഉമ ദാസ് ഗുപ്തയും.

 

ADVERTISEMENT

ഈ സമയത്താണ് (1949) ലോകപ്രശസ്ത ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഴാങ് റെനെ ‘ദ് റിവര്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൊല്‍ക്കത്തയിലെത്തുന്നത്. റെനെ താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിലെത്തി സത്യജിത് റായ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. പഥേര്‍ പാഞ്ചലി സിനിമയാക്കാന്‍ റായിയെ പ്രോത്സാഹിപ്പിച്ചത് റെനെയാണ്. തുടര്‍ന്ന് 1950 ല്‍ സത്യജിത് റായിക്ക് ജോലിയുമായി ബന്ധപ്പെട്ട് ലണ്ടന്‍ യാത്രയ്ക്കും അവസരമുണ്ടായി. ലണ്ടനിലെ വാസക്കാലം അദ്ദേഹം ശരിക്കും പ്രയോജനപ്പെടുത്തി. നൂറോളം ലോക ക്ലാസിക്ക് സിനിമകളാണ് ഇക്കാലത്ത് കണ്ടുതീര്‍ത്തത്. 

 

ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്നതൊന്നുമല്ല യഥാര്‍ഥ ചലച്ചിത്രങ്ങളെന്ന് റായിക്ക് ബോധ്യപ്പെട്ടു. പ്രത്യേകിച്ചും ഇറ്റാലിയന്‍ നിയോ റിയലിസ്റ്റ് സിനിമകളുടെ ദൃശ്യാനുഭവം അദ്ദേഹത്തിലെ ചലച്ചിത്രകാരനെ വളര്‍ത്തിയെന്നു പറയാം. വിറ്റോറിയ ഡി സിക്കയുടെ ബൈസിക്കള്‍ തീവ്‌സ് ഉള്ളുലച്ചു. തന്റെ മാതൃഭാഷയിലും ഒരു നല്ല സിനിമയുണ്ടാക്കണമെന്ന ഉറച്ച തീരുമാനവുമായാണ് റായ് ലണ്ടനില്‍നിന്നു മടങ്ങിയെത്തിയത്. 

പഥേർ പാഞ്ചലിയിൽ ഉമ ദാസ് ഗുപ്‌ത.

 

∙ ഹരിഹരറായിയുടെ കഥ

 

ചിത്രീകരണത്തിനായി വായിച്ച നോവല്‍ മനസ്സില്‍ ചലച്ചിത്ര രൂപം പ്രാപിക്കുകയായിരുന്നു. 1928 ല്‍ ‘വിചിത്ര’ എന്ന ബംഗാളി മാസികയില്‍ തുടര്‍ക്കഥയായാണ് പഥേര്‍ പാഞ്ചലി ആദ്യം പ്രസിദ്ധീകരിക്കപ്പെടുന്നത്. പിന്നീട് പുസ്തക രൂപത്തിലും പുറത്തിറങ്ങി. ബംഗാളിലെ സാഹിത്യതല്‍പരര്‍ക്കിടയില്‍ ഈ കൃതിക്കു നല്ല സ്വീകരണമാണ് ലഭിച്ചത്. മൂന്നു തലമുറയുടെ കഥ പറയുന്ന നോവലില്‍ ഏതാണ്ട് മുന്നൂറോളം കഥാപാത്രങ്ങളുണ്ട്. സിനിമയ്ക്കായി ഇതു വെട്ടിച്ചുരുക്കുകയായിരുന്നു റായിയുടെ മുന്നിലുള്ള വലിയ വെല്ലുവിളി. അദ്ദേഹം അതു ഭംഗിയായി നിര്‍വഹിച്ചു. 35 അധ്യായങ്ങളുള്ള നോവല്‍ മൂന്നു പര്‍വങ്ങളായാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്. ഓരോ പര്‍വവും ഓരോ കാലഘട്ടത്തെ സൂചിപ്പിക്കുന്നു. നോവലിലെ ആദ്യ രണ്ടു പര്‍വങ്ങള്‍ മാത്രമാണ് സിനിമയ്ക്കായി റായ് സ്വീകരിച്ചത്. കഥാപാത്രങ്ങളെ പത്തിലൊന്നായി ചുരുക്കി. 

