ജലസംഭരണിക്ക് പകരം ഹിറ്റ്ലറുടെ തലയോട്ടി; കൊടുംശൈത്യത്തിൽ അടിപതറി നെപ്പോളിയൻ; വാഗ്നറെയും ‘വിരട്ടി’ മോസ്കോ?
വാഗ്നർ ഗ്രൂപ്പിന്റെ കൂലിപ്പട്ടാളം റോസ്റ്റോവിലെ സൈനികകേന്ദ്രം പിടിച്ചെടുത്ത് മോസ്കോയിലേക്ക് നീങ്ങുന്നുവെന്ന വിവരം ലോകം ഞെട്ടലോടെയാണ് കേട്ടത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ മോസ്കോ വിട്ടു എന്നുകൂടി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നതോടെ റഷ്യൻ തലസ്ഥാനം ഏതു നിമിഷവും ആക്രമിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. ആശങ്കകൾ ഉയർന്നുനിൽക്കെ, ശാന്തമായൊഴുകുന്ന മോസ്കോവ നദിയും അതിന്റെ കരയിലെ ക്രെംലിൻ കൊട്ടാരക്കെട്ടുകളും പ്രൗഢഗംഭീരമായ നഗരവും ഉള്ളിൽ ചിരിക്കുകയായിരുന്നിരിക്കണം. കാരണം മറ്റൊന്നുമല്ല, ലോകം മുഴുവൻ വെട്ടിപ്പിടിച്ച് ചരിത്രം തിരുത്തിക്കുറിക്കാൻ ഇറങ്ങിപ്പുറപ്പെട്ട രണ്ട് ഏകാധിപതികളുടെ പരാജയത്തിന് തുടക്കമായത് മോസ്കോയ്ക്കു വേണ്ടിയുള്ള യുദ്ധമാണ്.
വാഗ്നർ ഗ്രൂപ്പിന്റെ കൂലിപ്പട്ടാളം റോസ്റ്റോവിലെ സൈനികകേന്ദ്രം പിടിച്ചെടുത്ത് മോസ്കോയിലേക്ക് നീങ്ങുന്നുവെന്ന വിവരം ലോകം ഞെട്ടലോടെയാണ് കേട്ടത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ മോസ്കോ വിട്ടു എന്നുകൂടി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നതോടെ റഷ്യൻ തലസ്ഥാനം ഏതു നിമിഷവും ആക്രമിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. ആശങ്കകൾ ഉയർന്നുനിൽക്കെ, ശാന്തമായൊഴുകുന്ന മോസ്കോവ നദിയും അതിന്റെ കരയിലെ ക്രെംലിൻ കൊട്ടാരക്കെട്ടുകളും പ്രൗഢഗംഭീരമായ നഗരവും ഉള്ളിൽ ചിരിക്കുകയായിരുന്നിരിക്കണം. കാരണം മറ്റൊന്നുമല്ല, ലോകം മുഴുവൻ വെട്ടിപ്പിടിച്ച് ചരിത്രം തിരുത്തിക്കുറിക്കാൻ ഇറങ്ങിപ്പുറപ്പെട്ട രണ്ട് ഏകാധിപതികളുടെ പരാജയത്തിന് തുടക്കമായത് മോസ്കോയ്ക്കു വേണ്ടിയുള്ള യുദ്ധമാണ്.
വാഗ്നർ ഗ്രൂപ്പിന്റെ കൂലിപ്പട്ടാളം റോസ്റ്റോവിലെ സൈനികകേന്ദ്രം പിടിച്ചെടുത്ത് മോസ്കോയിലേക്ക് നീങ്ങുന്നുവെന്ന വിവരം ലോകം ഞെട്ടലോടെയാണ് കേട്ടത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ മോസ്കോ വിട്ടു എന്നുകൂടി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നതോടെ റഷ്യൻ തലസ്ഥാനം ഏതു നിമിഷവും ആക്രമിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. ആശങ്കകൾ ഉയർന്നുനിൽക്കെ, ശാന്തമായൊഴുകുന്ന മോസ്കോവ നദിയും അതിന്റെ കരയിലെ ക്രെംലിൻ കൊട്ടാരക്കെട്ടുകളും പ്രൗഢഗംഭീരമായ നഗരവും ഉള്ളിൽ ചിരിക്കുകയായിരുന്നിരിക്കണം. കാരണം മറ്റൊന്നുമല്ല, ലോകം മുഴുവൻ വെട്ടിപ്പിടിച്ച് ചരിത്രം തിരുത്തിക്കുറിക്കാൻ ഇറങ്ങിപ്പുറപ്പെട്ട രണ്ട് ഏകാധിപതികളുടെ പരാജയത്തിന് തുടക്കമായത് മോസ്കോയ്ക്കു വേണ്ടിയുള്ള യുദ്ധമാണ്.
