കളിക്കളത്തിലും ജീവിതത്തിലും പോരാട്ടം; ഇന്ത്യൻ ടെന്നിസിലെ ‘ഡ്രീം ബോയ്’ ലിയാൻഡർ പേസിന് 50
രാമനാഥൻ കൃഷ്‌ണനും രമേശ് കൃഷ്‌ണനും അമൃത്‌രാജ് സഹോദരന്മാർക്കും ശേഷം ടെന്നിസ് ഇന്ത്യയുടെ ജൈത്രയാത്രയ്‌ക്ക് ചുക്കാൻ പിടിച്ച ലിയാൻഡർ അഡ്രിയൻ പേസിന് നാളെ 50 വയസ്സിന്റെ തിളക്കം. മൂന്നു പതിറ്റാണ്ടു നീണ്ട കരിയറിലൂടെ ഇന്ത്യൻ ടെന്നിസിലെ നിത്യഹരിതനായകനായി വളർന്ന കഥയാണ് പേസിന്റേത്. കുതിപ്പും കിതപ്പും കണ്ട ജീവിതമായിരുന്നു അത്. കളിക്കളത്തിൽ എതിരാളികളോടായിരുന്നു പോരാട്ടമെങ്കിൽ ജീവിതത്തിൽ രോഗങ്ങളെ അതിജീവിച്ചത് പലകുറി. കളിക്കളത്തിൽ നിറഞ്ഞുനിൽക്കുമ്പോഴെല്ലാം ഇന്ത്യൻ ദേശീയതയുടെ പ്രതീകമായിരുന്നു പേസ്.
രാമനാഥൻ കൃഷ്‌ണനും രമേശ് കൃഷ്‌ണനും അമൃത്‌രാജ് സഹോദരന്മാർക്കും ശേഷം ടെന്നിസ് ഇന്ത്യയുടെ ജൈത്രയാത്രയ്‌ക്ക് ചുക്കാൻ പിടിച്ച ലിയാൻഡർ അഡ്രിയൻ പേസിന് നാളെ 50 വയസ്സിന്റെ തിളക്കം. മൂന്നു പതിറ്റാണ്ടു നീണ്ട കരിയറിലൂടെ ഇന്ത്യൻ ടെന്നിസിലെ നിത്യഹരിതനായകനായി വളർന്ന കഥയാണ് പേസിന്റേത്. കുതിപ്പും കിതപ്പും കണ്ട ജീവിതമായിരുന്നു അത്. കളിക്കളത്തിൽ എതിരാളികളോടായിരുന്നു പോരാട്ടമെങ്കിൽ ജീവിതത്തിൽ രോഗങ്ങളെ അതിജീവിച്ചത് പലകുറി. കളിക്കളത്തിൽ നിറഞ്ഞുനിൽക്കുമ്പോഴെല്ലാം ഇന്ത്യൻ ദേശീയതയുടെ പ്രതീകമായിരുന്നു പേസ്.
രാമനാഥൻ കൃഷ്‌ണനും രമേശ് കൃഷ്‌ണനും അമൃത്‌രാജ് സഹോദരന്മാർക്കും ശേഷം ടെന്നിസ് ഇന്ത്യയുടെ ജൈത്രയാത്രയ്‌ക്ക് ചുക്കാൻ പിടിച്ച ലിയാൻഡർ അഡ്രിയൻ പേസിന് നാളെ 50 വയസ്സിന്റെ തിളക്കം. മൂന്നു പതിറ്റാണ്ടു നീണ്ട കരിയറിലൂടെ ഇന്ത്യൻ ടെന്നിസിലെ നിത്യഹരിതനായകനായി വളർന്ന കഥയാണ് പേസിന്റേത്. കുതിപ്പും കിതപ്പും കണ്ട ജീവിതമായിരുന്നു അത്. കളിക്കളത്തിൽ എതിരാളികളോടായിരുന്നു പോരാട്ടമെങ്കിൽ ജീവിതത്തിൽ രോഗങ്ങളെ അതിജീവിച്ചത് പലകുറി. കളിക്കളത്തിൽ നിറഞ്ഞുനിൽക്കുമ്പോഴെല്ലാം ഇന്ത്യൻ ദേശീയതയുടെ പ്രതീകമായിരുന്നു പേസ്.