പഥേർ പാഞ്ചലിയിൽ ഇന്ദിറും ഉമ ദാസ് ഗുപ്തയും.

 

കവിയും നാടകകൃത്തുമായ ഹരിഹരറായിയുടെ കുടുംബം ദാരിദ്ര്യവും തൊഴിലില്ലായ്മയും മൂലം നേരിടുന്ന പ്രതിസന്ധികളാണ് നോവലിന്റെ പ്രമേയം. നാടകകൃത്തെന്ന നിലയ്ക്ക് നല്ലൊരു ജീവിതം സ്വപ്നം കാണുന്ന ഹരിഹര്‍ പൂജാരിയുടെ ജോലി ചെയ്താണ് കുടുംബം പോറ്റുന്നത്. വിഭജനത്തിനു മുൻപുള്ള നിഷിന്ദ്പുര്‍ എന്ന ബംഗാളി ഗ്രാമമാണ് കഥാപശ്ചാത്തലം. ഭാര്യ സര്‍ബജയ, മകള്‍ ദുര്‍ഗ, മകന്‍ അപു, ബന്ധുവായ  ഇന്ദിർ അമ്മായി എന്നിവരടങ്ങുന്നതാണ് ഹരിഹറിന്റെ കുടുംബം. 

 

അടുക്കളയില്‍നിന്നു കുട്ടികള്‍ക്കുള്ള ഭക്ഷണം മോഷ്ടിച്ചു കഴിക്കുന്ന വൃദ്ധയായ ഇന്ദിറിനെ വീട്ടില്‍ നിര്‍ത്തേണ്ടി വരുന്നതില്‍ സര്‍ബജയയ്ക്ക് അതൃപ്തിയുണ്ട്. എന്നാല്‍ ദുര്‍ഗയ്ക്കു മുത്തശ്ശിയെ ഇഷ്ടമാണ്. അവള്‍ അയല്‍വീട്ടിലെ തോട്ടത്തില്‍നിന്നു പഴങ്ങള്‍ മോഷ്ടിച്ച് അവര്‍ക്കു കഴിക്കാന്‍ കൊടുക്കും. ഒരു ദിവസം അവരുടെ വീട്ടിലെത്തുന്ന അയല്‍ക്കാരന്റെ ഭാര്യ, സ്വന്തം മാല മോഷണം പോയതായും അതെടുത്തത് ദുര്‍ഗയാണെന്നും ആരോപിക്കുന്നു. മകളുടെ മോഷണം പ്രോത്സാഹിപ്പിക്കുന്ന സര്‍ബജയയെയും അവര്‍ കുറ്റപ്പെടുത്തുന്നുണ്ട്. 

 

അനിയന്‍ അപുവിനോട് വലിയ വാത്സല്യമാണ് ദുര്‍ഗയ്ക്ക്. അവര്‍ ഒരുമിച്ചു ഗ്രാമത്തില്‍ പങ്കിടുന്ന ചെറിയ ആഹ്ലാദങ്ങളുടെ ദൃശ്യങ്ങള്‍ അതിമനോഹരമായി റായ് പകര്‍ത്തിയിട്ടുണ്ട്. വില്‍പനക്കാരന്റെ ബയോസ്‌കോപ്പിലൂടെ അവര്‍ ചിത്രങ്ങള്‍ കണ്ടു രസിക്കുന്നതും മരച്ചുവട്ടിലിരിക്കുന്നതും നാടോടി സംഘം അവതരിപ്പിക്കുന്ന ജാത്ര (പാഞ്ചലി എന്ന പാട്ടുനാടകം) കാണുന്നതുമെല്ലാം രസകരമായ രംഗങ്ങളാണ്. എല്ലാ സായാഹ്നത്തിലും അകലെനിന്ന് അവര്‍ ട്രെയിനിന്റെ (കരിവണ്ടി) ചൂളം വിളിയും കേള്‍ക്കുന്നുണ്ട്. 

