ഗന്ധർവന്റെ പ്രിയപ്പെട്ട അനന്തപുരി: വേളിയിൽ ‘വിരിഞ്ഞ’ രതിനിർവേദം, തകര, പ്രയാണം..: ‘എങ്ങനെ മറക്കും ആ മ്യൂസിയം രാത്രികൾ!’
കേരളത്തിന്റെ തലസ്ഥാനം. എത്രയോ സിനിമകളുടെ ചിത്രീകരണത്തിന് വേദിയായ ഇടം. എന്നാൽ മലയാളത്തിന്റെ പ്രിയപ്പെട്ട പത്മരാജന്റെ ഒട്ടേറെ സിനിമകളുടെ കഥയും തിരക്കഥയും ഇവിടെയാണ് പിറന്നതെന്ന് എത്ര പേർക്ക് അറിയാം. മദിരാശിയെ സിനിമയുടെ തലസ്ഥാനമായി കണ്ടു, ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവര്‍ കുടിയേറിയപ്പോഴും പത്മരാജൻ മാറിനിന്നു. പിതാവിന് തിരുവനന്തപുരത്തിനോടുള്ള ഇഷ്ടമായിരുന്നു ഇതിനു പിന്നിലെന്നു പറയുന്നു അദ്ദേഹത്തിന്റെ മകൻ അനന്തപത്മനാഭൻ. പിതാവിന് പ്രിയപ്പെട്ട തലസ്ഥാനത്തെ ഇടങ്ങളെ കുറിച്ചും അച്ഛനൊപ്പം തലസ്ഥാനത്തിലൂടെ സഞ്ചരിച്ച ഇടങ്ങളെ കുറിച്ചുമെല്ലാം മകൻ ഓർത്തെടുക്കുന്നു. അതിൽ, അച്ഛൻ സംവിധാന തിരക്കുകളിൽ പെടുന്നത് വരെയും തുടർന്നിരുന്ന മ്യൂസിയം രാത്രിയാത്രയുണ്ട്, സ്വന്തം ചേട്ടന്റെ മരണമുണ്ട്, ചലച്ചിത്ര യാത്രകളുണ്ട്, നിറയെ രസമുള്ള ഓർമകളുണ്ട്. അനന്തപത്മനാഭന്റെതന്നെ വാക്കുകളിലൂടെ ആ ഓർമകളിലേക്ക്...
കേരളത്തിന്റെ തലസ്ഥാനം. എത്രയോ സിനിമകളുടെ ചിത്രീകരണത്തിന് വേദിയായ ഇടം. എന്നാൽ മലയാളത്തിന്റെ പ്രിയപ്പെട്ട പത്മരാജന്റെ ഒട്ടേറെ സിനിമകളുടെ കഥയും തിരക്കഥയും ഇവിടെയാണ് പിറന്നതെന്ന് എത്ര പേർക്ക് അറിയാം. മദിരാശിയെ സിനിമയുടെ തലസ്ഥാനമായി കണ്ടു, ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവര്‍ കുടിയേറിയപ്പോഴും പത്മരാജൻ മാറിനിന്നു. പിതാവിന് തിരുവനന്തപുരത്തിനോടുള്ള ഇഷ്ടമായിരുന്നു ഇതിനു പിന്നിലെന്നു പറയുന്നു അദ്ദേഹത്തിന്റെ മകൻ അനന്തപത്മനാഭൻ. പിതാവിന് പ്രിയപ്പെട്ട തലസ്ഥാനത്തെ ഇടങ്ങളെ കുറിച്ചും അച്ഛനൊപ്പം തലസ്ഥാനത്തിലൂടെ സഞ്ചരിച്ച ഇടങ്ങളെ കുറിച്ചുമെല്ലാം മകൻ ഓർത്തെടുക്കുന്നു. അതിൽ, അച്ഛൻ സംവിധാന തിരക്കുകളിൽ പെടുന്നത് വരെയും തുടർന്നിരുന്ന മ്യൂസിയം രാത്രിയാത്രയുണ്ട്, സ്വന്തം ചേട്ടന്റെ മരണമുണ്ട്, ചലച്ചിത്ര യാത്രകളുണ്ട്, നിറയെ രസമുള്ള ഓർമകളുണ്ട്. അനന്തപത്മനാഭന്റെതന്നെ വാക്കുകളിലൂടെ ആ ഓർമകളിലേക്ക്...
