ദേവലോകത്തിലൂടെ മമ്മൂട്ടി, പ്രേമം പേടിച്ച മോനിഷ; വിലാസിനി മുതൽ ജോമോൾ വരെ... എംടി കൈ പിടിച്ചവർ
‘‘നാളെ എനിക്കു വർക്കുണ്ടാവ്വോ സാർ?’’ തൊഴിലാളി നേതാവായി അഭിനയിക്കാൻ വന്ന ജൂനിയർ വക്കീൽ അൽപം സംശയത്തോടെ അദ്ദേഹത്തിനരികിൽ വന്നു ചോദിച്ചു. ഞാൻ പറഞ്ഞു– ‘‘ ഉണ്ടാവില്ല’’. ‘‘എന്നാലൊന്നുവീട്ടിൽ പോയി വരാമായിരുന്നു’’. അയാളൊരു ചിരി ഒതുക്കി പറഞ്ഞു. ‘‘ കല്യാണം കഴിഞ്ഞിട്ട് ഏതാനും ദിവസങ്ങളേ ആയുള്ളൂ’’. ‘‘എന്നോടു നേർത്തേ പറയാമായിരുന്നില്ലേ. രണ്ടു ദിവസം കഴിഞ്ഞിട്ടു വന്നാൽ മതി’’. ആ ജൂനിയർ വക്കീലാണ് പിന്നീട് പ്രസിദ്ധനായ മമ്മൂട്ടിയായത്. പറയുന്നത് മലയാള സിനിമയ്ക്ക് പുതിയൊരു ഭാവുകത്വം നൽകിയ എം.ടി.വാസുദേവൻനായർ.
‘‘നാളെ എനിക്കു വർക്കുണ്ടാവ്വോ സാർ?’’ തൊഴിലാളി നേതാവായി അഭിനയിക്കാൻ വന്ന ജൂനിയർ വക്കീൽ അൽപം സംശയത്തോടെ അദ്ദേഹത്തിനരികിൽ വന്നു ചോദിച്ചു. ഞാൻ പറഞ്ഞു– ‘‘ ഉണ്ടാവില്ല’’. ‘‘എന്നാലൊന്നുവീട്ടിൽ പോയി വരാമായിരുന്നു’’. അയാളൊരു ചിരി ഒതുക്കി പറഞ്ഞു. ‘‘ കല്യാണം കഴിഞ്ഞിട്ട് ഏതാനും ദിവസങ്ങളേ ആയുള്ളൂ’’. ‘‘എന്നോടു നേർത്തേ പറയാമായിരുന്നില്ലേ. രണ്ടു ദിവസം കഴിഞ്ഞിട്ടു വന്നാൽ മതി’’. ആ ജൂനിയർ വക്കീലാണ് പിന്നീട് പ്രസിദ്ധനായ മമ്മൂട്ടിയായത്. പറയുന്നത് മലയാള സിനിമയ്ക്ക് പുതിയൊരു ഭാവുകത്വം നൽകിയ എം.ടി.വാസുദേവൻനായർ.
‘‘നാളെ എനിക്കു വർക്കുണ്ടാവ്വോ സാർ?’’ തൊഴിലാളി നേതാവായി അഭിനയിക്കാൻ വന്ന ജൂനിയർ വക്കീൽ അൽപം സംശയത്തോടെ അദ്ദേഹത്തിനരികിൽ വന്നു ചോദിച്ചു. ഞാൻ പറഞ്ഞു– ‘‘ ഉണ്ടാവില്ല’’. ‘‘എന്നാലൊന്നുവീട്ടിൽ പോയി വരാമായിരുന്നു’’. അയാളൊരു ചിരി ഒതുക്കി പറഞ്ഞു. ‘‘ കല്യാണം കഴിഞ്ഞിട്ട് ഏതാനും ദിവസങ്ങളേ ആയുള്ളൂ’’. ‘‘എന്നോടു നേർത്തേ പറയാമായിരുന്നില്ലേ. രണ്ടു ദിവസം കഴിഞ്ഞിട്ടു വന്നാൽ മതി’’. ആ ജൂനിയർ വക്കീലാണ് പിന്നീട് പ്രസിദ്ധനായ മമ്മൂട്ടിയായത്. പറയുന്നത് മലയാള സിനിമയ്ക്ക് പുതിയൊരു ഭാവുകത്വം നൽകിയ എം.ടി.വാസുദേവൻനായർ.