പഥേർ പാഞ്ചലിയിൽ അപുവിന്റെ വേഷത്തില്‍ സുബിര്‍ ബാനര്‍ജി.

 

സുബ്രത മിത്രയും സത്യജിത് റായിയും (Photo courtesy by raytoday.in)

ഇതിനിടെ സര്‍ബജയയുടെ അതൃപ്തി കാരണം ഇന്ദിർ മുത്തശ്ശി മറ്റൊരു ബന്ധുവീട്ടില്‍ അഭയം തേടുന്നുണ്ട്. ചൂളംവിളിയിലൂടെ മാത്രം അറിഞ്ഞ തീവണ്ടി ഒരു നോക്കു കാണാനായി ഓടുകയാണ് ദുര്‍ഗയും അപുവും. തീവണ്ടി കടന്നുപോകുന്നത് അവര്‍ക്ക് കാണാനും കഴിയുന്നു. ഇതിനിടെയാണ് അസുഖം ബാധിച്ച ഇന്ദിർ മുത്തശ്ശി ഹരിഹറിന്റെ വീട്ടിലേക്കുതന്നെ തിരികെ നടക്കുന്നത്. എന്നാല്‍ വഴിയില്‍ അവര്‍ മരിച്ചു കിടക്കുന്നതാണ് ദുര്‍ഗയും അപുവും കാണുന്നത്.  കുടുംബം പോറ്റാന്‍ നിവൃത്തിയില്ലാതെ തൊഴില്‍ തേടി നാടുവിടുകയാണ് ഹരിഹര്‍. 

 

കുടുംബനാഥന്റെ അസാന്നിധ്യത്തില്‍ സര്‍ബജയയും മക്കളും ഓരോ ദിവസവും തള്ളിനീക്കാന്‍ അങ്ങേയറ്റം കഷ്ടപ്പെടുന്നു. ഇതിനിടെ മഴക്കാലത്ത് പുറത്തിറങ്ങി കളിക്കുന്ന ദുര്‍ഗയ്ക്കു പനി ബാധിക്കുന്നു. രാത്രിയില്‍ കാറ്റിലും മഴയിലും വീടും വീട്ടുകാരും കിടുകിടാ വിറയ്ക്കുന്നു. പിറ്റേന്നു പ്രഭാതത്തില്‍ ദുര്‍ഗ മരണത്തിനു കീഴടങ്ങുന്നു. നഗരത്തില്‍നിന്നു തിരിച്ചെത്തുന്ന ഹരിഹര്‍ കാണുന്നത് തകര്‍ന്ന കുടുംബത്തെയാണ്. സര്‍ബജയ അയാളുടെ കാലില്‍ വീണു പൊട്ടിക്കരയുന്നു. മകള്‍ ദുര്‍ഗയുടെ മരണവാര്‍ത്തയറിയുന്ന ഹരിഹറും വിങ്ങിപ്പൊട്ടുകയാണ്. 

1982ലെ കാൻ ചലച്ചിത്ര മേളയിൽ സത്യജിത് റായ് (File Photo by RALPH GATTI / AFP)

 

വീടുവിട്ട് ബനാറസിലേക്കു പോകാനുള്ള തയാറെടുപ്പിനിടെ, അയല്‍വീട്ടില്‍നിന്നു ദുര്‍ഗ മോഷ്ടിച്ച മാല അപു കണ്ടെത്തുന്നുണ്ട്. നേരത്തേ അവള്‍ കുറ്റം നിഷേധിക്കുകയായിരുന്നു. അതവന്‍ ഒരു കുളത്തിലേക്കു വലിച്ചെറിയുന്നു. ഒരു കാളവണ്ടിയില്‍ ഹരിഹറിന്റെ കുടുംബം നാടുവിടുകയാണ്. ഈ സമയം ആളൊഴിഞ്ഞ വീട്ടിലേക്ക് ഒരു പാമ്പ് ഇഴഞ്ഞു കയറുന്ന ദൃശ്യം പ്രേക്ഷകനു കാണാം. ചിത്രത്തിന്റെ അവസാനത്തെ ആ ദൃശ്യത്തിനു പോലും ഏറെ അർഥതലങ്ങൾ നൽകിയാണ് നിരൂപകരും പഥേർ പാഞ്ചലിയെ ആഘോഷിച്ചത്.

