‘ഇന്ന് കുഞ്ഞീഷ്ണന്റെ പിറന്നാളാ’: തീരാത്ത കൂടല്ലൂർ കഥകളുടെ എഴുത്തുകാരന് നവതി
കർക്കടകത്തിലെ ഉത്രട്ടാതി നാളിലാണ്, ഹൃദയാക്ഷരങ്ങളാൽ എകാന്തതയുടെ മഹാസാമ്രാജ്യം തീർത്ത കഥാലോകത്തെ പെരുന്തച്ചൻ എം.ടി.വാസുദേവൻ നായരുടെ പിറന്നാൾ. പാരമ്പര്യവും കുടുംബരീതിയുമനുസരിച്ച് ജന്മനക്ഷത്രത്തിലാണു പിറന്നാൾ. അങ്ങനെ നോക്കുമ്പോൾ ഓഗസ്റ്റ് അഞ്ചിനാണ് എംടിയുടെ തൊണ്ണൂറാം പിറന്നാൾ. വികാരതീവ്രതയിലും ഭാഷയുടെ മിതത്വത്തിലും ഒരുപോലെ ആറുതലമുറകളുടെ ഹൃദയത്തിൽ സ്ഥാനംപിടിക്കുകയും കഥാലോകത്തെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന സാഹിത്യലോകത്തെ മാഹാമേരുവിന് നവതി. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ തലമുറകളിൽ, പിറന്നാൾ ആഘോഷങ്ങൾക്ക് വിളിക്കാതെ പോയി അപമാനിതരും ആട്ടിപ്പുറത്താക്കപ്പെട്ടവരുമായവർ അദ്ദേഹത്തിന്റെ കഥകളിലുണ്ട്. സ്വന്തം പിറന്നാൾ അന്യമായ അവരിൽ പലരും കൂടല്ലൂരുകാരായ അനാഥരും ഏകാകികളും അവഗണിതരും വിലക്കപ്പെട്ടവരുമാണ്. അവിടെ ജീവിച്ചിരുന്ന സ്വന്തബന്ധുക്കളിൽപ്പെട്ടവരാണ് അതിൽ കൂടുതലും. പക്ഷേ, ആ കഥാപാത്രങ്ങൾ, സന്ദർഭങ്ങൾ ‘ഞാൻ തന്നെയല്ലേ, എന്റേതല്ലേ’ എന്നു വായനക്കാരൻ സ്വയം ചോദിച്ചുപോകുന്നു.
കർക്കടകത്തിലെ ഉത്രട്ടാതി നാളിലാണ്, ഹൃദയാക്ഷരങ്ങളാൽ എകാന്തതയുടെ മഹാസാമ്രാജ്യം തീർത്ത കഥാലോകത്തെ പെരുന്തച്ചൻ എം.ടി.വാസുദേവൻ നായരുടെ പിറന്നാൾ. പാരമ്പര്യവും കുടുംബരീതിയുമനുസരിച്ച് ജന്മനക്ഷത്രത്തിലാണു പിറന്നാൾ. അങ്ങനെ നോക്കുമ്പോൾ ഓഗസ്റ്റ് അഞ്ചിനാണ് എംടിയുടെ തൊണ്ണൂറാം പിറന്നാൾ. വികാരതീവ്രതയിലും ഭാഷയുടെ മിതത്വത്തിലും ഒരുപോലെ ആറുതലമുറകളുടെ ഹൃദയത്തിൽ സ്ഥാനംപിടിക്കുകയും കഥാലോകത്തെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന സാഹിത്യലോകത്തെ മാഹാമേരുവിന് നവതി. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ തലമുറകളിൽ, പിറന്നാൾ ആഘോഷങ്ങൾക്ക് വിളിക്കാതെ പോയി അപമാനിതരും ആട്ടിപ്പുറത്താക്കപ്പെട്ടവരുമായവർ അദ്ദേഹത്തിന്റെ കഥകളിലുണ്ട്. സ്വന്തം പിറന്നാൾ അന്യമായ അവരിൽ പലരും കൂടല്ലൂരുകാരായ അനാഥരും ഏകാകികളും അവഗണിതരും വിലക്കപ്പെട്ടവരുമാണ്. അവിടെ ജീവിച്ചിരുന്ന സ്വന്തബന്ധുക്കളിൽപ്പെട്ടവരാണ് അതിൽ കൂടുതലും. പക്ഷേ, ആ കഥാപാത്രങ്ങൾ, സന്ദർഭങ്ങൾ ‘ഞാൻ തന്നെയല്ലേ, എന്റേതല്ലേ’ എന്നു വായനക്കാരൻ സ്വയം ചോദിച്ചുപോകുന്നു.
കർക്കടകത്തിലെ ഉത്രട്ടാതി നാളിലാണ്, ഹൃദയാക്ഷരങ്ങളാൽ എകാന്തതയുടെ മഹാസാമ്രാജ്യം തീർത്ത കഥാലോകത്തെ പെരുന്തച്ചൻ എം.ടി.വാസുദേവൻ നായരുടെ പിറന്നാൾ. പാരമ്പര്യവും കുടുംബരീതിയുമനുസരിച്ച് ജന്മനക്ഷത്രത്തിലാണു പിറന്നാൾ. അങ്ങനെ നോക്കുമ്പോൾ ഓഗസ്റ്റ് അഞ്ചിനാണ് എംടിയുടെ തൊണ്ണൂറാം പിറന്നാൾ. വികാരതീവ്രതയിലും ഭാഷയുടെ മിതത്വത്തിലും ഒരുപോലെ ആറുതലമുറകളുടെ ഹൃദയത്തിൽ സ്ഥാനംപിടിക്കുകയും കഥാലോകത്തെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന സാഹിത്യലോകത്തെ മാഹാമേരുവിന് നവതി. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ തലമുറകളിൽ, പിറന്നാൾ ആഘോഷങ്ങൾക്ക് വിളിക്കാതെ പോയി അപമാനിതരും ആട്ടിപ്പുറത്താക്കപ്പെട്ടവരുമായവർ അദ്ദേഹത്തിന്റെ കഥകളിലുണ്ട്. സ്വന്തം പിറന്നാൾ അന്യമായ അവരിൽ പലരും കൂടല്ലൂരുകാരായ അനാഥരും ഏകാകികളും അവഗണിതരും വിലക്കപ്പെട്ടവരുമാണ്. അവിടെ ജീവിച്ചിരുന്ന സ്വന്തബന്ധുക്കളിൽപ്പെട്ടവരാണ് അതിൽ കൂടുതലും. പക്ഷേ, ആ കഥാപാത്രങ്ങൾ, സന്ദർഭങ്ങൾ ‘ഞാൻ തന്നെയല്ലേ, എന്റേതല്ലേ’ എന്നു വായനക്കാരൻ സ്വയം ചോദിച്ചുപോകുന്നു.
