'മരിച്ചാൽ എന്റെ ബോഡി നാട്ടിൽ കൊണ്ടുപോവേണ്ട': പത്തറുപത് നജീബുമാരെ ഒരുമിച്ചു കണ്ടു; പൃഥ്വിയുടെ അവസ്ഥയും ഭയപ്പെടുത്തി'
സംവിധായകൻ ബ്ലെസിയോട് ഒരു ചടങ്ങിൽ വച്ച് ഒരാൾ ഒരു ചോദ്യം ചോദിച്ചു. – ഒട്ടകത്തിന്റെ കണ്ണിലൂടെ നജീബിന്റെ മുഖം കാണുന്ന ഷോട്ടെടുക്കാൻ ഏഴു ദിവസം വരെ കാത്തിരുന്നു എന്നു കേട്ടു. സർ, എങ്ങനെയാണ് ആ ഒരു ചെറിയ ഷോട്ടിനു വേണ്ടി അത്ര സമയം കണ്ടെത്തുന്നതും പ്രേരണ കിട്ടുന്നതും? സൗമ്യമായ ചിരിയോടെ ബ്ലെസി മൈക്ക് കയ്യിലെടുത്തിട്ടു പറഞ്ഞു.- 1985ൽ ഞാൻ സിനിമയ്ക്കായി അലഞ്ഞു തിരിയുന്ന കാലം. സിനിമയല്ലാതെ ജീവിതത്തിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്ന മറ്റൊന്നും എനിക്കന്നില്ല. ഒരു വർഷത്തിനുള്ളിൽ ഒരു സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ എങ്കിലും ആയില്ലെങ്കിൽ ഞാൻ ജീവിതം അവസാനിപ്പിക്കും എന്ന തീരുമാനം എടുത്തു. അങ്ങനെയുള്ള ഞാൻ ഒരു സംവിധായകൻ ആയി മാറുമ്പോൾ ആവശ്യമായ ഷോട്ടിന് ഒരു ദിവസം കാത്തിരിക്കേണ്ടി വന്നാൽ ഇരിക്കണ്ടേ? അതല്ലേ നമ്മളെ ജീവിതം പഠിപ്പിക്കുന്നത്? തിരിച്ചുകിട്ടിയ ജീവിതത്തെ ഏറ്റവും നന്നായി ജീവിക്കുക എന്നതാണു നമ്മൾ ചെയ്യേണ്ടത്. ആയിരം അഭിമുഖങ്ങളിൽ ബ്ലെസി എന്തു പറഞ്ഞാലും ഈ ഫിലോസഫിയാണ് ബ്ലെസിയുടെ ജീവിതത്തിന്റെ അന്തഃസത്ത. ഒത്തുതീർപ്പിനു തയാറാകാത്ത സിനിമാക്കാരൻ എന്ന വിശേഷണമാണ് ബ്ലെസിയുടെ സിനിമാ നിർമാണത്തിന്റെ അടിത്തറ. വിഎഫ്എക്സ് സാധ്യതകളുള്ള കാലത്ത് സിനിമയിൽ ഒരു മണൽക്കാറ്റ് രംഗം വേണം എന്നുള്ളപ്പോൾ അതിനു വേണ്ടി കാത്തിരുന്നയാളാണദ്ദേഹം. മരുഭൂമിയിൽ ഇടയ്ക്കിടെ കാലാവസ്ഥാ അറിയിപ്പു കിട്ടും. ജോർദാനിലെ ഷൂട്ടിങ് കാലത്ത് ഒരു ദിവസം അങ്ങനെ ഒരറിയിപ്പു വന്നു. പതിവുപോലെ ഷൂട്ടിങ് നിർത്തിവയ്ക്കാനുള്ള തയാറെടുപ്പിലായി എല്ലാവരും. എന്നാൽ ബ്ലെസി ക്യാമറ ടീമിനെ വിളിച്ചു. മണൽക്കാറ്റ് വരുമെന്ന് അറിയിപ്പു കിട്ടിയിരിക്കുകയാണ്. നമുക്ക് അതങ്ങു ഷൂട്ട് ചെയ്താലോ? (2024 മാർച്ചിൽ ബ്ലെസി നൽകിയ അഭിമുഖം, അദ്ദേഹത്തിന് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ച സാഹചര്യത്തിൽ പുനഃപ്രസിദ്ധീകരിക്കുന്നു)

സംവിധായകൻ ബ്ലെസിയോട് ഒരു ചടങ്ങിൽ വച്ച് ഒരാൾ ഒരു ചോദ്യം ചോദിച്ചു. – ഒട്ടകത്തിന്റെ കണ്ണിലൂടെ നജീബിന്റെ മുഖം കാണുന്ന ഷോട്ടെടുക്കാൻ ഏഴു ദിവസം വരെ കാത്തിരുന്നു എന്നു കേട്ടു. സർ, എങ്ങനെയാണ് ആ ഒരു ചെറിയ ഷോട്ടിനു വേണ്ടി അത്ര സമയം കണ്ടെത്തുന്നതും പ്രേരണ കിട്ടുന്നതും?
