‘പെണ്ണ് എന്ന നിലയിൽ അത് പാടാൻ ലജ്ജ തോന്നി, വരി മാറ്റാമോ എന്നു ചോദിച്ചു, പക്ഷേ...’: ചിത്ര പറയുന്നു
ചിലരുണ്ട്, വർണിക്കാൻ കഴിയാത്ത വിധം വളർന്നവർ. ഉയർന്ന് ഉയർന്നങ്ങ് ആകാശത്തെ ചുംബിച്ചവർ. മറക്കാനോ മാറ്റി നിർത്താനോ കഴിയാത്തവിധം ചിറകടിച്ചെത്തി ഹൃദയത്തിലേക്കു ചേക്കേറിയവർ. അക്കൂട്ടത്തിൽ മലയാളി എന്നും ചേർത്തുവയ്ക്കുന്ന പേരാണ് കെ.എസ്.ചിത്ര. പ്രണയത്തിന്റെ പൂര്‍ണതയിലും വിരഹത്തിന്റെ ഏകാന്തതയിലും നോവിന്റെ തീവ്രതയിലുമെല്ലാം നമുക്കൊപ്പം ചേർന്ന്, ഉറങ്ങുമ്പോഴും ഉണരുമ്പോഴുമെല്ലാം കൂട്ടിരുന്ന് ഈണത്തിന്റെ രസച്ചരടിൽ കോർത്തിട്ട ഗന്ധർവ ഗായിക. പാടിവച്ച പതിനായിരക്കണക്കിനു ചിത്രഗീതങ്ങളിൽ ഒന്നെങ്കിലും കേൾക്കാതെ മലയാളിക്കൊരു ദിനം കടന്നു പോവുക തികച്ചും പ്രയാസമാണ്. പാടിപ്പാടി മലയാളിയെ പാട്ടിലാക്കി, പാട്ടിന്റെ പൂക്കാലം തീര്‍ത്ത ചിത്രവർണത്തിന് ജൂലൈ 27ന് 60 വയസ്സു തികയുന്നു. ദേശങ്ങൾ കടന്ന് സ്വരഭേദങ്ങൾ നിറഞ്ഞൊഴുകിയെങ്കിലും എന്നും മലയാളിയുടെ സ്വകാര്യ അഹങ്കരമായിത്തന്നെ നിലനിൽക്കുകയാണ് ചിത്രയെന്ന മഹാഗായിക. സന്തോഷത്തിലും ദുഃഖത്തിലും തന്നെ ചേർത്തുപിടിച്ച മലയാളികൾ, താൻ അന്ത്യശ്വാസം വലിക്കുന്നതു വരെ കൂടെയുണ്ടാകണമെന്നു മാത്രമാണ് ചിത്രയുടെ ആഗ്രഹം. പാട്ടും പറച്ചിലുമായി കെ.എസ്.ചിത്ര മനോരമ ഓൺലൈന്‍ പ്രീമിയത്തിനൊപ്പം.
ചിലരുണ്ട്, വർണിക്കാൻ കഴിയാത്ത വിധം വളർന്നവർ. ഉയർന്ന് ഉയർന്നങ്ങ് ആകാശത്തെ ചുംബിച്ചവർ. മറക്കാനോ മാറ്റി നിർത്താനോ കഴിയാത്തവിധം ചിറകടിച്ചെത്തി ഹൃദയത്തിലേക്കു ചേക്കേറിയവർ. അക്കൂട്ടത്തിൽ മലയാളി എന്നും ചേർത്തുവയ്ക്കുന്ന പേരാണ് കെ.എസ്.ചിത്ര. പ്രണയത്തിന്റെ പൂര്‍ണതയിലും വിരഹത്തിന്റെ ഏകാന്തതയിലും നോവിന്റെ തീവ്രതയിലുമെല്ലാം നമുക്കൊപ്പം ചേർന്ന്, ഉറങ്ങുമ്പോഴും ഉണരുമ്പോഴുമെല്ലാം കൂട്ടിരുന്ന് ഈണത്തിന്റെ രസച്ചരടിൽ കോർത്തിട്ട ഗന്ധർവ ഗായിക. പാടിവച്ച പതിനായിരക്കണക്കിനു ചിത്രഗീതങ്ങളിൽ ഒന്നെങ്കിലും കേൾക്കാതെ മലയാളിക്കൊരു ദിനം കടന്നു പോവുക തികച്ചും പ്രയാസമാണ്. പാടിപ്പാടി മലയാളിയെ പാട്ടിലാക്കി, പാട്ടിന്റെ പൂക്കാലം തീര്‍ത്ത ചിത്രവർണത്തിന് ജൂലൈ 27ന് 60 വയസ്സു തികയുന്നു. ദേശങ്ങൾ കടന്ന് സ്വരഭേദങ്ങൾ നിറഞ്ഞൊഴുകിയെങ്കിലും എന്നും മലയാളിയുടെ സ്വകാര്യ അഹങ്കരമായിത്തന്നെ നിലനിൽക്കുകയാണ് ചിത്രയെന്ന മഹാഗായിക. സന്തോഷത്തിലും ദുഃഖത്തിലും തന്നെ ചേർത്തുപിടിച്ച മലയാളികൾ, താൻ അന്ത്യശ്വാസം വലിക്കുന്നതു വരെ കൂടെയുണ്ടാകണമെന്നു മാത്രമാണ് ചിത്രയുടെ ആഗ്രഹം. പാട്ടും പറച്ചിലുമായി കെ.എസ്.ചിത്ര മനോരമ ഓൺലൈന്‍ പ്രീമിയത്തിനൊപ്പം.