കേരളത്തിന്റെ തലസ്ഥാനം. എത്രയോ സിനിമകളുടെ ചിത്രീകരണത്തിന് വേദിയായ ഇടം. എന്നാൽ മലയാളത്തിന്റെ പ്രിയപ്പെട്ട പത്മരാജന്റെ ഒട്ടേറെ സിനിമകളുടെ കഥയും തിരക്കഥയും ഇവിടെയാണ് പിറന്നതെന്ന് എത്ര പേർക്ക് അറിയാം. മദിരാശിയെ സിനിമയുടെ തലസ്ഥാനമായി കണ്ടു, ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവര്‍ കുടിയേറിയപ്പോഴും പത്മരാജൻ മാറിനിന്നു. പിതാവിന് തിരുവനന്തപുരത്തിനോടുള്ള ഇഷ്ടമായിരുന്നു ഇതിനു പിന്നിലെന്നു പറയുന്നു അദ്ദേഹത്തിന്റെ മകൻ അനന്തപത്മനാഭൻ. പിതാവിന് പ്രിയപ്പെട്ട തലസ്ഥാനത്തെ ഇടങ്ങളെ കുറിച്ചും അച്ഛനൊപ്പം തലസ്ഥാനത്തിലൂടെ സഞ്ചരിച്ച ഇടങ്ങളെ കുറിച്ചുമെല്ലാം മകൻ ഓർത്തെടുക്കുന്നു. അതിൽ, അച്ഛൻ സംവിധാന തിരക്കുകളിൽ പെടുന്നത് വരെയും തുടർന്നിരുന്ന മ്യൂസിയം രാത്രിയാത്രയുണ്ട്, സ്വന്തം ചേട്ടന്റെ മരണമുണ്ട്, ചലച്ചിത്ര യാത്രകളുണ്ട്, നിറയെ രസമുള്ള ഓർമകളുണ്ട്. അനന്തപത്മനാഭന്റെതന്നെ വാക്കുകളിലൂടെ ആ ഓർമകളിലേക്ക്...
കേരളത്തിന്റെ തലസ്ഥാനം. എത്രയോ സിനിമകളുടെ ചിത്രീകരണത്തിന് വേദിയായ ഇടം. എന്നാൽ മലയാളത്തിന്റെ പ്രിയപ്പെട്ട പത്മരാജന്റെ ഒട്ടേറെ സിനിമകളുടെ കഥയും തിരക്കഥയും ഇവിടെയാണ് പിറന്നതെന്ന് എത്ര പേർക്ക് അറിയാം. മദിരാശിയെ സിനിമയുടെ തലസ്ഥാനമായി കണ്ടു, ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവര്‍ കുടിയേറിയപ്പോഴും പത്മരാജൻ മാറിനിന്നു. പിതാവിന് തിരുവനന്തപുരത്തിനോടുള്ള ഇഷ്ടമായിരുന്നു ഇതിനു പിന്നിലെന്നു പറയുന്നു അദ്ദേഹത്തിന്റെ മകൻ അനന്തപത്മനാഭൻ.
പിതാവിന് പ്രിയപ്പെട്ട തലസ്ഥാനത്തെ ഇടങ്ങളെ കുറിച്ചും അച്ഛനൊപ്പം തലസ്ഥാനത്തിലൂടെ സഞ്ചരിച്ച ഇടങ്ങളെ കുറിച്ചുമെല്ലാം മകൻ ഓർത്തെടുക്കുന്നു. അതിൽ, അച്ഛൻ സംവിധാന തിരക്കുകളിൽ പെടുന്നത് വരെയും തുടർന്നിരുന്ന മ്യൂസിയം രാത്രിയാത്രയുണ്ട്, സ്വന്തം ചേട്ടന്റെ മരണമുണ്ട്, ചലച്ചിത്ര യാത്രകളുണ്ട്, നിറയെ രസമുള്ള ഓർമകളുണ്ട്. അനന്തപത്മനാഭന്റെതന്നെ വാക്കുകളിലൂടെ ആ ഓർമകളിലേക്ക്...
