‘നെഗറ്റീവ് റോളുകള്‍ ഞാൻ ചെയ്യില്ല, അതിനൊരു കാരണമുണ്ട്...’; താൻ പോലുമറിയാതെ സിനിമയിൽ ‘അഭിനയിച്ച’ കവിയൂർ പൊന്നമ്മ
അമ്മ എന്ന പദത്തിന്റെ ആഴവും വ്യാപ്തിയും അർഥതലങ്ങളും അറിയാത്ത ആരുമുണ്ടാവില്ല. പെറ്റമ്മയോളം വലുതല്ല മറ്റൊന്നുമെന്നിരിക്കിലും അമ്മ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ആദ്യം വരുന്ന മുഖം കവിയൂര്‍ പൊന്നമ്മയുടേതാവും എന്ന് പറഞ്ഞാലും അതിശയോക്തിയില്ല. കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി നിറവാര്‍ന്ന അനവധി അമ്മ വേഷങ്ങളിലുടെ അവര്‍ മലയാളി മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നു. സ്‌നേഹവും വാത്സല്യവും കനിവും കരുതലും എല്ലാം നിറഞ്ഞ എത്രയെത്ര ഭാവാന്തരങ്ങള്‍. എണ്ണൂറിലധികം സിനിമകളിലായി വ്യാപിച്ചു കിടക്കുന്ന ഹൃദയമുദ്രകള്‍... മറക്കാനാവുമോ ഈ പൊന്നമ്മയെ... ഏത് പ്രതിസന്ധിഘട്ടത്തിലും ഒരു ആശ്വാസത്തണലായി എവിടെയോ ഒരിടത്ത് അവര്‍ ഉണ്ടെന്ന സമാധാനം നമ്മെ നയിച്ചിരുന്നു ഇതുവരെ. ഇനി ആ മുഖവും ശബ്ദവും ഭാവങ്ങളും സിനിമാ ഫ്രെയിമുകളില്‍ മാത്രം. മാതൃത്വത്തോളം ആഴവും ബാഹുല്യവുമുളള ആ ചുവന്ന സിന്ദൂരം പോലും നമുക്ക് വേദനയേറ്റുന്നു. കവിയൂര്‍ പൊന്നമ്മ കേവലം ഒരു അഭിനേത്രി എന്നതിനപ്പുറം വൈകാരികമായ എന്തെല്ലാമോ ആയിരുന്നു. മാതൃഭാവത്തിന്റെ പുര്‍ണതയായി നാം കൊണ്ടാടിയ ആ ആത്മസ്പന്ദനം മരണംകൊണ്ട് മായ്ക്കാന്‍ കഴിയുന്നതിനപ്പുറമാണ്. എന്നിരിക്കിലും മരണം...
അമ്മ എന്ന പദത്തിന്റെ ആഴവും വ്യാപ്തിയും അർഥതലങ്ങളും അറിയാത്ത ആരുമുണ്ടാവില്ല. പെറ്റമ്മയോളം വലുതല്ല മറ്റൊന്നുമെന്നിരിക്കിലും അമ്മ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ആദ്യം വരുന്ന മുഖം കവിയൂര്‍ പൊന്നമ്മയുടേതാവും എന്ന് പറഞ്ഞാലും അതിശയോക്തിയില്ല. കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി നിറവാര്‍ന്ന അനവധി അമ്മ വേഷങ്ങളിലുടെ അവര്‍ മലയാളി മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നു. സ്‌നേഹവും വാത്സല്യവും കനിവും കരുതലും എല്ലാം നിറഞ്ഞ എത്രയെത്ര ഭാവാന്തരങ്ങള്‍. എണ്ണൂറിലധികം സിനിമകളിലായി വ്യാപിച്ചു കിടക്കുന്ന ഹൃദയമുദ്രകള്‍... മറക്കാനാവുമോ ഈ പൊന്നമ്മയെ... ഏത് പ്രതിസന്ധിഘട്ടത്തിലും ഒരു ആശ്വാസത്തണലായി എവിടെയോ ഒരിടത്ത് അവര്‍ ഉണ്ടെന്ന സമാധാനം നമ്മെ നയിച്ചിരുന്നു ഇതുവരെ. ഇനി ആ മുഖവും ശബ്ദവും ഭാവങ്ങളും സിനിമാ ഫ്രെയിമുകളില്‍ മാത്രം. മാതൃത്വത്തോളം ആഴവും ബാഹുല്യവുമുളള ആ ചുവന്ന സിന്ദൂരം പോലും നമുക്ക് വേദനയേറ്റുന്നു. കവിയൂര്‍ പൊന്നമ്മ കേവലം ഒരു അഭിനേത്രി എന്നതിനപ്പുറം വൈകാരികമായ എന്തെല്ലാമോ ആയിരുന്നു. മാതൃഭാവത്തിന്റെ പുര്‍ണതയായി നാം കൊണ്ടാടിയ ആ ആത്മസ്പന്ദനം മരണംകൊണ്ട് മായ്ക്കാന്‍ കഴിയുന്നതിനപ്പുറമാണ്. എന്നിരിക്കിലും മരണം...
