സത്യമാകുമോ അന്ന് ശിവനെ കെട്ടിപ്പിടിച്ച് മോദി പറഞ്ഞ വാക്ക്? ഇതാ, ഇന്ത്യയുടെ മൂന്നാം ചന്ദ്രയാൻ
2019 സെപ്റ്റംബർ 6. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക് സെന്റർ ആസ്ഥാനം. ചന്ദ്രയാൻ 2 പേടകവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് അവിടെനിന്നാണ്. ഗവേഷകർക്കും വിദ്യാർഥികൾക്കും ശാസ്ത്രതൽപരർക്കും മാധ്യമ പ്രവർത്തകർക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാത്തിരിക്കുകയാണ്. ഇന്ത്യയുടെ ചരിത്രനേട്ടത്തിലേക്ക് ഇനി നിമിഷങ്ങളുടെ ദൂരം മാത്രം. ചന്ദ്രയാൻ2 ലാൻഡിങ്ങിന് ശ്രമിക്കുകയാണ്. ലാൻഡിങ്ങിലെ ഏറ്റവും നിർണായകമായ റഫ് ബ്രേക്കിങ് വിജയകരമായി പൂർത്തിയാക്കിയതായി പുലർച്ചെ 1.37ന് ട്വീറ്റെത്തി. അതായത്, ലാൻഡർ സ്വയം വേഗത കുറച്ച് ചന്ദ്രന്റെ അന്തരീക്ഷത്തിലേക്കിറങ്ങിയിരിക്കുന്നു. ഏറ്റവും കഠിനമായ ഘട്ടം കടന്നിരിക്കുന്നു. ഗവേഷകർ കൈയ്യടിച്ച് ആഹ്ലാദിച്ചു. ഇനി അതീവസൂക്ഷ്മമായി, നിയന്ത്രണങ്ങളോടെ ചന്ദ്രോപരിതലത്തിലിറങ്ങുന്നതിനുള്ള ഫൈൻ ബ്രേക്കിങ് ആണ്. അതിലേക്കു കടക്കുകയാണെന്ന ഐഎസ്ആർഒയുടെ ട്വീറ്റ് 1.49ന് എത്തി. എന്നാൽ പിന്നീട് നടന്നത് തികച്ചും നാടകീയ സംഭവങ്ങൾ. വലിയ സ്ക്രീൻ ചന്ദ്രയാന്റെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്ന ഗവേഷകരുടെ മുഖത്ത് ആശങ്ക. അവർ എന്തൊക്കെയോ ചർച്ച നടത്തുന്നു. പതിയെ പലരുടെയും മുഖത്ത് വിഷാദവും നിരാശയും നിറയുന്നു.
2019 സെപ്റ്റംബർ 6. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക് സെന്റർ ആസ്ഥാനം. ചന്ദ്രയാൻ 2 പേടകവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് അവിടെനിന്നാണ്. ഗവേഷകർക്കും വിദ്യാർഥികൾക്കും ശാസ്ത്രതൽപരർക്കും മാധ്യമ പ്രവർത്തകർക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാത്തിരിക്കുകയാണ്. ഇന്ത്യയുടെ ചരിത്രനേട്ടത്തിലേക്ക് ഇനി നിമിഷങ്ങളുടെ ദൂരം മാത്രം. ചന്ദ്രയാൻ2 ലാൻഡിങ്ങിന് ശ്രമിക്കുകയാണ്. ലാൻഡിങ്ങിലെ ഏറ്റവും നിർണായകമായ റഫ് ബ്രേക്കിങ് വിജയകരമായി പൂർത്തിയാക്കിയതായി പുലർച്ചെ 1.37ന് ട്വീറ്റെത്തി. അതായത്, ലാൻഡർ സ്വയം വേഗത കുറച്ച് ചന്ദ്രന്റെ അന്തരീക്ഷത്തിലേക്കിറങ്ങിയിരിക്കുന്നു. ഏറ്റവും കഠിനമായ ഘട്ടം കടന്നിരിക്കുന്നു. ഗവേഷകർ കൈയ്യടിച്ച് ആഹ്ലാദിച്ചു. ഇനി അതീവസൂക്ഷ്മമായി, നിയന്ത്രണങ്ങളോടെ ചന്ദ്രോപരിതലത്തിലിറങ്ങുന്നതിനുള്ള ഫൈൻ ബ്രേക്കിങ് ആണ്. അതിലേക്കു കടക്കുകയാണെന്ന ഐഎസ്ആർഒയുടെ ട്വീറ്റ് 1.49ന് എത്തി. എന്നാൽ പിന്നീട് നടന്നത് തികച്ചും നാടകീയ സംഭവങ്ങൾ. വലിയ സ്ക്രീൻ ചന്ദ്രയാന്റെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്ന ഗവേഷകരുടെ മുഖത്ത് ആശങ്ക. അവർ എന്തൊക്കെയോ ചർച്ച നടത്തുന്നു. പതിയെ പലരുടെയും മുഖത്ത് വിഷാദവും നിരാശയും നിറയുന്നു.
2019 സെപ്റ്റംബർ 6. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക് സെന്റർ ആസ്ഥാനം. ചന്ദ്രയാൻ 2 പേടകവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് അവിടെനിന്നാണ്. ഗവേഷകർക്കും വിദ്യാർഥികൾക്കും ശാസ്ത്രതൽപരർക്കും മാധ്യമ പ്രവർത്തകർക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാത്തിരിക്കുകയാണ്. ഇന്ത്യയുടെ ചരിത്രനേട്ടത്തിലേക്ക് ഇനി നിമിഷങ്ങളുടെ ദൂരം മാത്രം. ചന്ദ്രയാൻ2 ലാൻഡിങ്ങിന് ശ്രമിക്കുകയാണ്. ലാൻഡിങ്ങിലെ ഏറ്റവും നിർണായകമായ റഫ് ബ്രേക്കിങ് വിജയകരമായി പൂർത്തിയാക്കിയതായി പുലർച്ചെ 1.37ന് ട്വീറ്റെത്തി. അതായത്, ലാൻഡർ സ്വയം വേഗത കുറച്ച് ചന്ദ്രന്റെ അന്തരീക്ഷത്തിലേക്കിറങ്ങിയിരിക്കുന്നു. ഏറ്റവും കഠിനമായ ഘട്ടം കടന്നിരിക്കുന്നു. ഗവേഷകർ കൈയ്യടിച്ച് ആഹ്ലാദിച്ചു. ഇനി അതീവസൂക്ഷ്മമായി, നിയന്ത്രണങ്ങളോടെ ചന്ദ്രോപരിതലത്തിലിറങ്ങുന്നതിനുള്ള ഫൈൻ ബ്രേക്കിങ് ആണ്. അതിലേക്കു കടക്കുകയാണെന്ന ഐഎസ്ആർഒയുടെ ട്വീറ്റ് 1.49ന് എത്തി. എന്നാൽ പിന്നീട് നടന്നത് തികച്ചും നാടകീയ സംഭവങ്ങൾ. വലിയ സ്ക്രീൻ ചന്ദ്രയാന്റെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്ന ഗവേഷകരുടെ മുഖത്ത് ആശങ്ക. അവർ എന്തൊക്കെയോ ചർച്ച നടത്തുന്നു. പതിയെ പലരുടെയും മുഖത്ത് വിഷാദവും നിരാശയും നിറയുന്നു.
2019 സെപ്റ്റംബർ 6. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക് സെന്റർ ആസ്ഥാനം. ചന്ദ്രയാൻ 2 പേടകവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് അവിടെനിന്നാണ്. ഗവേഷകർക്കും വിദ്യാർഥികൾക്കും ശാസ്ത്രതൽപരർക്കും മാധ്യമ പ്രവർത്തകർക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാത്തിരിക്കുകയാണ്. ഇന്ത്യയുടെ ചരിത്രനേട്ടത്തിലേക്ക് ഇനി നിമിഷങ്ങളുടെ ദൂരം മാത്രം. ചന്ദ്രയാൻ2 ലാൻഡിങ്ങിന് ശ്രമിക്കുകയാണ്. ലാൻഡിങ്ങിലെ ഏറ്റവും നിർണായകമായ റഫ് ബ്രേക്കിങ് വിജയകരമായി പൂർത്തിയാക്കിയതായി പുലർച്ചെ 1.37ന് ട്വീറ്റെത്തി. അതായത്, ലാൻഡർ സ്വയം വേഗത കുറച്ച് ചന്ദ്രന്റെ അന്തരീക്ഷത്തിലേക്കിറങ്ങിയിരിക്കുന്നു. ഏറ്റവും കഠിനമായ ഘട്ടം കടന്നിരിക്കുന്നു. ഗവേഷകർ കൈയ്യടിച്ച് ആഹ്ലാദിച്ചു.