‘‘നാളെ എനിക്കു വർക്കുണ്ടാവ്വോ സാർ?’’
തൊഴിലാളി നേതാവായി അഭിനയിക്കാൻ വന്ന ജൂനിയർ വക്കീൽ അൽപം സംശയത്തോടെ അദ്ദേഹത്തിനരികിൽ വന്നു ചോദിച്ചു. ഞാൻ പറഞ്ഞു– ‘‘ഉണ്ടാവില്ല’’.
‘‘എന്നാലൊന്നുവീട്ടിൽ പോയി വരാമായിരുന്നു’’. അയാളൊരു ചിരി ഒതുക്കി പറഞ്ഞു. ‘‘കല്യാണം കഴിഞ്ഞിട്ട് ഏതാനും ദിവസങ്ങളേ ആയുള്ളൂ’’.
‘‘എന്നോടു നേർത്തേ പറയാമായിരുന്നില്ലേ. രണ്ടു ദിവസം കഴിഞ്ഞിട്ടു വന്നാൽ മതി’’.
ആ ജൂനിയർ വക്കീലാണ് പിന്നീട് പ്രസിദ്ധനായ മമ്മൂട്ടിയായത്. പറയുന്നത് മലയാള സിനിമയ്ക്ക് പുതിയൊരു ഭാവുകത്വം നൽകിയ എം.ടി.വാസുദേവൻനായർ. ഒരുപാടു പേർക്ക് മലയാള സിനിമയിൽ മേൽവിലാസം നൽകിയ എംടി താൻ ജീവിതം നൽകിയ താരങ്ങളെക്കുറിച്ചു പറയുകയാണ്. കുട്ട്യേടത്തി വിലാസിനി മുതൽ ജോമോൾ വരെ... പി.ജെ.ആന്റണി മുതൽ വിനീത് വരെ. അദ്ദേഹം കൈപിടിച്ചുയർത്തിയ നടീനടന്മാരെ ഇപ്പോഴും ഓർക്കുന്നത് എംടിയുടെ കഥാപാത്രങ്ങളുടെ പേരിലാണ്. വിനീത് എന്നുപറയുമ്പോൾ നഖക്ഷതങ്ങളിലെ മീശമുളയ്ക്കാത്ത കൗമാരക്കാരനായിട്ടേ മലയാളി ഓർക്കൂ. അകാലത്തിൽ പൊലിഞ്ഞ മോനിഷയെയും ഓർക്കുന്നത് എംടിയുടെ നഖക്ഷതങ്ങളിലെ നായികയായിട്ടാണ്.
∙ ദേവലോകത്തേക്ക് മമ്മൂട്ടി
1976. സിപിഎമ്മിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജനശക്തി ഫിലിംസ് സിനിമാ നിർമാണരംഗത്തേക്കു കടന്നുവന്ന സമയം. പി.എ.ബക്കറിന്റെ ‘കബനീനദി ചുവന്നപ്പോൾ’, ജി.എസ്.പണിക്കരുടെ ‘ഏകാകിനി’, ജോൺ ഏബ്രഹാമിന്റെ ‘അഗ്രഹാരത്തിലെ കഴുത’ എന്നീ ചിത്രങ്ങൾ വിതരണത്തിനെടുത്തുകൊണ്ടാണ് ജനശക്തി സിനിമയിൽ ഇടപെടാൻ തുടങ്ങിയത്. കയ്യൂർ സമരത്തെക്കുറിച്ച് മൃണാൾസെൻ സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു ജനശക്തി നിർമിക്കാൻ തീരുമാനിച്ച ആദ്യചിത്രം. തൊട്ടുപിന്നാലെ ചെറുകാടിന്റെ ‘ദേവലോകം’ എന്ന നോവൽ സിനിമയാക്കണം.