രാമനാഥൻ കൃഷ്‌ണനും രമേശ് കൃഷ്‌ണനും അമൃത്‌രാജ് സഹോദരന്മാർക്കും ശേഷം ടെന്നിസ് ഇന്ത്യയുടെ ജൈത്രയാത്രയ്‌ക്ക് ചുക്കാൻ പിടിച്ച ലിയാൻഡർ അഡ്രിയൻ പേസിന് ജൂൺ 17ന് 50 വയസ്സിന്റെ തിളക്കം. മൂന്നു പതിറ്റാണ്ടു നീണ്ട കരിയറിലൂടെ ഇന്ത്യൻ ടെന്നിസിലെ നിത്യഹരിതനായകനായി വളർന്ന കഥയാണ് പേസിന്റേത്.
കുതിപ്പും കിതപ്പും കണ്ട ജീവിതമായിരുന്നു അത്. കളിക്കളത്തിൽ എതിരാളികളോടായിരുന്നു പോരാട്ടമെങ്കിൽ ജീവിതത്തിൽ രോഗങ്ങളെ അതിജീവിച്ചത് പലകുറി. കളിക്കളത്തിൽ നിറഞ്ഞുനിൽക്കുമ്പോഴെല്ലാം ഇന്ത്യൻ ദേശീയതയുടെ പ്രതീകമായിരുന്നു പേസ്.
ഡബിൾസ്, മിക്സഡ് ഡബിൾസ് വിഭാഗങ്ങളിലായി 18 ഗ്രാൻസ്‍ലാം കിരീടങ്ങൾ, 54 ഡബിൾസ് കിരീടങ്ങൾ, 10 മിക്സഡ് ഡബിൾസ് കിരീടങ്ങൾ, 44 ഡേവിസ് കപ്പ് ജയങ്ങൾ, ഒരു ഒളിംപിക് മെഡൽ, വിവിധ ഏഷ്യൻ ഗെയിംസുകളിൽ നിന്നായി 5 സ്വർണം, 2 വെങ്കലം. പേസിന്റെ േനട്ടങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം. ഡബിൾസിൽ വ്യത്യസ്തരായ കൂട്ടാളികളുടെ എണ്ണം 100ൽ ഏറെ.
ഡബിൾസ് ലോക റാങ്കിങ്ങിൽ 1999 ൽ ലോക ഒന്നാം നമ്പർ. 1996–97 ൽ രാജീവ് ഗാന്ധി ഖേൽരത്നയും 2014ൽ പത്മഭൂഷണും നൽകിയാണ് രാഷ്ട്രം ആദരിച്ചത്. 2020 ൽ ടെന്നിസിനോട് വിടവാങ്ങി. തൊട്ടടുത്ത വർഷം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേർന്നു.
∙ കായിക കുടുംബം
1996 ഒളിംപിക്‌സിൽ ഇന്ത്യയ്‌ക്കായി പേസ് വെങ്കലം നേടിത്തന്നിട്ടുണ്ടെങ്കിൽ പിതാവ് ഡോ. വീസ് പേസ് 1972 ൽ വെങ്കലം നേടിയ ഇന്ത്യയുടെ ഹോക്കി ടീമിൽ അംഗമായിരുന്നു. മാതാവ് ജെന്നിഫർ പേസ് രാജ്യാന്തര ബാസ്‌ക്കറ്റ്‌ബോൾ താരം. 1980ലെ ഏഷ്യൻ ബാസ്ക്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ ഇന്ത്യയെ നയിച്ചത് ജെന്നിഫറാണ്.
ഗോവക്കാരനായ വീസ് പേസിന്റെയും കൊൽക്കത്തയിൽനിന്നുള്ള ജെന്നിഫറിന്റെയും മകനായി ലിയാൻഡർ പിറന്നത് 1973 ജൂൺ 17ന് കൊൽക്കത്തിയിലാണ്. ഒട്ടേറെ ടെന്നിസ് താരങ്ങളെ ഇന്ത്യക്ക് സംഭാവന ചെയ്‌തിട്ടുളള ചെന്നൈയിലുള്ള ബ്രിട്ടാനിയ അമൃത്‌രാജ് ടെന്നിസ് അക്കാദമിയാണ് പേസിന്റെയും കളിത്തൊട്ടിൽ. 1985ലാണ് പേസ് അവിടെ ചേരുന്നത്.
