മോഹൻലാലിന്റെ വിവാഹപ്പുടവ നെയ്ത കരങ്ങൾ; നെടുമാംഗല്യത്തിന് ആയിരങ്ങൾ പുടവ വാങ്ങാനെത്തുന്ന ബാലരാമപുരം
തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നിന്ന് നോക്കിയാൽ സുവർണ ശോഭയുള്ള ഒരു കാഴ്ച കാണാം. തലയുയർത്തി നിൽക്കുന്ന പദ്മനാഭ സ്വാമി ക്ഷേത്രഗോപുരം. തിരുവിതാംകൂർ രാജഭരണകാലത്തെ കയ്യൊപ്പ് ഈ ഗോപുരത്തിൽ മാത്രം അവസാനിക്കുന്നില്ല. വിവിധ പേരുകളിലായി ഈ നാടിന്റെ മുക്കിലും മൂലയിലും ആ സാന്നിധ്യം ഇപ്പോഴുമുണ്ട്. ചെറുപ്രായത്തിൽ
തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നിന്ന് നോക്കിയാൽ സുവർണ ശോഭയുള്ള ഒരു കാഴ്ച കാണാം. തലയുയർത്തി നിൽക്കുന്ന പദ്മനാഭ സ്വാമി ക്ഷേത്രഗോപുരം. തിരുവിതാംകൂർ രാജഭരണകാലത്തെ കയ്യൊപ്പ് ഈ ഗോപുരത്തിൽ മാത്രം അവസാനിക്കുന്നില്ല. വിവിധ പേരുകളിലായി ഈ നാടിന്റെ മുക്കിലും മൂലയിലും ആ സാന്നിധ്യം ഇപ്പോഴുമുണ്ട്. ചെറുപ്രായത്തിൽ
തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നിന്ന് നോക്കിയാൽ സുവർണ ശോഭയുള്ള ഒരു കാഴ്ച കാണാം. തലയുയർത്തി നിൽക്കുന്ന പദ്മനാഭ സ്വാമി ക്ഷേത്രഗോപുരം. തിരുവിതാംകൂർ രാജഭരണകാലത്തെ കയ്യൊപ്പ് ഈ ഗോപുരത്തിൽ മാത്രം അവസാനിക്കുന്നില്ല. വിവിധ പേരുകളിലായി ഈ നാടിന്റെ മുക്കിലും മൂലയിലും ആ സാന്നിധ്യം ഇപ്പോഴുമുണ്ട്. ചെറുപ്രായത്തിൽ
തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നിന്ന് നോക്കിയാൽ സുവർണശോഭയുള്ള ഒരു കാഴ്ച കാണാം. തലയുയർത്തി നിൽക്കുന്ന പദ്മനാഭസ്വാമി ക്ഷേത്രഗോപുരം. തിരുവിതാംകൂർ രാജഭരണകാലത്തെ കയ്യൊപ്പ് ഈ ഗോപുരത്തിൽ മാത്രം അവസാനിക്കുന്നില്ല. വിവിധ പേരുകളിലായി ഈ നാടിന്റെ മുക്കിലും മൂലയിലും ആ സാന്നിധ്യം ഇപ്പോഴുമുണ്ട്. ചെറുപ്രായത്തിൽ രാജ്യം ഭരിച്ച അവിട്ടം തിരുനാൾ ബാലരാമ വർമയുടെ പേരിലുള്ള ഒരു ഗ്രാമത്തിലേക്കാണ് ഈ യാത്ര. ബാലരാമപുരം; ആ സ്ഥലപ്പേരു കേട്ടാൽ മതി, മലയാളികളുടെ മനസ്സിലേക്ക് നെയ്തെടുത്ത പൊന്നിൻ കസവിന്റെ ഓർമകൾ ഇഴയടുക്കും.
