‘ദൈവം നിന്നെ സൃഷ്ടിച്ചത് പാട്ടുപാടാനാണ്’: എത്ര പാടിയാലും മതിവരാത്ത ഗായിക, എത്രയെത്ര ശബ്ദചിത്രങ്ങൾ
ഓരോ പാട്ടിലും ചിത്ര വരച്ചിടുന്ന ശബ്ദചിത്രങ്ങൾ എത്രയെത്ര! അത്രയോ അതിലേറെയോ ഉണ്ട് ആ ഗാനങ്ങളിലെ ഓർമച്ചിത്രങ്ങൾ. ഓരോ ശ്രുതിയിൽനിന്നും പറന്നുയരുന്ന നാദശലഭങ്ങളാണ് ആ വർണചിത്രങ്ങളൊക്കെയും. കാതുകളിൽ പെയ്തുനിറയുന്ന പാട്ടിലേക്കു ചിത്ര വന്നു പതിയുന്നത് അത്രയേറെ ആനന്ദാതിരേകത്തോടെയാണല്ലോ.
ഓരോ പാട്ടിലും ചിത്ര വരച്ചിടുന്ന ശബ്ദചിത്രങ്ങൾ എത്രയെത്ര! അത്രയോ അതിലേറെയോ ഉണ്ട് ആ ഗാനങ്ങളിലെ ഓർമച്ചിത്രങ്ങൾ. ഓരോ ശ്രുതിയിൽനിന്നും പറന്നുയരുന്ന നാദശലഭങ്ങളാണ് ആ വർണചിത്രങ്ങളൊക്കെയും. കാതുകളിൽ പെയ്തുനിറയുന്ന പാട്ടിലേക്കു ചിത്ര വന്നു പതിയുന്നത് അത്രയേറെ ആനന്ദാതിരേകത്തോടെയാണല്ലോ.
ഓരോ പാട്ടിലും ചിത്ര വരച്ചിടുന്ന ശബ്ദചിത്രങ്ങൾ എത്രയെത്ര! അത്രയോ അതിലേറെയോ ഉണ്ട് ആ ഗാനങ്ങളിലെ ഓർമച്ചിത്രങ്ങൾ. ഓരോ ശ്രുതിയിൽനിന്നും പറന്നുയരുന്ന നാദശലഭങ്ങളാണ് ആ വർണചിത്രങ്ങളൊക്കെയും. കാതുകളിൽ പെയ്തുനിറയുന്ന പാട്ടിലേക്കു ചിത്ര വന്നു പതിയുന്നത് അത്രയേറെ ആനന്ദാതിരേകത്തോടെയാണല്ലോ.
ഓരോ പാട്ടിലും ചിത്ര വരച്ചിടുന്ന ശബ്ദചിത്രങ്ങൾ എത്രയെത്ര! അത്രയോ അതിലേറെയോ ഉണ്ട് ആ ഗാനങ്ങളിലെ ഓർമച്ചിത്രങ്ങൾ. ഓരോ ശ്രുതിയിൽനിന്നും പറന്നുയരുന്ന നാദശലഭങ്ങളാണ് ആ വർണചിത്രങ്ങളൊക്കെയും. കാതുകളിൽ പെയ്തുനിറയുന്ന പാട്ടിലേക്കു ചിത്ര വന്നു പതിയുന്നത് അത്രയേറെ ആനന്ദാതിരേകത്തോടെയാണല്ലോ.
∙ തളിരണിയുന്നു, പാട്ടിന്റെ വസന്തം
‘അട്ടഹാസ’ത്തിലെ ‘ചെല്ലം ചെല്ലം...’, ‘നവംബറിന്റെ നഷ്ട’ത്തിലെ ‘അരികിലോ അകലെയോ...’ എന്ന അരുന്ധതിക്കൊപ്പമുള്ള ഗാനം എന്നിവ കഴിഞ്ഞ് കെ.എസ്.ചിത്രയെ അടയാളപ്പെടുത്തിയ ആദ്യ സിനിമയാണ് ‘ഞാൻ ഏകനാണ്’. ഈ മൂന്നു സിനിമകളിലും ഗാനമൊരുക്കിയത് എം.ജി.രാധാകൃഷ്ണൻ.