ഇനി അതീവസൂക്ഷ്മമായി, നിയന്ത്രണങ്ങളോടെ ചന്ദ്രോപരിതലത്തിലിറങ്ങുന്നതിനുള്ള ഫൈൻ ബ്രേക്കിങ് ആണ്. അതിലേക്കു കടക്കുകയാണെന്ന ഐഎസ്ആർഒയുടെ ട്വീറ്റ് 1.49ന് എത്തി. എന്നാൽ പിന്നീട് നടന്നത് തികച്ചും നാടകീയ സംഭവങ്ങൾ. വലിയ സ്ക്രീൻ ചന്ദ്രയാന്റെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്ന ഗവേഷകരുടെ മുഖത്ത് ആശങ്ക. അവർ എന്തൊക്കെയോ ചർച്ച നടത്തുന്നു. പതിയെ പലരുടെയും മുഖത്ത് വിഷാദവും നിരാശയും നിറയുന്നു. അന്നത്തെ ഐഎസ്ആർഒ ചെയർമാൻ കെ.ശിവൻ ഗവേഷകരുമായി നിരന്തര ചർച്ച നടത്തുകയാണ്. ഒടുവിൽ അദ്ദേഹത്തിന്റെ പ്രഖ്യാപനമെത്തി– ‘‘ചന്ദ്രയാൻ2ന് ഗ്രൗണ്ട് കൺട്രോൾ സെന്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുന്നു’’.
അന്ന് ശ്രീഹരിക്കോട്ടയിൽനിന്ന് യാത്ര പറയുമ്പോൾ, കണ്ണീരണിഞ്ഞ ഐഎസ്ആർഒ ചെയർമാൻ ശിവനെ കെട്ടിപ്പിടിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു: ‘‘നിങ്ങളുടെയെല്ലാം മുഖത്തൊരു നിരാശ എനിക്കു കാണാം. പക്ഷേ എന്തിന്? അതിന്റെ യാതൊരാവശ്യവുമില്ല. ഇതിൽനിന്നെല്ലാം നാം ഒരുപാടു പഠിച്ചു. നാം ധൈര്യത്തോടെയിരിക്കേണ്ട ചില സന്ദർഭങ്ങളുണ്ട്. ഒരിന്ത്യക്കാരൻ എന്ന നിലയിൽ നാം എന്നും ധൈര്യത്തോടെയിരിക്കുകയും ചെയ്യും. നമ്മുടെ പ്രതീക്ഷ തുടരും, ബഹിരാകാശ പദ്ധതികൾക്കു വേണ്ടി ഇനിയും കഠിനമായി പ്രയത്നിക്കും...’’ അന്ന് മോദി പറഞ്ഞ ആ പ്രതീക്ഷയും പ്രയത്നവുമാണ് 2023 ജൂലൈ 14ന് ശ്രീഹരിക്കോട്ടയിൽനിന്നു പറന്നുയരുന്നത്– ചന്ദ്രയാൻ 3 എന്ന അഭിമാനപ്പേരിൽ.
∙ രണ്ടാം ചന്ദ്രയാന്റെ ഓർമയിൽ...
615 കോടി രൂപയാണ് ചന്ദ്രയാൻ 3നു ചെലവ് കണക്കാക്കുന്നത്. നാസയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയുമെല്ലാം ദൗത്യത്തിന്റെ ബജറ്റ് വച്ചു നോക്കുമ്പോഴറിയാം ഇന്ത്യ എത്രമാത്രം കുറഞ്ഞ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന്. എന്നാൽ ബജറ്റിൽ കുറവു വരുത്തിയാലും, മികവുറ്റ സാങ്കേതികതയിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലതാനും. ഐഎസ്ആർഒയുടെ കരുത്തനായ ജിഎസ്എൽവി– മാർക്ക് 3 (എൽവിഎം3–എം4) റോക്കറ്റിലേറിയാണ് ചന്ദ്രയാൻ 3 പറക്കുക. പ്രൊപ്പൽഷൻ മൊഡ്യൂൾ, ലാൻഡർ, റോവർ എന്നിവയടങ്ങുന്നതാണ് ചന്ദ്രയാൻ 3 ദൗത്യം. ചന്ദ്രയാൻ 2ൽ ഓർബിറ്ററും ലാൻഡറും റോവറുമാണുണ്ടായിരുന്നത്. ആ ഓർബിറ്റർ ഇപ്പോഴും ചന്ദ്രനെ ഭ്രമണം ചെയ്യുന്നുമുണ്ട്. അന്ന് ഓർബിറ്ററിൽനിന്നു വിട്ടുമാറി ചന്ദ്രനിലേക്ക് ലാൻഡ് ചെയ്യാനിറങ്ങിയ ലാൻഡറും റോവറുമാണ് പരാജയപ്പെട്ടത്.
ഇത്തവണ പ്രൊപ്പൽഷൻ മൊഡ്യൂളിലേറിയാണ് ലാൻഡറും റോവറും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തുക. ചന്ദ്രോപരിതലത്തിൽനിന്ന് 100 കിലോമീറ്റർ ഉയരെ വച്ച് പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ലാൻഡറും റോവറും വിട്ടുമാറും. ശേഷം പ്രൊപ്പൽഷൻ മൊഡ്യൂൾ ചന്ദ്രനെ ഭ്രമണം ചെയ്യാനാരംഭിക്കും. ഓഗസ്റ്റ് 23നോ 24നോ ആയിരിക്കും ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. സോഫ്റ്റ് ലാൻഡിങ് വിജയമായാൽ യുഎസിനും റഷ്യയ്ക്കും ചൈനയ്ക്കും ശേഷം ചന്ദ്രനിൽ ആ നേട്ടം കൈവരിക്കുന്ന രാജ്യമാകും ഇന്ത്യ. ലാൻഡറിൽനിന്ന് വാതിൽ തുറന്നിറങ്ങുന്ന റോവർ ചന്ദ്രോപരിതലത്തിൽ പരീക്ഷണങ്ങൾ നടത്തുകയും ചെയ്യും.
ആകെ ഏഴ് പേലോഡുകളാണ് ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഭാഗമായുള്ളത്. പേലോഡുകളെന്നാൽ ശാസ്ത്രീയ പഠനത്തിനും പരീക്ഷണത്തിനുമുള്ള ഉപകരണങ്ങളാണ്. ചന്ദ്രനിൽ നാലു കാലിൽ വന്നിറങ്ങുന്ന ലാൻഡറിലുള്ളത് നാല് പേലോഡുകളാണ്. റോവറിൽ രണ്ടെണ്ണമുണ്ട്. പ്രൊപ്പൽഷൻ മൊഡ്യൂളിൽ ഒരെണ്ണവും. ഇവ നടത്തുന്ന പരീക്ഷണങ്ങളിലൂടെ ഭൂമിയിലേക്കു ലഭിക്കുന്ന വിവരങ്ങളാണ് ചന്ദ്രയാൻ ദൗത്യത്തിൽ നിർണായകമാകുന്നത്. നാസയിൽനിന്നുള്ള പേലോഡ് ഉൾപ്പെടെയാണ് ചന്ദ്രയാൻ 3 വഹിച്ചിട്ടുള്ളത്. എന്തെല്ലാമാണ് ഇവയുടെ ദൗത്യം? അതിനുള്ള ഉത്തരം പറയും മുൻപ് ഒരു മറുചോദ്യം. ഇത്രയേറെ കോടികൾ മുടക്കി ചന്ദ്രയാൻ അയയ്ക്കുന്നതുകൊണ്ട് ഇന്ത്യയിലെ സാധാരണക്കാർക്ക് എന്തു ഗുണമാണ് ലഭിക്കുക? ഇതിന്റെ ഉത്തരവും ഒളിച്ചിരിക്കുന്നത് ആ ഏഴ് പേലോഡുകളിലാണ്. അവയിലൂടെ എന്തെല്ലാമാണ് ഗവേഷകർ പഠിക്കാനൊരുങ്ങുന്നത്? വിശദമായറിയാം...
∙ അന്യഗ്രഹജീവന്റെ ‘ഷെയ്പ്’
ആദ്യം ചന്ദ്രയാനിലെ പ്രൊപ്പൽഷൻ മൊഡ്യൂളിലെ പേലോഡിനെപ്പറ്റി അറിയാം. ലാൻഡറിനെയും റോവറിനെയും ചന്ദ്രോപരിതലത്തിനു മുകളിൽ വിട്ട് ചന്ദ്രനെ ഭ്രമണം ചെയ്യാനായി പ്രൊപ്പൽഷൻ മൊഡ്യൂൾ പോകുമെന്നു നേരത്തേ പറഞ്ഞിരുന്നല്ലോ. വെറുതെ ചന്ദ്രനെ ഭ്രമണം ചെയ്യുകയല്ല മൊഡ്യൂൾ ചെയ്യുന്നത്. അവിടെനിന്ന് പ്രപഞ്ച നിഗൂഢതകളിലേക്കു കണ്ണെറിയാനുള്ള പരീക്ഷണ ഉപകരണമാണ് മൊഡ്യൂളിലുള്ളത്. അതിന്റെ പേരാണ് ‘ഷെയ്പ്’. സ്പെക്ട്രോ–പോളാരിമെട്രി ഓഫ് ഹാബിറ്റബ്ൾ പ്ലാനറ്റ് ഏർത്ത് എന്നതിന്റെ ചുരുക്കെഴുത്താണ് SHAPE. നീളൻ പേരുകേട്ട് അന്തംവിടേണ്ട സംഗതി സിംപിളാണ്. ഭൂമിയെപ്പോലെ മനുഷ്യവാസയോഗ്യമായ ഗ്രഹങ്ങൾ പ്രപഞ്ചത്തിലുണ്ടോ എന്നു തിരയുകയാണ് ഷെയ്പിന്റെ ജോലി.
