ആരായിരുന്നു ഇളയരാജ? ആരായിത്തീര്‍ന്നു ഇളയരാജ? ഈ രണ്ട് ചോദ്യങ്ങളും ഒരു പോലെ പ്രസക്തമാണ്. സ്ഥിരീകരിക്കാന്‍ തെളിവുകള്‍ ലഭ്യമല്ലെങ്കിലും വായ്‌മൊഴിയായി പകര്‍ന്നു കിട്ടിയ അറിവുകള്‍ പ്രകാരം തമിഴ്‌നാട്ടിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലുടനീളം പാട്ട് പാടി നടന്ന ഒരു തെരുവ് ഗായകനായിരുന്നു തുടക്കത്തില്‍ അദ്ദേഹം. പിന്നീട് നാടകങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചുപോന്ന രാജ മ്യൂസിക്ക് കണ്ടക്ടര്‍ എന്ന നിലയില്‍ നിരവധി സിനിമകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു. സുഹൃത്തായ ഭാരതിരാജയുടെ സിനിമാ പ്രവേശനത്തോടെ ചലച്ചിത്രമേഖലയിലേക്ക് കടന്നു. 1976ല്‍ അന്നക്കിളി എന്ന തമിഴ് സിനിമയ്ക്കാണ് ഇളയരാജ ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ചത്. പിന്നീടുളളതെല്ലാം ചരിത്രം. 1991ല്‍ ബിബിസി ഒരു സര്‍വേ നടത്തുകയുണ്ടായി. ലോകത്തിലെ ഏറ്റവും മികച്ച പത്ത് ഗാനങ്ങള്‍ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ആ തിരഞ്ഞെടുപ്പില്‍ നാലാം സ്ഥാനത്ത് വന്നത് ദളപതി എന്ന സിനിമയ്ക്കായി രാജ ഈണം നല്‍കിയ ‘രാക്കമ്മാ കയ്യേ തട്ട്...’ എന്ന ഗാനമായിരുന്നു. തമിഴ് സിനിമയ്ക്കും ഭാരതീയ സംഗീതത്തിനും ലഭിച്ച അപൂര്‍വ അംഗീകാരം ഇളയരാജ വഴിയായിരുന്നു എന്നതും അദ്ദേഹത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു. അതിപ്രഗത്ഭരായ നിരവധി സംഗീത സംവിധായകരെ ഇന്ത്യന്‍ സിനിമ കണ്ടിട്ടുണ്ട്. പല കാലങ്ങളില്‍ പ്രത്യക്ഷപ്പെട്ട് കാലാന്തരത്തില്‍ മണ്‍മറഞ്ഞു പോയവരും തിളക്കം മങ്ങിപ്പോയവരും അക്കൂട്ടത്തിലുണ്ട്. എന്നാല്‍ തുടക്കം കുറിച്ച നാള്‍ മുതല്‍ ഇന്നോളം ഒരേ പ്രഭാവത്തോടെ നിലനില്‍ക്കുന്ന ഒരു സംഗീതജ്ഞനേ ഇന്ത്യന്‍ സിനിമയിലുളളൂ, സാക്ഷാല്‍ ഇളയരാജ. ഒരു പ്രത്യേക കാലത്തിന്റെയോ ട്രെൻഡിന്റെയോ വക്താവല്ല അദ്ദേഹം. എല്ലാക്കാലത്തിന്റെയും സംഗീതജ്ഞനാണ് രാജ. മലയാളത്തിലും നിരവധി ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിട്ടുണ്ട്. അതില്‍ പലതും ശ്രവണ മധുരവുമായിരുന്നു. എന്നാല്‍ രാജയേക്കാള്‍ മികച്ച ഗാനങ്ങള്‍ നൗഷാദും ദേവരാജന്‍ മാഷും ബാബുരാജും രവീന്ദ്രനും ജോണ്‍സണും ഔസേപ്പച്ചനുമെല്ലാം ഒരുക്കിയിട്ടുണ്ട്. പക്ഷേ അവരിലാര്‍ക്കും രാജ സ്പര്‍ശിച്ച ഉയരങ്ങള്‍ താണ്ടാന്‍ കഴിഞ്ഞിട്ടില്ലെന്നു മാത്രം. നിമിഷവേഗത്തില്‍ കാലാതീതമായ ഗാനങ്ങള്‍ക്ക് ഈണമിടാന്‍ കഴിയുന്ന അസാധ്യ പ്രതിഭാവിലാസം ഇളയരാജയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. പല അഭിരുചികള്‍ നയിക്കുന്ന തലമുറകളെ ഒരുപോലെ തന്റെ വരുതിയില്‍ നിര്‍ത്താനും ഇളയരാജയ്‌ക്കേ കഴിയു. റഹ്‌മാന്‍ തരംഗത്തില്‍ രാജ അസ്തമിച്ചു എന്ന് കരുതിയവരുണ്ട്. ഒരു പരിധി വരെ രാജ അപ്രസക്തനായോ എന്നു പോലും ശങ്കിച്ചവരുണ്ട്. അത്രമേല്‍ ഉയരത്തിലായിരുന്നു അന്ന് റഹ്‌മാന്റെ സ്ഥാനം. ഓസ്‌കറോളം വളര്‍ന്ന അദ്ദേഹം രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സംഗീതജ്ഞനായി. എന്നാല്‍ കാലം കടന്നു പോകവേ പഴയ റഹ്‌മാന്‍ മാജിക്ക് മെല്ലെ മങ്ങിപ്പോകുന്ന കാഴ്ചയാണ് കണ്ടത്. ഏതാനും ചില ഗാനങ്ങളില്‍ റഹ്‌മാന്‍ എന്ന നാമധേയം ഒതുങ്ങി നിന്നപ്പോള്‍ രാജ സിനിമയില്‍ സജീവസാന്നിധ്യമായി നിലകൊണ്ടു. ഇതിനിടയില്‍ ലണ്ടനില്‍ പോയി ഫുള്‍ സിംഫണി ഒരുക്കാനും കഴിഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരായിരുന്നു ഇളയരാജ? ആരായിത്തീര്‍ന്നു ഇളയരാജ? ഈ രണ്ട് ചോദ്യങ്ങളും ഒരു പോലെ പ്രസക്തമാണ്. സ്ഥിരീകരിക്കാന്‍ തെളിവുകള്‍ ലഭ്യമല്ലെങ്കിലും വായ്‌മൊഴിയായി പകര്‍ന്നു കിട്ടിയ അറിവുകള്‍ പ്രകാരം തമിഴ്‌നാട്ടിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലുടനീളം പാട്ട് പാടി നടന്ന ഒരു തെരുവ് ഗായകനായിരുന്നു തുടക്കത്തില്‍ അദ്ദേഹം. പിന്നീട് നാടകങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചുപോന്ന രാജ മ്യൂസിക്ക് കണ്ടക്ടര്‍ എന്ന നിലയില്‍ നിരവധി സിനിമകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു. സുഹൃത്തായ ഭാരതിരാജയുടെ സിനിമാ പ്രവേശനത്തോടെ ചലച്ചിത്രമേഖലയിലേക്ക് കടന്നു.