അതിന്റെ തിരക്കഥയെഴുതാൻ ജനശക്തി ഫിലിംസിന്റെ ആളുകൾ എംടിയെ ഏൽപിച്ചു. പാലക്കാട്ടെ കമ്യൂണിസ്റ്റ് നേതാവ് ജയപാലൻ മേനോനാണ് എംടിയെ നിർബന്ധിച്ചത്. സിനിമാ ചർച്ചയുടെ ഭാഗമായി എറണാകുളത്തെ ഭാരത് ടൂറിസ്റ്റ് ഹോമിൽ എംടി ഇരിക്കുമ്പോൾ മൂന്നു ചെറുപ്പക്കാർ കാണാൻ വന്നു. അതിലൊരാൾ മമ്മൂട്ടിയായിരുന്നു. അന്ന് സിനിമയെക്കുറിച്ച് ജൂനിയർ വക്കീൽ താൽപര്യത്തോടെ സംസാരിച്ചത് എംടിക്ക് ഓർമയുണ്ടായിരുന്നു. ദേവലോകത്തിനു കാസ്റ്റിങ് സമയമായപ്പോൾ എംടിക്ക് ആ ചെറുപ്പക്കാരന്റെ മുഖം ഓർമവന്നു. അങ്ങനെയാണ് തൊഴിലാളി നേതാവായി അഭിനയിക്കാൻ വിളിക്കുന്നത്.
പക്ഷേ, ആ സിനിമ മുഴുവനായില്ല. പണം ഇല്ലാതെ വന്നപ്പോൾ ചിത്രീകരണം പകുതിവഴിക്കു നിർത്തി. പാർട്ടി ജനശക്തി ഫിലിംസിനെ കയ്യൊഴിഞ്ഞു. പക്ഷേ, മലയാള സിനിമയ്ക്ക് അതിലും വലിയൊരു സമ്മാനം എംടി സമ്മാനിച്ചു. ആ പേര് ദേശീയതലത്തിൽ വരെ എത്തി. അതായിരുന്നു മമ്മൂട്ടി. പിന്നീട് എംടിയുടെ ഒട്ടേറെ ചിത്രങ്ങളിൽ മമ്മൂട്ടി അഭിനയിച്ചു. ഒരു വടക്കൻ വീരഗാഥയും പഴശ്ശിരാജയുമൊക്കെ മലയാള സിനിമാ ചരിത്രത്തിന്റെ സുവർണ ഏടുകളാണ്. അന്നത്തെ ആ ജൂനിയർ വക്കീലിന്റെ അഭിനയതൃഷ്ണ എംടി കാണാതെ പോയിരുന്നെങ്കിലോ?
∙ കന്നഡയിൽനിന്ന് ഗീത
ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട നക്സൽ നേതാവിന് അമ്മയെ കാണാൻ പരോൾ ലഭിക്കുന്നു. ഇങ്ങനെയൊരു വാർത്ത വായിച്ചപ്പോഴാണ് അതിലൊരു സിനിമയുടെ ത്രെഡ് ഉണ്ടെന്ന് എംടിക്കു തോന്നുന്നത്. സെവൻ ആർട്സ് വിജയകുമാർ സിനിമ നിർമിക്കാൻ തീരുമാനിച്ച സമയം. നക്സൽ നേതാവ് അജിതയുടെയൊക്കെ ജീവിതം അന്ന് കേരള രാഷ്ട്രീയത്തിൽ കത്തിനിൽക്കുന്ന സമയമാണ്. സംവിധായകൻ ഹരിഹരനുമായുള്ള ചർച്ചയിൽ നക്സൽ നേതാവായി ഒരു സ്ത്രീയെ മാറ്റാമെന്നു തീരുമാനിച്ചു. ആ വേഷം ചെയ്യാനൊരാളെ വേണം. മുഖശ്രീ വേണം. നല്ല പൊക്കവും ഒത്ത ശരീരവും. പക്ഷേ ഗ്ലാമറസ് ആകരുത്. പക്വതയാർന്ന ഭാവം, അകത്തു സംഘർഷങ്ങളുടെ ഭാവം വേണം. ഇതായിരുന്നു നായികയെക്കുറിച്ചുള്ള ആദ്യ കാഴ്ചപ്പാട്.