ചിലരുണ്ട്, വർണിക്കാൻ കഴിയാത്ത വിധം വളർന്നവർ. ഉയർന്ന് ഉയർന്നങ്ങ് ആകാശത്തെ ചുംബിച്ചവർ. മറക്കാനോ മാറ്റി നിർത്താനോ കഴിയാത്തവിധം ചിറകടിച്ചെത്തി ഹൃദയത്തിലേക്കു ചേക്കേറിയവർ. അക്കൂട്ടത്തിൽ മലയാളി എന്നും ചേർത്തുവയ്ക്കുന്ന പേരാണ് കെ.എസ്.ചിത്ര. പ്രണയത്തിന്റെ പൂര്‍ണതയിലും വിരഹത്തിന്റെ ഏകാന്തതയിലും നോവിന്റെ തീവ്രതയിലുമെല്ലാം നമുക്കൊപ്പം ചേർന്ന്, ഉറങ്ങുമ്പോഴും ഉണരുമ്പോഴുമെല്ലാം കൂട്ടിരുന്ന് ഈണത്തിന്റെ രസച്ചരടിൽ കോർത്തിട്ട ഗന്ധർവ ഗായിക. പാടിവച്ച പതിനായിരക്കണക്കിനു ചിത്രഗീതങ്ങളിൽ ഒന്നെങ്കിലും കേൾക്കാതെ മലയാളിക്കൊരു ദിനം കടന്നു പോവുക തികച്ചും പ്രയാസമാണ്. പാടിപ്പാടി മലയാളിയെ പാട്ടിലാക്കി, പാട്ടിന്റെ പൂക്കാലം തീര്‍ത്ത ചിത്രവർണത്തിന് ജൂലൈ 27ന് 60 വയസ്സു തികയുന്നു. ദേശങ്ങൾ കടന്ന് സ്വരഭേദങ്ങൾ നിറഞ്ഞൊഴുകിയെങ്കിലും എന്നും മലയാളിയുടെ സ്വകാര്യ അഹങ്കരമായിത്തന്നെ നിലനിൽക്കുകയാണ് ചിത്രയെന്ന മഹാഗായിക. സന്തോഷത്തിലും ദുഃഖത്തിലും തന്നെ ചേർത്തുപിടിച്ച മലയാളികൾ, താൻ അന്ത്യശ്വാസം വലിക്കുന്നതു വരെ കൂടെയുണ്ടാകണമെന്നു മാത്രമാണ് ചിത്രയുടെ ആഗ്രഹം. പാട്ടും പറച്ചിലുമായി കെ.എസ്.ചിത്ര മനോരമ ഓൺലൈന്‍ പ്രീമിയത്തിനൊപ്പം.
ചിലരുണ്ട്, വർണിക്കാൻ കഴിയാത്ത വിധം വളർന്നവർ. ഉയർന്ന് ഉയർന്നങ്ങ് ആകാശത്തെ ചുംബിച്ചവർ. മറക്കാനോ മാറ്റി നിർത്താനോ കഴിയാത്തവിധം ചിറകടിച്ചെത്തി ഹൃദയത്തിലേക്കു ചേക്കേറിയവർ. അക്കൂട്ടത്തിൽ മലയാളി എന്നും ചേർത്തുവയ്ക്കുന്ന പേരാണ് കെ.എസ്.ചിത്ര. പ്രണയത്തിന്റെ പൂര്‍ണതയിലും വിരഹത്തിന്റെ ഏകാന്തതയിലും നോവിന്റെ തീവ്രതയിലുമെല്ലാം നമുക്കൊപ്പം ചേർന്ന്, ഉറങ്ങുമ്പോഴും ഉണരുമ്പോഴുമെല്ലാം കൂട്ടിരുന്ന് ഈണത്തിന്റെ രസച്ചരടിൽ കോർത്തിട്ട ഗന്ധർവ ഗായിക. പാടിവച്ച പതിനായിരക്കണക്കിനു ചിത്രഗീതങ്ങളിൽ ഒന്നെങ്കിലും കേൾക്കാതെ മലയാളിക്കൊരു ദിനം കടന്നു പോവുക തികച്ചും പ്രയാസമാണ്. പാടിപ്പാടി മലയാളിയെ പാട്ടിലാക്കി, പാട്ടിന്റെ പൂക്കാലം തീര്‍ത്ത ചിത്രവർണത്തിന് ജൂലൈ 27ന് 60 വയസ്സു തികയുന്നു.