സൗമ്യമായ ചിരിയോടെ ബ്ലെസി മൈക്ക് കയ്യിലെടുത്തിട്ടു പറഞ്ഞു.- 1985ൽ ഞാൻ സിനിമയ്ക്കായി അലഞ്ഞു തിരിയുന്ന കാലം. സിനിമയല്ലാതെ ജീവിതത്തിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്ന മറ്റൊന്നും എനിക്കന്നില്ല. ഒരു വർഷത്തിനുള്ളിൽ ഒരു സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ എങ്കിലും ആയില്ലെങ്കിൽ ഞാൻ ജീവിതം അവസാനിപ്പിക്കും എന്ന തീരുമാനം എടുത്തു. അങ്ങനെയുള്ള ഞാൻ ഒരു സംവിധായകൻ ആയി മാറുമ്പോൾ ആവശ്യമായ ഷോട്ടിന് ഒരു ദിവസം കാത്തിരിക്കേണ്ടി വന്നാൽ ഇരിക്കണ്ടേ? അതല്ലേ നമ്മളെ ജീവിതം പഠിപ്പിക്കുന്നത്? തിരിച്ചുകിട്ടിയ ജീവിതത്തെ ഏറ്റവും നന്നായി ജീവിക്കുക എന്നതാണു നമ്മൾ ചെയ്യേണ്ടത്.
ആയിരം അഭിമുഖങ്ങളിൽ ബ്ലെസി എന്തു പറഞ്ഞാലും ഈ ഫിലോസഫിയാണ് ബ്ലെസിയുടെ ജീവിതത്തിന്റെ അന്തഃസത്ത. ഒത്തുതീർപ്പിനു തയാറാകാത്ത സിനിമാക്കാരൻ എന്ന വിശേഷണമാണ് ബ്ലെസിയുടെ സിനിമാ നിർമാണത്തിന്റെ അടിത്തറ. വിഎഫ്എക്സ് സാധ്യതകളുള്ള കാലത്ത് സിനിമയിൽ ഒരു മണൽക്കാറ്റ് രംഗം വേണം എന്നുള്ളപ്പോൾ അതിനു വേണ്ടി കാത്തിരുന്നയാളാണദ്ദേഹം.
മരുഭൂമിയിൽ ഇടയ്ക്കിടെ കാലാവസ്ഥാ അറിയിപ്പു കിട്ടും. ജോർദാനിലെ ഷൂട്ടിങ് കാലത്ത് ഒരു ദിവസം അങ്ങനെ ഒരറിയിപ്പു വന്നു. പതിവുപോലെ ഷൂട്ടിങ് നിർത്തിവയ്ക്കാനുള്ള തയാറെടുപ്പിലായി എല്ലാവരും. എന്നാൽ ബ്ലെസി ക്യാമറ ടീമിനെ വിളിച്ചു. മണൽക്കാറ്റ് വരുമെന്ന് അറിയിപ്പു കിട്ടിയിരിക്കുകയാണ്. നമുക്ക് അതങ്ങു ഷൂട്ട് ചെയ്താലോ?
മഴപോലെയല്ല മണൽക്കാറ്റ്. ക്യാമറയും ഉപകരണങ്ങളും അപ്പാടെ തകർന്നു പോകാൻ സാധ്യതയുണ്ട്. ടീം ഒന്നു പരുങ്ങി. ക്യാമറ പോയാൽ പുതിയ ക്യാമറ വാങ്ങിത്തരാം എന്നായി ബ്ലെസി. അങ്ങനെ ആ സീനുകൾ അദ്ദേഹം മണൽക്കാറ്റിൽത്തന്നെ പൂർത്തിയാക്കുകയായിരുന്നു.
ഈ നിശ്ചയദാർഢ്യമാണ് ആടുജീവിതം സിനിമ ചിത്രീകരിക്കുന്ന സമയം മുഴുവൻ ആ ടീമിനെ നയിച്ചത്. 2020 മാർച്ച് മുതൽ 70 ദിവസത്തോളം ജോർദാൻ മരുഭൂമിയിൽ ടീം മൊത്തം കുടുങ്ങിക്കിടന്നപ്പോഴും ഈ സിനിമ എന്ന വലിയ ലക്ഷ്യമാണ് ചിതറാതെ അവരെ പിടിച്ചു നിർത്തിയത്.
∙ 2020: ലോക്ഡൗൺ കാല മരുഭൂമി ജീവിതം ബ്ലെസിയുടെ വാക്കുകളിൽ...
പൃഥ്വിരാജിന്റെ മൂന്ന് അവസ്ഥകളാണ് സിനിമയിൽ വേണ്ടത്. നാട്ടിലെ നജീബ്, ബോംബെയിലെ ജീവിതം, പിന്നീട് മരുഭൂമിയിൽ. പിന്നെ ഒരു മൂന്നു വർഷത്തിനു ശേഷമുള്ള ഭാഗങ്ങളാണ് ഈ ഷെഡ്യൂളിൽ എടുക്കേണ്ടത്.