 

∙ നഴ്‌സറിപ്പാട്ട് പാടിയെത്തിയ മുത്തശ്ശി!

 

പുതുമുഖങ്ങളെയാണ് റായ് ഈ ചിത്രത്തില്‍ അഭിനയിപ്പിച്ചത്. ദുര്‍ഗയുടെ വേഷം അനശ്വരമാക്കിയത് ഉമ ദാസ് ഗുപ്തയെന്ന കൗമാരക്കാരിയാണ്. അപുവിന്റെ വേഷത്തില്‍ സുബിര്‍ ബാനര്‍ജി അഭിനയിച്ചു. കനു ബാനര്‍ജി, കരുണ ബാനര്‍ജി എന്നിവരാണ് ഹരിഹര്‍ റോയിയുടെയും സര്‍ബജനയുടെയും വേഷത്തില്‍. നാടകനടിയായിരുന്ന ചുനിബാല ദേവിയാണ് ഇന്ദിർ താക്രൂണ്‍ എന്ന വൃദ്ധയായി ഇന്നും പ്രേക്ഷകമനസ്സില്‍ ജീവിക്കുന്നത്. എണ്‍പതാം വയസ്സില്‍ അഭിനയം നിര്‍ത്തി വിശ്രമിക്കുമ്പോഴാണ് സത്യജിത് റായ് ചുനിബാലയെ ഈ വേഷം അവതരിപ്പിക്കാന്‍ ക്ഷണിക്കുന്നത്.

 

ഹരിഹര്‍, സര്‍ബജയ, ദുര്‍ഗ, അപു തുടങ്ങിയവരെ അവതരിപ്പിക്കാനുള്ള താരങ്ങളെയൊക്കെ റായ് നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍ ബിഭൂതി ഭൂഷണ്‍ രൂപം നല്‍കിയ ഇന്ദിറെന്ന കാരണവത്തിയെ കണ്ടെത്തല്‍ അത്ര എളുപ്പമല്ലായിരുന്നു. കഥാപാത്രത്തിന് മേക്ക് അപ് ഉപയോഗിക്കില്ലെന്ന് ആദ്യമേ അദ്ദേഹം നിശ്ചയിച്ചിരുന്നു. ഔട്ട്‌ഡോര്‍ ഷൂട്ടിങ് വേളകളില്‍ വൃദ്ധയായ ഒരു സ്ത്രീക്ക് സഹകരിക്കാന്‍ കഴിയുമോയെന്നതായിരുന്നു റായിയുടെ ആശങ്ക. റേബ ദേവിയെന്ന മറ്റൊരു അഭിനേത്രിയാണ് ചുനിബാലയെപ്പറ്റി റായിയോടു പറയുന്നത്. ആദ്യകാലത്ത് നാടകങ്ങളില്‍ അഭിനയിച്ച ചുനിബാല രണ്ടു നിശബ്ദ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. അങ്ങനെ, എൺപതുകാരിയായ അഭിനേത്രിയെ തേടി അദ്ദേഹം അവരുടെ വീട്ടില്‍ ചെന്നു. 