അമ്മ എന്ന പദത്തിന്റെ ആഴവും വ്യാപ്തിയും അർഥതലങ്ങളും അറിയാത്ത ആരുമുണ്ടാവില്ല. പെറ്റമ്മയോളം വലുതല്ല മറ്റൊന്നുമെന്നിരിക്കിലും അമ്മ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ആദ്യം വരുന്ന മുഖം കവിയൂര്‍ പൊന്നമ്മയുടേതാവും എന്ന് പറഞ്ഞാലും അതിശയോക്തിയില്ല. കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി നിറവാര്‍ന്ന അനവധി അമ്മ വേഷങ്ങളിലുടെ അവര്‍ മലയാളി മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നു. സ്‌നേഹവും വാത്സല്യവും കനിവും കരുതലും എല്ലാം നിറഞ്ഞ എത്രയെത്ര ഭാവാന്തരങ്ങള്‍. എണ്ണൂറിലധികം സിനിമകളിലായി വ്യാപിച്ചു കിടക്കുന്ന ഹൃദയമുദ്രകള്‍... മറക്കാനാവുമോ ഈ പൊന്നമ്മയെ... ഏത് പ്രതിസന്ധിഘട്ടത്തിലും ഒരു ആശ്വാസത്തണലായി എവിടെയോ ഒരിടത്ത് അവര്‍ ഉണ്ടെന്ന സമാധാനം നമ്മെ നയിച്ചിരുന്നു ഇതുവരെ. ഇനി ആ മുഖവും ശബ്ദവും ഭാവങ്ങളും സിനിമാ ഫ്രെയിമുകളില്‍ മാത്രം. മാതൃത്വത്തോളം ആഴവും ബാഹുല്യവുമുളള ആ ചുവന്ന സിന്ദൂരം പോലും നമുക്ക് വേദനയേറ്റുന്നു. കവിയൂര്‍ പൊന്നമ്മ കേവലം ഒരു അഭിനേത്രി എന്നതിനപ്പുറം വൈകാരികമായ എന്തെല്ലാമോ ആയിരുന്നു. മാതൃഭാവത്തിന്റെ പുര്‍ണതയായി നാം കൊണ്ടാടിയ ആ ആത്മസ്പന്ദനം മരണംകൊണ്ട് മായ്ക്കാന്‍ കഴിയുന്നതിനപ്പുറമാണ്. എന്നിരിക്കിലും മരണം...
അമ്മ എന്ന പദത്തിന്റെ ആഴവും വ്യാപ്തിയും അർഥതലങ്ങളും അറിയാത്ത ആരുമുണ്ടാവില്ല. പെറ്റമ്മയോളം വലുതല്ല മറ്റൊന്നുമെന്നിരിക്കിലും അമ്മ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ആദ്യം വരുന്ന മുഖം കവിയൂര്‍ പൊന്നമ്മയുടേതാവും എന്ന് പറഞ്ഞാലും അതിശയോക്തിയില്ല. കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി നിറവാര്‍ന്ന അനവധി അമ്മ വേഷങ്ങളിലുടെ അവര്‍ മലയാളി മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നു. സ്‌നേഹവും വാത്സല്യവും കനിവും കരുതലും എല്ലാം നിറഞ്ഞ എത്രയെത്ര ഭാവാന്തരങ്ങള്‍. എണ്ണൂറിലധികം സിനിമകളിലായി വ്യാപിച്ചു കിടക്കുന്ന ഹൃദയമുദ്രകള്‍... മറക്കാനാവുമോ ഈ പൊന്നമ്മയെ... ഏത് പ്രതിസന്ധിഘട്ടത്തിലും ഒരു ആശ്വാസത്തണലായി എവിടെയോ ഒരിടത്ത് അവര്‍ ഉണ്ടെന്ന സമാധാനം നമ്മെ നയിച്ചിരുന്നു ഇതുവരെ. ഇനി ആ മുഖവും ശബ്ദവും ഭാവങ്ങളും സിനിമാ ഫ്രെയിമുകളില്‍ മാത്രം.