കർക്കടകത്തിലെ ഉത്രട്ടാതി നാളിലാണ്, ഹൃദയാക്ഷരങ്ങളാൽ എകാന്തതയുടെ മഹാസാമ്രാജ്യം തീർത്ത കഥാലോകത്തെ പെരുന്തച്ചൻ എം.ടി.വാസുദേവൻ നായരുടെ പിറന്നാൾ. പാരമ്പര്യവും കുടുംബരീതിയുമനുസരിച്ച് ജന്മനക്ഷത്രത്തിലാണു പിറന്നാൾ. അങ്ങനെ നോക്കുമ്പോൾ ഓഗസ്റ്റ് അഞ്ചിനാണ് എംടിയുടെ തൊണ്ണൂറാം പിറന്നാൾ. വികാരതീവ്രതയിലും ഭാഷയുടെ മിതത്വത്തിലും ഒരുപോലെ ആറുതലമുറകളുടെ ഹൃദയത്തിൽ സ്ഥാനംപിടിക്കുകയും കഥാലോകത്തെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന സാഹിത്യലോകത്തെ മാഹാമേരുവിന് നവതി.
പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ തലമുറകളിൽ, പിറന്നാൾ ആഘോഷങ്ങൾക്ക് വിളിക്കാതെ പോയി അപമാനിതരും ആട്ടിപ്പുറത്താക്കപ്പെട്ടവരുമായവർ അദ്ദേഹത്തിന്റെ കഥകളിലുണ്ട്. സ്വന്തം പിറന്നാൾ അന്യമായ അവരിൽ പലരും കൂടല്ലൂരുകാരായ അനാഥരും ഏകാകികളും അവഗണിതരും വിലക്കപ്പെട്ടവരുമാണ്. അവിടെ ജീവിച്ചിരുന്ന സ്വന്തബന്ധുക്കളിൽപ്പെട്ടവരാണ് അതിൽ കൂടുതലും. പക്ഷേ, ആ കഥാപാത്രങ്ങൾ, സന്ദർഭങ്ങൾ ‘ഞാൻ തന്നെയല്ലേ, എന്റേതല്ലേ’ എന്നു വായനക്കാരൻ സ്വയം ചോദിച്ചുപോകുന്നു.
പ്രശസ്തമായ കുട്ട്യേടത്തി എന്ന കഥയിലെ കാതുമുറിച്ച മീനാക്ഷ്യേടത്തി തറവാട്ടിലെ എല്ലാവരുടെയും ഒരു ഏട്ടത്തിയാണ്. കാതിൽ അരിമ്പാറപോലെ തൂങ്ങിക്കിടന്ന കറുത്തമണി പിശാങ്കത്തികൊണ്ട് മുറിച്ചുകളഞ്ഞ അവർ അന്ന് സ്ത്രീകൾക്കിടയിൽ വലിയ തന്റേടത്തിന്റെ പ്രതീകമായിരുന്നു. എംടി ജനിക്കും മുൻപേ അവർ മരിച്ചു. വകയിലുള്ള ഒരു അമ്മാവൻ തന്നെയായിരുന്നു ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തൻ വേലായുധൻ (വടക്കേവീട്ടിലെ വേലായുധൻ). അദ്ദേഹത്തെ ഒരു തവണ കണ്ടതായി എംടി ഒാർമിക്കുന്നുമുണ്ട്.
അസുരവിത്തിലെ ഗോവിന്ദൻകുട്ടിയും അമ്മാവനായിരുന്നു. അദ്ദേഹം മതംമാറി അബ്ദുല്ലയായി മടങ്ങിയെത്തിയപ്പോൾ, ഉറ്റ ചങ്ങാതിയായ കുഞ്ഞരയ്ക്കറിന്റെ പ്രതികരണം എന്നത്തേയും മതനിരപേക്ഷതയുടെ ഉത്തമദൃഷ്ടാന്തമായി വിലയിരുത്തപ്പെടുന്നു. ജീവിതത്തിന്റെ നിവൃത്തികേടിൽ മനസ്സുവിട്ടാണ് നിർമാല്യത്തിലെ വെളിച്ചപ്പാട് ദേവീ വിഗ്രഹത്തിൽ തുപ്പുന്നതെങ്കിൽ, മതവും ജാതിയും വർഗീയതയും കൂട്ടുപിടിച്ച് സ്വൈര ജീവിതം ഇല്ലാതാക്കുന്നവരുടെ മുഖത്തേക്കാണ് ഇരുട്ടിന്റെ ആത്മാവിലെ കുഞ്ഞാരക്കാർ കാർക്കിച്ചു തുപ്പുന്നത്.