ജനുവരിമുതൽ തന്നെ പൃഥ്വിരാജ് ശരീരഭാരം കുറയ്ക്കാൻ തുടങ്ങിയിരുന്നു. 30 കിലോയോളമാണു കുറച്ചത്. വിയന്നയിൽ പോയാണ് അതിന്റെ വിദഗ്ധ ചികിത്സ നടത്തിയത്. പന്ത്രണ്ടാം തീയതി ആവുമ്പോഴേക്കും പൃഥ്വിരാജും ജോർദാനിൽ എത്തി. 12ന് വൈകിട്ട് ആകുമ്പോഴേക്ക് ഈച്ചക്കൂട്ടം പെട്ടെന്നു പറന്നു പോകുംപോലെ അവിടം ശൂന്യമായിത്തുടങ്ങി. ഉത്സവം കഴിഞ്ഞ പറമ്പു പോലെയാകുകയാണ് റിസോർട്ടും പരിസരവും. 300 ആളുകളൊക്കെയുണ്ടായിരുന്ന ഇടത്തു നമ്മൾ മാത്രം. മാർച്ച് 14നു തന്നെ മറ്റു ക്രൂ അംഗങ്ങളും എത്തി. യുഎസിൽ നിന്ന് നടൻ ഇഷിയ വാഷിങ്ടൻ വരാനുണ്ട്. അദ്ദേഹം 16ന് ടിക്കറ്റ് എടുത്തിട്ടുണ്ട്. പല രാജ്യങ്ങളിൽ നിന്നായി പലരും ടിക്കറ്റ് എടുത്തിട്ടുണ്ട്. എല്ലാവരെയും വിളിച്ച് പരമാവധി വേഗം കയറി വരാൻ നിർദേശം കൊടുത്തു. ഒമാനിൽനിന്ന് റിക്കും അബുദാബിയിൽ നിന്ന് താലിബും പുറപ്പെട്ടു.
ഒപ്പം അറബിക് ട്രാൻസ്‌ലേറ്ററായ കോഴിക്കോട്ടുനിന്നുള്ള മൂസക്കുട്ടി മാഷും കയറി. 15ാം തീയതിയോടെ അവരെത്തി. ഇഷിയ വാഷിങ്ടനിനുള്ള പേയ്മെന്റും കൊടുക്കേണ്ടി വന്നു. അപ്പോഴേക്കും യുഎസിൽ യാത്രാനിരോധനം വന്നു. വിമാനങ്ങൾ റദ്ദാക്കിത്തുടങ്ങി. 16ന് രാവിലെ വിമാനത്താവളത്തിൽ ആളുകൾ എത്തിയെങ്കിലും ആർക്കും വാദിറാമിലേക്ക് എത്താൻ സാധിച്ചില്ല. ഒറ്റ ദിവസം കൊണ്ട് ലോകത്തിന്റെ പ്രോട്ടോക്കോൾ മുഴുവൻ മാറിയിരുന്നു.
വിമാനത്താവളത്തിൽ ഇറങ്ങി എല്ലാവരെയും നേരെ ക്വാറന്റീൻ സെന്ററിലേക്കു കൊണ്ടുപോവുകയാണ്. സർക്കാർ വക എല്ലാവർക്കും ഫൈവ് സ്റ്റാർ ഹോട്ടലിലാണു ‘തടങ്കൽ’. വേലിയില്ലാത്ത മരുഭൂമിയിൽ ഞങ്ങളും. മാസ്കൊക്കെ ഇട്ടുതുടങ്ങുന്നേയുള്ളൂ. ആദ്യത്തെ ഒരു തിരിച്ചടിയായി ഇഷിയ വാഷിങ്ടൻ യാത്ര ക്യാൻസൽ ചെയ്തു എന്ന വിവരം കിട്ടി. ഷെഡ്യൂൾ പൂർണമാക്കാൻ സാധിക്കില്ലെന്നു മനസ്സിലായി. അമാനിൽ ക്വാറന്റീനിലേയ്ക്കു പോയ രണ്ടു നടൻമാരെയും മറ്റും ഞങ്ങൾക്ക് ഒപ്പം എത്തിക്കേണ്ട ചുമതലയും വന്നു. ഉള്ള ആളുകളുമായി ഞങ്ങൾ ഷൂട്ട് തുടങ്ങി. പ്രൊഡക്‌ഷൻ കമ്പനിയായ ജോർദാൻ പയനീറിന്റെ സഹായത്തോടെ ഷൂട്ടിങ് മുന്നോട്ടു പോയി.
ആദ്യ ഒരാഴ്ച പ്രശ്നങ്ങളില്ലാതെ പോയി. ചെറിയൊരു ഗ്രാമത്തിൽ ചെന്ന് അകത്തേക്ക് യാത്ര ചെയ്തിട്ടാണ് നമ്മൾ ലൊക്കേഷനിലേക്കു പോകുന്നത്. ക്വാറന്റീൻ അവിടെയും പ്രഖ്യാപിച്ചപ്പോൾ അവർക്കു ജോലി ചെയ്യാൻ കഴിയാതെ വന്നു. ടൂറിസ്റ്റുകളുടെ വരവ് നിലച്ചു. അവർ ജോലി ചെയ്യാതിരിക്കുമ്പോൾ പുറത്തു നിന്നുവന്ന ആളുകൾ ജോലി ചെയ്യുന്നു എന്നത് അവർക്കു പ്രശ്നമായി. മനുഷ്യരുടെ പ്രശ്നങ്ങൾ എല്ലായിടത്തും ഒരുപോലെയാണല്ലോ. അവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഷൂട്ട് മുടങ്ങേണ്ട സാഹചര്യമായി.