മാതൃത്വത്തോളം ആഴവും ബാഹുല്യവുമുളള ആ ചുവന്ന സിന്ദൂരം പോലും നമുക്ക് വേദനയേറ്റുന്നു. കവിയൂര്‍ പൊന്നമ്മ കേവലം ഒരു അഭിനേത്രി എന്നതിനപ്പുറം വൈകാരികമായ എന്തെല്ലാമോ ആയിരുന്നു. മാതൃഭാവത്തിന്റെ പുര്‍ണതയായി നാം കൊണ്ടാടിയ ആ ആത്മസ്പന്ദനം മരണംകൊണ്ട് മായ്ക്കാന്‍ കഴിയുന്നതിനപ്പുറമാണ്. എന്നിരിക്കിലും മരണം എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാതിരിക്കാനാവില്ലല്ലോ? പൊന്നമ്മയുടെ ജീവിത വഴികളില്‍ പക്ഷേ പുറമേ നിന്ന് കാണും പോലെ പൊന്നും പൂവും മാത്രമല്ല ഉണ്ടായിരുന്നത്. കല്ലും മുളളും പ്രതിബന്ധങ്ങളും കണ്ണീരും വേദനയും എല്ലാം ഇടകലര്‍ന്ന ജീവിതവഴികള്‍ താണ്ടിയാണ് അവര്‍ 80 വയസ്സിന്റെ നിറവിലെത്തിയത്. ആരോഗ്യം അനുവദിച്ച കാലം വരെ അവര്‍ സിനിമയില്‍ സജീവമായിരുന്നു. പലപ്പോഴും അവര്‍ പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്. ‘‘പ്രായം എത്രയായി എന്നതല്ല. മനസ്സ് ഇപ്പോഴൂം ചെറുപ്പമാണ്. മനസ്സിന് പ്രായമായാല്‍ പോയില്ലേ?’’. അതായിരുന്നു അവരുടെ ജീവിതദര്‍ശനം.
∙ നാടകം പിന്നിട്ട് സിനിമ
കെപിഎസിയുടെ നാടകങ്ങളിലുടെയാണ് അവര്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ഗുരുവായ തോപ്പില്‍ ഭാസിയുടെ ശിക്ഷണം അവരിലെ അഭിനേത്രിയെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു. ‘മൂലധനം’ പോലെ വലിയ സാമുഹ്യ മാറ്റങ്ങള്‍ക്ക് കാരണമായ നിരവധി നാടകങ്ങളില്‍ അവര്‍ അക്കാലത്ത് അഭിനയിച്ചിരുന്നു. പിന്നീട് ‘ശ്രീരാമപട്ടാഭിഷേകം’ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷത്തിലേക്ക് അവസരം വന്നു. കൊട്ടാരക്കര ശ്രീധരന്‍ നായര്‍ അവതരിപ്പിച്ച രാവണന്റെ സഹോദരിയായ മണ്ഡോദരി. അത് ചിത്രീകരിച്ച രീതിയാണ് രസം. ഓഡിഷന് എന്ന ഭാവേന പൊന്നമ്മയെ വിളിച്ചുവരുത്തി.
‘മേക്കപ്പിട്ട് ഇങ്ങോട്ട് നടന്നു വരൂ, പൊന്നമ്മയെ ഒന്ന് കാണട്ടെ’യെന്ന് മെരിലാന്റ് സ്റ്റുഡിയോ ഉടമ സുബ്രഹ്‌മണ്യം മുതലാളി പറഞ്ഞു. അവര്‍ രഹസ്യമായി അത് ഷൂട്ട് ചെയ്യുന്നതറിയാതെ പൊന്നമ്മ ഗംഭീരമായി നടന്നു വന്നു. അങ്ങനെ കവിയുര്‍ പൊന്നമ്മയുടെ മുഖം ആദ്യമായി മൂവി ക്യാമറയില്‍ പതിഞ്ഞു.