∙ പിറന്നാളിന്റെ ഒാർമയ്ക്ക്
കഥാപാത്രങ്ങളും പിറന്നാളിന്റെ ആഘോഷത്തിൽപ്പെട്ടവരല്ല. കാരണം, എംടിക്ക് പിറന്നാൾദിനം മറ്റെല്ലാംപോലെ കടന്നുപോകുന്ന ഒരു ദിവസം മാത്രമാണ്. അങ്ങനെ ആയതിന്റെ കാരണം അദ്ദേഹം ഏഴുതിയിട്ടും പറഞ്ഞിട്ടുമുണ്ട്. അക്കാലത്തൊക്കെ ശരിക്കും പഞ്ഞമാസമായ കരിംകർക്കടകത്തിൽ പുറത്തും അകത്തും നീക്കിയിരിപ്പൊന്നുമുണ്ടാകില്ല. കരിചേമ്പിൻ താളിന്റെ കൂട്ടാനും ചമ്മന്തിയും കഞ്ഞിയുമൊക്കെയായി കഷ്ടിച്ച് തട്ടിമുട്ടിപോകുന്ന ദിവസങ്ങളിൽ പിറന്നാളിനെവിടെ സ്ഥാനം!
ഒരു പിറന്നാളിന്റെ ഒാർമയിൽ ഗൃഹാതുരതയോടെ അതാണ് വിവരിക്കുന്നതും: ‘നാളെ എന്റെ പിറന്നാളാണ്, എനിക്ക് ഒാർമയുണ്ടായിരുന്നില്ല’
വല്യമ്മാമന്റെ ഉഗ്രശാസനത്തിനു കീഴിൽ മരുമക്കത്തായ കൂട്ടുകുടുംബ സമ്പ്രദായമായിരുന്നു എംടിയുടെയും. വല്യമ്മാമയായിരുന്നു ഭരണകേന്ദ്രം. അവിടെ അമ്മാമന്റെ മകൻ ദാമോദരന്റെ പിറന്നാൾപോലെത്തന്നെ തന്റെ പിറന്നാളും ആഘോഷിക്കണമെന്ന് വിചാരിക്കാനാകില്ല. പിറന്നാൾ സദ്യയൊരുക്കാൻ മോഹിച്ചുപോയ കുഞ്ഞികൃഷ്ണൻ എന്ന കുട്ടിയുടെ കഥയാണ് എംടി പറയുന്നത്. പിറന്നാൾ വന്നപ്പോഴുളള അവന്റെ സങ്കടവും നിർബന്ധവും സഹിക്ക വയ്യാതെ, നെല്ലളക്കുന്നതിനിടെ അമ്മ വല്യമ്മാമയോട് പറഞ്ഞു:
‘‘ഇന്ന് കുഞ്ഞീഷ്ണന്റെ പിറന്നാളാ’’
‘‘അതിന്’’
‘‘മനോക്കാവിൽ അരക്കൂട്ട് പായം നേർന്നിട്ടുണ്ട്. നാലെടങ്ങഴികൂടി....?’’
ഇടിവെട്ടുന്ന സ്വരത്തിൽ അമ്മാവൻ പറഞ്ഞു:
‘‘ആരേ പറഞ്ഞത് നേരാൻ..? നേർന്നിട്ടുണ്ടെങ്കിൽ നേർന്നോര് കഴിച്ചോളൂണ്ടൂ’’.
‘‘ഒാന് ദെണ്ണം പിടിച്ചപ്പോൾ നേർന്നതാ...’’
‘ഒാന്റെ തന്തയോട് പറ, കാ ക്കാശിന് അയാളെക്കൊണ്ട് ഉപകാരംണ്ടോ’’
‘‘ന്റെ ഇഷ്ടത്തിന് നടത്തിയതല്ലല്ലോ’’
‘‘എന്നേടി, ഇബ്ടെ പെണ്ണുങ്ങള് കാര്യം പറയാൻ തൊടങ്ങീത്’’
‘‘ഒാപ്പോടെല്ലാതെ, പിന്നാരാടോ പറയാ, ഒാപ്പേടെ കുട്ട്യാച്ചാൽ... ?’’
‘‘ഒരുമ്പട്ടോളെ, നെന്നെ ഞാൻ...’’
‘‘എന്റമ്മേയ്’’
ഞാനറിയാതെ നിലവിളിച്ചുപോയി.
ആ പിറന്നാൾ ദിവസം ഞാൻ കുളിച്ചില്ല, അമ്മ എന്ന നിർബന്ധിച്ചതുമില്ല.
പിറന്നാളിന്റെ ഒാർമയ്ക്കുള്ളിലെ എംടിയുടെ കുട്ടിക്കാലം മാത്രമല്ല, അത്തരം സാമൂഹിക സാഹചര്യത്തിൽ ജനിച്ചുവളർന്നവരിൽ മിക്കവർക്കും അത് തങ്ങളുടേതു കൂടിയായി തോന്നാതിരിക്കില്ല.
∙ ജന്മനക്ഷത്രമാസത്തിലെ പട്ടിണി
നീലക്കുന്നുകൾ എന്ന കഥയിലും പിറന്നാളിന്റെ കൊതിയും സന്തോഷവും തിരയടിക്കുന്നുണ്ട്. ഒരു പാട് യാത്രചെയ്തും അലഞ്ഞും ക്ഷീണിച്ച് നീലഗിരിയിലെ പെങ്ങളുടെ വീട്ടിലെത്തുന്നു അയാൾ. പെങ്ങളും കുടുംബവും അയാളുടെ വരവ് കാത്തിരിക്കുകയായിരുന്നു.
‘‘കഴിഞ്ഞകൊല്ലൂം, രണ്ടാംകൊല്ലൂം ഞാനെഴുതി. അപ്പൂന്റെ പിറന്നാളിന് ഇക്കുറി എന്തായാലും വരണംന്ന്. ഏഴുതുമ്പോൾ, ഞാൻ പന്തയംവച്ചിട്ടുണ്ട്,
അപ്പൂംന്റച്ചനോട്, അന്യേൻ വരൂന്ന്.’’