മംഗളൂരുവിലെ സുഹൃത്തുക്കളാണ് കന്നഡ നടിയെക്കുറിച്ചു പറയുന്നത്. കന്നഡത്തിൽ കുറേ ചിത്രങ്ങളിൽ നായികയായിട്ടുണ്ട്. സിനിമാ മാസികളിൽ അവരുടെ ചിത്രങ്ങൾ കണ്ടപ്പോൾ എംടിക്കു പിടിച്ചു. അങ്ങനെ മദ്രാസിൽ അവരെ കാണാൻ പോയി. ആദ്യ കാഴ്ചയിൽ തന്നെ എംടി അവരിൽ പഞ്ചാഗ്നിയിലെ നായിക ഇന്ദിരയെ കണ്ടു. എന്നാൽ നായിക തയാറായില്ല. മലയാളത്തിൽ അഭിനയിക്കാൻ പ്രയാസമാണെന്നു പറഞ്ഞു. കന്നഡത്തിലെ തിരക്കല്ല കാരണം, ഭാഷ പഠിക്കാനുള്ള പ്രയാസം. ചിത്രീകരണത്തിനു മുൻപായി സംഭാഷണമൊക്കെ പഠിപ്പിക്കാമെന്ന് എംടി സമ്മതിച്ചു. അങ്ങനെയാണ് അവർ തയാറാകുന്നത്. ആ നടിയാണ് ഗീത. പിന്നീട് മമ്മൂട്ടിക്കും മോഹൻലാലിനും സുരേഷ് ഗോപിക്കുമൊപ്പം ഒട്ടേറെ ചിത്രങ്ങളിൽ നായികയായി തിളങ്ങിയ ഗീത.
∙ പ്രേമിക്കാൻ പേടിച്ച മോനിഷ
നാണംകുണുങ്ങിയായി അച്ഛനു പിറകിൽ നിൽക്കുന്ന പെൺകുട്ടി. കാൽമുട്ടും കഴിഞ്ഞ് നീണ്ടുകിടക്കുന്ന മുടി. വലിയ കണ്ണുകൾ, മനോഹരമായ മന്ദഹാസം. ആദ്യകാഴ്ചയിൽ തന്നെ എംടി അവളിൽ തന്റെ ‘നഖക്ഷതങ്ങളി’ലെ നായികയെ കണ്ടു. അച്ഛൻ ഉണ്ണിക്കും അമ്മ ശ്രീദേവിക്കുമൊപ്പം മദ്രാസിലെ ഹോട്ടലിൽ എത്തിയ മോനിഷയെക്കുറിച്ചാണു എംടി പറയുന്നത്. മകളുടെ പഠിപ്പിനു തടസ്സമാകുന്ന അഭിനയമൊന്നും വേണ്ടെന്ന പക്ഷക്കാരനായിരുന്നു അച്ഛൻ. പക്ഷേ, എംടി വിളിച്ചതിനാൽ അമ്മ ശ്രീദേവിക്കു സമ്മതവും. സംവിധായകൻ ഹരിഹരൻ കഥ പറഞ്ഞുകേൾപ്പിച്ചു. 16 വയസ്സുകാരനും 14 വയസ്സുകാരിയും തമ്മിലുള്ള പ്രണയമായിരുന്നു ഇതിവൃത്തം.
കഥ കേട്ടപ്പോൾ മോനിഷയ്ക്കൊരു സംശയം. ഭയങ്കര പ്രേമരംഗങ്ങളൊക്കെയുണ്ടാകുമോയെന്ന്. ഇല്ലെന്ന് എംടി ഉറപ്പുനൽകി. അങ്ങനെയാണ് മോനിഷ നഖക്ഷതങ്ങളിലൂടെ മലയാളത്തിലേക്ക് വിടർന്ന കണ്ണുകളും മനോഹരമായ മന്ദഹാസവുമായി കടന്നുവന്നത്. ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് മോനിഷയ്ക്കായിരുന്നു. നഖക്ഷതങ്ങൾക്കു ശേഷവും എംടിയുടെ ചിത്രങ്ങളിൽ മോനിഷ അഭിനയിച്ചു. പെരുന്തച്ചൻ, കടവ്, വേനൽക്കിനാവുകൾ എന്നീ ചിത്രങ്ങളിൽ.