ബാലരാമപുരം; ഈ പേരിനൊപ്പം ഇഴപിരിക്കാനാവാത്ത വാക്കാണ് കൈത്തറി. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും കൈത്തറി ഉത്പന്നങ്ങൾ എത്തുന്നുണ്ടെങ്കിലും ബാലരാമപുരത്തെ കൈത്തറിക്ക് പ്രത്യേകതകളേറെയാണ്. വിശേഷാവസരങ്ങളിൽ ബാലരാമപുരം കൈത്തറിയുടുത്ത് അവനോ അവളോ നിന്നാൽ ലോകത്തിന്റെ ഏത് കോണിലായാലും അവർ മലയാളിത്തം നിറഞ്ഞവരായി മാറും.
∙ ദക്ഷിണ നൽകാൻ വേണം നെയ്തെടുത്ത വസ്ത്രം; രാജാവ് കൊണ്ടുവന്നത് 7 കുടുംബങ്ങളെ
മലയാള നാട്ടിലെത്തി തലമുറകൾ പലത് കഴിഞ്ഞെങ്കിലും ഇപ്പോഴും പരസ്പരം കണ്ടാൽ തമിഴ് ‘പേശുന്നവരാ’ണ് ബാലരാമപുരത്തെ നെയ്ത്ത് കുടുംബങ്ങളിലുള്ളവർ. ഇതിനുള്ള കാരണം തേടിയാൽ 18–ാം നൂറ്റാണ്ടിലേക്ക് വരെ പോകേണ്ടിവരും. 1798ൽ 16–ാം വയസ്സിലാണ് അവിട്ടം തിരുനാൾ ബാലരാമ വർമ തിരുവിതാംകൂറിന്റെ ഭരണച്ചുമതല ഏറ്റെടുക്കുന്നത്. രാജ്യത്തിന്റെ തലസ്ഥാനം പത്മനാഭപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയിട്ട് ഏതാനും വർഷങ്ങൾ മാത്രമേ ആയിട്ടുണ്ടയിരുന്നുള്ളു.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജാരിമാർക്ക് അക്കാലത്ത് ദക്ഷിണയായി മുണ്ടും പണവുമായിരുന്നു നൽകിയിരുന്നത്. ഇതിനായി തമിഴ്നാട്ടിലെ നെയ്ത്തുഗ്രാമങ്ങളിൽ നിന്ന് വലിയ അളവിൽ കൈത്തറി വസ്ത്രങ്ങൾ ഇവിടേക്ക് എത്തിച്ചിരുന്നു. കാളവണ്ടിയിൽ കൊണ്ടുവന്നിരുന്ന വസ്ത്രങ്ങളും പണവും മറ്റും ലക്ഷ്യമിട്ട് വഴിയിൽ കൊള്ളക്കാരുടെ ഉപദ്രവവും രൂക്ഷമായിരുന്നു. ഇതെല്ലാം ഒഴിവാക്കാനായാണ് സ്വന്തം രാജ്യത്ത് നെയ്ത്ത് ആരംഭിക്കാൻ ബാലരാമ വർമ തീരുമാനിച്ചത്. ഇതിനായി തമിഴ്നാട്ടിലെ പ്രശസ്ത നെയ്ത്ത് ഗ്രാമമായ വള്ളിയൂരിൽ നിന്ന് നെയ്ത്തുകാരെ കൊണ്ടുവന്നു. 7 കുടുംബങ്ങളെയാണ് ബാലരാമ വർമ തിരുവനന്തപുരത്തേക്ക് എത്തിച്ചതെന്നാണ് ചരിത്രം. ഏഴല്ല, അഞ്ച് കുടുംബങ്ങളാണെന്നും അതല്ല, 5 വർണങ്ങളാണെന്നും വ്യത്യസ്ത കഥകളുണ്ട്.
കൊട്ടാരത്തിൽ നിന്ന് കിലോമീറ്ററുകൾ മാറിയുള്ള സ്ഥലമാണ് നെയ്ത്തുകാരെ അധിവസിപ്പിക്കാനായി കണ്ടെത്തിയത്. വസ്ത്രം നെയ്തെടുക്കാനുള്ള നൂൽ ഉൾപ്പെടെയുള്ള സാധനങ്ങൾ കാളവണ്ടിയിൽ എത്തിക്കുന്നതിനുള്ള സൗകര്യമായിരുന്നു ഈ സ്ഥലം തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം.