വൈകുന്നേരങ്ങളിലൊക്കെ ഷൂട്ട് നേരത്തേ തീർക്കേണ്ട അവസ്ഥയുണ്ടായി. പിന്നീട് ഗ്രാമം ഒഴിവാക്കി സഞ്ചരിച്ചു നമ്മുടെ വണ്ടികൾ ലൊക്കേഷനിൽ എത്താൻ തുടങ്ങി. നടൻ മാമുക്കോയയുടെ ഛായയുള്ള ഒരു അറബിയുണ്ടായിരുന്നു. അദ്ദേഹത്തെ നമ്മൾ മാമുക്കോയ എന്നുതന്നെയാണു വിളിക്കുന്നത്. അദ്ദേഹത്തിന്റെ വണ്ടിയിലാണു ഞാൻ പോകുന്നത്. ഒരു പൊലീസ് സ്റ്റേഷന്റെ മുന്നിലൂടെ കടന്നു പോകണം. കഴിഞ്ഞ ദിവസം വരെ എല്ലാവരും നല്ല മര്യാദയോടെ അഭിവാദ്യം ചെയ്തു പോയതാണ്. അന്നു സ്റ്റേഷന്റെ മുന്നിൽ എത്തിയപ്പോൾ ഞങ്ങളുടെ വണ്ടി തടഞ്ഞു.
ദേഷ്യപ്പെട്ട് അവർ എന്തൊക്കെയോ പറയുന്നുണ്ട്. നമ്മൾ മലയാളം മാത്രം സംസാരിച്ചാൽ മതിയെന്നു തീരുമാനിച്ചു. അറബിയിൽ പാസ്പോർട്ട് ഒക്കെ ചോദിക്കുന്നുണ്ട്. ഞങ്ങൾ മണ്ടൻമാരെപ്പോലെ അഭിനയിച്ചു. പാസ്പോർട്ട് ഒക്കെ കൊണ്ടുപോയാൽ പിന്നെ കിട്ടാൻ വലിയ ചടങ്ങാണ്. യൂണിറ്റിലെ ആളുകളൊക്കെ വന്നു. അവിടുത്തെ ജയിലുകളെക്കുറിച്ചൊക്കെയായി ചർച്ച. ലോക്ഡൗണിൽ വണ്ടി ഓടിയതാണു പ്രശ്നം. ഒട്ടേറെ സമയത്തെ ചർച്ചയ്ക്ക് ഒടുവിൽ അവർ ഞങ്ങളെ വെറുതെ വിട്ടു.
നജീബിന്റെയും ഹക്കീമിന്റെയും സീനുകൾ മാത്രമാണ് എടുക്കാൻ കഴിയുന്നത്. ഷൂട്ട് വീണ്ടും മുടങ്ങി. ക്വാറന്റീൻ വീണ്ടും ശക്തമായി. പുറത്തിറങ്ങാൻ കഴിയാതെയായി. ഹോട്ടലിലെ ടിവിയിൽ ഇന്ത്യൻ ചാനലുകളൊന്നും ലഭിക്കില്ല. നാട്ടിൽ നിന്നു വിളിക്കുമ്പോഴാണ് ഭീകരതകൾ അറിയുന്നത്. ഹോസ്പിറ്റലുകളിൽ ബെഡ് ഇല്ല. ഓക്സിജൻ ഇല്ല. ഡൽഹിയിലും മറ്റും പടർന്നു പിടിക്കുന്ന രോഗം. ആയിരക്കണക്കിനു കിലോമീറ്റർ ആളുകൾ നടന്നു പോകുന്ന വാർത്തകളൊക്കെ വന്നു തുടങ്ങി. ഉടനെ ഞങ്ങൾ എല്ലാവരുടെയും ഒരു യോഗം വിളിച്ചു. ഒരു ജർമൻ വനിതയാണു ജോർദാൻ പയനീറിന്റെ പ്രതിനിധി. ഏറ്റവും ആദ്യം ഞാൻ ചോദിച്ചത് വെള്ളത്തെക്കുറിച്ചാണ്. ഇങ്ങനെ പോയാൽ നമുക്ക് എത്ര ദിവസം കുടിക്കാനുള്ള വെള്ളമുണ്ടാകും? ഒരു വാഹനവും ഇങ്ങോട്ടും അങ്ങോട്ടും വരുന്നില്ല. ഭയം ഇങ്ങനെ അറിയാതെ എല്ലാവരിലേക്കും അരിച്ചു കയറുകയാണ്.
അവർ വെള്ളത്തിന്റെ കണക്ക് എടുക്കുകയാണ്. ഒരാൾക്ക് എത്ര വെള്ളം വേണം എന്നൊക്കെ കണക്കുണ്ടാക്കി. അവർക്കു കുറച്ചു ദിവസത്തേയ്ക്കു വെള്ളം സ്റ്റോക്കുണ്ട്. ഹർത്താലും പണിമുടക്കും ഒക്കെ അനുഭവിച്ചിട്ടുള്ളതുകൊണ്ട് കുറച്ചു ദിവസമൊക്കെ നമുക്കു മുന്നോട്ടു പോകാം, പക്ഷേ എത്രനാൾ? ജർമൻകാരിക്ക് ഞങ്ങളുടെ അത്ര പോലും ഇതൊന്നും ഉൾക്കൊള്ളാനായില്ല. ജോർദാൻ മലയിടുക്കുകളും മറ്റുമൊക്കെ കണ്ടാൽ അവിടെ കടലിന്റെ സാന്നിധ്യം നമുക്കു തിരിച്ചറിയാൻ സാധിക്കും. വാദിറാമിൽ പണ്ടു തടാകമുണ്ടായിരുന്നു. ഇവിടെ നിന്നു കുഴൽക്കിണറിൽ വെള്ളം എടുത്താണു പല ദിക്കിലേക്കും എത്തിക്കുന്നത് എന്നറിഞ്ഞു. വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും കാര്യം ഏതാണ്ടു സമാധാനമായി.