അപ്പോഴും സിനിമയെ അത്ര ഗൗരവമായി കണ്ടിരുന്നില്ല. ആ ലോകത്തെക്കുറിച്ച് അറിയില്ല എന്നായിരുന്നു അവര്‍ പറയുന്നത്. കുടുംബിനി എന്ന ചിത്രത്തില്‍ സംഗീതം നിര്‍വഹിച്ചത് പൊന്നമ്മയുടെ ഗുരുനാഥനായ എല്‍.പി.ആര്‍ വര്‍മയായിരുന്നു. അദ്ദേഹം അച്ഛനെ വിളിച്ച് പൊന്നമ്മയ്ക്ക് നല്ലൊരു വേഷം വന്നിട്ടുണ്ടെന്നും അത് നഷ്ടപ്പെടുത്തുന്നത് ബുദ്ധിയല്ലെന്നും സൂചിപ്പിക്കുന്നു. ടൈറ്റില്‍ റോളായിരുന്നു ആ ചിത്രത്തില്‍. ഏതായാലും കുടുംബിനി ഹിറ്റായതോടെ പൊന്നമ്മയുടെ ജീവിതം മാറി.
∙ അന്നും ഇന്നും എന്നും അമ്മ
നസീറിന്റെ ഭാര്യയായും കാമുകിയായും അഭിനയിച്ച് തുടങ്ങിയ അവര്‍ പിന്നീട് നിരവധി സിനിമകളില്‍ അദ്ദേഹത്തിന്റെ അമ്മയായി. എണ്ണം കണക്കാക്കിയാല്‍ പ്രേംനസീറിനേക്കാള്‍ അധികം സിനിമകളില്‍ അഭിനയിച്ചത് പൊന്നമ്മയാണ്. എണ്ണൂറിലധികം സിനിമകളില്‍ മലയാളികള്‍ കവിയൂര്‍ പൊന്നമ്മയുടെ മുഖം കണ്ടു. നടന്‍ മധു ഇരട്ടവേഷത്തില്‍ അഭിനയിച്ച ഒരു സിനിമയില്‍ അദ്ദേഹത്തിന്റെ ഭാര്യയായും അമ്മയായും അഭിനയിച്ചിട്ടുണ്ട് പൊന്നമ്മ. അചിന്ത്യമായിരുന്നു ആ നേട്ടം. ഒന്നും അവര്‍ പുറമേ ഭാവിച്ചില്ല. മാതൃത്വം വഴിയുന്ന പ്രശാന്തസുന്ദരമായ ഒരു ചിരി കൊണ്ട് നേട്ടങ്ങളെയും കോട്ടങ്ങളെയും അവര്‍ മായ്ച്ചു.
പുറമേ ചിരിക്കുമ്പോഴും ക്യാമറയ്ക്ക് മുന്നിലും പിന്നിലും സ്‌നേഹത്തണലുകള്‍ ഒരുക്കുമ്പോഴും അവര്‍ അകമേ കരഞ്ഞിട്ടുണ്ട്. ഒന്നല്ല രണ്ടല്ല ദശാബ്ദങ്ങളോളം. പക്ഷേ അവര്‍ ആരോടും പരാതി പറഞ്ഞില്ല. ആരെയും കുറ്റപ്പെടുത്തിയതുമില്ല. ഓരോ മനുഷ്യനും ഒരു വിധിയുണ്ട്. നല്ലതായാലും ചീത്തയായാലും അതിലൂടെ നിസ്സംഗം കടന്നു പോവുക എന്നതായിരുന്നു പൊന്നമ്മയുടെ ജീവിതദര്‍ശനം. ഇരുപത്തിയൊന്നാം വയസ്സില്‍ തലയില്‍ നരയിട്ട് അഭിനയിച്ച പൊന്നമ്മ അന്ന് സ്വന്തം പിതാവിനേക്കാള്‍ പ്രായമുളള സത്യന്റെ അമ്മയായിട്ടായിരുന്നു അഭിനയിച്ചത്. ഒരേ വര്‍ഷം തന്നെ അവര്‍ അദ്ദേഹത്തിന്റെ അമ്മയായും ഭാര്യയായും അഭിനയിച്ചു.
ഇരുപത്തിയൊന്നാം വയസ്സില്‍ സത്യന്റെ അമ്മയായി ‘തൊമ്മന്റെ മക്കള്‍’ എന്ന പടം (1965). അതേ സംവിധായകന്‍ തന്നെ (ശശികുമാര്‍) 19 വര്‍ഷങ്ങള്‍ക്ക് ശേഷം ‘സ്വന്തമെവിടെ ബന്ധമെവിടെ (1984)’ എന്ന പേരില്‍ റീമേക്ക് ചെയ്തപ്പോള്‍ ആ പടത്തിലും പഴയ സിനിമയിലെ അതേ അമ്മവേഷം ചെയ്തത് പൊന്നമ്മയായിരുന്നു. അന്ന് മകന്‍ മാറി സത്യന് പകരം മോഹന്‍ലാല്‍ വന്നു. പക്ഷേ ഇങ്ങനെയൊരു ചരിത്രനേട്ടം ലോകസിനിമയില്‍ പോലും ആര്‍ക്കും ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത.