അതറിയാതെ വന്നെത്തിയതാണെന്നു പറയാൻ അയാൾക്ക് ധൈര്യമുണ്ടായില്ല. പിറന്നാളുകൾ ഒാർമിക്കാനോ ആഘോഷിക്കാനോ കഴിയാതെപോയ മടുപ്പേറിയ അനാഥജീവിതത്തിന് വീണുകിട്ടുന്ന അപൂർവ സ്നേഹനിമിഷമായിരുന്നു അത്. പഞ്ഞം പടർന്ന കർക്കടത്തിൽ അച്ഛൻ ടി.നാരായണന്റെ പുന്നയൂർക്കുളത്തെ വീട്ടിൽനിന്ന് വിരുന്നെത്തിയ ശങ്കുണ്ണ്യേട്ടനെ സത്കരിക്കാൻ വേണ്ടി നിവൃത്തിയില്ലാതെ, മകനെ ജന്മനക്ഷത്രമാസത്തിൽ പട്ടിണിക്കിട്ട ഒരമ്മയുടെ മനസ്സും ചുറ്റുപാടുകളും, കൂടല്ലൂരിൽനിന്ന് അകലെയാണെങ്കിലും എംടി ഇപ്പോഴും അനുഭവിക്കുന്നു. കാരണം, കൂടല്ലൂരിൽ ആഴ്ന്നു പടർന്ന വേരുകളാണ് അദ്ദേഹത്തിന്റേത്.
∙ തിരിച്ചുവരാനായി പടിയിറങ്ങിയവർ
അമ്മിണിയേടത്തിയുടെ കുപ്പിവളയുടഞ്ഞ് ചോരപൊടിഞ്ഞ പ്രണയം, അമ്മയും അമ്മമ്മയും പറയുന്ന കഥകൾ കേട്ട് തറവാടിന്റെ ഗോവണിപ്പടിയിൽ ഇരിക്കുമ്പോൾ ദേഹത്ത് തട്ടിയ സുമിത്രയുടെ ചൂടുള്ള നിശ്വാസങ്ങൾ, പുന്നയൂർകുളത്തെ അച്ഛന്റെ തറവാട്ടിൽ വന്നുപോകാറുളള പുഷ്പോത്തെ രാജാമണിയുടെ വെളുക്കനെയുള്ള മന്ദഹാസം–കൗമാരത്തിലെ പ്രണയ വികൃതികൾ. കൂടല്ലൂർ താന്നിക്കുന്നിന്റെ നെറുകയിൽനിന്ന് ഒന്നു വലിഞ്ഞുനോക്കിയാൽ വയലുകളും പാതകളും ഭാരതപ്പുഴയും കരിയന്നൂർ പാലവും കാണാം. അവിടെനിന്ന് ആഘോഷങ്ങളൊന്നും ഇല്ലാതെ, ഏകാന്തതയുടെ മഹാസാമ്രാജ്യത്തിലേക്ക് നടന്നുകയറിയ ഒരു പയ്യനാണ് ഹൃദയത്തിന്റെ ഏഴുത്തുകാരനായത്. ഒരുപാട് ചിന്തകൾ പേറുന്ന ഒറ്റപ്പെട്ട കഥാപാത്രങ്ങളാണ് എംടിയുടെ മിക്ക കഥകളിലുമെന്ന് നിരൂപകരും ചൂണ്ടിക്കാണിക്കുന്നു.
രക്തബന്ധത്തിലുളളവരെങ്കിലും മറ്റുള്ളവരെ ആശ്രയിച്ച് ജീവിതവും പഠിപ്പും നടത്താൻ വിധിക്കപ്പെട്ട ഏത്രയോ ജീവിതങ്ങളുണ്ട്. ‘‘നീയ് പഠിച്ചിട്ടല്ലേ, പ്പൊ, തുക്കിട സായ്പാവാൻ പോണത്’’ എന്ന് കളിയാക്കി പരീക്ഷാഫീസ് കൊടുക്കാതെ പടിയിറക്കിവിട്ടപ്പോൾ, അവർ പിന്നീട് എല്ലാതരത്തിലും പുറത്താക്കപ്പെട്ടവരാകുകയാണ്. കൗമാര കൗതുകങ്ങളും ശണ്ഠകളും പ്രണയവും സ്വപ്നങ്ങളും സ്നേഹബന്ധങ്ങളും അവർക്ക് അന്യമായി. പിറന്നാൾ ആഘോഷിക്കാൻ ഭാഗ്യമില്ലാതെ പോയവരുൾപ്പെടെ, ഇത്തരത്തിൽ പടിയിറങ്ങിയ പലരും കഥകളിലുണ്ട്. പക്ഷേ അവരൊക്കെ പിന്നീട് വിജയികളായി തിരിച്ചു നാട്ടിൽ തിരിച്ചെത്തുന്നുമുണ്ട്. തിരിച്ചുവരാൻ വേണ്ടി നാടുവിട്ടവരാണ് പല കഥാപാത്രങ്ങളുമെന്നു തോന്നിക്കുന്നതുപോലെ.