1976ല്‍ അന്നക്കിളി എന്ന തമിഴ് സിനിമയ്ക്കാണ് ഇളയരാജ ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ചത്. പിന്നീടുളളതെല്ലാം ചരിത്രം. 1991ല്‍ ബിബിസി ഒരു സര്‍വേ നടത്തുകയുണ്ടായി. ലോകത്തിലെ ഏറ്റവും മികച്ച പത്ത് ഗാനങ്ങള്‍ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ആ തിരഞ്ഞെടുപ്പില്‍ നാലാം സ്ഥാനത്ത് വന്നത് ദളപതി എന്ന സിനിമയ്ക്കായി രാജ ഈണം നല്‍കിയ ‘രാക്കമ്മാ കയ്യേ തട്ട്...’ എന്ന ഗാനമായിരുന്നു. തമിഴ് സിനിമയ്ക്കും ഭാരതീയ സംഗീതത്തിനും ലഭിച്ച അപൂര്‍വ അംഗീകാരം ഇളയരാജ വഴിയായിരുന്നു എന്നതും അദ്ദേഹത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു.

കൊല്ലൂർ മൂകാംബിക ക്ഷേത്രം സന്ദർശിക്കുന്ന സംഗീതസംവിധായകൻ ഇളയരാജ. (File Photo: PTI)
ADVERTISEMENT

അതിപ്രഗത്ഭരായ നിരവധി സംഗീത സംവിധായകരെ ഇന്ത്യന്‍ സിനിമ കണ്ടിട്ടുണ്ട്. പല കാലങ്ങളില്‍ പ്രത്യക്ഷപ്പെട്ട് കാലാന്തരത്തില്‍ മണ്‍മറഞ്ഞു പോയവരും തിളക്കം മങ്ങിപ്പോയവരും അക്കൂട്ടത്തിലുണ്ട്. എന്നാല്‍ തുടക്കം കുറിച്ച നാള്‍ മുതല്‍ ഇന്നോളം ഒരേ പ്രഭാവത്തോടെ നിലനില്‍ക്കുന്ന ഒരു സംഗീതജ്ഞനേ ഇന്ത്യന്‍ സിനിമയിലുളളൂ, സാക്ഷാല്‍ ഇളയരാജ. ഒരു പ്രത്യേക കാലത്തിന്റെയോ ട്രെൻഡിന്റെയോ വക്താവല്ല അദ്ദേഹം. എല്ലാക്കാലത്തിന്റെയും സംഗീതജ്ഞനാണ് രാജ. മലയാളത്തിലും നിരവധി ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിട്ടുണ്ട്. അതില്‍ പലതും ശ്രവണ മധുരവുമായിരുന്നു. എന്നാല്‍ രാജയേക്കാള്‍ മികച്ച ഗാനങ്ങള്‍ നൗഷാദും ദേവരാജന്‍ മാഷും ബാബുരാജും രവീന്ദ്രനും ജോണ്‍സണും ഔസേപ്പച്ചനുമെല്ലാം ഒരുക്കിയിട്ടുണ്ട്. പക്ഷേ അവരിലാര്‍ക്കും രാജ സ്പര്‍ശിച്ച ഉയരങ്ങള്‍ താണ്ടാന്‍ കഴിഞ്ഞിട്ടില്ലെന്നു മാത്രം.

നിമിഷവേഗത്തില്‍ കാലാതീതമായ ഗാനങ്ങള്‍ക്ക് ഈണമിടാന്‍ കഴിയുന്ന അസാധ്യ പ്രതിഭാവിലാസം ഇളയരാജയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. പല അഭിരുചികള്‍ നയിക്കുന്ന തലമുറകളെ ഒരുപോലെ തന്റെ വരുതിയില്‍ നിര്‍ത്താനും ഇളയരാജയ്‌ക്കേ കഴിയു. റഹ്‌മാന്‍ തരംഗത്തില്‍ രാജ അസ്തമിച്ചു എന്ന് കരുതിയവരുണ്ട്. ഒരു പരിധി വരെ രാജ അപ്രസക്തനായോ എന്നു പോലും ശങ്കിച്ചവരുണ്ട്. അത്രമേല്‍ ഉയരത്തിലായിരുന്നു അന്ന് റഹ്‌മാന്റെ സ്ഥാനം. ഓസ്‌കറോളം വളര്‍ന്ന അദ്ദേഹം രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സംഗീതജ്ഞനായി. എന്നാല്‍ കാലം കടന്നു പോകവേ പഴയ റഹ്‌മാന്‍ മാജിക്ക് മെല്ലെ മങ്ങിപ്പോകുന്ന കാഴ്ചയാണ് കണ്ടത്. ഏതാനും ചില ഗാനങ്ങളില്‍ റഹ്‌മാന്‍ എന്ന നാമധേയം ഒതുങ്ങി നിന്നപ്പോള്‍ രാജ സിനിമയില്‍ സജീവസാന്നിധ്യമായി നിലകൊണ്ടു. ഇതിനിടയില്‍ ലണ്ടനില്‍ പോയി ഫുള്‍ സിംഫണി ഒരുക്കാനും കഴിഞ്ഞു.

എ.ആർ.റഹ്മാൻ. (Photo: AR Rahman/Instagram)

∙ തലമുറകള്‍ നെഞ്ചോട് ചേര്‍ത്ത സംഗീതജ്ഞന്‍

രാജയുടെ പുതിയ പാട്ടുകള്‍ക്കൊപ്പം ദശകങ്ങള്‍ പഴക്കമുളള ഗാനങ്ങള്‍ പോലും തലമുറകള്‍ ആവേശത്തോടെ മൂളി നടന്നു. ക്ലാസിക് എന്ന വിശേഷണം തന്റെ ഓരോ പാട്ടുകള്‍ക്കും അന്വര്‍ഥമാണെന്ന് രാജ പറയാതെ പറഞ്ഞു. ചിലപ്പോഴൊക്കെ പരസ്യമായും പറഞ്ഞു. അത് സത്യവുമായിരുന്നു. പതിനായിരക്കണക്കിന് പാട്ടുകളിലൂടെ അരനൂറ്റാണ്ടിലധികമായി ഇടവേളകളില്ലാതെ തുടരുന്ന ഒരു സംഗീത വിസ്മയം. രാജ വിശേഷണങ്ങള്‍ക്കുമപ്പുറത്തായിരുന്നു എന്നും. വാക്കുകള്‍ക്ക് പിടി തരാത്ത പ്രതിഭാവിലാസം.

