ആ ഫോട്ടോ ചതിച്ചു; വീരപ്പന് കെണിയൊരുക്കി ‘എംജിആർ മരുമകൻ’; ‘ദൃശ്യ’ത്തിലെ പൊലീസ് തന്ത്രവും നുഴഞ്ഞു കയറിയ ട്രേഡറും
ചുവന്നു തുടുത്ത സ്പോഞ്ചു പോലെയുള്ള ശ്വാസകോശം. ഒരു പുകയിലക്കറ പോലും ഇല്ല. ഒരു രോഗത്തിന്റെയും ലക്ഷണങ്ങൾ ആ ശരീരത്തിൽ ഇല്ല. കൊളസ്ട്രോൾ തീർത്തും ഇല്ല. ഒട്ടും കൊഴുപ്പ് അടിയാത്ത രക്തധമനികൾ’’. പോസ്റ്റ്മോർട്ടം ചെയ്യാനെടുത്ത മൃതദേഹത്തിന്റെ ആന്തരികാവയവങ്ങൾ കണ്ട് പൊലീസ് സർജന്മാർ അമ്പരന്നു.
ചുവന്നു തുടുത്ത സ്പോഞ്ചു പോലെയുള്ള ശ്വാസകോശം. ഒരു പുകയിലക്കറ പോലും ഇല്ല. ഒരു രോഗത്തിന്റെയും ലക്ഷണങ്ങൾ ആ ശരീരത്തിൽ ഇല്ല. കൊളസ്ട്രോൾ തീർത്തും ഇല്ല. ഒട്ടും കൊഴുപ്പ് അടിയാത്ത രക്തധമനികൾ’’. പോസ്റ്റ്മോർട്ടം ചെയ്യാനെടുത്ത മൃതദേഹത്തിന്റെ ആന്തരികാവയവങ്ങൾ കണ്ട് പൊലീസ് സർജന്മാർ അമ്പരന്നു.
ചുവന്നു തുടുത്ത സ്പോഞ്ചു പോലെയുള്ള ശ്വാസകോശം. ഒരു പുകയിലക്കറ പോലും ഇല്ല. ഒരു രോഗത്തിന്റെയും ലക്ഷണങ്ങൾ ആ ശരീരത്തിൽ ഇല്ല. കൊളസ്ട്രോൾ തീർത്തും ഇല്ല. ഒട്ടും കൊഴുപ്പ് അടിയാത്ത രക്തധമനികൾ’’. പോസ്റ്റ്മോർട്ടം ചെയ്യാനെടുത്ത മൃതദേഹത്തിന്റെ ആന്തരികാവയവങ്ങൾ കണ്ട് പൊലീസ് സർജന്മാർ അമ്പരന്നു.
‘‘ചുവന്നു തുടുത്ത സ്പോഞ്ചു പോലെയുള്ള ശ്വാസകോശം. ഒരു പുകയിലക്കറ പോലും ഇല്ല. ഒരു രോഗത്തിന്റെയും ലക്ഷണങ്ങൾ ആ ശരീരത്തിൽ ഇല്ല. കൊളസ്ട്രോൾ തീർത്തും ഇല്ല. ഒട്ടും കൊഴുപ്പ് അടിയാത്ത രക്തധമനികൾ’’. പോസ്റ്റ്മോർട്ടം ചെയ്യാനെടുത്ത മൃതദേഹത്തിന്റെ ആന്തരികാവയവങ്ങൾ കണ്ട് പൊലീസ് സർജന്മാർ അമ്പരന്നു. ഈ മൃതദേഹം ഒരു കുറ്റവാളിയുടേതാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. അതെ, വീരപ്പന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടാണിത്.