 

ഓര്‍മശക്തി പരീക്ഷിക്കാന്‍ ഏതെങ്കിലും നാടന്‍ പാട്ട് പാടാമോയെന്നു ചോദിച്ചപ്പോള്‍ ചുനിബാല നഴ്‌സറി പാട്ടാണ് പാടിയതെന്ന് റായ് എഴുതിയിട്ടുണ്ട്. അങ്ങനെയാണ് പഥേര്‍ പാഞ്ചലിയിലെ അഭിനയത്തിലൂടെ മികച്ച അഭിനേത്രിക്കുള്ള രാജ്യാന്തര പുരസ്‌കാരം നേടുന്ന ആദ്യ വനിതയായി അവര്‍ മാറിയത്.  ചിത്രം റിലീസാവുന്നതിനു മുൻപ് 1955 ല്‍തന്നെ അവര്‍ ഈ ലോകത്തോടു വിടപറയുകയും ചെയ്തു. എന്നാല്‍ രോഗബാധിതയായി വീണു പരുക്കേറ്റു കിടന്ന സമയത്ത് ചുനിബാലദേവിക്കു വേണ്ടി വീട്ടില്‍ സിനിമയുടെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു സത്യജിത് റായ്. പല്ലില്ലാതെ കൂനിക്കൂടി നടക്കുന്ന ഈ മുത്തശ്ശിയെ സിനിമാ പ്രേമികള്‍ ഒരിക്കലും മറക്കില്ല. 

 

∙ നിർമാതാവില്ല, ‘പണയം’ വച്ചെടുത്ത പടം!

 

നല്ല തയാറെടുപ്പോടെയാണ് റായ് പഥേര്‍ പാഞ്ചലിയുടെ ചിത്രീകരണം തുടങ്ങിയത്. സിനിമയ്ക്കു വേണ്ടിയുള്ള ദൃശ്യങ്ങളെല്ലാം ആദ്യമേ ഒരു പുസ്തകത്തില്‍ വരച്ചുവച്ചിരുന്നു. എന്നാല്‍ നിര്‍മാതാവിനെ കിട്ടാന്‍ അദ്ദേഹം ശരിക്കും ബുദ്ധിമുട്ടി. പാട്ട്, നൃത്തം, സംഘട്ടനം തുടങ്ങിയ പതിവു ചേരുവകളില്ലാത്ത ചിത്രം നിര്‍മിക്കാന്‍ ആരും സന്നദ്ധരായില്ല. തന്റെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയും മ്യൂസിക് റിക്കോര്‍ഡുകളുടെ ശേഖരവും അമ്മയുടെയും ഭാര്യയുടെയും ആഭരണങ്ങളുമെല്ലാം അദ്ദേഹം പണയംവച്ചു. അങ്ങനെയാണ് 16 എംഎം ക്യാമറയില്‍ ആദ്യഭാഗങ്ങള്‍ ചിത്രീകരിച്ചത്. 

 

1952 ഒക്‌ടോബറിലായിരുന്നു ആദ്യ രംഗം ചിത്രീകരിച്ചത്. നിറയെ ചെടികള്‍ പൂത്തുനില്‍ക്കുന്ന പാടത്തിലൂടെ ദുര്‍ഗയും അപുവും, അകലെ ഇഴഞ്ഞുനീങ്ങുന്ന തീവണ്ടി കാണാന്‍ പോകുന്ന രംഗം. ചിത്രീകരണം പകുതിയായപ്പോള്‍ വെളിച്ചക്കുറവു വന്നു. അന്നത്തെ ഷൂട്ടിങ് നിര്‍ത്തി സംഘം മടങ്ങി. അടുത്തയാഴ്ച ബാക്കി ചിത്രീകരിക്കാന്‍ ലൊക്കേഷനിലെത്തിയപ്പോള്‍ സംവിധായകനും സംഘവും നിരാശരായി. ചെടികളെല്ലാം കന്നുകാലികള്‍ തിന്നുതീര്‍ത്തിരിക്കുന്നു. പിന്നീട് അടുത്ത സീസണ്‍ വരെ കാത്തിരുന്നാണ്, ഇന്നും നിരൂപകരും ആസ്വാദകരും വാഴ്ത്തിക്കൊണ്ടിരിക്കുന്ന അനശ്വര രംഗം റായ് സാക്ഷാത്ക്കരിച്ചത്. പണം തീര്‍ന്നപ്പോള്‍ വീണ്ടും ചിത്രീകരണം മുടങ്ങി. 

