‘കാണാപ്പൊന്നു’മായി യേശുദാസ് വന്നുകയറിയ രാത്രികൾ!– രവി മേനോൻ എഴുതുന്നു...
പല്ലവിയിൽനിന്ന് അനുപല്ലവിയിലേക്കുള്ള യാത്രാമധ്യേ കൈവിട്ടുപോയ മനോഹരമായ ഒരു ഗാനം പോലെയായിരുന്നു പത്തുവയസ്സുകാരന് ആ സ്വപ്നം. തെല്ലും നിനച്ചിരിക്കാതെ ഒരു സന്ധ്യയ്ക്ക് ശുഭ്രവസ്ത്രധാരിയായി വയനാട്ടിലെ വീട്ടിൽ കയറിവരുന്ന യേശുദാസ്. ഇന്നത്തെ പോലെ സമൃദ്ധമായ താടിയില്ല. ക്ലീൻ ഷേവ് ചെയ്ത മുഖം. സിനിമാമാസികകളിലും പത്രങ്ങളിലും മറ്റും കണ്ടു പരിചയിച്ചത് ആ മുഖമാണല്ലോ. അച്ഛനുമമ്മയും വല്യമ്മയും ചേർന്ന് വിടർന്ന ചിരിയോടെ സ്വീകരിക്കുന്നു പ്രിയഗായകനെ. പൂമുഖത്തിരുന്ന് കൊണ്ടുപിടിച്ച ചർച്ചയാണ് പിന്നെ. ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധവും നക്സലൈറ്റ് ആക്രമണവുമൊക്കെ കടന്നുവരുന്നുണ്ട് സംസാരത്തിൽ. വാതിൽപ്പാളിയിൽ തിരുപ്പിടിച്ചുകൊണ്ട് എല്ലാം ഒളിഞ്ഞുകേട്ട് ലജ്ജാനമ്രമുഖനായി പതുങ്ങി നിൽക്കുന്നു അഞ്ചാം ക്ലാസുകാരൻ ഞാൻ. ഇടയ്ക്കെപ്പോഴോ അച്ഛന്റെ വിളി: ‘‘ബടെ വാടോ.. നിനക്ക് യേശ്വാസിനെ കാണണ്ടേ?’’ എന്നിട്ട് തിരിഞ്ഞ് യേശുദാസിനെ നോക്കി ഒരു പരിചയപ്പെടുത്തൽ:

പല്ലവിയിൽനിന്ന് അനുപല്ലവിയിലേക്കുള്ള യാത്രാമധ്യേ കൈവിട്ടുപോയ മനോഹരമായ ഒരു ഗാനം പോലെയായിരുന്നു പത്തുവയസ്സുകാരന് ആ സ്വപ്നം.
തെല്ലും നിനച്ചിരിക്കാതെ ഒരു സന്ധ്യയ്ക്ക് ശുഭ്രവസ്ത്രധാരിയായി വയനാട്ടിലെ വീട്ടിൽ കയറിവരുന്ന യേശുദാസ്. ഇന്നത്തെ പോലെ സമൃദ്ധമായ താടിയില്ല. ക്ലീൻ ഷേവ് ചെയ്ത മുഖം. സിനിമാമാസികകളിലും പത്രങ്ങളിലും മറ്റും കണ്ടു പരിചയിച്ചത് ആ മുഖമാണല്ലോ. അച്ഛനുമമ്മയും വല്യമ്മയും ചേർന്ന് വിടർന്ന ചിരിയോടെ സ്വീകരിക്കുന്നു പ്രിയഗായകനെ.