∙ ആ കുന്നുകളിൽ വീശിയ കാറ്റ്...
അച്ഛന്റെ പ്രിയപ്പെട്ട ഇടമായിരുന്നു തിരുവനന്തപുരം. പത്മരാജന്റെ ഒട്ടേറെ സിനിമകളും കഥകളും രൂപം കൊണ്ട ഇടം. തിരുവനന്തപുരത്തു നെയ്യാർ ഡാം പരിസരം ഞാൻ ആദ്യം കാണുന്നത് ‘പെരുവഴിയമ്പല’ത്തിന്റെ ചിത്രീകരണ ദിവസങ്ങളിലാണ്. മനോഹരമായ ഒരിടം. നിറയെ കൊറ്റിപ്പുല്ലുകൾ തിങ്ങിവളർന്നു നിന്ന ഒരു കുന്നുണ്ട്. അവിടെയായിരുന്നു ചിത്രത്തിലെ ‘കുന്നുംപുറത്തെ ദേവയാനി’യുടെ കുടിൽ. ആ കുന്നുകളിൽ വീശിയ കാറ്റിന്റെ മൂളൽ ഇന്നും ചെവിയിലുണ്ട്.
കുറച്ചു വർഷങ്ങൾക്കു മുൻപ് ഒരു സിനിമയുടെ ഗ്രൂമിങ് സെഷന് അതിഥിയായി പോയപ്പോൾ, മഴ മൂടിയ പകലിനു മുകളിൽ പാറിയിറങ്ങുന്ന കോടയുടെ പഞ്ഞിക്കെട്ടുകൾ കണ്ടു. പുതിയ ചില കെട്ടിടങ്ങൾ വന്നത് ഒഴിച്ചാൽ പ്രകൃതിക്ക് വലിയ ക്ഷതമില്ലല്ലോയെന്നു സുഹൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണനോടു പറഞ്ഞു. അവിടെ ഇരുന്നാണ് അച്ഛൻ ‘ഉദകപ്പോള’ എഴുതിയത്. തലസ്ഥാന നഗരം അച്ഛന് പല എഴുത്തു താവളങ്ങൾ സമ്മാനിച്ചു. വേളിയിൽ ‘പ്രയാണ’വും ‘രതിനിർവേദവും’ ‘പെരുവഴിയമ്പല’വും, ‘തകര’യും എഴുതുന്ന കാലത്ത് അവിടെ ബോട്ട് ക്ലബ് ഉണ്ട്. തൊട്ടപ്പുറത്ത് യൂത്ത് ഹോസ്റ്റലും. പിന്നീട് ടൂറിസം ചിറകുകൾ വിരിച്ചിറങ്ങിയതോടെ അച്ഛൻ അവിടം ഉപേക്ഷിച്ചു. ഇരിപ്പ് വിഴിഞ്ഞം ടിബിയിലേക്കു മാറ്റി. ‘നവംബറിന്റെ നഷ്ടം’ എഴുതി.
പാറക്കൂട്ടങ്ങൾക്ക് മുകളിലിരുന്ന് അകലെ കടലിൽ പരുന്തുകൾ റാകുന്നത് മണിക്കൂറുകൾ മടുപ്പില്ലാതെ ബൈനോക്കുലറിലൂടെ നോക്കിയിരുന്ന അച്ഛന്റെ സഹ സംവിധായകൻ അജയമ്മാമന്റെ രൂപം (പെരുന്തച്ചൻ സംവിധായകൻ) ഓർമയിൽ വരും. ‘കൂടെവിടെ’ എഴുതാൻ ഗോൾഫ് ലിങ്ക്സാണ് തിരത്തെടുത്തത്. അന്ന് നഗരത്തിന്റെ ഒഴിഞ്ഞ മൂലയിലെ നിഗൂഢമായ ഒരു പച്ചക്കടൽ ആയി തോന്നിച്ചു ഗോൾഫ് ലിങ്ക്സ്. അവിടെനിന്ന് വരുന്ന ദിവസങ്ങളിൽ, നിലം തൊട്ടാൽ ഇരട്ടിയായി തെറിച്ചു പൊന്തുന്ന, കളഞ്ഞു കിട്ടിയ ഗോൾഫ് ബോളുകൾകൊണ്ട് ഞങ്ങൾ ക്രിക്കറ്റ് കളിച്ചു!