ജോർദാനിലെ കെ.എസ്. സനൽകുമാർ എന്ന വ്യാപാരിയെ അദ്യമേ പരിചയമുണ്ട്. ജോർദാനിൽ ക്ലാസിക് ഫാഷൻ എന്ന സ്ഥാപനമൊക്കെ നടത്തുന്നയാളാണ്. തിരുവനന്തപുരംകാരനായ അദ്ദേഹത്തിന്റെ കമ്പനിയിൽ നൈക്കി, അഡിഡാസ് ഉൽപന്നങ്ങളൊക്കെ നിർമിക്കുന്നുണ്ട്. അദ്ദേഹം ഞങ്ങളുമായി ബന്ധപ്പെട്ടു. പലതവണ ഇന്ത്യൻ എംബസിയിലേക്കു വിളിച്ചു. കുറച്ചുപേർ അമാനിൽ കിടക്കുന്നു. കുറെപ്പേർ വാദിറാമിൽ കിടക്കുന്നു എന്നല്ലാതെ ഒന്നും നടക്കുന്നില്ല.
സിനിമയൊക്കെ ഏകദേശം എല്ലാവരുടെയും മനസ്സിൽനിന്നു പോയി. എങ്ങനെയെങ്കിലും നാട്ടിലെത്തുക എന്നതായി ചിന്ത. ഓരോ ദിവസം കഴിയുന്തോറും എല്ലാവരുടെയും അസ്വസ്ഥത കൂടി വരികയാണ്. സ്റ്റെഡി ക്യാം ഓപ്പറേറ്റ് ചെയ്യുന്ന സുരേഷ് എന്ന തെലുങ്കൻ ആകെ അസ്വസ്ഥനായി. എന്നോടു വന്നു പറഞ്ഞു.- ‘‘അമാനിൽനിന്നു നാട്ടിലേക്ക് ഒരു ടിക്കറ്റ് എടുത്തു തരുമോ? ഞാൻ എയർപോർട്ടിലേയ്ക്കു നടന്നു പൊയ്ക്കൊള്ളാം’’. കഥയിലെ നജീബിന്റെ കണ്ണുകളായിരുന്നു സുരേഷിന് അപ്പോൾ.
ജീവിക്കാൻ വേണ്ടി ഏതു വഴിയും തേടാനുള്ള ഒരു വെപ്രാളം ഞാൻ അടുത്തുനിന്നു കണ്ടു. ഞാൻ തിരിച്ചറിഞ്ഞു– ഞങ്ങൾ അപ്പോൾ യഥാർഥമായ ആടുജീവിതം ജീവിക്കുകയാണ്. ക്രൂ അംഗങ്ങളിലേക്കു ഞാൻ പാളിനോക്കി. പത്തറുപത് നജീബുമാർ ദൈന്യമായി എന്നെ നോക്കുന്നതായി എനിക്കു തോന്നി. സുരേഷ് നടക്കാമെന്നു പറഞ്ഞ അമാനിലേക്ക് വാദിറാമിൽ നിന്നു 350 കിലോമീറ്റർ എങ്കിലുമുണ്ട്. അദ്ദേഹം അത്രയും ഗൗരവത്തോടെയാണ് ആ ചോദ്യം ചോദിച്ചത് എന്നെനിക്കു മനസ്സിലായി. അതിലെ വലിയ അപകടവും മണത്തു.
കൂടുതൽ പേർ ചിലപ്പോൾ ഇങ്ങനെയൊക്കെ ചിന്തിച്ചേക്കാം. നാട്ടിൽ ഉറ്റവർക്കു സുഖമില്ലെന്നുള്ള വിവരമൊക്കെ അറിയുമ്പോൾ ആളുകൾ പരിഭ്രാന്തരാവുകയാണ്. ചെറിയ പ്രശ്നങ്ങൾ പോലും ആളുകൾക്ക് വലിയ കാര്യമായി തോന്നുകയാണ്. എപ്പോഴെങ്കിലും തിരിച്ചു പോകാൻ കഴിയുമോ എന്നൊക്കെയാണ് ആളുകൾ ചോദിക്കുന്നത്.
ആർട്ട് ഡയറക്ടർ പ്രശാന്ത് ഒരു ദിവസം പറഞ്ഞു. ‘ഞാനിവിടെ മരിക്കുകയാണെങ്കിൽ എന്റെ ബോഡി നാട്ടിൽ കൊണ്ടു പോകേണ്ട. ഇവിടെ എവിടെയെങ്കിലും സംസ്കരിച്ചാൽ മതി’– മനുഷ്യരുടെ ചിന്തകൾ ഭ്രാന്തമായ വഴികളിലൂടെ സഞ്ചരിക്കുകയാണെന്നു ഞാൻ മനസ്സിലാക്കുകയാണ്. ഞാൻ അറിയാതെ തന്നെ അവരുടെയൊക്കെ ആത്മീയഗുരു കൂടിയാവുകയാണ്.