ചിത്രയെന്ന ഗായികയെ ഗാനാസ്വാദകരിൽ പിടിച്ചുനിർത്തി, ‘ഞാൻ ഏകനാണ്’. നടൻ മധു നിർമിച്ച ഈ സിനിമയ്ക്കു പാട്ടുകളെഴുതാൻ നിയോഗിക്കപ്പെട്ടത് സത്യൻ അന്തിക്കാട്. ആ സിനിമയുടെ സംവിധായകൻ പി.ചന്ദ്രകുമാറിന്റെ സഹായികൂടിയാണ് സത്യൻ അന്ന്. കംപോസിങ്ങിന് എം.ജി.രാധാകൃഷ്ണന്റെ വീട്ടിലേക്കു കയറിച്ചെന്നപ്പോൾ കണ്ട ചിത്രയെന്ന ആദ്യചിത്രം സത്യന് ഇന്നും സുഖമുള്ളൊരു ശ്രുതിയാണ്.
എഴുതിയിട്ടു ട്യൂൺ ചെയ്യണോ അതോ പാട്ടിനൊരു രൂപമുണ്ടാക്കിയിട്ട് എഴുതണോ എന്ന് എം.ജി.രാധാകൃഷ്ണൻ സത്യനോടു ചോദിച്ചു. അതിനു മുൻപേ സത്യൻ കൂടുതൽ പാട്ടുകൾ ചെയ്തിട്ടുള്ളത് എ.ടി.ഉമ്മറിനും ശ്യാമിനുമൊക്കെ ഒപ്പമാണ്. അവരുടെ ശൈലി ആദ്യം സംഗീതമൊരുക്കുകയാണ്. അങ്ങനെതന്നെയാകാമെന്നു സത്യൻ. എം.ജി.രാധാകൃഷ്ണനൊപ്പം സത്യന്റെ ആദ്യ സിനിമയാണ്. (അതിനുശേഷം രാധാകൃഷ്ണനും സത്യനും ചേർന്നു സിനിമകൾ ഉണ്ടായതുമില്ല!)
‘‘മൂന്നു പാട്ടുകളുണ്ട്: രജനീ പറയൂ..., ഓ മൃദുലേ..., പ്രണയവസന്തം തളിരണിയുമ്പോൾ... ‘സംഗീതസംവിധായകൻ പാടിപ്പഠിപ്പിക്കുമ്പോൾ ഒപ്പുകടലാസ് പോലെ പാടിപ്പതിയുകയാണ് ചിത്ര. ചിത്രാഞ്ജലി സ്റ്റുഡിയോയിലെ റിക്കോർഡിങ് റൂമിൽനിന്നുയർന്ന കറകളഞ്ഞ മലയാളിത്തമുള്ള ആ ശബ്ദം ഇപ്പുറത്തു വോയ്സ് റൂമിലിരിക്കുമ്പോൾ ഞാൻ വല്ലാത്തൊരു സുഖത്തോടെ അനുഭവിച്ചു. ആ ഓർമയ്ക്ക് ഇന്ന് അതിലേറെ മാധുര്യമുണ്ട്. കാരണം, ‘രജനീ പറയൂ...’ എന്ന ആ ഗാനം ചിത്രയെ മലയാളിമനസ്സുകളിൽ ഉറപ്പിച്ച ആദ്യ സിനിമാഗാനമായിരുന്നു. അതിന്റെ വരികൾ എന്റേതാണെന്ന സന്തോഷം ഒരിക്കലും മായാത്ത ചരിത്രചിത്രമാണല്ലോ!’’–സത്യന്റെ ഉള്ളിൽ എപ്പോഴുമുണ്ട് അന്നത്തെ ആ ചിത്രഗീതം.
