ആ സിനിമ എനിക്ക് ചെയ്യാൻ വയ്യെന്ന് പറഞ്ഞതാണ്: ഓഡിഷനു പോലും എന്നെ വിളിക്കാത്തത് എന്താണെന്ന് തോന്നിയിട്ടുണ്ട്: കനി
വാർപ്പുമാതൃകകൾക്ക് പുറത്തുള്ള അഭിനേത്രിയാണ് കനി കുസൃതി. പുരസ്കാരനേട്ടങ്ങളേക്കാൾ കനിയെ വാർത്താതാരമാക്കിയത് നിലപാടുകളും തുറന്നു പറച്ചിലുകളുമാണ്. ചെറുപ്പം മുതൽ സാധാരണ കുട്ടിയാകാൻ മാത്രം ആഗ്രഹിച്ച കനി കുസൃതി വളർന്നപ്പോൾ അതേ സാധാരണത്വം, തൊഴിലായി തിരഞ്ഞെടുത്ത അഭിനയത്തിലും തുടർന്നു. മലയാളികൾ കണ്ടു പരിചയിച്ച ചലച്ചിത്രതാരങ്ങളുടെ വർത്തമാനങ്ങളും തിരഞ്ഞെടുപ്പുകളുമായിരുന്നില്ല കനിയുടേത്. അഭിനേത്രി എന്ന നിലയിൽ ലഭിച്ച പരിമിതമായ അവസരങ്ങളിൽനിന്ന് സംസ്ഥാന പുരസ്കാരം മുതൽ ചലച്ചിത്രപ്രവർത്തകരുടെ സ്വപ്നവേദിയായ കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപ്പറ്റ് വരെ എത്തി നിൽക്കുകയാണ് കനി. പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ കാൻ ചലച്ചിത്രമേളയിലെ ഗ്രാൻ പ്രി പുരസ്കാരം നേടിയപ്പോൾ, ആ അഭിമാനനേട്ടത്തിന്റെ മലയാളി മുഖങ്ങളിലൊന്നായി കനി കുസൃതിയും സുഹൃത്തും സഹപ്രവർത്തകയുമായ ദിവ്യപ്രഭയും. ‘ബിരിയാണി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ച കനി ആ പുരസ്കാരം സമർപ്പിച്ചത് മലയാളത്തിന്റെ ആദ്യ നായിക പി.കെ. റോസിക്കായിരുന്നു. കാൻ ചലച്ചിത്രമേളയിലെ റെഡ് കാർപ്പറ്റ് എന്ന അഭിമാനവേദിയിലും സ്റ്റൈലായി നിലപാടു പ്രഖ്യാപിച്ച് കനി കയ്യടി നേടി. പുരസ്കാരനേട്ടത്തിന്റെ സന്തോഷവും കാൻ ചലച്ചിത്രമേളയിലെ അനുഭവങ്ങളും പങ്കുവച്ച് കനി കുസൃതി മനോരമ ഓൺലൈൻ പ്രീമിയത്തിൽ.

വാർപ്പുമാതൃകകൾക്ക് പുറത്തുള്ള അഭിനേത്രിയാണ് കനി കുസൃതി. പുരസ്കാരനേട്ടങ്ങളേക്കാൾ കനിയെ വാർത്താതാരമാക്കിയത് നിലപാടുകളും തുറന്നു പറച്ചിലുകളുമാണ്. ചെറുപ്പം മുതൽ സാധാരണ കുട്ടിയാകാൻ മാത്രം ആഗ്രഹിച്ച കനി കുസൃതി വളർന്നപ്പോൾ അതേ സാധാരണത്വം, തൊഴിലായി തിരഞ്ഞെടുത്ത അഭിനയത്തിലും തുടർന്നു. മലയാളികൾ കണ്ടു പരിചയിച്ച ചലച്ചിത്രതാരങ്ങളുടെ വർത്തമാനങ്ങളും തിരഞ്ഞെടുപ്പുകളുമായിരുന്നില്ല കനിയുടേത്. അഭിനേത്രി എന്ന നിലയിൽ ലഭിച്ച പരിമിതമായ അവസരങ്ങളിൽനിന്ന് സംസ്ഥാന പുരസ്കാരം മുതൽ ചലച്ചിത്രപ്രവർത്തകരുടെ സ്വപ്നവേദിയായ കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപ്പറ്റ് വരെ എത്തി നിൽക്കുകയാണ് കനി.
പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ കാൻ ചലച്ചിത്രമേളയിലെ ഗ്രാൻ പ്രി പുരസ്കാരം നേടിയപ്പോൾ, ആ അഭിമാനനേട്ടത്തിന്റെ മലയാളി മുഖങ്ങളിലൊന്നായി കനി കുസൃതിയും സുഹൃത്തും സഹപ്രവർത്തകയുമായ ദിവ്യപ്രഭയും. ‘ബിരിയാണി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ച കനി ആ പുരസ്കാരം സമർപ്പിച്ചത് മലയാളത്തിന്റെ ആദ്യ നായിക പി.കെ. റോസിക്കായിരുന്നു. കാൻ ചലച്ചിത്രമേളയിലെ റെഡ് കാർപ്പറ്റ് എന്ന അഭിമാനവേദിയിലും സ്റ്റൈലായി നിലപാടു പ്രഖ്യാപിച്ച് കനി കയ്യടി നേടി. പുരസ്കാരനേട്ടത്തിന്റെ സന്തോഷവും കാൻ ചലച്ചിത്രമേളയിലെ അനുഭവങ്ങളും പങ്കുവച്ച് കനി കുസൃതി മനോരമ ഓൺലൈൻ പ്രീമിയത്തിൽ.
∙ എങ്ങനെയാണ് പായൽ കപാഡിയയുടെ സിനിമയിലേക്ക് എത്തിയത്?
കുറേ വർഷങ്ങൾക്കു മുൻപുതന്നെ എനിക്ക് പായലിനെ അറിയാം. ഞാൻ അഭിനയിച്ച ചില ഹ്രസ്വചിത്രങ്ങൾ കണ്ട് ഇഷ്ടം തോന്നി എന്റെ ഒരു സുഹൃത്തിന്റെ കയ്യിൽനിന്നു നമ്പർ സംഘടിപ്പിച്ച് എന്നെ വിളിക്കുകയായിരുന്നു. എന്റെ കൂടെ വർക്ക് ചെയ്യാൻ ഇഷ്ടം തോന്നിയിട്ടാണ് അവർ എന്നെ വിളിച്ചത്. അന്നേ ഈ കഥ പായൽ എഴുതിയിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ രൂപത്തിൽ ആയിട്ടില്ല. രണ്ടു മലയാളി നഴ്സുമാരുടെ കഥയായിരുന്നു. പായലിന് മലയാളം അറിയില്ല എന്നു പറഞ്ഞു. ഇപ്പോൾ ദിവ്യപ്രഭ ചെയ്ത കഥാപാത്രത്തിനു വേണ്ടിയാണ് അന്ന് എന്നെ വിളിച്ചത്. അനു എന്നാണ് ആ കഥാപാത്രത്തിന്റെ പേര്. അന്നെനിക്ക് 30 വയസ്സേ ഉള്ളൂ. 24–25 വയസ്സുള്ള ക്യാരക്ടർ അഭിനയിക്കാം എന്ന രീതിയിലാണ് എന്നെ വിളിക്കുന്നത്. ഉടനെ തന്നെ ഷൂട്ട് തുടങ്ങാമെന്നും പറഞ്ഞു.
ആ സമയത്ത് പായൽ പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ പഠിക്കുകയാണ്. ആ സമയത്താണ് അവർക്ക് അവിടെ കുറേ പ്രശ്നങ്ങൾ നേരിടേണ്ടി വന്നത്. പിന്നീട് ഡോക്യുമെന്ററി നിർമാണത്തിന്റെയും ഗ്രാൻഡ് കിട്ടി പോകുന്നതിന്റെയും ഒക്കെ തിരക്കിലായപ്പോൾ സിനിമ നടന്നില്ല. എപ്പോഴെങ്കിലും നമുക്ക് ഒരുമിച്ച് വർക്ക് ചെയ്യാമെന്ന് പായൽ ഇടയ്ക്ക് മെസജ് അയയ്ക്കും. അങ്ങനെ അതു നീണ്ടു പോയി. ഒന്നര വർഷം മുൻപ് വീണ്ടും പായൽ എന്നെ വിളിച്ചു. പ്രോജക്റ്റ് ‘ഓൺ’ ആയിട്ടുണ്ടെന്നു പറഞ്ഞു. അപ്പോഴേക്കും എന്റെ പ്രായം 24 വയസ്സുള്ള കഥാപാത്രത്തെ ചെയ്യാൻ പാകത്തിലുള്ളതായിരുന്നില്ല. മറ്റൊരു കഥാപാത്രത്തെ ചെയ്താലോ എന്ന് പായൽ ചോദിച്ചു. പുതിയ കഥാപാത്രത്തിനു വേണ്ടി ഓഡിഷൻ ചെയ്യണമെന്ന് പറഞ്ഞതിനുസരിച്ച് ഞാൻ പോയി.
