അന്ന് സിദ്ദിഖിന്റെ കണ്ണീരിനു പിന്നാലെ കൂട്ടരാജി; വിലക്കിൽ കുരുങ്ങി വിനയൻ; ഇനിയും പിളരാൻ ‘അമ്മ’യും ഫെഫ്കയും?
16 വർഷം മുൻപ് ഒരു ജൂൺ മാസത്തിലാണ് മലയാള സിനിമയുടെ ചരിത്രത്തിലെ വലിയ പൊട്ടിത്തെറികളിലൊന്ന് സംഭവിച്ചത്. സിനിമയ്ക്കും മേലെയാണ് സംഘടന എന്ന സംവിധായകൻ വിനയന്റെ വാക്കുകളും തുടർന്നുണ്ടായ ചില പരാമർശങ്ങളും മലയാള സിനിമസംഘടനാചരിത്രത്തിലെ വലിയ മുറിവായി മാറി. വിവാദമായ വിലക്കും സുപ്രീം കോടതി വരെ കയറിയ
16 വർഷം മുൻപ് ഒരു ജൂൺ മാസത്തിലാണ് മലയാള സിനിമയുടെ ചരിത്രത്തിലെ വലിയ പൊട്ടിത്തെറികളിലൊന്ന് സംഭവിച്ചത്. സിനിമയ്ക്കും മേലെയാണ് സംഘടന എന്ന സംവിധായകൻ വിനയന്റെ വാക്കുകളും തുടർന്നുണ്ടായ ചില പരാമർശങ്ങളും മലയാള സിനിമസംഘടനാചരിത്രത്തിലെ വലിയ മുറിവായി മാറി. വിവാദമായ വിലക്കും സുപ്രീം കോടതി വരെ കയറിയ
16 വർഷം മുൻപ് ഒരു ജൂൺ മാസത്തിലാണ് മലയാള സിനിമയുടെ ചരിത്രത്തിലെ വലിയ പൊട്ടിത്തെറികളിലൊന്ന് സംഭവിച്ചത്. സിനിമയ്ക്കും മേലെയാണ് സംഘടന എന്ന സംവിധായകൻ വിനയന്റെ വാക്കുകളും തുടർന്നുണ്ടായ ചില പരാമർശങ്ങളും മലയാള സിനിമസംഘടനാചരിത്രത്തിലെ വലിയ മുറിവായി മാറി. വിവാദമായ വിലക്കും സുപ്രീം കോടതി വരെ കയറിയ
16 വർഷം മുൻപ് ഒരു ജൂൺ മാസത്തിലാണ് മലയാള സിനിമയുടെ ചരിത്രത്തിലെ വലിയ പൊട്ടിത്തെറികളിലൊന്ന് സംഭവിച്ചത്. സിനിമയ്ക്കും മേലെയാണ് സംഘടന എന്ന സംവിധായകൻ വിനയന്റെ വാക്കുകളും തുടർന്നുണ്ടായ ചില പരാമർശങ്ങളും മലയാള സിനിമ സംഘടനാചരിത്രത്തിലെ വലിയ മുറിവായി മാറി. വിവാദമായ വിലക്കും സുപ്രീം കോടതി വരെ കയറിയ നിയമ യുദ്ധവും അതിന് പിന്നാലെ വന്നു. 16 വർഷത്തിനു ശേഷവും മാക്ട ഫെഡറേഷന്റെ പിളർപ്പിനും ഫെഫ്കയുടെ രൂപീകരണത്തിനും ഇടയാക്കിയ വിവാദങ്ങളൊന്നും അവസാനിച്ചിട്ടില്ല. ഏറ്റവും ഒടുവിൽ, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വീണ്ടും സംഘടനാപരമായ പ്രതിസന്ധികളിലൂടെ മലയാളസിനിമ കടന്നു പോകുകയാണ്.