ADVERTISEMENT

ക്ലാസിക്കല്‍ ടച്ചുളള ഗാനങ്ങള്‍ സിനിമ കീഴടക്കിയ കാലത്തും തമിഴ് നാടോടിപ്പാട്ടുകളുടെ താളവും ലയവും ഭാവവുമുളള ഇളയരാജ ഗാനങ്ങള്‍ തല ഉയര്‍ത്തിപ്പിടിച്ച് നിന്നു. അവ മനുഷ്യമനസ്സില്‍ ആഴത്തില്‍ സ്പര്‍ശിക്കാന്‍ കെല്‍പ്പുളളവയായിരുന്നു. സംഗീതത്തിനായി പരിപൂർണമായി സമര്‍പ്പിക്കപ്പെട്ട ഒന്നായിരുന്നു രാജയുടെ ജീവിതം. അതികാലത്ത് ഉണര്‍ന്ന് സ്റ്റുഡിയോയില്‍ എത്തുന്ന രാജ വിശ്രമമില്ലാതെ രാത്രി ഏറെ വൈകുവോളം പണിയെടുക്കും. ദിവസം രണ്ടും മൂന്നും സിനിമകളുടെ റിക്കോര്‍ഡിങ്ങില്‍ പങ്കെടുക്കുന്ന രാജയെന്നത് തമിഴ് സിനിമാ പ്രവർത്തകർക്ക് ഒരു അതിശയക്കാഴ്ചയല്ല.

‘വര്‍ക്കഹോളിക്’ സ്വഭാവം എന്നതിലേറെ സമര്‍പ്പിത മനസ്സുളള സംഗീതജ്ഞന്‍ കുടിയായിരുന്നു അദ്ദേഹം. പാട്ടിന് വേണ്ടി മാത്രമായി ഒരു ജീവിതമെന്ന് വിശേഷിപ്പിക്കാവുന്ന തലത്തില്‍ അദ്ദേഹം സ്വന്തം സമയം ചിട്ടപ്പെടുത്തുകയും ചെയ്തു. 81–ാം വയസ്സിലും ആ നിതാന്ത സപര്യ തുടരുന്നു. പുതിയ പുതിയ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നു. പുതുഗായകരെ രംഗത്ത് കൊണ്ടുവരുന്നു. പഴയ പാട്ടുകളുടെ പേരില്‍ നിരന്തരം ചര്‍ച്ചകളിലെത്തുന്നു. രാജയെക്കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞ ഒരു അനുഭവമുണ്ട്. രസതന്ത്രം എന്ന സിനിമയ്ക്ക് ഗാനങ്ങള്‍ ചിട്ടപ്പെടുത്താനായി അദ്ദേഹവും രാജയും ഗാനരചയിതാവും ഒരു ഹൗസ്‌ബോട്ടില്‍ ഒത്തുകൂടുന്നു. അഞ്ച് മിനിറ്റ് കണ്ണടച്ചിരുന്ന രാജ നിമിഷവേഗത്തില്‍ മനസ്സില്‍നിന്ന് പുറത്തെടുത്തത് ഹൃദ്യവും വൈവിധ്യപൂര്‍ണവുമായ അഞ്ച് പാട്ടുകളായിരുന്നു.

സംവിധായകൻ സത്യൻ അന്തിക്കാടിനൊപ്പം ഇളയരാജ. (ചിത്രം: മനോരമ ആർക്കൈവ്‌)

എങ്കിലും പൂര്‍ണമായി രാജയുടെ കയ്യൊപ്പ് പതിഞ്ഞ പാട്ടുകള്‍ രൂപപ്പെട്ടത് മാതൃഭാഷയായ തമിഴില്‍ തന്നെയായിരുന്നു. സംഗീതത്തിന് ഭാഷയുണ്ടോ എന്ന ചോദ്യം സ്വാഭാവികമായും ഉയരാം. ഒരിക്കലുമില്ല എന്നുതന്നെ പറയാം. ഭാവസാന്ദ്രതയും വൈകാരികതയും ഭാഷയ്ക്കും കാലദേശങ്ങള്‍ക്കും അപ്പുറത്താണ്. അത്തരം വൈകാരികാംശത്തെ തൊട്ടുണര്‍ത്താന്‍ കഴിയുന്ന യഥാര്‍ഥ സംഗീതത്തിന്റെ സ്രഷ്ടാവാണ് രാജ. ‘തൂളിയിലെ ആട വന്ത്’ (ചിന്നതമ്പി) ഉൾപ്പെടെയുള്ള, സവിശേഷമായ ‘രാജ ടച്ച്’ കൊണ്ട് അനുഗ്രഹീതമായ പാട്ടുകള്‍ ഒന്നും രണ്ടുമല്ല, ആയിരങ്ങളാണ്. എന്നിട്ടും വറ്റാത്ത ഉറവയുമായി ആ സംഗീതനദി അനുസ്യൂതം പ്രവഹിക്കുകയാണ്. ഈ നിമിഷം വരെ...

‘ആറ്റിന്‍കരയോരത്ത് ചാറ്റല്‍മഴ ചോദിച്ചു കാറ്റേ കാറ്റേ വരുമോ?’ ഉള്‍പ്പെടെയുളള മനോജ്ഞമായ പാട്ടുകള്‍. തീര്‍ത്തും ജൈവികവും നൈസര്‍ഗികവും പ്രകൃതിദത്തവുമാണ് രാജയ്ക്ക് സംഗീതം. പഠിച്ചെടുത്ത് ചെയ്യുന്നതും പഠിക്കാതെ അനര്‍ഗളമായി ഒഴുകിയെത്തുന്നതും തമ്മിലുളള അന്തരവും സ്വാഭാവികതയും രാജയുടെ പാട്ടുകള്‍ക്കുണ്ട്. തന്നന്നം താനന്നം താളത്തിലാടി...(യാത്ര), താരാപഥം ചേതോഹരം (അനശ്വരം) അടക്കം നിരവധി ഗാനങ്ങള്‍ രാജ മലയാളത്തിലും ഒരുക്കി.

∙ വിവാദങ്ങളുടെ രാജ

ADVERTISEMENT

സംഗീതജ്ഞന്‍ എന്ന നിലയില്‍ വാസ്തവത്തില്‍ വലിയ രാജ തന്നെയാണ് അദ്ദേഹം. ഇത്ര സമുന്നതമായ പദവിയില്‍ വിരാജിക്കുമ്പോഴൂം പല കാലങ്ങളില്‍ പലതരം വിവാദങ്ങളില്‍ ചെന്നു പെട്ടിട്ടുണ്ട് ഇളയരാജ. അവയില്‍ പലതിലും സഹജമായ ധാര്‍ഷ്ട്യവും തന്‍പോരിമയും നിഴലിച്ചിട്ടുമുണ്ട്. ഒരാള്‍ എത്രത്തോളം പ്രഗത്ഭനാവുന്നുവോ അത്രത്തോളം എളിമയുളളവനാവണം എന്ന സാമാന്യ മര്യാദ ലംഘിക്കുന്നതായിരുന്നോ പലപ്പോഴൂം അദ്ദേഹത്തിന്റെ പ്രസ്താവനകളും പെരുമാറ്റങ്ങളുമെന്ന സംശയങ്ങളും ഉയർന്നു. റഹ്‌മാന്‍ അടക്കമുളളവരെ അംഗീകരിക്കാന്‍ വിമുഖനായ രാജയെ കണ്ട് അദ്ദേഹത്തെ ആദരിച്ചിരുന്നവര്‍ പോലും അതിശയിച്ചു. എന്നാല്‍ ഇതൊന്നും രാജയുടെ സഹജമായ സമീപനങ്ങളില്‍ മാറ്റം വരുത്തിയില്ല.