എല്ലാവരുടെയും മാനസികാരോഗ്യം എന്റെ ചുമതലയായി എനിക്കു സ്വയം തോന്നിത്തുടങ്ങി. അന്നു രാത്രിതന്നെ ഒരു അടിയന്തര യോഗം വിളിച്ചു. ഇങ്ങനെയല്ല കാര്യങ്ങളെ കാണേണ്ടത് എന്നു ഞാൻ പറഞ്ഞു. ഒരാൾ മറ്റൊരാളെ സപ്പോർട്ട് ചെയ്യണം എന്നൊക്കെയുള്ള ഉപദേശങ്ങളാണ് കൊടുക്കുന്നത്. വലിയൊരു പ്രതിസന്ധിയിൽ പെട്ടിരിക്കുന്ന ബറ്റാലിയനെ നയിക്കുന്ന കമാൻഡറെപ്പോലെ ഞാൻ നിൽക്കേണ്ടി വന്നു. എനിക്കു മാനസികമായി എത്ര ധൈര്യമുണ്ടെന്നു ഞാൻ ആലോചിച്ചു നോക്കി. എനിക്കു മറ്റുള്ളവരുടേതു പോലുള്ള ജീവഭയമില്ലെന്നു ഞാൻ മനസ്സിലാക്കി. സിനിമ മാത്രമാണ് എന്റെ മുന്നിൽ. മനുഷ്യത്വരഹിതമായതുകൊണ്ടൊന്നുമല്ല അത്.
എന്തിനുവേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത് എന്നാണു ഞാൻ ചിന്തിച്ചത്. എല്ലാം എന്റെ ഒരു സിനിമയ്ക്കു വേണ്ടിയാണ്. ഞാനുൾപ്പെടെ എത്രയോ ആളുകൾ കഷ്ടപ്പെടുകയാണ്. അപ്പോൾ അവരുടെ മാനസിക ആരോഗ്യം എനിക്കു പ്രധാനമാണ്. അതുപോലെ തന്നെ പ്രധാനമാണ് സിനിമ പൂർത്തിയാക്കുക എന്നത്. അല്ലെങ്കിൽ ഞാൻ എന്തൊക്കെയോ കാട്ടിക്കൂട്ടി എന്നു മാത്രമേ വരൂ. നാളെ അടയാളപ്പെടുത്തണമെങ്കിൽ പാതിയായ ഒരു സിനിമയിലൂടെ സാധിക്കില്ല. ലോകം ഇടിഞ്ഞുവീണാലും സിനിമ പൂർത്തിയാക്കണം എന്ന ചിന്ത മാത്രമാണ് എന്റെ മനസ്സിൽ.
അതിനിടയിൽ അവിടെനിന്നു രക്ഷപ്പെടാനുള്ള വഴികൾ തേടുന്നുണ്ട്. ഇന്ത്യൻ എംബസിയുമായി സംസാരിച്ചു നോക്കി. നോർക്ക റൂട്ട്സുമായി മെയിലുകൾ അയച്ചു. നാട്ടിൽ സർക്കാരിനെ ബന്ധപ്പെടാനും ശ്രമിക്കുന്നുണ്ട്. പലരും നമ്മളെ വിളിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ആർക്കും ഒന്നും ചെയ്യാൻ സാധിക്കുന്നില്ല.
പൃഥ്വിരാജിനുപോലും ഉലച്ചിലുകളുണ്ടായി. വീട്ടിൽ നിന്നു ഭാര്യയും അമ്മയും ഒക്കെ വിളിക്കുന്നുണ്ട്. സിനിമയ്ക്കു വേണ്ടി 30 കിലോയോളം കുറച്ച് ശാരീരികമായി ദുർബലമായ അവസ്ഥയിലാണ് അദ്ദേഹം. കനത്ത ഡയറ്റിൽ നിൽക്കുകയാണ്. ഒന്നോ രണ്ടോ തവണയാണ് ദിവസത്തിൽ ആഹാരം കഴിക്കുന്നത്. എപ്പോൾ വേണമെങ്കിലും അദ്ദേഹത്തിന്റെ ശരീരത്തിൽ ഒരു അണുബാധയ്ക്കു സാധ്യതയുണ്ട്. അതൊന്നും അത്ര അപകടകരമല്ലെങ്കിലും ആ മരുഭൂമിയിൽ എങ്ങനെ ചികിത്സ കൊടുക്കും എന്നൊക്കെയുള്ള ചിന്ത പേടിക്കാനുള്ളതു തന്നെയായിരുന്നു.
എന്നാൽ ഭക്ഷണം കഴിച്ചോളൂ എന്നു പറയാനും കഴിയില്ല. ഒരിക്കൽക്കൂടി ഇതുപോലെ തടി കുറച്ചെടുക്കാൻ കഴിയുമോ എന്നറിയില്ല. എത്രകാലം ഇങ്ങനെ അടച്ചിരിക്കേണ്ടിവരുമെന്നും അറിയില്ല. പലരുടെയും വീടുകളിൽ നിന്നുള്ള വിളികൾക്കു ഞാനാണു മറുപടി പറയുന്നത്. കുട്ടികളെ അധ്യാപകനൊപ്പം വിട്ട രക്ഷിതാക്കളോട് എന്ന പോലെയാണ് അവരൊക്കെ സംസാരിക്കുന്നത്. എന്റെ ഉറപ്പിലാണ് അവർ സമാധാനത്തോടെ ഫോൺ വയ്ക്കുന്നത്.
