റഹ്മാനേക്കാൾ പ്രതിഫലം, താരസുന്ദരിമാരുടെ ബോയ്ഫ്രണ്ട്; കൊലവെറി മുതൽ കാവാലയ വരെ... അനിരുദ്ധ് എന്ന മാസ്സ്!
ഹിന്ദി, തമിഴ് സിനിമാലോകം ‘മുക്കാല മുക്കാബലാ’ പാടി റഹ്മാനിയ സംഗീതം കൊണ്ടാടുന്ന കാലത്ത് ഈ പയ്യൻസ് പിച്ചവച്ചു തുടങ്ങിയിട്ടേ ഉള്ളൂ. എന്നിട്ടും ഇപ്പോൾ എ.ആർ.റഹ്മാൻ സംഗീതത്തെ വരെ പിന്തള്ളിക്കൊണ്ട് ദക്ഷിണേന്ത്യയിൽ മാത്രമല്ല, അങ്ങു ബോളിവുഡിൽവരെ ട്രെൻഡ് സെറ്ററാകുകയാണ് അനിരുദ്ധ് രവിചന്ദർ എന്ന 32 വയസ്സുകാരൻ. കന്യാകുമാരി മുതൽ കശ്മീർ വരെയും കടലുകടന്നും കേട്ട കാവാലയാ.. കാവലയാ.. എന്ന ഹിറ്റ്ഗാനത്തിന്റെ മ്യൂസിക് മാസ്റ്റർ...; പത്തുകോടി വരെ പ്രതിഫലം പറ്റുന്ന സംഗീത സംവിധായകൻ, മ്യൂസിക് പ്രൊഡ്യൂസർ, ഗായകൻ... ദക്ഷിണേന്ത്യൻ താരസുന്ദരിമാരുടെ ബോയ്ഫ്രണ്ട്സ് ലിസ്റ്റിലെ ഹോട്ട് ആൻഡ് കൂൾ ചുള്ളൻ... ചേർത്തുവയ്ക്കാൻ അനിരുദ്ധിന് ഇപ്പോൾ വിശേഷണങ്ങളേറെ... അതിനേക്കാളുമേറെ അനിരുദ്ധ് നെഞ്ചോടു ചേർക്കുന്നൊരു മേൽവിലാസമുണ്ട്; അതു മറ്റൊന്നുമല്ല, സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ ബന്ധു എന്നതായിരിക്കും. രജനീകാന്തിന്റെ ഭാര്യയുടെ സഹോദരപുത്രനാണ് അനിരുദ്ധ്.
ഹിന്ദി, തമിഴ് സിനിമാലോകം ‘മുക്കാല മുക്കാബലാ’ പാടി റഹ്മാനിയ സംഗീതം കൊണ്ടാടുന്ന കാലത്ത് ഈ പയ്യൻസ് പിച്ചവച്ചു തുടങ്ങിയിട്ടേ ഉള്ളൂ. എന്നിട്ടും ഇപ്പോൾ എ.ആർ.റഹ്മാൻ സംഗീതത്തെ വരെ പിന്തള്ളിക്കൊണ്ട് ദക്ഷിണേന്ത്യയിൽ മാത്രമല്ല, അങ്ങു ബോളിവുഡിൽവരെ ട്രെൻഡ് സെറ്ററാകുകയാണ് അനിരുദ്ധ് രവിചന്ദർ എന്ന 32 വയസ്സുകാരൻ. കന്യാകുമാരി മുതൽ കശ്മീർ വരെയും കടലുകടന്നും കേട്ട കാവാലയാ.. കാവലയാ.. എന്ന ഹിറ്റ്ഗാനത്തിന്റെ മ്യൂസിക് മാസ്റ്റർ...; പത്തുകോടി വരെ പ്രതിഫലം പറ്റുന്ന സംഗീത സംവിധായകൻ, മ്യൂസിക് പ്രൊഡ്യൂസർ, ഗായകൻ... ദക്ഷിണേന്ത്യൻ താരസുന്ദരിമാരുടെ ബോയ്ഫ്രണ്ട്സ് ലിസ്റ്റിലെ ഹോട്ട് ആൻഡ് കൂൾ ചുള്ളൻ... ചേർത്തുവയ്ക്കാൻ അനിരുദ്ധിന് ഇപ്പോൾ വിശേഷണങ്ങളേറെ... അതിനേക്കാളുമേറെ അനിരുദ്ധ് നെഞ്ചോടു ചേർക്കുന്നൊരു മേൽവിലാസമുണ്ട്; അതു മറ്റൊന്നുമല്ല, സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ ബന്ധു എന്നതായിരിക്കും. രജനീകാന്തിന്റെ ഭാര്യയുടെ സഹോദരപുത്രനാണ് അനിരുദ്ധ്.