1990ൽ വിമ്പിൾഡൻ സിംഗിൾസ് ജൂനിയർ കിരീടവും 1991ൽ യുഎസ് ഓപ്പൺ ജൂനിയറും നേടിയതോടെ രാജ്യാന്തരശ്രദ്ധ നേടി. ജൂനിയർ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടുമ്പോൾ പ്രായം 17.
∙ ഡേവിസ് കപ്പിലെ ഇതിഹാസം
1990 ൽ ഡേവിസ് കപ്പിലൂടെ സീഷൻ അലിക്കൊപ്പം തുടങ്ങിയ രാജ്യാന്തര കരിയർ അവസാനിച്ചത് 2020ൽ ആണ്. രാമനാഥൻ കൃഷ്ണന്റെ സമകാലികനും മുൻ ഇന്ത്യൻ താരവുമായ നരേഷ്കുമാർ 1990 ൽ ഇന്ത്യൻ ടെന്നിസ് ടീമിന്റെ നോൺ പ്ലെയിങ് ക്യാപ്റ്റനായി ചുമതലയേറ്റു. ജപ്പാനെതിരായ ഡേവിസ് കപ്പ് മത്സരത്തിൽ 16 വയസ്സുള്ള ലിയാൻഡർ പേസിനെ കളത്തിലിറക്കിയത് നരേഷിന്റെ തീരുമാനമായിരുന്നു.
1952 മുതൽ തുടർച്ചയായി 8 വർഷം ഇന്ത്യയെ ഡേവിസ് കപ്പിൽ പ്രതിനിധീകരിച്ച നരേഷ്കുമാറാണ് പേസിന്റെ ഗുരുവും വഴികാട്ടിയുമായി മാറിയത്. അന്ന് ചണ്ഡീഗഡിൽ സീഷൻ അലി– പേസ് സഖ്യം തകർത്തത് ജപ്പാന്റെ ഷുസോ മട്സുക്കോ– ഷിഗേരു ഒട്ട സഖ്യത്തെ. ഡേവിസ് കപ്പ് ഡബിൾസിൽ ഏറ്റവും കൂടുതൽ ജയങ്ങൾ എന്ന റെക്കോർഡ് (44 ജയങ്ങൾ) ഇപ്പോൾ പേസിന്റെ പേരിലാണ്. ഇറ്റലിയുടെ നിക്കോള പെട്രങ്ഗല്ലിയെയാണ് അദ്ദേഹം ഈ നേട്ടത്തിൽ പിന്തള്ളിയത് (42 ജയം, 12 തോൽവി).
2018 ൽ ഡേവിസ് കപ്പിൽ കൂടുതൽ ജയങ്ങൾ എന്ന റെക്കോർഡ് പേസ് മറികടക്കുമ്പോൾ ഇതേ സീഷൻ അലിയായിരുന്നു ഇന്ത്യയുടെ മുഖ്യപരിശീലകൻ! വിരമിക്കുന്നതുവരെ ഡേവിസ് കപ്പിൽ – 2011 ഒഴികെ – എല്ലാ വർഷങ്ങളിലും പേസിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. അവസാന ഡേവിസ് കപ്പ് പോരാട്ടങ്ങൾക്ക് 2019 സാക്ഷ്യംവഹിച്ചു.
∙ തങ്കത്തേക്കാൾ തിളക്കമുള്ള വെങ്കലം
1996 അറ്റ്ലാന്റാ ഒളിംപിക്സിൽ ലിയാൻഡർ പേസ് നേടിയ വെങ്കലമെഡൽ ഇന്ത്യയുടെ ഒളിംപിക് നേട്ടങ്ങളിലെ മറക്കാനാവാത്ത ഏടാണ്. ടെന്നിസ് പുരുഷവിഭാഗം ലൂസേഴ്സ് ഫൈനലിൽ ബ്രസീലിന്റെ മെലിജെനി ഫെർണാണ്ടോയെ തോൽപിച്ച് പേസ് വെങ്കലം സ്വന്തമാക്കിയത് 1996 ഓഗസ്റ്റ് മൂന്നിനാണ്. പെയ്സിന്റെ മെഡലിലൂടെ സ്വതന്ത്ര ഇന്ത്യയ്ക്ക് കൈവന്നത് വ്യക്തിഗതവിഭാഗത്തിലെ രണ്ടാമത്തെ മെഡൽ. (1952 ഹെൽസിങ്കി ഒളിംപിക്സിൽ കെ.ഡി.ജാദവ് ഗുസ്തിയിൽ വെങ്കലം നേടിയിരുന്നു).