സ്പെക്ട്രൽ പോളാരിമെട്രി വഴി രണ്ടു തരത്തിൽ വിദൂരഗ്രഹങ്ങൾ അഥവാ എക്സോപ്ലാനറ്റുകളുടെ സാന്നിധ്യം മനസ്സിലാക്കാം. അതിലൊന്ന് എക്സോ പ്ലാനറ്റുകളുടെ സാന്നിധ്യം നേരിട്ടു തിരിച്ചറിയുക എന്നതാണ്. സൗരയൂഥത്തിനു പുറത്താണ് എക്സോപ്ലാനറ്റുകളുടെ സാന്നിധ്യം. ഇവ സ്വന്തമായി പ്രകാശം പുറത്തുവിടില്ല. പകരം അവ ഭ്രമണം ചെയ്യുന്ന നക്ഷത്രങ്ങളിൽനിന്നുള്ള പ്രകാശത്തെ പ്രതിഫലിപ്പിക്കും. ഭൂമി സൂര്യനെ ചുറ്റുന്നതു പോലെ സൗരയൂഥത്തിനു പുറത്ത് ഏതെങ്കിലും അജ്ഞാത നക്ഷത്രത്തെ ഒരു ഗ്രഹം ഭ്രമണം ചെയ്യുന്നുണ്ടാകാം എന്ന നിഗമനമാണ് ഇവിടെ പ്രയോഗിക്കുന്നത്. എക്സോപ്ലാനറ്റുകൾ പ്രതിഫലിപ്പിക്കുന്ന പ്രകാശം ബഹിരാകാശത്തിലൂടെ സഞ്ചരിക്കുമ്പോൾ ധ്രുവീകരണത്തിന് സാധ്യതയേറെയാണ്. ഇത്തരത്തിൽ ധ്രുവീകരിക്കപ്പെടുന്ന പ്രകാശത്തെ പിടിച്ചെടുക്കുകയെന്നതാണ് സ്പെക്ട്രൽ പോളാരിമെട്രിയിലൂടെ ലക്ഷ്യമിടുന്നത്. ധ്രുവീകരിക്കപ്പെട്ട പ്രകാശത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ ഗവേഷകർക്ക് ഉറപ്പിക്കാം, എവിടെയോ ഒരു ഗ്രഹം അതിന്റെ നക്ഷത്രത്തെ ചുറ്റി സഞ്ചരിക്കുന്നുണ്ട്. കൂടുതൽ പഠനങ്ങളിലൂടെ അവയെ കണ്ടെത്തി പഠിക്കാനും സാധിക്കും.
ഇനി രണ്ടാമത്തെ വഴി– എക്സോപ്ലാനറ്റിന്റെ അന്തരീക്ഷത്തിലേക്ക് അതിന്റെ നക്ഷത്രത്തിൽനിന്ന് പ്രകാശം എത്തിയെന്നിരിക്കട്ട, അതിനും പലവിധ കാരണങ്ങളാൽ ധ്രുവീകരണം സംഭവിക്കാം. അതായത്, എക്സോപ്ലാനറ്റിന്റെ അന്തരീക്ഷത്തിലുള്ള വിവിധ ഘടകങ്ങളിൽപ്പെട്ടാകാം ധ്രുവീകരണം സംഭവിക്കുക. അത്തരത്തിൽ ധ്രുവീകരണം സംഭവിച്ച പ്രകാശത്തെ തിരിച്ചറിഞ്ഞു പഠിക്കാൻ സാധിച്ചാൽ ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ ഉണ്ടായിരുന്ന വസ്തുക്കളെപ്പറ്റി തിരിച്ചറിയാൻ സാധിക്കും. അന്തരീക്ഷത്തിൽ വെള്ളത്തുള്ളികളോ മീഥെയ്നോ ഉണ്ടെന്നു കണ്ടെത്തിയാൽ അതിനർഥം അവിടെ ജീവനു സാധ്യതയുണ്ടെന്നാണ്.
ഭൂമിയിലെപ്പോലെ എക്സോപ്ലാനറ്റിലും മാഗ്നറ്റിക് ഫീൽഡ് അഥവാ കാന്തിക മണ്ഡലം ഉണ്ടെങ്കിൽ അതും പ്രകാശത്തിന്റെ ധ്രുവീകരണത്തെ ബാധിക്കും. ഇത്തരത്തിൽ ഗ്രഹത്തിന്റെ അന്തരീക്ഷം, സാന്ദ്രത, താപനില, അന്തരീക്ഷത്തിലെ രാസഘടകങ്ങളുടെ സാന്നിധ്യം ഇതെല്ലാം പ്രകാശത്തിന്റെ ധ്രുവീകരണത്തിനു കാരണമാകും. ധ്രുവീകരണം സംഭവിച്ച പ്രകാശത്തെപ്പറ്റി പഠിക്കുന്നതാകട്ടെ സ്പെക്ട്രൽ പോളാരിമെട്രിയിലൂടെയും. അതിനുള്ള ഉപകരണമാണ് ഷെയ്പ്. ഭൂമിയിൽ അല്ലാതെ ജീവനുള്ള ഗ്രഹം തേടി മനുഷ്യൻ അലയാൻ തുടങ്ങി പതിറ്റാണ്ടുകളായി. അതിലേക്കു വെളിച്ചം വീശുന്ന കണ്ടെത്തൽ ചന്ദ്രയാൻ–3 നടത്തിയാൽ ലോകത്തിനു മുന്നിൽ ഇന്ത്യയ്ക്കുണ്ടാകുന്ന നേട്ടം ചെറുതല്ല. ഭൂമിയിൽ ഒരു പ്രതിസന്ധിയുണ്ടായാൽ പകരം വസിക്കാനുള്ള ഗ്രഹമെന്ന സ്വപ്നം ശാസ്ത്രമാസികകളുടെയും ഫിക്ഷൻ പുസ്തകങ്ങളുടെയും താളുകൾ വിട്ട് സിനിമയിൽനിന്ന് യാഥാർഥ്യത്തിലേക്കു പറന്നിറങ്ങുമെന്നു ചുരുക്കം.
∙ ഭൂമിയെ നോക്കി ക്യാമറക്കണ്ണിറുക്കി...
ചന്ദ്രനു ചുറ്റും കറങ്ങി ഭൂമിയുടെ ചിത്രങ്ങളെടുക്കാനും ഭൂമിയുടെ അന്തരീക്ഷ അവസ്ഥയെക്കുറിച്ച് പഠിക്കാനും ഷെയ്പ് സഹായിക്കുമെന്നും ഐഎസ്ആർഒ വ്യക്തമാക്കിയിട്ടുണ്ട്. അതെങ്ങനെയാണെന്നല്ലേ? ഭൂമിയിലെ വിവിധ പ്രദേശങ്ങളുടെയും വസ്തുക്കളുടെയും കാര്യം തന്നെയെടുക്കുക. ഇവയെല്ലാം പ്രത്യേക തരത്തിലാണ് സൂര്യപ്രകാശം ആഗിരണം ചെയ്യുന്നതും പുറത്തുവിടുന്നതും. അതായത്, ഓരോ വസ്തുവും പ്രദേശങ്ങളും പ്രത്യേകം സ്പെക്ട്രൽ സിഗ്നേച്ചർ പുറത്തുവിടും. ഇതു പരിശോധിക്കുന്നതാണ് സ്പെക്ട്രൽ മെഷർമെന്റ്. ഇത്തരത്തിൽ അളന്നെടുക്കുന്ന ഡേറ്റ കൃത്യമായി വിശകലനം ചെയ്താൽ ഭൗമോപരിതലത്തിലെ കാട്, കൃഷി, ജലം, നഗരമേഖലകൾ തുടങ്ങിയവയെല്ലാം കൃത്യമായി മാപ് ചെയ്തെടുക്കാനാകും. ഇങ്ങനെ മാപ് ചെയ്തിട്ട് എന്താണു കാര്യം? ഭൂമിയുടെ നിലനിൽപുതന്നെ ഭീഷണിയിലാണോ എന്ന കാര്യം വരെ കണക്കാക്കിയെടുക്കാനാകും എന്നാണ് ഉത്തരം.