വാസ്തവത്തിൽ ‘രജനീ പറയൂ...’ മറ്റൊരു ഗായികയ്ക്കുവേണ്ടിയാണ് ഉദ്ദേശിച്ചത്. ആദ്യം റിക്കോർഡ് ചെയ്തതു മാറ്റി രണ്ടാമത് ഒന്നുകൂടി ചെയ്യാൻ തോന്നിയപ്പോൾ അവരെ കിട്ടാനില്ല. അങ്ങനെ ആ പാട്ടുകൂടി ചിത്രയെക്കൊണ്ടു പാടിക്കുകയായിരുന്നെന്നു സത്യൻ ഓർക്കുന്നു. അത് ചിത്രയുടെ സംഗീതജാതകം മാറ്റിയെഴുതുകയും ചെയ്തു.
പിന്നീടു സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഒരുപാടു സിനിമകളിലെ ഗാനശബ്ദമായി ചിത്ര. അതിൽ ഏറെ ഹൃദയാർദ്രമായൊരു ഓർമയാണ് ‘സ്നേഹവീടി’ലെ ‘ചെങ്കതിർ കയ്യുംവീശി...’ എന്ന ഗാനത്തിന്റെ റിക്കോർഡിങ്.
അമ്മയും മകനും തമ്മിലും അച്ഛനും മകനും തമ്മിലുമൊക്കെയുള്ള ഗാഢബന്ധമാണ് സിനിമയിൽ. പാടാൻ ഇളയരാജ വിളിക്കുമ്പോൾ ചിത്രയുടെ മകൾ മരിച്ചിട്ട് അധികമായിട്ടില്ല. ആദ്യം ചിത്ര വരാൻതന്നെ മടിച്ചു. രാജായുടെ നിർബന്ധത്തിൽ ചെന്നൈ പ്രസാദ് സ്റ്റുഡിയോയിലെത്തി. റിക്കോർഡിങ് റൂമിന്റെ മുന്നിൽ വന്നുനിന്ന് ചിത്ര പൊട്ടിപ്പൊട്ടിക്കരഞ്ഞു. കരഞ്ഞുതീരുംവരെ രാജ ആശ്വാസവാക്കുകളൊന്നും പറഞ്ഞില്ല. കയ്യും കെട്ടിയിരുന്നു. ചിത്രയുടെ പാട്ടിനെ തടയാൻ തോന്നാത്തതുപോലെ, ആ കരച്ചിലിനു ഭംഗം വരുത്താനും അദ്ദേഹത്തിനു തോന്നിക്കാണില്ല. ചിത്രയൊന്നു ശാന്തയായപ്പോൾ ഇളയരാജ പറഞ്ഞു: ‘ചിത്ര, നിന്നെ ദൈവം സൃഷ്ടിച്ചത് പാട്ടു പാടാനായാണ്. അതാണ് നിന്റെ ജീവിതം.’. വിളിച്ചുകൊണ്ടുപോയി രാജ ചിത്രയെ പാടിച്ചത് സത്യന്റെ മനസ്സിലെ മറ്റൊരു മായാച്ചിത്രം.
‘അന്ന് എം.ജി.രാധാകൃഷ്ണന്റെ വീട്ടിൽ ആദ്യം കണ്ട ചിത്രയാണ് ഇന്നും. ഒരു മാറ്റവുമില്ല. എന്റെ വരികളിൽ ചിത്ര ആദ്യം പാടിയ ‘രജനീ പറയൂ...’ എന്ന ഗാനത്തോളമോ അതിലേറെയോ എനിക്ക് എന്നും പ്രിയപ്പെട്ടതാണ് ‘പൊൻമുട്ടയിടുന്ന താറാവി’ലെ ‘കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കുംനേരം...’ എന്ന പാട്ട്. ഒഎൻവി എഴുതിയ ആ വരികളുടെ മലയാളിത്തം അത്രയേറെ ആ ചിത്രഗാനത്തിലുണ്ട്’–സത്യൻ അടിവരയിടുന്നു.