വാഗ്നർ ഗ്രൂപ്പിന്റെ കൂലിപ്പട്ടാളം റോസ്റ്റോവിലെ സൈനികകേന്ദ്രം പിടിച്ചെടുത്ത് മോസ്കോയിലേക്ക് നീങ്ങുന്നുവെന്ന വിവരം ലോകം ഞെട്ടലോടെയാണ് കേട്ടത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ മോസ്കോ വിട്ടു എന്നുകൂടി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നതോടെ റഷ്യൻ തലസ്ഥാനം ഏതു നിമിഷവും ആക്രമിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. ആശങ്കകൾ ഉയർന്നുനിൽക്കെ, ശാന്തമായൊഴുകുന്ന മോസ്കോവ നദിയും അതിന്റെ കരയിലെ ക്രെംലിൻ കൊട്ടാരക്കെട്ടുകളും പ്രൗഢഗംഭീരമായ നഗരവും ഉള്ളിൽ ചിരിക്കുകയായിരുന്നിരിക്കണം.
കാരണം മറ്റൊന്നുമല്ല, ലോകം മുഴുവൻ വെട്ടിപ്പിടിച്ച് ചരിത്രം തിരുത്തിക്കുറിക്കാൻ ഇറങ്ങിപ്പുറപ്പെട്ട രണ്ട് ഏകാധിപതികളുടെ പരാജയത്തിന് തുടക്കമായത് മോസ്കോയ്ക്കു വേണ്ടിയുള്ള യുദ്ധമാണ്. ആദ്യത്തെയാൾ ലോകം കണ്ട ഏറ്റവും മികച്ച സൈനിക തന്ത്രജ്ഞന്മാരിലൊരാളായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ടായിരുന്നെങ്കിൽ മറ്റെയാൾ സ്വേച്ഛാധിപത്യത്തിന്റെ ആൾരൂപമായ സാക്ഷാൽ അഡോൾഫ് ഹിറ്റ്ലർ. ഇരുവർക്കും കാലിടറിയത് മോസ്കോയ്ക്ക് മുന്നിലാണ്.
∙ ചരിത്രത്തിലെ മോസ്കോ
1147 ലെ രേഖകളിലാണ് മോസ്കോയെപ്പറ്റിയുള്ള പരാമർശങ്ങൾ ആദ്യമായി കാണുന്നത്. അന്നു തന്നെ രാഷ്ട്രീയപരമായും സാമ്പത്തികമായും ഉയർന്ന നിലയിലായിരുന്നു നഗരം. പിന്നീട് സാർ ചക്രവർത്തിമാരുടെ കാലഘട്ടത്തിൽ റഷ്യൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമെന്ന നിലയിൽ മോസ്കോ തന്ത്രപ്രധാന കേന്ദ്രമായിരുന്നു. 1712ൽ മഹാനായ പീറ്റർ ചക്രവർത്തിയുടെ കാലത്ത് തലസ്ഥാനം സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് മാറ്റിയതോടെ മോസ്കോയുടെ പ്രൗഢി കുറഞ്ഞു.
എന്നാൽ 1917–ലെ റഷ്യൻ വിപ്ലവത്തിനു ശേഷം സോവിയറ്റ് യൂണിയൻ നിലവിൽ വന്നതോടെ മോസ്കോ അതിന്റെ ഉന്നതങ്ങളിലേക്കെത്തി. ലോകം മുഴുവൻ നിയന്ത്രിച്ച വൻശക്തികളിലൊന്നിന്റെ തലസ്ഥാനമായ മോസ്കോയിലേക്ക് ലോകം കണ്ണുംകാതും തിരിച്ചുവച്ച കാലമായിരുന്നു പിന്നീട് 1991 വരെ. സോവിയറ്റ് യൂണിയൻ തകർന്നതോടെ ലോകശാക്തികചേരിയിൽ വന്ന മാറ്റം മോസ്കോയുടെ പ്രാധാന്യവും കുറച്ചു.