സ്പെക്ട്രൽ മെഷർമെന്റിലൂടെ ഭൂമിയിൽ കാടുകൾ എത്രമാത്രം കുറഞ്ഞെന്നു മനസ്സിലാക്കാം, കാർഷിക വിളകളിലുണ്ടായ കുറവും രോഗങ്ങൾ ബാധിച്ചു നശിച്ചതും തിരിച്ചറിയാം, ഏതെല്ലാം ഭാഗം മുൻകാലത്തെ അപേക്ഷിച്ച് വരൾച്ചയുടെയും കാട്ടുതീയുടെയും പിടിയിലമർന്നെന്നു മനസ്സിലാക്കാം, ഭൂമിയിൽ വാസയോഗ്യമായ എത്രത്തോളം പ്രദേശം ബാക്കിയുണ്ടെന്നും കണ്ടെത്താം. മനുഷ്യന്റെ കണ്ണെത്താത്ത ഇടങ്ങളിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ വരെ ഇത്തരത്തിൽ തിരിച്ചറിയാം. ഭൂമിയിലെ പലതരം മണ്ണിലുണ്ടായ മാറ്റം, മഞ്ഞുമലകൾ ഉരുകുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പോളാരിമെട്രി വഴി തിരിച്ചറിയാനാകും. സമുദ്രത്തില്‍ എണ്ണ കലർന്നിട്ടുണ്ടോയെന്നു തിരിച്ചറിയാനും പോളാരിമെട്രി മെഷർമെന്റിലൂടെ സാധിക്കും. അന്തരീക്ഷത്തിൽ കാണപ്പെടുന്ന ഹാനികരങ്ങളായ ഏറോസോളുകളുടെ സാന്നിധ്യവും തിരിച്ചറിയാം. ഇത്തരത്തിൽ ഭൗമോപരിതലത്തിലെ ഭൗതികവും ജൈവികവുമായ കാര്യങ്ങളുടെ പഠനത്തിൽ നിർണായക സഹായമാകും ഷെയ്പ്. കാലാവസ്ഥാ പഠനത്തിലും ഏറെ സഹായകമാകും ഇത്തരത്തിൽ ചന്ദ്രയാൻ–3 അയയ്ക്കുന്ന വിവരങ്ങൾ.
∙ പ്ലാസ്മയിലിറങ്ങുന്ന ‘രംഭ’
ഇളകാത്ത ഏതു മനസ്സും ഇളകും രംഭയെന്ന അപ്സര സുന്ദരിയെക്കണ്ടാൽ എന്നാണ് പുരാണങ്ങളിൽ പറയുന്നത്. എന്നാൽ ചന്ദ്രനിൽ അധികമാരും ‘ഇളക്കാത്ത’ മണ്ണിലാണ് ചന്ദ്രയാൻ 3 ലാൻഡറിലുള്ള ‘രംഭ’ പരീക്ഷണം നടത്തുക. റേഡിയോ അനാട്ടമി ഓഫ് മൂൺ ബൗണ്ട് ഹൈപ്പർസെൻസിറ്റിവ് അയണോസ്ഫിയർ ആൻഡ് അറ്റ്മോസ്ഫിയർ എന്നതിന്റെ ചുരുക്കപ്പേരാണ് രംഭ. (Radio Anatomy of Moon Bound Hypersensitive ionosphere and Atmosphere –RAMBHA). ലാങ്മിയർ പ്രോബ് എന്ന പരീക്ഷണ ഉപകരണമാണ് ‘രംഭ’ ദൗത്യത്തിനായി ഉപയോഗിക്കുന്നത്. ചന്ദ്രോപരിതലത്തിലെ പ്ലാസ്മയുടെ (അയണുകളുടെയും ഇലക്ട്രോണുകളുടെയും) സാന്ദ്രത അളക്കുകയെന്നതാണു ലാങ്മിയറിന്റെ ലക്ഷ്യം.
ചന്ദ്രോപരിതലത്തോടു ചേർന്നു കിടക്കുന്ന ഇലക്ട്രിക്കലി ചാർജ്ഡ് ആയ വസ്തുക്കളുടെ നേർത്ത പാളിയാണ് പ്ലാസ്മ. പ്ലാസ്മ ഷീത്ത് (plasma sheath) എന്നാണ് ഈ പാളിയുടെ പേര്. ചന്ദ്രന്റെ നിശ്ചലമായ അന്തരീക്ഷത്തിലേക്ക് സൂര്യനിൽനിന്നുള്ള സൗരവാതം (charged particles) എത്തുമ്പോൾ രൂപപ്പെടുന്നതാണിത്. ഭൂമിയുടെ അന്തരീക്ഷ പാളികളിലൊന്നായ അയണോസ്ഫിയറിലും പ്ലാസ്മ രൂപപ്പെടാറുണ്ട്. എന്നാൽ ഭൂമിയുമായി താരതമ്യം ചെയ്യുമ്പോള്‍, അന്തരീക്ഷത്തിലുള്ള വ്യത്യാസം കാരണം ചന്ദ്രനിലെ പ്ലാസ്മയുടെ അളവ് താരതമ്യേന കുറവാണ്. എങ്കിൽപ്പോലും ചന്ദ്രനിലേക്കിറങ്ങുന്ന പേടകങ്ങളെയും മറ്റു സമീപ ബഹിരാകാശവസ്തുക്കളെയും സ്വാധീനിക്കാനുള്ള ശേഷി പ്ലാസ്മയ്ക്കുണ്ട്. ചന്ദ്രോപരിതലത്തിൽ ഏതാനും കിലോമീറ്റർ ഉയരത്തില്‍ വരെ ഇവയുടെ സ്വാധീനമുണ്ടാകും.
ചന്ദ്രോപരിതലത്തിൽ ഇലക്ട്രിക്–മാഗ്നറ്റിക് ഫീൽഡ് രൂപപ്പെടുന്നതിനും പ്ലാസ്മ കാരണമാകും. പ്ലാസ്മയെക്കുറിച്ച് പഠിക്കുന്നതിലൂടെ ചന്ദ്രന്റെ അന്തരീക്ഷത്തെപ്പറ്റിയും അതെങ്ങനെയാണ് രൂപപ്പെട്ടതെന്നും മനസ്സിലാക്കാനാകും. പ്ലാസ്മ ഷീത്തിലുള്ള ചർജ്ഡ് പാൾട്ടിക്കിളുകള്‍ ചിലപ്പോഴൊക്കെ ചന്ദ്രനിലിറങ്ങുന്ന പേടകങ്ങളുമായി സമ്പർക്കത്തിൽ വരാറുണ്ട്. ഇത് പേടകത്തിലെ ഉപകരണങ്ങളെ ഉൾപ്പെടെ തകരാറിലാക്കാൻ പോന്നതാണ്. ഉയർന്ന തോതിൽ സൗരവാതമെത്തുന്ന സമയത്ത് ചന്ദ്രോപരിതലത്തിലെ പ്ലാസ്മയുടെ അവസ്ഥയും അതിഭീകരമായിരിക്കും. പേടകങ്ങളുടെ ഭ്രമണപഥത്തെയും കമ്യൂണിക്കേഷനെയും നാവിഗേഷനെയും വരെ സ്വാധീനിക്കാനും ആ സമയത്ത് പ്ലാസ്മയ്ക്കു സാധിക്കും.
ഈ പ്രശ്നങ്ങളെയെല്ലാം മറികടന്ന് പുതിയ പരീക്ഷണ ഉപകരണങ്ങളും മറ്റും നിർമിക്കണമെങ്കിൽ ചന്ദ്രനിലെ പ്ലാസ്മയെപ്പറ്റിയുള്ള പഠനം നിർണായകമാണ്. വരുംകാല എൻജിനീയറിങ്ങിലും പ്ലാസ്മ പഠനം നിർണായകമെന്നു ചുരുക്കം. ചന്ദ്രനിലിറങ്ങുന്ന ഗവേഷകരുടെ ആരോഗ്യത്തെയും പ്ലാസ്മ ദോഷകരമായി ബാധിക്കും. ഡിഎൻഎയ്ക്കു വരെ ദോഷം വരുത്താൻ കെൽപുള്ളതിനാൽ അത് കാന്‍സറിനു വരെ കാരണമാകും. ചന്ദ്രനിലേക്കിറങ്ങുന്നതോ ചന്ദ്രനെ ചുറ്റുന്നതോ ആയ പേടകങ്ങള്‍ നിർമിക്കുമ്പോൾ ഈ പ്ലാസ്മയുടെ കാര്യവും മനസ്സിലുണ്ടാകണമെന്നു ചുരുക്കം.