അമ്മ ജനറൽ സെക്രട്ടറി ആയിരുന്ന നടൻ സിദ്ദിഖിനും അംഗങ്ങളായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു, ബാബുരാജ് തുടങ്ങി പലർക്കുമെതിരെ പീഡന പരാതികൾ ഉയർന്നതോടെ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജിവച്ചു. തങ്ങളോട് ആലോചിക്കാതെയാണ് രാജി തീരുമാനമെന്ന ആരോപണവുമായി അന്ന് പലരും രംഗത്തെത്തിയിരുന്നു. ‘അമ്മ’ പിളരുന്നുവെന്നും ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഒരു വിഭാഗം അഭിനേതാക്കൾ ഫെഫ്ക നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന വാർത്തകളും ഫെഫ്കയ്ക്ക് ബദലായി ‘പുരോഗമന’ സ്വഭാവമുള്ള പുതിയ സംഘടനയ്ക്ക് ശ്രമമെന്നുമുള്ള വാർത്തകളുമൊക്കെ ഇപ്പോൾ പുറത്തു വരുന്നുണ്ട്. മലയാള സിനിമയിലെ വിവിധ സംഘടനകളിൽ സംഭവിക്കുന്ന മാറ്റങ്ങളും ഫെഫ്ക രൂപീകരണ ശ്രമങ്ങളുടെ കാലത്തു നടന്ന സംഭവവികാസങ്ങളും പരിശോധിക്കുകയാണ് ഇവിടെ.
∙ മലയാള സിനിമയ്ക്കായി മാക്ട രൂപം കൊള്ളുന്നു
1994 മേയ് എട്ടിനാണ് മലയാള സിനിമ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ മാക്ട (മലയാളം സിനി ടെക്നിഷ്യൻസ് അസോസിയേഷൻ) രൂപം കൊള്ളുന്നത്. മലയാള സിനിമയിലെ വിശ്രുതരായ സംവിധായകർ തന്നെയാണ് ഇതിനു ചുക്കാൻ പിടിച്ചതും. അതുവരെ സൗത്ത് ഇന്ത്യൻ ചാപ്റ്റർ ഓഫ് ദി നാഷനൽ കോൺഫെഡറേഷൻ ഓഫ് ടെക്നിഷ്യൻസ്, ആർട്ടിസ്റ്റ്സ്, ആൻഡ് വർക്കേഴ്സ് (എഫ്ഇഎഫ്എസ്ഐ) ആയിരുന്നു മലയാള സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കിയിരുന്നത്. എന്നാൽ ചെന്നൈയിൽ നിന്ന് മലയാള സിനിമ കേരളത്തിലേക്ക് പറിച്ചുനട്ടതോടെ സ്വന്തമായി ഒരു സംഘടന വേണമെന്ന ആലോചനയിൽ നിന്നാണ് മാക്ട രൂപം കൊള്ളുന്നത്.
ഒരു ചാരിറ്റബിൾ സംഘടനയായാണ് മാക്ട നിലവിൽ വന്നതെങ്കിലും പിൽക്കാലത്ത് ഫിലിം ചേംബറുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ മുറുകിയതോടെ മാക്ട ഫെഡറേഷൻ എന്ന ട്രേഡ് യൂണിയൻ സ്വഭാവമുള്ള സംഘടന രൂപം കൊള്ളുകയായിരുന്നു. സംവിധായകൻ വിനയൻ ആയിരുന്നു ഈ കാര്യങ്ങൾക്ക് പ്രധാനമായും ചുക്കാൻ പിടിച്ചത്. ഡ്രൈവർമാർ ഉൾപ്പെടെ ചലച്ചിത്ര മേഖലയിലെ താഴേക്കിടയിലുള്ളവരെ സംഘടിപ്പിച്ചു കൊണ്ട് അവരുടെ തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ വിനയന് ഈ വിഭാഗത്തിൽ വലിയ പിന്തുണ നേടിക്കൊടുത്തു. അങ്ങനെ വിവിധ വിഭാഗങ്ങളിലായുള്ള 19 സംഘടനകൾ ചേർന്ന മാക്ട ഫെഡറേഷന്റെ ശക്തനായ ജനറൽ സെക്രട്ടറിയായി തീർന്നു വിനയൻ.
അന്ന് ഡ്രൈവർമാർക്ക് 150 രൂപ മാത്രം ശമ്പളമുണ്ടായിരുന്നത് 300 രൂപയാക്കാൻ സമരം ചെയ്തത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിനയൻ അടുത്തിടെയും പറഞ്ഞിരുന്നു. സംഘടനാ തിരഞ്ഞെടുപ്പില്‍ വിജയിക്കാൻ വിനയനെ സഹായിച്ചതും സിനിമയിലെ ചെറുകിട ജോലികൾ ചെയ്യുന്നവർ നൽകിയ പിന്തുണയായിരുന്നു. എന്നാൽ അസ്വാരസ്യങ്ങളും ഇതിനിടെ തലപൊക്കിത്തുടങ്ങിയിരുന്നു. വിനയന്റേത് ഏകാധിപത്യ നടപടികൾ ആണെന്ന ആരോപണമായിരുന്നു ഇതിൽ പ്രധാനം. മലയാളത്തിലെ ഒട്ടുമിക്ക സംവിധായകരും മാക്ട ഫെഡറേഷനിൽ നിന്ന് രാജി വയ്ക്കുന്ന സംഭവവികാസങ്ങൾ ഉണ്ടാകുന്നത് ആയിടയ്ക്കാണ്.