ദേശങ്ങൾ കടന്ന് സ്വരഭേദങ്ങൾ നിറഞ്ഞൊഴുകിയെങ്കിലും എന്നും മലയാളിയുടെ സ്വകാര്യ അഹങ്കരമായിത്തന്നെ നിലനിൽക്കുകയാണ് ചിത്രയെന്ന മഹാഗായിക. സന്തോഷത്തിലും ദുഃഖത്തിലും തന്നെ ചേർത്തുപിടിച്ച മലയാളികൾ, താൻ അന്ത്യശ്വാസം വലിക്കുന്നതു വരെ കൂടെയുണ്ടാകണമെന്നു മാത്രമാണ് ചിത്രയുടെ ആഗ്രഹം. പാട്ടും പറച്ചിലുമായി കെ.എസ്.ചിത്ര മനോരമ ഓൺലൈന്‍ പ്രീമിയത്തിനൊപ്പം.
∙ ജീവിതത്തിൽ ആറു പതിറ്റാണ്ട് പിന്നിടുകയാണ്. സംഗീതം നാലര പതിറ്റാണ്ടിനോടടുക്കുന്നു. പിൻതിരിഞ്ഞു നോക്കുമ്പോൾ ജീവിതം എത്രത്തോളം സംതൃപ്തമാണ്?
സത്യം പറഞ്ഞാൽ ഇത്രയും വർഷം കടന്നു പോയത് അറിഞ്ഞില്ല. കാലം വളരെ വേഗത്തിൽ സഞ്ചരിച്ചതുപോലെ തോന്നുന്നു. ഞാനങ്ങനെ അവധിയാഘോഷത്തിനു പോലും പോയിട്ടില്ല. എപ്പോഴും ജോലിയുമായി ബന്ധപ്പെട്ടു തിരക്കിലായിരുന്നു. ജോലിയുടെ ഭാഗമായുള്ള യാത്രകളായിരുന്നു എപ്പോഴും. അതുകൊണ്ടുതന്നെ സമയം കടന്നുപോയത് അറിഞ്ഞതേയില്ല. ഇപ്പോൾ 60 വയസ്സായി എന്നൊക്കെ കേൾക്കുമ്പോൾ ഇത്രയും പ്രായമായല്ലോ എന്നൊക്കെ ചിന്തിക്കാറുണ്ട്. പിന്നെ ജീവിതം ഇങ്ങനെയൊക്കെയല്ലേ. പോകുന്നതു വരെ പോകട്ടെ.
സംഗീതജീവിതത്തിൽ ഇടവേളയെടുക്കണമെന്നൊന്നും എനിക്കിതുവരെ തോന്നിയിട്ടില്ല. ജോലിയിൽ പൂർണമായും മുഴുകുന്നതാണ് എന്റെ രീതി. വെറുതെ വീട്ടിലിരിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് എനിക്കിഷ്ടം. എപ്പോഴും തിരക്കിലായിരിക്കണം. പിന്നെ യാത്രകളിൽ എപ്പോഴും എന്റെ ഭർത്താവ് കൂടെയുണ്ടാകും. എനിക്ക് തനിച്ച് എവിടെയെങ്കിലും പോകാനുള്ള പ്രാപ്‍തി അന്നുമില്ല, ഇന്നുമില്ല. വിവാഹത്തിനു മുൻപ് അച്ഛനായിരുന്നു കൂടെ വന്നിരുന്നത്. അതിനു ശേഷം ഭർത്താവ്. അദ്ദേഹം ജോലി രാജിവച്ചാണ് എനിക്കൊപ്പം നിന്നത്. അദ്ദേഹമുള്ളതുകൊണ്ടാണ് സംഗീതരംഗത്ത് എനിക്കിപ്പോഴും നിലനിൽക്കാൻ സാധിക്കുന്നത്.
∙ എന്ത് ചിന്തയുടെ പുറത്താണ് അക്കാലത്ത് സംഗീതത്തിലേക്കു തിരിഞ്ഞത്? സ്ഥിരവരുമാനമൊന്നും പ്രതീക്ഷിക്കാൻ പറ്റാത്ത മേഖലയാണല്ലോ. മാത്രവുമല്ല നിലയുറപ്പിച്ചു നിൽക്കാൻ പോലും നന്നായി പരിശ്രമിക്കേണ്ടിവരും. എന്നിട്ടും എങ്ങനെ സംഗീതത്തിലെത്തി?