ഇവാൻ നാലാമൻ മുതൽ മഹാനായ പീറ്റർ ചക്രവർത്തിയും കാതറീൻ രാജ്ഞിയും ഒടുവിൽ വിപ്ലവകാരികളാൽ കൊലചെയ്യപ്പെട്ട നിക്കോളാസ് രണ്ടാമൻ വരെയുള്ള സാർ ചക്രവർത്തിമാർ. ലോകമൊട്ടാകെ സായുധവിപ്ലവത്തിന്റെ കനലുകൾ ഉൗതിക്കത്തിച്ച വ്ലാഡിമിർ ലെനിനും സോവിയറ്റ് യൂണിയനെന്ന വൻശക്തിയെ വാർത്തെടുത്ത ജോസഫ് സ്റ്റാലിനും നികിത ക്രുഷ്ചേവും ആ വൻശക്തിയെ തകർത്തവനെന്ന് പഴികേട്ട ഗോർബച്ചേവും വരെയുള്ള സോവിയറ്റ് നേതാക്കൾ, പാശ്ചാത്യരാജ്യങ്ങളുടെ കോമാളിയെന്ന് വിശേഷിപ്പിക്കപ്പെട്ട ബോറിസ് യെൽസിനിൽ തുടങ്ങി കരുത്തനായ വ്ലാഡിമിർ പുടിൻ വരെയുള്ള നവയുഗ റഷ്യൻ പ്രസിഡന്റുമാർ... ഇതിനിടയിൽ പല ഭരണസമ്പ്രദായങ്ങളും മോസ്കോയിൽ മാറിമാറി വന്നു. സാർ ചക്രവർത്തിമാരിൽനിന്ന് സോഷ്യലിസ്റ്റ് ഭരണത്തിലേക്കുള്ള വഴിമാറ്റം രക്തരൂഷിതമായിരുന്നു. എന്നാൽ ക്രെംലിൻ കൊട്ടാരക്കെട്ടുകളിൽ പാറിക്കളിച്ചിരുന്ന സോവിയറ്റ് പതാക എന്നന്നേക്കുമായി താഴ്ന്നത് തികച്ചും സമാധാനപരമായും.
∙ നെപ്പോളിയന്റെ റഷ്യൻ പടയോട്ടം
ഫ്രഞ്ച് വിപ്ലവത്തിനുശേഷം 1799-ല്‍ നെപ്പോളിയൻ ബോണപ്പാർട്ട് അധികാരത്തിലെത്തിയതോടെയാണ് ഫ്രാൻസ് യൂറോപ്പിലെ പ്രബലശക്തികളിലൊന്നായി മാറുന്നത്. മികച്ച സൈനികതന്ത്രജ്ഞനായിരുന്ന നെപ്പോളിയന്റെ ഫ്രഞ്ച് സേനയോട് പൊരുതിനിൽക്കാനാവാതെ യൂറോപ്പിലെ രാജ്യങ്ങളൊന്നൊന്നായി കീഴടങ്ങുകയോ സന്ധി ചെയ്യുകയോ ചെയ്തു. ഫ്രാൻസിനെന്നും ഭീഷണിയായിരുന്ന ബ്രിട്ടിഷ് സാമ്രാജ്യത്തിനെതിരെയുള്ള പോരാട്ടത്തിൽ റഷ്യൻ ഭാഗത്തുനിന്ന് ഭീഷണിയുണ്ടാകാതിരിക്കാന്‍ അന്നത്തെ സാർ ചക്രവർത്തിയായിരുന്ന അലക്സാണ്ടർ ഒന്നാമനുമായി നെപ്പോളിയൻ സന്ധിയുണ്ടാക്കി. എന്നാൽ റഷ്യയുടെ സമീപ പ്രദേശങ്ങളായ വാഴ്സോയിൽനിന്നും പ്രഷ്യയിൽനിന്നും ഫ്രഞ്ച് സൈന്യത്തെ പിൻവലിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടതോടെ നെപ്പോളിയൻ ആക്രമണത്തിനൊരുങ്ങി.