എംടിയുടെ പെരുന്തച്ചനിലൂടെയാണ് വിനയപ്രസാദ് മലയാളത്തിലെത്തുന്നത്. ഭാർഗവി തമ്പുരാട്ടിയെ കിട്ടാതെ ചിത്രീകരണം മുടങ്ങുന്ന സമയത്താണ് വിനയ പ്രസാദിനെ കണ്ടെത്തുന്നത്. മോനിഷയെയായിരുന്നു രണ്ടുവേഷത്തിലേക്കും ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ തമ്പുരാട്ടിയായി വേറെയാളുവേണമെന്നായി. പലരെയും പരിഗണിച്ചു. സ്വർണത്തിൽ കടഞ്ഞെടുത്ത ദേവീവിഗ്രഹം എന്നായിരുന്നു പെരുന്തച്ചനിലെ ഭാർഗവി തമ്പുരാട്ടിയെക്കുറിച്ച് എംടി സംവിധായകൻ അജയനോടു പറഞ്ഞത്. അതുപോലൊരു നടിയെ സംവിധായകനും എംടിയും കണ്ടെത്തിയത് കന്നടത്തിൽ നിന്നുതന്നെ. ബെംഗളൂരുവിലായിരുന്നു വിനയ പ്രസാദ് താമസിച്ചിരുന്നത്. പെരുന്തച്ചന്റെ മനസ്സിളക്കുന്ന സൗന്ദര്യമുള്ള തമ്പുരാട്ടിയായി വിനയ പ്രസാദ് സിനിമയിൽ തിളങ്ങി.
∙ നൃത്തവേദിയിൽനിന്ന് വിനീത്
എംടിയുടെ ഭാര്യ സരസ്വതിയുടെ ‘നൃത്യാലയ’ എന്ന സ്ഥാപനത്തിൽ നൃത്തം പഠിക്കുന്ന വിനീതിനെ നായകനാക്കാൻ എംടി തീരുമാനിച്ചിരുന്നു. രണ്ടുവർഷം സ്കൂൾ യുവജനോത്സവത്തിൽ നൃത്തം ചെയ്ത് ശ്രദ്ധേയനായിരുന്നു വിനീത്. കോഴിക്കോട്ടെ വ്യാപാരിയായ കെ.ടി.രഘുനാഥന്റെ സഹോദരൻ കെ.ടി.രാധാകൃഷ്ണന്റെ മകനാണ് വിനീത്. രാധാകൃഷ്ണൻ തലശ്ശേരിയിലെ പ്രമുഖ വക്കീലാണ്. അമ്മ ഡോ. ശാന്തകുമാരി. പ്രശസ്ത നടി പത്മിനിയെ വിവാഹം കഴിച്ചത് രാധാകൃഷ്ണന്റെ സഹോദരൻ ഡോ. കെ.ടി.രാമചന്ദ്രനാണ്. നൃത്യാലയത്തിലെ വിനീതിന്റെ നടനപാടവം കണ്ടാണ് എംടി നഖക്ഷതങ്ങളിലേക്ക് വിനീതിനെ നായകനായി തീരുമാനിക്കുന്നത്.
നൃത്യാലയയിലെ ഒരു പെൺകുട്ടിയെയായിരുന്നു മോനിഷ ചെയ്ത വേഷം ചെയ്യാൻ ആദ്യം കണ്ടിരുന്നത്. എന്നാൽ കുട്ടിയുടെ മുത്തശ്ശി സമ്മതം കൊടുത്തില്ല. മോനിഷയുടെ നൃത്താരങ്ങേറ്റം നടന്നത് കോഴിക്കോട്ടുവച്ചായിരുന്നു. അതിന്റെയൊരു ബ്രോഷറിൽ മോനിഷയുടെ ചിത്രം കണ്ടിരുന്നു. മോനിഷയുടെ കുടുംബവും എംടിയുമായി നല്ല ബന്ധവും. അങ്ങനെയാണ് ഒടുവിൽ മോനിഷയെ നായികയാക്കാമെന്നു തീരുമാനിക്കുന്നത്. ഈ സമയം മോനിഷ ബംഗളൂരു ബിഷപ്പ് കോട്ടൻ കോൺവെന്റ് സ്കൂളിൽ ഏഴാംക്ലാസ് വിദ്യാർഥിയായിരുന്നു. നടിയും നർത്തകിയുമായ പത്മിനി പ്രിയദർശിനിയുടെ കീഴിൽ നൃത്തം പഠിച്ചുവരികയായിരുന്നു.