പല തലമുറകളൂടെ അമ്മയായ അവര്‍ അതില്‍ തന്നെ വേറിട്ട ചരിത്രങ്ങള്‍ രചിച്ചു. ‘പെരിയാറി’ല്‍ തിലകന്റെ അമ്മയായ പൊന്നമ്മ പിന്നീട് നിരവധി സിനിമകളില്‍ അദ്ദേഹത്തിന്റെ ഭാര്യയായി. അതില്‍ കിരീടത്തിലെ ഭാര്യാഭര്‍ത്താക്കന്‍മാര്‍ അഭിനയം ജീവിതത്തിന് മേലെയാണെന്ന് കാണിച്ചു തന്ന ഇഴയടുപ്പമുളള ബന്ധത്തിന്റെ മാതൃകയായിരുന്നു. അന്‍പതാം വയസ്സില്‍ പോലും ഒരു കുട്ടിയുടെ അമ്മയായി അഭിനയിക്കാന്‍ വിമുഖതയുളള അഭിനേതാക്കള്‍ക്കിടയിലാണ് നാം ജീവിക്കുന്നത്. അവിടെയാണ് പൊന്നമ്മ വേറിട്ട് നില്‍ക്കുന്നത്. 21-ാം വയസ്സില്‍ അമ്മ വേഷം ചെയ്യാന്‍ വിഷമമുണ്ടോ, എങ്കില്‍ മറ്റാരെയെങ്കിലും നോക്കാം എന്ന് ചോദിച്ച സംവിധായകനോട് അവര്‍ പറഞ്ഞു.
‘‘ഏയ്..ഇല്ല അതൊരു അംഗീകാരമായിട്ടാണ് എനിക്ക് തോന്നുന്നത്. എന്നിലെ നടിയില്‍ വിശ്വാസമുളളതു കൊണ്ടല്ലേ ഈ പ്രായത്തില്‍ അങ്ങനെയൊരു റോള്‍ ഏല്‍പ്പിച്ചത്’’. നെഗറ്റീവ് റോളുകള്‍ കിട്ടിയാല്‍ പോലും വേണ്ടെന്ന് വച്ച സാഹചര്യത്തെ അവര്‍ വിലയിരുത്തിയത് ഇങ്ങനെയാണ്. ‘‘ആര്‍ക്കും എന്നോട് ഒരു വെറുപ്പില്ല. ഞാന്‍ സ്റ്റീരിയോ ടൈപ്പ് വേഷങ്ങള്‍ ചെയ്യുന്നു. എല്ലാ സിനിമയിലും കണ്ണീരും കയ്യുമായി നടക്കുന്ന സ്‌നേഹമയിയായ അമ്മയാണ്. ഇത് തന്നെ ചെയ്തുകൊണ്ടിരുന്നാല്‍ ബോറടിക്കില്ലേ എന്നൊക്കെ പലരും ചോദിച്ചു. അപ്പോഴൊക്കെ ഞാന്‍ പറഞ്ഞു. ഇല്ല. ഇതാണ് എന്റെ കംഫര്‍ട്ടബ്ള്‍ സോണ്‍. എനിക്ക് മലയാളികളുടെ സ്‌നേഹം വേണം. അവര്‍ വെറുക്കുന്ന ഒരു റോള്‍-അത് അഭിനയമാണെങ്കില്‍ കൂടി ചെയ്യാന്‍ എനിക്ക് താൽപര്യമില്ല’.
നായികയായി തുടങ്ങി, അങ്ങനെത്തന്നെ നിലനില്‍ക്കേണ്ട പ്രായത്തില്‍ അമ്മയാവുകയും പിന്നീട് നായികാപദത്തിലേക്ക് തിരിച്ചു പോകാന്‍ സാധിക്കാതിരിക്കുകയും ചെയ്തതിനെക്കുറിച്ച് അവര്‍ ഒരിക്കലും പരിതപിച്ചില്ല.