∙ പൊട്ടിത്തെറിക്കിടയാക്കിയത് തുളസീദാസ്–ദിലീപ് തർക്കം
2007ൽ തുളസീദാസ്–ദിലീപ് കൂട്ടുകെട്ടിൽ ‘കുട്ടനാടൻ എക്സ്പ്രസ്’ എന്ന ചിത്രം പ്രഖ്യാപിക്കുന്നതോടെയാണ് മലയാള സിനിമയിലെ പൊട്ടിത്തെറിക്ക് കാരണമായ പ്രശ്നങ്ങൾ അതിന്റെ മൂർധന്യത്തിലെത്തിയത്. ചീത്രീകരണം തുടങ്ങിയ ചിത്രത്തിൽ നിന്നും ദിലീപ് പിന്മാറി എന്നതായിരുന്നു പുറത്തുവന്ന വാർത്ത. 40 ലക്ഷം രൂപ ദിലീപ് അഡ്വാൻസ് വാങ്ങിയശേഷമാണ് പിന്മാറിയത് എന്നാരോപിച്ച് തുളസീദാസ് രംഗത്തെത്തി. തന്റെ ചിത്രത്തിൽ അഭിനയിക്കുന്നതിനു പകരം ദിലീപ് അമ്മ നിർമിക്കുന്ന ‘ട്വന്റി 20’ എന്ന ചിത്രം നിർമിക്കുന്നതിന്റെ തിരക്കിലായിരുന്നു എന്നും തുളസീദാസ് ആരോപിച്ചു.
എന്നാൽ താൻ നൽകിയ ഡേറ്റുകളിൽ തുളസീദാസ് മോഹൻലാലിനെ വച്ച് സിനിമ ചിത്രീകരിക്കുകയായിരുന്നു എന്നായിരുന്നു ദിലീപിന്റെ വാദം. ആ ദിവസങ്ങൾ തനിക്ക് നഷ്ടപ്പെട്ടു പോയെന്നും എന്നാൽ നിർമാണ കമ്പനി മറ്റേത് ഡയറക്ടറെ വച്ച് ചിത്രീകരിച്ചാലും സഹകരിക്കുമെന്നും ദിലീപും വ്യക്തമാക്കി. ഇതിനിടെ തുളസീദാസിനെ മാറ്റി ദീപു കരുണാകരനെ ചിത്രം ഏൽപ്പിക്കാൻ തീരുമാനമായി. പരാതി മാക്ടയിലും എത്തി. ഇതോടെ ദിലീപിന്റെ ചിത്രങ്ങളിൽ സഹകരിക്കേണ്ട എന്ന് സംഘടന തീരുമാനമെടുത്തു. എന്നാൽ ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് താരസംഘടനയായ അമ്മ രംഗത്തെത്തി. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പിന്തുണയും ദിലീപിനായിരുന്നു.
ഈ സംഭവത്തോടെ വിനയൻ ഉള്‍പ്പെടെ മാക്ട നേതൃത്വവും മറ്റുള്ളവരുമായുള്ള ശീതസമരം പുകഞ്ഞു നിൽക്കുമ്പോഴാണ് പ്രശ്നം ചർച്ച ചെയ്യാൻ മാക്ട ഫെഡറേഷൻ യോഗം ചേരുന്നത്. ദിലീപിന്റെ അടുത്ത ചിത്രമായ ‘ബോഡി ഗാർഡി’ന്റെ സംവിധായകൻ എന്ന നിലയിൽ ഈയിടെ അന്തരിച്ച സംവിധായകൻ സിദ്ദിഖിനെയും യോഗത്തിനു വിളിച്ചിരുന്നു. ഈ യോഗത്തിൽ വിനയൻ നടത്തിയ വിവാദ പരാമർശമായിരുന്നു മാക്ടയുടെ പിളർപ്പിന് ആക്കം കൂട്ടിയത് എന്നു വേണമെങ്കിൽ പറയാം. 2008 ജൂണ്‍ നാലിന് എറണാകുളം ബിടിഎച്ച് ഹോട്ടലിലായിരുന്നു യോഗം. തർക്കങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ മലയാള സിനിമാ വ്യവസായം നിർത്തിവയ്‌ക്കുമെന്ന പ്രഖ്യാപനം പോലും യോഗത്തിലുണ്ടാകുമെന്ന് പ്രചാരമുണ്ടായിരുന്നു.