ഹിന്ദി, തമിഴ് സിനിമാലോകം ‘മുക്കാല മുക്കാബലാ’ പാടി റഹ്മാനിയ സംഗീതം കൊണ്ടാടുന്ന കാലത്ത് ഈ പയ്യൻസ് പിച്ചവച്ചു തുടങ്ങിയിട്ടേ ഉള്ളൂ. എന്നിട്ടും ഇപ്പോൾ എ.ആർ.റഹ്മാൻ സംഗീതത്തെ വരെ പിന്തള്ളിക്കൊണ്ട് ദക്ഷിണേന്ത്യയിൽ മാത്രമല്ല, അങ്ങു ബോളിവുഡിൽവരെ ട്രെൻഡ് സെറ്ററാകുകയാണ് അനിരുദ്ധ് രവിചന്ദർ എന്ന 32 വയസ്സുകാരൻ. കന്യാകുമാരി മുതൽ കശ്മീർ വരെയും കടലുകടന്നും കേട്ട കാവാലയാ.. കാവലയാ.. എന്ന ഹിറ്റ്ഗാനത്തിന്റെ മ്യൂസിക് മാസ്റ്റർ...; പത്തുകോടി വരെ പ്രതിഫലം പറ്റുന്ന സംഗീത സംവിധായകൻ, മ്യൂസിക് പ്രൊഡ്യൂസർ, ഗായകൻ... ദക്ഷിണേന്ത്യൻ താരസുന്ദരിമാരുടെ ബോയ്ഫ്രണ്ട്സ് ലിസ്റ്റിലെ ഹോട്ട് ആൻഡ് കൂൾ ചുള്ളൻ... ചേർത്തുവയ്ക്കാൻ അനിരുദ്ധിന് ഇപ്പോൾ വിശേഷണങ്ങളേറെ... അതിനേക്കാളുമേറെ അനിരുദ്ധ് നെഞ്ചോടു ചേർക്കുന്നൊരു മേൽവിലാസമുണ്ട്; അതു മറ്റൊന്നുമല്ല, സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ ബന്ധു എന്നതായിരിക്കും. രജനീകാന്തിന്റെ ഭാര്യയുടെ സഹോദരപുത്രനാണ് അനിരുദ്ധ്.
‘ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന സംഗീത സംവിധായകൻ ആരാണ്? ’ – ഗൂഗിൾ സെർച് എൻജിനിൽ ഈയൊരു ചോദ്യം ആവർത്തിക്കുന്ന നാളുകളിലൂടെയാണ് ഇന്ത്യൻ സിനിമാരംഗം കടന്നുപോകുന്നത്. ഇന്ത്യയ്ക്കാകെ അഭിമാനിക്കാനൊരു ഓസ്കർ പുരസ്കാരവും മുപ്പതു വർഷത്തിലേറെയായി ഇദയം നിറയ്ക്കുന്ന മാന്ത്രിക ഈണങ്ങളും സമ്മാനിച്ച സാക്ഷാൽ അല്ലാ രഖാ റഹ്മാൻ എന്ന എ.ആർ.റഹ്മാനിലെത്തും ഉത്തരങ്ങളെന്നു പ്രതീക്ഷിക്കുന്നവരെ ‘ഞെട്ടിക്കുക’യാണ് ഗൂഗിളിൽ തെളിയുന്ന വരികൾ.
‘എആർആർ’ എന്ന മൂന്നക്ഷരത്തിൽ നിന്ന് ‘എആർ’ എന്ന രണ്ടക്ഷരത്തിലേക്കാണീ ശ്രുതിമാറ്റം. എആർ അഥവാ അനിരുദ്ധ് രവിചന്ദർ. ഹിന്ദി – തമിഴ് സിനിമാലോകം ‘മുക്കാല മുക്കാബലാ’ പാടി റഹ്മാനിയ സംഗീത തരംഗത്തിൽ ത്രസിച്ചു തുടങ്ങിയ കാലത്തു പിച്ചവച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്ന ആ പയ്യൻസിന്റെ താളത്തിനൊപ്പമാണ് ‘മോസ്റ്റ് പെയ്ഡ് മ്യൂസിക് ഡയറക്ടർ’ എന്ന വിശേഷണം. ബോളിവുഡിലെ കിങ് ഖാൻ ഷാരൂഖ് ഖാനും തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ആറ്റ്‌ലിയും ഒരുമിച്ച ‘ജവാൻ’ സിനിമയിലെ ഗാനങ്ങളൊരുക്കാൻ അനിരുദ്ധ് 10 കോടി പ്രതിഫലം വാങ്ങിയതോടെയാണ് മദ്രാസിലെ മൊസാർട്ട് എന്ന വിളിപ്പേരുള്ള റഹ്മാനു രണ്ടാമനായി വഴിമാറേണ്ടി വന്നത്.
തമിഴ് സിനിമയിലെ ഒരേയൊരു ‘സൂപ്പർ സ്റ്റാർ’ രജനീകാന്ത് തന്നെയെന്നു തെളിയിച്ച ‘ജയിലറി’ലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് ഈണം പകർന്നു നൽകിയ തിളക്കത്തിനു പിന്നാലെയാണു 32 വയസ്സുകാരൻ അനിരുദ്ധിന്റെ പാൻ ഇന്ത്യ എൻട്രിക്കു ട്രാക്ക് ഒരുക്കി ജവാന്റെ വരവ്. ഇപ്പോൾ എ.ആർ റഹ്മാൻ സംഗീതത്തെ വരെ പിന്തള്ളിയതോടെ ദക്ഷിണേന്ത്യയിൽ മാത്രമല്ല, അങ്ങു ബോളിവുഡിൽ വരെ ട്രെൻഡ് സെറ്ററാകാനുള്ള തയാറെടുപ്പിലാണ്.