പൂമുഖത്തിരുന്ന് കൊണ്ടുപിടിച്ച ചർച്ചയാണ് പിന്നെ. ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധവും നക്സലൈറ്റ് ആക്രമണവുമൊക്കെ കടന്നുവരുന്നുണ്ട് സംസാരത്തിൽ. വാതിൽപ്പാളിയിൽ തിരുപ്പിടിച്ചുകൊണ്ട് എല്ലാം ഒളിഞ്ഞുകേട്ട് ലജ്ജാനമ്രമുഖനായി പതുങ്ങി നിൽക്കുന്നു അഞ്ചാം ക്ലാസുകാരൻ ഞാൻ. ഇടയ്ക്കെപ്പോഴോ അച്ഛന്റെ വിളി: ‘‘ബടെ വാടോ.. നിനക്ക് യേശ്വാസിനെ കാണണ്ടേ?’’ എന്നിട്ട് തിരിഞ്ഞ് യേശുദാസിനെ നോക്കി ഒരു പരിചയപ്പെടുത്തൽ: ‘‘ഓൻ നിങ്ങള്ടെ ആളാ. യേശ്വാസിന്റെ പാട്ട് കേൾക്കാതെ ഒറക്കം വരില്യ ചെക്കന്...’’
നിങ്ങള്ടെ ആൾ. ശരിക്കും ഇഷ്ടപ്പെട്ടു ആ പ്രയോഗം. അച്ഛനറിയാമല്ലോ യേശുദാസിന്റെ പാട്ടുകളോടുള്ള എന്റെ സ്നേഹവും ആരാധനയും. തെല്ലൊരു സങ്കോചത്തോടെ മെല്ലെ അടുത്തുചെന്നപ്പോൾ യേശുദാസ് എന്നെ സ്നേഹപൂർവം ചേർത്തുനിർത്തി. എന്നിട്ട് തലമുടിയിലൂടെ പതുക്കെ വിരലോടിച്ചുകൊണ്ട് ചോദിച്ചു: ‘‘എന്താ മോന് വേണ്ടത്? മൈസൂർ പാക്കൊന്നും കൊണ്ടുവന്നില്ലല്ലോ...’’
മധുരപലഹാരങ്ങളോട് ഉള്ളിൽ വലിയ ഭ്രമമുള്ള കാലമാണ്; ഇന്നത്തെ പോലെത്തന്നെ. അതാവാം ആ നിമിഷം ഗന്ധർവശബ്ദത്തിൽ തെല്ലും നിനച്ചിരിക്കാതെ മൈസൂർ പാക്ക് രംഗത്ത് അവതരിച്ചത്.
‘‘ഇനിക്കൊരു പാട്ട് പാടിത്തരുമോ?’’ അച്ഛനേയും അമ്മയേയും ഇടംകണ്ണിട്ടു നോക്കി, പതിഞ്ഞ ശബ്ദത്തിൽ എന്റെ ചോദ്യം. ‘‘പാടാലോ’’ എന്ന് ചിരിച്ചുകൊണ്ട് യേശുദാസിന്റെ മറുപടി. ‘‘ഏതാ മോനിഷ്ടമുള്ള പാട്ട്?’’
ഇത്തവണ തെല്ലും സംശയിച്ചുനിൽക്കാതെ സ്വപ്നത്തിലെ സ്കൂൾ കുട്ടി ഇഷ്ടഗാനം വെളിപ്പെടുത്തുന്നു: ‘‘കടലിനക്കരെ പോണോരെ കാണാപ്പൊന്നിന് പോണോരെ...’’ ചെമ്മീനിലെ ആ പാട്ട് ഗൃഹാതുര ലഹരിയായി ഉള്ളിലുണ്ട് അന്നേ.
വാത്സല്യം കലർന്ന ചിരിയോടെ കുട്ടിയാരാധകന്റെ പ്രിയഗാനം പാടാൻ തയാറെടുക്കുകയാണ് യേശുദാസ്. കാതു കൂർപ്പിച്ച് തൊട്ടരികെ ഞാനും. പാട്ട് തുടങ്ങിയതും ഒരു പരുക്കൻ ശബ്ദം അന്തരീക്ഷത്തിൽ വന്നു നിറഞ്ഞതും ഒപ്പം: ‘‘ഇതെന്താ ഇന്ന് സ്കൂളിൽ പോണ്ടേ? നട്ടുച്ച വരെ കിടന്നുറങ്ങിയാൽ മതിയോ...?’’