ആദ്യത്തെ ഓഡിഷൻ കഴിഞ്ഞപ്പോൾ പായലിന് അത്ര തൃപ്തി വന്നിട്ടില്ലെന്ന് എനിക്കു തോന്നി. വേറെ ആളുകളെ കൂടി ഓഡിഷൻ ചെയ്തു നോക്കിയിട്ടു പറഞ്ഞാൽ മതിയെന്ന് ഞാൻ പായലിനോടു പറഞ്ഞു. ഞാനിപ്പോൾ ചെയ്ത കഥാപാത്രത്തിനു വേണ്ടി ദിവ്യ പ്രഭയും ഓഡിഷൻ കൊടുത്തിരുന്നു. എനിക്കറിയാവുന്ന നിരവധി അഭിനേതാക്കൾ ആ കഥാപാത്രത്തിനു വേണ്ടിയുള്ള ഓഡിഷനിൽ പങ്കെടുത്തിട്ടുണ്ട്. അഭിനേതാക്കൾ അല്ലാത്തവരും ഓഡിഷൻ നൽകിയിരുന്നു. ഒരു മാസം കഴിഞ്ഞപ്പോൾ പായൽ എന്നെ വിളിച്ചു. ‘‘കനി ഒന്നു കൂടി വരാമോ? ഒരു ഓഡിഷൻ കൂടി ചെയ്യാം’’ എന്നു പറഞ്ഞു. ആ ഓഡിഷൻ കഴിഞ്ഞപ്പോഴാണ് പായൽ എന്നെ ആ കഥാപാത്രത്തിനായി ഉറപ്പിക്കുന്നത്.
∙ ദിവ്യപ്രഭയുമായി ദീർഘകാലത്തെ സൗഹൃദമുണ്ടല്ലോ. യാദൃച്ഛികമായാണോ രണ്ടു പേരും ഈ സിനിമയിൽ ഒരുമിച്ചു വന്നത്?
ഞാനും ദിവ്യപ്രഭയും വളരെ അടുത്ത സുഹൃത്തുക്കളാണ്. പക്ഷേ, ഈ സിനിമയിൽ ഞങ്ങളൊരുമിച്ചു വന്നത് യാദൃച്ഛികമായിട്ടാണ്. പായൽ കപാഡിയ എന്ന ഒരു സംവിധായികയുടെ ഓഡിഷനു പോയെന്നും നല്ല വർക്കാണെന്നുമൊക്കെ ദിവ്യ എന്നോടു പറഞ്ഞിരുന്നു. പിന്നീടാണ് ദിവ്യയെ മുൻപ് ഞാൻ ചെയ്യാനിരുന്ന കഥാപാത്രത്തിലേക്ക് തിരഞ്ഞെടുക്കുന്നത്. ഞങ്ങൾക്കു രണ്ടു പേർക്കും പായലിന്റെ സിനിമയിൽ അവസരം ലഭിച്ചപ്പോൾ വലിയ സന്തോഷം തോന്നി. കാരണം, ദിവ്യയും ഞാനും പരിചയപ്പെടുന്നത് ഒരു സീരിയലിൽ കൂടിയാണ്. കെ.കെ രാജീവ് സംവിധാനം ചെയ്ത ഈശ്വരൻ സാക്ഷിയായി എന്ന സീരിയലിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിരുന്നു.
