വ്യത്യസ്തനായ ജോൺ; ലോകമറിയാൻ, മറ്റൊരു ജോൺ
ചലച്ചിത്രപണ്ഡിതനും സാംസ്‌കാരിക സൈദ്ധാന്തികനുമായ ആശിഷ് രാജാധ്യക്ഷ 2023ൽ പ്രസിദ്ധീകരിച്ച ‘ജോൺ-ഘട്ടക്-തർകോവ്‌സ്‌കി’ എന്ന പേരിലുള്ള ഗ്രന്ഥം സിനിമാപ്രേമികളുടെ വ്യാപകശ്രദ്ധ പിടിച്ചുപറ്റി. 2015ൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ നടത്തിയ സമരത്തിൽ അവർ ഉയർത്തിപ്പിടിച്ച ബാനറിനെ അനുസ്മരിപ്പിക്കുന്നതാണ് പുസ്തകത്തിന്റെ കവർ ചിത്രം. ബാനറിൽ പരാമർശിക്കപ്പെട്ട മൂന്നു പേരെക്കുറിച്ചു പുസ്തകത്തിന്റെ മുഖവുരയിൽ ഹിന്ദി ചലച്ചിത്ര സംവിധായകൻ സയീദ് മിർസ എഴുതി, ‘വിഗ്രഹഭഞ്ജകരും സ്വതന്ത്രരും സിനിമക്കാരുമായിരുന്നു ഇവർ.’ (ജോൺ-ഘട്ടക്-തർകോവ്‌സ്‌കി - തൂലിക ബുക്‌സ്, 2023-പേജ് 7). ചലച്ചിത്രകാരന്റെ സ്വാതന്ത്ര്യത്തിൽ പ്രത്യക്ഷമായോ അല്ലാതെയോ കൈ കടത്താൻ ഭരണകൂടമോ മറ്റു സാമൂഹിക സംവിധാനങ്ങളോ ശ്രമിക്കുമ്പോൾ അതിനെ പ്രതിരോധിക്കുന്ന സർഗശക്തിയെയും പ്രതിബദ്ധതയെയുംകുറിച്ചു പ്രതിപാദിക്കുന്ന പുസ്തകമാണിത്.
ചലച്ചിത്രപണ്ഡിതനും സാംസ്‌കാരിക സൈദ്ധാന്തികനുമായ ആശിഷ് രാജാധ്യക്ഷ 2023ൽ പ്രസിദ്ധീകരിച്ച ‘ജോൺ-ഘട്ടക്-തർകോവ്‌സ്‌കി’ എന്ന പേരിലുള്ള ഗ്രന്ഥം സിനിമാപ്രേമികളുടെ വ്യാപകശ്രദ്ധ പിടിച്ചുപറ്റി. 2015ൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ നടത്തിയ സമരത്തിൽ അവർ ഉയർത്തിപ്പിടിച്ച ബാനറിനെ അനുസ്മരിപ്പിക്കുന്നതാണ് പുസ്തകത്തിന്റെ കവർ ചിത്രം. ബാനറിൽ പരാമർശിക്കപ്പെട്ട മൂന്നു പേരെക്കുറിച്ചു പുസ്തകത്തിന്റെ മുഖവുരയിൽ ഹിന്ദി ചലച്ചിത്ര സംവിധായകൻ സയീദ് മിർസ എഴുതി, ‘വിഗ്രഹഭഞ്ജകരും സ്വതന്ത്രരും സിനിമക്കാരുമായിരുന്നു ഇവർ.’ (ജോൺ-ഘട്ടക്-തർകോവ്‌സ്‌കി - തൂലിക ബുക്‌സ്, 2023-പേജ് 7). ചലച്ചിത്രകാരന്റെ സ്വാതന്ത്ര്യത്തിൽ പ്രത്യക്ഷമായോ അല്ലാതെയോ കൈ കടത്താൻ ഭരണകൂടമോ മറ്റു സാമൂഹിക സംവിധാനങ്ങളോ ശ്രമിക്കുമ്പോൾ അതിനെ പ്രതിരോധിക്കുന്ന സർഗശക്തിയെയും പ്രതിബദ്ധതയെയുംകുറിച്ചു പ്രതിപാദിക്കുന്ന പുസ്തകമാണിത്.
ചലച്ചിത്രപണ്ഡിതനും സാംസ്‌കാരിക സൈദ്ധാന്തികനുമായ ആശിഷ് രാജാധ്യക്ഷ 2023ൽ പ്രസിദ്ധീകരിച്ച ‘ജോൺ-ഘട്ടക്-തർകോവ്‌സ്‌കി’ എന്ന പേരിലുള്ള ഗ്രന്ഥം സിനിമാപ്രേമികളുടെ വ്യാപകശ്രദ്ധ പിടിച്ചുപറ്റി. 2015ൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ നടത്തിയ സമരത്തിൽ അവർ ഉയർത്തിപ്പിടിച്ച ബാനറിനെ അനുസ്മരിപ്പിക്കുന്നതാണ് പുസ്തകത്തിന്റെ കവർ ചിത്രം. ബാനറിൽ പരാമർശിക്കപ്പെട്ട മൂന്നു പേരെക്കുറിച്ചു പുസ്തകത്തിന്റെ മുഖവുരയിൽ ഹിന്ദി ചലച്ചിത്ര സംവിധായകൻ സയീദ് മിർസ എഴുതി, ‘വിഗ്രഹഭഞ്ജകരും സ്വതന്ത്രരും സിനിമക്കാരുമായിരുന്നു ഇവർ.’ (ജോൺ-ഘട്ടക്-തർകോവ്‌സ്‌കി - തൂലിക ബുക്‌സ്, 2023-പേജ് 7). ചലച്ചിത്രകാരന്റെ സ്വാതന്ത്ര്യത്തിൽ പ്രത്യക്ഷമായോ അല്ലാതെയോ കൈ കടത്താൻ ഭരണകൂടമോ മറ്റു സാമൂഹിക സംവിധാനങ്ങളോ ശ്രമിക്കുമ്പോൾ അതിനെ പ്രതിരോധിക്കുന്ന സർഗശക്തിയെയും പ്രതിബദ്ധതയെയുംകുറിച്ചു പ്രതിപാദിക്കുന്ന പുസ്തകമാണിത്.
ചലച്ചിത്രപണ്ഡിതനും സാംസ്‌കാരിക സൈദ്ധാന്തികനുമായ ആശിഷ് രാജാധ്യക്ഷ 2023ൽ പ്രസിദ്ധീകരിച്ച ‘ജോൺ-ഘട്ടക്-തർകോവ്‌സ്‌കി’ എന്ന പേരിലുള്ള ഗ്രന്ഥം സിനിമാപ്രേമികളുടെ വ്യാപകശ്രദ്ധ പിടിച്ചുപറ്റി. 2015ൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ നടത്തിയ സമരത്തിൽ അവർ ഉയർത്തിപ്പിടിച്ച ബാനറിനെ അനുസ്മരിപ്പിക്കുന്നതാണ് പുസ്തകത്തിന്റെ കവർ ചിത്രം. ബാനറിൽ പരാമർശിക്കപ്പെട്ട മൂന്നു പേരെക്കുറിച്ചു പുസ്തകത്തിന്റെ മുഖവുരയിൽ ഹിന്ദി ചലച്ചിത്ര സംവിധായകൻ സയീദ് മിർസ എഴുതി, ‘വിഗ്രഹഭഞ്ജകരും സ്വതന്ത്രരും സിനിമക്കാരുമായിരുന്നു ഇവർ.’ (ജോൺ-ഘട്ടക്-തർകോവ്‌സ്‌കി - തൂലിക ബുക്‌സ്, 2023-പേജ് 7).