ഒരു വടക്കൻ വീരഗാഥയിൽ ഉണ്ണിയാർച്ചയുടെ ചെറുപ്പം അഭിനയിച്ചുകൊണ്ടാണ് ജോമോൾ സിനിമയിലേക്കു വരുന്നത്. എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിനു ശേഷം ‘എന്നു സ്വന്തം ജാനകിക്കുട്ടി’ എന്ന ചിത്രത്തിൽ ജോമോൾ നായികയായി.
∙ കുട്ട്യേടത്തി വിലാസിനി
‘‘വിലാസിനീ, നിനക്ക് നല്ലൊരു വേഷം ഒരുങ്ങുന്നുണ്ട്. നായികയായിട്ട്.’’. നാടകത്തിലെ മേക്കപ്പ്മാൻ രാഘവൻ പറഞ്ഞപ്പോൾ വിലാസിനി വിശ്വസിച്ചില്ല. തൃശൂരിൽ നിന്നു കോഴിക്കോട്ടെത്തി, നല്ല നാടകനടിയെന്നു പേരെടുത്തു വരുന്ന സമയം. ചില സിനിമകളിൽ ചെറിയ വേഷത്തിൽ മുഖം കാണിക്കാനുള്ള അവസരം ലഭിച്ചിരുന്നു വിലാസിനിക്ക്. എന്നാൽ തന്നെ കാത്തിരിക്കുന്നത് വലിയൊരു വേഷമാണെന്ന് അവർ അറിഞ്ഞിരുന്നില്ല.
കെ.ടി.രവി സംവിധാനം ചെയ്ത എംഎൽഎ എന്ന നാടകത്തിൽ വിലാസിനി അഭിനയിച്ചു തകർക്കുകയാണ്. കോഴിക്കോട് ടൗൺഹാൾ ആണു വേദി. രാഷ്ട്രീയക്കാർ വഴിപിഴപ്പിച്ച് ഒടുവിൽ ഭ്രാന്തിയായിപ്പോയ പെൺകുട്ടിയുടെ വേഷം. നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് ആ നാടകം ഏറ്റുവാങ്ങിയത്. വേഷമെല്ലാം അഴിച്ചുവച്ച് പുറത്തിറങ്ങുമ്പോൾ രണ്ടാൾ വിലാസിനിയെ കാണാൻ വന്നിരിക്കുന്നു. എം.ടി.വാസുദേവൻ നായരും സംവിധായകൻ പി.എൻ. മേനോനും.
‘‘വിലാസിനിയുടെ അഭിനയം നന്നായി’’-പി.എൻ. മേനോൻ പറഞ്ഞു.
വിലാസിനി സന്തോഷത്തോടെ കൈകൂപ്പി. ‘‘വിലാസിനിയാണ് ഞങ്ങളുടെ അടുത്ത സിനിമയിൽ നായിക’’- എം.ടിയുടെ ആ വാക്കുകൾ അവർക്കിപ്പോഴും ഓർമയുണ്ട്. അന്നേരം പിറകിൽ നിന്ന് രാഘവൻ കയറിവന്നു.
‘‘എന്താ വിലാസിനീ വിശ്വാസം വരുന്നില്ലേ’’- അദ്ദേഹം ചോദിച്ചു.
‘‘ഞാൻ പറയാറില്ലേ. നിനക്കൊരു നായികാ വേഷം വരുന്നുണ്ടെന്ന്. എം.ടിയുടെ കുട്ട്യേടത്തി എന്ന കഥ മേനോൻ സംവിധാനം ചെയ്യുന്നു. അതിൽ നായികയായ കുട്ട്യേടത്തിയായി വിലാസിനിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്’’-രാഘവൻ പറഞ്ഞു.