 

അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി ബി.സി.റായിയുടെ ഭാര്യ ബേല സത്യജിത് റായിയുടെ അമ്മ സുപ്രഭ ദേവിയുടെ സുഹൃത്തായിരുന്നു. മകന്റെ പ്രശ്‌നം അമ്മ മുഖ്യമന്ത്രിയെ കണ്ട് പറഞ്ഞു. സര്‍ക്കാര്‍ സഹായം അനുവദിക്കണമെന്നു കാണിച്ച് അദ്ദേഹം കത്തും നല്‍കി. എന്നാല്‍ വാര്‍ത്താവിതരണ വകുപ്പിന്റെ ഡയറക്ടര്‍ അനുകൂല തീരുമാനമെടുത്തില്ല. ചിത്രത്തില്‍ കടുത്ത ദാരിദ്ര്യമാണ് ചിത്രീകരിക്കുന്നതെന്നും രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍ക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. പഥേര്‍ പാഞ്ചലി ഒരു ഡോക്യുമെന്ററി ചിത്രമാണെന്നും അദ്ദേഹം തെറ്റിദ്ധരിച്ചിരുന്നു. രാജ്യം പുരോഗതിയിലേക്കു നീങ്ങുന്നതായി ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റിയെഴുതാനും അദ്ദേഹം റായിയോടു നിര്‍ദേശിച്ചു. 

 

അത്തരം ഒത്തുതീര്‍പ്പുകള്‍ക്കൊന്നും റായ് തയാറായിരുന്നില്ല. ഒരു ചലച്ചിത്രകാരന് യാഥാര്‍ഥ്യത്തിനു നേരെ കണ്ണടയ്ക്കാന്‍ കഴിയില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. വീണ്ടും ഇടപെട്ട മുഖ്യമന്ത്രി റോഡ് വികസനത്തിനുള്ള വായ്പയായാണ് പഥേര്‍ പാഞ്ചലിക്കുള്ള സഹായം അനുവദിച്ചത്. (പാതയുടെ പാട്ട് എന്നാണല്ലോ സിനിമയുടെ പേര്). സാമ്പത്തിക ഞെരുക്കത്തില്‍പ്പെട്ട് മൂന്നു വര്‍ഷത്തോളമാണ് ചിത്രീകരണം നീണ്ടുപോയത്. പക്ഷേ റായ് ഭാഗ്യവനായിരുന്നു. വീണ്ടും ചിത്രീകരണം തുടങ്ങിയപ്പോള്‍ അപുവിന്റെ ശബ്ദത്തിനു മാറ്റം സംഭവിച്ചിരുന്നില്ല. ദുര്‍ഗയില്‍ പ്രായത്തിന്റെ വളര്‍ച്ചയും അത്രയ്ക്കു പ്രകടമല്ലായിരുന്നു. ഇന്ദിര്‍ അമ്മായിയായി വേഷമിട്ട ചുനിബാല ദേവി അപ്പോഴും ജീവനോടെ ഉണ്ടായിരുന്നു എന്നതായിരുന്നു റായിയുടെ ഏറ്റവും വലിയ ആശ്വാസം. 

 

∙ ലോകസിനിമാഭൂപടത്തിലേക്ക് ഇന്ത്യയുടെ ‘പാത’

 