∙ പാടി മതിയാവാത്ത നീലക്കുരുവി
പാട്ടിന്റെ ‘കതിരോലപ്പന്തലൊരുക്കി’യാണ് ചിത്രയെന്ന ശബ്ദത്തെ തന്റെ ഗാനസമ്പാദ്യം വരവേറ്റതെന്ന് ഗാനരചയിതാവ് പി.കെ.ഗോപി ഓർക്കുന്നു. ‘പെരുവണ്ണാപുരത്തെ വിശേഷങ്ങളി’ലെ ഈ ഗാനത്തോടെയാണ് ഗോപിയുടെ വരികളിൽ ചിത്രയുടെ ശബ്ദം പതിയുന്നത്. അതിനു മുൻപു ചിത്രയും ചേച്ചി ബീനയും അദ്ദേഹത്തിന്റെ വരികൾ ആകാശവാണിയിൽ പാടിയിട്ടുണ്ട്. പക്ഷേ, നേരിൽ കണ്ടിട്ടില്ല.
‘നാരായം’ എന്ന സിനിമയിലെ ‘ശ്രീരാമനാമം ജപസാരസാഗരം...’ എന്ന പി.കെ.ഗോപിയുടെ രചനയ്ക്ക് ഈണമിട്ടത് ജോൺസൺ. റിക്കാർഡിങ് കഴിഞ്ഞപ്പോൾ ജോൺസൺ തമാശയോടെ പറഞ്ഞു: ‘അങ്ങനെ ചിത്രച്ചേച്ചിക്ക് ഒരു ഹിറ്റ് പാട്ടുകൂടിയായി. ഗോപിയണ്ണന്റെ പേരിൽ എക്കാലവും ഓർക്കാവുന്നൊരു പാട്ടും’. ജോൺസന്റെ വാക്കുകൾ ഫലിച്ചു. ഈ കർക്കടകമാസത്തിലും ആ പാട്ട് ആസ്വാദകരുടെ പ്രിയപ്പെട്ട ശീലുകളാകുന്നു.
‘ചിത്രച്ചേച്ചി’ എന്നും ‘ഗോപിയണ്ണൻ’ എന്നും ജോൺസൺ പ്രയോഗിച്ചത് തികച്ചും തമാശയ്ക്കായിരുന്നു. പക്ഷേ, തന്നേക്കാൾ ഏറെ പ്രായത്തിൽ ഇളപ്പമായ ചിത്രയെ പി.കെ.ഗോപി എപ്പോഴും ചിത്രച്ചേച്ചി എന്നേ വിളിക്കാറുള്ളൂ. ‘ജനകോടികൾ ആദരിക്കുന്ന വലിയ ഗായികയ്ക്കുള്ള ബഹുമതിയാണത്’ എന്നു ഗോപിയുടെ വിശദീകരണം.
‘ധനം’ എന്ന സിനിമയിലെ ‘ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ നീലക്കുരുവികളേ...’ എന്ന പി.കെ.ഗോപിയുടെ വരികൾ ചിത്രയ്ക്കുവേണ്ടി രവീന്ദ്രൻ സൃഷ്ടിച്ചതുപോലെ പച്ചപ്പുള്ളൊരു പാട്ടാണ്. ആ പാട്ടിലെ ചിത്രമുദ്രയെക്കുറിച്ചു ഗോപിയുടെ അവിസ്മരണീയസന്ദർഭം ഇങ്ങനെ: ‘‘ഈ പാട്ടു പാടിക്കഴിഞ്ഞ് എല്ലാവരും സന്തോഷത്തോടെ സ്റ്റുഡിയോ വിട്ടുപോകുമ്പോൾ രവീന്ദ്രൻ മാഷിനോടു ചിത്ര പറയുന്നു: മാഷേ നാളെ രാവിലെ ഫ്രഷ് വോയ്സിൽ ഞാനീ പാട്ട് ഒന്നുകൂടി പാടിക്കോട്ടേ? അത്രയ്ക്കു നല്ല പാട്ടല്ലേ?’’.