ചലച്ചിത്രകാരന്റെ സ്വാതന്ത്ര്യത്തിൽ പ്രത്യക്ഷമായോ അല്ലാതെയോ കൈ കടത്താൻ ഭരണകൂടമോ മറ്റു സാമൂഹിക സംവിധാനങ്ങളോ ശ്രമിക്കുമ്പോൾ അതിനെ പ്രതിരോധിക്കുന്ന സർഗശക്തിയെയും പ്രതിബദ്ധതയെയുംകുറിച്ചു പ്രതിപാദിക്കുന്ന പുസ്തകമാണിത്. അത്തരമൊരു ദൗത്യത്തിന്റെ സന്ദേശവാഹകനാകുവാൻ ജോൺ എന്ന കലാപകാരിയായ കലാകാരനെ തിരഞ്ഞെടുത്തില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ!
വിഗ്രഹവൽക്കരിക്കപ്പെട്ട വിഗ്രഹഭഞ്ജകനാണ് ജോൺ എബ്രഹാം എന്നതാണു രസകരമായ വൈരുധ്യം. ജോണിനെ വിഗ്രഹവൽക്കരിക്കുന്ന എത്ര പേർ ജോണിന്റെ സിനിമ കണ്ടിട്ടുണ്ടെന്നറിയില്ല. മലയാളത്തിന്റെ പ്രിയങ്കരനായ കഥാകൃത്ത് സക്കറിയ പറയുന്നത്, ‘ജോൺ നാട്ടുമിത്തായിരുന്നു. ഫോക്‌ലോർ ആയിരുന്നു എന്നു പറയാൻ കാരണം പലർക്കും ജോൺ ഒരു കേട്ടുകേൾവി ആയിരുന്നു. വാമൊഴിയിലൂടെ പരന്ന അവിശ്വസനീയങ്ങളായ കഥകളുടെയും സാഹസകൃത്യങ്ങളുടെയും ഒരു സമാഹാരമായിരുന്നു ജോൺ.’ (ജോൺ എബ്രഹാമിന്റെ കഥകൾ - ഡി സി ബുക്‌സ്, 2014, പേജ് 11).
അതെ, ഒരു കെട്ടുകഥപോലെ അവിശ്വസനീയമാണ് ജോണിന്റെ ജീവിതകഥ. അസാധാരണനായ ഒരവധൂതനായിരുന്നു ജോണെന്ന് ആരെങ്കിലും പറഞ്ഞാൽ അതിനോടു യോജിക്കുമെന്നാണ് ഇന്ത്യൻ സിനിമയുടെ പുതുയുഗ സ്രഷ്ടാക്കളിൽ പ്രമുഖനായ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത്. ഭക്ഷണത്തിന് ഒന്നും കരുതിവയ്ക്കാത്തയാൾ. ഒന്നും സ്വന്തമാക്കാത്ത, ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാതെ, ആദ്യാവസാനം അലഞ്ഞുതിരിഞ്ഞ സഞ്ചാരി. ജോൺ അവധൂതനായിരുന്നു എന്നു പറയുമ്പോൾ ബന്ധങ്ങൾ ഉപേക്ഷിച്ചു ജീവിച്ച നിർമമനായിരുന്നു എന്നർഥമില്ല. ഒരുപക്ഷേ, ഏറ്റവുമധികം സുഹൃത്തുക്കളുണ്ടായിരുന്ന ഒരാളായിരുന്നു ജോൺ.
അടൂർ തുടർന്നു പറയുന്നത്, ‘ജോൺ എവിടെയും എപ്പോഴുമെത്താം.ബോധത്തിലും അബോധത്തിലും ഒറ്റയ്ക്കും കൂട്ടുചേർന്നും എങ്ങനെയുമാവാമത്.’ അവധൂതർ ഇഹലോകജീവിതത്തിന്റെ അഭിനിവേശങ്ങളിൽനിന്ന് അകലം പാലിച്ചിരുന്നു. പക്ഷേ, ജോൺ കല, സംഗീതം, സാഹിത്യം, സിനിമ തുടങ്ങിയവയോട് ആസക്തി പ്രകടിപ്പിച്ചിരുന്നു. പ്രത്യേകിച്ച് സിനിമ അദ്ദേഹത്തിന്റെ ജീവവായു ആയിരുന്നു.
ഈ വ്യത്യസ്തനായ അവധൂതൻ കുട്ടനാട്ടുകാരനാണെങ്കിലും ജനിച്ചത് കുന്നംകുളത്താണ്. ജോണിന്റെ അപ്പൻ രാഷ്ട്രീയ കാരണങ്ങളാൽ ഒളിവിലായിരുന്നതുകൊണ്ടു ഗർഭിണിയായിരുന്ന അമ്മയെ കുന്നംകുളത്ത് ഒരു ബന്ധുവിന്റെ വീട്ടിലാക്കുകയായിരുന്നുവെന്നു പറയപ്പെടുന്നു. അതുകൊണ്ടാണ് ചിലർ പറയുന്നത് ജോൺ ജനിച്ചതും ജീവിച്ചതും മരിച്ചതും അപകടകര മായിട്ടായിരുന്നുവെന്ന്. അപകടകരമായി ജനിച്ചു ജീവിച്ചു മരിച്ച യേശുവിന്റെ ചില ജീവൽ ഭാവങ്ങളുമായി ജോണിന്റെ ജീവിതം സാമ്യപ്പെടുത്തിക്കൊണ്ടു കവി സച്ചിദാനന്ദൻ എഴുതിയ കവിതയാണ്, ‘ജോൺ മണം.’
‘വേദപുസ്തകം തുറ-
ന്നീടുമ്പോൾ പൊന്തും മണം
അഞ്ചപ്പമയ്യായിര-
മായ് വിടർന്നിടും മണം
സ്വർഗത്തേക്കുയർന്നുപോം
ചോളനാമ്പൊന്നിൻ മണം
അവസാനത്തെത്തിരു
വത്താഴവീഞ്ഞിൻ മണം
കുരിശിൽനിന്നും വീണ
രക്തത്തിൻ ബലിമണം
മതി, ചൊല്ലിഞാ, നിത്ര
മണങ്ങളൊന്നിച്ചേറ്റാൻ
പിറന്നോനൊരാൾ മാത്രം
ജോൺ മാത്രം...’
സച്ചിദാനന്ദൻ നിരീക്ഷിക്കുന്നതുപോലെ വീഞ്ഞിന്റെയും ചോരയുടെയും മണം ജീവന്റെയും ബലിയുടെയും മണമായി എല്ലാവർക്കും വീതിച്ചുകൊടുത്തു ജീവിച്ചുമരിച്ചത് ഒരാൾ മാത്രം. അയാളാണ് 1937ൽ ജനിച്ച്, 1987ൽ മരിച്ച ജോൺ എബ്രഹാം.
ഇറ്റലിയിലെ പെസറോ ഫിലിം ഫെസ്റ്റിവലിൽ ജോൺ പങ്കെടുത്തിട്ടുണ്ട്. ഫെസ്റ്റിവലിനു വന്ന ചലച്ചിത്രകാരന്മാരിൽ ഭാഷയുടെ സഹായം ഇല്ലാതിരുന്നിട്ടും ഏറ്റവും കൂടുതൽ ജനസമ്മതിയുള്ളവരിലൊരാൾ ജോണായിരുന്നുവെന്നും ഒരു ഡസൻ ഫെസ്റ്റിവലുകളിലേക്കെങ്കിലും ജോൺ ക്ഷണിക്കപ്പെട്ടു എന്നും അടൂർ ഗോപാലകൃഷ്ണൻ രേഖപ്പെടുത്തിയിട്ടുണ്ട്. പടമില്ലെങ്കിലും ആളെത്തിയാൽ മതിയെന്നായിരുന്നു സംഘാടകരുടെ മോഹമെന്ന് അടൂർ തുടർന്നു പറയുന്നു. ജോണിന്റെ ചലച്ചിത്രങ്ങളെക്കാളും പ്രഭാവം ജോൺ എന്ന വ്യക്തിക്കായിരുന്നോ ഇറ്റലിയിലും എന്നു ഞാൻ ചിന്തിച്ചിരിക്കുമ്പോഴാണ് ഫാദർ ബോബി ജോസ് കട്ടിക്കാട് യൂട്യൂബ് ചാനലിൽ പറഞ്ഞ ഒരു സംഭവകഥ കേട്ടത്.