കന്യാകുമാരി മുതൽ കശ്മീർ വരെയും പിന്നെ കടലുകൾ കടന്നും അലയടിക്കുന്ന കാവാലയാ.. കാവാലയാ.. എന്ന ഹിറ്റ് ഗാനത്തിന്റെ മ്യൂസിക് മാസ്റ്റർ. മ്യൂസിക് പ്രൊഡ്യൂസർ, ഗായകൻ, ദക്ഷിണേന്ത്യൻ താരസുന്ദരിമാരുടെ ബോയ്ഫ്രണ്ട് ലിസ്റ്റിലെ ഹോട്ട് ആൻഡ് കൂൾ ചുള്ളൻ... ഇതിനൊപ്പം ചേർത്തുവയ്ക്കാൻ അനിരുദ്ധിന് ഇനി ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് മ്യുസിഷൻ’ എന്ന വിശേഷണവും കാത്തിരിക്കുന്ന നാളുകളാണ് മുന്നിൽ. അതുക്കും മേലെ അനിരുദ്ധ് നെഞ്ചോടു ചേർക്കുന്നൊരു മേൽവിലാസമുണ്ട്; അതു മറ്റൊന്നുമല്ല, സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ ബന്ധു എന്നതായിരിക്കും. രജനീകാന്തിന്റെ ഭാര്യ ലതയുടെ സഹോദര പുത്രനാണ് അനിരുദ്ധ്.
‘കാവാലയാ...’ എന്ന ഗാനത്തിനൊപ്പം താരസുന്ദരി തമന്ന ഭാട്ടിയ ചെയ്ത ഹോട്ട് നമ്പർ ഡാൻസ് ലോകമെമ്പാടുമുള്ള സംഗീതാരാധകരുടെ സിരകളെ ചൂടുപിടിപ്പിച്ചതിനു പിന്നിൽ അനിരുദ്ധിന്റെ മ്യൂസിക് മാജിക് തന്നെ. സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ സ്റ്റൈലൻ തിരിച്ചുവരവായി ദക്ഷിണേന്ത്യ കൊണ്ടാടിയ ‘ജയിലർ’ സിനിമയുടെ റെക്കോർഡ് വിജയത്തിന്റെ ക്രെഡിറ്റ് ചിത്രത്തിനു ‘ടൈഗർ കാ ഹുക്കും’ സംഗീതമൊരുക്കിയ അനിരുദ്ധിന്റേതുകൂടിയാണ്. അക്ഷരാർഥത്തിൽ തിയറ്ററുകൾ ഇളക്കിമറിക്കുകയായിരുന്നു അനിരുദ്ധിന്റെ ആ അഡാർ ബിജിഎം.
വെറുതെയല്ല ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലം പറ്റുന്ന സംഗീത സംവിധായകനായി അനിരുദ്ധ് മാറിയതും. അനിരുദ്ധിന്റെ പയ്യൻസ് എൻട്രി വിറളിപിടിപ്പിക്കുന്നത് എ.ആർ.റഹ്മാൻ ആരാധകരെയാണ്. സാക്ഷാൽ ഇളയരാജയെപ്പോലും വെല്ലുവിളിക്കാൻ പാകത്തിൽ ഒന്നിനുപിറകേ ഒന്നൊന്നായി ഹിറ്റ് നമ്പറുകളുടെ പെരുമ്പറ മുഴക്കിയ എ. ആർ. റഹ്മാന് അല്ലെങ്കിലും അടുത്തിടെയായി സിനിമാലോകത്ത് അത്ര നല്ല സമയമല്ല.
തന്റെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ ‘ഇന്ത്യൻ’ സിനിമയുടെ രണ്ടാം ഭാഗത്തിൽ നിന്നുപോലും ഒഴിവാക്കപ്പെട്ട നിലയിലാണു റഹ്മാൻ. ‘ടെലിഫോൺ മണി പോൽ സിരിപ്പവളും’ ‘പച്ചൈ കിളികൾ തോളോടും’ എല്ലാം ഒരുക്കിയ റഹ്മാൻ രണ്ടാം ‘ഇന്ത്യനി’ൽ നിന്നു വഴിമാറുമ്പോൾ തെളിയുന്നതും അനിരുദ്ധിന്റെ പേരും സമയവുമാണ്. ഇന്ത്യൻ–2 സംബന്ധിച്ച ആലോചനകൾ വന്നപ്പോൾ കമൽഹാസന്റെ ചോയ്സ് ആയി വന്നതു റഹ്മാന്റെ പേരായിരുന്നുവെന്നും പക്ഷേ, സംവിധായകൻ ഷങ്കർ താൽപര്യപ്പെട്ടതു അനിരുദ്ധിനെയാണെന്നുമാണു ടോളിവുഡിൽ നിന്നുള്ള പിന്നാമ്പുറ കഥകൾ.
എന്തായാലും പയ്യൻസ് 10 കോടി വാങ്ങാൻ തുടങ്ങിയതോടെ റഹ്മാനും പ്രതിഫലം 8 കോടിയിൽനിന്ന് 10 കോടിയായി ഉയർത്തിയെന്നാണ് കേൾക്കുന്നത്.
∙ തലവര മാറ്റിയത് കൊലവെറി; നമ്പർ വൺ വൈറൽ ഹിറ്റ്
രജനീകാന്തിന്റെ ഭാര്യ ലതാ രജനീകാന്തിന്റെ സഹോദര പുത്രനായ അനിരുദ്ധിന് സിനിമാസംഗീതലോകത്തേക്ക് കിട്ടിയത് അത്ര ഗ്രാൻഡ് എൻട്രിയൊന്നുമായിരുന്നില്ല. വളരെ അടുത്ത ബന്ധുവായിരുന്നിട്ടും അനിരുദ്ധിനു വേണ്ടി രജനികാന്ത് വക്കാലത്തു പറഞ്ഞിട്ടുമില്ല. പ്രതിഭയുണ്ടെങ്കിൽ ആരും തള്ളിമറിക്കേണ്ട കാര്യമില്ലെന്ന ലൈനായിരുന്നു രജനീകാന്തിന്, സ്വന്തം ജീവിതത്തിലും മറ്റുള്ളവരുടെ കാര്യത്തിലും.