∙ രാത്രിമുല്ലയുടെ ഇടവഴികളിൽ മരിക്കാത്ത കഥാപാത്രങ്ങൾ
പാടത്തിന്റെ കരയിലെ ഒരു തകർന്ന തറവാട്ടു വീടിന്റെ മുകളിൽ, ചാരുപടിയുടെ മുൻപിൽ, അരണ്ട വെളിച്ചത്തിൽ എന്തൊക്കെയോ എഴുതിയും സ്വപ്നങ്ങൾ നെയ്തെടുത്തിരുന്ന കുട്ടി. ആൾക്കൂട്ടത്തിലും തനിച്ചായ ആ കുട്ടിയുടെ മനസ്സിൽ പതിച്ച കൂടല്ലൂരിലെ തറവാടുകളുടെ, മനുഷ്യരുടെ കഥകൾ, ചുറ്റുപാടുകൾ. കഥകളിലെ, നോവലുകളിലെ കഥാപാത്രങ്ങളിൽ പലരും ജന്മനാടായ കൂടല്ലൂരും പരിസരത്തും ജീവിച്ചവരും മരിച്ചവരുമാണ്. അവരെപ്രതി എംടി ഒരിക്കൽ പറഞ്ഞത് 'കൂടല്ലൂരിലെ അമരന്മാർ' എന്നാണ്. ചില കഥാപാത്രങ്ങൾ ഇന്നും ഈ പരിസരത്തുണ്ട്. മരിച്ചുപോയവർ എംടിയുടെ നോവലുകളിലൂടെയും കഥകളിലൂടെയും കൂടല്ലൂരിൽ ജീവിക്കുന്നു. അവർ തലമുറകളിലൂടെ അമരന്മാരായി മാറുകയാണ്.
അപ്പുണ്ണിയും വേലായുധനും കോന്തുണ്ണി നായരും ഗോവിന്ദൻകുട്ടിയും കുട്ട്യേടത്തിയും മീനാക്ഷിയേടത്തിയും ഭ്രാന്തൻ വേലായുധനും വായനയുളളിടത്തോളം കാലം ജീവിക്കും. ദേശത്തനിമയിൽ എംടി സൃഷ്ടിച്ച കഥാപാത്രങ്ങൾ കൂടല്ലൂരിൽ സജീവമാണ്. കൂട്ടക്കടവും ഭാരതപ്പുഴയും മലമൽക്കാവും നീലത്താമര വിരിഞ്ഞ കുളവും താന്നിക്കുന്നും മുത്തുവിളയും കുന്നും പൂമാൻതോടും എല്ലാത്തിനും മകുടം ചാർത്തിയപോലെ നിൽക്കുന്ന മാടത്ത് തെക്കേപ്പാട്ട് (എംടി) തറവാടും ദേശപരദേവതയായ കൊടിക്കുന്നത്ത് കാവിലമ്മയുമൊക്കെ കൂടല്ലൂരിന്റെ മിടിപ്പും മനസ്സുമാണ്. ഈ ദേശങ്ങളെ ബന്ധിപ്പിക്കുന്ന രാത്രിമുല്ല പൂക്കുന്ന, പച്ചിലപ്പാമ്പുകളുള്ള നാട്ടിടവഴികളും നിരവധി.
∙ തീരാത്ത കൂടല്ലൂർകഥകൾ
ഗ്രാമത്തിലെ ഒടിയന്മാരായ കണ്ടങ്കാളിയും പാണൻ ഉണ്ണിപേരനും, കൈതപ്പൊന്ത മറയാക്കി, വാൽ ഇല്ലാത്ത കാളയുടെ രൂപത്തിൽ നിന്ന ഒടിയൻ കണ്ടങ്കാളിയെ നെട്ടോട്ടം ഒാടിച്ച അച്യുതൻനായർ, ചുട്ടകോഴിയെ പറപ്പിച്ച അതിശക്തനായ ഏരോമൻ നായർ.. ഇവരെല്ലാം എംടിയിലൂടെ അമരപദം നേടിയവരാണ്. തികച്ചും കർഷകനായിരുന്ന അച്യുതൻനായരെ കഥാപാത്രമായി ഒരു സൃഷ്ടിക്കുള്ള ആഗ്രഹം എംടി അടുത്തുളളവരുമായി പങ്കുവച്ചതായി വർത്തമാനമുണ്ട്. പകിട കളിയിലെ പ്രമാണിയായിരുന്ന കോന്തുണ്ണിനായർ എംടിയുടെ നേരമ്മാവനാണ്.കോന്തുണ്ണി നായർ കഴിഞ്ഞേ അവിടെ പകിടക്കാരുണ്ടായിരുന്നുള്ളൂ. ഒറ്റതിരിഞ്ഞാണെങ്കിലും, പകിടക്കളിക്കാർ ഇപ്പോഴുംസജീവമായ കൂടല്ലൂരിൽ, കോന്തുണ്ണിനായരുടെ പേരിലൊരു സ്ഥാപനവും പ്രവർത്തിക്കുന്നുണ്ട്.
നിർമാല്യത്തിലെ ഭ്രാന്തൻ ഗോപാലനെപ്പോലെ മറ്റൊരു കഥാപാത്രമാണ് മലമൽക്കാവിലെ ആൽത്തറയിലെ ഭ്രാന്തൻ പറങ്ങോടനും. ഇവിടുത്തെ പഴയതലമുറക്കിടയിൽ ആ പറങ്ങോടൻ ഇപ്പോഴും ഒാർമിക്കപ്പെടുന്നു. പല കഥകളിലും വല്യമ്മയായി വരുന്നത് മുത്തശ്ശിയുടെ സഹോദരി പാറുവമ്മയാണത്രെ. ഇങ്ങനെ ചെറുതും വലുതുമായ എത്രയെത്ര കഥാപാത്രങ്ങൾ, സന്ദർഭങ്ങൾ.. കഥകളിലൂടെ അവരെല്ലാം അതിർത്തികളില്ലാത്ത ലോകത്തായി. നാലുകെട്ടിലെ അമ്മിണിയേടത്തിയെ അന്വേഷിച്ച് മുൻപൊക്കെ പലരും കൂടല്ലൂരിലെത്തിയിരുന്നതായി സ്ഥലത്തെ സാംസ്കാരിക പ്രവർത്തകർ പറയുന്നു. മിക്ക കൃതികളും വളളുവനാടൻ പരിസരം ചുറ്റിപ്പറ്റിയുള്ളതാണ്. ‘‘എന്റെ കഥകളുടെ കഥകളാണ് എനിക്ക് ഏറെ ഇഷ്ടമെന്നും കുടല്ലൂരിന്റെ കഥകൾ ഇനിയും പറഞ്ഞുകഴിഞ്ഞിട്ടില്ലെന്നും’’ എംടി ഒരിക്കൽപറഞ്ഞതും ഈ സാഹചര്യത്തിൽ ഒാർമിക്കേണ്ടതുണ്ട്.