അന്ന് ഞങ്ങൾ സൗഹൃദം തുടങ്ങിയ സമയത്ത് ദിവ്യ എപ്പോഴും പറയുമായിരുന്നു, ‘രത്നഗിരി എന്നൊരു സ്ഥലമുണ്ട്. കനിക്ക് ഇഷ്ടപ്പെടും. നമുക്ക് ഒരുമിച്ച് എപ്പോഴെങ്കിലും അവിടെ പോകണം’, എന്ന്. ഈ സിനിമയുടെ ഓഡിഷൻ കിട്ടിയ സമയത്ത് ഞങ്ങൾക്കറിയാം, ഇതിന്റെ രണ്ടാമത്തെ ഷെഡ്യൂൾ നടക്കുന്നത് രത്നഗിരിയിലാണെന്ന്! പണ്ട് ഒരുപാട് ആഗ്രഹിച്ച കാര്യം ഒരു സിനിമയിലൂടെ യാഥാർഥ്യമാകാൻ പോകുന്നു എന്നൊക്കെ ഓർത്ത് വ്യക്തിപരമായി ഞങ്ങൾക്ക് സന്തോഷം തോന്നി.
∙ ഈ സിനിമയുടെ ഷൂട്ടിങ് എവിടെയായിരുന്നു? പായൽ കപാഡിയയ്ക്ക് ഒപ്പമുള്ള ദിവസങ്ങൾ അഭിനേതാവ് എന്ന നിലയിൽ എങ്ങനെ സ്വാധീനിച്ചു?
സിനിമയുടെ ഒരു ഷെഡ്യൂൾ മുംബൈയിൽ 2023ൽ ഇതുപോലെ ഒരു മഴയുടെ സമയത്തായിരുന്നു. പിന്നെ മഴ മാറി ഒക്ടോബർ–നവംബർ സമയത്ത് രത്നഗിരിയിൽ വച്ചായിരുന്നു രണ്ടാമത്തെ ഷൂട്ട്. പായലിന്റെ കൂടെ വർക്ക് െചയ്തത് ഒരു ആക്ടർ എന്ന നിലയിൽ പല രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. വളരെ സൂക്ഷ്മമായി പ്രതിഫലിക്കുന്ന വ്യക്തിത്വം കഥാപാത്രത്തിനു വേണമെന്ന നിഷ്കർഷയുള്ള സംവിധായികയാണ് പായൽ. സൂക്ഷ്മമാണെങ്കിലും അതിനകത്ത് ഒരു മാജിക് ഉണ്ടാവണം. അതും ഒരുപാട് റിഹേഴ്സൽ ചെയ്ത് കൺസിസ്റ്റൻസി വരണം.
ഓരോ റിഹേഴ്സലിലെയും പല പല മൊമന്റായിരിക്കും പായലിന് ഇഷ്ടം. അതെല്ലാം തുന്നിച്ചേർത്തു വയ്ക്കും. ഒരു ആക്ടർ എന്ന നിലയിൽ സിനിമയിൽ നമ്മൾ അഭിനയിക്കുമ്പോൾ, റിേഹഴ്സലുകൾ ഉള്ളപ്പോൾ, പ്രകടനത്തിന്റെ പരിപൂർണതയിലേക്ക് എത്താൻ എന്തൊക്കെ നമ്മൾ പഠിക്കണം, അറിയണം, എന്തൊക്കെ പണിയെടുക്കണം എന്നുള്ളത് കുറച്ചു കൂടി മനസ്സിലാക്കാൻ പറ്റി. ക്യാമറയ്ക്കു മുൻപിൽ അതു ചെയ്തെടുക്കുന്നത് പഠിക്കാനും പായലിന്റെ കൂടെ പ്രവർത്തിച്ചത് എന്നെ സഹായിച്ചിട്ടുണ്ട്.
∙ കൂടുതൽ സിനിമകളും സീരീസുകളും സംഭവിക്കുന്നത് ഹിന്ദിയിലാണല്ലോ. അതെന്തുകൊണ്ടാണ്?
എനിക്ക് കൂടുതൽ സിനിമയും സീരീസും സംഭവിക്കുന്നത് ഹിന്ദിയിലാണ്. അതെന്താണെന്ന് അറിയില്ല. എനിക്ക് ഹിന്ദിയിൽ നിന്നാണ് ഓഡിഷൻസ് എപ്പോഴും വരാറുള്ളത്. ഇവിടെനിന്ന് ഓഡിഷൻ കോൾ കണ്ടിട്ട് ഞാൻ മെസജ് അയയ്ക്കുമ്പോൾ ആരും എന്നെ വിളിച്ചിട്ടില്ല. ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന മനു അശോകിന്റെ സീരീസിലും ഓഡിഷൻ കണ്ടാണ് ഞാൻ അവരെ വിളിക്കുന്നത്. അതിൽ എന്നോടു ഓഡിഷൻ ചെയ്യേണ്ട, കാസ്റ്റ് ചെയ്യുകയാണെന്നു പറഞ്ഞു.