പകരം അതിലെ പോസിറ്റീവ് വശങ്ങള്‍ ചൂണ്ടി കാണിക്കുകയാണുണ്ടായത്. ‘‘നായികയാവാതെ അമ്മയായതു കൊണ്ടാണ് എനിക്ക് ഇന്നും ഈ മേഖലയില്‍ നില്‍ക്കാന്‍ സാധിക്കുന്നത്. എത്ര വലിയ നായികയ്ക്കും ഒരു പ്രത്യേക കാലയളവിനപ്പുറം നില്‍ക്കാന്‍ സാധിക്കില്ല. പിന്നീട് അവര്‍ക്ക് അമ്മയാവേണ്ടി വരും. അപ്പോള്‍ പിന്നെ ആദ്യം തന്നെ അമ്മയാവുന്നതല്ലേ ബുദ്ധി’’. ഈ പ്രായോഗികത ജീവിതത്തിലുടനീളം അവര്‍ സൂക്ഷിച്ചിരുന്നു.
∙ ഗായികയാകാന്‍ മോഹിച്ച പൊന്നമ്മ
എം.എസ്. സുബ്ബലക്ഷ്മിയുടെ വലിയ ആരാധികയായിരുന്നു കുഞ്ഞുന്നാള്‍ മുതല്‍ പൊന്നമ്മ. അവരുടെ കച്ചേരി എവിടെയുണ്ടെങ്കിലും പൊന്നമ്മയെ പിതാവ് അവിടെ കൊണ്ടുപോകും. അന്നും ഇന്നും സംഗീതമായിരുന്നു പൊന്നമ്മയുടെ ജീവന്‍. വിവിധ സംഗീതജ്ഞര്‍ക്ക് കീഴിലായി 12 വര്‍ഷത്തോളം അവര്‍ സംഗീതം അഭ്യസിച്ചു. എല്‍.പി.ആര്‍. വര്‍മ മുതല്‍ വെച്ചുര്‍ എസ്.ഹരിഹരസുബ്രഹ്‌മണ്യം വരെയുളളവരുടെ കീഴില്‍ സംഗീത പഠനം നടത്തി.
പതിനൊന്നാം വയസ്സില്‍ അരങ്ങേറ്റം. പതിനാലാം വയസ്സില്‍, അന്ന് ഏറെ പ്രസിദ്ധമായിരുന്ന പ്രതിഭ ആര്‍ട്സിന്റെ നാടകങ്ങളില്‍ പാടിക്കൊണ്ടാണ് കലാജീവിതം ആരംഭിക്കുന്നത്. പിന്നീട് യാദൃച്ഛികമായി അഭിനയത്തിലേക്ക് വഴിതിരിഞ്ഞ അവര്‍ക്ക് പാടാന്‍ അവസരം ലഭിച്ചില്ല. നാടകങ്ങളിലും സിനിമയിലും അഭിനയം തന്നെയായി പൊന്നമ്മയുടെ തട്ടകം. ചില സ്‌റ്റേജ് ഷോകളിലും റിയാലിറ്റി ഷോയിലും പാട്ട് പാടി അവര്‍ ആഗ്രഹനിവൃത്തി വരുത്തി. 1972ല്‍ തീർഥയാത്ര എന്ന സിനിമയിലെ ‘അംബേ ജഗദംബേ’ എന്ന ഗാനം ആലപിച്ചുകൊണ്ട്, ഗായികയാവുക എന്ന സ്വപ്നവും അവര്‍ സാക്ഷാത്കരിച്ചു.
പൊന്നമ്മ സ്വന്തമായി നിര്‍മിച്ച ഏകചിത്രമായ മേഘതീര്‍ഥം പറയുന്നത് ജീവിതം നഷ്ടപ്പെട്ടു പോയ ഒരു ഗായിക അത് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതാണ്. പൊന്നമ്മയുടെ ആത്മകഥാപരമാണോ ഇതിവൃത്തം എന്ന് തോന്നിപ്പിക്കും വിധം ഒരു ഇതിവൃത്തം. എന്നാല്‍ പൊന്നമ്മ ഇതിനോട് യോജിക്കുന്നില്ല. സംഗീതത്തോടുളള ഇഷ്ടം കൊണ്ട് മാത്രമാണ് അത്തരമൊരു പ്രമേയം തിരഞ്ഞെടുത്തതെന്നാണ് അവരുടെ ഭാഷ്യം. സിനിമ വരുത്തിവച്ച സാമ്പത്തിക ബാധ്യതകളെക്കുറിച്ച് പോലും അവര്‍ തീരെ ആകുലപ്പെട്ട് കണ്ടില്ല. നഷ്ടത്തെക്കുറിച്ച് പോലും പൊന്നമ്മ പറയുന്നത് ഹൃദയം നിറഞ്ഞ ചിരിയോടെയാണ്. ‘‘അങ്ങനെ പലതും നഷ്ടപ്പെടും. അതിനെക്കുറിച്ചൊക്കെ ആലോചിച്ചു കൊണ്ടിരുന്നിട്ട് കാര്യമുണ്ടോ?’’. ഈ നിര്‍മമതയാവാം അവരുടെ ദീര്‍ഘായുസ്സിന്റെ രഹസ്യം. സിനിമയില്‍ കണ്ണീരണിഞ്ഞ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന പൊന്നമ്മയ്ക്ക് വ്യക്തിജീവിതത്തില്‍ എത്ര സങ്കീര്‍ണമായ പ്രശ്‌നങ്ങളെയും ഒരു നിറചിരിയോടെ നേരിടാന്‍ കഴിഞ്ഞിരുന്നു.