∙ പുതുവഴി: ക്രിക്കറ്റ് ഡിപ്ലമസി
എന്തായാലും മൊത്തം ക്രൂവിനെ ലൈവായി നിർത്തി മറ്റു മോശം ചിന്തകളെ അകറ്റി നിർത്തുകയാണു വേണ്ടതെന്ന് പ്രതിസന്ധിയിൽ ഉടലെടുത്ത എന്നിലെ ക്യാപ്റ്റൻ എന്നോടുതന്നെ പറഞ്ഞു. ആദ്യ ദിവസം റിസോർട്ടിലേക്ക് എത്തിയപ്പോഴുള്ള ദിവസം ഓർത്തു. വലിയ ഉച്ചത്തിൽ പാട്ടുവച്ച് നൃത്തം ചെയ്യുന്ന ടൂറിസ്റ്റുകൾ. അവർ അവരുടെ മറ്റു കാര്യങ്ങളൊക്കെ മാറ്റിവച്ച് ജീവിതം ആസ്വദിക്കുകയാണ്. സംഗീതത്തിന് ദുഃഖം മറക്കാനുള്ള കഴിവുണ്ടല്ലോ. നൃത്തത്തിനു നമ്മുടെ ശാരീരിക അവശതകളെ തെല്ലു നേരത്തേക്കെങ്കിലും മാറ്റിവയ്ക്കാൻ കഴിയും. രാത്രി മൈക്രോഫോണും സൗണ്ട് സിസ്റ്റവും തയാറാക്കി പല പല കലാപരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങി.
മിമിക്രിയും മോണോ ആക്ടും പാട്ടും നൃത്തവും അവിടെ അരങ്ങേറി. പകൽ സമയം പോകാനാണ് കൂടുതൽ ബുദ്ധിമുട്ട്. അങ്ങനെയാണു ക്രിക്കറ്റ് കളിക്കാം എന്ന ആശയം വരുന്നത്. ബാറ്റും ബോളും ഒന്നും കയ്യിലില്ല. 20 രൂപയുടെ ഒരു റബർ പന്തു പോലും വാങ്ങാൻ മാർഗമില്ല. ചില സമയങ്ങളിൽ നമ്മുടെ ആവശ്യം പണമോ ആഡംബരങ്ങളോ അല്ല. ഒരു കുഞ്ഞു റബർ പന്താണ്. പക്ഷേ അതുപോലും ലഭിക്കാതിരിക്കുന്ന അവസ്ഥ!. കയ്യിലുള്ള പണമൊക്കെ വെറും കടലാസ് കഷ്ണങ്ങളായി മാറുന്നതിന്റെ നേർക്കാഴ്ച.
ആർട്ട് ടീം മരം മുറിച്ച് ബാറ്റുണ്ടാക്കി. വീട്ടിൽ ഇടാനായി കൊണ്ടുവന്ന റബർ ചെരിപ്പുകൾ വട്ടം വട്ടം മുറിച്ചെടുത്ത് ചേർത്തുവച്ച് ഒട്ടിച്ചു മുറിച്ചെടുത്ത് ഒന്നാന്തരം പന്തുണ്ടാക്കി. പ്രതിസന്ധികൾ നമ്മളെ കൂടുതൽ ക്രിയേറ്റീവ് ആക്കുമല്ലോ. പിന്നീട് പല ടീമായി തിരിഞ്ഞു കളിക്കാൻ ഇറങ്ങി. പൃഥ്വിരാജും ഒരു ടീമിൽ ചേർന്നു. ക്രിക്കറ്റ് ഞങ്ങൾക്കു വലിയ ആശ്വാസം തന്നു. എല്ലാവരും ഒരു ടീം ആണെന്ന ബോധ്യം വളർത്തി. ഒരാളുടെ പ്രശ്നം മറ്റൊരാളുടെ പ്രശ്നമായി കണ്ടു പരിഹരിക്കാനൊക്കെ കഴിയുന്ന ഒരു വലിയ കൂട്ടായ്മയായി യൂണിറ്റ് മാറി. ‘ക്രിക്കറ്റ് ഡിപ്ലമസി’ അതിൽ വലിയ പങ്കുവഹിച്ചു. ക്രിക്കറ്റ് കളി അത്രമേൽ സീരിയസ് ആയതുകൊണ്ട് ആർട്ട് ടീം ഒരു മെഗാ ട്രോഫിയൊക്കെ ഉണ്ടാക്കി.
∙ ദുഃഖവെള്ളിയും കുരിശുമലയും
അതിനിടെയാണ് ദുഃഖവെള്ളി വരുന്നത്. നമ്മുടെ സ്റ്റിൽ ഫൊട്ടോഗ്രഫറെ ക്രൈസ്റ്റ് ആയി മേക്കപ്പ് ചെയ്തു. യൂണിറ്റിലെ കാർപെന്റേഴ്സ് വമ്പൻ ഒരു കുരിശുണ്ടാക്കി. പടയാളികളായി പലരെയും വേഷം കെട്ടിച്ചു. തുണിയൊന്നും കാര്യമായി ലഭിക്കാത്തിനാൽ കർട്ടനും സെറ്റിയുടെ കവറുമൊക്കെ കീറിയാണ് കോസ്റ്റ്യൂം തയാറാക്കുന്നത്. മുൾകുരിശ് അണിഞ്ഞ യേശു ചാട്ടവാറടിയേറ്റു മുന്നിൽ നടന്നു.
14 ഇടങ്ങളിൽ ആണല്ലോ പ്രാർഥന. പതിനാല് കോട്ടേജുകളെ ഓരോ ഇടങ്ങളായി കണ്ട് ഫോട്ടോയൊക്കെ വച്ചു പ്രാർഥിച്ചു. കുറച്ചുപേരേ ക്രിസ്തുമത വിശ്വാസികൾ ഉണ്ടായിരുന്നുള്ളൂ എങ്കിലും എല്ലാവരും ഇതിൽ സഹകരിച്ചു. യുട്യൂബിൽ നിന്നു പ്രാർഥനകളൊക്കെ ഡൗൺലോഡ് ചെയ്താണ് ഉപയോഗിച്ചത്. തൊട്ടടുത്ത് മലയാണല്ലോ. അതുതന്നെ ഞങ്ങളുടെ കുരിശുമല.