ഇറ്റലിയിൽവച്ച് കുറെ വെള്ളക്കാരികളായ അമ്മച്ചിമാർ ഞായറാഴ്ച പള്ളിയിൽ കുർബാന കഴിഞ്ഞിറങ്ങിയപ്പോൾ അവിടെയടുത്തുള്ള തിയറ്ററിൽ ഫിലിം ഫെസ്റ്റിവൽ സമയമായിരുന്നതുകൊണ്ടു ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ’ എന്ന ഇന്ത്യൻ സിനിമയുടെ പ്രദർശനം നടക്കുന്നതറിഞ്ഞ് അകത്തുകയറി. സിനിമ കണ്ടു. സിനിമ അവർക്ക് ഇഷ്ടപ്പെട്ടു. പുറത്തിറങ്ങിയപ്പോൾ അഭിനന്ദിക്കാൻ സംവിധായകനെ തിരക്കി. ആരോ ചൂണ്ടിക്കാണിച്ചുകൊടുത്തപ്പോൾ അമ്മച്ചിമാരിൽ ഒരാൾ ജോണിന്റെ കൈ പിടിച്ചുകൊണ്ടു പറഞ്ഞു: ‘ഞങ്ങളുടെ കറുത്ത ഈശോ!’
ജോണിന്റെ കോളജ് വിദ്യാഭ്യാസം കോട്ടയം സിഎംഎസ് കോളജിലും തിരുവല്ല മാർത്തോമ്മാ കോളജിലും ആയിരുന്നു. അരവിന്ദനും കടമ്മനിട്ടയുമൊക്കെ കോളജിൽ ആ കാലഘട്ടത്തിൽ പഠിച്ചിരുന്നു. എൽഐസി ഉദ്യോഗസ്ഥനായി തമിഴ്നാട്ടിൽ ജോലിചെയ്യുമ്പോഴാണ് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുന്നത്. അവിടെനിന്നു ഗോൾഡ് മെഡൽ കരസ്ഥമാക്കി സിനിമാസ്വപ്‌നങ്ങൾ സാക്ഷാൽക്കരിക്കാൻ അലഞ്ഞുതിരിയാൻ തുടങ്ങി. ആദ്യചിത്രമായ ‘വിദ്യാർഥികളെ ഇതിലേ ഇതിലേ’ ഒഴിച്ചുള്ള മറ്റു മൂന്നു ചിത്രങ്ങളുടെ പേരിലാണ് ജോൺ അറിയപ്പെടുന്നത്. ‘അഗ്രഹാരത്തിൽ കഴുതൈ’, ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ’, ‘അമ്മ അറിയാൻ’ ഇന്ത്യൻ സിനിമയിൽതന്നെ എടുത്തുപറയേണ്ടുന്ന ചിത്രങ്ങൾ.
‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ’ എന്ന ചലച്ചിത്രത്തിന്റെ ഷൂട്ടിങ്ങെല്ലാം കഴിഞ്ഞ് ഒരു ദിവസം കവി കടമ്മനിട്ട രാമകൃഷ്ണന്റെ തിരുവനന്തപുരത്തു പൈപ്പിൻമൂട്ടിലുള്ള വസതിയിൽവച്ചാണ് ആദ്യമായി ജോണിനെ ഞാൻ കാണുന്നതും പരിചയപ്പെടുന്നതും. പാതി അടഞ്ഞുകിടന്ന വാതിലിൽ മുട്ടിയശേഷം മെല്ലെ തുറന്ന് അകത്തുകയറിയ എന്നെ, ജോൺ ഇമവെട്ടാതെ നോക്കിയിരുന്നു. താടിയും മുടിയും നീട്ടിവളർത്തി അടുത്തകാലത്തൊന്നും കുളിച്ചതായി തോന്നിക്കാത്ത പ്രാകൃതരൂപത്തിൽ ജോൺ, കടമ്മനിട്ടയുടെ കട്ടിലിലിരുന്നു സംസാരിക്കുകയായിരുന്നു. ആരും ഒന്നും പറയാത്തതുകൊണ്ട് ഞാൻ ജോണിനെയും നോക്കി മടിച്ചു മടിച്ചു നിന്നു. പിന്നെ ജോൺ ശങ്കയോടെ കടമ്മനിട്ടയോടും എന്നോടുമായി ചോദിച്ചു, ‘ഞാൻ ഇരിക്കുകയാണോ, നിൽക്കുകയാണോ?’
അക്കാലത്തു ചിന്തിക്കുന്ന ധാരാളം യുവാക്കൾ താടിയും മുടിയുമൊക്കെ വളർത്തിയിരുന്നു. അടിയന്തരാവസ്ഥക്കാലത്തു ചെറുപ്പക്കാർ വ്യവസ്ഥിതിയോടുള്ള പ്രതിഷേധം പ്രകടിപ്പിച്ചിരുന്നതു താടിയും തലമുടിയും നീട്ടിവളർത്തി നിഷേധികളായി ജീവിച്ചുകൊണ്ടാണ്. നക്സലിസത്തോടും അസ്തിത്വവാദത്തോടും അവർ ഒരേപോലെ ആഭിമുഖ്യം പുലർത്തി. അതുകൊണ്ടുകൂടിയായിരിക്കാം എഴുത്തുകാരനും അധ്യാപകനുമായിരുന്ന, പിന്നീടു നടനുമായ, നരേന്ദ്രപ്രസാദ് ‘നിഷേധികളെ മനസ്സിലാക്കുക’ എന്നൊരു ഗ്രന്ഥംതന്നെ രചിച്ചത്.
കേരള യൂണിവേഴ്സിറ്റി ഡിപ്പാർട്മെന്റ്സ് യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കു ഞാൻ മത്സരിച്ചപ്പോൾ ഞങ്ങളുടെ പാനലിനോട് അനുഭാവമുള്ള ഒരു വിദ്യാർഥിനി എന്നോടു പറഞ്ഞതോർക്കുന്നു, ‘വോട്ടെടുപ്പു നടക്കുന്ന നാളെയെങ്കിലും ഒന്നു കുളിച്ചു തലമുടിയൊക്കെ ചീകി വൃത്തിയായിട്ടു വരണേ, ഉള്ള വോട്ടു പോകാതെ നോക്കണം.’ സർഗാത്മക നിഷേധിയായിരുന്ന ജോണുമായി അന്നുതുടങ്ങിയ പരിചയം പെട്ടെന്നുതന്നെ സൗഹൃദമായി വളർന്നു. 1977മുതൽ ഞാൻ താമസിക്കുകയും പിന്നീടു സംക്രമണത്തിന്റെ ഓഫിസുകൂടി ആക്കുകയും ചെയ്ത തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിനെതിർവശത്തുണ്ടായിരുന്ന അശോക ലോഡ്ജിലെ പതിനേഴാം നമ്പർ മുറി അങ്ങനെ ജോണിന്റെയും കിടപ്പുമുറിയായി. മുറിയുടെ സൗകര്യം ഒരു കട്ടിലും മേശയും കസേരയും പിന്നെ കട്ടിലിന്റെ നീളത്തിലും വീതിയിലുമുള്ളത്ര സ്ഥലവും. ആ മുറിയിലേക്കുള്ള ജോണിന്റെ വരവിനെക്കുറിച്ചു ചലച്ചിത്ര നിരൂപകൻ വിജയകൃഷ്ണൻ എഴുതിയിട്ടുണ്ട്.