രവീന്ദ്രൻ സന്തോഷംകൊണ്ടു മതിമറന്നു. ‘‘ആഹാ, ഇതാണു മോളേ നല്ല പാട്ടുകാരുടെ ലക്ഷണം; പാടിയാൽ മതിയാവില്ല. വരൂ... വരൂ... രാവിലെയാകുമ്പോൾ നല്ല ശബ്ദത്തിൽ നമുക്കു പാടാമല്ലോ’’– ഉറക്കെച്ചിരിച്ചുകൊണ്ടു രവീന്ദ്രന്റെ ശബ്ദം സ്റ്റുഡിയോയിൽ മുഴങ്ങി.
‘അനശ്വര’ത്തിലെ ‘താരാപഥം... ചേതോഹരം...’ എന്ന യുഗ്മഗാനം ചിത്രയ്ക്കൊപ്പം എസ്.പി.ബാലസുബ്രഹ്മണ്യം പാടുന്നു. ചില മലയാളപദങ്ങൾ എസ്പിബിയുടെ നാവിൽ കുരുങ്ങുന്നുണ്ട്. ഇളയരാജയുടെ ഈണത്തിനായി വരികളൊരുക്കിയ പി.കെ.ഗോപി ഇടയ്ക്കിടെ എസ്പിബിയെ തിരുത്തിക്കൊണ്ടിരുന്നു. പക്ഷേ, വാക്കുകളുടെ ഉച്ചാരണം എത്രയോ ഇടവേളകളിൽ തിരുത്തിക്കൊടുത്തതു ചിത്രയാണ്. എസ്പിബി എന്ന മഹാപ്രതിഭ ക്ഷമയോടെ അവയെല്ലാം പഠിച്ച് ഉരുവിട്ടുറപ്പിക്കുകയും ചെയ്തു. ഗാനാനന്ദത്തിന്റെ മായാച്ചിത്രങ്ങളിലൊന്നായി പി.കെ.ഗോപിയുടെ മനസ്സിൽ എന്നുമുണ്ട്, ഈ രംഗവും.
ലോകം മുഴുവൻ മലയാളിയുടെ ആരാധനാലയത്തിൽ ചെന്നെത്തിയ ‘രക്ഷകാ എന്റെ പാപഭാരമെല്ലാം നീക്കണേ...’ എന്ന ഗാനവും ‘കാൽവരിക്കുന്നിലെ കാരുണ്യമേ കാവൽവിളക്കാവുക...’ എന്ന വരികളുമൊക്കെ പാടിയപ്പോൾ ചിത്രയുടെ കണ്ഠമിടറിയതും കണ്ണൂകൾ നനഞ്ഞതും ആ വരികളൊരുക്കിയ പി.കെ.ഗോപിക്കു മറക്കാനാവില്ല. ശബ്ദത്തിൽ മാത്രമല്ല മനസ്സിലും അത്രയേറെ ആർദ്രമായൊരു ചിത്രഗീതം അന്ന് അദ്ദേഹം കേൾക്കുകയായിരുന്നു.
∙ പാടുന്നു ചാരെ, എന്നുമാ ശബ്ദം
തന്നേക്കാൾ ചെറുപ്പമായ ചിത്രയെ വയലാർ ശരത്ചന്ദ്രവർമയും വിളിക്കുന്നതു ചിത്രച്ചേച്ചി എന്നാണ്. 1996ൽ പുറത്തിറങ്ങിയ ‘ഹാർബറി’നുവേണ്ടി ശരത് എഴുതിയ മൂന്നു ഗാനങ്ങളിൽ ‘ഉണ്ണീ പുൽക്കൂടിനുള്ളിൽ...’ എന്ന ഗാനം ചിത്രയുടെ ശബ്ദത്തിലായിരുന്നു. വയലാർ തലമുറയുടെ വരികൾക്ക് ചിത്ര ആദ്യം ശബ്ദം നൽകിയത്, ആദിത്യൻ സംഗീതം നൽകിയ ആ ഗാനത്തിനായിരുന്നു.