അടുത്ത ദിവസങ്ങളിൽ വിഷുവാണ്. കൊന്നപ്പൂവും കണിവയ്ക്കാനുള്ള സാമഗ്രികളും കിട്ടാനില്ലല്ലോ. ഒരു കൃഷ്ണന്റെ ചിത്രം വരച്ചുണ്ടാക്കി. മഞ്ഞത്തുണിവെട്ടി കൊന്നപ്പൂവുണ്ടാക്കി. 12 മണികഴിഞ്ഞപ്പോൾ കുറച്ചുപേർ കണിയുമായി എല്ലാ മുറികളിലും വന്നു കണികാണിച്ചു. കണികാണും നേരം എന്ന ഗാനം സ്പീക്കറിലിട്ട് എല്ലാവരെയും ഉണർത്തി. ഈസ്റ്ററിന് അടുക്കളയിൽക്കയറി മുട്ട റോസ്റ്റും റൈസുമൊക്കെ ഉണ്ടാക്കി. പോവുകയാണെങ്കിൽ എല്ലാവരുംകൂടെ എന്ന മാനസിക നിലയിലേക്ക് എല്ലാവരും മാറി.
നാട്ടിൽ പോകാൻ കഴിയാതെ തകർന്നിരിക്കുന്നവർക്കൊക്കെ ഒരുപാടു മാറ്റമായി. മരുഭൂമി നടന്നു കടക്കാം എന്നു പറഞ്ഞ സുരേഷൊക്കെ ആഘോഷങ്ങളിൽ മുന്നിൽ നിൽക്കുന്നതു കണ്ടപ്പോൾ ആശ്വാസമായി. സംസാരത്തിലൂടെയുള്ള ആശ്വസിപ്പിക്കലുകളേക്കാൾ ഒരുമയ്ക്കു വേണ്ടിയുള്ള ഇത്തരം പ്രവർത്തനങ്ങളാണു ഫലപ്രദമായത്. ഇതിനിടെ എന്റെ കൈ വിരൽ പൊട്ടി. ഒരു കതകിൽ കുടുങ്ങിയതാണ്. അടുത്തുള്ള ഒരു സൈനിക ആശുപത്രിയിൽ കൊണ്ടുപോയി പ്ലാസ്റ്ററിട്ടു. വിരലിനാണെങ്കിലും കൈ മൊത്തം പ്ലാസ്റ്ററാണ്. എനിക്ക് ഒരു കൈയുടെ സ്വാധീനം നഷ്ടമായി. ഒറ്റക്കയ്യുമായാണ് പിന്നീടുള്ള ദിവസങ്ങൾ.
ഇന്ത്യയിലേക്ക് ആടിനെ കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ ഉള്ളതു പോലെയാണ് നാട്ടിലെ ക്വാറന്റീൻ വ്യവസ്ഥ. ഇവിടെയും അവിടെയും ക്വാറന്റീൻ. നാട്ടിൽ രോഗം അത്ര പടർന്നു പിടിച്ചില്ലെങ്കിലും നിയന്ത്രണങ്ങൾ വളരെ പേടിപ്പെടുത്തുന്നതായിരുന്നു. കണ്ടെയ്ൻമെന്റ് സോണുകളും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സൈന്ററുകളുമൊക്കെയായി ആളുകളുടെ നാട്ടിലെ ഭീതി നമുക്കും അവിടെയെത്തുമല്ലോ.
∙ ദൈവം വന്നപ്പോൾ
അങ്ങനെയിരിക്കെ ഒരു ദിവസം ഒരു വണ്ടി മരുഭൂമിയിലേക്കു വരികയാണ്. വെറും വണ്ടിയല്ല. ഒരു വണ്ടി ഭക്ഷണം!. ചിക്കനും മട്ടനും റൈസും ഒക്കെയായി എല്ലാവർക്കും സുഭിക്ഷമായി കഴിക്കാൻ കഴിയുന്ന ഭക്ഷണം. സനൽകുമാർ സാറിന്റെ ഫാക്ടറിയിലെ കന്റീനിൽ നിന്നാണ് ആ വാഹനം അയച്ചത്. അദ്ദേഹത്തെ അന്നെല്ലാവരും പ്രവാചകൻ എന്നാണു വിളിച്ചത്. വിശക്കുന്നവന് അപ്പവുമായി വരുന്നവനാണ് ദൈവം എന്നാണല്ലോ. വീണ്ടും ഞങ്ങളുടെ കാത്തിരിപ്പു തുടർന്നു...
(ആടുജീവിതത്തിലെ കഥ പോലെ ആശ്ചര്യജനകമായ അനുഭവങ്ങൾ ആയിരുന്നു അത് സിനിമയാക്കിയപ്പോൾ ബ്ലെസ്സിക്കും സംഘത്തിനും നേരിടേണ്ടി വന്നത്. ആ അനുഭവത്തിന്റെ സമ്പൂർണ വായനയ്ക്ക് - 'ജീവിതം ആടുജീവിതം: ഓർമകളിലെ മരുക്കാറ്റ്' )