ഒന്നും പിടികിട്ടിയില്ല. ശരീരത്തിൽ ആരോ പിടിച്ചുകുലുക്കുന്നതു പോലെ. പാട്ടാണ് ആദ്യം മാഞ്ഞത്; പിന്നാലെ പാട്ടുകാരനും. കണ്ണ് തിരുമ്മിയെണീറ്റപ്പോൾ മുന്നിൽ അച്ഛന്റെ മുഖം മാത്രം. മൂടിപ്പുതച്ചു കിടന്ന പുതപ്പ് വലിച്ചുമാറ്റി എഴുന്നേൽക്കാൻ ആജ്ഞാപിക്കുന്ന അച്ഛൻ.
നിമിഷാർദ്ധമേ വേണ്ടിവന്നുള്ളൂ, കണ്ടതൊരു സ്വപ്നമാണെന്നു തിരിച്ചറിയാൻ. ഒരിക്കലും അവസാനിക്കരുതേ എന്ന് മോഹിച്ച മധുരസ്വപ്നം. അന്നനുഭവിച്ച നിരാശയുടെ, ദുഃഖത്തിന്റെ ആഴം ആരെ, എങ്ങനെ പറഞ്ഞു മനസ്സിലാക്കാൻ? മുറിഞ്ഞുപോയ ആ സ്വപ്നത്തിന്റെ നിരാശയിൽ പകൽ മുഴുവൻ ക്ലാസിൽ നിശ്ശബ്ദനായി ഇരുന്നതോർമയുണ്ട്.
ചില സ്വപ്നങ്ങൾ അങ്ങനെയാണ്; ഇടയ്ക്കുവച്ച് മുറിഞ്ഞുപോയാലും അവ ഓർമയിൽ പുനർജനിച്ചുകൊണ്ടിരിക്കും. ഒരുപക്ഷേ ജീവിതത്തിലെന്നെങ്കിലും യാഥാർഥ്യമാകാൻ വേണ്ടി ആ കിനാവിന്റെ ക്ലൈമാക്സ് ദൈവം കാത്തുവച്ചതുമാകാം.
വിധിനിയോഗമെന്നോണം ആ ‘ക്ലൈമാക്സ്’ യഥാർഥ ജീവിതത്തിൽ എന്നെ തേടിയെത്തിയത് വർഷങ്ങൾക്കു ശേഷം അപ്രതീക്ഷിതമായ ഒരു ഫോൺ കോളിന്റെ രൂപത്തിലാണ്. രാത്രിയുടെ അന്ത്യയാമങ്ങളിൽ വന്ന കോൾ. ആ സമയത്ത് ഫോണ്‍ ശബ്ദിക്കുമ്പോൾ പേടിക്കണം. ദൂരെയെങ്ങോ ഏറ്റവും വേണ്ടപ്പെട്ടവരിൽ ആരെങ്കിലും രോഗബാധിതരായി കഴിയുന്നുണ്ടെങ്കിൽ പ്രത്യേകിച്ചും.
ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്ന് ഫോണെടുത്തത് അജ്ഞാതമായ ഉൾഭയത്തോടെയാണ്. മൊബൈലിന്റെ ഡിസ്പ്ലേ സ്ക്രീനിൽ അപരിചിതമായ ഏതോ നമ്പർ. വിദേശത്തുനിന്നാണെന്നു തോന്നുന്നു. ആരെങ്കിലും നമ്പർ മാറി വിളിച്ചതാകുമോ? ഉറക്കച്ചടവോടെതന്നെ കട്ടിലിൽ എഴുന്നേറ്റിരുന്നു, ‘ഹലോ’ പറഞ്ഞപ്പോൾ അപ്പുറത്ത് പ്രഭാ യേശുദാസ്.