∙ കുരുതിപ്പറമ്പിൽ വിരിഞ്ഞ നിർമാല്യം
കൂടല്ലൂരിലെ തെക്കുമുറി, പടിഞ്ഞാറ്റമുറി, വടക്കുമുറിയും കഥകളുടെ ജീവൻ പേറുന്ന സ്ഥലങ്ങളാണ്. മാടത്ത് തെക്കേപ്പാട്ട് തറവാട്ടിലെ ഒരു മുത്തശ്ശിയുമായി കൊടിക്കുന്നത്തമ്മയ്ക്ക് ബന്ധമുണ്ടെന്ന കഥയും തലമുറകൾ കൈമാറുന്നു. ലോകത്തിലെ എല്ലാ ദൈവങ്ങളും ഇല്ല എന്നു സമ്മതിച്ചാലും നാട്ടിലെ കൊടിക്കുന്നത്തമ്മ ഇല്ലെന്നു പറഞ്ഞാൽ സമ്മതിക്കില്ലെന്ന എംടിയുടെ പ്രഖ്യാപനം തന്റെ സാംസ്കാരിക ഊർജത്തിന്റെ വേരുകളാണ് കാണിക്കുന്നതെന്ന് ആലങ്കോട് ലീലാകൃഷ്ണൻ ഏഴുതിയിട്ടുണ്ട്. കൊടിക്കുന്നത്തമ്മയുടെ നടയിൽ വച്ചാണ് എംടി സരസ്വതിടീച്ചറെ താലിചാർത്തിയതും.
രണ്ട് പുഴകളുടെ സംഗമകേന്ദ്രമാണ് വൈദ്യത്തിന്റെയും വേദത്തിന്റെയും ദൈവത്തിന്റെയും നാടായി അറിയപ്പെടുന്ന തൃത്താല. ഇവിടെ നിശബ്ദ താഴ്‌വരയിൽനിന്ന് (സൈലന്റ് വാലി) പുറപ്പെടുന്ന കുന്തിപ്പുഴയും ഭാരതപ്പുഴയും സംഗമിക്കുന്ന സ്ഥലമാണ് കൂടല്ലൂർ. അവിടെ എംടിയിൽ വലിയ സ്വാധീനം ചെലുത്തിയ കുരുതിപ്പറമ്പ് വെള്ളപ്പൊക്കത്തിൽ പ്രകൃതിയുണ്ടാക്കിയ പ്രദേശമാണെന്നാണു വിശ്വാസം. മൂന്നുവർഷം കൂടുമ്പോഴാണ് ഇവിടെ കുരുതി (ഗുരുതിയാട്ടം) ചടങ്ങുകൾ നടക്കാറുള്ളത്.
മുൻപ് കുരുതിക്ക് എത്തിയിരുന്ന കോമരത്തിന്റെ ജീവിതമറിഞ്ഞ എംടിയിൽനിന്ന് പള്ളിവാളും കാൽചിലമ്പും എന്ന വലിയ കഥ വായനക്കാരന് കിട്ടി. അത് പിന്നീട് പ്രശസ്തമായ നിർമാല്യം സിനിമയായി. ശോഭനാപരമേശ്വൻനായരിലൂടെ സിനിമാലോകത്തേക്കുളള പ്രവേശനം. പിന്നെ, ഒന്നിനൊന്ന് വിജയിച്ച എത്രയോ തിരക്കഥകൾ, സിനിമകൾ. തിരക്കഥയിലും പെരുന്തച്ചനായി അദ്ദേഹം. വള്ളുവനാടൻ വർത്തമാനശൈലി സിനിമയിലൂടെ കേരളമാകെ പരിചിതമായി മാറി. എംടിയുടെ നിരീക്ഷണത്തിൽ വരാത്ത മുക്കുംമൂലയും കൂടല്ലൂരിൽ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ കഥകളിലെ ദേശത്തെക്കുറിച്ച് വിലയിരുത്തുന്നവർ പറയുന്നത്. കഥകളിൽ, നോവലുകളിൽ അത് ആഴത്തിലും പരപ്പിലും നിറഞ്ഞുനിൽക്കുന്നു.
∙ ‘‘വളരും, വളർന്ന് വലുതാകും’’
എല്ലാ അവഗണനകൾക്കും ഇല്ലായ്മകൾക്കും പൊറുതിമുട്ടലുകൾക്കുമിടയിൽ പിറന്നാൾ മറക്കാൻ പഠിച്ച അപ്പുണ്ണി പ്രത്യാശിക്കുന്നുണ്ട്– ‘‘വളരും, വളർന്നു വലിയ ആളാകും. കൈകൾക്ക് നല്ല കരുത്തുണ്ടാകും. അന്ന് ആരെയും ഭയപ്പെടേണ്ടതില്ല, തല ഉയർത്തിപ്പിടിച്ചു നിൽക്കും’’. സ്വന്തക്കാരുണ്ടായിട്ടും അനാഥനെപ്പോലെ കഴിയേണ്ടിവന്ന കുട്ടി. അപ്പുണ്ണിയുടെ ഈ പ്രതീക്ഷയിലാണ് 'നാലുകെട്ട്' തുടങ്ങുന്നത്. പേരുപോലും അറിയാത്ത സ്വന്തം ഗ്രാമത്തിലേക്ക് നിരന്തരം ഒാടിപ്പോകുന്ന ശാന്തറാം എന്ന കഥാപാത്രവും ഇത്തരത്തിലൊരു കുട്ടിയാകാതിരിക്കാൻ തരമില്ല.