രജനികാന്തിന്റെ മകൾ ഐശ്വര്യ സംവിധാനം ചെയ്ത ‘3’ എന്ന തമിഴ് സിനിമയ്‌ക്കുവേണ്ടി നടൻ ധനുഷ് തന്നെ എഴുതി, പാടിയ ‘വൈ ദിസ് കൊലവെറി കൊലവെറി ഡീ...’ എന്ന പാട്ടിലൂടെയാണ് അനിരുദ്ധിന്റെ സംഗീതം നാം ആദ്യം കേൾക്കുന്നത്. ‘‘ഒരു പാട്ടു വേണം. പ്രണയം തകർന്നു തരിപ്പണമായ യുവാവ് സങ്കടം സഹിക്കാതെ പാടുന്നതാണു കഥാസന്ദർഭം. നായകന് അല്ലറ ചില്ലറ ഇംഗ്ലിഷേ അറിയൂ. അതുവച്ച് അഡ്‌ജസ്‌റ്റ് ചെയ്‌തു വേണം പാടാൻ’’, അനിരുദ്ധിനോട് ഇത്രയുമേ സംവിധായിക ഐശ്വര്യ പറഞ്ഞുള്ളൂ.
പക്ഷേ, മിനിറ്റുകൾക്കുള്ളിൽ ട്യൂൺ റെഡി. നായിക ശ്രുതി ഹാസനും ധനുഷിനും ഐശ്വര്യയ്‌ക്കും ട്രാക്ക് കേൾപ്പിച്ചു. ട്രാക്ക് കേട്ടതും ധനുഷ് ഒകെ പറഞ്ഞു. സംഗതി കൊള്ളാമല്ലോ എന്ന് ഐശ്വര്യയ്ക്കും തോന്നി. അതോടെ ധനുഷ് ആ ഈണത്തിനൊത്തു വരികളെഴുതിയുണ്ടാക്കി. പാട്ടു കഴിഞ്ഞതും സ്‌റ്റുഡിയോയിലിരുന്നവരെല്ലാം കയ്യടിച്ചു. താന്‍ പറഞ്ഞ സന്ദർഭത്തിന് ഇതുപോലെ ചേർന്ന മറ്റൊരു പാട്ടില്ലെന്ന് ഐശ്വര്യയും. ആദ്യ കേൾവിയിൽ ‘അയ്യേ ഇത് എന്തോന്നു പാട്ട്’ എന്നു ചില പരമ്പരാഗത ചിന്താഗതിക്കാർക്കു തോന്നിയെങ്കിലും യൂത്തന്മാർ പാട്ട് ഏറ്റെടുത്തു. സോണി ഔദ്യോഗികമായിത്തന്നെ കൊലവെറി യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌തു.
ട്യൂണിനനുസരിച്ചു വരികളെഴുതി തയാറാക്കിയ ആ പാട്ട് 24 മണിക്കൂറിനുള്ളിൽ യൂട്യൂബിൽ നേടിയത് ഒരു ലക്ഷത്തിനടുത്തു ഹിറ്റ്. 12 വർഷമാകുമ്പോൾ യുട്യൂബിലെ ഔദ്യോഗിക ചാനലിൽ മാത്രം പാട്ട് കേട്ടത് 42 കോടി പേർ. 2011 ൽ ലോകമാകെ ഏറ്റവും വൈറൽ ഹിറ്റായ ഗാനമായി കൊലവെറി മാറി. ‘കൊലവെറി’ക്കു പിന്നാലെ തുടർച്ചയായി ഹിറ്റോടു ഹിറ്റുകൾ! ഹിറ്റുകളുടെ പെരുമഴ! പയ്യൻസിന്റെ പാട്ടുഗ്രാഫ് പിന്നെ പിടിച്ചാൽ കിട്ടാത്തത്ര ഉയരത്തിലെത്തി. അനിരുദ്ധ് സംഗീതത്തിന്റെ പുതിയ ബ്രാൻഡായി!
∙ ബിഎംഡബ്ല്യു വേണോ പോർഷെ വേണോ?
കൊലവെറി ഭാഗ്യത്തിനു ക്ലിക്കായതാണെന്നും കസിനായതുെകാണ്ട് ഐശ്വര്യ പാട്ടുകൊടുത്തതാണെന്നും കുന്നായ്മ പറഞ്ഞവരുടെ മുന്നിലേക്കു തുടർന്നും പിറന്നു വീണത് ഹിറ്റ് ഗാനങ്ങൾ. 2012 ൽ ഡേവിഡ്, എതിർനീച്ചൽ, 2013 ൽ വണക്കം ചെന്നൈ, ഇരണ്ടം ഉലകം, 2014 ൽ കത്തി, കാക്കി സട്ടൈ, മാരി തുടങ്ങിയ ചിത്രങ്ങൾക്കു സംഗീതമൊരുക്കി. തുടർന്ന് നാനും റൗഡിതാൻ, വിവേകം, റെമോ, വേതാളം എന്നീ ചിത്രങ്ങളിലെ സംഗീതവും ശ്രദ്ധിക്കപ്പെട്ടു. അറബിക്, തമിഴ് മിക്സ് മ്യൂസിക്കിൽ ഒരുക്കിയ ബീസ്റ്റിലെ ‘അറബിക് കുത്ത്’ ഗാനം റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ഒന്നരക്കോടിയിലേറെപ്പേരാണ് കണ്ടത്.