മൂന്നു മണിക്ക് വിളിച്ചുണർത്തിയതിൽ ക്ഷമ ചോദിച്ചുകൊണ്ട് പ്രഭച്ചേച്ചി പറഞ്ഞു: ‘‘ന്യൂയോർക്കിൽനിന്നാണ് വിളിക്കുന്നത്. ദാസേട്ടൻ ഇവിടെ ഒരു പരിപാടിയിൽ പങ്കെടുക്കുകയാണ്. പെട്ടെന്ന് സദസ്സിൽനിന്നൊരു റിക്വസ്റ്റ് വന്നു, ‘കടലിനക്കരെ പോണോരെ’ പാടണംന്ന്. നിർഭാഗ്യവശാൽ അതിന്റെ ലിറിക്സ് കയ്യിലില്ല. പാടാൻ ഉദ്ദേശിച്ചു വന്നതല്ലല്ലോ. ആ പാട്ടിന്റെ ചരണത്തിലെ വരികൾ ഒന്ന് ഓർമയിൽനിന്ന് പറഞ്ഞു തരുമോ? ഞാൻ ദാസേട്ടന് ഫോണ്‍ കൊടുക്കാം.’’
സത്യത്തിനും മിഥ്യയ്ക്കുമിടയിലെ നേർത്ത നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്നു അപ്പോൾ എന്റെ മനസ്സ്. ഈശ്വരാ ഇതൊരു സ്വപ്നമായിരിക്കുമോ? ‘‘മോനേ നിനക്ക് ഓർമയുണ്ടോ ചെമ്മീനിലെ ആ പാട്ട്?’’ അപ്പുറത്ത് ഗന്ധർവശബ്ദം മുഴങ്ങുന്നു. ഉറക്കച്ചടവിനിടിയിലും ഓർമയിൽനിന്ന് പാട്ടിന്റെ വരികൾ ചൊല്ലിക്കൊടുത്തപ്പോൾ ദാസേട്ടൻ ചിരിച്ചുകൊണ്ട് ചോദിച്ചു: ‘‘ഊണിലും ഉറക്കത്തിലും നിനക്ക് ഇതുതന്നെയാണ് ചിന്ത, അല്ലേ? ഇവിടെ വൈകിട്ട് ആറു മണിയാവാറായി. അവിടെ വെളുപ്പാൻ കാലം ആയിട്ടുണ്ടാകും. ഇനി സുഖമായി ഉറങ്ങിക്കോ. ഇപ്പോഴൊന്നും എഴുന്നേൽക്കണ്ട..’’
യാത്ര പറഞ്ഞു സംഗീതവേദിയിലേക്കു മടങ്ങിപ്പോകുന്നു യേശുദാസ്. ഞാനാകട്ടെ, സംഭവിച്ചതൊന്നും മിഥ്യയല്ല, യാഥാർഥ്യമാണെന്ന് സ്വയം ബോധ്യപ്പെടുത്തിയ ശേഷം തിരികെ കിടക്കയിലേക്കും.
പക്ഷേ എങ്ങനെ ഉറക്കം വരാൻ?
ഓർക്കുകയായിരുന്നു, ഈ ശബ്ദത്തിന്റെ ഉടമ ഒരു സങ്കൽപം മാത്രമാണെന്നു ധരിച്ചിരുന്ന കാലത്തെ കുറിച്ച്. റേഡിയോയിലെ ചലച്ചിത്രഗാന പരിപാടികളിലൂടെയും ഉയരമുള്ള മരങ്ങളിലും മുളങ്കമ്പുകളിലും വലിച്ചു കെട്ടിയ കോളാമ്പികളിലൂടെയും കാറ്റിൽ ഒഴുകിയെത്തുന്ന ഒരു ശബ്ദം മാത്രമായിരുന്നു കുട്ടിക്കാലത്ത് എനിക്ക് യേശുദാസ്. ഞങ്ങളുടെ എസ്റ്റേറ്റിലെ ഏറ്റവും ഉയർന്ന പ്രദേശമായ കാപ്പക്കുന്നിന്റെ മുകളിൽ കയറി നിന്നാൽ അങ്ങ് ദൂരെ ചെമ്പ്ര പീക്കിൽ തട്ടി ചിന്നിച്ചിതറി വരുന്ന യേശുദാസിനെ കേൾക്കാം: ‘സുഖമെവിടെ ദുഃഖമെവിടെ’, ‘സ്വർഗപുത്രീ നവരാത്രീ’, ‘മദം പൊട്ടി ചിരിക്കുന്ന മാനം...’