∙ അകന്നു പോയ ദാമ്പത്യം
പൊന്നമ്മ ആദ്യമായി നായികയായ റോസി എന്ന ചിത്രത്തിന്റെ നിര്‍മാതാവായ മണിസ്വാമിയെയാണ് അവര്‍ വിവാഹം കഴിച്ചത്. ആ ബന്ധത്തില്‍ ബിന്ദു എന്നൊരു മകളും ജനിച്ചു. എന്നാല്‍ കാലാന്തരത്തില്‍ പരസ്പരം അകന്നു പോകുന്ന ദമ്പതികളെ കണ്ട് പലരും അമ്പരന്നു. ആ ദുഃഖവും ഒരു ചിരികൊണ്ട് മറച്ചു പൊന്നമ്മ. അപശ്രുതി വീണ ദാമ്പത്യത്തെക്കുറിച്ച് അവര്‍ പൊതുവേദിയില്‍ പറഞ്ഞതിങ്ങനെ: ‘‘അദ്ദേഹത്തിന്റെ സഹോദരിയുടെ മകനാണ് എന്റെ മകളെ വിവാഹം കഴിച്ചിരിക്കുന്നത്. എന്റെ സഹോദരന്റെ രണ്ടാമത്തെ മകളെ വിവാഹം ചെയ്തിരിക്കുന്നതും അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നാണ്. അങ്ങനെ കുടുംബങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നവുമില്ല. പരിഹരിക്കാന്‍ കഴിയാത്ത അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം ഞങ്ങള്‍ക്ക് പിരിഞ്ഞു താമസിക്കേണ്ടി വന്നുവെന്ന് മാത്രം.
എനിക്ക് പുറംലോകവുമായി അധികം ബന്ധമില്ലാതിരുന്ന കാലത്താണ് മണിസ്വാമി നിർമിച്ച ‘റോസി’ല്‍ അഭിനയിക്കുന്നതും എന്നെ കണ്ട് ഇഷ്ടപ്പെട്ട അദ്ദേഹം വിവാഹാഭ്യർഥന നടത്തിയതും. തെറ്റില്ലാത്ത ഒരു ബന്ധമായിരിക്കുമെന്ന് കരുതി ഞാന്‍ സമ്മതം മൂളി. പക്ഷേ ഞാന്‍ മനസ്സില്‍ കണ്ട ജീവിതമായിരുന്നില്ല പിന്നീട് എനിക്ക് ലഭിച്ചത്’’. അയഞ്ഞ കണ്ണികള്‍ പരസ്പരം കൂട്ടിച്ചേര്‍ക്കാന്‍ പിന്നീടൊരിക്കലും അവര്‍ ശ്രമിച്ചിട്ടില്ല. അതിനുളള താൽപര്യം ഉണ്ടായില്ല എന്നാണ് പൊന്നമ്മ അതിനെ വിലയിരുത്തിയത്. മകള്‍ക്ക് വേണ്ടി പോലും ഭര്‍ത്താവുമായി ഒരു പുനസമാഗമം എന്ന പ്രശ്‌നം വന്നില്ല. മകളും അത്തരമൊരു കൂടിച്ചേരല്‍ ആഗ്രഹിച്ചിരുന്നില്ല എന്നും അവര്‍ പറഞ്ഞു. വയസ്സുകാലത്ത് വീണ്ടും എന്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കണം എന്ന നിലപാടായിരുന്നു മകള്‍ക്കെന്നും അവര്‍ സൂചിപ്പിച്ചു.