സെമിഫൈനലിൽ പെയ്സ് നേരിട്ടത് സാക്ഷാൽ ആന്ദ്രെ അഗസിയെയാണ് അവിടെ 6–7 (5–7), 3–6ന്റെ തോൽവി. തുടർന്നു നടന്ന ലൂസേഴ്സ് ഫൈനലിൽ എതിരാളി മെലിജെനി ഫെർണാണ്ടോ. മഴമൂലം ഏറെ താമസിച്ചാണ് മൽസരം തുടങ്ങിയത്. 90 കോടി ജനങ്ങളുടെ പ്രാർഥന വെറുതെയായില്ല. പേസിന് 3–6, 6–2, 6–4ന്റെ വിജയം. 100–ാം വാർഷികം ആഘോഷിക്കുന്ന ഒളിംപിക് മഹാമേള ഇന്ത്യയ്ക്കു നൽകിയ വലിയ സന്തോഷമമായിരുന്നു അത്.
1996 ൽ ഒളിംപിക് വെങ്കലം നേടിയ പേസ് അന്ന് വിക്ടറി സ്റ്റാൻഡിൽനിന്നത് നിറകണ്ണുകളോടെയാണ്. അന്ന് പേസ് പറഞ്ഞു: ഈ വെങ്കലത്തിന് തങ്കത്തേക്കാൾ തിളക്കമുണ്ട്. പിന്നീട് കുറെക്കാലം പേസിന്റെ യാത്രകളിൽ ഒളിംപിക് മെഡലും ബാഗിനുളളിലുണ്ടായിരുന്നു. ആ ഒളിംപിക് പതക്കം കെട്ടിപ്പിടിച്ചാണ് താൻ ഉറങ്ങിയിരുന്നതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഒളിംപിക് ടെന്നിസിൽ ഇന്ത്യ സ്വന്തമാക്കിയ ഏക മെഡൽ എന്ന പ്രത്യേകയും ഈ വിജയത്തിനുണ്ട്.
4 വർഷങ്ങൾക്കുശേഷം, സിഡ്‌നി ഒളിംപിക്‌സിൽ ത്രിവർണപതാകയുമേന്തി ഇന്ത്യൻ സംഘത്തിന്റെ മാർച്ച്് പാസ്‌റ്റ് നയിച്ചത് പേസാണ്. ഏറ്റവും കൂടുതൽ ഒളിംപിക് മേളകളിൽ പങ്കെടുത്ത ഇന്ത്യൻ താരം എന്ന റെക്കോർഡും പേസിന്റെ പേരിലാണ്– ആകെ ഏഴു മേളകൾ (1992–2016). ഏഴ് ഒളിംപിക്സുകളിൽ കളിച്ച ഏക ടെന്നിസ് താരവും പേസ് തന്നെ.
∙ ഗ്രാൻസ്‌ലാമുകളിലെ ഇന്ത്യൻ മുഖം
ഇന്ത്യയുടെ ഗ്രാൻസ്‌ലാം നേട്ടങ്ങളുടെ കഥ പറയുമ്പോൾ ലിയാൻഡർ പേസില്ലാതെ ഒരു ചരിത്രമുണ്ടോ? ഗ്രാൻസ്‌ലാമിൽ പുരുഷ ഡബിൾസ് കിരീടങ്ങൾ എട്ട്, മിക്സഡ് വിഭാഗത്തിൽ നേടിയെടുത്തത് പത്ത് കിരീടങ്ങൾ. ഇതിൽതന്നെ 1999ൽ വിമ്പിൾഡനിൽനിന്ന് നേടിയെടുത്തത് അപൂർവമായ ഇരട്ട കിരീടം. കളിക്കൂട്ടുകാരൻ മഹേഷ് ഭൂപതിക്കൊപ്പം ചേർന്ന് സീനിയർ തലത്തിൽ ഇന്ത്യയുടെ ആദ്യ വിമ്പിൾഡൻ കിരീടം നേടിയെങ്കിൽ അതേ ദിവസം മറ്റൊരു നേട്ടവും പേസിനെ കാത്തുനിന്നു– മിക്സഡ് ഡബിൾസിൽ അമേരിക്കയുടെ ലിസ റെയ്മണ്ടിനൊപ്പം ജേതാവ്. ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യംപേറുന്ന വിമ്പിൾഡനിലെ ഇന്ത്യയുടെ ആദ്യ നേട്ടത്തിന്റെ ദിനമായി അത് മാറി.