ആനയെ വെടിവയ്ക്കുമ്പോൾ വീരപ്പന് ഉന്നം പിഴയ്ക്കില്ല. അതേ ഉന്നവും നിഷ്ഠയും ചിട്ടയും ജീവിതത്തിലും പാലിച്ചു. അതാണ് ഇത്രയും കാലം ഒളിച്ചു ജീവിക്കാൻ കാരണം. ഒരു തരത്തിലുള്ള മലിനീകരണം പോലും ബാധിക്കാത്ത ശ്വാസകോശം വീരപ്പന് എങ്ങനെ ലഭിച്ചു? ഉത്തരം ലളിതം. ശുദ്ധമായ വായു ശ്വസിച്ചു, കാട്ടിലെ വെള്ളം കുടിച്ചു, ദിവസവും 40 കിലോമീറ്ററെങ്കിലും നടന്നു. അതായത്, പൊലീസും ഡോക്ടർമാരും കരുതിയതു പോലെ കുറ്റവാളിയുടെ ജീവിതരീതി ആയിരുന്നില്ല വീരപ്പന്റേത്. മദ്യത്തിനും ലഹരിക്കും അടിമപ്പെട്ടില്ല. പാചകം ചെയ്യുന്ന ഭക്ഷണം മാത്രമാണു കഴിച്ചത്. എന്തിനു വേണ്ടിയായിരുന്നു ജീവിതചര്യയിൽ വീരപ്പൻ ഇത്രയേറെ ശ്രദ്ധിച്ചത്? ആ ശ്രദ്ധ എപ്പോഴാണു പാളിയത്?
ശരീരം ശ്രദ്ധിക്കാൻ വേണ്ടി മാത്രമല്ലെന്നാണ് അധികൃതരുടെ നിഗമനം. എതിരാളികളുടെ കണ്ണിൽ പെടാതിരിക്കാനും വേണ്ടി കൂടിയായിരുന്നു അത്. രണ്ടു സംസ്ഥാനങ്ങളിലെ ദൗത്യ സംഘങ്ങൾ തന്റെ പിന്നാലെയുണ്ട്. 220 കോടി രൂപയാണ് ഇതുവരെ വീരപ്പൻ വേട്ടയ്ക്കായി ചിലവഴിച്ചത്. രണ്ടായിരത്തിലേറെ വിദഗ്ധരായ ദൗത്യ സേനാംഗങ്ങൾ, ഹെലികോപ്റ്ററും തെർമൽ സ്കാനറും പോലുള്ള ഉപകരണങ്ങളും. എന്നിട്ടും അവർക്ക് വീരപ്പനെ കാട്ടിൽ പിടിക്കാനായില്ല. കാരണം, തന്റെ ശ്രദ്ധ നഷ്ടപ്പെടുന്ന ഒന്നിലും വീരപ്പൻ ഇടപെട്ടില്ല. പുകവലിച്ചാൽ ആ മണം എതിരാളികൾ തിരിച്ചറിയും, വഴികാട്ടും.
കന്നഡ നടൻ രാജ് കുമാറിനെ ബന്ദിയാക്കിയപ്പോൾ മാത്രമാണ് പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കാൻ തുടങ്ങിയത്. വിറകടുപ്പിൽ പാചകം ചെയ്താൽ പുക പുറത്തു വരുമെന്ന് ഭയന്നായിരുന്നു അന്ന് ആ കരുതൽ. വിസർജന ശേഷം അവ മൂടിയിടുന്ന ചില മൃഗങ്ങളുണ്ട്. ശത്രുക്കൾ തങ്ങളെ കണ്ടെത്താതിരിക്കാനാണ്. അതാണ് കാട്ടിലെ നിയമം. ആ നിയമം പാലിച്ചിരുന്നെങ്കിൽ ദൗത്യസംഘം വീരപ്പന്റെ ക്യാംപ് കണ്ടെത്തുമായിരുന്നോ ?
∙ അന്ത്യയാത്രയുടെ തുടക്കം മിഞ്ചിക്കുഴി, കുടിൽ കെട്ടി ജീവിതം തുടങ്ങിയത് തെറ്റായിരുന്നോ!