ആൾബലത്തിൽ കൂടുതലെങ്കിലും പരമ്പരാഗത ആയുധങ്ങളും യുദ്ധരീതികളും ഉപയോഗിക്കുന്ന റഷ്യൻ സൈന്യത്തെ പരാജയപ്പെടുത്താൻ സാധിക്കുമെന്നായിരുന്നു നെപ്പോളിയന്റെ കണക്കുകൂട്ടൽ. മോസ്കോ കീഴടക്കുന്നതുവരെ ആ കണക്കുകൂട്ടൽ ശരിയായിരുന്നുതാനും. 1812 ജൂൺ 24ന് നെപ്പോളിയന്റെ സൈന്യം റഷ്യൻ അതിർത്തി കടന്ന് മുന്നേറി. മിൻസ്ക്, സ്മോളൻസ്ക് നഗരങ്ങളൊന്നൊന്നായി ഫ്രഞ്ച് സൈന്യത്തിന് കീഴടങ്ങി. അന്നത്തെ റഷ്യൻ തലസ്ഥാനം സെന്റ് പീറ്റേഴ്സ്ബർഗ് ആയിരുന്നെങ്കിലും പ്രധാനനഗരമായ മോസ്കോ കീഴടക്കാനായിരുന്നു നെപ്പോളിയന്റെ തീരുമാനം.
ജനറൽ ഫീൽഡ് മാർഷൽ കുട്ട്സോവായിരുന്നു റഷ്യൻ സേനയുടെ തലവൻ. ഓഗസ്റ്റ് മാസം അവസാനത്തോടു കൂടി വലിയ നഷ്ടങ്ങളൊന്നുമില്ലാതെ മോസ്കോയ്ക്ക് സമീപം എത്തിയ ഫ്രഞ്ച് സൈന്യത്തെ കാത്തിരുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പ്രതിയോഗിയായിരുന്നു; റഷ്യൻ ശൈത്യം. കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും തുടങ്ങിയതോടെ ഫ്രഞ്ച് സേന വലഞ്ഞു. മഞ്ഞുപുതഞ്ഞ വഴികളിൽക്കൂടെയുള്ള ആയുധ,ഭക്ഷ്യ വിതരണശൃംഖലയും തകർന്നതോടെ ഫ്രഞ്ച് സൈന്യത്തിന്റെ മനോവീര്യം തകർന്നു.
ടൈഫോയ്ഡും മറ്റു ശൈത്യരോഗങ്ങളും സൈനികരെ കൊന്നൊടുക്കിയെങ്കിലും മുന്നോട്ടു പോകാൻ തന്നെയായിരുന്നു നെപ്പോളിയന്റെ തീരുമാനം. മോസ്കോ കീഴടക്കിയാൽ ലഭിക്കാൻ പോകുന്ന അളവറ്റ സമ്പത്തും മഞ്ഞിൽനിന്ന് രക്ഷപെടാമെന്ന മോഹവും നൽകി നെപ്പോളിയൻ സൈനികരുടെ ആത്മവീര്യം വീണ്ടെടുത്തു. വലിയ നഗരമായിരുന്ന മോസ്കോയ്ക്ക് സമീപവും പ്രതിരോധങ്ങളൊന്നുമില്ലാതെ മുന്നേറിയതോടെ റഷ്യയുടെ സൈനികശക്തി പൂർണമായി തകർന്നെന്ന് നെപ്പോളിയൻ കണക്കുകൂട്ടി. യഥാർഥത്തിൽ റഷ്യൻ സൈന്യത്തിന്റെ വലിയൊരു കെണിയിലാണ് ഫ്രഞ്ച് സേന ചെന്നുചാടിയത്. യാതൊരു പ്രതിരോധത്തിനും മുതിരാതെ മോസ്കോ വിട്ടുകൊടുക്കുകയെന്നതായിരുന്നു റഷ്യൻ തന്ത്രം.
ജനങ്ങള്‍ക്കൊപ്പം ഉപയോഗയോഗ്യമായ എല്ലാ സാധനങ്ങളും മോസ്കോയിൽനിന്നും അവർ മാറ്റിയിരുന്നു. മാത്രമല്ല മോസ്കോയുടെ കുറേ ഭാഗങ്ങൾ റഷ്യക്കാർതന്നെ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. എതിർപ്പുകൂടാതെ മോസ്കോ പിടിച്ചെടുത്ത സന്തോഷത്തില്‍ നഗരത്തിലേക്ക് പ്രവേശിച്ച ഫ്രഞ്ച് സൈന്യം, നശിപ്പിക്കപ്പെട്ട ആ നഗരം കണ്ട് മരവിച്ചുനിന്നു. അതിനിടെ ശക്തമായിക്കൊണ്ടിരുന്ന മഞ്ഞുവീഴ്ച ഫ്രഞ്ച് സൈന്യത്തിന്റെ പോരാട്ടവീര്യം മുഴുവൻ ചോർത്തിക്കളഞ്ഞു. ശൈത്യരോഗങ്ങളാൽ കൂടുതൽ സൈനികർ മരണമടഞ്ഞതോടെ ഒക്ടോബർ 19ന് മോസ്കോയിൽനിന്ന് പിൻവാങ്ങാൻ നെപ്പോളിയൻ തീരുമാനിച്ചു.