ഈ പാട്ട് പാടുമ്പോഴെന്നല്ല പ്രശസ്തമായ പല പാട്ടുകൾ പാടുമ്പോഴും ശരത്തിന് ചിത്രയ്ക്ക് ഒപ്പമിരിക്കാൻ അവസരമുണ്ടായിട്ടില്ല. അതിനു ഭാഗ്യമുണ്ടായത് ഏറെ വർഷം കഴിഞ്ഞ് ഇളയരാജയുടെ ഈണത്തിൽ ‘കഥ തുടരുന്നു’ എന്ന സത്യൻ അന്തിക്കാട് സിനിമയിലാണ്. ചിത്രയും ഹരിഹരനും മത്സരിച്ചു മനോഹരമാക്കിയ ‘ആരോ പാടുന്നു ദൂരേ...’ എന്ന ഗാനം. റിക്കോർഡിങ് റൂമിലേക്കു കയറ്റിയല്ല രാജയുടെ പാട്ടു പാടിക്കൽ. നേരെ മുന്നിൽ, സംഗീതോപകരണങ്ങൾക്കടുത്തു നിർത്തി പാടിക്കുകയായിരുന്നെന്നു ശരത് ഓർക്കുന്നു.
‘ആരോ പാടുന്നു ദൂരേ...’ എന്നാണു പാട്ടിലെ വരികളെങ്കിലും ‘ആരോ പാടുന്നു ചാരേ...’ എന്നാണ് എനിക്കു തോന്നിയത്. അത്രയേറെ അടുത്തുനിന്ന് ചിത്രച്ചേച്ചി പാടുമ്പോൾ, ദൂരെയായിരുന്ന പാട്ടുകാരി ചാരെയെത്തിയതിന്റെ ആനന്ദം ഞാൻ അനുഭവിക്കുകയായിരുന്നു. ആ പാട്ട് അങ്ങനെ തിരുത്താൻപോലും തോന്നിപ്പോയി. പക്ഷേ, സിനിമയ്ക്ക് അതു ചേരാത്തതുകൊണ്ട് ആ വരികൾ ഞാൻ ഇപ്പോഴും മനസ്സിൽ പാടിക്കൊണ്ടിരിക്കുന്നു’–ശരത്തിന്റെ അസുലഭമായ ചിത്രാനുഭവം!
∙ പാട്ടിൽ കരഞ്ഞും പാട്ടു വെടിഞ്ഞും
‘ഹരിഹരൻ പിള്ള ഹാപ്പിയാണ്’ എന്ന തന്റെ ആദ്യസിനിമയിൽത്തന്നെ ചിത്രയുടെ ശബ്ദം വരികളിൽ നിറയ്ക്കാൻ ഭാഗ്യം കിട്ടിയ രചയിതാവാണ് രാജീവ് ആലുങ്കൽ. ‘അമ്പാടിപ്പൂവേ...’ എന്ന ആ ഗാനത്തിന്റെ തുടർച്ചയായി പല ഹിറ്റുകൾ വന്നു.