അപ്രതീക്ഷിതമായിത്തന്നെയാണ് സംഗീതലോകത്തിലേക്ക് എത്തിയത്. ഞാൻ പാടണമെന്ന് എന്നേക്കാൾ കൂടുതൽ ആഗ്രഹിച്ചിരുന്നത് എന്റെ അച്ഛനാണ്. കിട്ടുന്ന അവസരങ്ങളൊന്നും പാഴായിപ്പോകാതെ അച്ഛൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആരോഗ്യം മോശമായിരിക്കുന്ന അവസ്ഥയിലാണെങ്കിൽ പോലും മരുന്നുകൾ കഴിച്ചുകൊണ്ടു തന്നെ അച്ഛൻ എനിക്കൊപ്പം റെക്കോർഡിങ്ങിനും വന്നു. സംഗീതമാണ് എന്റെ മേഖലയെന്ന് അന്നൊന്നും തീരുമാനിച്ചിരുന്നില്ല. അന്ന് ഞാൻ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു. ക്ലാസുകളൊക്കെ നഷ്ടപ്പെടുത്തി പാട്ട് പാടാൻ പോകുന്നതിൽ അമ്മയ്ക്കു വലിയ എതിര്‍പ്പായിരുന്നു. പക്ഷേ അച്ഛൻ കൂടെ നിന്നു.
പാട്ട് പാടിത്തുടങ്ങിയപ്പോൾ തന്നെ ക്ലാസുകൾ ഒരുപാട് നഷ്ടമായി. പരീക്ഷയെഴുതാനും സാധിച്ചില്ല. പഠനം പിന്നെ തുടരാമെന്നൊക്കെ ഞാൻ അമ്മയോടു പറഞ്ഞിരുന്നു. പക്ഷേ പിന്നീട് അതൊക്കെ വിട്ടുകളഞ്ഞു. പതിയെ പാട്ടിന്റെ തിരക്കുകളിലേക്കു കടക്കുകയായിരുന്നു. സംഗീതരംഗത്ത് നിലയുറപ്പിച്ചു നിൽക്കുകയെന്നതും പ്രധാനപ്പെട്ട കാര്യമാണ്. എനിക്കു പക്ഷേ മത്സരങ്ങളൊന്നും നേരിട്ടിട്ടില്ല. എന്റെ വളരെ സീനിയർ ആയ ഗായകർ പോലും വലിയ സ്നേഹത്തോടെ തന്നെയായിരുന്നു എന്നോടു പെരുമാറിയിരുന്നത്. അവർ വലിയ പ്രോത്സാഹനവും നൽകി.
∙ ലോകം മുഴുവൻ ആരാധകരുള്ള ചിത്ര യഥാർഥത്തിൽ ആരുടെ ആരാധികയാണ്?
എനിക്ക് വ്യക്തിപരമായി ഏറെ അടുപ്പമുള്ളത് ജാനകിയമ്മയോടാണ് (എസ്.ജാനകി). അമ്മയുടെ പാട്ടുകളാണ് ഏറ്റവും ഇഷ്ടം. അതുപോലെ തന്നെ എനിക്ക് സുശീലാമ്മയെയും (പി.സുശീല) ഒരുപാടിഷ്ടമാണ്. പക്ഷേ ജാനകിയമ്മയോടുള്ള അത്രയും അടുപ്പം എനിക്ക് സുശീലാമ്മയോടില്ല. അതിനുള്ള സാഹചര്യമൊന്നും കിട്ടിയിട്ടില്ലെന്നു വേണം പറയാൻ. പക്ഷേ അമ്മയ്ക്ക് എന്നോടു വലിയ സ്നേഹമാണ്. എവിടെ വച്ച് എപ്പോൾ കണ്ടാലും കെട്ടിപ്പിടിക്കും, ഉമ്മ വയ്ക്കും. ജാനകിയമ്മയ്ക്കു ശരിക്കും ഒരു അമ്മയുടെ സ്നേഹമാണ് എന്നോട്. എപ്പോഴും സ്നേഹത്തോടെ ചേർത്തു പിടിക്കും. മാനസികമായി എനിക്കേറെ അടുപ്പം ജാനകിയമ്മയോടു തന്നെ.
∙ റിക്കോർഡിങ്ങിനു പോയപ്പോൾ ഇളയരാജയുടെ സ്റ്റുഡിയോയിൽ വച്ച് ഒരിക്കൽ കരഞ്ഞതായി കേട്ടിട്ടുണ്ടല്ലോ?