ആറുലക്ഷം സൈനികരുമായി റഷ്യ ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ട നെപ്പോളിയന്റെ സേനയിൽ അവശേഷിച്ചത് 1.08 ലക്ഷം പേർ മാത്രമായിരുന്നു. നെപ്പോളിയന്റെ പേരുകേട്ട കുതിരപ്പടയാകട്ടെ ഏതാണ്ട് പൂർണമായി നശിപ്പിക്കപ്പെടുകയും ചെയ്തു. ഫ്രഞ്ച് സേനയുടെ ദുരിതം അവിടെയും തീർന്നില്ല. മോസ്കോ വിട്ടുകൊടുത്തുകൊണ്ട് പതുങ്ങിയിരുന്ന റഷ്യൻ സൈന്യം പിൻതിരിയുകയായിരുന്ന ഫ്രഞ്ച് സൈന്യത്തിനുനേരെ ഒളിയാക്രമണം അഴിച്ചുവിട്ടു. യുദ്ധസന്നദ്ധരല്ലാതിരുന്ന ഫ്രഞ്ച് സൈന്യത്തിന് തുടരെ തുടരെ കനത്ത പരാജയങ്ങളേറ്റു.
ഒടുവിൽ ഡിസംബർ 14ന് സമ്പൂർണ തോൽവിയേറ്റുവാങ്ങി ഫ്രഞ്ച് സൈന്യം റഷ്യൻ മണ്ണിൽനിന്ന് പിൻവാങ്ങി. നെപ്പോളിയന്റെ സൈനികശക്തിക്ക് നേരിട്ട തിരിച്ചടി ശത്രുക്കൾ അവസരമായി കണ്ടു. വാട്ടർലൂവിൽ 1815 ജൂൺ പതിനെട്ടിന് ഫ്രഞ്ച് സൈന്യവും ബ്രിട്ടീഷ് സഖ്യസൈന്യവുമായുള്ള ഏറ്റുമുട്ടലിൽ പരാജയപ്പെട്ടതോടെ നെപ്പോളിയൻ ബോണപ്പാർട്ടിന്റെ ഭരണത്തിന് അന്ത്യമായി.
∙ ഹിറ്റ്ലറുടെ വരവ്
നെപ്പോളിയൻ തന്റെ സാമ്രാജ്യം വികസിപ്പിക്കുന്നതിനാണ് പടയോട്ടം നടത്തിയതെങ്കിൽ നാത്‌സി ഏകാധിപതി അഡോൾഫ് ഹിറ്റ്ലറെ സംബന്ധിച്ച് സാമ്രാജ്യ വികസനത്തിനപ്പുറം ആര്യവംശ മേൽക്കോയ്മ സ്ഥാപിക്കുകയെന്നതും പ്രധാന ലക്ഷ്യമായിരുന്നു. അപ്പോഴേക്കും നെപ്പോളിയന്റെ കാലത്തെ സാർ ചക്രവർത്തിമാരുടെ രാജഭരണത്തിൽനിന്നും സോഷ്യലിസത്തിൽ അടിസ്ഥാനമായ സോവിയറ്റ് യൂണിയൻ എന്ന രാജ്യമായി റഷ്യ മാറിക്കഴിഞ്ഞിരുന്നു.
ഹിറ്റ്ലർ ജർമനിയുടെ ഭരണമേറ്റെടുത്ത കാലം മുതൽ തന്നെ സോവിയറ്റ് യൂണിയനെ ശത്രുരാജ്യമായാണ് കണ്ടിരുന്നത്. നാത്‌സിസവും സോഷ്യലിസവും തമ്മിലുള്ള ആശയവൈരുധ്യങ്ങളായിരുന്നു അതിന്റെ പ്രധാന കാരണം. ജൂതവിരോധം കഴിഞ്ഞാൽ നാസികളുടെ പട്ടികയിൽ രണ്ടാമതുണ്ടായിരുന്നത് കമ്യൂണിസത്തോടുള്ള ശത്രുതയായിരുന്നു. ചരിത്രത്തിന്റെ ആവർത്തനം പോലെ ഹിറ്റ്ലറും തന്റെ പടയോട്ടം ആരംഭിക്കുന്നതിനു മുൻപ് സോവിയറ്റ് യൂണിയനുമായി അനാക്രമണസന്ധി ഒപ്പിട്ടിരുന്നു.