മോഹൻലാൽ, യേശുദാസ് എന്നിവർക്കൊപ്പം ഇളയരാജ. (ഫയൽ ചിത്രം: മനോരമ)

പ്രായം ചെല്ലുതോറും തന്റെ വ്യക്തിഗതമായ നിലപാടുകളില്‍ മുറുകെ പിടിക്കുന്ന കാര്‍ക്കശ്യക്കാരനായ ഒരു ഇളയരാജയെയാണ് നമുക്ക് കാണാന്‍ സാധിച്ചത്. സംഗീത മേഖലയില്‍ എല്ലാവര്‍ക്കും മീതേയാണ് താന്‍ എന്നതാണ് രാജയുടെ പുതിയ അവകാശ വാദം. തന്റെ ഗാനങ്ങള്‍ മറ്റാരും പാടാന്‍ പാടില്ലെന്നും പൊതുവേദികളില്‍ ഉപയോഗിക്കപ്പെടരുതെന്നും അതിന്റെ പകര്‍പ്പവകാശം 30 വര്‍ഷത്തേക്ക് തന്നില്‍ നിക്ഷിപ്തമാണെന്നും മറ്റുമുളള അദ്ദേഹത്തിന്റെ അവകാശ വാദങ്ങള്‍ കോടതിയില്‍ പോലും ചോദ്യം ചെയ്യപ്പെടുകയുണ്ടായി.

വലിയ കലാകാരനായിരിക്കുമ്പോഴും കലയുടെ അടിസ്ഥാന തത്വങ്ങളെ സംബന്ധിച്ച് അടിസ്ഥാനപരമായ ധാരണകള്‍ പോലുമില്ലാത്ത ഒരു രാജയെ പലപ്പോഴും അദ്ദേഹത്തിന്റെ പ്രസ്താവനകളില്‍നിന്ന് നമുക്ക് വായിച്ചെടുക്കാം. അതിന്റെ പാരമ്യതയില്‍നിന്നുളള പ്രസ്താവനയാണ് ‘എല്ലാവരിലും വലിയ സംഗീതജ്ഞനാണ് ഞാൻ’ എന്ന അദ്ദേഹത്തിന്റെ സ്വയം സാക്ഷ്യം. സംഗീതം അടക്കം ഏതൊരു കലാസൃഷ്ടിയും അതിന്റെസ്രഷ്ടാവും താരതമ്യങ്ങള്‍ക്ക് അതീതമാണ്. ഒരു അവസാന വാക്ക് എന്ന നിലയില്‍ ആധികാരികമായി ഒന്നിനെ സ്ഥാപിച്ചെടുക്കുക എന്നത് അനഭിലഷണീയമായ പ്രവണതയാണ്.

∙ മറ്റുള്ളവരേക്കാൾ വലിയവനോ!

തോമസ് മന്നിന്റെ മാജിക്ക് മൗണ്ടനും ദസ്‌തയോവ്‌സ്‌കിയുടെ കാരമസോവ് സഹോദരന്‍മാരും ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ ലവ് ഇന്‍ ദ് ടൈം ഓഫ് കോളറയും ഹെമിങ്‌വേയുടെ ഓള്‍ഡ് മാന്‍ ആന്‍ ദ് സീയും മികച്ച സാഹിത്യസൃഷ്ടികളാണ്. പല തലങ്ങളില്‍ പരസ്പരം വേറിട്ട് നില്‍ക്കുന്ന സൃഷ്ടികള്‍. അതിലൊരു കൃതിയെയോ സ്രഷ്ടാവിനെയോ പ്രത്യേകമായെടുത്ത്, അദ്ദേഹമാണ് ഏറ്റവും ഉന്നതന്‍ എന്ന് സ്ഥാപിക്കുക എളുപ്പമല്ല. കല ആപേക്ഷികമാണ്. പലരുടെയും അഭിരുചികളും ആസ്വാദനാബോധവും വിഭിന്നമാണ്. ചിലര്‍ക്ക് പ്രിയങ്കരമായത് മറ്റ് ചിലര്‍ക്ക് അങ്ങനെയാവണമെന്നില്ല.

ഇനി സാമാന്യവൽക്കരണം മാനദണ്ഡമായെടുത്താല്‍തന്നെ മണിച്ചിത്രത്താഴും അനന്തരവും ദേവാസുരവും കിരീടവും തനിയാവര്‍ത്തനവും വൈശാലിയും വടക്കന്‍ വീരഗാഥയും മലയാളികള്‍ ഒരു പോലെ ഇഷ്ടപ്പെട്ട സിനിമകളാണ്. ഇതിന്റെയെല്ലാം ശില്‍പികള്‍ വ്യത്യസ്ത സമീപനങ്ങളുളള ചലച്ചിത്രകാരന്‍മാരാണ്. അവരിലൊരാള്‍ മറ്റുളളവരേക്കാള്‍ പ്രഗത്ഭനാണെന്ന് അടിവരയിട്ട് പറയുക യാഥാര്‍ഥ്യത്തിന് നിരക്കാത്ത ഒന്നായിരിക്കും. ഒരാള്‍ മറ്റൊരാളേക്കാള്‍ മുകളിലോ ഒരാള്‍ മറ്റൊരാളേക്കാള്‍ താഴെയോ എന്നതല്ല കലയെ സംബന്ധിച്ച നിരീക്ഷണങ്ങളില്‍ പ്രധാനം. ഇതര കലാസ്രഷ്ടാവില്‍നിന്ന് വിഭിന്നമായ ആസ്വാദനാനുഭവം സമ്മാനിക്കാന്‍ കഴിയുന്നുവോ എന്നതാണ്. അത് സാധിതമാവുന്ന ഓരോ കലാകാരന്‍മാരും ആദരണീയര്‍ തന്നെയാണ്.