‘യൂണിവേഴ്സിറ്റി കോളജിന്റെ എതിർവശത്തുണ്ടായിരുന്ന അശോക എന്ന ലോഡ്ജ് ഒരുകാലത്ത് സാഹിത്യകാരന്മാരുടെയും കലാശാലാധ്യാപകരുടെയും താവളമായിരുന്നു. ഈ കെട്ടിടത്തോടു ചേർന്നായിരുന്നു അമേരിക്കൻ ലൈബ്രറി. എ. അയ്യപ്പനെയും മറ്റും കാണാൻ ആ ലോഡ്ജിൽ പോയിട്ടുള്ള ഞാൻ അതിന്റെ പതിനേഴാം നമ്പർ മുറിയിൽ പ്രിയദാസ് ജി. മംഗലത്ത് ചേക്കേറിയതോടെ അവിടത്തെ നിത്യസന്ദർശകനായി. ഈ കുടുസ്സുമുറി പ്രിയദാസിന്റെ താമസസ്ഥലം മാത്രമല്ല, അക്കാലത്തെ പ്രമുഖ ലിറ്റിൽ മാഗസിനായ ‘സംക്രമണ’ത്തിന്റെ ഓഫിസ്കൂടിയായിരുന്നു. ധാരാളം പ്രശസ്തർ വന്നുപോകാറുണ്ടായിരുന്ന ഈ മുറിയിൽ 1980-1981ൽ കുറെക്കാലം അസാധാരണനായ ഒരു കലാകാരൻ കുടിപാർത്തിരുന്നു; ജോൺ എബ്രഹാം.’
പല വെള്ളിയാഴ്ചകളിലും രാത്രി കടമ്മനിട്ട, അശോക 17ൽ വരുമായിരുന്നു. ശനിയാഴ്ച രാവിലെ രണ്ടരമണിക്ക് ഒരു കെഎസ്ആർടിസി ബസ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽനിന്നു കടമ്മനിട്ട ഭാഗത്തേക്കുണ്ടായിരുന്നു. വലിയ ദൂരമില്ലാത്തതുകൊണ്ട് എന്റെ ബൈക്കിൽ കൊണ്ടുപോയി ബസ്‌സ്റ്റാൻഡിൽ ആക്കുമായിരുന്നു. ജോൺ സഹമുറിയനായ ശേഷം കടമ്മനിട്ട വന്നാൽ ബസ്‌സ്റ്റാൻഡിലേക്കു പോകുന്നതുവരെ മുറിയിൽ കവിയരങ്ങാണ്. കടമ്മനിട്ട കവിത ചൊല്ലിക്കഴിയുമ്പോൾ ജോൺ തുടങ്ങും. ജോൺ കഴിയുമ്പോൾ കടമ്മനിട്ട. അശോക ലോഡ്‌ജിന്റെ ഏറ്റവും താഴത്തെ നില ഭൂമിയുടെ നിരപ്പിൽനിന്ന് അൽപംകൂടി താഴെ ആയിരുന്നതുകൊണ്ട് ആ നിലയിലുള്ളവരെ മാത്രമേ കാവ്യനിശ ബാധിച്ചിരുന്നുള്ളൂ.
പക്ഷേ, അവർ ഇവരുടെ കലാപ്രകടനങ്ങൾ അനുവദിക്കുക മാത്രമല്ല, ആസ്വദിക്കുകകൂടി ചെയ്യുമായിരുന്നു. കേരള സർവകലാശാല ചരിത്രവിഭാഗം അധ്യാപകനായിരുന്ന പതിനഞ്ചാം മുറിയിലെ ഡോ. ടി.കെ.വിജയമോഹൻ, പതിനാലാം മുറിയിൽ താമസിച്ചു ലയോള കോളജിൽ പഠിക്കുകയായിരുന്ന റോട്ടറി മുൻ ഗവർണർ ആർ. രഘുനാഥ് തുടങ്ങിയവരൊക്കെ ഇന്നും കാണുമ്പോൾ ജോണിന്റെ അക്കാലത്തെ സംഭാഷണങ്ങളും ചെയ്തികളും സ്നേഹാദരങ്ങളോടെ അയവിറക്കാറുണ്ട്.
തിരുവനന്തപുരത്തു താമസിച്ച ഒരു വർഷത്തിൽ ആദ്യ ഒന്നുരണ്ടു മാസങ്ങളൊഴിച്ചു ജോൺ മദ്യം പൂർണമായി ഒഴിവാക്കിയിരുന്നു. 1980-’81 കാലഘട്ടമായിരുന്നു അത്. വിജയകൃഷ്ണൻ തന്റെ അനുഭവസാക്ഷ്യം കുറിക്കുന്നു, ‘അശോകയിൽ താമസിക്കുന്ന കാലത്താണ് ജോണിൽ ഒരു പരിവർത്തനമുണ്ടായത്. അദ്ദേഹം മദ്യപാനം ഉപേക്ഷിക്കാൻ തീരുമാനിച്ചു. ‘സത്യജിത് റായിയുടെ ലോകം’ എന്ന എന്റെ പുസ്തകത്തിന്റെ റിലീസ് കൊൽക്കത്തയിൽ നടത്തിയശേഷം ഞാൻ നേരേ എത്തിയത് പത്തനംതിട്ട കാതോലിക്കറ്റ് കോളജിലെ സാഹിത്യ ചലച്ചിത്ര ക്യാംപിലാണ്. അവിടെ ശുദ്ധനായ ജോൺ ഉണ്ടായിരുന്നു. ഒരു രാത്രി കവിയരങ്ങ് കഴിഞ്ഞപ്പോൾ ലേശം മദ്യപാനമുണ്ടായി. കടമ്മനിട്ടയും കെ.പി. കുമാരനുമൊക്കെ കൂട്ടത്തിലുണ്ട്. മദ്യപാനികളെ നോക്കി മന്ദഹസിച്ചുകൊണ്ടു മദ്യം തൊടാത്ത ജോൺ ഇരിപ്പുണ്ടായിരുന്നു. പ്രലോഭനത്തിൽ വീണുപോകാത്ത ആ ഇരിപ്പ് എന്നിൽ വലിയ കൗതുകമുണർത്തി.’
ജോണിന് ഏറ്റവും അടുപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാളും ജോണിനെ ഏറ്റവും നന്നായി അറിയുന്നയാളുമായ സക്കറിയ പറയുന്നത് മദ്യപിച്ച ജോണിനെ ഒരു സിസ്റ്റത്തിനും താങ്ങാനാവില്ലെന്നും മദ്യപിക്കാത്ത ജോൺ സ്നേഹംകൊണ്ട് എല്ലാവരെയും കീഴടക്കുമെന്നുമാണ്. മദ്യപിക്കാതെ അശോകയിൽ കഴിഞ്ഞ ജോൺ കീഴടക്കിയതു വിവിധ പ്രായത്തിലും തരത്തിലുമുള്ള ആളുകളെയാണ്. ജോണിനു മറ്റുള്ളവരോടും മറ്റുള്ളവർക്കു ജോണിനോടും ഉണ്ടായിരുന്നത് സമശീർഷ മനോഭാവമായിരുന്നു. എല്ലാവരും ജോണിനെ പേരാണു വിളിച്ചിരുന്നത്. ആരെയും ആകർഷിക്കുന്ന ഒരു സൗഹൃദഭാവമായിരുന്നു ജോണിന്റെ മുഖത്ത് എപ്പോഴും കളിയാടിയിരുന്നത്.
സംക്രമണത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും സഹപത്രാധിപരെപ്പോലെ സഹകരിച്ചിരുന്നു എന്നുമാത്രമല്ല ചില സമയത്ത് അറിവിന്റെ ചക്രവാളങ്ങൾ പ്രകാശിപ്പിച്ചുകൊണ്ടു നമുക്ക് അത്യാവശ്യമായിരുന്ന ഉത്സാഹവും ഊർജവും പകർന്നുതരികകൂടി ചെയ്തു. ആധുനികതയ്ക്കുശേഷം മലയാള കവിതയിലുണ്ടായ പുതിയ പ്രവണതകൾ വിളംബരം ചെയ്ത ‘ആധുനികോത്തരകവിത’(1980) എന്ന പുസ്തകം സംക്രമണം പ്രസിദ്ധീകരിച്ചപ്പോൾ ആ പുസ്തകത്തിന്റെ ആമുഖം എഴുതിത്തന്ന് ജോൺ ഞങ്ങളെ ഉന്മേഷഭരിതരാക്കി. ആമുഖം എന്നു കൊടുക്കാതെ ആദ്യപേജിൽത്തന്നെ ജോണിന്റെ കുറിപ്പ് കൊടുത്തിട്ടാണു തുടർന്നുള്ള പേജുകളിൽ കവിതകൾ ആരംഭിക്കുന്നത്.