1939–ൽ പോളണ്ടിനെ ആക്രമിച്ച് രണ്ടാംലോകമഹായുദ്ധത്തിന് ജർമനി തുടക്കമിട്ടു. സോവിയറ്റ് യൂണിയന് നേരെ ഹിറ്റ്ലറെ ഉപയോഗിക്കാമെന്നു കരുതിയ ബ്രിട്ടിഷ്–ഫ്രഞ്ച് കണക്കുകൂട്ടലിനെതിരായി ജർമൻ സേനായന്ത്രം പടിഞ്ഞാറൻ യൂറോപ്പിന് നേർക്കാണ് ആദ്യം തിരിഞ്ഞത്. ഗ്രീസ്, ബൾഗേറിയ തുടങ്ങിയ ചെറുരാജ്യങ്ങളും പ്രബലരായിരുന്ന ഫ്രാൻസും കീഴടങ്ങിയതോടെയാണ് സോവിയറ്റ് യൂണിയന് നേർക്ക് ഹിറ്റ്ലർ തിരിയുന്നത്. ആശയപരമായ ശത്രുതയേക്കാളുപരി സോവിയറ്റ് യൂണിയന്റെ അളവറ്റ ധാതുസമ്പത്തിലേക്കായിരുന്നു ജർമനിയുടെ നോട്ടം.
1941 ജൂൺ 22ന് അനാക്രമണ സന്ധി കാറ്റിൽപറത്തി ഓപ്പറേഷൻ ബാർബറോസ എന്ന കോഡു നാമത്തിൽ ജർമൻ സേന സോവിയറ്റ് യൂണിയൻ ആക്രമിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തിൽ സോവിയറ്റ് പ്രതിരോധനിരകൾ തകർന്നു. ലക്ഷക്കണക്കിന് സൈനികരും സാധാരണക്കാരും കൊല്ലപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്തു. സോവിയറ്റ് യൂണിയൻ കീഴടക്കുന്നത് നിസ്സാരമാണെന്ന ചിന്താഗതി ഹിറ്റ്ലറിലും ജർമൻ സൈനികത്തലവന്മാരിലും ഉറച്ചു.
സോവിയറ്റ് പ്രതിരോധങ്ങളിൽ നാശനഷ്ടങ്ങൾ നേരിട്ടെങ്കിലും 1941 സെപ്റ്റംബറോടുകൂടി സോവിയറ്റ് തലസ്ഥാനമായ മോസ്കോയ്ക്ക് സമീപംവരെ ജർമൻസേനയെത്തി. തങ്ങൾ കീഴടക്കിയ മറ്റു രാജ്യങ്ങളുടെ തലസ്ഥാനങ്ങളെല്ലാം കൊള്ളയടിച്ചെങ്കിലും പൂർണമായി നശിപ്പിക്കാൻ ജർമൻ സേന ഒരുമ്പെട്ടിരുന്നില്ല. എന്നാൽ മോസ്കോയുടെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല. നഗരം പൂർണമായി നശിപ്പിക്കണമെന്നും ആ സ്ഥാനത്ത് വലിയൊരു ജലസംഭരണി നിർമിക്കുകയും ചെയ്യണമെന്നായിരുന്നു ഹിറ്റ്ലറുടെ ഉത്തരവ്.
അതുവരെയുള്ള യുദ്ധത്തിന്റെ ഗതി പരിശോധിച്ചാൽ ഹിറ്റ്ലറുടെ പദ്ധതി ഏതാനും ആഴ്ചകൾക്കകംതന്നെ നടപ്പാക്കപ്പെടുമെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല. എന്നാൽ ഹിറ്റ്ലർക്കോ ജർമൻ സൈന്യാധിപന്മാർക്കോ അറിയാത്ത ഒരു കാര്യമുണ്ടായിരുന്നു. മുൻനിരയിലെ പ്രദേശങ്ങൾ നഷ്ടപ്പെട്ടിരുന്നാലും മോസ്കോയ്ക്കപ്പുറം വിദൂരമായ കിഴക്കൻ മേഖലകളിൽ സോവിയറ്റ് സൈനികവ്യവസായ കേന്ദ്രങ്ങളും സൈനിക പരിശീലന യൂണിറ്റുകളും രഹസ്യമായി പ്രവർത്തിക്കുന്നുണ്ടെന്നത്.