തെന്നിന്ത്യയിൽ ഏറ്റവും വേഗത്തിൽ 100 ദശലക്ഷം കാഴ്ചക്കാരെ നേടിയ ഗാനം എന്ന റെക്കോർഡും ഇതിനായിരുന്നു. അതിനു മുൻപ് ആ റെക്കോർഡ് സായ് പല്ലവിയും ധനുഷും ചുവടുവച്ച ‘റൗഡി ബേബി’ എന്ന ഗാനത്തിനായിരുന്നു. മാസ്റ്ററിലെ ‘വാത്തി’ ഗാനവും അനിരുദ്ധിന്റെ ഹിറ്റുകളിലൊന്നായി. കമൽഹാസൻ നായകനായ വിക്രമിന്റെ ബിജിഎം ആണ് അനിരുദ്ധിന്റെ തലവര വീണ്ടും മാറ്റിയത്. ഇതിൽ ഓരോ കഥാപാത്രത്തിനുമനുസരിച്ച് വ്യത്യസ്തമായ സംഗീതമാണ് അനിരുദ്ധ് ഒരുക്കിയത്.
ജയിലറിലെ ‘കാവാലയാ’ എന്ന ഗാനം അനിരുദ്ധിനെ വേറെ ലെവലിലെത്തിച്ചു എന്നു പറയാം. രജനീകാന്തിന്റെ തന്നെ പേട്ട, ദർബാർ എന്നീ ചിത്രങ്ങൾക്കും അനിരുദ്ധ് നേരത്തേ സംഗീതം നൽകിയിട്ടുണ്ട്. ജവാനിലൂടെ ബോളിവുഡിലേക്കു ഗ്രാൻഡ് എൻട്രി നടത്തിയ അനിരുദ്ധിന് ഇതിനകം ഒട്ടേറെ ഓഫറുകൾ ലഭിച്ചെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.
ജയിലർ സിനിമയുടെ റെക്കോർഡ് വിജയത്തിൽ സന്തോഷം പങ്കുവയ്ക്കാൻ നിർമാതാവ് കലാനിധി മാരൻ കഴിഞ്ഞദിവസം അനിരുദ്ധിന് ഒരു ബ്രാൻഡ് ന്യൂ പോർഷെ എസ്‌യുവി കാർ സമ്മാനിച്ചിരുന്നു. ബിഎംഡബ്ല്യു വേണോ പോർഷെ വേണോ എന്ന് അനിരുദ്ധിനോട് അഭിപ്രായം ചോദിച്ചിട്ടാണത്രേ കലാനിധി മാരൻ സമ്മാനം തിരഞ്ഞെടുത്തത്. അല്ലെങ്കിലും അനിരുദ്ധ് പണ്ടേ ഒരു വാഹനപ്രേമിയാണ്. വിദേശയാത്രകളിൽ ലംബോർഗിനി, ഫെറാറി കാറുകളോടാണ് കൂടുതൽ പ്രിയം.
∙ മരണമാസ് ബിജിഎം; ഫാൻസിന് ‘രോമാഞ്ചിഫിക്കേഷൻ’
സ്‌കൂളിൽ പഠിക്കുമ്പോൾ എ.ആർ.റഹ്‌മാനിൽനിന്ന് ‘ബെസ്‌റ്റ് ഇൻസ്‌ട്രുമെന്റലിസ്‌റ്റി’നുള്ള സമ്മാനം വാങ്ങിയിട്ടുണ്ട് അനിരുദ്ധ്. ലയോള കോളജിൽ ബികോം പഠിച്ചിരുന്ന കാലത്ത് ഐശ്വര്യയുടെ പത്തിലേറെ ഷോർട്ട് ഫിലിമുകൾക്ക് സംഗീതം ചെയ്‌തുകൊണ്ടായിരുന്നു അനിരുദ്ധിന്റെ തുടക്കം. സംഗീതജീവിതം രക്ഷപെട്ടില്ലെങ്കിൽ ഒരു ‘ബായ്ക്ക്അപ്’ എന്നാണ് ഇതിനെക്കുറിച്ച് അനിരുദ്ധ് പിന്നീട് പറഞ്ഞിട്ടുള്ളത്. പക്ഷേ, തന്റെ ആദ്യത്തെ സിനിമ വന്നപ്പോൾ അനിരുദ്ധിന് ഐശ്വര്യയുടെ വിളി എത്തി. ലണ്ടൻ ട്രിനിറ്റി മ്യൂസിക് കോളജിൽനിന്നു വെസ്‌റ്റേൺ ക്ലാസിക്കൽ പിയാനോ പഠിച്ചിട്ടുണ്ട് അനിരുദ്ധ്. കർണാടക സംഗീതം പഠിച്ചു, ചെന്നൈയിൽനിന്നു സൗണ്ട് എൻജിനീയറിങ്ങും പൂർത്തിയാക്കി; ഒരു കർണാടിക് ഫ്യൂഷൻ ടീമിൽ അംഗവുമായി.