അതിൽ ശരിക്കും ആരെയും കുറ്റപ്പെടുത്താൻ സാധിക്കില്ല. ഒരു മാസം മുന്നേ ഉറപ്പു പറഞ്ഞ ഒരു ഗാനം പാടാൻ പോകാനിരുന്നപ്പോഴാണ് രാജാ സാറിന്റെ (ഇളയരാജ) സ്റ്റുഡിയോയിൽ എന്നെ പാടാൻ വിളിക്കുന്നത്. അതുപക്ഷേ എനിക്കു വേണ്ടെന്നു പറയാനും പറ്റില്ല, ആദ്യം ഏറ്റെടുത്തതിൽ നിന്നു പിന്മാറാനും പറ്റില്ല. അങ്ങനെ ഞാനും ഭർത്താവും കൂടി രാജാ സാറിനെ നേരിൽ പോയി കണ്ട് ഈ അവസ്ഥ പറഞ്ഞു. ഉച്ചയ്ക്കു മുന്നേ മടങ്ങിയെത്താമെന്ന ഉറപ്പിന്മേൽ അദ്ദേഹം സമ്മതിച്ചു. അങ്ങനെ ഞാൻ മറ്റേ റെക്കോർഡിങ്ങിനു വേണ്ടി പോയി. പക്ഷേ എന്തോ സമയദോഷം കൊണ്ടാകാം, സ്റ്റുഡിയോയിൽ കയറിയ ഉടൻ വൈദ്യുതി പോയി. പിന്നെ കുറച്ചു നേരം വൈദ്യുതി വരാൻ വേണ്ടി കാത്തിരുന്നു. എല്ലാം കഴിഞ്ഞ് റിക്കോർഡിങ് തുടങ്ങിയപ്പോഴാകട്ടെ നേരം വൈകി. ആ സമയത്ത് രാജാ സാറിന്റെ സ്റ്റുഡിയോയിൽ എന്റെ കൂടെ പാടേണ്ട എസ്പിബി സർ (എസ്.പി.ബാലസുബ്രഹ്മണ്യം) ഉൾപ്പെടെ എല്ലാവരും എനിക്കു വേണ്ടി കാത്തിരിക്കുകയാണ്. ഞാൻ തിരിച്ചെത്തിയപ്പോൾ വൈകിയതിന്റെ പേരിൽ രാജാ സർ അതൃപ്തി പ്രകടിപ്പിച്ചു. അപ്പോൾ സത്യത്തിൽ എനിക്കു കരച്ചിൽ വന്നു. ഞാൻ കരയുന്നതു കണ്ട് എസ്പിബി സർ രാജാ സാറിനെ വഴക്കു പറഞ്ഞു. എന്തായാലും റെക്കോർഡിങ് തുടങ്ങി. പാട്ടിന്റെ ഇടയിൽ ചിരിക്കേണ്ട സാഹചര്യമൊക്കെയുണ്ട്. അപ്പോഴൊക്കെ പക്ഷേ എനിക്കു കരച്ചിലാണ് വന്നത്. പാടിക്കഴിഞ്ഞപ്പോൾ രാജാ സർ അദ്ദേഹത്തിന്റെ കമ്പോസിങ് റൂമിലുള്ള ത്യാഗരാജസ്വാമികളുടെ ഒരു ഫോട്ടോ എനിക്കു സമ്മാനമായി തന്നു. "ഇനിയൊരു സ്റ്റുഡിയോയിലും നിന്റെ കണ്ണുനീർ വീഴാൻ പാടില്ല" എന്ന് അദ്ദേഹം എന്നോടു പറഞ്ഞു. ആ സമ്മാനം ഞാൻ ഇപ്പോഴും എന്റെ പൂജാമുറിയിൽ ഭദ്രമായി സൂക്ഷിച്ചുവച്ചിട്ടുണ്ട്.
∙ വയലാറിന്റെയും ഗിരീഷ് പുത്തഞ്ചേരിയുടെയുമൊക്കെ ചില പാട്ടുകളിൽ ദ്വയാർഥ പ്രയോഗങ്ങൾ ഒരുപാട് വന്നിട്ടുണ്ട്. പക്ഷേ കേൾക്കുമ്പോൾ പ്രേക്ഷകർക്ക് അരോചകത്വമൊന്നും തോന്നില്ല. അത്രത്തോളം കാവ്യഭംഗിയോടെയാണ് അതെല്ലാം എഴുതപ്പെട്ടിരിക്കുന്നത്. ഇപ്പോൾ സമൂഹമാധ്യമങ്ങൾ സജീവമായതോടെ അത്തരം ചില വരികൾ പ്രത്യേകമായി എടുത്തുകാണിച്ച് മോശപ്പെട്ട രീതിയിൽ പലരും വ്യാഖ്യാനിക്കുന്നു. ശരിക്കും പാട്ടിലെ ദ്വയാർഥ പ്രയോഗങ്ങൾ നല്ലതോ മോശമോ?