ഗിരീഷ് പുത്തഞ്ചേരിക്കൊപ്പം ഇളയരാജ. (ചിത്രം: മനോരമ ആർക്കൈവ്‌)

മൃണാള്‍ സെന്നും സത്യജിത്ത് റായും ബുദ്ധ ദേവദാസ് ഗുപ്തയും അടൂരും അരവിന്ദനും മണിരത്‌നവും അപര്‍ണ സെന്നുമെല്ലാം അവരവരുടേതായ തലത്തില്‍ മികച്ചവര്‍ തന്നെയാണ്. മുകളില്‍, താഴെ എന്ന വര്‍ഗീകരണം അബദ്ധജടിലവും അനാവശ്യവുംഅര്‍ഥശൂന്യവുമാണ്. മോഹന്‍ലാല്‍, തിലകന്‍, നെടുമുടി വേണു, ഭരത് ഗോപി എന്നിവര്‍ മലയാളം കണ്ട എക്കാലത്തെയും മികച്ച നടന്‍മാരാണ്. അവരില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്നത് ആരെന്ന് വ്യവചേ്ഛദിക്കാനാവില്ല. താരമൂല്യം അഥവാ വിപണന മൂല്യം കൊണ്ട് ലാലിനുളള മുന്‍തൂക്കം മറ്റൊരു ഘടകമാണ്. എന്നാല്‍ അഭിനയകലയുടെ മുന്‍ഗണനാ ക്രമം നിശ്ചയിക്കാന്‍ ഭരതമുനിയുടെ നാട്യശാസ്ത്രം പോലും അപര്യാപ്തമാണ്. എല്ലാ കലകള്‍ക്കും ഈ മാനദണ്ഡം ബാധകമാണ്. ആ തലത്തില്‍ വിലയിരുത്തുമ്പോള്‍ ഇളയരാജയുടെ ഇത്തരം അവകാശവാദങ്ങള്‍ ബാലിശവും അടിസ്ഥാനരഹിതവുമാണ്.

നിലനിന്ന കാലത്തിന്റെ പ്രത്യേകത കാരണവും അക്കാലത്ത് മലയാള സിനിമയ്ക്ക് എത്തിച്ചേരാനുള്ള പരിമിതികളുംകൊണ്ട് ലോകശ്രദ്ധയിലേക്കോ ദേശീയ ശ്രദ്ധയിലേക്കോ അര്‍ഹിക്കുന്ന തലത്തില്‍ ഉയരാന്‍ കഴിയാതെ പോയ സംഗീത സംവിധായകരുണ്ട്. ജോണ്‍സണ്‍, രവീന്ദ്രന്‍, ജെറി അമല്‍ദേവ്, ഔസേപ്പച്ചന്‍... എന്നിവരൊക്കെ എണ്ണത്തില്‍ ഇളയരാജയേക്കാള്‍ വളരെ കുറച്ച് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയവരാണ്. എന്നാല്‍ കുറച്ച് പാട്ടുകളിലൂടെ ആഴമേറിയ ഈണങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നത് വിസ്മരിച്ചു കൂടാ. ദേവരാജന്‍ മാഷ്, ശ്യാം, വിദ്യാസാഗര്‍... അങ്ങനെ വേറെയും നിരവധി പേരുകളുണ്ട് ഈ ഗണത്തില്‍.

റീ റിക്കോര്‍ഡിങ് അഥവാ പശ്ചാത്തല സംഗീതം (ബാക്ക്ഗ്രൗണ്ട് സ്‌കോര്‍) ഒരുക്കുന്നതില്‍ ജോണ്‍സണ്‍ മാഷ് മറ്റെല്ലാവരേക്കാള്‍ ബഹുദൂരം മുന്നിലാണെന്നതാണ് വാസ്തവം. ഇക്കാര്യത്തില്‍ ഇളയരാജയ്ക്ക് ജോണ്‍സണ്‍ മാഷിന്റെ ഔന്നത്യം അവകാശപ്പെടാനാവുമോ എന്നതും ഒരു ചര്‍ച്ചാ വിഷയമാണ്. സിനിമയുടെ ആകെത്തുകയും പ്രമേയത്തിന്റെയും അതതു കഥാസന്ദര്‍ഭങ്ങളുടെയും മൂഡും വൈകാരികതയും ഇത്രമേല്‍ ശക്തമായി പ്രോജ്ജ്വലിപ്പിക്കാന്‍ കഴിയുന്ന പശ്ചാത്തല സംഗീതജ്ഞര്‍ അത്യപൂര്‍വമാണ്. എന്താണ് ഇതിന്റെ മാനദണ്ഡമെന്ന് ചോദിച്ചാല്‍ അതത് സിനിമകളും അതിനെ എന്‍ഹാന്‍സ് ചെയ്യുന്നതില്‍ ജോണ്‍സണ്‍ വഹിച്ച പങ്കും എന്നേ പറയാന്‍ സാധിക്കൂ. ജോണ്‍സണ്‍ കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞെങ്കിലും സാക്ഷ്യപത്രങ്ങളായി ആ സിനിമകള്‍ ഇന്നും നിലനില്‍ക്കുന്നു.

ജോൺസൺ മാസ്റ്റർ (Creative Image: Manorama Online)

∙ എന്തിനാണീ താരതമ്യം!

എന്നാല്‍ യാഥാർഥ്യങ്ങളിലൂന്നിയ സൂക്ഷ്മാവലോകനങ്ങള്‍ക്കോ പഠനങ്ങള്‍ക്കോ സ്വയം വിധേയനാകാതെ തികച്ചും ഏകപക്ഷീയമായി, ഞാനാണ് എല്ലാവരിലും കേമന്‍ എന്ന് വിളിച്ചു പറയുകയാണ് ഇളയരാജ. അവളുടെ രാവുകള്‍ എന്ന സിനിമയ്ക്കായി എ.ടി. ഉമ്മര്‍ സംഗീതസംവിധാനം നിര്‍വഹിച്ച ‘രാകേന്ദു കിരണങ്ങള്‍ ഒളിവീശിയില്ല...’ എന്ന ഗാനം കഥാസന്ദര്‍ഭത്തിനപ്പുറത്ത് ആ സിനിമയുടെ ആത്മസത്തയുമായി അഗാധമായി ഇഴുകിച്ചേര്‍ത്തു കിടക്കുന്ന ഈണമാണ്. തൃഷ്ണ എന്ന സിനിമയ്ക്കായി ശ്യം ഒരുക്കിയ ‘മൈനാഗം കടലില്‍ നിന്നുയരുന്നുവോ...’, ‘ശ്രുതിയില്‍ നിന്നുയരും നാദശലഭങ്ങളേ..’, ചിലമ്പ്, കാതോട് കാതോരം എന്നീ സിനിമകള്‍ക്കായി ഔസേപ്പച്ചന്‍ ഒരുക്കിയ ‘താരും തളിരും’, ‘നീ എന്‍ സര്‍ഗസംഗീതമേ’ എന്നീ ഗാനങ്ങളും ഇതിവൃത്തത്തെ ഈണങ്ങളിലേക്ക് ആവാഹിക്കുന്ന അനന്യമായ ഗാനശിൽപങ്ങളാണ്.