റഹ്‌മാൻ ‘കൊലവെറി’ കേട്ട് ഇഷ്‌ടപ്പെട്ടതായി പറഞ്ഞപ്പോഴും സാക്ഷാൽ അമിതാഭ് ബച്ചൻ വരെ ‘കൊള്ളാം കൊലവെറി’യെന്ന് ട്വീറ്റ് ചെയ്തപ്പോഴും സ്വർഗം കിട്ടിയ സന്തോഷമായിരുന്നു അന്നു പയ്യൻസിന്. ആ കക്ഷിയാണ് ഇപ്പോൾ അതുക്കും മേലെ റഹ്മാനെയും കടത്തിവെട്ടി ‘ജവാൻ’ എന്ന പുതിയ ഷാറുഖ് ചിത്രത്തിലൂടെ ബോളിവുഡിൽ വരെ കാലുറപ്പിക്കുന്നത്. ലക്ഷക്കണക്കിന് ആരാധകരുള്ള അനിരുദ്ധ് ആരുടെ ആരാധകനാണെന്നു ചോദിച്ചാൽ നല്ല ഒന്നാന്തരം എ.ആർ.റഹ്മാൻ ഫാനാണെന്നു മറുപടി കിട്ടും. കുട്ടിക്കാലം മുതൽ സംഗീതമെന്നാൽ അനിരുദ്ധിന് റഹ്മാനാണ്.
1990 ഒക്ടോബർ 16ന് തമിഴ് നടൻ രവി രാഗവേന്ദ്രയുടെയും നർത്തകി ലക്ഷ്മിയുടെയും മകനായാണ് അനിരുദ്ധിന്റെ ജനനം. ഭാര്യയുടെ സഹോദരപുത്രനായതുകൊണ്ടു രജനീകാന്തിന് അനുരുദ്ധിനോട് ഒരു പ്രത്യേക വാൽസല്യമില്ലാതില്ല. എങ്കിലും ശുപാർശയുടെ പരിപാടിയില്ലെന്നു മാത്രം. രജനിയുടെ കടുത്ത ആരാധകനായ അനിരുദ്ധിന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രം ‘ബാഷ’യാണ്. ആരാധകരുടെ മനസ്സിൽ ഒരിക്കലും മായാത്ത ബാഷയെ മനസ്സിൽ സ്മരിച്ചായിരിക്കണം അനിരുദ്ധ് ജയിലറിന് സംഗീമൊരുക്കിയത്. തീയറ്ററിലെത്തുന്ന ജനത്തിന് ഒരു ഉൽസവമായിരിക്കണം ബിജിഎം എന്ന രജനിയുടെ കണക്കുകൂട്ടൽ പിഴച്ചില്ല. മാസ് ബിജിഎമ്മിൽ സ്റ്റൈൽ മന്നന്റെ മരണമാസ് എൻട്രി. ഫാൻസിന് രോമാഞ്ചിഫിക്കേഷന് മറ്റെന്തുവേണം!
∙ ഇന്ത്യൻ 2–വിൽ റഹ്മാനെ ഔട്ടാക്കിയോ അനിരുദ്ധ്?
വിക്രം സിനിമയുടെ പ്രമോഷൻ പരിപാടികൾക്കിടയിൽ നടൻ കമൽഹാസൻ അനിരുദ്ധിനെ വിശേഷിപ്പിച്ചത് ‘ദ് ചൈൽഡ് ഓഫ് ടെക്നോളജി’ എന്നാണ്. സംഗീതത്തെ സാങ്കേതികസംവിധാനങ്ങളുമായി സമന്വയിപ്പിക്കുന്നൊരു മാജിക് ഉണ്ട് അനിരുദ്ധിന്റെ പാട്ടുകളിൽ. ഉപകരണസംഗീതത്തിന്റെ മാസ്മരികത നിറഞ്ഞുനിൽക്കുന്നതാണ് ഓരോ കോംപോസിഷനും. കർണാടക സംഗീതം പഠിച്ചെങ്കിലും അനിരുദ്ധ് സംഗീതത്തിന്റെ പരമ്പരാഗത വഴികൾ വിട്ടാണു സഞ്ചരിക്കാറുള്ളത്. സംഗീതം ലഹരി പോലെ നുരഞ്ഞുപതയുന്ന അനുഭൂതിയായാണ് അനിരുദ്ധ് കാണുന്നത്. വിക്രം സിനിമയ്ക്കുവേണ്ടി ചിട്ടപ്പെടുത്തിയ ഈണങ്ങൾ കേട്ട് കമൽഹാസൻ പറഞ്ഞു; ‘‘വേഗതയാണ് അനിരുദ്ധിന്റെ പാട്ടുമുദ്ര. അസാമാന്യമായ വിധം കയ്യടക്കത്തോടെ അതിവേഗതയാർന്ന നോട്ടുകളാണ് അദ്ദേഹം കംപോസ് ചെയ്യുന്നത്. സാങ്കേതികമികവിനെ വേണ്ടവിധം പ്രയോജനപ്പെടുത്താനും അനിരുദ്ധിനു സാധിക്കുന്നു’’.