∙ തിരുവനന്തപുരം ഇഷ്ടം, മദിരാശിയിൽ വീട് നോക്കിയില്ല
കളിക്കളങ്ങൾ പൂജപ്പുരയിൽ എമ്പാടും ഉണ്ടായിരുന്നു പൂജപ്പുര മൈതാനവും സ്കൂൾ മൈതാനവും കളികൾക്കായി ലോഭമില്ലാതെ തുറന്നു കിടന്നിരുന്നു. മൈതാനത്തിൽനിന്ന് ഒരിക്കൽ ലാലേട്ടൻ നീട്ടിയടിച്ച പന്ത് റോഡ് കടന്ന് അപ്പുറത്ത് സ്കൂൾ ഗ്രൗണ്ടിൽ പോയി വീണ വീരഗാഥ കുറേക്കാലം പൂജപ്പുരപ്പാണന്മാർ പാടി നടന്നിരുന്നു. സ്ലിപ്പിൽ നിന്ന പ്രിയൻ ചേട്ടന്റെ (പ്രിയദർശൻ) കണ്ണിൽ എഡ്ജ് എടുത്തു വന്ന ക്രിക്കറ്റ് പന്ത് കൊണ്ടതും ഇപ്പോഴും ഓർക്കുന്നു. മൈതാനത്തിന്റെ അടുത്ത് ഒരു ഭൂഗർഭ അറയുണ്ടായിരുന്നു. അതിനകത്തു കൂടി പോയാൽ ഒരു തുരങ്കത്തിലൂടെ റോഡിന്റെ മറുവശവും മതിലും കടന്ന് പൂജപ്പുര സ്കൂൾ ഗ്രൗണ്ടിൽ ഇറങ്ങാം. അകത്തെ ഇരുട്ടിലൂടെ കൈ പിടിച്ചാണ് ഞങ്ങൾ നടന്നിരുന്നത്.
പൂജപ്പുരയിൽ ഞങ്ങൾ താമസിക്കുന്ന പാതിരാപ്പള്ളി ലെയ്നിൻനിന്ന് താഴോട്ടിറങ്ങിയാൽ വയലുകൾ തുടങ്ങുകയായി (എന്റെ ജനനത്തിനും മുൻപേ അച്ഛൻ ആ റോഡിൽ സ്ഥലം വാങ്ങിയിരുന്നു.) ആ വയൽ മുറിച്ചുകടന്നു പോയാൽ ഒരു കുന്നായി. കുന്ന് കയറി മറിഞ്ഞാൽ വലിയ ഒരു മൈതാനം. രണ്ടു ഹെലികോപ്റ്ററുകൾക്ക് ഇറങ്ങാവുന്ന ആ മൈതാനം ആർമിയുടെയാണ് പാങ്ങോട് റോഡിൽനിന്ന് കാണുന്ന മൈതാനങ്ങൾ അല്ല. ഇത് സാമാന്യ ജനങ്ങൾക്ക് നിരോധിത മേഖലയാണ്. ചെറിയ കമ്പിവേലി നൂർന്ന് കയറുന്ന ഞങ്ങളെ സ്വീകരിക്കുവാൻ ചിലപ്പോൾ അവിടെ പട്ടാളക്കാരുടെ മക്കൾ കാണും. അവരുമായിട്ടാകും ക്രിക്കറ്റ് മത്സരം! കുട്ടികളെ പട്ടാളക്കാർ അന്നു വിലക്കിയിരുന്നില്ല. ഞങ്ങൾക്കൊപ്പം കുന്നു കയറി വരുന്ന കുട്ടികളിൽ പലരുടെയും പിതാക്കൾ അന്ന് പട്ടാളത്തിൽ ജോലി ചെയ്തിരുന്നു. ചില പുലരികളിൽ രാവിലെ ഓടാൻ പോകുമ്പോൾ പരിചയസമ്പന്നർ ആ ബാരക്കുകളിലെ രഹസ്യ ഇടങ്ങൾ കാട്ടിത്തന്നിരുന്നു.