പൊതുവേ എനിക്കു പറ്റിയ കഥാപാത്രങ്ങൾ ഇല്ലാഞ്ഞിട്ടായിരിക്കും വിളിക്കാത്തത്. പക്ഷേ, ചില സമയത്ത് സിനിമകൾ കാണുമ്പോൾ, അതിലെ ചില കഥാപാത്രങ്ങൾക്കു വേണമെങ്കിൽ എന്നെ ഓഡിഷൻ ചെയ്യാമായിരുന്നല്ലോ, എന്താണ് അതിനൊന്നും ഓഡിഷൻ ചെയ്യിക്കാതിരുന്നത് എന്നു തോന്നിയിട്ടുണ്ട്. ഹിന്ദിയിൽ നിന്ന് അങ്ങനെയൊരു പ്രശ്നം ഇതുവരെ ഉണ്ടായിട്ടില്ല. രണ്ടു മൂന്നു വർഷം മുൻപ് ‘മഹാറാണി’ എന്ന സീരീസിനു വേണ്ടിയാണ് ആദ്യമായി ഹിന്ദിയിൽ ഓഡിഷൻ ചെയ്തത്. അതിനു ശേഷം പലതിനു വേണ്ടിയും ഓഡിഷൻ വരാറുണ്ട്.
∙ സംസ്ഥാന പുരസ്കാരം ലഭിച്ചത് ഏതെങ്കിലും തരത്തിൽ സിനിമയിൽ ഗുണം ചെയ്തോ? നല്ല അവസരങ്ങൾ വരുന്നതിന് ഇടയാക്കിയോ?
സംസ്ഥാന പുരസ്കാരം ലഭിക്കുന്നതിനു മുൻപ്, മലയാളത്തിൽ ഏതെങ്കിലും കഥാപാത്രം അഭിനയിക്കാൻ പോകുന്ന സമയത്ത്, പ്രതിഫലത്തെക്കുറിച്ചു പറയുമ്പോൾ അതിനൊരു ബഹുമാനം കിട്ടാറില്ല. പലപ്പോലും കൃത്യമായ പ്രതിഫലം പോലും ലഭിക്കാറില്ല. സംസ്ഥാന പുരസ്കാരം കിട്ടിയതിനു ശേഷം ആളുകളിൽ നിന്ന് കിട്ടേണ്ട പരിഗണന കിട്ടുന്നുണ്ട്. ഇതൊന്നും അവാർഡ് കിട്ടിയിട്ടല്ല ഒരാൾക്കു നൽകേണ്ടത്. എല്ലാ അഭിനേതാക്കൾക്കും മിനിമം വേതനം കിട്ടേണ്ടതാണ്. പക്ഷേ, ഇവിടെ അങ്ങനെ ഒരു സിസ്റ്റം ഇല്ലല്ലോ.
ഇത്ര അനുഭവപരിചയമുള്ളവർക്ക് ഇത്ര വേതനം എന്നൊരു രീതിയൊന്നുമില്ല. അതൊക്കെ ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി നന്നായിരുന്നു എന്നു തോന്നും. നമ്മൾ ഓരോന്നിനായി ഇങ്ങനെ വില പേശേണ്ടി വരില്ലായിരുന്നു. അങ്ങനെ ചെയ്യാൻ നമുക്കു മാനസികമായി തോന്നുന്നതല്ല. സ്റ്റേറ്റ് അവാർഡ് കിട്ടിയ ശേഷം പ്രഫഷനലി കിട്ടുന്ന ബഹുമാനം കൂടിയിട്ടുണ്ട്. അതുപോലെ, ഇടപാടുകൾ നടത്തുന്ന രീതിയും കുറച്ചു കൂടി എളുപ്പമായി തോന്നിയിട്ടുണ്ട്. പക്ഷേ, അവാർഡ് കിട്ടിയതുകൊണ്ട് നല്ല അവസരങ്ങൾ വരുന്നതായി തോന്നിയിട്ടില്ല. ബിരിയാണി എന്ന സിനിമ കഴിഞ്ഞിട്ട് പ്രത്യേകിച്ച് നല്ല അവസരങ്ങൾ ഒന്നും മലയാളത്തിൽ നിന്നു വന്നിട്ടില്ല.