1980 മാർച്ചിൽ ഇറങ്ങിയ സംക്രമണത്തിൽ ജോണിന്റെ അപ്പന്റെയും അമ്മയുടെയും മരണത്തെക്കുറിച്ചുള്ള ചില ഓർമകൾ അദ്ദേഹം പങ്കുവച്ചു. അത് കഥ എന്ന വിഭാഗത്തിൽപെടുത്തി പ്രസിദ്ധീകരിക്കാൻ ജോൺതന്നെയാണ് ആവശ്യപ്പെട്ടത്. സംക്രമണത്തിന്റെ 1981 ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ച ‘ആമയുടെ ആത്മഹത്യ’ എന്ന കഥ, കഥയുമല്ല ഒന്നുമല്ല എന്നു ചില വായനക്കാർ ജോണിനോടു നേരിട്ടു പറഞ്ഞിട്ടും ജോൺ പുഞ്ചിരിച്ചതല്ലാതെ എതിർത്തൊന്നും പറഞ്ഞില്ല. ജോണിന്റെ ഈ കഥകൾ ഉൾപ്പെടെ ഇരുപത്തഞ്ചോളം കഥകൾ സമാഹരിച്ച്, ‘ജോൺ എബ്രഹാം കഥകൾ’ എന്ന പേരിൽ ഡി സി ബുക്‌സ് ഒരു ഗ്രന്ഥം 2014ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജോണിന്റെ സിനിമകളുൾപ്പെടെയുള്ള കലാസൃഷ്ടികൾക്കു കലാപരവും സാങ്കേതികവുമായ കുറവുകളുള്ളതായി ജോണിനുതന്നെ അറിയാമായിരുന്നു. കുറവുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനും മടിയില്ലായിരുന്നു. ആരെങ്കിലും അമിതമായി തന്റെ സിനിമകളെ പുകഴ്ത്തുമ്പോൾ ജോൺ അസ്വസ്ഥനാകാറുണ്ടായിരുന്നു.
1981 സെപ്റ്റംബർ മാസം പുറത്തിറങ്ങിയ സംക്രമണം ഫിലിം പതിപ്പിലാണ് ജോൺ തന്റെ പ്രസിദ്ധമായ നയപ്രഖ്യാപനം നടത്തിയത്. ‘I am the Hitler of my cinema. ജോൺ എബ്രഹാം സംവിധാനം ചെയ്യുന്ന സിനിമ ജോൺ എബ്രഹാമിന്റെ സിനിമയാണ്. തീരുമാനങ്ങളെടുക്കുന്നത് ഞാനാണ്.’ (സംക്രമണം, സെപ്‌റ്റംബർ 1981, പേജ് 76).
അശോകയിൽനിന്നു പുറത്തിറങ്ങുമ്പോൾ നേരെ മുൻപിൽ കാണുന്നത് യൂണിവേഴ്സിറ്റി കോളജാണ്. കോളജ് യൂണിയൻ തിരഞ്ഞെടുപ്പു പ്രമാണിച്ചായിരുന്നിരിക്കാം മത്സരിക്കുന്ന രണ്ടു പ്രധാന വിഭാഗങ്ങളിൽപെട്ട വിദ്യാർഥികൾ കൊടികളുംപിടിച്ചു നേർക്കുനേർ അല്ലെങ്കിലും കൂട്ടംകൂട്ടമായി അവിടെ നിൽപുണ്ടായിരുന്നു. ജോൺ അവരുടെ മധ്യത്തിലേക്കു ചെന്നു. ചുവന്ന കൊടിക്കാരോടു കുശലം പറഞ്ഞുതുടങ്ങി. പിന്നെ കുശലം പ്രസംഗശൈലിയിലേക്കു മാറി. ക്യാപ്പിറ്റലിസം, കമ്യൂണിസം, സോഷ്യലിസം തുടങ്ങിയ വാക്കുകൾ കൂട്ടിക്കലർത്തിയ ഭാഷണം.
അപ്പോൾ കൂട്ടത്തിൽനിന്നൊരു പയ്യൻ ചോദിച്ചു, ‘ക്യാപ്പിറ്റലിസം എന്താണെന്ന് ഒറ്റവാചകത്തിൽ പറയാമോ?’
ജോണിന് ആലോചിക്കേണ്ടി വന്നില്ല, ജോൺ പറഞ്ഞു, ‘Man exploiting man.’ ആ കൂട്ടർ കയ്യടിച്ചു.
‘അപ്പോൾ കമ്യൂണിസം?’ അടുത്ത ചോദ്യം വന്നു. ജോൺ അതിനും പെട്ടെന്ന് ഉത്തരം നൽകി.
‘Vice-versa’ അൽപം മടിച്ചുനിന്നശേഷം മറ്റേ കൂട്ടർ ആർത്തു ചിരിച്ചു കയ്യടിച്ചു.
‘ഇത് എന്റെയല്ല കേട്ടോ, ഞാൻ പൊളിറ്റിക്കൽ സയൻസ് പഠിച്ചതാ, ബുദ്ധിയുള്ള ആരോ പറഞ്ഞതാ...’
ഇത്രയും പറഞ്ഞു ജോൺ എന്നെയുംകൂട്ടി സമയം കളയാതെ അടുത്തുള്ള ഇന്ത്യൻ കോഫിഹൗസിലേക്കു പോയി.
മറ്റൊരു ദിവസം അശോകയിൽനിന്നിറങ്ങി മെയിൻറോഡിലൂടെ നടന്ന് ചായ കുടിക്കാൻ ഇന്ത്യൻ കോഫിഹൗസിൽ കയറാൻ തുടങ്ങുമ്പോൾ അതിന്റെ മുൻപിലുള്ള കൊടിമരത്തിനു ചുറ്റുമിരുന്ന് ആറേഴു യുവാക്കൾ ചെറിയ ശബ്ദത്തിൽ പാശ്ചാത്യസംഗീതമാലപിക്കുകയായിരുന്നു. ഒരു ചെറുപ്പക്കാരൻ നല്ല താളത്തിൽ ഗിറ്റാർ വായിക്കുന്നുണ്ടായിരുന്നു. ‘ആ ഗിറ്റാർ ഇങ്ങു തരൂ...രണ്ടു വാക്കുകൊണ്ട് ഞാൻ നിങ്ങൾക്കൊരു സംഗീതവിരുന്നൊരുക്കാം.’
മടിച്ചുമടിച്ച് അയാൾ ഗിറ്റാർ ജോണിന്റെ കയ്യിൽക്കൊടുത്തു. ജോൺ ആലാപനം ആരംഭിച്ചു. ‘ആയാ... ത്തുള്ള... ഖൊമേനി... ആയത്തുള്ളഖൊമേനീ... ആ... യാ... ത്തുള്ള... ഖൂഓഓഓഓ... മേ... നീ... ഈഈഈഈഈ....’ ആലാപനം താളലയവിന്യാസങ്ങളോടെയായി. ഈ രണ്ടു വാക്കുകൾ തിരിച്ചും മറിച്ചും നീട്ടിയും കുറുക്കിയും പാശ്ചാത്യ-പൗരസ്ത്യ താളത്തിലും ഈണത്തിലും രാഗത്തിലും പാടി ഗിറ്റാർകൊണ്ടു സംഗീതം കൊടുത്ത് നൃത്തച്ചുവടുകളിലേക്കു നീങ്ങി (സൽമാൻ റുഷ്ദിക്കെതിരെ ഖൊമേനി ഫത്‌വ പുറപ്പെടുവിച്ചു (കു)പ്രസിദ്ധനായത് പിന്നെയും ആറേഴു വർഷം കഴിഞ്ഞാണ്). ചെറുപ്പക്കാർ കോറസായി ജോണിനും ചുറ്റും കൂടിനിന്ന് ഓരോ തവണയും ഏറ്റുപാടാൻതുടങ്ങി. സ്റ്റോക് തീർന്നതുകൊണ്ടാണോ, കോഫിഹൗസ് ജീവനക്കാർ പുറത്തേക്ക് എത്തിനോക്കിയതുകൊണ്ടാണോ, റോഡിലൂടെ പോയ വാഹനങ്ങൾ ഓടിച്ചവരുടെ ശ്രദ്ധ പാളിപ്പോകാതിരിക്കാനാണോ എന്നറിയില്ല, ജോൺ പൊടുന്നനെ അവരോടു യാത്രപറഞ്ഞു പോയി.