‘‘ഒന്നല്ല, ഏതാനും പിഴവുകൾ. അതാണ് നാലു പതിറ്റാണ്ട് രണ്ടു സംസ്ഥാനങ്ങളിലെ ദൗത്യസംഘങ്ങളെ വിദഗ്ധമായി കബളിപ്പിച്ചുള്ള വീരപ്പന്റെ ജീവിതത്തിന് അന്ത്യമാകാൻ കാരണം’’, ദൗത്യ സേനയിലെ എസ്പി മോഹൻ നവാസ് വിലയിരുത്തുന്നു. ‘‘1993 ൽ മിഞ്ചിക്കുഴിയിൽ കുടിൽ കെട്ടി താമസിച്ചു, കൂട്ടാളികൾക്കൊപ്പംനിന്ന് ഫോട്ടോയും വിഡിയോയും എടുത്തു പുറത്തു വിട്ടു, ഒടുവിൽ കാടിനു പുറത്തു പോയി ചികിത്സ തേടാമെന്ന വാഗ്ദാനം വിശ്വസിച്ചു. ജനവാസ മേഖലയിൽനിന്നു 25 കിലോമീറ്റർ അകലെയാണ് മിഞ്ചിക്കുഴി എന്ന കൊടുംകാട്. 3 മല കയറി ഇറങ്ങണം. ഇതുവരെ ആരും അവിടെ എത്തിയിട്ടില്ല.
കാട്ടിൽ വീരപ്പന്റെ രീതി വേറിട്ടതാണ്. സാധാരണ ഒരു സ്ഥലത്തും അധികസമയം വീരപ്പൻ തങ്ങില്ല. ദിവസം 40 കിലോമീറ്റർ വരെ നടക്കും. അക്കാലത്ത് വീരപ്പന്റെ സംഘത്തിൽ 137 പേരുണ്ട്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന കൊള്ള സമൂഹം. ആരും വരില്ലെന്ന വിശ്വാസത്തിൽ അവിടെ കുടിൽ കെട്ടി താമസിച്ചു തുടങ്ങി. ഒരു ദിവസം വനത്തിൽ ദൗത്യസംഘം നടത്തിയ പരിശോധനയിൽ മനുഷ്യ വിസർജ്യം ഞങ്ങൾ കണ്ടു. കറുത്ത മലം. റാഗി കഴിക്കുന്നവരുടേത്. അരി കഴിക്കുന്ന നായാട്ടുകാർക്ക് മഞ്ഞ നിറമുള്ള മലമാണ്. അതോടെ പരിസരത്ത് വീരപ്പൻ സംഘം ഉണ്ടെന്നു സംശയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഞാൻ കുടിലുകൾ കണ്ടെത്തിയത്.
ഇപ്പുറത്തെ മലയിൽനിന്ന് ബൈനോക്കുലറിലൂടെ അവരെ കണ്ടു. എന്റെ കൂടെ 3 പേർ മാത്രമേയുള്ളൂ. ആക്രമിച്ചാൽ വിജയിക്കില്ല. അന്നുതന്നെ തിരിച്ചു പുറത്തു വന്നു. തമിഴ്നാട്, കർണാടക ദൗത്യസംഘങ്ങളും ബിഎസ്എഫും ചേർന്ന് പിറ്റേന്നുതന്നെ തിരച്ചിൽ നടത്തി. കടുത്ത ഏറ്റുമുട്ടലിൽ കുറച്ചു പേർ കൊല്ലപ്പെട്ടു. മറ്റുള്ളവരെ പിടിച്ചു. ആ സമയം വീരപ്പൻ അവിടെ ഇല്ലായിരുന്നു. വേട്ടയ്ക്ക് പോയതാണ്. ആക്രമണത്തിൽ സംഘം ചിതറി. 137 അംഗ സംഘം എട്ടായി ചുരുങ്ങി. പിന്നീട് അഞ്ചായും രണ്ടായും ഒതുങ്ങിയ സംഘം ഒടുവിൽ പൂജ്യത്തിലേക്കും വീണു. വീരപ്പന്‍ വേട്ടയിൽ വഴിത്തിരിവായത് മിഞ്ചിക്കുഴിയിലെ ഈ നീക്കമാണ്.