∙ ഒരുപാടു പേർ വേണ്ടെന്നു വച്ച റോളായിരുന്നല്ലോ ബിരിയാണി. അതു തിരഞ്ഞെടുക്കാനുണ്ടായ കാരണമെന്തായിരുന്നു?
ബിരിയാണിയിലെ വേഷം ചെയ്യാമോ എന്ന് ആദ്യം സജിൻ ചോദിക്കുന്നത് എന്നോടാണ്. ഞാനാണ് ആദ്യം വേണ്ട എന്നു വച്ചത്. കാരണം എനിക്കത് ചെയ്യാൻ മാനസികമായി അത്ര സന്തോഷം ഉണ്ടാവില്ല എന്നു തോന്നി. അതിനു പല കാരണങ്ങൾ ഉണ്ടായിരുന്നു. രാഷ്ട്രീയപരമായ വിയോജിപ്പ് മാത്രമല്ല, സൗന്ദര്യാത്മകമായും എന്റെ ഒരു സിനിമ അല്ല എന്നൊക്കെ തോന്നിയിട്ടുണ്ട്. പക്ഷേ അതൊന്നും അല്ലാത്ത പല സിനിമകളും ഞാൻ ഇതിനു മുൻപും ചെയ്തിട്ടുണ്ട്. അതെല്ലാം ചെറിയ കഥാപാത്രങ്ങൾ ആയിരുന്നു. ബിരിയാണിയിൽ മുഴുനീള കഥാപാത്രമായിരുന്നു. അങ്ങനെയൊരു കഥാപാത്രം ചെയ്യുമ്പോൾ നമുക്ക് പുതിയ കാര്യങ്ങൾ പഠിക്കാൻ പറ്റുമല്ലോ. അതിന്റെ ക്രാഫ്റ്റ് എന്താണെന്ന് അറിയാനുള്ള ഒരു അവസരമായി ഞാനതിനെ കണ്ടു.
പിന്നെ സജിൻ അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ് പറയാൻ ശ്രമിക്കുന്നത്. അതിനുള്ള അവകാശം അദ്ദേഹത്തിനുണ്ട് എന്ന് എനിക്കു തോന്നിയിരുന്നു. അപ്പോഴും എനിക്ക് പകുതി മനസ്സേ ഉണ്ടായിരുന്നുള്ളൂ. ഞാൻ അതു സജിനോടു പറയുകയും ചെയ്തിട്ടുണ്ട്. ഞാൻ ആദ്യമേ പറഞ്ഞു ‘എനിക്ക് െചയ്യാൻ വയ്യ. വേറെ ആളുകളോടു ചോദിക്കൂ. ആരെയും കിട്ടുന്നില്ല എങ്കിലോ അല്ലെങ്കിൽ സജിന് തൃപ്തിയില്ലെങ്കിലോ വീണ്ടും വരൂ’ എന്ന്. അതു ചെയ്യാൻ തയാറായവർ ചെയ്തത് സജിന് തൃപ്തി ആയില്ല. സജിന് ഓകെ ആയി തോന്നിയവർ ആ കഥാപാത്രം ചെയ്യാനും തയാറായില്ല. അപ്പോൾ സജിൻ വീണ്ടും എന്റെ അടുത്തേക്ക് തന്നെ വന്നു. ആ സമയത്ത് എനിക്ക് പൈസയുടെ ആവശ്യം കൂടി ഉണ്ടായിരുന്നതു കൊണ്ടാണ് ഞാൻ ആ സിനിമ തിരഞ്ഞെടുത്തത്.
∙ സംസ്ഥാന പുരസ്കാരം കനി സമർപ്പിച്ചത് മലയാളത്തിന്റെ ആദ്യ നായിക പി.കെ റോസിക്കായിരുന്നല്ലോ. കാനിലും പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് ചർച്ചയായി. അഭിനയജീവിതവും രാഷ്ട്രീയ നിലപാടുകളും തമ്മിൽ വിയോജിപ്പുകൾ ഉണ്ടാകാറുണ്ടോ?