മകളുടെ വിയോഗശേഷം മാസങ്ങൾ കഴിഞ്ഞ് ചിത്ര പാടിയതിന്റെ നൊമ്പരമുള്ള ഓർമകളാണ് രാജീവിന്റെ മനസ്സിലെ മായാച്ചിത്രങ്ങളിലൊന്ന്. ‘‘ഫാദേഴ്സ് ഡേ’ ആണ് സിനിമ. എം.ജി.ശ്രീകുമാറിന്റെ സംഗീതം. തിരുവനന്തപുരം എസ്എസ് ഡിജിറ്റൽ സ്റ്റുഡിയോയിലാണു റിക്കോർഡിങ്. മകളെ നഷ്ടപ്പെട്ട് ആറു മാസം കഴിഞ്ഞ് ചിത്രച്ചേച്ചി പാടുന്ന പാട്ടിലെ വരികൾ വല്ലാതെ അവരെ അലട്ടുന്നതായത് യാദൃശ്ചികമാണ്. ‘അമ്മ നിന്നെ താമരക്കുമ്പിളിൽ തേനൂട്ടാനായി വന്നോട്ടെ...’ എന്നൊക്കെ വരികളുണ്ട്. ‘വെള്ളിവെയിൽ വീണാലും കൊള്ളാതിരിക്കാൻ വലംകൈക്കുട ഞാൻ ചൂടിച്ചു...’ എന്നു പാടിയപ്പോഴേക്കു ചിത്രച്ചേച്ചി വിതുമ്പിപ്പോയി. ചിത്രച്ചേച്ചിയെക്കുറിച്ച് ഓർക്കുമ്പോൾ എപ്പോഴും മനസ്സിൽ സന്തോഷമാണു വരിക. പക്ഷേ, ഈ രംഗം എന്നെ എന്നും നൊമ്പരപ്പെടുത്തുന്ന ഓർമയാണ്’’–രാജീവ് ആലുങ്കലിന്റെ മനസ്സിലെ മായാത്ത ഗാനചിത്രങ്ങളിലൊന്ന്.
രഘുകുമാർ സംഗീതം നൽകിയ ‘ചിത്രവസന്തം’ എന്ന ആൽബത്തിലെ പാട്ടുകളൊരുക്കിയതു ചെന്നൈയിൽ വച്ചാണ്. ചിത്രയുടെ സ്വന്തം ഓഡിയോട്രാക്സ് ആണ് നിർമാണം. എല്ലാ പാട്ടുകളും രചിച്ചതു രാജീവ് ആലുങ്കൽ. പി.ജയചന്ദ്രനും മധു ബാലകൃഷ്ണനുമാണു മറ്റു പാട്ടുകാർ.
‘പതിരുള്ള നാഴൂരി നെല്ലുമായ് എന്നമ്മ പടികേറിയെത്തുന്ന സായന്തനം; കണ്ണീരു പെയ്യുന്ന കോലായിലിപ്പോഴും ഓർമകൾക്കിപ്പോഴും ബാല്യം...’ എന്ന വരികൾ ചിത്രയും ജയചന്ദ്രനും പാടി റിക്കോർഡ് ചെയ്തു. അന്നു സിഡി വന്നിട്ടില്ല, കസെറ്റാണ്. എ സൈഡിൽ ജയചന്ദ്രന്റെയും ബി സൈഡിൽ ചിത്രയുടെയും പാട്ടുകൾ ചേർക്കാനായിരുന്നു തീരുമാനം. പക്ഷേ, ജയചന്ദ്രൻ പാടിക്കഴിഞ്ഞപ്പോൾ ചിത്ര പറഞ്ഞു: ‘എന്റെ പാട്ട് ചേർക്കേണ്ട. ജയേട്ടന്റെ പാട്ട് മതി’. ഒരു പാട്ട് പഠിച്ച് റിക്കോർഡ് ചെയ്തു പൂർത്തിയാക്കിയിട്ടും വേണ്ടെന്നുവയ്ക്കുമ്പോൾ ചിത്രയെന്ന മൃദുഗീതത്തിന്റെ വലിയ മനസ്സ് ഒരിക്കൽക്കൂടി താൻ അനുഭവിക്കുകയായിരുന്നെന്നു രാജീവ് ആലുങ്കൽ.
English Summary: Lyricists Opens their Mind About Working With Legendary Singer K S Chithra