ഭാവിയിൽ ചന്ദ്രനിൽ താവളം നിർമിച്ച് ദിവസങ്ങളോളം അവിടെ താമസിച്ചു പരീക്ഷണം നടത്താനാണ് ഗവേഷകരുടെ ശ്രമം. അതിനാൽത്തന്നെ പ്ലാസ്മ പഠനം അതീവ നിർണായകമാണ്. ചന്ദ്രനു സമാനമായ അന്തരീക്ഷമുള്ള ഒട്ടേറെ ഗ്രഹങ്ങളുണ്ട്. അവയെപ്പറ്റിയുള്ള പഠനത്തിലും ലാങ്മിയർ പ്രോബിൽനിന്നുള്ള ഡേറ്റ നിർണായകമാകും. സൗരവാതം എത്രമാത്രം ഭീകരമായാണ് ചന്ദ്രനിലേക്ക് എത്തുന്നത്, അവ കാലക്രമേണ എന്തെല്ലാം മാറ്റങ്ങളാണ് ചന്ദ്രന്റെ അന്തരീക്ഷത്തില്‍ വരുത്തുന്നത് എന്നെല്ലാം അറിയുന്നത് ഭാവിയിൽ ഇന്ത്യയുടെ മനുഷ്യരെ ഉൾപ്പെടുത്തിയ ചാന്ദ്രദൗത്യത്തിൽ ഉൾപ്പെടെ നിർണായകമാണ്. മനുഷ്യജീവന്റെ വിലയുള്ള പരീക്ഷണമാണ് ലാങ്മിയര്‍ പ്രോബ് നടത്തുന്നതെന്നു ചുരുക്കം.
∙ ‘ഐസിട്ട’ വെള്ളം തേടി ചാസ്തെ
ചന്ദ്രനിൽ വെള്ളമുണ്ടോ? വർഷങ്ങളായി ഗവേഷകർ ഉത്തരം തേടിക്കൊണ്ടിരിക്കുന്ന ചോദ്യം. ചന്ദ്രനിൽ തണുത്തുറഞ്ഞ നിലയിൽ ജലത്തിന്റെ സാന്നിധ്യമുണ്ടെന്നു കണ്ടെത്തിയതിൽ വലിയൊരു പങ്ക് വഹിച്ചത് ഇന്ത്യയുടെ മുൻ ചാന്ദ്രദൗത്യങ്ങളാണ്. അക്കാര്യമൊന്ന് ഉറപ്പിക്കാൻ വേണ്ടിയാണ് ചന്ദ്രയാൻ മൂന്നാമന്റെ യാത്ര. ഇതിനു വേണ്ടി ലാൻഡറിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകരണം നടത്തുന്ന പരീക്ഷണത്തിന്റെ പേരാണ് ചാസ്‌തെ അഥവാ ചന്ദ്രാസ് സർഫസ് തെർമോ ഫിസിക്കൽ എക്സ്പിരിമെന്റ് (Chandra's Surface Thermo physical Experiment-ChaSTE). ഒരിറ്റു പ്രകാശം പോലും ഇന്നേവരെ കടന്നു ചെന്നിട്ടില്ലാത്ത നിഴൽ പ്രദേശമായ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാൻ 3 വന്നിറങ്ങുക. വമ്പൻ ഗർത്തങ്ങൾ വരെയുള്ള മേഖലയാണിത്. സൂക്ഷിച്ചു ലാൻഡ് ചെയ്തില്ലെങ്കിൽ പേടകത്തിന്റെ പണി തീരും. ചന്ദ്രയാൻ 2 ഇറങ്ങിയതും ദക്ഷിണധ്രുവത്തിലാണ്.
എന്നാൽ എത്ര പ്രശ്നങ്ങളുണ്ടായാലും പരാജയങ്ങൾ സംഭവിച്ചാലും ഐഎസ്ആർഒയുടെ പ്രധാന ലക്ഷ്യം ദക്ഷിണധ്രുവം തന്നെയാണ്. അതിനു കാരണം അവിടെ ജലത്തിന്റെ സാന്നിധ്യമുണ്ടെന്ന സംശയംതന്നെ. നേരിട്ട് ഒരിക്കലും സൂര്യപ്രകാശം ലഭിക്കാത്ത മേഖലയാണ് ചന്ദ്രനിലെ ദക്ഷിണധ്രുവം. അതിനാൽത്തന്നെ മൈനസ് 240 ഡിഗ്രി വരെയാണ് അവിടെ താപനില. എന്നാൽ ദക്ഷിണധ്രുവത്തിലെ ചിലയിടങ്ങളിൽ താപനിലയിൽ വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്ന് മുൻ ചാന്ദ്രദൗത്യങ്ങളിൽനിന്ന് ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. അതായത്, അവിടെ ഐസ് രൂപത്തിൽ ജലമുണ്ടാകാമെന്നു ചുരുക്കം. അതായിരിക്കണം ഒരു തെർമൽ ഇൻസുലേറ്റർ പോലെ പ്രവർത്തിച്ച് പ്രദേശത്തെ താപനില നിയന്ത്രിക്കുന്നത്. ചന്ദ്രോപരിതലത്തിലെ ഈ താപനിലയിലെ വ്യതിയാനത്തെപ്പറ്റി പഠിക്കുകയാണ് ചാസ്തെയുടെ ലക്ഷ്യം.
ഐസ് രൂപത്തിലാണെങ്കിലും ചന്ദ്രനിൽ വെള്ളമുണ്ടെന്നു തെളിഞ്ഞാൽ അതു മാനവരാശിക്ക് വലിയ കുതിച്ചു ചാട്ടമായിരിക്കും. ചന്ദ്രനിലെ താമസം, കൃഷി എന്നിവയെപ്പറ്റിപോലും മനുഷ്യനു ചിന്തിക്കാം. ചൊവ്വ പോലുള്ള വിദൂരഗ്രഹങ്ങളിലേക്കു യാത്ര പോകുമ്പോൾ ചന്ദ്രനെ ഇടത്താവളമാക്കാം. ചന്ദ്രനിലെ ഓക്സിജൻ ഉപയോഗിച്ച് റോക്കറ്റിനു വേണ്ട ഇന്ധനം ഒരുക്കാം. ചന്ദ്രന്റെ ഉദ്ഭവത്തെപ്പറ്റിയുള്ള രഹസ്യങ്ങളും ഈ ഐസിൽ ഒളിഞ്ഞിരിപ്പുണ്ടാകും. രംഭ, ചാസ്തെ പരീക്ഷണങ്ങൾക്കുള്ള ഉപകരണങ്ങൾക്ക് ഒരു മലയാളി കണക്‌ഷനുമുണ്ട്– രണ്ടും നിർമിച്ചത് തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്ററിലാണ്.
∙ ഒരു കമ്പനത്തിലും കുലുങ്ങില്ല ‘ഇല്‍സ’
1970കളിലെ അപ്പോളോ ദൗത്യങ്ങളിലെല്ലാം നാസ ചില പ്രത്യേക ഉപകരണങ്ങൾ ചന്ദ്രനിലേക്ക് അയച്ചിരുന്നു. ചന്ദ്രനിലുണ്ടാകുന്ന കമ്പനങ്ങൾ അഥവാ സീസ്മിക് ആക്ടിവിറ്റി അളക്കാന്‍ വേണ്ടിയായിരുന്നു അത്. സംഗതി നമ്മുടെ ഭൂകമ്പംതന്നെ. ചന്ദ്രനിലായതിനാൽ അതിനെ നമുക്ക് ചാന്ദ്രകമ്പനം എന്നു വിളിക്കാം. ഭൂമിയിലാണെങ്കിൽ അതിന്റെ അന്തർഭാഗത്തുള്ള ടെക്ടോണിക് ഫലകങ്ങൾ നീങ്ങുമ്പോഴാണു ഭൂചലനമുണ്ടാകുന്നത്. എന്നാല്‍ ചന്ദ്രനിൽ ഉൽക്ക വന്നിടിച്ചും moonquake എന്ന പ്രതിഭാസം വഴിയുമാണ് കമ്പനങ്ങളുണ്ടാകുന്നത്. ഇതിനെപ്പറ്റി പഠിക്കുന്നതിനു വേണ്ടി ചന്ദ്രയാൻ 3 ലാൻഡറിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകരണമാണ് ‘ഇൽസ’. ഇൻസ്ട്രുമെന്റ് ഫോർ ലൂണാർ സീസ്മിക് ആക്ടിവിറ്റി എന്നാണ് മുഴുവൻ പേര് (Instrument for Lunar Seismic Activity–ILSA)
എന്തിനാണ് ചന്ദ്രനിലെ കമ്പനങ്ങളെപ്പറ്റി നാം പഠിക്കുന്നത്? അതിനു മുൻപ് അൽപം ചരിത്രം. 1970കളിൽ അപ്പോളാ ദൗത്യങ്ങളില്‍ അയച്ച ഇൽസ ഉപകരണങ്ങളെല്ലാം വളരെ കുറഞ്ഞ കാലത്തേക്ക്, വളരെ കുറഞ്ഞ സാങ്കേതിക സൗകര്യങ്ങളോടെ മാത്രം അയച്ചതാണ്. എന്നിട്ടു പോലും ഒരിക്കല്‍ ആ ഉപകരണത്തിൽ റിക്ടർ സ്കെയിലിൽ 5 വരെയുള്ള ഭൂകമ്പം രേഖപ്പെടുത്തിയിരുന്നു. ഭൂമിയിൽ റിക്ടർ സ്കെയിലിൽ 5 രേഖപ്പെടുത്തിയ ഭൂകമ്പത്തിന് തീവ്രത ഏറെയായിരിക്കും. എന്നാൽ ചന്ദ്രന് ഭൂമിയേക്കാളും വലുപ്പം കുറവായതിനാൽ കമ്പനത്തിന്റെ തോത് കുറവായിരിക്കും. ഭൂമിയിലെയത്ര ശക്തവുമായിരിക്കില്ല. എന്നാൽ പരീക്ഷണങ്ങൾക്കും മറ്റുമായി ചന്ദ്രനില്‍ ഇറക്കിയിരിക്കുന്ന ചെറിയ ഉപകരണങ്ങൾ വരെ എന്നന്നേക്കുമായി നശിക്കാൻ ആ കമ്പനം മതി.