തിരുവനന്തപുരത്തു വഴുതക്കാട്ടുള്ള ടഗോർ തിയറ്ററിലാണ് ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ’ ആദ്യമായി പ്രദർശിപ്പിച്ചത്. സംക്രമണം മാസികയാണു പ്രദർശനം സംഘടിപ്പിച്ചത്. അക്കാലത്തു ചലച്ചിത്രപ്രേക്ഷകന്റെ സംവേദനക്ഷമതയെ അട്ടിമറിച്ച നവമലയാള സിനിമകൾക്കു പ്രദർശനത്തിന് തിയറ്ററുകൾ തയാറാവാതിരുന്നതുകൊണ്ടു (ഭരത് ഗോപിയുടെ ഞാറ്റടി, രാജീവ് നാഥിന്റെ സൂര്യന്റെ മരണം തുടങ്ങിയ) പല സിനിമകളുടെയും ജനകീയ റിലീസ് സംക്രമണം മുൻകയ്യെടുത്തു തിരുവനന്തപുരം ടഗോർ തിയറ്ററിൽ നടത്തിയിരുന്നു.
ഞാനും ജോണുംകൂടി നഗരത്തിലുടനീളം രാത്രിയിൽ പോസ്റ്റർ ഒട്ടിച്ചു നടന്നു. ബുള്ളറ്റിലിരുന്ന് ഒരാൾ പറയുന്ന ആംഗിളിൽ മറ്റെയാൾ പോസ്റ്റർ ഒട്ടിക്കുന്ന രീതിയായിരുന്നു ഞങ്ങളുടേത്. പല സ്ഥലത്തും വഴിയിലൂടെ കടന്നു പോയവർ ഒറ്റയ്ക്കും കൂട്ടായും ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയോ സഹായിക്കുകയോ ചെയ്തിട്ടുണ്ട്. ഒരു ചലച്ചിത്ര ജീനിയസിന്റെ ഈ ജനകീയമുഖം കൂടെനിന്നവർക്കും കണ്ടുനിന്നവർക്കും പകർന്നുതന്ന ആവേശവും ഉണർവും ചെറുതല്ല. ഇതൊക്കെ ആയിരിക്കാം പിന്നീടു ജനകീയ പങ്കാളിത്തമുള്ള സിനിമാനിർമാണത്തിലേക്കു ജോണിനെ നയിച്ചത്.
നവസിനിമയുടെ മറ്റൊരു പ്രമുഖ വക്താവായിരുന്ന ജി. അരവിന്ദന്റെ വീട്ടിൽ ഇടയ്ക്കിടയ്ക്ക് ഞങ്ങൾ പോകുമായിരുന്നു. സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന അരവിന്ദന്റെ മകൻ രാമുവുമായി ജോൺ പലപ്പോഴും മുറ്റത്തു കളിക്കാൻ കൂടിയിട്ടുണ്ട്. അരവിന്ദനും ജോണും തമ്മിലുള്ള സംഭാഷണം എനിക്കു വളരെ ഹൃദ്യവും രസകരവുമായാണനുഭവപ്പെട്ടിട്ടുള്ളത്.
ജോൺ വാക്കുകളിൽ ധാരാളിത്തം കാണിച്ചപ്പോൾ അരവിന്ദൻ മിക്കപ്പോഴും പിശുക്കാണു കാണിച്ചിരുന്നത്. ജോണിന്റെ ചോദ്യങ്ങൾക്ക് അരവിന്ദന്റെ പല ഉത്തരങ്ങളും വിവിധ രൂപത്തിലും ഭാവത്തിലുമുള്ള മൂളലുകളായിരുന്നു. ചിലപ്പോൾ അരവിന്ദന്റെ മുഖത്തു ചിരി വിടർത്താനും ആ ചിരി വികസിപ്പിക്കാനും ജോണിനു കഴിഞ്ഞിട്ടുണ്ട്. ജോണിന്റെ സൗഹൃദസന്ദർശനങ്ങൾ അരവിന്ദനും കുടുംബവും എപ്പോഴും സ്വാഗതം ചെയ്തിരുന്നു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷിൽ കവി അയ്യപ്പപ്പണിക്കരെ കാണാൻ ജോൺ വരുമായിരുന്നു. പലപ്പോഴും വിദ്യാർഥി-വിദ്യാർഥിനികൾ കൗതുകത്തോടെ അദ്ദേഹത്തിന്റെ വരവും പോക്കും നോക്കിനിൽക്കും. അയ്യപ്പപ്പണിക്കരുടെ കീഴിൽ ഗവേഷണം ചെയ്തിരുന്ന വിദേശത്തു ജനിച്ചുവളർന്ന, ഇംഗ്ലിഷിൽ മാത്രം സംസാരിച്ചിരുന്ന ഒരു വിദ്യാർഥിനി ഒരിക്കൽ എന്നോടു ചോദിച്ചു,
‘Who is that guy with unkempt hair who comes to meet you and Paniker sir? He looks like a beggar, but he talks like an intellectual. Looks and talks do not match. He talks scholarly about even black writers.’
ഞാൻ തിരിച്ചടിച്ചു, ‘You don't know him? Shame! He is a genius. He is one of the great film makers in the country.’
അവരുടെ മറുപടി, ‘You are joking. Let me ask Paniker sir.’
അവർ പോയി. അവർ ഗവേഷണം ചെയ്തിരുന്നത് ഒരു Black Writerനെക്കുറിച്ചായിരുന്നു. അടുത്തൊരു ദിവസം അവർ ആവശ്യപ്പെട്ടിട്ട് ഞാൻ ജോണിനെ അവർക്കു പരിചയപ്പെടുത്തി. അവർ സുഹൃത്തുക്കളായി. അവരുടെ ബന്ധം ഗാഢമായി വളർന്നു, സൗഹൃദത്തിനുമപ്പുറം.
തിരുവനന്തപുരത്തു താമസിച്ച ജോൺ ഏതാണ്ട് ഒരുവർഷക്കാലത്തോളം മദ്യം പൂർണമായി ഒഴിവാക്കിയെന്നു മുൻപു സൂചിപ്പിച്ചല്ലോ. അതിന്റെ കാരണം നേരത്തെ സൂചിപ്പിച്ച ഗവേഷകയാണോ, ഒന്നും പറയാതെ പറഞ്ഞ അയ്യപ്പപ്പണിക്കരാണോ, കൂടെ താമസിക്കുകയും കൂടെ സഞ്ചരിക്കുകയും ചെയ്ത എന്റെ ലഹരിയോടുള്ള അനാസക്തിയാണോ എന്നറിയില്ല. അതോ, ഒരു പരീക്ഷണം നടത്തിയതായിരുന്നോ എന്നും അറിയില്ല.