∙ സിനിമയിലേക്കെടുത്ത മരണം
കുന്നിന്റെ മറുവശം ഇടപ്പഴഞ്ഞിയാണ്. അവിടെ നഗരം തുടങ്ങുന്നു. അടച്ചിട്ട ഒരു ക്ലബ് ഹാളിനുള്ളിൽ ബില്യാഡ്സ് ടേബിൾ! ഞങ്ങളുടെ നല്ലയലുകൾ കൊടി കെട്ടിയ ധനികരായിരുന്നില്ല. സ്നേഹവും അടുപ്പവും ഇന്നും സ്നേഹവായ്പോടെ പകരുന്ന കുടുംബങ്ങൾ. നടുതല, ഞാവർത്തല, കൊച്ചുകാട്, പാതിരപ്പള്ളി തുടങ്ങിയ പുരാതന കുടുംബങ്ങളുടെ ഇഴയടുപ്പം അതിശയകരമായി തോന്നാറുണ്ട്. നാഗരികതയോട് കെറുവിച്ച് നിൽക്കുന്ന ഗ്രാമഹൃദയം തന്നെയാണ് ഈ മണ്ണിന്റെ മിഴിവ് എന്ന് പലവട്ടം ബോധ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ കുന്ന് മറിഞ്ഞ് കമ്പിവേലി നൂർന്ന് വിശാല മൈതാനം പിടിക്കാൻ ആവില്ല. അവിടെയൊക്കെ തീവ്ര സുരക്ഷാ നോട്ടത്തിലായി. ആ കോംപൗണ്ടിൽതന്നെ പട്ടാളക്കാർക്ക് സൗജന്യമായി ചലച്ചിത്ര പ്രദർശനം നടത്തുന്ന തിയറ്ററിലും ഒരിക്കൽ കൂട്ടുകാർക്കൊപ്പം പോയിട്ടുണ്ട്' !
ഇപ്പോൾ പാങ്ങോട് കേന്ദ്രീയവിദ്യാലയത്തിൽ പഠിക്കുന്ന എന്റെ മക്കളെ സ്കൂളിലാക്കാൻ ഇടയ്ക്കു പോകുമ്പോൾ ഓർമകളുടെ തിക്കുമുട്ടലോടെ ആ തിയറ്റർ നോക്കും. അവിടുത്തെ സൈനിക ആശുപത്രിയിൽ വച്ചാണ്, ഒരു രാത്രി ‘ചെറിയ നെഞ്ചുവേദന’ എന്നു ചിരിയോടെ സ്കൂട്ടറോടിച്ച് ചെന്നു കയറിയ വല്യച്ഛൻ ക്യാപ്റ്റൻ പത്മാക്ഷൻ ഹൃദയസ്തംഭനം വന്ന് മരിക്കുന്നത്. അന്ന് പുലർച്ചെയാണ് ജ്യേഷ്ഠനെ തിരക്കിച്ചെന്ന അച്ഛനോട് ഒരു മുതിർന്ന ഓഫിസർ, ‘‘ഹിസ് ബ്രദർ? അവർ കൺഡോലൻസസ്’’ എന്ന് പറഞ്ഞത്. പിന്നീട് അതേ രംഗം അച്ഛൻ ‘കൂടെവിടെ’യിൽ ചേർത്തു. സഹോദരന്റെ അപകട വിവരമറിഞ്ഞ് ഓടി വരുന്ന ആലിസിനോട്, ‘‘ഹിസ് സിസ്റ്റർ? അവർ കൺഡോലൻസസ്’’ എന്നു പറയുന്ന ഓഫിസറിന് ശബ്ദം നൽകിയത് അച്ഛൻ തന്നെയായിരുന്നു.