ചന്ദ്രനിൽ തണുപ്പേറുമ്പോൾ അത് സങ്കോചിച്ച് കമ്പനങ്ങൾ സൃഷ്ടിക്കപ്പെടാറുണ്ട്. moonquakeൽ ഒന്ന് ഇതാണ്. ഭൂമിയുടെയും മറ്റു ബഹിരാകാശ വസ്തുക്കളുടെയും ഗുരുത്വാകർഷണ വലിവും ചന്ദ്രനിൽ കമ്പനം സൃഷ്ടിക്കാറുണ്ട്. ഇതും moonquakeൽ ഉൾപ്പെടും. ഇതു കൂടാതെയാണ് ഛിന്നഗ്രഹങ്ങൾ പോലുള്ള വസ്തുക്കൾ വന്നിടിച്ചുണ്ടാകുന്ന കമ്പനം. ഇതെല്ലാം നിലവിലെ ചാന്ദ്ര ദൗത്യങ്ങൾക്കും ഭാവി ദൗത്യങ്ങള്‍ക്കുമെല്ലാം വലിയ ഭീഷണിയാണ്. ഇത്തരത്തിൽ ഇടിയേറ്റ് ചന്ദ്രോപരിതലത്തിൽ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ടാകാം. പ്രതലത്തിൽ മാറ്റങ്ങളുണ്ടായേക്കാം. ഇത്തരം പ്രദേശങ്ങള്‍ തിരിച്ചറിയാനും സീസ്മിക് പഠനത്തിലൂടെ സാധിക്കും. അതുവഴി, പ്രശ്നങ്ങളൊന്നുമില്ലാത്ത, സ്ഥിരതയാർന്ന പ്രദേശങ്ങളിൽ പേടകങ്ങൾ ലാൻഡ് ചെയ്യാനും ബഹിരാകാശ താവളങ്ങൾ നിർമിക്കാനും സാധിക്കും. സ്ഥിരമായി ഭൂകമ്പമുണ്ടാകുന്ന സ്ഥലത്തു പോയി വീടു വച്ചാലുള്ള അവസ്ഥ ഒഴിവാക്കണമെങ്കിൽ ഇൽസ സഹായിക്കണമെന്നർഥം.
ഈ സീസ്മിക് ഡേറ്റ ഉപയോഗിച്ച് ചന്ദ്രന്റെ പുറംഭാഗം (ക്രസ്റ്റ്), മധ്യഭാഗം (മാന്റിൽ), അകക്കാമ്പ് (കോർ) എന്നിവയെപ്പറ്റിയും പഠിക്കാനാകും. ചന്ദ്രന്റെ ഉപരിതലത്തിനടിയിൽ ജലത്തിന്റെ സാന്നിധ്യമുണ്ടെങ്കിൽ അതും സീസ്മിക് ഡേറ്റ പരിശോധിച്ച് മനസ്സിലാക്കാം. ചന്ദ്രന്റെ രൂപീകരണം സംബന്ധിച്ച വിവരങ്ങളിലേക്കും വെളിച്ചം വീശുന്നതാകും ഇൽസയുടെ കണ്ടെത്തൽ. നാസയുടെ വരാനിരിക്കുന്ന ആർട്ടിമിസ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നും ചന്ദ്രനിലെ കമ്പനങ്ങളെപ്പറ്റി പഠിക്കുക എന്നതാണ്. ഇതില്‍നിന്നുതന്നെ വ്യക്തമല്ലേ ഇന്ത്യ എന്തിനാണ് ഇങ്ങനൊരു ഉപകരണം ചന്ദ്രയാനിൽ ചേർത്തതെന്ന്.
∙ പേടകത്തിലെ ‘എൻആർഐ’ക്കാരൻ എൽആർഎ
കാര്യമായ മാനുഷിക ഇടപെടലില്ലാതെ ചന്ദ്രനിൽ നടത്താവുന്ന ‘പാസ്സിവ് എക്സ്പിരിമെന്റി’നു വേണ്ടി നാസ നൽകിയ ഒരുപകരണവും ചന്ദ്രയാന്റെ ലാൻഡറിലുണ്ടാകും. ലേസർ റെട്രോറിഫ്ലക്ടർ അറേ (LASER Retroreflector Array–LRA) എന്നറിയപ്പെടുന്ന ഈ ഉപകരണത്തിനു പക്ഷേ ചന്ദ്രനിൽ പഠിച്ചെടുക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. 1969ൽ അപ്പോളോ രണ്ടാം ദൗത്യത്തിന്റെ ഭാഗമായാണ് ആദ്യമായി എൽആർഎ ചന്ദ്രനിലെത്തുന്നത്. പിന്നീട് പല ദൗത്യത്തിലും ഗവേഷകര്‍ എൽആർഎയെ ചന്ദ്രനിൽ സ്ഥാപിച്ചു പോന്നു. ഈ ഉപകരണത്തിന്റെ സഹായത്തോടെ ലേസർ റേഞ്ചിങ് സാങ്കേതികത ഉപയോഗപ്പെടുത്തി ഭൂമിയും ചന്ദ്രനും തമ്മിലുള്ള കൃത്യമായ അകലം അളന്നെടുക്കാം.
ഭൂമിയിലെ വിവിധ ഒബ്സർവേറ്ററികളില്‍നിന്ന് അയയ്ക്കുന്ന ലേസർ രശ്മികൾ എൽആർഎയിലെ ദർപ്പണങ്ങളിൽത്തട്ടി പ്രതിഫലിച്ച് തിരികെ ഭൂമിയിലേക്കു പോകും. ഈ ലേസർ പൾസിന്റെ വരവും പോക്കും തമ്മിലുള്ള സമയവ്യത്യാസം അളക്കുന്നതിലൂടെ കൃത്യമായ ദൂരം, മില്ലിമീറ്ററില്‍ വരെ അളന്നെടുക്കാം. ഇങ്ങനെ ദൂരം അളന്നിട്ടെന്താണു കാര്യം? പ്രതിവർഷം 3.8 സെമീ എന്ന കണക്കിന് ചന്ദ്രൻ ഭൂമിയില്‍നിന്ന് അകന്നു പോകുന്നുണ്ടെന്ന കാര്യം അറിയാമോ!. ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം അസാധാരണമായ രീതിയിൽ കൂടുന്നുണ്ടോ, ഇത്തരത്തിൽ ചന്ദ്രൻ അകന്നു പോയാൽ ഭൂമിയെ അതെങ്ങനെ ബാധിക്കും എന്നെല്ലാം പരിശോധിക്കാൻ എൽആർഎയിലൂടെ സാധിക്കും.
കടലിലെ വേലിയേറ്റവും ചന്ദ്രനും തമ്മിലുള്ള ബന്ധം, ഭൂമിക്കു ചുറ്റുമുള്ള ചന്ദ്രന്റെ ഭ്രമണം, സൗരയൂഥത്തിലെ ബഹിരാകാശ വസ്തുക്കളിൽ ചന്ദ്രൻ പ്രയോഗിക്കുന്ന ഗുരുത്വാകർഷണ ബലം തുടങ്ങിയവയെല്ലാം വിലയിരുത്താനും ഗുരുത്വാകർഷണസിദ്ധാന്തം സംബന്ധിച്ച പഠനത്തിലുമെല്ലാം ഈ അളവ് ഏറെ ഗുണകരമാണ്. ഭൂമി–ചന്ദ്രൻ എന്ന സംവിധാനത്തെപ്പറ്റിയുള്ള പഠനത്തിനും എൽആർഎ വഴി ലഭിക്കുന്ന കണക്ക് നിർണായകമാണ്. മാത്രവുമല്ല, ഭൂമിയുടെ അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങളും ഈ പരീക്ഷണത്തിലൂടെ തിരിച്ചറിയാം. എൽആർഎയിലേക്ക് ലേസർ ബീം അയയ്ക്കുമ്പോൾ അന്തരീക്ഷത്തിലെ ചില ഭാഗങ്ങളിൽ ഈ രശ്മികൾ ചിതറാൻ സാധ്യതയുണ്ട്. അതിനർഥം അന്തരീക്ഷത്തിൽ പതിവില്ലാത്ത വിധം എന്തോ സംഭവിച്ചിരിക്കുന്നു എന്നാണ്. ഇത്തരത്തില്‍ ഭൂമിയെ അന്തരീക്ഷത്തിലെ മാറ്റം പഠിക്കാനും എൽആർഎ സഹായകരമാകും.