പുറംവാതില്‍ ചിത്രീകരണം എളുപ്പമല്ലെന്നു പറഞ്ഞ് പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും അതിനും റായ് വഴങ്ങിയില്ല. സ്റ്റുഡിയോകളിലായിരുന്നല്ലോ അന്നു സിനിമകള്‍ ചിത്രീകരിക്കപ്പെട്ടിരുന്നത്. സ്റ്റില്‍ ഫൊട്ടോഗ്രഫര്‍ മാത്രമായിരുന്ന 21 വയസ്സുകാരന്‍ സുബ്രത മിത്രയെ ആണ് ഛായാഗ്രാഹകനായി നിയോഗിച്ചത്. അതുവരെ മൂവി ക്യാമറ പ്രവര്‍ത്തിപ്പിച്ചിട്ടില്ലാത്ത മിത്രയുടെ ഫോട്ടോകളുടെ സൗന്ദര്യം റായിയെ ആകര്‍ഷിച്ചിരുന്നു. അങ്ങനെ ഒന്നര ലക്ഷം രൂപ ചെലവില്‍ ചിത്രം പൂര്‍ത്തിയായി. 

 

റിലീസ് ചെയ്തപ്പോള്‍ ആസ്വാദക സമൂഹം ചിത്രത്തെ ഏറ്റെടുത്തു. പണം മുടക്കിയ സര്‍ക്കാരിന് മുടക്കുമുതല്‍ മാത്രമല്ല, ലാഭവും കിട്ടി. പ്രധാനമന്ത്രി ജവാഹ ര്‍ലാല്‍ നെഹ്‌റുവിനു വേണ്ടി കൊല്‍ക്കത്തയില്‍ പ്രത്യേക പ്രദര്‍ശനം നടത്തി. സിനിമയില്‍ ആകൃഷ്ടനായ നെഹ്‌റുവാണ് 1956 ലെ കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനായി നിര്‍ദേശിച്ചത്. കാന്‍ മേളയില്‍ പുരസ്‌കാരം ലഭിച്ചതോടെ ഇന്ത്യന്‍ സിനിമയെ ലോകം ശ്രദ്ധിക്കാന്‍ തുടങ്ങി. 

തുടര്‍ന്ന് അപുവിനെ കേന്ദ്രകഥാപാത്രമാക്കി അപരാജിതോ, അപുര്‍ സന്‍സാര്‍ എന്നിങ്ങനെ രണ്ടു സിനിമകള്‍ കൂടി റായ് സംവിധാനം ചെയ്തു. ഇവയാണ് അദ്ദേഹത്തിന്റെ അപുത്രയം എന്നറിയപ്പെടുന്നത്. 

 

ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ ആദരം ഏറ്റുവാങ്ങിയ ആദ്യ ഇന്ത്യന്‍ ചലച്ചിത്രകാരനാണ് റായ്. ബ്രിട്ടിഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഫെലോഷിപ് അടക്കം ഒന്‍പതു സർവകലാശാലകളുടെ ഡി ലിറ്റ് ബിരുദങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചു. ഇന്ത്യയില്‍ ഒരു ചലച്ചിത്രകാരന് ലഭിക്കാവുന്ന പരമോന്നത ബഹുമതികളെല്ലാം സത്യജിത് റായ് നേടിയിട്ടുണ്ട്. ഇന്നും 100 വര്‍ഷത്തെ മികച്ച ലോകസിനിമകളുടെ പട്ടികയുണ്ടാക്കിയപ്പോള്‍ ഒരു ചലച്ചിത്ര നിരൂപകയ്ക്ക് ഇന്ത്യയില്‍നിന്ന് ഉള്‍പ്പെടുത്താന്‍ മറ്റൊരു ചിത്രമില്ല. അദ്ഭുതം, ആറര പതിറ്റാണ്ടു മുൻപെടുത്ത  ഈ ക്ലാസിക്കിനെ ആരും മറികടന്നില്ല. അത്രമേല്‍ ജീവിതത്തോടൊട്ടി നില്‍ക്കുന്ന കലാസൃഷ്ടികളെ മറികടക്കാന്‍ സാങ്കേതിക വിദ്യകളുടെ അദ്ഭുതങ്ങള്‍ക്കൊന്നും സാധ്യമല്ല. 

 

English Summary: Satyajit Ray's Pather Panchali is the Only Indian Film in Time Magazine's List Of 100 Best Movies