തിരുവനന്തപുരം പട്ടണത്തോടുള്ള ഇഷ്ടം കൊണ്ടാണ് പലരും പറഞ്ഞിട്ടും അച്ഛൻ മദിരാശിയിൽ വീട് നോക്കാതിരുന്നത്. ആകാശവാണിയുടെ മരങ്ങൾ പടർന്ന വളപ്പ്. അച്ഛൻ 20 കൊല്ലം ജോലി ചെയ്ത സ്ഥാപനമാണ്. ഇന്നും രാത്രികളിൽ പഴയ ഭക്തി വിലാസത്തിനടുത്ത് എത്തുമ്പോൾ കാറിന്റെ ജാലകങ്ങൾ തുറന്നിട്ട് ഞാൻ മണം തിരക്കും. ഉണ്ടോ കഴിഞ്ഞ സുഗന്ധകാലത്തിന്റെ പൂമ്പൊടിത്തെല്ലുകൾ?
∙ മ്യൂസിയത്തിലെ പൂക്കളുടെ സുഗന്ധരാത്രികൾ
ഈ നഗരവൃത്തത്തിനുള്ളിൽ എത്രയെത്ര കാണാക്കാഴ്ചകളുണ്ട്. എത്ര വിസ്മയങ്ങൾ ഒളിച്ചിരിക്കുന്നു! ഒന്നിനുമല്ലാതെയുള്ള ഒരു രാത്രിഡ്രൈവിൽ പ്രിയപ്പെട്ട മുരളി ഗോപി പറഞ്ഞു, ‘‘തിരുവനന്തപുരം വെസ്റ്റ് കൗതുകം ചോരാത്ത ചെപ്പ് ആണ്. കിഴക്കോട്ടല്ല, തെക്കു പടിഞ്ഞാറ് കന്യാകുമാരി പെരും പാതയോരമാകും ഇനി വളർച്ചയുടെ വസന്തം കാണുവാൻ പോകുന്നത്.’’ വർഷങ്ങൾക്കു മുൻപ് ഓർമയുറയ്ക്കുമ്പോൾ ഉള്ളിൽ നിറഞ്ഞത് വെള്ളപ്പവിഴമല്ലിയുടെ മായികമായ മണമാണ്. മ്യൂസിയം വളപ്പിലെ ആ പവിഴമല്ലി മരത്തിന് കീഴിൽ മുഴുവൻ പൂക്കളുടെ മെത്ത നിവർന്നിട്ടുണ്ടാകും. ഞാനും അനിയത്തിയും നടന്ന് പൂ പെറുക്കിക്കൂട്ടുമ്പോൾ അച്ഛൻ അമ്മയോട് കഥ പറയുകയാകും. മിക്കവാറും അടുത്ത സിനിമയുടെ... എഴുതാൻ പോകുന്ന കഥയുടെ... വായിച്ച നോവലിന്റെ... അതുമല്ലെങ്കിൽ ഏതെങ്കിലും ചിത്രീകരണ വേളയിലെ തമാശകൾ...
എൺപതുകളുടെ പകുതി വരെ, അച്ഛൻ സംവിധാന തിരക്കുകളിൽ പെടുന്നത് വരെയും, മ്യൂസിയം രാത്രിയാത്രകൾ ഉണ്ടായിരുന്നു. മടങ്ങിവരവിൽ ഫിയറ്റ് കാറിന്റെ പിൻസീറ്റ് മുഴുവൻ വെള്ളപ്പൂക്കളുടെ കൂമ്പാരമായിരിക്കും. അന്ന് മ്യൂസിയം മുഴുവൻ പലതരം പൂമരങ്ങളുടെ കാറ്റ് നിറഞ്ഞിരുന്നു. മൃഗശാലയ്ക്കുള്ളിൽ കാട് മണത്തു. ശരിക്കും വനനിബിഡം. അതിനു നടുവിലെ തടാകത്തിലേക്കു ചാഞ്ഞിറങ്ങി മുങ്ങി നിന്ന വാകത്തലകൾ. ഇന്നത്തേക്കാൾ മൃഗവൈവിധ്യവും വിശ്രാന്തിയും അനുഭവപ്പെട്ടിരുന്നു.