കാവ്യഭംഗിയിൽ പൊതിഞ്ഞുവച്ച പാട്ടുകളിലെ അത്തരം പ്രയോഗങ്ങളെ മനസ്സിലാക്കാനുള്ള കഴിവൊന്നും എനിക്കില്ല. അത്തരം പാട്ടുകൾ ഞാന്‍ പാടിയിട്ടുമുണ്ട്. പക്ഷേ എനിക്കുണ്ടായ ഒരു അനുഭവം ഞാൻ പറയാം. തമിഴിലെ ഒരു പ്രശസ്തനായ ഗാനരചയിതാവ്, പേര് പറയുന്നതു ശരിയല്ലാത്തതുകൊണ്ട് ഞാൻ പറയുന്നില്ല. അദ്ദേഹം എഴുതിയ ഒരു പാട്ട് പാടാൻ ഞാൻ പോയി. വരികളെഴുതി ഈണം പഠിച്ച ശേഷം അതിലെ ഒരു വരി പാടാൻ സ്ത്രീ എന്ന നിലയിൽ വലിയ സങ്കോചം തോന്നി. അതു മാത്രമൊന്നു മാറ്റി തരാൻ പറയാമോ എന്നു ഞാൻ സംഗീതസംവിധായകനോടു ചോദിച്ചു. അദ്ദേഹം അക്കാര്യം ഗാനരചയിതാവിന്റെ മുന്നിൽ അവതരിപ്പിച്ചപ്പോൾ അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടില്ല. അങ്ങനെ സംഗീതസംവിധായകൻ ഈ പ്രശ്നത്തിന്റെ നടുവിലായിപ്പോയി. റെക്കോർഡിങ് വേറൊരു ദിവസത്തേക്കു മാറ്റാമെന്ന് അദ്ദേഹം പറഞ്ഞതുപ്രകാരം ഞാൻ മടങ്ങിപ്പോയി. അതിനു ശേഷം ഒരു ദിവസം രാജാ സർ എന്നെ വിളിച്ചു, എന്നിട്ട് "നിന്റെ ജോലി പാടുക എന്നുള്ളതാണ്. ഗാനരചയിതാവിന്റെ ജോലി എഴുതുക എന്നുള്ളതാണ്. സിനിമയിലെ സാഹര്യത്തിനനുസരിച്ചാണ് അത്തരം പ്രയോഗങ്ങൾ നടത്തുന്നത്. അല്ലാതെ അദ്ദേഹത്തിനു സ്വകാര്യമായ സുഖമോ സന്തോഷമോ കിട്ടാനല്ല. അതുകൊണ്ട് മറ്റുള്ളവരുടെ ജോലിയിൽ തലയിടരുത്" എന്ന് എന്നോടു പറഞ്ഞു. അതിനു ശേഷം ഞാൻ മറ്റൊന്നിലും ഇടപെട്ടിട്ടില്ല.
∙ എഴുത്തും സംഗീതവും ആലാപനവും ഒരുപോലെ മികച്ചതാകുമ്പോഴേ പാട്ട് ഹിറ്റാകൂ. അങ്ങനെയെങ്കിൽ പാട്ടിന്റെ യഥാർഥ അവകാശി ആരാണ്?
ക്രിയേറ്റേഴ്സ് എന്നാണ് സംഗീതസംവിധായകരെയും ഗാനരചയിതാക്കളെയും പറയുന്നത്. പക്ഷേ അവർ സൃഷ്ടിക്കുന്ന ഗാനം ജനങ്ങളിലേക്കെത്തിക്കുന്നത് ഒരു ഗായകനോ ഗായികയോ ആണല്ലോ. അപ്പോൾ പാട്ടിൽ അവർക്ക് അവകാശമില്ലെന്നു പറയാൻ പറ്റില്ലെന്ന് മുൻപ് എംഎസ്‌വി സർ (എം.എസ്.വിശ്വനാഥൻ) പറഞ്ഞിട്ടുണ്ട്. ഗായകരുടെ വികാരങ്ങൾ പ്രകടിപ്പിക്കേണ്ടിവരുന്ന പാട്ടുകളും ഉണ്ട്. അതുപക്ഷേ പലപ്പോഴും ഗായകർ സ്വന്തമായി പുറത്തേക്കെടുക്കുന്ന വികാരപ്രകടനങ്ങളാണ്. ആരും പറഞ്ഞുകൊടുത്തിട്ടല്ല. അങ്ങനെ നോക്കുമ്പോൾ തീർച്ചയായും പാട്ടിൽ ഗായകർക്കും അവകാശമുണ്ട്.
∙ പഴയകാലത്തെ പ്രത്യേകിച്ച് ഒഎൻവിയുടെയും വയലാറിന്റെയുമൊക്കെ പാട്ടുകളിൽ കവിതയുടെ അംശം വളരെ കൂടുതലായി ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പാട്ടിൽ നിന്ന് കവിത ചോർന്നു പോകുന്നുവെന്നു തോന്നിയിട്ടുണ്ടോ?
ഇപ്പോഴത്തെ എഴുത്തുകാർക്കും കാവ്യഭംഗിയോടെ എഴുതാൻ കഴിവുണ്ട്. ഇല്ലെന്ന് ഒരുതരത്തിലും പറയാൻ പറ്റില്ല. കാവ്യഭംഗിയുള്ള പാട്ടുകൾ ഇപ്പോഴും ഉണ്ട്. പക്ഷേ സിനിമയുടെ സാഹചര്യത്തിനനുസരിച്ചാണല്ലോ പാട്ടുകൾ ഒരുക്കുന്നത്. ഒരുകൂട്ടം ആളുകളുടെ പരിശ്രമത്തിന്റെ ഫലമായാണ് ഒരു സിനിമ ഉണ്ടാകുന്നത്. അതിലപ്പോൾ സാഹചര്യങ്ങൾക്കനുസരിച്ചും വ്യത്യാസങ്ങൾ വരും. ചിലപ്പോഴൊക്കെ ഗാനരചയിതാക്കൾ എഴുത്തിൽ വിട്ടുവീഴ്ചകൾ ചെയ്യേണ്ടതായി വരും. അങ്ങനെയുള്ളപ്പോഴാണ് ഇത്തരം ഗാനങ്ങൾ ഉണ്ടാകുന്നത്.