പ്രൊപ്പൽഷൻ മൊഡ്യൂളിലെയും ലാൻഡറിലെയും പേലോഡുകളെപ്പറ്റി അറിഞ്ഞു. ഇനി റോവറിലെ പരീക്ഷണ ഉപകരണങ്ങളാണ്. ലാൻഡറിന്റെ വാതിൽ തുറന്ന്, റാംപിലൂടെ പുറത്തിറങ്ങി ചന്ദ്രോപരിതലത്തിൽ നേരിട്ടു സ്പർശിച്ച് പരീക്ഷണം നടത്താൻ സാധിക്കുമെന്നതാണ് റോവറിലെ പേലോഡുകളുടെ പ്രത്യേകത. അതിനാൽത്തന്നെ ചന്ദ്രോപരിതലത്തിലെ പ്രത്യേകതകളായിരിക്കും പ്രധാനമായും എൽഐബിഎസ്, എപിഎക്സ്എസ് എന്നീ ഉപകരണങ്ങൾ പരിശോധിക്കുക. ചന്ദ്രന്‍ എങ്ങനെ രൂപപ്പെട്ടു എന്നത് ഇന്നും ഒരു പ്രഹേളികയാണ്. അതിലേക്കു വെളിച്ചം വീശുന്ന കണ്ടെത്തൽ ഉൾപ്പെടെ ഈ പേലോഡുകൾക്കു നടത്താൻ സാധിക്കും. റോവറിനു നേരിട്ട് ഭൂമിയിലേക്ക് ഡേറ്റ അയയ്ക്കാൻ സാധിക്കാത്തതിനാല്‍ ലാൻഡറായിരിക്കും വിവരങ്ങൾ കൺട്രോൾ സെന്ററിലേക്കു വിടുക.
∙ മൂലയ്ക്കൊതുങ്ങുന്നതല്ല ഐൽഐബിഎസ്
ചന്ദ്രനിൽ ഏതൊക്കെ തരം മൂലകങ്ങളാണുള്ളത്? ഇന്നും ഗവേഷകർക്ക് പൂർണമായൊരു ഉത്തരം നൽകാൻ സാധിച്ചിട്ടില്ല. ചന്ദ്രനിലിറങ്ങിയിട്ടുള്ള റോവറുകളുടെ എണ്ണം കുറവാണെന്നതുതന്നെ കാരണം. റോവർ ചന്ദ്രോപരിതലത്തിലിറങ്ങിയാൽ 14 ദിവസമാണു പ്രവർത്തിക്കുക. അതാണ് ഒരു ചാന്ദ്രദിനം. ആ രണ്ടാഴ്ചകൊണ്ട് ചന്ദ്രോപരിതലത്തിൽനിന്ന് സാംപിൾ ശേഖരിച്ച് അതിൽ ഏതെല്ലാം തരം മൂലകങ്ങൾ അടങ്ങിയിട്ടുണ്ടെന്നും, നിശ്ചിതശതമാനം പ്രദേശത്തെ മണ്ണിൽ എത്ര ശതമാനമുണ്ട് ഓരോ മൂലകമെന്നും പരിശോധിക്കുകയാണ് ഐൽഐബിഎസ് അഥവാ ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്പെക്ട്രോസ്കോപ്പിന്റെ (LASER Induced Breakdown Spectroscope) ദൗത്യം.
ഈ മൂലകങ്ങൾ ഭൂമിയിൽ കാണുന്നവ തന്നെയാണോയെന്നു താരതമ്യം ചെയ്തു നോക്കുകയാണ് ഗവേഷകരുടെ പ്രധാന ലക്ഷ്യം. 450 കോടി വർഷം മുൻപ് ചൊവ്വയോളം വലുപ്പമുള്ള ഒരു ബഹിരാകാശ വസ്തു ഭൂമിയിൽ വന്നിടിച്ചെന്നും അന്നു ചിതറിപ്പോയ ഭാഗങ്ങൾ കൂടിച്ചേർന്നാണ് ചന്ദ്രന്‍ രൂപപ്പെട്ടതെന്നുമൊരു സിദ്ധാന്തമുണ്ട്. ജയന്റ് ഇംപാക്ട് ഹൈപോതിസിസ് എന്ന ഈ നിഗമനം സത്യമാണെങ്കിൽ ചന്ദ്രനിലും ഭൂമിയിലും ഒരേയിനം മൂലകങ്ങളെ കണ്ടെത്താൻ സാധിക്കും. ചന്ദ്രനിലെ മൂലകങ്ങളെ മറ്റു ഗ്രഹങ്ങളിലെ മൂലകങ്ങളുമായും താരതമ്യം ചെയ്യാം. അവയും ചന്ദ്രനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നും പരിശോധിക്കാനാകും.
ചന്ദ്രന്റെ ദക്ഷിധ്രുവത്തിൽ ഐസിന്റെ രൂപത്തിൽ വെള്ളമുണ്ടോയെന്നു പരിശോധിക്കാനും എൽഐബിഎസിനു സാധിക്കും. ഭൂമിയെപ്പോലെയല്ല ചന്ദ്രനിൽ അഗ്നിപർവത സ്പോടനങ്ങളും ഛിന്നഗ്രഹങ്ങളുടെ ഇടിയും തുടരെ സംഭവിച്ചിട്ടുണ്ട്. അതിന്റെ അടയാളങ്ങൾ ലാവ പ്രവാഹങ്ങളായും ഗർത്തങ്ങളായും ചന്ദ്രനില്‍ കാണാം. ഏതൊക്കെ കാലങ്ങളിൽ ചന്ദ്രനിൽ അഗ്നിപർവത സ്ഫോടനകവും ഛിന്നഗ്രഹപതനവുമെല്ലാം നടന്നിട്ടുണ്ടെന്ന് അറിയണമെങ്കിലും മൂലകങ്ങള്‍ പരിശോധിച്ചാല്‍ മതി. സൗരയൂഥത്തിന്റെ രൂപീകരണം സംബന്ധിച്ച നിർണായക തെളിവുകളും ഇതുവഴി ലഭിച്ചേക്കാം.
ഹീലിയം 3 പോലുള്ള ഐസോടോപ്പുകളുടെ സാന്നിധ്യം ചന്ദ്രനിലുണ്ടോയെന്നും പരിശോധിക്കാൻ എൽഐബിഎസിനു സാധിക്കും. ഭാവിയിൽ വിദൂരഗ്രഹ യാത്രകൾക്ക് ഇന്ധനം പകരാന്‍ സഹായിച്ചേക്കാവുന്ന ന്യൂക്ലിയർ ഫ്യൂഷന്‍ റിയാക്ടറുകളിലെ നിർണായക ഇന്ധനമാണ് ഹീലിയം3. അവയുടെ സാന്നിധ്യം ചന്ദ്രനിലുണ്ടെങ്കില്‍ പിന്നെ ബഹിരാകാശ യാത്രകളിലെ ഇടത്താവളമായും ചന്ദ്രനെ മാറ്റാം, കാരണം ആവശ്യത്തിന് ഇന്ധനം ലഭ്യമാണല്ലോ! ഭൂമിയിൽ ഇന്ന് ഒഴിച്ചുകൂടാനാകാത്ത സ്മാർട് ഫോണുകളുടെയും ഒപ്പം ഇലക്ട്രിക് വെഹിക്കിൾ, ടർബൈൻ തുടങ്ങിയവയുടെയും നിർമാണത്തിലെ പ്രധാന ഘടകങ്ങളായ ചില അപൂർവ മൂലകങ്ങൾ ചന്ദ്രനിലുണ്ടോ എന്നറിയുകയും എൽഐബിഎസിന്റെ ലക്ഷ്യമാണ്. ഭൂമിയിൽ ഇവയെല്ലാം ഖനനം ചെയ്തെടുക്കുക വൻ ചെലവാണ്. എന്നാൽ ചന്ദ്രോപരിതലത്തിൽ വൻതോതിൽ ഇവയുടെ സാന്നിധ്യമുണ്ടെന്നറിഞ്ഞാൽ അത് ഭാവിയില്‍ വലിയ മാറ്റങ്ങൾക്കിടയാക്കും. ചന്ദ്രനിലെ മൂലകങ്ങൾക്കു വേണ്ടി ഭാവിയിൽ വിവിധ രാജ്യങ്ങൾ തമ്മില്‍ലൊരു പോരാട്ടം നടന്നാൽപ്പോലും അമ്പരക്കേണ്ടതില്ലെന്നു ചുരുക്കം.