അഭിനയ ജീവിതവും രാഷ്ട്രീയ നിലപാടുകളും തമ്മിൽ ഒരുപാട് വിയോജിപ്പുകൾ ഉണ്ടാകാറുണ്ട്. നമ്മൾ ഒരു ആക്ടറല്ലേ. ഒരു സംവിധായകന്റേതാണ് സിനിമ. ഒരു തിരക്കഥാകൃത്തും സംവിധായകനും ചേരുന്നതാണ് സിനിമ. സൂക്ഷ്മമായി നിരീക്ഷിക്കുന്ന പല കാര്യങ്ങളിലും യോജിക്കാൻ കഴിയാത്ത പല സിനിമകളുടെയും ഭാഗമാകേണ്ടി വരും. അഭിനയം മാത്രമല്ല, ഏതു ജോലി ചെയ്താലും പരിപൂർണമായി നാം ചിന്തിക്കുന്ന കാര്യമൊന്നും ചെയ്യാൻ പറ്റില്ല. അങ്ങനെ ഒരിക്കലും ഒരു ആക്ടറിന് നിലനിൽക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. അതിൽ ഏറ്റക്കുറച്ചിലോടു കൂടിയുള്ള ചെയ്യലുകൾ തന്നെയാണ് പലപ്പോഴും സംഭവിക്കുക. അതുകൊണ്ട് അഭിനയ ജീവിതവും രാഷ്ട്രീയ നിലപാടുകളും തമ്മിൽ ഒരുപാട് വിയോജിപ്പുകൾ ഉണ്ട്. അതിനെ രണ്ടായിത്തന്നെയാണ് കാണുന്നത്.
∙ The most cool and vibrant team at Photopool എന്നായിരുന്നു ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ടീമിനെ ചലച്ചിത്രമേള റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. കാനിലെ ദിവസങ്ങളെങ്ങനെയായിരുന്നു?
കാൻ ചലച്ചിത്രമേളയിലെ മോസ്റ്റ് കൂൾ ആൻഡ് വൈബ്രന്റ് ടീം തന്നെയായിരുന്നു ഞങ്ങളുടേത്. ഞങ്ങൾ ഒരു വെയ്റ്റേജുമായല്ല അവിടെ ഉണ്ടായിരുന്നത്. എല്ലാവരും വളരെ ലൈറ്റായി, സന്തോഷത്തോടു കൂടി പോകുകയായിരുന്നു. പക്ഷേ, അവിടുത്തെ ദിവസങ്ങൾ വളരെ ഹെക്റ്റിക് ആയിരുന്നു. ഒരു സിനിമയും നേരെ കാണാനുള്ള അവസരം ഒന്നുമുണ്ടായില്ല. പക്ഷേ, ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ പ്രദർശിപ്പിച്ചതിനു ശേഷം ആളുകൾ വന്നു സംസാരിക്കുന്നതും ഇടപെടുന്നതും ഒക്കെ ഒരുപാട് സന്തോഷം നല്‍കി. ഡയറക്ടറിനാണ് കാൻ ചലച്ചിത്രമേള പ്രാധാന്യം നൽകുന്നത്. അഭിനേതാക്കൾക്കല്ല. സംവിധായകർക്കാണ് കാനിൽ സ്പോട് ലൈറ്റ് കൊടുക്കുന്നത്. അതെനിക്കു വളരെ നല്ലതായി തോന്നി. പലപ്പോഴും അഭിനേതാക്കളാണ് ഒരു സിനിമയുടെ മുഖമായി വരുന്നത്. സത്യത്തിൽ, സംവിധായകരാണ് ഒരു സിനിമയുടെ എല്ലാം. പായലിന് കാൻ ചലച്ചിത്രമേളയിൽ ലഭിച്ച സ്വീകാര്യതയും അംഗീകാരവും വളരെ നല്ലതായി തോന്നി. അതാണ് ഏറ്റവും സന്തോഷം തോന്നിയത്.
∙ പുരസ്കാരവേദികൾ നിലപാടു പ്രഖ്യാപനവേദികൾ കൂടിയാക്കി കനി മാറ്റാറുണ്ട്. റെഡ് കാർപ്പറ്റിലെ കനിയുടെ കോസ്റ്റ്യൂം കൃത്യമായ സ്റ്റേറ്റ്മെന്റ് തന്നെയായിരുന്നു. എന്തുകൊണ്ടാണ് ഇത്തരം ബോധപൂർവമായ തീരുമാനങ്ങൾ?