∙ പണ്ടുകാലത്തേതിൽ നിന്ന് സാങ്കേതികവിദ്യ ഉപയോഗം പാട്ടിൽ വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്. മുൻപൊക്കെ യുഗ്മഗാനമാണ് പാടുന്നതെങ്കിൽ റിക്കോർഡിങ് വേളയിൽ രണ്ട് ഗായകരും ഒരുമിച്ചുണ്ടാകും. എന്നാൽ ഇപ്പോൾ അങ്ങനെയല്ല, ഓരോരുത്തരും അവരവരുടെ ഭാഗങ്ങള്‍ പാടിയിട്ടു പോവുകയാണ് പതിവ്. ചിത്ര ഈ രണ്ട് രീതികളും അനുഭവിച്ചിട്ടുണ്ട്. ഇവയിൽ ഏതാണു നല്ലതെന്നു തോന്നിയിട്ടുള്ളത്?
ഒരുമിച്ചു നിന്നു പാടിയിരുന്ന രീതിയാണ് എനിക്കിഷ്ടം. കൂടെ പാടുന്നയാളുടെ പാട്ടു കേട്ട് നമുക്കും സ്വയം പുതുക്കലിന് അവസരം ലഭിക്കും. ഇപ്പോൾ പക്ഷേ അങ്ങനെയല്ല. സഹഗായകൻ അല്ലെങ്കിൽ ഗായിക പാടിയ കാര്യം ഭാവനയില്‍ കണ്ടുവേണം പാടാൻ. പിന്നെ സാങ്കേതികവിദ്യ വളർന്നപ്പോള്‍ കാര്യങ്ങൾ കുറേക്കൂടി എളുപ്പമായിട്ടുണ്ട്. വീട്ടിലിരുന്നു തന്നെ റിക്കോർഡ് ചെയ്ത് അയച്ചു കൊടുക്കാം. പ്രത്യേകിച്ച് കോവിഡ് കാലത്തൊക്കെ അങ്ങനെ പല പാട്ടുകളും പാടിയിട്ടുണ്ട്. സാങ്കേതികവിദ്യ വളർന്നത് ചില സമയത്ത് നല്ലതു തന്നെയാണെന്നു തോന്നാറുണ്ട്. പിന്നെ പാടാൻ അറിയാത്തവർക്കും പാടാം എന്നൊരു എളുപ്പവഴി ഉണ്ടായതു തന്നെ സാങ്കേതികവിദ്യ വികസിച്ചതോടെയാണ്. പണ്ട് അങ്ങനെ പറ്റില്ലായിരുന്നു.
∙ ആഹാരകാര്യത്തിൽ പ്രത്യേക ചിട്ടകളുണ്ടായിരിക്കുമല്ലോ? യേശുദാസ് ആണ് അക്കാര്യത്തിൽ കൂടുതൽ നിബന്ധനകൾ വയ്ക്കാറുള്ളത്. എസ്പിബി ഇതിനു നേർവിപരീതമാണ്. അങ്ങനെ നോക്കുകയാണെങ്കിൽ ആഹാരശൈലിയിലെ, ജീവിതശൈലിയിലെ ചിട്ടകൾ ശരിക്കും അനിവാര്യമാണോ ഗായകർക്ക്?
ഓരോരുത്തരുടെയും ശരീരപ്രകൃതത്തിനനുസരിച്ചായിരിക്കും അതൊക്കെ. ദാസേട്ടന്റെ (കെ.ജെ.യേശുദാസ്) കൂടെ സംഗീതപരിപാടികൾക്കും മറ്റുമായി പോകുമ്പോൾ തൊണ്ടയ്ക്കു പ്രശ്നമുണ്ടാകുമെന്നു പറഞ്ഞ് പല ആഹാര സാധനങ്ങളും അദ്ദേഹം കഴിക്കാൻ സമ്മതിക്കില്ല. ദാസേട്ടന്റെ ശരീരം തണുപ്പ് കൂടിയ പ്രകൃതത്തിലുള്ളതാണ്. എന്റേത് ചൂടും. അദ്ദേഹം തണുപ്പില്ലാത്തതും ചൂട് ഇല്ലാത്തതുമായ വെള്ളമാണ് കുടിക്കുന്നത്. ഞാൻ എപ്പോഴും ചൂടുവെള്ളം കയ്യിൽ കരുതും. എസ്പിബി സർ തണുത്ത വെള്ളം കുടിക്കും. അദ്ദേഹം ഇഷ്ടമുള്ള എല്ലാ ആഹാരവും കഴിക്കുമായിരുന്നു. ഞാൻ കൂടുതൽ ശ്രദ്ധിക്കുന്നതു കാണുമ്പോൾ അദ്ദേഹം പറയാറുണ്ട്, ഒരുപാട് കരുതലെടുത്താൽ പെട്ടെന്ന് അസുഖങ്ങൾ വരുമെന്ന്. ശരിയാണ്, എനിക്കു പെട്ടെന്ന് അസുഖം വരാറുണ്ട്. അതൊക്കെ ഓരോരുത്തരുടെ ശീലവും ശരീരപ്രകൃതവുമനുസരിച്ചിരിക്കും. പിന്നെ എത്രയോക്കെ ശ്രദ്ധിച്ചാലും പാടുക എന്നുള്ളത് ഒരു അനുഗ്രഹമാണ്. കാണികൾ പണം മുടക്കി ടിക്കറ്റ് എടുത്ത് സംഗീതം കേൾക്കാൻ വരുന്നതാണല്ലോ. അപ്പോൾ അവർക്കു വേണ്ടി കുറച്ചൊക്കെ ത്യാഗം സഹിക്കാമെന്നാണ് ഞാൻ കരുതുന്നത്.