1999 ക്രിക്കറ്റ് ലോകകപ്പിൽ സെമി ഫൈനൽ പോലും കാണാതെ ഇന്ത്യ നാണംകെട്ട സമയമായിരുന്നു അത്. പേസിന്റെയും ഭൂപതിയുടെയും കിരീടങ്ങൾ ഇന്ത്യൻ കായികപ്രേമികൾക്ക് വലിയ ആശ്വാസം പകർന്ന വിജയങ്ങളാണ്. അതേ വർഷം ഭൂപതി– പേസ് സഖ്യം ഫ്രഞ്ച് ഓപ്പൺ ഡബിൾസ് കിരീടവും സ്വന്തമാക്കിയിരുന്നു. 2015ൽ വിമ്പിൾഡന്റെ പുണ്യഭൂമിയിൽ മാർട്ടിന ഹിൻജിസിനൊപ്പം മിക്സഡ് കിരീടം നേടുമ്പോൾ അദ്ദേഹം ഇതിഹാസ താരം റോഡ് ലേവറിന്റെ റെക്കോർഡിനൊപ്പം നിന്നു; വ്യത്യസ്തമായ 3 പതിറ്റാണ്ടുകളിൽ വിമ്പിൾഡൻ സ്വന്തമാക്കിയ താരമെന്ന പേരോടുകൂടി.
ഹിൻജസിനൊപ്പമുള്ള ഈ കിരീടമാണ് താൻ ഏറ്റവും വിലമതിക്കുന്നതെന്ന് പെയ്സ് പറയാറുണ്ട്. അതേ വർഷം ഈ സഖ്യംതന്നെയായിരുന്നു യുഎസ് ഓപ്പൺ, ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസുകൾ നേടിയതും. 2003ൽ മാർട്ടിന നവ്‍രത്‍ലോവയ്ക്കൊപ്പം വിമ്പിൾഡൻ മിക്‌സഡിൽ ജേതാവായപ്പോൾ കുട്ടിത്തം നിറഞ്ഞ പേസിന്റെ വാക്കുകൾ ഇതായിരുന്നു: ‘നവ്‍രത്‍ലോവ കിരീടങ്ങൾ നേടിക്കൊണ്ടിരിക്കുമ്പോൾ ഞാൻ ചെറിയ കുട്ടിയായിരുന്നു.
ഇക്കാര്യം പുറത്തു പറയരുതെന്ന് അവർ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്’. 3 ഗ്രാൻസ്‌ലാം ടൂർണമെന്റുകളിൽക്കൂടി പങ്കെടുത്തിരുന്നെങ്കിൽ പേസ് ഇതുവരെ കളിച്ച ഗ്രാൻസ്‌ലാം ടൂർണമെന്റുകളുടെ എണ്ണം 100 ആകുമായിരുന്നു. എന്നാൽ കോവിഡ് മൂലം കായികലോകം ലോക്ഡൗണിൽ അകപ്പെട്ടതോടെ ആ സ്വപ്നനേട്ടം വിസ്മൃതിയിലായി.