എന്നാൽ ഇതല്ല വീരപ്പന്റെ ആദ്യ പിഴവ്. മിഞ്ചിക്കുഴിയിലേക്ക് ഞങ്ങളെ എത്തിച്ചത് വീരപ്പന്റെ മറ്റൊരു പിഴവാണ്. നാട്ടിൽ നിന്നു ഫൊട്ടോഗ്രാഫറെ വരുത്തി. കൂട്ടാളികൾക്കൊപ്പംനിന്നു പടം എടുത്തു. പുറത്തെത്തിച്ചു. അതോടെ സംഘത്തെ കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചു. സംഘാംഗങ്ങളുടെ കുടുംബാംഗങ്ങളെ ഞങ്ങൾ പിന്തുടർന്നു. നിരീക്ഷിച്ചു. അവരിലൂടെ വീരപ്പന്റെ നീക്കങ്ങൾ അറിഞ്ഞു. ഫോട്ടോയിൽ വീരപ്പൻ ഒറ്റയ്ക്കു നിന്നാൽ മതിയായിരുന്നു. ഫോട്ടോയിൽ കൂട്ടാളികളെ ഒഴിവാക്കാമായിരുന്നു, ചുരുങ്ങിയ പക്ഷം അവരുടെ മുഖം മൂടാമായിരുന്നു. മിഞ്ചിക്കുഴിയിലെ ഏറ്റുമുട്ടലോടെ സംഘം ചിതറി. വീരപ്പൻ ഒറ്റയ്ക്കായി, കൂടെ മൂന്നു പേർ മാത്രം. കൂടെ രോഗവും. 11 വർഷങ്ങൾക്കു ശേഷം, തിമിര ചികിത്സ നടത്താമെന്ന ചാരന്റെ വാക്കും വിശ്വസിക്കേണ്ടി വന്നു’’, മോഹൻ നവാസ് ഓർക്കുന്നു.
∙ ദൃശ്യം രണ്ടിൽ സരിത, സാബു; ഓപറേഷന്‍ കൊക്കൂണിൽ ആര്?
മൂന്നു പതിറ്റാണ്ട് നീണ്ട പോരാട്ടം ദൗത്യസംഘത്തിന് ഒരു തിരിച്ചറിവു നൽകി. കാട്ടിനുള്ളിൽ വീരപ്പനെ പിടികൂടാൻ വിഷമമാണ്. അതോടെ വീരപ്പനെ കാടിനു പുറത്ത് എത്തിക്കുക എന്നതായിരുന്നു ദൗത്യസംഘത്തിന്റെ തന്ത്രം. അതിനായി രണ്ടു ശ്രമം നടത്തി. ആദ്യത്തേത് പരാജയപ്പെട്ടു. രണ്ടാമത്തേത് വിജയിച്ചു. എസ്പി സെന്താമരക്കണ്ണന്റെ നേതൃത്വത്തിൽ ഊട്ടി കോത്തഗിരിയിൽ വീരപ്പനും ഭാര്യ മുത്തുലക്ഷ്മിയും തമ്മിൽ സന്ധിക്കുന്നതിന് സാഹചര്യം ഒരുക്കിയിരുന്നു. മുത്തുലക്ഷ്മിയെ കോയമ്പത്തൂരിലെ ഒരു വീട്ടിലാക്കി. ഈ സമയം അയൽവാസിയായ വനിത മുത്തുലക്ഷ്മിയുടെ വിശ്വാസം നേടി. അങ്ങനെയാണ് മുത്തുലക്ഷ്മി–വീരപ്പൻ സമാഗമം ആലോചിച്ചത്.