ഏതൊരു കലാസൃഷ്ടിയും പ്രകാശനം ചെയ്യപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ അത് പൊതുസമൂഹത്തിന് അവകാശപ്പെട്ടതാണ്. ഒരുപാട് ആളുകളിലൂടെയും കാലങ്ങളിലൂടെയും സഞ്ചരിച്ച് അനശ്വരതയെ സ്പര്‍ശിക്കുമ്പോള്‍ മാത്രമാണ് ആ ഗാനം മഹത്തരമായി നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ സ്വന്തം ഈണം വ്യാപകമായി ആലപിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ് സംഗീത സംവിധായകരില്‍ ഏറെയും.

ഈ ജനുസ്സിലെ മറ്റൊരു വിസ്മയമാണ് ബേണി ഇഗ്‌നേഷ്യസ് തേന്‍മാവിന്‍ കൊമ്പത്തിനായി ഒരുക്കിയ ‘കളളിപ്പൂങ്കുയിലേ...’ എന്ന ഗാനം.  രഘുനാഥ് സേത്തിന്റെ ‘ആത്മാവില്‍ മുട്ടി വിളിച്ചതു പോലെ...’ (ആരണ്യകം) എന്ന പാട്ടും സമാനമായ തലത്തില്‍ നില്‍ക്കുന്നു. പത്മരാജന്റെ മൂന്നാം പക്കത്തിന് വേണ്ടി ഇളയരാജ ഒരുക്കിയ ‘ഉണരുമീ ഗാനം...’ നിത്യഹരിത ഗാനങ്ങളുടെ പട്ടികയില്‍ നില്‍ക്കുന്ന ഒന്നാണെങ്കിലും നോക്കെത്താ ദൂരത്ത് കണ്ണും നട്ടിനു വേണ്ടി ജെറി അമല്‍ദേവ് ഒരുക്കിയ ‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍...’ രാജയുടെ പാട്ടിനെ മറികടക്കുന്ന അനുഭവതലം സമ്മാനിക്കുന്ന ഒന്നാണ്. അമരത്തിന് വേണ്ടി രവീന്ദ്രന്‍ ഒരുക്കിയ ‘വികാരനൗകയുമായ്...’ ഞാന്‍ ഗന്ധര്‍വ്വനു വേണ്ടി ജോണ്‍സണ്‍ ഒരുക്കിയ ‘പാലപ്പൂവേ...’ എന്നിവയുമായുളള താരതമ്യ വിശകലനത്തില്‍ രാജയുടെ പാട്ടുകള്‍ ഏത് തലത്തില്‍ നില്‍ക്കുന്നു എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. ഇക്കാര്യത്തില്‍ താരതമ്യങ്ങള്‍ ഒഴിവാക്കുക എന്നത് തന്നെയാണ് കരണീയം.

2010ൽ ചെന്നൈയിൽ നടന്ന ഇളയരാജയുടെ പിറന്നാളാഘോഷത്തിൽനിന്ന് (ഫയൽ ചിത്രം: മനോരമ)

തമിഴ് നാടോടി ഗാനങ്ങളുടെ വിദൂരഛായയുളള ഒരു മലയാള ഗാനമുണ്ട്. 1983 എന്ന സിനിമയ്ക്കായി ഗോപി സുന്ദർ ഒരുക്കിയ ‘ഓലഞ്ഞാലിക്കുരുവി...’ ഗൃഹാതുരത്വം എന്ന അനുഭവത്തെ സാന്ദ്രമായി അടയാളപ്പെടുത്തിയ ഈ ഗാനത്തിന് ഇളയരാജയുടെ പാട്ട് ശൈലിയുമായി വിദൂരച്ഛായയുണ്ട്. അതേസമയം, അത് വേറിട്ട് നില്‍ക്കുകയും പ്രത്യേക ഗുണനിലവാരം പുലര്‍ത്തുകയും ചെയ്യുന്നു.

‘ഓ... മൃദുലേ ഹൃദയമുരളിയിലൊഴുകി വാ...’ (ഞാന്‍ ഏകനാണ്) ‘വരുവാനില്ലാരുമീ വിജനമാമീവഴി’ (മണിച്ചിത്രത്താഴ്) എന്നീ ഗാനങ്ങളിലൂടെ എം.ജി. രാധാകൃഷ്ണന്‍ സൃഷ്ടിച്ച ഭാവപ്രപഞ്ചവും തീവ്രസാന്നിധ്യവും എടുത്തു പറയേണ്ടതാണ്. രാജയുടെ സൃഷ്ടികളില്‍ അനന്യവും അതുല്യവുമായ ഈണങ്ങള്‍ ഏറെയുണ്ടെങ്കിലും അവയില്‍ മഹാഭൂരിപക്ഷത്തിനും ചില സമാനതകളും ആവര്‍ത്തന സ്വഭാവവും ഉണ്ടെന്ന വിമര്‍ശനവും നിലനില്‍ക്കുന്നു. ഒരേ ടോണും ട്രെന്‍ഡുമുളള ട്യൂണുകളാണ് ഏറെയും എന്നും പറയപ്പെടുന്നു. ട്യൂണില്‍ വരുന്ന നേരിയ വിഭിന്നതകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ദ്രാവിഡ സംസ്‌കാരത്തനിമയുളള തമിഴ് നാടോടി ഗീതങ്ങളുടെ തനതു വഴികളില്‍നിന്ന് അധികദൂരം മൂന്നോട്ട് സഞ്ചരിക്കാന്‍ ഇനിയും രാജയ്ക്ക് കഴിഞ്ഞിട്ടില്ലെന്നതും ഒരു പരിമിതിയാണ്.

ലതാ മങ്കേഷ്‌കർക്കൊപ്പം ഇളയരാജ. (ചിത്രം: മനോരമ ആർക്കൈവ്‌‌സ്)

ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം, ഹരിമുരളീരവം, പ്രമദവനം...എന്നിങ്ങനെയുളള രവീന്ദ്രസംഗീതവും ഞാന്‍ ഗന്ധര്‍വന് വേണ്ടി ജോണ്‍സണ്‍ ചിട്ടപ്പെടുത്തിയ ദേവീ... പോലുളള ഗാനങ്ങളും സംഗീതമേ അമരസല്ലാപമേ... (ബോംബെ രവി: സര്‍ഗം), ജാനക‌ീജാനേ രാമാ (നൗഷാദ്: ധ്വനി) എന്നിങ്ങനെ ക്ലാസിക്കല്‍ ടച്ചുളള ഈണങ്ങളും ഇളയരാജയുടെ ശ്രുതിപ്പെട്ടിക്ക് വഴങ്ങിയ അനുഭവങ്ങള്‍ നന്നേ കുറവ്.

∙ സിനിമയും ഈണവും ആരുടെ സ്വന്തം?