∙ ഇപ്പോഴും സ്റ്റേജിൽ കയറുമ്പോൾ പേടി തോന്നാറുണ്ട് ചിത്രയ്ക്ക്. ഇത്രയേറെ ഇരുത്തം വന്ന ഗായികയ്ക്കു സ്റ്റേജ് ഫിയർ ഉണ്ടെങ്കിൽ ഇപ്പോഴത്തെ ഗായകരുടെ കാര്യം എന്തായിരിക്കും?
സ്റ്റേജിൽ പാടുമ്പോൾ ഇപ്പോഴും പേടിയുണ്ട്. പ്രായമാകുന്തോറും ആ പേടി കൂടിക്കൂടി വരുന്നു. വേദിയിൽ പാടിത്തുടങ്ങി രണ്ട്, മൂന്ന് ഗാനങ്ങള്‍ കഴിയുന്നതുവരെ വലിയ ടെൻഷനാണ്. തൊണ്ടയ്ക്കു പ്രശ്നങ്ങളൊന്നുമുണ്ടാകാതെ നോക്കണം, ശബ്ദം നമ്മളോടു സഹകരിക്കണം. അങ്ങനെ പല കാര്യങ്ങളുണ്ട്. പൊടിയോ പുകയോ തുടങ്ങി നിസ്സാരമായ എന്തെങ്കിലും മതി തൊണ്ടയ്ക്ക് അസ്വസ്ഥത ഉണ്ടാകാൻ. പിന്നെ പാടുമ്പോൾ പ്രേക്ഷകരിൽ നിന്ന് അനുകൂലമായ പ്രതികരണങ്ങൾ കിട്ടിയില്ലെങ്കിലും ടെൻഷനാണ്. പക്ഷേ പുതു തലമുറയിലെ ഗായകർക്ക് ഇത്തരം പ്രശ്നങ്ങളൊന്നും ഇല്ലെന്നു തോന്നുന്നു. അവർക്ക് വലിയ ആത്മവിശ്വാസമാണ്. റിയാലിറ്റി ഷോയിലും മറ്റും പാടിയ പരിചയസമ്പത്തുണ്ടാകും അവര്‍ക്ക്. മാത്രവുമല്ല, അവർക്കൊക്കെ കൃത്യമായ പരിശീലനവും കിട്ടിയിട്ടുണ്ട്. എനിക്കൊക്കെ ഓമനക്കുട്ടി ടീച്ചറിൽ നിന്നുള്ള പാഠങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നെ, ദാസേട്ടൻ, എസ്പിബി സർ തുടങ്ങിയ ഇതിഹാസ ഗായകർക്കൊപ്പം പാടാൻ അവസരം ലഭിച്ചതു വലിയ ഭാഗ്യമാണ്. അവരിൽ നിന്നും കുറേ കാര്യങ്ങൾ കണ്ടും കേട്ടും പഠിക്കാൻ സാധിച്ചു.
∙ സങ്കടങ്ങളിൽ നിന്നു കരകയറ്റിയത് സംഗീതമാണോ?
സങ്കടങ്ങളിൽ നിന്നൊരു മോചനമില്ല. അതൊന്നും ഒരിക്കലും മറക്കാനും പറ്റില്ല. പക്ഷേ എനിക്ക് തുടർന്നു ജീവിച്ചേ പറ്റൂ. സംഗീതം എന്നൊരു മേഖലയിൽ എന്നെ കൊണ്ടെത്തിച്ചതിനു ഞാൻ ദൈവത്തോടു നന്ദി പറയുന്നു. എന്റെ സന്തോഷത്തിലും സങ്കടത്തിലും വീഴ്ചകളിലുമെല്ലാം കൂടെ നിന്നവരാണ് മലയാളികൾ. അതിനു ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. എല്ലാവരുടെയും സ്നേഹവും പ്രാർഥനയും, അന്ത്യശ്വാസം വലിക്കുന്നതുവരെ എനിക്കൊപ്പമുണ്ടായിരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
English Summary: Singer KS Chithra Talks on Life, Music and Career As She Turns 60