സോവിയറ്റ് സേനാതലവനായിരുന്ന യോർഗി ഴുക്കോവിനായിരുന്നു മോസ്കോ സംരക്ഷിക്കേണ്ട ചുമതല. അസാമാന്യ തന്ത്രജ്ഞനായിരുന്ന ഴുക്കോവ് മോസ്കോയുടെ പ്രതിരോധം കാവൽസൈന്യത്തെയും ജനങ്ങളെയും ഏൽപിച്ച്, പുതുതായി പരിശീലിപ്പിക്കപ്പെട്ട സേനാ യൂണിറ്റുകളെ ജർമൻ ചാരന്മാരുടെ കണ്ണുകളിൽനിന്നും മറച്ചുവയ്ക്കുകയായിരുന്നു. സോവിയറ്റ് പദ്ധതികളെപ്പറ്റി കൃത്യമായ വിവരം ലഭിക്കാത്ത ഹിറ്റ്ലറും ജർമൻ സൈനികതലവന്മാരും റഷ്യൻ പ്രതിരോധം പൂർണമായി തകർന്നെന്ന ആത്മവിശ്വാസത്തിൽ എത്രയും പെട്ടെന്ന് മോസ്കോ കീഴ്പ്പെടുത്താനായി ആക്രമണം തുടങ്ങി.
നവംബർ ആദ്യ ആഴ്ചയോടുകൂടി ജർമൻ സേന വോൾഗ കനാൽ കടന്ന് മോസ്കോയ്ക്ക് ഏതാണ്ട് 20 മൈൽ അകലെവരെയെത്തി. മോസ്കോയിൽ പട്ടാളനിയമം പ്രഖ്യാപിക്കപ്പെട്ടു. ഏത് നിമിഷവും തലസ്ഥാനം ആക്രമിക്കപ്പെടുമെന്ന അവസ്ഥ. പൊടുന്നനെയാണ് ഒരിക്കൽ നെപ്പോളിയന് നേരിടേണ്ടിവന്ന ആ അതിശക്തനായ പ്രതിയോഗിയെത്തിയത്; റഷ്യൻ മഞ്ഞുകാലം. കിഴക്കുനിന്നു വീശിയ ശീതക്കാറ്റ് ജർമൻസേനയെ വിറപ്പിച്ചുകൊണ്ട് കടന്നുപോയി. രൂക്ഷമായ ശൈത്യത്തെ നേരിടാൻ വേണ്ടതൊന്നും ജർമൻ സേനയുടെ പക്കലുണ്ടായിരുന്നില്ല.
സൈബീരിയൻ മേഖലകളിൽനിന്ന് ടി 34/85 ടാങ്കുകളും കാറ്റ്യൂഷ റോക്കറ്റ് ലോഞ്ചറുകളുമടക്കമുള്ള അത്യാധുനിക ആയുധങ്ങൾക്കൊപ്പം എത്തിച്ചേർന്ന റഷ്യൻ സൈനികയൂണിറ്റുകൾ ‘ഓപ്പറേഷൻ ടൈഫൂൺ’ എന്ന പേരിൽ പ്രത്യാക്രമണം തുടങ്ങിയതോടെ ജർമൻ സേന രണ്ടാം ലോകമഹായുദ്ധത്തിലെ ആദ്യ പരാജയം നേരിട്ടു. ആഴ്ചകൾക്കുള്ളിൽ ജർമൻ സേനയെ ഏതാണ്ട് 300 കിലോമീറ്ററോളം റഷ്യൻ സൈന്യം പിന്നോട്ടടിച്ചു. അതൊരു തുടക്കമായിരുന്നു. തൊട്ടുപിന്നാലെ സ്റ്റാലിൻഗ്രാഡിനു വേണ്ടിയുള്ള യുദ്ധത്തിൽ വലിയ പരാജയമായിരുന്നു ജർമൻ സൈന്യത്തെ കാത്തിരുന്നത്.