വീരപ്പൻ വരുമ്പോൾ കൊല്ലാനായിരുന്നു ദൗത്യസംഘത്തിന്റെ പദ്ധതി. അതു പാളി. അതോടെയാണ് സംഘം തന്ത്രം മാറ്റിയത്. വീരപ്പന്റെ സംഘത്തിൽ നുഴഞ്ഞു കയറാനായിരുന്നു നീക്കം. ചികിത്സയുടെ പേരിൽ വീരപ്പനെ കാടിനു പുറത്തെത്തിക്കുക. അതിനായി കാടിനു പുറത്ത് ഒരു ഗ്രാമത്തിൽ ദൗത്യസംഘം ഉദ്യോഗസ്ഥൻ വീടു വാങ്ങി. ഗ്രാമവാസികളുമായി അടുത്തിടപഴകി. ഒരു വർഷത്തോളം ജീവിച്ചു. ഗ്രാമവാസികളുടെ വിശ്വാസം ആർജിച്ചു. വീരപ്പൻ സംഘത്തിലെ അംഗങ്ങളിലൊരാളെ തങ്ങളുടെ പക്കലേക്കു മാറ്റാൻ ദൗത്യ സംഘത്തിന് അവസരം നൽകിയത് ഈ നീക്കമാണെന്നു പറയുന്നു.
‘ട്രേഡർ’ (വ്യാപാരി) എന്നു കോഡ് പേരിട്ട ഇയാളെക്കുറിച്ച് വിജയകുമാർ തന്റെ ‘വീരപ്പൻ ചേസിങ് ദ് ബ്രൈഗൻഡ്’ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. സേനാംഗം കാടിനു സമീപത്തെ ഗ്രാമത്തിൽ കുടുംബമായി ജീവിച്ച കാര്യം ദൗത്യസംഘം പക്ഷേ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ‘ദൃശ്യം 2’ സിനിമയിൽ മോഹൻ ലാലിന്റെ വീടിനു സമീപം പൊലീസ് വേഷംമാറി കുടുംബമായി വന്നു താമസിച്ചാണ് കൊല സംബന്ധിച്ച രഹസ്യം ചോർത്തുന്നത്. സരിതയെന്ന ക്ലർക്കും അവരുടെ കുടിയനായ ഭർത്താവ് സാബുവുമായിരുന്നു ആ കഥാപാത്രങ്ങൾ. എന്നാൽ വീരപ്പൻ വേട്ടയുടെ വിവരങ്ങൾ സിനിമയിൽ അടിസ്ഥാനമാക്കിയിട്ടില്ലെന്നും വിദേശ കുറ്റാന്വേഷണ സിനിമകളിലെ ചില ശൈലികളാണ് അവലംബിച്ചതെന്നും ദൃശ്യം സംവിധായകൻ ജീത്തു ജോസഫ് പറയുന്നു.
വിഷം നൽകിയാണ് വീരപ്പനെ കൊന്നതെന്ന പ്രചാരണത്തിന്റെയും അടിസ്ഥാനം വിദേശത്തും മറ്റുമുള്ള കുറ്റാന്വേഷണ സിനിമകളാണ്. എതിരാളികളുടെ സംഘത്തിൽ നുഴഞ്ഞു കയറി വിഷം നൽകി ആരോഗ്യം മോശമാക്കുക, എതിരാളിയെ ചികിത്സയ്ക്ക് നിർബന്ധിതനാക്കുക, അങ്ങനെ താവളത്തിനു വെളിയിൽ എത്തിക്കുക എന്ന തന്ത്രം വിദേശ രാജ്യങ്ങളിൽ രഹസ്യപ്പൊലീസ് ചെയ്യുന്നുണ്ട്. ഇതു സംബന്ധിച്ച സിനിമകളുമുണ്ട്. എന്നാൽ ചാരനായ ‘ട്രേഡറി’ലൂടെ, വീരപ്പനു തിമിരം ബാധിച്ച വിവരം ഞെട്ടലോടെയാണു തങ്ങൾ മനസ്സിലാക്കിയതെന്ന് വിജയകുമാർ പുസ്തകത്തിൽ പറയുന്നുണ്ട്.