∙ സിദ്ദിഖിന്റെ വേദന സഹപ്രവർത്തകർ ഏറ്റെടുത്തു
ദിലീപ്–തുളസീദാസ് പ്രശ്‌നത്തിൽ ഏറ്റുമുട്ടലിന്റെ വഴി സ്വീകരിക്കാതെ ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത സിദ്ദിഖ് നിർദേശിച്ചു. പ്രശ്‌നം ചർച്ച ചെയ്യും മുൻപ് ദിലീപിന്റെ സിനിമയോടു സഹകരിക്കില്ല എന്നു സംഘടന തീരുമാനിച്ചത് പ്രശ്‌നപരിഹാരത്തിനുള്ള വഴി അടയ്‌ക്കുമെന്നും വിലക്കും ഉപരോധവും സിനിമയ്‌ക്കു ഗുണം ചെയ്യില്ലെന്നും സിനിമയാണ് എല്ലാത്തിനും മേലേ എന്ന ചിന്തയോടെ കാര്യങ്ങൾ കാണണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു. ദിലീപിന്റെ സിനിമയുടെ എല്ലാ ജോലികളും നിർത്തിവയ്‌ക്കണമെന്നു കാണിച്ചാണു തനിക്കു മാക്‌ടയിൽ നിന്നു കത്തു കിട്ടിയിരിക്കുന്നത് എന്നും എന്നാൽ സിനിമ നിർത്തിവയ്‌ക്കാൻ ഒരുക്കമല്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.
പിന്നാലെ വിനയന്റെ പ്രസംഗം. സംഘടനയേക്കാൾ വലുതല്ല സിനിമയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. തുടർന്നാണ് വിനയന്റെ വിവാദമായ ‘കൂട്ടിക്കൊടുപ്പുകാർ’ എന്ന പരാമർശം ഉണ്ടായത്. ഇത് യോഗത്തിൽ വൻ ഒച്ചപ്പാടുണ്ടാക്കി. വിനയൻ പ്രസ്‌താവന പിൻവലിച്ചു മാപ്പു പറയണമെന്ന് സംവിധായകൻ ജി.എസ്.വിജയൻ ആവശ്യപ്പെട്ടു. എന്നാൽ താൻ വിജയനെയല്ല ഉദ്ദേശിച്ചതെന്ന് വിനയൻ പറഞ്ഞു. തന്നെയായിരുന്നുവെങ്കിൽ വിവരമറിഞ്ഞേനെയെന്ന് വിജയൻ തിരിച്ചടിച്ചു. അപ്പോൾ തന്നെയാണോ ഉദ്ദേശിച്ചതെന്ന് വികാരാധീനനായി സിദ്ദിഖ് ചോദിച്ചു. സിദ്ദിഖിനെയല്ല ഉദ്ദേശിച്ചത് എന്ന് ഉടൻ വിനയൻ മറുപടി നൽകി.
വിനയൻ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടും അദ്ദേഹത്തെ അനുകൂലിച്ചും ഇതിനിടെ അംഗങ്ങൾക്കിടയിൽ ചേരിതിരിവുണ്ടായി. കലാ ജീവിതത്തിലെ ഏറ്റവും അപമാനകരമായ മൂഹൂർത്തമായിരുന്നു അതെന്നായിരുന്നു സിദ്ദിഖ് പിന്നീട് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. അതിന്റെ പേരിൽ വിവാദമുണ്ടാക്കാൻ ആഗ്രഹിക്കാഞ്ഞതുകൊണ്ട് പുറത്തു പറഞ്ഞില്ല. എന്നാൽ തന്നെ സ്‌നേഹിക്കുന്ന സുഹൃത്തുക്കൾ പ്രതികരിക്കാൻ തയാറായി. ആത്മാഭിമാനം മുറിപ്പെട്ട താൻ അന്നു തന്നെ മാക്‌ടയിൽ നിന്നു മാനസികമായി രാജിവച്ചെന്നും സിദ്ദിഖ് പറഞ്ഞിട്ടുണ്ട്.