ബാലരാമപുരത്തെ കൈത്തറിക്ക് മറ്റിടങ്ങളിലുള്ളതിനേക്കാൾ ഗുണമേന്മയുണ്ടെന്നും അത് ഈ സ്ഥലത്തിന്റെ പ്രത്യേകത കൊണ്ടാണെന്നും വാദിക്കുന്നവരുണ്ട്. നെയ്യാറ്റിന്‍കര താലൂക്കിന് പുറത്ത് ഇതേ തറിയും നൂലും ഉപയോഗിച്ച് നെയ്താൽ ഇത്രയും ഈട് കിട്ടില്ലെന്നാണ് ഇവിടത്തെ നെയ്ത്തുകാരുടെ അവകാശവാദം. പട്ടിന് തഞ്ചാവൂർ പോലെ കൈത്തറിയിൽ ബാലരാമപുരത്തിനുള്ള ആ പ്രത്യേകത ഒരുപക്ഷേ ആരെങ്കിലും അന്നേ കണ്ടെത്തിയതാവാം.
∙ ഏഴിൽ നിന്ന് അവർ വളർന്നു, 2000 തറികൾ ചലിപ്പിച്ച കൂട്ടമായി
കുലത്തൊഴിൽ നെയ്ത്താക്കിയ ശാലിയാർ സമുദായത്തിൽപ്പെട്ടവരാണ് ബാലരാമപുരത്ത് താമസിക്കുന്നത്. 7 കുടുംബത്തിൽ നിന്ന് അംഗസംഖ്യ വർധിച്ചതോടെ നെയ്ത്തുകാർ താമസിച്ചിരുന്ന ശാലിയാർ തെരുവിനും നീളം കൂടി. റോഡിന് ഇരുവശത്തുമായി നീളത്തിൽ പണിതീർത്തിരിക്കുന്ന അഗ്രഹാരങ്ങളോടു സാദൃശ്യമുള്ള വീടുകളിലാണ് ഇവർ ഇപ്പോഴും താമസിക്കുന്നത്.
ഏഴിൽ നിന്ന് 750 കുടുംബങ്ങളായി അവർ വളർന്നതോടെ 2000 തറികൾ ബാലരാമപുരത്തിന്റെ പ്രശസ്തി ലോകമെമ്പാടും എത്തിച്ചു. ഇവിടത്തെ കുടുംബങ്ങളുടെ ഐക്യം ഇവരുടെ വീടുകളുടെ നിർമിതിയിലും കാണാനാകും. ചുമരുകൾ തമ്മിൽ കൂട്ടിയോജിപ്പിച്ച്, തീവണ്ടിപോലെ ഒരു കാഴ്ചയിൽ അവസാനിക്കാതെ നിരനിരയായി വീടുകൾ തെരുവിന്റെ അവസാനം വരെ നീളുന്നു.
ബാലരാമപുരം ടൗണിൽ നിന്ന് കഷ്ടിച്ച് 200 മീറ്റർ മാറിയാണ് ശാലിയാർ തെരുവ്. പുത്തൻതെരുവ്, വിനായക തെരുവ്, ഒറ്റ തെരുവ്, ഇരട്ട തെരുവ് എന്നിങ്ങനെ പല പേരുകളിലായി നീണ്ടു കിടക്കുന്ന തെരുവിലൂടെ നടന്നപ്പോൾ അരിപ്പൊടി കൊണ്ട് കോലങ്ങൾ വരച്ച വീടുകൾ. അതിൽ ചില വീടുകളിൽ നിന്ന് നൂൽ നൂക്കുന്ന തടിയിൽ തീർത്ത യന്ത്രങ്ങളുടെ താളത്തിലുള്ള ശബ്ദം കേൾക്കാം. നെയ്ത്തുകാരുടെ ആരാധനാലയങ്ങളും ഇവിടെയുണ്ട്. അമ്മൻ, വിനായക, അഗസ്ത്യാർ ക്ഷേത്രങ്ങളാണ് നെയ്ത്തുതെരുവിന് നടുവിലായി സ്ഥിതി ചെയ്യുന്നത്. ഇതിൽ അമ്മൻ ക്ഷേത്രമായിരുന്നു ആദ്യമുണ്ടായിരുന്നത്.