∙ വീരപ്പനെ വീഴ്ത്തിയ മലയാളി, ‘എംജിആറിന്റെ ആ മരുമകൻ’
‘‘ആ എംജിആറിന്റെ മരുമകൻ ഇവിടെ ഇടയ്ക്കിടെ വരുന്നുണ്ട്’’, തന്നെ കാണാനെത്തിയ ദൗത്യസംഘം ചാരനോട് ഒരിക്കൽ വീരപ്പൻ ഇങ്ങനെ പറഞ്ഞതായി കെ. വിജയകുമാർ പുസ്തകത്തിൽ പറയുന്നുണ്ട്. മുൻ തമിഴ്നാട് മുഖ്യമന്ത്രി എം.ജി. രാമചന്ദ്രന്റെ മരുമകനാണ് കെ. വിജയകുമാർ എന്ന് അക്കാലത്ത് തമിഴ്നാട്ടിൽ സംസാരമുണ്ട്. വാസ്തവം അതല്ല. കഥ മാത്രം. എംജിആറിന്റെ പിതാവും വിജയകുമാറിന്റെ മുത്തച്ഛനും കേരളത്തിൽ സമീപ സ്ഥലങ്ങളിലാണ് താമസിച്ചിരുന്നത്. എന്നാൽ തന്ത്രങ്ങളിൽ വീരപ്പനൊപ്പം പ്രഗത്ഭനായ വിജയ കുമാർ എത്തിയതോടെയാണ് വേട്ടയാടൽ വിജയത്തിലേക്ക് എത്തുന്നത്.
വിജയകുമാറിന്റെ സമീപനം വേറിട്ടതായിരുന്നു. അദ്ദേഹം കാട്ടിൽ താമസിച്ചു. അപ്പോൾ നാട്ടിലോ? അവിടെ പൊലീസ് രീതി മാറ്റി. വീരപ്പൻ അടുത്തിടപഴകുന്ന ഗ്രാമങ്ങളിൽ വിജയകുമാർ സേവന പ്രവർത്തനങ്ങൾ നടത്തി. മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിച്ചു. നാട്ടുകാരുടെ വിശ്വാസം ആർജിച്ചെടുത്തു. ചാരൻ ‘ട്രേഡർ’ക്ക് വിജയകുമാറിൽ വിശ്വാസം വരുന്നത് അങ്ങനെയാണ്. എന്നാൽ വീരപ്പൻവേട്ടയിൽ കേരളത്തിന്റെ പങ്ക് അതിൽ തീരുന്നില്ല. ധർമപുരി ബന്നാരിയമ്മൻ കോവിലിൽ തല മുണ്ഡനം ചെയ്ത ശേഷം വിജയ കുമാർ പാലക്കാട് പല്ലശനക്കാവിൽ എത്തി വഴിപാടു പൂർത്തിയാക്കി. പല്ലശനയിലാണ് വിജയകുമാറിന്റെ കൂടുംബത്തിന്റെ വേരുകളെന്ന് പല്ലശനക്കാവ് ക്ഷേത്രം ട്രസ്റ്റി മഹേഷ് പഴയകാവ് പറയുന്നു.
മറ്റൊരു കാര്യം ഹൊഗനക്കൽ മുതൽ വാളയാറിനു സമീപം സെമന്തി മല വരെയാണ് വീരപ്പന്റെ സാമ്രാജ്യം വ്യാപിച്ചിരുന്നത്. രാജ് കുമാറിനെ ബന്ദിയാക്കിയതിനു ശേഷം ദൗത്യസേന തിരച്ചിൽ ശക്തമാക്കിയപ്പോൾ വീരപ്പൻ സെമന്തി മല ഭാഗത്ത് എത്തിയതായി അക്കാലത്തു പാലക്കാട് ജില്ലാ പൊലീസ് മേധാവി ആയിരുന്ന മുൻ ഡിജിപി ടോമൻ തച്ചങ്കരി ഓർക്കുന്നു. ‘‘അന്ന് സെമന്തി മലയിൽ പൊലീസ് പരിശോധന നടത്തി. വീരപ്പന്റെ സംഘം അവിടെ താമസിച്ചതായി സൂചന ലഭിച്ചിരുന്നു. ചില ടാർപോളിൻ ഷീറ്റുകളും പാകം ചെയ്ത ഭക്ഷണാവശിഷ്ടങ്ങളും കിട്ടി’’, ടോമിൻ തച്ചങ്കരി പറഞ്ഞു. എന്നാൽ അതിൽ തീരുന്നില്ല കേരളവുമായുള്ള ബന്ധം. വീരപ്പൻ വേട്ടയാടി ശേഖരിച്ച ആനക്കൊമ്പുകളിൽ വലിയ ഭാഗവും സുൽത്താൻ ബത്തേരി വഴിയാണ് വിൽപന നടത്തിയിരുന്നതെന്നാണു ദൗത്യ സംഘത്തിന്റെ കണ്ടെത്തൽ. ഈ മേഖലയിൽനിന്ന് 3 പേരെ ദൗത്യ സംഘം അറസ്റ്റ് ചെയ്യുകയുമുണ്ടായി.