കാനിൽ പങ്കെടുത്ത ഒരുപാടു പേർ പല വിഷയങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. പലസ്തീനുള്ള ഐക്യദാർഢ്യം മാത്രം അല്ലല്ലോ, പല വിഷയങ്ങളിലുള്ള നിലപാടുകൾ പല ചലച്ചിത്രപ്രവർത്തകർ മേളയിൽ പ്രഖ്യാപിച്ചിരുന്നു. സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾക്കെതിരെ നിലപാടെടുത്ത ചലച്ചിത്രപ്രവർത്തകരുണ്ടായിരുന്നു. ഫ്രാൻസിൽ നടന്ന ഫെസ്റ്റിവലുകളിൽ അവിടെ വർക്ക് ചെയ്യുന്ന ആളുകൾക്കുള്ള വേതനവുമായി ബന്ധപ്പെട്ടും പലരും നിലപാട് എടുത്തിരുന്നു. റെഡ് കാർപ്പെറ്റിലൂടെ നടന്ന മറ്റു ചലച്ചിത്രപ്രവർത്തകർ ചെയ്തതു പോലുള്ള ഒരു പ്രവൃത്തി മാത്രമാണ് ഞാനും ചെയ്തത്.
∙ അഭിനേതാവ് എന്ന നിലയിൽ സിനിമകൾ തിരഞ്ഞെടുക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് എത്തിയോ? കലാമൂല്യമുള്ള വാണിജ്യ സിനിമകളുടെ ഈ പുതിയ കാലത്ത് അത്തരം അവസരങ്ങൾ കനിയെ തേടി വരുന്നുണ്ടോ?
അങ്ങനെ സിനിമകൾ തിരഞ്ഞെടുക്കാൻ പറ്റുന്ന അവസ്ഥയിലേക്കൊന്നും എത്തിയിട്ടില്ല. ഇപ്പോഴും അങ്ങനെ ഒരു അവസ്ഥ ഇന്ത്യയിലെയും കേരളത്തിലെയും നടിമാർക്ക് ഉണ്ടെന്നു തോന്നുന്നില്ല. വരുന്ന പ്രോജക്ടുകൾ എല്ലാം ചെയ്യുകയാണ് പതിവ്. ഫ്രീലാൻസർ ആയതുകൊണ്ടു തന്നെ ജോലി തുടർച്ചയായി ചെയ്തുകൊണ്ടിരിക്കേണ്ട ഉത്തരവാദിത്തം ഉണ്ടല്ലോ. അതുകൊണ്ട്, കഥാപാത്രങ്ങളെ വേണ്ടെന്നു വയ്ക്കാൻ പറ്റാറില്ല. വളരെ അപൂർവം സമയങ്ങളിൽ അങ്ങനെ ചില കഥാപാത്രങ്ങൾ ഞാൻ വേണ്ടെന്നു വച്ചിട്ടുണ്ട്.
‘ദ് കേരള സ്റ്റോറി’യുടെ സംവിധായകൻ വേറെ സിനിമയ്ക്കു വേണ്ടി എന്നെ വിളിച്ചിരുന്നു. പക്ഷേ, ഞാൻ പോയില്ല. എന്നാലും എല്ലാം സൂക്ഷ്മമായി നിരീക്ഷിച്ച്, കൃത്യമായി വേണ്ടെന്നു വയ്ക്കാനുള്ള സാഹചര്യം ഇപ്പോഴുമില്ല. ഭാവിയിൽ ഇപ്പോഴുള്ള സാഹചര്യം പോലും ഇല്ലാതെയാകാം. കലാമൂല്യമുളള വാണിജ്യ സിനിമകളിൽ ഇതുവരെ അവസരങ്ങളൊന്നും വന്നിട്ടില്ല. ഇടയ്ക്ക് ആലോചിക്കും ഇവരെന്താണ് എന്നെ ഓഡിഷനു പോലും വിളിക്കാത്തത് എന്ന്. ഓഡിഷൻ ചെയ്തു നോക്കിയിട്ട് ഇല്ലെന്നു പറഞ്ഞാലും സന്തോഷമാകും. ഇപ്പോൾ അഭിനയിക്കുന്ന മനു അശോകന്റെ വെബ്സീരീസിലാണ്. നിഖില വിമൽ, ശ്രുതി രാമചന്ദ്രൻ തുടങ്ങിയ അഭിനേതാക്കൾ ഈ സീരീസിലുണ്ട്.