സാങ്കേതികതയും സംഗീതവും തമ്മിലുള്ള ഈ രസതന്ത്രം പാകപ്പെടുത്തുന്നതിലാണ് അനിരുദ്ധിന്റെ പാട്ടുകളുടെ വിജയഫോർമുല. അധികമാർക്കും അനുകരിക്കാനാകാത്ത സ്വതസിദ്ധമായ ശൈലിയിലാണ് അനിരുദ്ധ് പാട്ടുകൾ ഒരുക്കുക. പശ്ചാത്തല സംഗീതത്തിൽപോലും ഈ വ്യത്യസ്തത പ്രകടമാണ്. ചടുലതയാർന്ന സംഗീതം എന്നതാകാം യുവ ആസ്വാദകർക്കിടയിൽ അനിരുദ്ധിന് കയ്യടി നേടിക്കൊടുക്കുന്നത്. അതേസമയം ഒട്ടേറെ പിന്നണി സംഗീത ഉപകരണങ്ങൾ സമന്വയിപ്പിച്ചുകൊണ്ടുള്ള ഓർക്കസ്ട്രേഷനും പാട്ടുപശ്ചാത്തലത്തെ ഇമ്പമുള്ളതാക്കുന്നു.
എ.ആർ.റഹ്മാന് പകരക്കാരനായി ഇന്ത്യൻ 2വിന്റെ ചുമതല ഏൽപ്പിക്കപ്പെട്ട അനിരുദ്ധ് ഇതിനകം തന്നെ ചിത്രത്തിനു വേണ്ടി ട്രാക്കുകൾ തയാറാക്കി തുടങ്ങിയെന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന വിവരം. എന്തായാലും ‘ഇന്ത്യൻ’ ആദ്യ സിനിമയിലെ സംഗീതത്തിന്റെ ചുവടുപിടിച്ചായിരിക്കും ഇന്ത്യൻ 2–വിലെ സംഗീതവും. അങ്ങനെയെങ്കിൽ എ.ആർ.റഹ്മാൻ ഇന്ത്യൻ ഒന്നിൽ ചെയ്ത സംഗീതത്തിന്റെ പുതുമയാർന്ന വെർഷനായിരിക്കും അനിരുദ്ധ് ഇന്ത്യൻ 2–വിലുണ്ടാകുക.
കാലം മാറുന്നതിനനുസരിച്ച് യുവതലമുറയുടെ സംഗീതപ്രിയങ്ങളിലും മാറ്റം വരുന്നതിന്റെയും അവർ പുതുമ കേൾക്കാൻ ആഗ്രഹിക്കുന്നു എന്നതിന്റെയും സൂചനയായിരിക്കാം ഇത്. അതുകൊണ്ടായിരിക്കാം 2021നു ശേഷം മാസ്റ്റർ, ഡോക്ടർ, ബീസ്റ്റ്, ഡോൺ, വിക്രം തുടങ്ങി ഏറ്റെടുത്ത സിനിമകളിലെല്ലാം പാട്ടുകൾ സൂപ്പർഹിറ്റാക്കാൻ അനിരുദ്ധിനു സാധിച്ചത്. പാശ്ചാത്യ സംഗീതത്തിന്റെ സ്വാധീനം നിഴലിച്ചു നിൽക്കുമ്പോഴും ആലുമാ ഡോലുമാ... പോലെ വളരെ പ്രാദേശികമായ വാമൊഴിവഴക്കവും പാട്ടുകളിൽ ഇടകലർത്തി ഉപയോഗിക്കാറുണ്ട് അനിരുദ്ധ്.
∙ ഗേൾഫ്രണ്ട്സ് ധാരാളം; അനിരുദ്ധ് ‘സ്റ്റിൽ സിംഗിൾ’
വിരൽത്തുമ്പിൽ വിസ്മയസംഗീതം തീർക്കുന്ന അനിരുദ്ധിന് സിനിമാലോകത്തിനകത്തും ഒട്ടേറെ ആരാധകരുണ്ട്. ആരാധികമാരാണ് ഏറെയും. ദക്ഷിണേന്ത്യയിലെ പല താരസുന്ദരിമാരും അനിരുദ്ധുമായി ഡേറ്റിങ്ങിലാണെന്ന മട്ടിൽ പാപ്പരാസികൾ പറഞ്ഞുനടക്കാറുണ്ട്. നടി ആൻഡ്രിയ ജെറമിയയുടേതായിരുന്നു ആദ്യം കേട്ട പേരുകളിലൊന്ന്. പിന്നീട് കനേഡിയൻ ഗായിക ജോനിത ഗാന്ധിയും കീർത്തി സുരേഷുമായും അനിരുദ്ധ് പ്രണയത്തിലാണെന്ന വാർത്ത കേട്ടു. ഒരു അവാർഡ് നൈറ്റ് വേദിയിൽ, ജോനിത ഗാന്ധി അനിരുദ്ധിനെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നു പറഞ്ഞിരുന്നത്രേ. ‘അറബിക് കുത്ത്’ ഉൾപ്പെടെയുള്ള ചില ഗാനങ്ങളിൽ അനിരുദ്ധിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട് ജോനിത.