സിനിമാ ഗാനവും സംഗീതവും സ്വതന്ത്ര അസ്തിത്വമുളള സൃഷ്ടി പ്രക്രിയയല്ല. ഒരു ചലച്ചിത്രകാരന്റെ ആവശ്യവും നിർദേശവും അനുസരിച്ച് ഒരു സിനിമയുടെ പ്രമേയവും കഥാപരിസരവും പ്രേക്ഷകനെ ആഴത്തില്‍ അനുഭവിപ്പിക്കുന്നതിനായി ഗാനരചയിതാവും സംഗീതസംവിധായകനും ചേര്‍ന്നൊരുക്കുന്ന ഒന്നാണിത്. ഇതില്‍ ഈണത്തിന്റെ ഉത്തരവാദിത്തവും മേന്മയും പൂര്‍ണമായി സംഗീതജ്ഞന് മാത്രം അവകാശപ്പെട്ടതാണെങ്കിലും കാര്യകാരണസഹിതം ഈ കലയില്‍ തന്റെ മേധാവിത്വം സ്ഥാപിക്കാന്‍ അയാള്‍ക്ക് കഴിയണമെന്നില്ല.

ഇളയരാജ. (ചിത്രം: മനോരമ ആർക്കൈവ്‌‌സ്)

എന്തെന്നാല്‍ ഓരോ സിനിമയും ഓരോ ഈണവും ഓരോ പശ്ചാത്തല സംഗീതവും വിഭിന്നവും വ്യത്യസ്തവുമായ കഥാപരിസരങ്ങള്‍ക്ക് ഇണങ്ങുന്നതാണ്. ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനോളംതന്നെ സിനിമയെ സംബന്ധിച്ച് പ്രസക്തമാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുക എന്നത്. ഈ പ്രക്രിയയില്‍ ജോണ്‍സണുളള മേല്‍ക്കൈ അദ്ദേഹത്തിന്റെ അവകാശവാദമായിരുന്നില്ല. സിനിമ എന്ന കലാരൂപത്തെ സംബന്ധിച്ച് സമുന്നതമായ ധാരണകളുളള ചലച്ചിത്രകാരന്‍മാര്‍ അടക്കമുളള ആളുകള്‍ രേഖപ്പെടുത്തിയിട്ടുളള ഒന്നാണ്. ഇതിനെയെല്ലാം തൃണവൽക്കരിച്ചുകൊണ്ട് സ്വന്തം ഔന്നത്യത്തെക്കുറിച്ച് സ്വയം പറയാനുളള ഔദ്ധത്യം ഇളയരാജയ്ക്കുണ്ടായി എന്നത് നിര്‍ഭാഗ്യകരമാണ്. ആ തരത്തില്‍ പ്രതികരിച്ച് സ്വയം ചെറുതാകേണ്ട ഒന്നല്ല ആ മഹത് വ്യക്തിത്വം.

ഇന്ത്യന്‍ ചലച്ചിത്രലോകത്തിന് ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്ത വിധം ചരിത്രപരമായ മാനങ്ങളും പ്രാധാന്യവുമുളള നിരവധി ഗാനങ്ങള്‍ നിര്‍മിക്കുകയും ഒട്ടനവധി കള്‍ട്ട് ക്ലാസിക്കുകള്‍ക്ക് പശ്ചാത്തല സംഗീതം നിര്‍വഹിക്കുകയും ചെയ്ത സമാനതകളില്ലാത്ത പ്രതിഭാസംതന്നെയാണ് ഇളയരാജ എന്നത് സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ഇക്കാര്യത്തില്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് പ്രസക്തിയില്ല. എന്നാല്‍ താന്‍ വലിയവനായതുകൊണ്ട് മറ്റുളളവര്‍ ചെറിയവരാണ് എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തതായി പോയി എന്ന് ഖേദപൂര്‍വം പറയേണ്ടി വരുന്നു.

കെ.എസ്. ചിത്ര, സത്യൻ അന്തിക്കാട് എന്നിവർക്കൊപ്പം ഇളയരാജ. (ചിത്രം: മനോരമ ആർക്കൈവ്‌)

ശങ്കരാഭരണം പോലുളള സിനിമകള്‍ക്ക് സംഗീതം നല്‍കിയ കെ.വി.മഹാദേവനെ പോലെ വേറിട്ട് നില്‍ക്കുന്ന എത്രയോ അദ്ഭുതപ്രതിഭകളുണ്ട്. ക്ലാസിക്കല്‍ മ്യൂസിക്കിനെ സിനിമാറ്റിക്ക് സംഗീതത്തിലേക്ക് അനായാസമായും ആസ്വാദനക്ഷമമായും ജനകീയമായും പരിവര്‍ത്തനം ചെയ്ത സവിശേഷ വ്യക്തിത്വമാണ് കെ.വി.മഹാദേവനും മറ്റും. ഇവരൊക്കെ ഇളയരാജയേക്കാള്‍ താഴെയാണെന്ന് ഏകപക്ഷീയമായി പറയുമ്പോള്‍ സംഗീതചരിത്രം അറിയുന്നവര്‍ വിഷമത്തിലാവുകയാണുണ്ടാവുക.

ആരും ആര്‍ക്കും താഴെതല്ല, മീതെയുമല്ല. ഓരോരുത്തരും അവരവര്‍ അര്‍ഹിക്കുന്ന വഴികളിലൂടെ സഞ്ചരിക്കുന്നു. വ്യത്യസ്തമായ ഈണങ്ങളും ഭാവങ്ങളും അനുഭൂതികളും നമുക്ക് ലഭിക്കുന്നു. തന്റെ സംഗീതം തനിക്ക് മാത്രം അവകാശപ്പെട്ടതാണെന്നും മറ്റാരും അത് പാടരുതെന്നും ഇളയരാജ പറയുന്നതും അദ്ദേഹത്തിന്റെ ഔന്നത്യത്തിന് നിരക്കുന്ന വാദഗതിയല്ല. 

ഏതൊരു കലാസൃഷ്ടിയും പ്രകാശനം ചെയ്യപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ അത് പൊതുസമൂഹത്തിന് അവകാശപ്പെട്ടതാണ്. ഒരുപാട് ആളുകളിലൂടെയും കാലങ്ങളിലൂടെയും സഞ്ചരിച്ച് അനശ്വരതയെ സ്പര്‍ശിക്കുമ്പോള്‍ മാത്രമാണ് ആ ഗാനം മഹത്തരമായി നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ സ്വന്തം ഈണം വ്യാപകമായി ആലപിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ് സംഗീത സംവിധായകരില്‍ ഏറെയും.

∙ നേട്ടങ്ങളേക്കാൾ വലുതുണ്ട് പലതും

ഇളയരാജ വിപരീത ദിശയില്‍ ചിന്തിക്കുന്നത് ഒരു പക്ഷേ പ്രായം അദ്ദേഹത്തില്‍ സൃഷ്ടിച്ച ധാരണാപ്പിശകുകള്‍ കൊണ്ടാവാം. അല്ലെങ്കില്‍ മറ്റേതെങ്കിലും ബാഹ്യ സമ്മര്‍ദം കൊണ്ടാവാം. എന്തുതന്നെയായാലും യുക്തിക്കും കലയുടെ നീതിശാസ്ത്രത്തിനും തീരെ നിരക്കാത്ത ഒരു വാദമുഖമെന്നേ ഇതിനെ വിശേഷിപ്പിക്കാന്‍ കഴിയൂ. കാലം അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലും മാറ്റം വരുത്തുമെന്നുതന്നെ പ്രത്യാശിക്കാം.