∙ ലാലേട്ടന്റെ വിവാഹ പുടവ നെയ്ത കരങ്ങൾ, ജീവിതം തെറ്റാതെ നെയ്ത സുബ്രമണ്യം
കണ്ണീർ കഥകളല്ല, മറിച്ച് ബാലരാമപുരം കൈത്തറിയുടെ പ്രതാപകാലത്തെ കാര്യങ്ങൾ അറിയണം എന്ന് ആഗ്രഹിച്ചിരുന്നു. അതിനായി ശാലിയാർ തെരുവിലെ ഏറ്റവും മുതിർന്ന ഒരു അംഗത്തെ കാണണമെന്ന് തീരുമാനിച്ചു. ലഭിച്ച വിവരമനുസരിച്ച് സുബ്രഹ്മണ്യം എന്ന് പേരുള്ള നെയ്ത്തുകാരനെയാണ് ആദ്യമേ കണ്ടത്.
96 വയസ്സുള്ള സുബ്രഹ്മണ്യം തനിക്ക് പറയാനായി ഒന്നുമില്ലെന്നും, ചോദിച്ചാൽ പറയാം എന്ന മറുപടിയോടെയാണ് കിടക്കയിലിരുന്ന് ആദ്യമേ പറഞ്ഞത്. എന്നാൽ പ്രായാധിക്യത്തിന്റെ തളർച്ചയിൽ തുടങ്ങിയ സംസാരം തറിയുടെ താളം പോലെ പതിയെ പതിയെ കനം വച്ചു. വർഷങ്ങൾ പിന്നിലേക്ക് സുബ്രഹ്മണ്യം ഓര്‍മകൾ നെയ്തെടുത്തപ്പോൾ അതിൽ രാജകുടുംബത്തിന് പുറമേ നടൻ മോഹൻ ലാൽ ഉൾപ്പെടെ മലയാളത്തിലെയും തമിഴിലെയും താരങ്ങൾക്കായി വസ്ത്രങ്ങൾ നെയ്ത കഥകൾ വരെ ഇടംപിടിച്ചു.
സ്വന്തം കുടുംബത്തിലെ 7 പെൺമക്കളെയും 2 ആൺമക്കളെയും ശാസ്ത്രജ്ഞർ, ഡോക്ടർ, എഞ്ചിനീയർ തുടങ്ങിയ മേഖലകളിലേക്ക് വരെ കൈപിടിച്ച, പൊന്നിൻ നൂലിൽ നെയ്തെടുത്ത ജീവിത കഥകളും തൊട്ടുമുന്നിലൂടെ കടന്നുപോയി. ബാലരാമപുരം കൈത്തറിയുടെ പ്രതാപകാലത്തെകുറിച്ചാണ് സുബ്രഹ്മണ്യം സംസാരിച്ചത്. അടുത്തകാലംവരെ ബാലരാമപുരം വസ്ത്രങ്ങൾക്ക് വർഷം മുഴുവൻ ആവശ്യക്കാരുണ്ടായിരുന്നു. കല്യാണപ്പുടവ, അത് ബാലരാമപുരത്ത് നിന്നുള്ളതാവണമെന്ന നിർബന്ധമുള്ളവരായിരുന്നു മലയാളികൾ.
രാജാവിനും കൊട്ടാരത്തിലെ മറ്റ് അംഗങ്ങൾക്കും ആവശ്യമായ പുടവകളുടെ എണ്ണം, അളവുകൾ സഹിതമാണ് പട്ടികയായി ലഭിക്കുക. തലസ്ഥാനത്ത് ഇന്നും നിലകൊള്ളുന്ന പ്രശസ്ത വ്യാപാരസ്ഥാപനമായ കരാൽക്കടയിലൂടെ, ബാലരാമപുരത്തെ പ്രമുഖ വ്യാപാരി വഴിയാണ് ഓർഡർ ലഭിക്കുക. ഈ ഓർഡർ അനുസരിച്ച് നെയ്തുകൊടുക്കാനുള്ള നിയോഗമാണ് സുബ്രഹ്മണ്യത്തിന് ലഭിച്ചിരുന്നത്. രാജകൊട്ടാരത്തിലേക്കുള്ള വസ്ത്രങ്ങൾ നെയ്തെടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ നൽകിയിരുന്നു. മിനുസമേറിയ നൂറാം നമ്പർ നൂലുകൊണ്ടായിരുന്നു രാജാവിന് വേഷ്ടി നെയ്തിരുന്നത്.