എന്നാൽ താൻ ഇപ്പോഴും ‘സിംഗിളാ’ണെന്നും ആരുമായും ‘കമ്മിറ്റഡ്’ അല്ലെന്നും സിനിമ മേഖലയിലെ പല താരങ്ങളുമായും നല്ല സൗഹൃദമുണ്ടെന്നുമാണ് അനിരുദ്ധ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. നടന്മാർക്കൊപ്പം ചേർത്തുള്ള ഗോസിപ്പുകൾ സർവസാധാരണമാണെങ്കിലും സംഗീതസംവിധായകനൊപ്പം സുന്ദരിമാരുടെ പേരു ചേർത്തുകേൾക്കുന്നതിലെ അപൂർവതയിൽ ചില പ്രമുഖ നടന്മാർക്ക് അൽപം അസൂയയുണ്ടെന്നും അടക്കംപറച്ചിലുമുണ്ട്. പറഞ്ഞിട്ടെന്താ കാര്യം! അല്ലെങ്കിലും പാട്ടുകാരന്മാരോട് പണ്ടേ പെൺകുട്ടികൾക്ക് അൽപം ഇഷ്ടക്കൂടുതലുണ്ടാകാതിരിക്കുമോ?
സംഗീതത്തിന്റെ അവസാന വാക്ക് എ.ആർ.റഹ്മാനാണെന്നു കരുതുന്ന തൊണ്ണൂറുകളിലെ തലമുറയെ തന്റെ സംഗീതത്തിലേക്കു വലിച്ചടുപ്പിക്കാൻ കഴിയുന്നൊരു കാന്തികത അനിരുദ്ധിന്റെ പാട്ടീണങ്ങളിൽ ഒളിഞ്ഞിരിപ്പുണ്ട്. ഇളയരാജയുടെ സംഗീതം കേട്ടുശീലിച്ചവർക്ക് ഒരുപക്ഷേ അനിരുദ്ധിന്റെ സംഗീതം ഇഷ്ടപ്പെടണമെന്നു നിർബന്ധമില്ല. ഇളയരാജയ്ക്കു ശേഷം എ.ആർ.റഹ്മാൻ സിനിമാസംഗീതലോകത്ത് ചുവടുറപ്പിച്ചപ്പോഴും ഇതേ പോലെയുള്ള അഭിപ്രായവ്യത്യാസങ്ങൾ ആരാധകർക്കിടയിലുണ്ടായിരുന്നു. ‘ഇളയരാജ സ്കൂൾ’ ആണു കൂടുതൽ കേമമെന്നു ചിലർ വാദിച്ചപ്പോൾ ചെറുപ്പക്കാർ റഹ്മാൻ സംഗീതത്തിനൊപ്പം തുള്ളി.
ഇന്ന് കുറച്ചുകൂടി ചെറുപ്പമാർന്ന ഇളംതലമുറ എത്തിക്കഴിഞ്ഞു. അവരെ തുള്ളിക്കാനും ചുവടു വയ്പിക്കാനും റഹ്മാൻ ഈണങ്ങൾ പോരെന്നായിരിക്കുന്നു. അവർക്കുവേണ്ടത് ഷോക്കടിപ്പിക്കുന്ന ഇലക്ട്രിക് സംഗീതമാണ്. ആ ചേരുവയുടെ മാന്ത്രികക്കൂട്ട് അനിരുദ്ധിനറിയാം. കാലം ഇളയരാജയിൽനിന്ന് റഹ്മാനിലേക്കു സഞ്ചരിച്ചതുപോലെ പുതിയകാലം റഹ്മാനിൽനിന്ന് അനിരുദ്ധിലേക്കു സഞ്ചരിക്കുന്നതിൽ എന്ത് അദ്ഭുതം!
∙ പിന്നാമ്പുറം
പാട്ട് ഹിറ്റാക്കുന്ന കാര്യത്തിൽ മാത്രമല്ല, എ.ആർ.റഹ്മാൻ ഇപ്പോൾ അനിരുദ്ധിന് മുന്നിൽ വലഞ്ഞിരിക്കുന്നത്. പാടുന്നതിലും റഹ്മാനെ മറികടക്കാനുള്ള മട്ടിലാണ് അനിരുദ്ധിന്റെ വളർച്ച. രജനി ചിത്രം ജയിലർ മ്യൂസിക് ലോഞ്ചിൽ അനിരുദ്ധ് പാടിത്തകർത്ത ‘ടൈഗർ കാ ഹുക്കും’ ഗാനം യൂട്യൂബിൽ അരങ്ങ് തകർക്കുകയാണിപ്പോൾ. പാട്ടിന്റെ താളവും അതിലെ അനിരുദ്ധിന്റെ പ്രസരിപ്പും ചേർന്നു വല്ലാത്തൊരു ആവേശമാണ് ആ വിഡിയോ സമ്മാനിക്കുന്നത്.
അതേസമയം, തമിഴ്നാട്ടിൽ ഇടവേളയ്ക്കു ശേഷം സ്റ്റേജ് ഷോയുമായെത്തി വിവാദത്തിന്റെ പുലിവാൽ പിടിച്ചിരിക്കുകയാണ് റഹ്മാൻ. ചെന്നൈയിലെ ഷോ മഴയെടുത്തെങ്കിൽ കോയമ്പത്തൂരിലെ ഷോ സുരക്ഷാ പ്രശ്നങ്ങളുടെ പേരിലാണ് ആരാധകരുടെ പരാതി കേട്ടത്. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയൊരുക്കുന്നതിൽ വന്ന വീഴ്ചയുടെ പേരിൽ റഹ്മാനു ക്ഷമാപണം നടത്തേണ്ടിവന്നിരിക്കുകയാണ്. ഈ പ്രശ്നത്തിൽ അന്വേഷണവും തുടങ്ങിക്കഴിഞ്ഞു.
English Summary: Anirudh Ravichander, an AR Rahman fanboy, is Spreading his Wings into Bollywood after a Dream Run in the South Indian Film Music Industry