ഇടവേളയ്ക്കുശേഷം ജോൺ മദ്യപാനം പുനരാരംഭിച്ച സന്ദർഭത്തെക്കുറിച്ചു വിജയകൃഷ്ണൻ കൃത്യമായി ഓർമിക്കുന്നു, ‘കൊൽക്കത്തയിലെ സംഗമം ഫിലിം സൊസൈറ്റിക്കാർ ആവശ്യപ്പെട്ടതനുസരിച്ചു ഞങ്ങൾ ജോണിനെ കൊൽക്കത്തയിലേക്കു വണ്ടി കയറ്റിവിട്ടു. മദ്യപനല്ലാത്ത ജോണാണ് അങ്ങോട്ടുപോയത്. എന്നാൽ, തിരിച്ചുവന്നതു സമ്പൂർണ മദ്യപനായ ജോണായിരുന്നു.’
ജോണിന്റെ രണ്ടു സഹോദരിമാരായ ലീലാമ്മ ജേക്കബും ശാന്ത ചെറിയാനും പറയുന്നതു പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോയതിനുശേഷമാണ് ജോൺ കുടി തുടങ്ങിയത് എന്നാണ്. ലീലാമ്മ തുടർന്നു പറയുന്നു, ‘അവനു മിനിമം ആവശ്യങ്ങളേയുള്ളൂ. എന്തു ഭക്ഷണം കൊടുത്താലും മതി. ഒരു പരാതിയുമില്ല. മീനാണ് കൂടുതൽ ഇഷ്ടം. എല്ലാ പ്രകാരത്തിലും അവനൊരു നല്ലവനായിരുന്നു.’
ഇതിനോടു ചേർത്തുവച്ചു വായിക്കേണ്ടതാണ് ‘അഗ്രഹാരത്തിൽ കഴുതൈ’യുടെ നിർമാതാവ് ചാർലി പറയുന്നത്, ‘ഞാൻ ഇടപഴകിയിട്ടുള്ളതുപോലെ ജോണുമായി അടുത്തിടപഴകിയിട്ടുള്ളവർ കുറവാണ്. ജോൺ നല്ല മനുഷ്യനായിരുന്നു. എന്തും രസകരമായി പറയാനുള്ള കഴിവുള്ളതുകൊണ്ട് എപ്പോഴും ജോണിനു ശ്രോതാക്കളെ കിട്ടുമായിരുന്നു. ജോണിനെപ്പോലെ നന്മയും അറിവും നറേറ്റീവ് സ്റ്റൈലും ഒരുമിച്ചു ചേർന്ന ആളെ ഞാൻ കണ്ടിട്ടില്ല.’
‘കോട്ടയത്ത് എത്ര മത്തായിമാരുണ്ട്?’ എന്ന ജോണിന്റെ പ്രസിദ്ധമായ ചെറുകഥയുടെ തലക്കെട്ടിനെക്കുറിച്ചു തോമസ് ജേക്കബ് മലയാള മനോരമ ആഴ്ചപ്പതിപ്പിലെ തന്റെ ‘കഥക്കൂട്ട് പംക്തി’യിൽ 2024 മേയ് 25ന് എഴുതിയിരുന്നു. ഈ ലേഖനമാണ് ജോൺ എബ്രഹാമിൽ എത്ര ജോണുമാരുണ്ട് എന്നു ചിന്തിക്കുവാൻ എന്നെ പ്രേരിപ്പിച്ചത്. കഥാകൃത്തായ ജോൺ, ചലച്ചിത്രകാരനായ ജോൺ, സംഗീതജ്ഞനായ ജോൺ, മദ്യപനായ ജോൺ, നിഷേധിയായ ജോൺ, ബുദ്ധിജീവിയായ ജോൺ, ആദ്യപരിചയപ്പെടലിൽത്തന്നെ സുഹൃത്താവുന്ന ജോൺ... ഇങ്ങനെ പല ജോണുകളും ഒരുമിച്ചുചേർന്ന ഒരു സവിശേഷ വ്യക്തിത്വമായിരുന്നു ജോൺ എബ്രഹാമിന്റേത്.
ജോണിന്റെ ഈ ബഹുസ്വരതയിലെ എല്ലാ അംശങ്ങളെക്കുറിച്ചും ലേഖനങ്ങളോ യൂട്യൂബ് വിഡിയോകളോ വന്നിട്ടുണ്ട്. പക്ഷേ, മദ്യത്തിനു കീഴ്പ്പെടുത്താൻ കഴിയാത്ത ഒരു ജോണുണ്ടായിരുന്നു എന്ന് അധികം പേർക്കും അറിയില്ല. മറ്റൊരു കാര്യം എല്ലാത്തരത്തിലുള്ള ജോണിന്റെയും ആത്മാവ് നന്മ നിറഞ്ഞതായിരുന്നു, ‘നന്മയിൽ ജോൺ’ എന്ന വിശേഷണം അദ്ദേഹത്തിനു യോജിച്ചതാവുന്നത് അങ്ങനെയാണ്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻചെന്ന സംവിധായകൻ കെ.ജി. ജോർജിന്റെ സീനിയറായി ജോൺ അവിടെ പഠിക്കുന്നുണ്ടായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ റാഗിങ്ങിൽ ജോൺ ഇടപെട്ട ഒരു സംഭവം കെ.ജി. ജോർജ് ഓർമിക്കുന്നു:
‘മേശമേൽ കയറ്റിനിർത്തി ഒരു പാട്ടുപാടിച്ചശേഷം ഞാൻ നഗ്നനായി കാണാൻ ആഗ്രഹിച്ച ഒരു വിഭാഗം സീനിയേഴ്സ് എന്നോട് വസ്ത്രങ്ങൾ അഴിക്കുവാൻ ആജ്ഞാപിച്ചു. ഉടുപ്പൂരിമാറ്റിയിട്ടു പാന്റ്സിന്റെ കുടുക്കുകൾ അഴിക്കാൻ തുടങ്ങിയപ്പോൾ പെട്ടെന്നു ജോൺ ഇടപെട്ടു. ഉറച്ച ശബ്ദത്തിൽ എല്ലാവരോടുമായി കൽപിച്ചു, ‘That's enough.’ റാഗിങ്ങുകാർ ജോണിനെ അനുസരിച്ചു. എന്നെ ഉപേക്ഷിച്ചു പിരിഞ്ഞുപോയി.’ (ജോൺ എബ്രഹാം - പേജ് 220 - മാതൃഭൂമി ബുക്‌സ്).
എത്ര ലഹരിയിലും ജോൺ മനുഷ്യനായിരുന്നു, മൃഗമായിട്ടില്ല. ജോണിന്റെ മൂത്ത സഹോദരി സൂസൻ ജോസഫ് ആയിരുന്നു ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളു’ടെ നിർമാതാവ്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഞങ്ങളൊക്കെ മോഹൻ എന്നു വിളിക്കുന്ന ജോണിന്റെ ഫസ്റ്റ് കസിൻ ടി.ടി. ജേക്കബ് അഥവാ താഴത്തില്ലത്തു ജേക്കബ്. സൂസന് മോഹൻ മകനെപ്പോലെയായിരുന്നു, പൂർണവിശ്വാസമായിരുന്നു. ആ സിനിമയുടെ സാമ്പത്തികമെല്ലാം മോഹനാണു കൈകാര്യം ചെയ്തിരുന്നത്. ഞാൻ അശോക വിട്ടതിനുശേഷം മോഹനും യൂണിവേഴ്സിറ്റിയിൽ ജേർണലിസത്തിന് ഒരേസമയം പഠിച്ചിരുന്ന, നടനും സംവിധായകനുമായ രഞ്ജി പണിക്കരും
പത്രപ്രവർത്തകരായിത്തീർന്ന കെ.കെ. ബലരാമൻ, പി.കെ. സുരേന്ദ്രൻ തുടങ്ങിയവരുമൊത്തു പേട്ടയിൽ വാടകയ്ക്കു വീടെടുത്തു താമസിച്ചു. അടൂർഭാസിയെ തെങ്ങിന്റെ മുകളിൽ കയറ്റിയിരുത്തിയിട്ടു സംവിധായകൻ അപ്രത്യക്ഷനായതുൾപ്പെടെയുള്ള ജോണിന്റെ ‘വീരസാഹസിക’കഥകൾ മോഹൻ അക്കാലത്തു പറയാറുണ്ടായിരുന്നു. പക്ഷേ, ആരോടും കാലുഷ്യമില്ലാതെ പെരുമാറുന്ന ജോണിന്റെ ധാരാളം സ്‌നേഹോഷ്‌മള നിമിഷങ്ങളും മോഹൻ ഞങ്ങളുമായി പങ്കുവച്ചിട്ടുണ്ട്.