ഇതുപോലെ മലയാളത്തിലും തമിഴിലുമുള്ള ഒട്ടേറെ സിനിമ താരങ്ങൾക്കും സുബ്രഹ്മണ്യം വസ്ത്രം നെയ്തു നൽകിയിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ടത് നടൻ മോഹൻ ലാലിന്റെ വിവാഹത്തിനുള്ള പുടവയായിരുന്നു. വധുവിന് നൽകാനുള്ള കസവ് പുടവയുടെ ഓർഡർ മോഹൻ ലാലിന്റെ അമ്മയാണ് തെരുവിലെ ഒരു വ്യാപാര സ്ഥാപനത്തിൽ നൽകിയത്.
തലസ്ഥാനത്തുണ്ടായിരുന്ന നാളുകളിൽ വസത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനായി അവർ ഇവിടെ എത്തുമായിരുന്നു. പ്രശസ്ത സിനിമാതാരം പദ്മിനിയ്ക്ക് വിവാഹ പുടവ നെയ്തതും തമിഴ് നടൻ ടി.ആർ.മഹാലിംഗത്തിന് വേഷ്ടി നെയ്തതും സുബ്രഹ്മണ്യം ഇന്നും ഓർക്കുന്നു. 1952ലെ ദീപാവലി സമയത്ത് ലഭിച്ച ഓർഡർ അനുസരിച്ച് നെയ്തെടുത്ത വേഷ്ടി തലസ്ഥാനത്ത് നിന്ന് വിമാനമാർഗമാണ് മദ്രാസിലെത്തിച്ചത്.
∙ നെയ്ത്ത് തറിയില്ലെങ്കിൽ പെണ്ണ് കിട്ടില്ലാതിരുന്ന കാലം
ബാലരാമപുരം കൈത്തറിയുടെ പ്രതാപകാലത്തിന് ഉദാഹരണമായി സുബ്രഹ്മണ്യം പറഞ്ഞത് ഒരു കാലത്ത് നെയ്ത്ത് തറിയില്ലാത്ത പുരുഷൻമാർക്ക് തങ്ങളുടെ പെൺകുട്ടികളെ വിവാഹം ചെയ്തു നൽകാൻ ശാലിയാർ തെരുവിലെ രക്ഷിതാക്കൾ തയാറായിരുന്നില്ലെന്നാണ്. എന്നാൽ ഇന്ന് അവർ ചിന്തിക്കുന്നത് നേരെ തിരിച്ചാണ്.
പണ്ടുകാലത്ത് നെയ്ത്ത് തങ്ങളുടെ കുലത്തൊഴിലായിരുന്നു. അതിനാൽ തന്നെ മറ്റു ജാതിയിലുള്ളവർക്ക് നെയ്ത്തിന്റെ അറിവുകൾ പകർന്നു നൽകിയിരുന്നില്ല. എന്നാൽ, ക്രമേണ നെയ്യാറ്റിൻകര മേഖലയിലുള്ള ജനം ജാതിമതഭേദമന്യേ നെയ്ത്ത് പണികള്‍ സ്വായത്തമാക്കി. അത്രയ്ക്കായിരുന്നു ഈ ജോലി അക്കാലത്ത് നൽകിയിരുന്ന സമ്പാദ്യവും ജീവിത സുരക്ഷയും.