∙ മാക്ട ഫെഡറേഷൻ പിളരുന്നു
ഇതിന് ഏതാനും ദിവസങ്ങൾ കഴിഞ്ഞ്, 2008 ജൂൺ ഏഴിനായിരുന്നു മാക്ട ഫെഡറേഷനിലെ പിളർപ്പ്. ചലച്ചിത്ര സംവിധായകരുടെ സംഘടനയായ ഡയറക്‌ടേഴ്‌സ് യൂണിയനിലെ അൻപതോളം സംവിധായകർ ഫെഡറേഷൻ ജനറൽ സെക്രട്ടറി വിനയനെതിരെ പരസ്യനിലപാടുമായി രംഗത്തെത്തുകയായിരുന്നു. മുപ്പതോളം പേർ രാജി പ്രഖ്യാപിച്ചു. വിനയന്റെ ഏകാധിപത്യശൈലി സിനിമാ മേഖലയെ തകർക്കുകയാണെന്നും തരംതാണ ഭാഷയിൽ ആദരണീയനായ സംവിധായകൻ സിദ്ദിഖിനെ അപമാനിച്ചെന്നും സംവിധായകർ ആരോപിച്ചു. ശ്രീനിവാസൻ, സത്യൻ അന്തിക്കാട്, സിദ്ദിഖ്, രഞ്‌ജിത്, പ്രിയദർശൻ, ലാൽ ജോസ്, ഫാസിൽ, ജോഷി, ബ്ലെസി, പത്മകുമാർ, കമൽ, ഷാഫി, റാഫി–മെക്കാർട്ടിൻ, വി.എം.വിനു തുടങ്ങിയ പ്രമുഖ സംവിധായകരെല്ലാം അന്നു രാജിവച്ചവരിൽ ഉൾപ്പെടും. ജോണി ആന്റണി, രഞ്‌ജി പണിക്കർ, ജയരാജ്, അൻവർ റഷീദ്, ലോഹിതദാസ് തുടങ്ങിയവരുൾപ്പെടെ അടുത്ത ദിവസങ്ങളിൽ രാജിവച്ചു.
ഛായാഗ്രാഹകരുടെ സംഘടനയിൽ നിന്ന് പി.സുകുമാറും എസ്.കുമാറും രാജിവച്ചു. മ്യൂസിക് യൂണിയനിൽ നിന്ന് ഗായിക കെ.എസ്.ചിത്രയും രാജി നൽകി. എന്നാൽ മാക്‌ട ഫെഡറേഷൻ രൂപീകരിച്ച നാൾ മുതൽ തന്റെ ചോരയ്‌ക്കായി ദാഹിക്കുന്നവരാണ് രാജി പ്രഖ്യാപിച്ചിരിക്കുന്നതെന്നും 19 യൂണിയന്റെയും പിന്തുണ തനിക്കുണ്ടെന്നുമായിരുന്നു വിനയന്റെ മറുപടി. ഇതിനിടെ, രാജിവച്ച സംവിധായകരുമായി ചർച്ചയ്ക്ക് ദേശീയ നേതൃത്വമായ ഫെഫ്സിയുടെയും ഐഫകിന്റെയും ഭാരവാഹികൾ കൊച്ചിയിലെത്തി. എന്നാൽ സംഘടനയോട് പ്രശ്നമില്ല, മറിച്ച് വിനയന്റെ നേതൃത്വത്തിലുള്ള മാക്‌ട ഫെഡറേഷനുമായി സഹകരിച്ചു പോകാനാകില്ലെന്ന് സംവിധായകർ വ്യക്തമാക്കി.