∙ ഇവരാണ് വീരപ്പന്റെ പിൻഗാമികൾ
ആരാകും വീരപ്പന്റെ പിൻഗാമി? വീരപ്പൻ തേർവാഴ്ച നടത്തുമ്പോൾ ഒരിക്കലും ഈ ചോദ്യം ഉയർന്നില്ല. സംഘത്തിലും രണ്ടാമൻ ഉണ്ടായിരുന്നില്ല. എന്നാൽ വീരപ്പന്റെ പതനശേഷം പിൻഗാമികൾ ആ സ്ഥാനം കൈയടക്കുന്നത് ദൗത്യസംഘം തടഞ്ഞു. വീരപ്പൻ വേട്ടയ്ക്കു ശേഷം ദൗത്യസംഘം മാവോ വേട്ടയുമായി സത്യമംഗലം മേഖലയിൽ തുടരുകയും ചെയ്തു. വനന്താരങ്ങളിൽ പല ഭാഗത്തും വീരപ്പൻ തന്റെ സമ്പാദ്യം പ്ലാസ്റ്റിക് കൂടുകളിൽ പൊതിഞ്ഞ് കുഴിച്ചിട്ടിട്ടുണ്ടെന്നും കഥയിറങ്ങി. അതന്വേഷിച്ചു പലരും കാടു കയറി.
എന്നാൽ വീരപ്പന്റെ യഥാർഥ പിൻഗാമികൾ വേറൊരു കൂട്ടരാണ്. എംഎം ഹിൽസിലെ കൊമ്പന്മാർ. വനമേഖലയിൽ വീരപ്പന്റെ പതനശേഷം വളർന്നത് ഇവരാണ്. കൊമ്പനാനകൾ. 40 വർഷംകൊണ്ട് ആയിരത്തിലേറെ കൊമ്പനാനകളെയാണ് വീരപ്പൻ കൊന്നത്. ഇനി കാട്ടിൽ ഒരു കൊമ്പനും ഇല്ലെന്നും ഉള്ളത് തള്ളയാനയുടെ ഗർഭത്തിലാണെന്നും വീരപ്പൻ വീമ്പു പറയുമായിരുന്നു. അക്കാലത്ത് 200 പിടിയാനകൾക്ക് ഒരു കൊമ്പൻ എന്നതായിരുന്നു കണക്ക്. 2004 നു ശേഷം സ്ഥിതി മാറി. ഇന്നു 10 പിടിയാനകള്‍ക്ക് ഒരു കൊമ്പൻ എന്ന നിലയിലേക്ക് കൊമ്പന്മാർ വളർന്നിരിക്കുന്നു.
(വീരപ്പനെന്ന കാട്ടുകൊള്ളക്കാരന്റെ ജൈത്രയാത്ര ഒടുവിൽ അവസാനിച്ചത് ദൗത്യസംഘത്തലവൻ വിജയകുമാറിന്റെ തോക്കിനു മുന്നിലാണ്. വീരപ്പനെ തേടി കാടു കയറി, ഒടുവിൽ വീരപ്പനെ നാട്ടിലിറക്കി കുരുക്കിയ കഥയാണ് അദ്ദേഹത്തിനു പറയാനുള്ളത്. വിശദമായ അഭിമുഖം വായിക്കാം ‘വീരപ്പൻ ഫയൽസ്’ മൂന്നാം ഭാഗത്തിൽ)
English Summary: These Mistakes of Veerappan Helped the Special Task Force to Catch the Notorious Bandit