∙ ഈ നെയ്ത്തു കുടുംബത്തിൽ നിന്ന് ഡോക്ടർമാരും എഞ്ചിനീയർമാരും
ഇന്ന് ബാലരാമപുരത്തെ ശാലിയാർ തെരുവിലെ ഒരു കുടുംബവും തങ്ങളുടെ വരുംതലമുറയെ നെയ്ത്ത് ജോലിയിലേക്ക് കടന്നുവരാൻ നിർബന്ധിക്കാറില്ല. എന്നാൽ ഈ നിർബന്ധം ഒരു തലമുറ നേരത്തെ നടപ്പിലാക്കാന്‍ സുബ്രഹ്മണ്യത്തിനായി എന്നതാണ് അദ്ദേഹത്തിന്റെ മേന്മ. 7 പെണ്ണും 2 ആണുമായി 9 മക്കളാണ് സുബ്രഹ്മണ്യത്തിനുള്ളത്. ഇതിൽ നെയ്ത്ത് മേഖലയിൽ താത്പര്യം കാട്ടിയത് ഒരു മകൻ മാത്രമാണ്. ബാക്കിയുള്ളവരെ മികച്ച നിലയിൽ പഠിപ്പിച്ച് സുബ്രഹ്മണ്യം ഡോക്ടർമാരും എഞ്ചിനീയറും അടക്കമുള്ള ഉദ്യോഗസ്ഥരാക്കി മാറ്റി.
അക്കാലത്ത് അങ്ങനെ ചിന്തിക്കാൻ എങ്ങനെ തോന്നി എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. 1947 ൽ ആണ് ശാലിയാർ തെരുവിൽ നിന്ന് ഒരാൾ ആദ്യമായി ഡിഗ്രി സമ്പാദിക്കുന്നത്. കുമാരസ്വാമിയെന്നയാളായിരുന്നു ആ ബിഎക്കാരൻ. അത് തനിക്ക് മക്കളെ പഠിപ്പിക്കാനുള്ള പ്രേരണയായി. ഇന്ന് മക്കളും ചെറുമക്കളിലുമായി ഈ കുടുംബത്തിൽ 15 പേർ ഡോക്ടർമാരായും എഞ്ചിനീയർമാരായും ജോലി ചെയ്യുന്നു.
മക്കൾ ഉന്നത നിലയിലെത്തിയപ്പോഴും അദ്ദേഹത്തിന്റെ വീട്ടിലെ തറികൾ 2 മാസം മുൻപുവരെ നിർത്താതെ ചലിച്ചിരുന്നു. കൂലിക്ക് ആളെ വച്ചായിരുന്നു പിന്നീട് നെയ്ത്ത് തുടർന്നത്. എന്നാൽ മികച്ച തൊഴിലാളികളെ കിട്ടാതായതോടെ അടുത്തിടെ ജോലികൾ മതിയാക്കി. നെയ്ത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച മകൻ നയിനാർ, തെരുവിലെ വിനായക ക്ഷേത്രത്തിലാണ് ഇപ്പോൾ ജോലി നോക്കുന്നത്. ഇദ്ദേഹവും മക്കളെ ഉന്നത ബിരുദധാരികളാക്കിയാണ് വളർത്തിയത്. തെരുവിലെ ബാക്കി നെയ്ത്തുകാഴ്ചകൾ കാട്ടിത്തരാമെന്ന് പറഞ്ഞ് അദ്ദേഹം അടുത്തുള്ള വീടുകളിലോരോന്നായി കൂട്ടിക്കൊണ്ടുപോയി.
∙ ഇഴയടുപ്പം പോലെ രക്തബന്ധമുള്ള വീടുകൾ
മില്ലിൽ നിന്നുള്ള നൂല് കൈത്തറി വസ്ത്രമായി നെയ്തുവരണമെങ്കിൽ ഒട്ടേറെ കടമ്പകളിലൂടെ കടന്നു പോകേണ്ടതുണ്ട്. ബാലരാമപുരത്തെ ഓരോ വീട്ടിലും ഇത്തരത്തിലുള്ള ഓരോരോ പ്രവർത്തികളാണ് നടക്കുന്നത്. ഇതു തന്നെയാണ് ഇവരുടെ ബന്ധങ്ങളിലെ ഇഴയടുപ്പം കൂട്ടുന്നതും. തെരുവിലെ ചില വീടുകളിലെങ്കിലും വസ്ത്രങ്ങൾ നെയ്തെടുക്കുന്ന ഷട്ടിൽ തറികൾ കാണാനാവും.