മലയാള സിനിമയിൽ കഴിഞ്ഞ കുറേ നാളുകളായി സമരങ്ങളും വിലക്കും ഉപരോധവും സൃഷ്‌ടിച്ച് വിനയൻ അരാജകത്വം സൃഷ്‌ടിച്ചിരിക്കുകയാണെന്നായിരുന്നു ഇവരുടെ ആരോപണം. രാജിവച്ച തങ്ങൾ പുതിയൊരു സംഘടന രൂപവൽക്കരിക്കാനാണു താൽപര്യപ്പെടുന്നതെന്ന് ജോഷി, സിദ്ദീഖ് എന്നിവരുടെ നേതൃത്വത്തിൽ സംവിധായകർ ചൂണ്ടിക്കാട്ടി. ഇത്രയും പ്രമുഖ സംവിധായകർ ഒന്നിച്ചു സംഘടന വിട്ടതിലെ അതൃപ്‌തി ദേശീയനേതൃത്വം പ്രകടിപ്പിച്ചു. പുതിയൊരു സംഘടനയ്‌ക്ക് അംഗീകാരം നൽകരുതെന്നായിരുന്നു മാക്‌ട ഫെഡറേഷന്റെ ആവശ്യം.
∙ ഫെഫ്കയ്ക്ക് തുടക്കം
ഇതോടെ പുതിയ സംഘടന, ഫെഫ്ക (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള) രൂപീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. മാക്‌ട ഡയറക്‌ടേഴ്‌സ് യൂണിയൻ പ്രസിഡന്റ് സ്‌ഥാനം രാജിവച്ച് കെ.മധുവും പുതിയ സംഘടനയിലെത്തി. 17 അംഗ മാക്‌ട ഡയറക്‌ടേഴ്‌സ് യൂണിയൻ എക്‌സിക്യൂട്ടിവ് കമ്മിറ്റിയിൽ നിന്നു പത്തുപേരും രാജിവച്ചു. അങ്ങനെ ജൂൺ 17ന് മലയാള സിനിമാരംഗത്തെ പ്രമുഖ സംഘടനകളേയും സംവിധായകരേയും താരങ്ങളേയും സാക്ഷി നിർത്തി ചലച്ചിത്ര പ്രവർത്തകരുടെ പുതിയ സംഘടനക്കു തിരി തെളിഞ്ഞു. മലയാളസിനിമയിലെ മുതിർന്ന നിർമാതാവും ജെ.സി.ഡാനിയേൽ അവാർഡ് ജേതാവുമായ ടി.ഇ.വാസുദേവനായിരുന്നു ദീപം തെളിച്ചത്.
അമ്മ പ്രസിഡന്റ് അന്തരിച്ച ഇന്നസെന്റ്, ജനറൽ സെക്രട്ടറിയായിരുന്ന മോഹൻലാൽ, മമ്മൂട്ടി, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ, എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ, എക്‌സിബിറ്റേഴ്‌സ് അസോസിയേഷൻ, ഫിലിം ചേംബർ തുടങ്ങി മലയാള സിനിമ ഒന്നടങ്കം അണിനിരന്നതായിരുന്നു ഫെഫ്കയുടെ രൂപീകരണയോഗം. ഇതു കഴിഞ്ഞ് 2008 നവംബറിൽ ഫെഫ്‌ക നിലവിൽ വന്നു. സംവിധായകൻ സിബി മലയിലാണ് അന്നു മുതൽ പ്രസിഡന്റ്. ബി.ഉണ്ണികൃഷ്‌ണൻ ജനറൽ സെക്രട്ടറിയും. ഫെഫ്കയിലേക്ക് നിന്ന് ആളുകൾ കൂട്ടത്തോടെ ഒഴുകിയതോടെ മാക്ട ഫെഡറേഷന്റെ പ്രസക്തിയും ഇല്ലാതായി.
ഇതിനു പിന്നാലെയാണ് വിനയനു നേർക്കുണ്ടായ വിവാദമായ വിലക്കും സുപ്രീം കോടതി വരെ കയറിയ നിയമയുദ്ധവുമൊക്കെ അരങ്ങേറുന്നത്. 1994ൽ രൂപീകരിച്ച മാക്ട ഇന്നും ‘അമ്മ’ മാതൃകയിൽ ഒരു സാംസ്കാരിക സംഘടന എന്നപോലെ നിലകൊള്ളുന്നു. മാക്ട ഫെഡറേഷന് സിപിഐയുടെ എഐടിയുസിയുമായാണ് അടുപ്പമുണ്ടായിരുന്നതെങ്കിൽ ഇന്ന് ബൈജു കൊട്ടാരക്കര നേതൃത്വം നൽകുന്ന ഈ സംഘടന കോൺഗ്രസിന്റെ ഐഎൻടിയുസിയുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. ഫെഫ്ക രൂപീകരണത്തിനു പിന്നാലെ ഓള്‍ ഇന്ത്യ സിനി ആൻഡ് ടെലിവിഷന്‍ എംപ്ലോയീസ് ഫെഡറേഷന്‍ (ഐടെഫ്) എന്ന സംഘടനയ്ക്ക് എഐടിയുസി രൂപം കൊടുത്തെങ്കിലും അതിന്റെ ആയുസ് അധികം നീണ്ടില്ല.