എംടിയുടെ കോഴിക്കോട്ടെ വീട്ടിൽ വച്ചാണ് അദ്ദേഹം വിലാസിനിക്കു കഥ പറഞ്ഞുകൊടുത്തത്. അദ്ദേഹം കുട്ട്യേടത്തി എന്ന പുസ്തകം വിലാസിക്കു കൊടുത്തു. എന്നിട്ട് വേഷത്തെക്കുറിച്ചു പറഞ്ഞു കൊടുത്തു. രൂപം പെണ്ണിന്റെതും സ്വഭാവം ആണിന്റെതും, അതാണ് കുട്ട്യേടത്തി(മാളൂട്ടി)- അദ്ദേഹം വിശദീകരിച്ചു. ഷൊർണൂരിൽ വച്ചായിരുന്നു ഷൂട്ടിങ്. സത്യനായിരുന്നു നായകൻ. ബാലൻ കെ.നായർ, ഫിലോമിന, കുതിരവട്ടം പപ്പു, ശാന്താദേവി എന്നിവരായിരുന്നു മറ്റു താരങ്ങൾ. കുട്ട്യേടത്തിക്ക് ദേശീയ അവാർഡ് കിട്ടിയ വിവരം പി.എൻ. മേനോൻ ആണ് വിലാസിനിയെ വിളിച്ചറിയിക്കുന്നത്. നടിക്കുള്ള സ്‌പെഷൽ ജൂറി പുരസ്‌കാരമായിരുന്നു വിലാസിനിക്ക്.
∙ അവസരം ലഭിക്കാതെ പോയ സന്തോഷ്
എംടി വേഷം നൽകിയ മിക്ക താരങ്ങളും മലയാളത്തിലെ മുൻനിരയിലെത്തി. എന്നാൽ ഒറ്റ സിനിമയിൽ മാത്രം അഭിനയിച്ച് പിന്നീട് അറിയപ്പെടാതെ പോയൊരു നടനുണ്ട്. കടവ് എന്ന സിനിയിലെ നായകനെ അവതരിപ്പിച്ച സന്തോഷ് ആന്റണി. എസ്.കെ.പൊറ്റെക്കാട്ടിന്റെ കടവു തോണി എന്ന കഥയിൽ നിന്നുള്ള പ്രചോദനം കൊണ്ടാണ് എംടി കടവ് എന്ന ചിത്രം സംവിധാനം ചെയ്തത്. ചെറിയൊരു ചിത്രമായിരുന്നു കടവ്. അതിൽ ഗ്രാമത്തിന്റെ നിഷ്കളങ്കതയുള്ള ഒരു നടനെ വേണമായിരുന്നു.
കോഴിക്കോട്ടുനിന്ന് ഒട്ടേറെ കൗമാരക്കാരെ നോക്കിയെങ്കിലും ആരെയും ഇഷ്ടപ്പെട്ടില്ല. എല്ലാവർക്കും നഗരത്തിന്റെ ഭാവമായിരുന്നു. ഒടുവിൽ എംടിയുടെ സുഹൃത്ത് മത്തായി ഒരു പയ്യനെയും കൊണ്ടുവന്നു. അതുവരെ സിനിമ പോലും കണ്ടിട്ടില്ലാത്ത സന്തോഷ് ആന്റണി. അവൻ മുറിയിലേക്കു കടന്നുവന്നപ്പോൾ തന്നെ എംടിക്ക് ഇഷ്ടമായി. താൻ തേടി നടന്ന നായകൻ. അവന്റെ നോട്ടത്തിൽ പോലും ഗ്രാമീണഭാവമായിരുന്നു. കടവ് ദേശീയതലത്തിൽ ശ്രദ്ധേയമായി. എന്നാൽ സന്തോഷിനെ പിന്നീട് മലയാള സിനിമ കണ്ടില്ല. മലയോരത്ത് ഒരു ലോറി ഡ്രൈവറായി ജോലി ചെയ്യുകയാണ് സന്തോഷിപ്പോൾ.
English Summary : MT Speaks About The Movie Stars Introduced by Him