∙ പൊടിപിടിച്ച ആ തലയോട്ടി
ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ടാങ്കുയുദ്ധം അരങ്ങേറിയ കുർസ്കിലും പരാജയപ്പെട്ടതോടെ കിഴക്കൻ യുദ്ധമുന്നണിയിൽ ജർമനിയുടെ ആധിപത്യം അവസാനിച്ചു. നെപ്പോളിയന്റെ പിൻവാങ്ങലിനിടെ തങ്ങളുടെ അതിർത്തി കടന്ന് റഷ്യൻസേന ആക്രമണം നടത്തിയിരുന്നില്ല. എന്നാൽ ഹിറ്റ്ലറുടെ സേനയെ ചെമ്പട വിടാതെ പിന്തുടർന്നു. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളൊന്നൊന്നായി നാത്‌സികളിൽനിന്ന് മോചിപ്പിച്ച് 1945 ഏപ്രിലിൽ സോവിയറ്റ് സൈന്യം ജർമൻ തലസ്ഥാനമായ ബെർലിന്‍ വളഞ്ഞു.
റഷ്യൻ പട്ടാളത്തിന്റെ പിടിയിൽ പെടുമെന്നുറപ്പായപ്പോൾ ബർലിൻ നഗരമധ്യത്തിലെ ചാൻസലറി ഗാർഡനിലെ ഭൂഗർഭബങ്കറിനുള്ളിൽ ലോകം കണ്ട ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതി ഒരു വെടിയുണ്ടയിൽ തന്റെ ജീവിതം അവസാനിപ്പിച്ചു. ജർമൻ സേനയുടെ കനത്ത പ്രതിരോധത്തെ മറികടന്ന് ബങ്കർ കീഴടക്കിയ സോവിയറ്റ് സൈന്യത്തെ എതിരേറ്റത് ആരുടേതെന്ന് തിരിച്ചറിയാൻ പോലുമാകാത്ത വിധം കത്തിക്കരിഞ്ഞ മൃതശരീരങ്ങളായിരുന്നു. റഷ്യൻ സൈന്യത്തിനൊപ്പമുണ്ടായിരുന്ന ഡോക്ടർ മൃതദേഹത്തിലവശേഷിച്ചിരുന്ന പല്ലുകളുടെ പരിശോധനയിലൂടെ ഹിറ്റ്ലറുടെ മൃതദേഹം തിരിച്ചറിഞ്ഞു.
അന്ന് ബങ്കറിൽനിന്ന് കണ്ടെടുത്ത മറ്റ് 13 മൃതദേഹങ്ങൾ ആരുടേതൊക്കെയായിരുന്നു എന്ന് ഇതുവരെ റഷ്യ പുറത്തുവിട്ടിട്ടില്ല. മൃതദേഹാവശിഷ്ടങ്ങളെല്ലാം ബെർലിനിൽനിന്ന് മോസ്കോയിലെ റഷ്യൻ ചാരസംഘടനയായ എൻകെജിബിയുടെ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. പിന്നീട് കെജിബി ആയി മാറിയ സോവിയറ്റ് ചാരസംഘടനയുടെ ആസ്ഥാനത്തിനു താഴെ പൊടിപിടിച്ച നിലയിലായിരുന്നു വർഷങ്ങളോളം ആ തലയോട്ടിയും മറ്റ് ആവശിഷ്ടങ്ങളും. മോസ്കോ കീഴടക്കി അതിന്റെ സ്ഥാനത്ത് ജലസംഭരണി സൃഷ്ടിക്കാൻ ആഗ്രഹിച്ച അഡോൾഫ് ഹിറ്റ്ലറുടെ തലയോട്ടി അതേ നഗരത്തിൽ പ്രദർശിപ്പിക്കപ്പെടുമ്പോൾ വാഗ്നർ ഗ്രൂപ്പെന്ന കൂലിപ്പട്ടാളം മോസ്കോ പിടിക്കാൻ ഇറങ്ങിത്തിരിച്ചതറിഞ്ഞ് ആ നഗരത്തിന്റെ ചുണ്ടിൽ ചെറുപുഞ്ചിരിയെങ്കിലും വിരിഞ്ഞുകാണില്ലേ... ഒരുപക്ഷേ ആ ചരിത്രമോർത്താകാം അവർ പിന്തിരിഞ്ഞതു പോലും!
English Summary: Wagner Group's Aborted Run: How Did Moscow Fail Napoleon and Hitler?