∙ ഭൂപതിയുടെ സ്വന്തം പേസ്
ഇണങ്ങിയും പിണങ്ങിയും ലിയാൻഡർ പേസും മഹേഷ് ഭൂപതിയും ടെന്നിസ് കോർട്ടിൽ നിറഞ്ഞുനിന്നപ്പോൾ ഇന്ത്യ നേടിയെടുത്തത് സമാനതകളില്ലാത്ത ഒരുപിടി ജയങ്ങളാണ്. ഇന്ത്യൻ ടെന്നിസ് ഇതിഹാസങ്ങളായി ഇരുവരും ചേർന്നുനിന്നത് ഏതാണ്ട് 15 വർഷം. തങ്ങളുടെ ബന്ധത്തിന്റെ തുടക്കത്തെപ്പറ്റി പേസ് ഒരിക്കൽ ഇങ്ങനെ പറഞ്ഞു: ‘ശ്രീലങ്കയിൽ ഏഷ്യൻ ചാംപ്യൻഷിപ്പിൽ കളിക്കുകയായിരുന്നു ഞങ്ങൾ അന്ന്. എനിക്കു 16 വയസ്സ്. ഭൂപതിക്കു 15.
ഭൂപതിയുടെ കളി കണ്ടപ്പോൾ എനിക്കു മതിപ്പു തോന്നി. അദ്ദേഹത്തിന്റെ അടുത്തേക്കു ചെന്നു സ്വയം പരിചയപ്പെടുത്തി: ഞാൻ ലിയാൻഡർ. ‘അറിയാം. ഞാൻ നിങ്ങളുടെ കളി കാണാറുണ്ട്’ എന്നായിരുന്നു മറുപടി. നന്ദി, താങ്കൾക്കു വിമ്പിൾഡൻ ജയിക്കണോ? മുഖവുരയില്ലാതെ ഞാൻ ചോദിച്ചു. അമ്പരന്നു പോയ ഭൂപതി പൊട്ടിച്ചിരിച്ചു. പക്ഷേ, ഞാൻ കാര്യമായിട്ടാണു ചോദിച്ചതെന്നു മനസ്സിലായപ്പോൾ ഭൂപതി കൈ തന്നു. ഞങ്ങൾ ഡബിൾസ് പങ്കാളികളായി’. അതെ, കാലം ആ കൂട്ടുകെട്ടിന് കരുതിവച്ചത് തിളക്കമുള്ള കുറച്ച് ജയങ്ങളാണ്.
1999 ൽ പേസ് – ഭൂപതി സഖ്യം വിമ്പിൾഡൻ കിരീടം ചൂടി വാക്കു പാലിച്ചു. അതേ വർഷം ഫ്രഞ്ച് ഓപ്പണും നേടിയ പേസ്–ഭൂപതി സഖ്യം 2001ലും പാരിസിൽ വിജയത്തിലെത്തി. രണ്ട് ഘട്ടങ്ങളിലായി ഒന്നര പതിറ്റാണ്ടു നീണ്ടുനിന്നതായിരുന്നു ഇന്ത്യൻ ടെന്നിസിലെ ഇരട്ടകളുടെ കരിയർ. ‘ഇന്ത്യൻ എക്സ്പ്രസ്’ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ജോഡി 1994 മുതൽ 2006 വരെ ഒരുമിച്ചായിരുന്നു. അതിനു ശേഷം പിരിഞ്ഞ ഇരുവരും പിന്നീട് 2008 മുതൽ 2011 വരെ വീണ്ടും കളത്തിൽ ഒന്നിച്ചു. ഇരുവർക്കുമിടയിലെ ഇണക്കങ്ങളും പിണക്കങ്ങളും ഇന്ത്യൻ സ്പോർട്സിൽ വലിയ ചർച്ചയായിരുന്നു.
∙ കൂട്ടാളികളുടെ എണ്ണത്തിലും റെക്കോർഡ്
പുരുഷ ഡബിൾസിൽ പേസിന്റെ കൂട്ടാളികളുടെ എണ്ണം 136. മിക്സഡ് ഡബിൾസിലെ പങ്കാളികളുടെ എണ്ണം 26. ഇതിൽ ഇതിഹാസങ്ങളായ മാർട്ടിന നവ്‌രത്‌ലോവ, മാർട്ടിന് ഹിൻജിസ്, റിക ഹിരാകി, ഡാനിയേല ഹാന്റുച്ചോവ എന്നിവരൊക്കെ ഉൾപ്പെടും. ലോകത്ത് 100 വ്യത്യസ്ത പങ്കാളികളുമായി ഡബിൾസ് കളിക്കാൻ കഴിഞ്ഞത് വെറും 50ന് അടുത്ത് താരങ്ങൾക്കു മാത്രമാണ്. എന്നാൽ ഇവരിൽ 50 കിരീടങ്ങളും 700 വിജയങ്ങളും നേടിയിട്ടുള്ളത് പേസ് മാത്രമാണ്.