∙ ജീവിതത്തില്‍ അഭിനയമില്ല
പരസ്പരം യോജിക്കാന്‍ കഴിയാത്ത ബന്ധങ്ങള്‍ മറ്റുളളവരെ ബോധ്യപ്പെടുത്താനായി കൊണ്ടു നടക്കേണ്ടതില്ലെന്നും അഭിനയം സിനിമയില്‍ പോരേ എന്നുമാണ് ഒരു അഭിമുഖത്തില്‍ അവര്‍ തുറന്നടിച്ചത്. സൗമ്യപ്രകൃതവും നിറഞ്ഞ ചിരിയും കൂടെക്കൊണ്ടു നടക്കുമ്പോഴും പറയാനുളള കാര്യങ്ങള്‍ എന്ത് തന്നെയായാലും മറ്റുളളവരുടെ മുഖത്ത് നോക്കി അവരെ വേദനിപ്പിക്കാതെ തുറന്ന് പറയാനുളള ചാതുര്യവും പൊന്നമ്മയ്ക്ക് വശമുണ്ടായിരുന്നു. നടിയെന്ന് പറഞ്ഞ് ദന്തഗോപുരത്തില്‍ ഒതുങ്ങിക്കൂടുന്ന പ്രകൃതമായിരുന്നില്ല അവരുടേത്. ആലുവയിലെ ജനസേവാശിശുഭവന്‍ അടക്കമുളള പല സന്നദ്ധസംഘടനകളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.
വീട്ടില്‍ ജോലിക്കാര്‍ ഏറെയുണ്ടെങ്കിലും അവര്‍ക്കൊപ്പം അവരിലൊരാളായി നിന്ന് എല്ലാ ജോലികളും ചെയ്യും. ഒരു മിനിറ്റ് വെറുതെ കളയാത്ത വ്യക്തിയായിരുന്നു അവര്‍. വളരെ സ്വകാര്യമായ കാര്യങ്ങള്‍ പോലും അകളങ്കമായി തുറന്ന് പറയാന്‍ അവര്‍ മടിച്ചിരുന്നില്ല. ‘‘നാടകത്തില്‍ അഭിനയിക്കുന്ന കാലത്ത് എനിക്കൊരു പ്രണയമുണ്ടായിരുന്നു. പക്ഷേ അദ്ദേഹം മറ്റൊരു മതത്തില്‍ പെട്ട ആളായതുകൊണ്ട് അത് വിവാഹത്തിലെത്തിയില്ല. ഞാന്‍ വ്യക്തിപരമായി ജാതിമതങ്ങളില്‍ വിശ്വസിക്കുന്നയാളല്ല. പക്ഷേ അനുജത്തിമാര്‍ക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യുകയായിരുന്നു. ഇന്നാണെങ്കില്‍ ഞാനത് ധൈര്യപൂര്‍വം ചെയ്യുമായിരുന്നു. പക്ഷേ അന്ന് അത്ര ധൈര്യമുണ്ടായില്ല’’.
സിനിമയ്ക്കപ്പുറം താന്‍ കണ്ട ഏറ്റവും നല്ല അമ്മ ആരെന്ന ചോദ്യത്തിന് മറ്റ് പലരേയും പോലെ ‘ഞാന്‍ തന്നെ’ എന്നല്ല അവര്‍ പറഞ്ഞത്, പകരം കുടുംബിനി മുതല്‍ തനിക്ക് പരിചയമുളള ആറന്മുള പൊന്നമ്മയുടെ പേരായിരുന്നു. അത്രയും സ്‌നേഹവും ബഹുമാനവും തോന്നിയിട്ടുളള ഒരമ്മ വേറെയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നായികയാകാനുളള പ്രായം മുതല്‍ സമീപകാലം വരെ അമ്മവേഷങ്ങളില്‍ മാത്രം തുടര്‍ച്ചയായി അഭിനയിക്കേണ്ടി വന്നത് ഒരു ബാധ്യതയായല്ല ബഹുമതിയായി കാണുന്നു എന്ന പരസ്യസാക്ഷ്യത്തില്‍ തന്നെ കവിയൂര്‍ പൊന്നമ്മ എന്ന വ്യക്തിയുടെ ഉറച്ച നിലപാടിന്റെ തിളക്കമുണ്ട്. ഈ സത്യസന്ധതയും പ്രതിബദ്ധതയും കൊണ്ടാവാം മലയാളികള്‍ അവരെ ‘പൊന്ന്’ അമ്മയാക്കി മനസ്സില്‍ പ്രതിഷ്ഠിച്ചത്.