അവനെ അച്ഛൻ തിരിച്ചുകൊണ്ടുവരുമെങ്കിലും രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ അവൻ വീണ്ടും ഗ്രാമത്തിലേക്ക് ഒാടിപ്പോകുന്നുണ്ട്. ശരിയാണ്, നിൽക്കാതെ ഒാടിക്കൊണ്ടിരിക്കും. ഗ്രാമത്തിലേക്ക്, അമ്പലത്തിനടുത്ത വീട്ടിലേക്ക്... നവതിയിലും മനസ്സുകൊണ്ട് കൂടല്ലൂരിലേക്ക് ഇടയ്ക്കിടെ ഓടിക്കൊണ്ടിരിക്കുന്ന ഒരു കുട്ടിയുമുണ്ട്. കൂടല്ലൂർ ദേശത്തിന്റെ മനസ്സുകളും ഹൃദയങ്ങളും ജീവിതങ്ങളും ലോകവും വിവരിക്കുന്ന സ്ഥലപുരാണത്തിൽ സ്വന്തം നാടിന്റെ എതാണ്ട് എല്ലാ വിശേഷങ്ങളും എംടി സൂചിപ്പിക്കുന്നു. കണ്ണാന്തളിപ്പൂക്കളുടെ കാലം, അഭയംതേടി വീണ്ടും, എവിടെക്കോ ഒരു വഴി, വിത്തുകൾ എന്നീ കൃതികളിലും കൂടല്ലൂർ വിശേഷങ്ങളുണ്ട്.
∙ തിരിച്ചെടുത്ത തറവാട്
ആദ്യം രണ്ട് നാലുകെട്ടുകൾ ചേർന്നതായിരുന്നുവത്രെ വടക്കേപ്പാട്ട് തറവാട് വീട്. അവിടെ 65 ആളുകളുണ്ടായിരുന്നപ്പോഴാണ് ഭാഗംവയ്പ് നടന്നത്. നന്നേ കുറച്ച് സ്ഥലമാണ് എംടിയുടെ മുത്തശ്ശിക്ക് കിട്ടിയത്. അവർക്കൊപ്പം എംടിയുടെ അമ്മ അമ്മാളുവമ്മയും ചെറിയമ്മ കുഞ്ചുക്കുട്ടിയമ്മയും അമ്മാവന്മാരായ അച്ചുമ്മാമയും കുട്ടമ്മാമയും ഉണ്ടായിരുന്നു. എല്ലാവരും കൂടി പലസ്ഥലത്തായി താമസിച്ച്, ഒടുവിൽ ബന്ധത്തിലുള്ളൊരു വല്യമ്മയുടെ കൊട്ടിലിലായി (തേങ്ങ, അടക്ക എന്നിവ സൂക്ഷിക്കുന്ന സ്ഥലം) താമസം. അവിടെയാണ് എംടി ജനിച്ചത്. പിന്നീട് കുന്നിന്റെ മുകളിൽ ചെട്ടിമാർ താമസിച്ച വീട്ടിലായി. ഇതിനിടയിൽ എംടിയുടെ അമ്മ മൂന്നുസെന്റ് സ്ഥലം വാങ്ങി വീടുവച്ചു. അലച്ചിലുകൾക്കിടയിൽ നുളളിപ്പെറുക്കിയുണ്ടാക്കിയ സമ്പാദ്യംകൊണ്ട് എട്ടുകെട്ട് പൊളിച്ച് ചെറുതാക്കിയ അമ്മ തറവാട് തിരിച്ചെടുത്തു.
അമ്മാളുവമ്മയുടെ നാല് ആൺമക്കളിൽ ഇളയവനാണ് എംടി. പരേതരായ എം.ടി.ഗോവിന്ദൻ നായർ, എംടി ബാലൻ നായർ (എംടിബി നായർ), എം.ടി. നാരായണൻ നായർ (എംടിഎൻ നായർ) എന്നിവരാണ് സഹോദരങ്ങൾ. കൂടല്ലൂരിലെ എൽപി സ്കൂൾ, പിന്നെ കുമരനെല്ലൂർ ഹൈസ്കൂൾ, എഴുതിത്തെളിഞ്ഞ വിക്ടോറിയ കോളജിലെ പഠനകാലം. അക്കാലത്ത് നാടകങ്ങളും ഏഴുതി അവതരിപ്പിച്ചു. ഹൈസ്കൂൾ പഠനം മഹാകവി അക്കിത്തത്തിന്റെ ഇല്ലത്തെ പുസ്തകങ്ങളിലൂടെ വായനയുടെ ദാഹം തീർക്കുന്ന കാലംകൂടിയായിരുന്നു.
അമ്മ മരിച്ചതോടെ ചെറിയമ്മയായിരുന്നു എംടിക്ക് അമ്മ. ഏട്ടത്തിയമ്മ നല്ലൊരു വായനക്കാരിയായിരുന്നു. അവരുടെ വായനയും ഏഴുത്തും തന്നെ സ്വാധീനിച്ചതായി എംടി പറയാറുണ്ടെന്ന് ഭാര്യയും പ്രശസ്ത നർത്തകിയുമായ കലാമണ്ഡലം സരസ്വതിയുടെ ആത്മകഥയിൽ (സാരസ്വതം) വിശദീകരിക്കുന്നു.