അറുപതിലെത്തിയപ്പോഴും എഴുപതും എൺപതും തികഞ്ഞപ്പോഴും യേശുദാസിനെ കുറിച്ചെഴുതി; ഇപ്പോഴിതാ ശതാഭിഷിക്തനാകുമ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു.
പത്രപ്രവർത്തകനായ ശേഷം പന്തിനും പാട്ടിനും പിറകെയുള്ള അലച്ചിലിന്റെ കാലത്താണ് യേശുദാസിനെ ആദ്യം നേരിൽ കാണുന്നത്; അമ്പതു വയസ്സ് തികഞ്ഞ ദാസിന്റെ പ്രിയപ്പെട്ട പത്തു ഗാനങ്ങൾ തിരഞ്ഞെടുത്തുകൊണ്ട് അന്ന് ജോലി ചെയ്തിരുന്ന പത്രത്തിന്റെ വാരാന്ത്യത്തിൽ ഒരു ലേഖനം എഴുതി ഏറെക്കഴിയും മുൻപ്. കോഴിക്കോട്ടെ മുല്ലശേരിയിൽ വച്ച് എന്റെ സാന്നിധ്യത്തിൽ ആ ലേഖനമടങ്ങിയ പത്രം ആരോ എടുത്തു കയ്യിൽ കൊടുത്തപ്പോൾ, കൃത്രിമ ഗൗരവത്തോടെ മുഖത്തു നോക്കി യേശുദാസ് ചോദിച്ചു: ‘‘ആരാ എനിക്ക് 50 വയസ്സായെന്ന് നിന്നോട് പറഞ്ഞത്? കണ്ടാൽ തോന്നുമോ?’’
വരണ്ട തൊണ്ടയുമായി പകച്ചു നിന്നു ഞാൻ. എന്റെ അമ്പരപ്പ് കണ്ടു സഹതാപം തോന്നിയിട്ടാവണം, അദ്ദേഹം പറഞ്ഞു: ‘‘നന്നായി. കുറേ മഹാന്മാരായ ഗാനരചയിതാക്കളുടെയും സംഗീത സംവിധായകരുടെയും സംഭാവനകളെ കുറിച്ചും അതിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ. അതാണ് വലിയ കാര്യം.’’
അറുപതിലെത്തിയപ്പോഴും എഴുപതും എൺപതും തികഞ്ഞപ്പോഴും യേശുദാസിനെ കുറിച്ചെഴുതി; ഇപ്പോഴിതാ ശതാഭിഷിക്തനാകുമ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു. എത്ര എഴുതിയാലും മതിവരാത്ത അനുഭവമായി, പകരം വയ്ക്കാനില്ലാത്ത അനുഭൂതിയായി ഉള്ളിൽ ജ്വലിച്ചു നിൽക്കുന്നു യേശുദാസ്; ഈ എൺപത്തിനാലാം വയസ്സിലും.
ഇതെന്തൊരു യേശുദാസ് ഭ്രാന്ത് എന്ന് അന്തം വിടുന്നുണ്ടാകും ചിലരെങ്കിലും. പരാതിയില്ല. ഈ ഭ്രാന്താണല്ലോ എന്നെ ഞാനാക്കിയത്; സ്വപ്നതുല്യമായ പാട്ടുവഴികളിലൂടെ സ്നേഹപൂർവം കൈപിടിച്ചു നടത്തിയതും.
(സംഗീതഗവേഷകനും മാധ്യമ പ്രവർത്തകനുമാണ് ലേഖകൻ)