∙ പാറ ‘പിളര്‍ക്കും’ എപിഎക്സ്എസ്
ചന്ദ്രനിൽനിന്നു നേരിട്ടു സാംപിൾ ശേഖരിക്കാൻ സാധിക്കുന്ന യന്ത്രക്കൈകള്‍ ഉൾപ്പെടെയുള്ളതാണ് അതിന്റെ പ്രഗ്യാൻ എന്ന പേരിലുള്ള റോവർ. ഈ യന്ത്രക്കൈയുടെ അറ്റത്തായിരിക്കും എപിഎക്സ്എസിന്റെ (Alpha Particle X-ray Spectrometer–APXS) സാന്നിധ്യം. ചന്ദ്രനിലെ മണ്ണും പാറക്കഷ്ണങ്ങളും ശേഖരിച്ച്, അതിനെപ്പറ്റി പഠിച്ച് വിവരങ്ങൾ ഭൂമിയിലേക്ക് അയയ്ക്കുക എന്നതാണ് ഇതിന്റെ ദൗത്യം. സാംപിൾ ശേഖരിച്ച് ഭൂമിയിലേക്കു കൊണ്ടുപോകാതെതന്നെ പരീക്ഷണങ്ങൾ നടത്താമെന്നു ചുരുക്കം. മഗ്നീഷ്യം, അലൂമിനിയം, സിലിക്കൺ, പൊട്ടാസ്യം, കാത്സ്യം, ടൈറ്റാനിയം, ഇരുമ്പ് എന്നിവയുടെ സാന്നിധ്യം തിരിച്ചറിയുകയെന്നതാണ് എപിഎക്സ്എസിന്റെ പ്രധാന ദൗത്യം.
നാസയുടെ അപ്പോളോ ദൗത്യങ്ങളുടെ കാലം മുതൽ ഈ ഉപകരണം ചന്ദ്രനിലേക്ക് അയയ്ക്കുന്നുണ്ട്. അന്നു മുതൽ ലഭിക്കുന്ന ഓരോ അറിവും ബഹിരാകാശ ഗവേഷകരെ സംബന്ധിച്ചിടത്തോളം അമൂല്യമാണ്. മഗ്നീഷ്യത്തിന്റെ കാര്യമെടുക്കാം. പാറകളിൽ മഗ്നീഷ്യത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ, ഏതു താപനിലയിലും മർദത്തിലുമാണ് പാറകൾ രൂപപ്പെട്ടതെന്നു മനസ്സിലാക്കാന്‍ സാധിക്കും. ഭൂമിയിൽ ലോഹസങ്കരങ്ങളിൽ ഉപയോഗിക്കുന്ന കനംകുറഞ്ഞ മൂലകമാണ് മഗ്നീഷ്യം. അതിനാൽത്തന്നെ വ്യാവസായിക ആവശ്യത്തിൽ നിർണായകവും. സമാനമാണ് അലൂമിനിയത്തിന്റെ കാര്യവും. പാത്രം മുതൽ വമ്പൻ വാഹനങ്ങൾ വരെ നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹമാണ്.
ഇലക്ട്രോണിക് ഉപകരണങ്ങളിലും സെമി കണ്ടക്ടറുകളിലും സോളർ പാനലിലും ഉൾപ്പെടെ വ്യാപകമായി ഉപയോഗിക്കുന്നതാണ് സിലിക്കൺ. പൊട്ടാസ്യമാകട്ടെ മെഡിക്കൽ–വ്യാവസായിക മേഖലയിൽ ഏറെ ഉപകാരപ്പെടുന്ന മൂലകമാണ്. ചന്ദ്രനിൽ ഇതിന്റെ സാന്നിധ്യമുണ്ടെങ്കിൽ അതിനർഥം അവിടെ കൃഷി സാധ്യമാണെന്നാണ്. ചെടികളുടെ വളർച്ചയ്ക്കു വേണ്ട പ്രധാന പോഷകവസ്തുവാണ് പൊട്ടാസ്യം. കാത്സ്യവും ഭൂമിയിൽ ഏറെ വ്യാവസായിക ഉപയോഗമുള്ളതാണ്. മനുഷ്യനു വേണ്ട പ്രധാന പോഷണവസ്തുക്കളിലൊന്നു കൂടിയാണിത്. ടൈറ്റാനിയമാണെങ്കിൽ കനം കുറഞ്ഞ എന്നാൽ കരുത്തേറിയ മൂലകം. അതിനാൽത്തന്നെ ബഹിരാകാശ പേടകങ്ങളിലും വിമാനങ്ങളിലും വരെ ഉപയോഗിക്കുന്നു. ഇരുമ്പിന്റെ ഉപയോഗങ്ങളെന്തെല്ലാമാണെന്ന് പിന്നെ പറയേണ്ടതില്ലല്ലോ. ഇതെല്ലാം ചന്ദ്രനിൽ കണ്ടെത്തിയാൽ പിന്നെ കളി വേറെ ലെവലാണ്. വെറുതെയാണോ ഈ മൂലകങ്ങളെ ഗവേഷകർ ചന്ദ്രനിൽ തിരഞ്ഞു പിടിക്കുന്നത്.
ചന്ദ്രനിൽ ഛിന്നഗ്രഹം പതിച്ചതിന്റെയും ലാവ ഒഴുകിയതിന്റെയുമെല്ലാം വിവരങ്ങൾ ലഭിക്കാനും ഇരുമ്പിന്റെ സാന്നിധ്യത്തിലൂടെ സാധിക്കും. ചന്ദ്രന്റെ ആന്തരികഘടനയെക്കുറിച്ചും നിർണായക വിവരങ്ങൾ നൽകാൻ ഈ മൂലകങ്ങൾക്കാകും. ഈ മൂലകങ്ങൾക്ക് ഭൂമിയിലുള്ളവയുമായി എന്തു വ്യത്യാസമുണ്ടെന്നും മനസ്സിലാക്കാൻ എപിഎക്സ്എസ് സഹായിക്കും. മേൽപ്പറഞ്ഞ മൂലകങ്ങൾ ചന്ദ്രന്റെ അന്തരീക്ഷവും മറ്റുമായി എങ്ങനെ സമ്പർക്കത്തിലേർപ്പെടുന്നുവെന്നും മനസ്സിലാക്കേണ്ടതുണ്ട്. മെറ്റീരിയൽ സയൻസിൽ പുതിയ ജാലകങ്ങൾ തുറക്കുന്നതായിരിക്കും ചന്ദ്രയാൻ 3ന്റെ കണ്ടെത്തലുകളെന്നു ചുരുക്കം. ചന്ദ്രനിൽ മാത്രമായി ചില പ്രത്യേകതരം പാറകൾ എങ്ങനെ രൂപപ്പെട്ടുവെന്നു മനസ്സിലാക്കാനും എപിഎക്സ്എസിന്റെ മൂലകപഠനം സഹായിക്കും.
ചന്ദ്രനെക്കുറിച്ചു മാത്രമല്ല, ഭൂമിയെക്കുറിച്ചും അതുൾക്കൊള്ളുന്ന സൗരയൂഥത്തെക്കുറിച്ചും വിദൂരങ്ങളിൽ ഒളിച്ചിരിക്കുന്ന അറിയപ്പെടാ ഗ്രഹങ്ങളെക്കുറിച്ചുമെല്ലാം നമുക്കു പറഞ്ഞു തരാൻ വേണ്ടിയാണ് മൂന്നാം ചന്ദ്രയാന്റെ യാത്ര. ബഹിരാകാശത്തേക്കുയരുമ്പോൾ അതു ചെറിയൊരു പേടകം മാത്രം, എന്നാൽ വിജയിച്ചാൽ അറിവിന്റെ മഹാസാഗരമായിരിക്കും ഭൂമിയിലേക്കൊഴുകുക. പ്രതീക്ഷിക്കാം, പ്രാർഥിക്കാം ഐഎസ്ആർഒ തലവൻ എസ്. സോമനാഥിന്റെ നേതൃത്വത്തിൽ ഒരുക്കി പറന്നുയരുന്ന ചന്ദ്രയാന്റ 3ന്റെ വിജയത്തിനു വേണ്ടി, ഗവേഷകരുടെ ആ വലിയ പ്രയത്നം ലക്ഷ്യത്തിലെത്താൻ വേണ്ടി...
English Summary: What are the 7 Payloads in ISRO's Chandrayaan-3 Moon Mission? What are its Objectives? Explained