ഒരിക്കൽ അച്ഛനും പ്രിയ സുഹൃത്ത് ശ്രീധരക്കുറുപ്പുമൊത്ത് മൃഗശാലയിൽ പോയപ്പോൾ താഴെ നീന്തുന്ന ഹിപ്പോപൊട്ടാമസിന്റെ ചെറുകുളം. വ്യക്തമായി കാണിച്ചു തരാൻ അച്ഛൻ എന്നെ എടുത്തു. അപ്പോൾ എന്റെ കൈ തട്ടി അച്ഛന്റെ കൂളിങ് ഗ്ലാസ് താഴെ കുളത്തിലേക്ക് പതിച്ചു! ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല. ഒരു നോട്ടക്കാരന് 2 രൂപ കൊടുത്ത് അത് തിരിച്ചെടുപ്പിച്ചു.
പിന്നെയൊരിക്കൽ റഷ്യൻ കൾചറൽ സെൻററിൽ ഒരു പപ്പറ്റ് ഷോ. നല്ല രസമുള്ള ഷോ. അക്കാലത്ത് എയർകണ്ടിഷൻ ആദ്യം വന്ന നഗരത്തിലെ തിയറ്റർ ഹാളുകളിൽ ഒന്ന് അവിടെയായിരുന്നു. പെട്ടെന്ന് പ്രകൃതി വിളിച്ചു. കക്കൂസിൽ പോണം! പറയാൻ മടി... ‘‘ബോറടിക്കുന്നു’’ എന്ന മുറവിളി മുറുകിയപ്പോൾ അച്ഛൻ സ്കൂട്ടറിൽ എന്നെയുംകൊണ്ട് വീട്ടിലേക്ക്. ചെന്നിറങ്ങിയ ഉടൻ വയറൊഴിക്കാൻ ഓടിയപ്പോഴാണ് അച്ഛന് ഗുട്ടൻസ് പിടികിട്ടിയത്. ‘‘ഇതവിടെ വച്ച് പറഞ്ഞാ പോരായിരുന്നോ. അവിടെ സൗകര്യം ഉണ്ടായിരുന്നല്ലോ...’’. ആശ്വാസം കിട്ടിയപ്പോൾ നഷ്ടബോധം. നല്ല പപ്പറ്റ് ഷോ പോയിക്കിട്ടി.
പിന്നീട് വർഷങ്ങൾക്കു ശേഷം ഞങ്ങൾ കുട്ടികൾ അതേ ഗോർക്കി ഭവനിലെ എസി മുരളുന്ന വിശാലമായ ഹാളിൽ പോയിരുന്ന് പലപ്പോഴും അവിടെ സൗജന്യമായി പ്രദർശിപ്പിച്ചിരുന്ന റഷ്യൻ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ കണ്ടിരുന്നു. റഷ്യൻ വിപ്ലവവും ലെനിനും സ്റ്റാലിനും ഒക്കെ നിറഞ്ഞ സുദീർഘ ഡോക്യുമെന്ററികൾ. കാര്യങ്ങൾ ഒന്നും മനസ്സിലായില്ലെങ്കിലും, ആ തണുപ്പ്, തിയറ്ററിന്റെ മണം!
ഇതു പോലെ സൗജന്യമായി പ്രദർശനം ഉണ്ടായിരുന്ന ഓപൺ എയർ തിയറ്റർ ആയിരുന്നു മ്യൂസിയത്തിനടുത്ത ചിൽഡ്രൻസ് പാർക്ക്. എല്ലാ വെള്ളിയാഴ്ചയും എന്നോർമ. ചാപ്ലിനും ലോറൽ ആൻഡ് ഹാർഡിയുമൊക്കെ പരിചിതരാകുന്നത് അവിടെ വച്ചാണ്. സൂര്യയിലെയും ചലച്ചിത്രയിലെയും പുളകങ്ങളുടെ സന്ധ്യകൾ. ടഗോർ തിയറ്ററിന്റെ തുറന്ന വാതിലുകളിലൂടെ അടിച്ചു കയറിയ രാത്രിക്കാറ്റ്. ജവഹർ ബാലഭവൻ മുറ്റത്ത് അസംബ്ലിയിൽ വേനലവധി ക്ലാസുകളിൽ സുഗതകുമാരി ടീച്ചർ കൈ കൂപ്പി നിന്ന് പാടിത്തന്ന ‘വന്ദേ മാതരം’.
ഓർമകൾ പഴകുന്തോറും ഒരു വേള കണ്ണുകൾ നനയ്ക്കും.