രാഷ്ട്രപതി പ്രതിഭാ പാട്ടീലിൽ നിന്ന് പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങുന്ന സംഗീതസംവിധായകൻ ഇളയരാജ. (File Photo: PIB)

ഏതെങ്കിലും വലിയ പുരസ്‌കാരങ്ങള്‍ ലഭിച്ചു എന്നതോ ഏതെങ്കിലും അപൂര്‍വമായ റെക്കോര്‍ഡുകള്‍ക്ക് ഉടമയായി എന്നതോ മാത്രമല്ല ഔന്നത്യത്തിന് നിദാനം. മലയാളത്തിലെ പല പ്രമുഖ സംഗീത സംവിധായകരും അവര്‍ അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ ലഭിക്കാനുളള ഭാഗ്യം സിദ്ധിക്കാതെ പോയവരാണ്. അതുകൊണ്ട് അവര്‍ ആരേക്കാളും ചെറിയവരാകുന്നില്ല. ആത്യന്തികമായും അടിസ്ഥാനപരമായും ഒരാളുടെ ക്രിയാത്മക സംഭാവനകള്‍ തന്നെയാണ് പ്രധാനം. രവീന്ദ്രന്‍ മാഷും ജോണ്‍സണ്‍ മാഷും പ്രതിഭയുടെ മാനദണ്ഡങ്ങള്‍ വച്ച് വിലയിരുത്തുമ്പോള്‍ അര്‍ഹിക്കുന്ന തലത്തില്‍ എത്തിപ്പെടാതെ പോയ സംഗീതജ്ഞരാണ്.

എന്നാല്‍ ഇളയരാജയ്ക്ക് കാലം എല്ലാ സൗഭാഗ്യങ്ങളും അറിഞ്ഞ് നല്‍കി. ദേശീയ തലത്തില്‍ അറിയപ്പെടുന്ന അദ്ദേഹം നാല് തവണ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായി. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരവും പത്മഭൂഷണ്‍ അടക്കമുളള ബഹുമതികളും സ്വന്തമാക്കി. രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടാനുളള അവസരവും സിദ്ധിച്ചു. 1993ല്‍ ക്ലാസിക്ക് ഗിറ്റാറില്‍ ലണ്ടനിലെ ട്രിനിറ്റി സ്‌കുള്‍ ഓഫ് മ്യൂസിക്കില്‍നിന്ന് സ്വര്‍ണമെഡലോടെ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട്. ഫുള്‍ സിംഫണി കംപോസ് ചെയ്യാന്‍ ഭാഗ്യം സിദ്ധിച്ച ആദ്യ ഭാരതീയന്‍ എന്ന റിക്കാര്‍ഡും രാജയ്ക്ക് സ്വന്തം.

സംഗീതസംവിധായകൻ ഇളയരാജ. (Photo: Ilaiyaraaja/facebook)

ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് സിഎന്‍എന്‍-ഐബിഎന്‍ നടത്തിയ വോട്ടെടുപ്പില്‍ രാജ്യത്തെ ഏറ്റവും മഹാനായ സംഗീത സംവിധായകനായി രാജ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത അംഗീകാരങ്ങളും പദവികളും ബഹുമതികളും റിക്കാര്‍ഡുകളും രാജയ്ക്ക് സ്വന്തമാണ്. പക്ഷേ, രാജയോടുളള എല്ലാ ആദരവും നിലനിര്‍ത്തിക്കൊണ്ട് പറയേണ്ടിയിരിക്കുന്നു, ലഭിച്ച നേട്ടങ്ങളേക്കാള്‍ പ്രധാനമാണ് ഉള്‍ക്കരുത്തും ആഴവും ഹൃദ്യവുമായുളള സംഗീതത്തിന്റെ മികവും മാസ്മരികതയും.

നാളെ, രാജയുടെ പേരക്കുട്ടിയാകാന്‍ പ്രായമില്ലാത്ത ഒരു യുവാവ് വന്ന് രാജ അടക്കമുളളവരെ അതിശയിപ്പിക്കുന്ന ഈണം ഒരുക്കിയാല്‍ അവനാവും എല്ലാവര്‍ക്കും മേലെ. അതുകൊണ്ടുതന്നെ ഇത്തരം മൂപ്പിളമ തര്‍ക്കങ്ങള്‍ക്ക് കലയുടെ ലോകത്ത് സ്ഥാനമില്ല. കല അതിന്റെ നിയമങ്ങള്‍ സ്വയം നിശ്ചയിക്കുന്നു. മറ്റുളളവര്‍ക്ക് മാര്‍ക്കിടാന്‍ ഒരു കലാകാരനും അവകാശമില്ല. ആകാശമാണ് കലയുടെ അതിര്.

മോഹൻലാലിനൊപ്പം ഇളയരാജ. (ചിത്രം: മനോരമ ആർക്കൈവ്‌‌സ്)

ലോകപ്രശസ്തരായ അരുന്ധതി റോയിയും വിക്രം സേത്തും സല്‍മാന്‍ റുഷ്ദിയും ജീവിക്കുന്ന ഇന്ത്യയില്‍നിന്ന് അവരേക്കാള്‍ മൂല്യമുളള ഖസാക്കിന്റെ ഇതിഹാസം എന്ന ലോകോത്തര കൃതി രചിച്ച ഒ.വി.വിജയന്‍ കേരളത്തില്‍ മാത്രം അറിയപ്പെടുന്ന (പരമാവധി ഇന്ത്യയുടെ ചില കോണുകളില്‍) എഴുത്തുകാരനാണ്. അദ്ദേഹത്തിന് ബുക്കര്‍ പ്രൈസ് ലഭിച്ചില്ല. ജ്ഞാപീഠം പോലും ലഭിച്ചില്ല. പുരസ്‌കാരങ്ങള്‍ അതിന്റെ വഴിക്ക് പോകും. നല്ല കല അതിന്റെ വഴിക്കും. ആരും ആര്‍ക്കും പകരക്കാരല്ല. ആരും ആര്‍ക്കും മീതെയുമല്ല. ഈ വിവേചന ബോധം കൂടി ചേര്‍ന്നാല്‍ ഇളയരാജയോളം മഹത്വമുളള പ്രതിഭകള്‍ നമുക്ക് വേറെയില്ല എന്നും പറയേണ്ടി വരും.

(എഴുത്തുകാരനും സ്വതന്ത്ര മാധ്യമ പ്രവർത്തകനുമാണ് ലേഖകൻ. ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങളും ലേഖനങ്ങളും എഴുതുന്നു. അഭിപ്രായങ്ങൾ വ്യക്തിപരം)

English Summary:

Ilaiyaraaja: The Unparalleled Ruler of Music and Master of Stirring Debate