‘‘എംടിയുടെ പടവും വാർത്തയും പത്രത്തിൽകണ്ടാൽ നാട്ടിൽനിന്ന് ഏടത്തിയമ്മ വിളിക്കും. വാസൂന്റെ വിശേഷം പത്രത്തിൽ കണ്ടൂല്ലോ എന്നു പറഞ്ഞാണ് ഏടത്തിയമ്മ വർത്തമാനം തുടങ്ങുക. അപ്പോൾ അത് എന്താണ് എന്ന് എംടി വിശദീകരിക്കും. രക്ഷിതാക്കളുടെ സ്ഥാനത്താണ് എട്ടനെയും ഏട്ടത്തിയമ്മയെയും എംടി കണ്ടിരുന്നത്’’.
∙ കാലത്തിന്റെ പൊളിച്ചെഴുത്ത്
വിചാരിച്ചതുപോലെത്തന്നെ അപ്പുണ്ണി വലിയവനായി ഗ്രാമത്തിലേക്കു തന്നെ തിരിച്ചെത്തി. അവൻ പറഞ്ഞു. ‘‘അമ്മ പേടിക്കണ്ട, ഈ നാലുകെട്ട് പൊളിക്കാൻ ഏർപ്പാട് ചെയ്യണം. ഇവിടെ കാറ്റും വെളിച്ചവും കടക്കുന്ന ചെറിയ വീടുമതി’’.
‘‘പൊളിയ്ക്യേ. ഭഗവതി ഇരിക്കുന്ന സ്ഥലമല്ലേ’’
അപ്പുണ്ണി ഉച്ചത്തിൽ ചിരിച്ചു. പല ചോദ്യങ്ങൾക്കുള്ള കാലത്തിന്റെ ഉത്തരമായിരുന്നു ആ ചിരി. ആർക്കും നാലുകെട്ടിനെ സംരക്ഷിക്കാനായില്ല. അത് കാലഘട്ടത്തിന്റെ അനിവാര്യതപോലെ തകർന്നു.
പൊളിച്ചുമാറ്റിയപ്പോൾ പുതിയൊരു ലോകവും വായുവുമാണ് കിട്ടിയത്. പിറന്നാളുകൾ നഷ്ടപ്പെട്ട കുട്ടിക്ക് തുറന്നു കിട്ടിയതോ, സ്വാതന്ത്ര്യത്തിന്റെ ആകാശത്തിലേക്കുള്ള വാതിലും. മരുമക്കത്തായ കുടുംബങ്ങളുടെ തകർച്ചയിൽ ചിതറി, താറുമാറായ ജീവിതങ്ങളുടെ ദുരിതവും തീവ്രവേദനകളുമാണ് പിന്നീട് വായനക്കാർക്ക് ലഭിച്ചത്. കണ്ണീർപുഴകളും ദാരിദ്ര്യവും ദുരന്തങ്ങളും ഹൃദയസ്പർശിയായി പറഞ്ഞുതരുമ്പോഴും എല്ലാം പ്രതീക്ഷയിലാണ് അവസാനിക്കുന്നത്.
∙ അടുപ്പക്കാരുടെ വാസു, ഉറ്റവരുടെ ഉണ്ണിമാമ
സഹൃദയലോകം നൽകിയ നവതി ആദരവിനു ശേഷം, കോട്ടക്കലിൽ ആയുർവേദ ചികിത്സയിലാണ് എംടി. തിരിച്ചെത്തി വീട്ടിൽ കുറച്ചുദിവസം പഥ്യമനുസരിച്ചുള്ള വിശ്രമം. ഇതിനിടയിൽ സ്വന്തം പിറന്നാളും പതിവു പോലെ കടന്നുപോകും. ‘‘ഇതുവരെ പിറന്നാളിനെക്കുറിച്ച് ഒന്നും തമ്മിൽ പറഞ്ഞിട്ടില്ല, ചോദിച്ചിട്ടുമില്ല. കൂടല്ലൂരിൽ ബന്ധുക്കൾ ക്ഷേത്രത്തിൽ പിറന്നാൾപൂജകൾ കഴിക്കുമെന്ന് കേട്ടിട്ടുണ്ട്’’– എംടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതി പറഞ്ഞു. ‘‘എല്ലാദിവസവും പോലെയാണ് അച്ഛന് ജന്മനക്ഷത്രദിനവും. പിറന്നാളിനെക്കുറിച്ച് ആരും ഒന്നും പറയാറുമില്ല’’, മകൾ അശ്വതി ശ്രീകാന്തും പറഞ്ഞു.
അടുപ്പക്കാരുടെ വാസു, ബന്ധുക്കളിൽ പഴയ തലമുറയിലെ ഉണ്ണിയേട്ടൻ, പുതിയ തലമുറയുടെ ഉണ്ണിമാമയുമാണ്. കൂടല്ലൂരിൽ എംടി മൂന്നുമാസം മുൻപ് ഒരു അടുത്ത സുഹൃത്തിന്റെ വീട്ടിലെ വിവാഹത്തിന് എത്തിയപ്പോൾ ഉണ്ണിയേട്ടനും കുടുംബവും കൊടിക്കുന്നത്ത്ക്ഷേത്രത്തിൽ ദർശനം നടത്തിയതായി എംടിയുടെ ചെറിയമ്മയുടെ മകനും ഏഴുത്തുകാരനുമായ എം.ടി.രവീന്ദ്രൻ പറയുന്നു. ‘‘ഉത്രട്ടാതി നാളിൽ കുടുംബക്കാരിൽ പലരും ക്ഷേത്രത്തിൽ പിറന്നാൾപൂജ കഴിപ്പിക്കാറുണ്ട്. അദ്ദേഹത്തിന് ആയുരാരോഗ്യം ഉണ്ടാകട്ടെ, ഇനിയും മികച്ച കഥകളും തിരക്കഥകളും ഏഴുതാനാകട്ടെ എന്നാണ് എന്റെ പ്രാർഥന’’.
English Summary: MT Vasudevan Nair at 90: Kudallur and the Characters Who Shaped MT's Literary Life