നമ്മുടെ ഉപബോധ മനസ്സിലിട്ടു നാം എന്താണോ ആവർത്തിച്ചാവർത്തിച്ചു മനനം ചെയ്യുന്നത് പലപ്പോഴും അതു സംഭവിക്കും. അല്ലെങ്കിൽ അതു നമ്മുടെ ഭാഗമായിമാറും എന്നുള്ള രീതിയിൽ ഡോ. ജോസഫ് മർഫി അദ്ദേഹത്തിന്റെ ‘ദ പവർ ഓഫ് യുവർ സബ്‌കോൺഷ്യസ് മൈൻഡ്’ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ജോൺ എബ്രഹാം ‘നന്മയിൽ ഗോപാലൻ’ എന്നൊരു സിനിമ എടുത്തില്ലെങ്കിലും അതിന്റെ കഥയും തിരക്കഥയും കഥാകൃത്തു ടി.ആറുമായി ചർച്ചചെയ്തിരുന്നു.
നന്മയിൽ ജോൺ എബ്രഹാമിനെ അടുത്തറിഞ്ഞ ഒരനുഭവം ഈ അവസരത്തിൽ എന്റെ ഓർമയിൽവരുന്നു. ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ’ക്കു ചലച്ചിത്രകലയിൽ മികവു കാട്ടിയതിനുള്ള പ്രത്യേക സമ്മാനം വാങ്ങാൻ ഞാൻ ജോണിനെയുംകൊണ്ടു ടഗോർ തിയറ്ററിലേക്കു പോകുന്നു. അവാർഡ് സമർപ്പണച്ചടങ്ങു കഴിഞ്ഞു തിരിച്ചുപോരുന്നവഴി ബൈക്കിന്റെ പിറകിലിരുന്ന ജോൺ പറഞ്ഞു: ‘അവാർഡ് തുകയിൽ ഒരു ഭാഗം നിനക്കുള്ളതാണ്. നീയല്ലേ എന്നെ പാർപ്പിക്കുന്നതും ബുള്ളറ്റിൽ കൊണ്ടുനടക്കുന്നതും.’
ബുദ്ധിജീവികളായ ധാരാളം മദ്യപന്മാരെ പരിചയമുണ്ടായിരുന്നെങ്കിലും അവരിലൊന്നും കാണാതിരുന്ന മനുഷ്യത്വവും ഉദാരതയുമാണ് ജോണിൽ കണ്ടത്. മദ്യപനായ ജോണിനെയും ചലച്ചിത്ര ജീനിയസായ ജോണിനെയും നാം ആഘോഷിക്കുന്നു. ലഹരി ഉപയോഗിച്ചാലും ഇല്ലെങ്കിലും ഉന്മേഷം പകർന്നുതന്നിരുന്ന ആദരണീയനായ ‘നന്മയിൽ’ ജോണിനെക്കൂടി നമുക്ക് ആഘോഷിക്കാം. ഓർമയുടെ താളുകൾ മറിക്കുമ്പോൾ അടുത്തിടപഴകിയിട്ടുള്ള ഓരോരുത്തർക്കും നന്മയിൽ ജോണിന്റെ സാന്നിധ്യവും സാമീപ്യവും സംസാരവും അഭ്രപാളിയിലെന്നപോലെ തെളിഞ്ഞുവരും.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥിയായിരുന്നപ്പോൾ അശോകയിലെ നിത്യസന്ദർശകനും പിന്നീട് ഒന്നിലേറെത്തവണ സംസ്ഥാന-ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ നേടിയ സംവിധായകനുമായ ടി.കെ. രാജീവ്കുമാറിനോട്, ‘ജോണിന്റെ എൺപത്തിയേഴാം ജന്മദിനമാണ് ഓഗസ്റ്റ് 11, ഓർമിക്കുന്നുണ്ടോ?’ എന്നു ചോദിച്ചപ്പോൾ എഴുതി അയച്ചുതന്ന കുറിപ്പ് ഞാൻ പങ്കുവയ്ക്കട്ടെ:
എൺപതുകളുടെ ശൈശവകാലത്ത്,യൂണിവേഴ്സിറ്റി കോളജിന് എതിർവശത്തെ അശോക ലോഡ്ജിലെ നീണ്ട ഇടനാഴിയുടെ അറ്റത്തുവച്ചാണ് ‘നിഷേധികളുടെ ദൈവം’ എനിക്കു മുന്നിൽ ആദ്യം പ്രത്യക്ഷപ്പെട്ടത്. പതിനെട്ടുകാരന്റെ കുതൂഹലത്തോടെ, ആരാധനയോടെ ഞാൻ ദൈവത്തെ അന്തംവിട്ടു നോക്കിനിന്നു ഇതാ ജോൺ! സാക്ഷാൽ ജോൺ എബ്രഹാം!
കൂട്ടുകാരൻ അനിലിന്റെ പതിനെട്ടാം നമ്പർ മുറി ഞങ്ങളുടെ താവളമാണെങ്കിലും എന്റെ കണ്ണുകൾ എപ്പോഴും പതിനേഴാം നമ്പർ മുറിയിലായിരുന്നു . കാരണം , സംക്രമണം മാസിക പത്രാധിപർ പ്രിയദാസിന്റെ ആ മുറിയിലാണ് പ്രതിഭകളുടെ വരത്തുപോക്ക്! അവിടേക്കു വരുമ്പോഴാണ് ലഹരിയുടെ മൂടുപടമില്ലാത്ത ജോൺ എബ്രഹാമിനെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത് (പ്രിയദാസിന്റെ കൂടെയുള്ള ജോൺ, ലഹരി നിഷേധിയായിരുന്നുവെന്നത് ഇന്നോർക്കുമ്പോൾ മറ്റൊരു കൗതുകം!).
കുറസോവയെയും ഗൊദാർദിനെയും സത്യജിത്റായിയെയും ഋതിക് ഘട്ടക്കിനെയും തന്റേതായ രീതിയിൽ, അതായത് തനത് ‘ജോൺ എബ്രഹാം സ്റ്റൈലിൽ’ ജോൺ പറഞ്ഞുതന്നത് എന്നിലെ സിനിമാക്കാരനെ കൂടുതൽ ഉദ്ദീപിപ്പിക്കുന്നതായി. തിരിഞ്ഞുനോക്കുമ്പോൾ സിനിമ എന്ന മാധ്യമത്തിനു വിനോദോപാധി എന്നതിലുപരി സമൂഹത്തിൽ എന്തൊക്കെയോ ചെയ്യാനുണ്ടെന്ന ബോധം എന്നിൽ നിർമിച്ചെടുക്കാൻ ജോണുമായിട്ടുണ്ടായിരുന്ന ആ ദിവസങ്ങൾ നിമിത്തമായി.
ശേഷം എത്രയോ തവണ പലരീതിയിൽ, പലവട്ടം, പലയിടങ്ങളിൽവച്ച് ജോണിനെ കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും എന്റെ മനസ്സിലെ ജോണിന് ഇന്നും അശോക ലോഡ്ജിലെ പതിനേഴാം നമ്പർ മുറിയിലെ മണമാണ്. ഇനിയൊരിക്കലും ഇവിടെ ആവർത്തിക്കാൻ സാധ്യതയില്ലാത്ത, അവതരിക്കാൻ സാധ്യതയില്ലാത്ത ‘നിഷേധികളുടെ ആ ദൈവത്തിന്’ ഓർമപ്പൂക്കൾ...!