∙ തിരിച്ചുവരവിന്റെ പേസ്
അതിജീവനത്തിന്റെയും തിരിച്ചുവരവിന്റെയും കഥ കൂടിയുണ്ട് പേസ് പറയാൻ. ഇന്ത്യൻ ടെന്നിസിന് ലിയാൻഡർ പേസ് നേടിത്തന്ന പെരുമയോളം വരില്ല മറ്റ് ഏതൊരു താരത്തിന്റെയും സംഭാവന. എന്നാൽ കുട്ടിക്കാലത്ത് പേസ് ചുഴലിരോഗത്തിന്റെ പിടിയിലായിരുന്നു എന്ന് എത്ര പേർക്കറിയാം?
ചുഴലി രോഗത്തെ അതിജീവിച്ചാണ് കൊച്ചു പേസ് ടെന്നിസ് കോർട്ടിലേക്ക് ഇറങ്ങിയത്. പിന്നീട് 2003ൽ, തലച്ചോറിലെ രോഗബാധയെത്തുടർന്ന് അമേരിക്കയിലെ എംഡി ആൻഡേഴ്‌സൻ കാൻസർ സെന്ററിൽ ചികിൽസയ്ക്ക് എത്തിയപ്പോൾ കായിക ഇന്ത്യയുടെ മുഴുവൻ പ്രാർഥനയും പേസിനൊപ്പമുണ്ടായിരുന്നു. ശക്തമായ തിരിച്ചുവരവാണ് പേസ് അന്നും നടത്തിയത്.
∙ വിട പറയാനാവാതെ പേസ്
മൂന്നു പതിറ്റാണ്ടോളം ടെന്നിസ് കോർട്ടിൽ നിറഞ്ഞു നിന്ന പെയ്സിന് മാന്യമായ യാത്രയയപ്പ് നൽകാൻ ആരാധകർക്ക് കഴിഞ്ഞില്ല. 2020ൽ പ്രഫഷനൽ ടെന്നിസിൽനിന്നു വിരമിക്കുമെന്ന് നാൽപ്പത്താറുകാരനായ പേസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ‘2020 എല്ലാവരോടും നന്ദി പറയാനുള്ളതാണ്’– പേസ് നേരത്തെ കുറിച്ചിരുന്നു.അക്കൊല്ലം വിടപറയാനായിരുന്നു പേസിന്റെ തീരുമാനം. പേസിനു വിടചൊല്ലാൻ ‘വൺ ലാസ്റ്റ് റോർ’ എന്ന് വിടവാങ്ങൽ സീസണ് പേരുമിട്ടിരുന്നതാണ്. എന്നാൽ കോവിഡ് ശക്തമായതോടെ 2020ലെ ശേഷിച്ച ടെന്നിസ് മത്സരങ്ങളെല്ലാം വേണ്ടെന്നുവച്ചു.
സ്വന്തം മണ്ണിലെ അവസാന മത്സരം കളിക്കാൻ പേസിന് ഭാഗ്യമുണ്ടായി എന്നു മാത്രം. 2020 ഫെബ്രുവരി 16ന് ഇന്ത്യയിലെ അവസാന മത്സരം അദ്ദേഹം കളിച്ചു. ബെംഗളൂരു ഓപ്പണിൽ പുരുഷ ഡബിൾസിൽ 2–ാം സ്ഥാനത്തോടെയായിരുന്നു പേസിന്റെ മടക്കം. ഫൈനലിൽ പേസ്–മാത്യു എബ്ദെൻ (ഓസ്ട്രേലിയ) സഖ്യം ഇന്ത്യൻ കൂട്ടുകെട്ടായ പുരവ് രാജ–രാംകുമാർ രാമനാഥൻ എന്നിവരോടു തോറ്റു (0–6, 3–6).
English Summary: Leander Paes Turns 50, Interesting Facts about the Indian Tennis Icon