∙ ഡബ്ല്യുസിസി വരുന്നു, അമ്മയിലെ കൂട്ടരാജി
ഇതിനിടെ മലയാള സിനിമ രംഗത്ത് കോളിളക്കങ്ങൾ ഉണ്ടാക്കിക്കൊണ്ടാണ് വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസി രംഗത്തെത്തുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തോടെയാണ് മലയാള സിനിമയില്‍ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനായി സമിതിയെ നിയോഗിക്കണമെന്ന ആവശ്യവുമായി ഡബ്ല്യുസിസി മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നത്. അതിനു പിന്നാലെ രൂപം കൊടുത്തതാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി. ഓഫിസോ ഭാരവാഹികളോ നിയതമായ ഘടനയോ ചട്ടങ്ങളോ ഇല്ലെങ്കിലും അമ്മ പോലുള്ള സംഘടനയെ വെല്ലുവിളിക്കാനും കൃത്യമായ നടപടികൾ ഉണ്ടാകുന്നുണ്ട് എന്ന് ഉറപ്പാക്കാനും ഈ സംഘടനയ്ക്ക് കഴിയുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ അമ്മ എക്സിക്യൂട്ടീവ് അംഗങ്ങൾ ഒന്നടങ്കം രാജി വച്ചതും മലയാള സിനിമ സംഘടനാചരിത്രത്തിലെ അപൂർവം സംഭവമാണ്. അഡ്ഹോക് കമ്മിറ്റിയാണ് ഇപ്പോൾ നിലവിലുള്ളത്. ഇതിനിടെ അമ്മയിലെ 20ഓളം അംഗങ്ങൾ ട്രേഡ് യൂണിയൻ സ്വഭാവത്തിലുള്ള സംഘടന രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്കയെ സമീപിച്ചിരുന്നു എന്ന വെളിപ്പെടുത്തലുമുണ്ടായി. അമ്മയില്‍ ഒരു പിളർപ്പ് എന്ന കാര്യവും വലിയ തോതിൽ ചർച്ചയില്‍ വന്ന കാര്യമാണ്.
∙ പുതിയ സംഘടനയുമായി ആഷിഖ് അബുവും കൂട്ടരും
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ ബി.ഉണ്ണികൃഷ്ണനെതിരെ വിനയനും സംവിധായകൻ ആഷിഖ് അബുവും രംഗത്തെത്തിയിരുന്നു. ഫെഫ്കയ്ക്ക് സമാന്തരമായി പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ രൂപീകരിക്കാനുള്ള ആലോചനയാണ് പിന്നീടുണ്ടായത്. ആഷിഖ് അബു, അഞ്ജലി മേനോൻ, രാജീവ് രവി, റിമ കല്ലിങ്കൽ, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരായിരിക്കും ഇതിന് ചുക്കാൻ പിടിക്കുക എന്നായിരുന്നു പുറത്തുവന്ന വിവരങ്ങൾ. എന്നാൽ കൂട്ടായ്മയെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും താൻ ഇത്തരമൊരു സംഘടനയിൽ അംഗമല്ല എന്ന് ലിജോ ജോസ് പെല്ലിശ്ശേരി ഇതിനിടെ വെളിപ്പെടുത്തി.
22 യൂണിയനുകളും 8000ത്തോളം അംഗങ്ങളുമുള്ള ട്രേഡ് യൂണിയനാണ് ഇന്ന് ഫെഫ്ക. കഴിഞ്ഞ 16 വർഷമായി മലയാള സിനിമയിൽ നിർണായക മാറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സംഘടന. ഫെഫ്കയിൽ നിന്ന് പുതിയ സംഘടനയിലേക്ക് ഒഴുക്കുണ്ടാകുമോ? എന്തായിരിക്കും മലയാള സിനിമ സംഘടനാ ചരിത്രത്തിലെ അടുത്ത നിർണായക മാറ്റം എന്നത് പ്രസക്തമായിരിക്കും.