മറ്റു വീടുകളിൽ ചർക്കയുപയോഗിച്ച് നൂൽനൂക്കുന്നതും ഇഴപിരിച്ച് നൽകുന്നതുമായ പ്രവൃത്തികളാണ് നടക്കുന്നത്. ഇവരുടെ വീടുകളിൽ എത്തുമ്പോൾ സ്വീകരണമുറിയിൽ നിറഞ്ഞിരിക്കുന്നത് മരത്തിൽ തീർത്ത നെയ്ത്തുപകരണങ്ങളാണ്. ജീവിതത്തിന്റെ താളം പോലെയാണ് അവര്‍ക്കിത്. തുച്ഛമായ വരുമാനമാണ് ലഭിക്കുന്നതെങ്കിലും അത് ഉപേക്ഷിക്കാൻ ഇവർ ഇപ്പോഴും തയാറല്ല. ഒട്ടേറെപ്പേർ സർക്കാരിന്റെ തൊഴിലുറപ്പ് ജോലികളിൽ അംഗങ്ങളായപ്പോഴും ഇവർ നെയ്ത്തിനെ ഇന്നും ഉപാസിക്കുകയാണ്.
ഓണക്കാലത്ത് ബാലരാമപുരത്തെ നെയ്ത്തുകാർക്ക് മഞ്ഞക്കോടിയുടെ നിർമാണവുമുണ്ട്. നൂൽ അടക്കമുള്ള സാധനങ്ങൾ നൽകി വ്യാപാരികൾ പുടവയും മുണ്ടും നെയ്തുവാങ്ങാറുമുണ്ട്. ഇവിടെയുള്ള നെയ്ത്തുതൊഴിലാളികളിൽ പലര്‍ക്കും ദിവസം 500 രൂപയിലും താഴെ വരുമാനം മാത്രമുള്ളവരാണ്.
∙ തമിഴ്നാട്ടിലെ നൂൽ, ഗുജറാത്തിലെ കസവ്
തെരുവിലെ വീടുകളിൽ പ്രധാനമായും നെയ്യുന്നത് മുണ്ടുകളാണ്. കസവും കരയുടെ നിറങ്ങളും മാറി മാറി നെയ്ത് വസ്ത്രങ്ങൾ പിറവിയെടുക്കുന്ന കാഴ്ച മനോഹരമാണ്. ബാലരാമപുരത്തെ നെയ്ത്തുഗ്രാമങ്ങളിൽ നെയ്യാനുപയോഗിക്കുന്ന നൂൽ തമിഴ്നാട്ടിലെ മില്ലുകളിൽ നിന്നാണ് എത്തുന്നത്. കേരളത്തിലെ മില്ലുകളിൽ നിന്നുള്ള നൂലും ഇവിടെ എത്തിയിരുന്നു. പക്ഷേ തമിഴ്നാട്ടിൽ നിന്നെത്തുന്ന നൂലിനാണ് ഗുണമേൻമ കൂടുതലെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്. രാജപാളയം, കോയമ്പത്തൂർ എന്നിവിടങ്ങളിലെ മില്ലുകളിൽ നിന്നാണ് ഇവിടേക്ക് നൂലെത്തുന്നുത്.
ഇതുപോലെ ഗുജറാത്തിലെ സൂറത്തിൽ നിന്ന് എത്തുന്ന കസവും ഏറെ പ്രത്യേകതയുള്ളതാണ്. പട്ടുനൂലിൽ വെള്ളിയും അതിന് മുകളിൽ സ്വർണം പൊതിഞ്ഞുമാണ് കസവുണ്ടാക്കുന്നത്. അന്നും ഇന്നും സൂറത്തിന് മാത്രം അവകാശപ്പെട്ടതാണ് കസവ് നിർമാണത്തിന്റെ പാരമ്പര്യം. ഒരു കാലത്ത് ബെംഗളൂരുവിൽ കസവ് നിർമിക്കാനായി ഒരു ഫാക്ടറി തുറന്നെങ്കിലും അത് വിജയിച്ചില്ല. സൂറത്ത് എന്ന സ്ഥലത്ത് മാത്രമേ കസവ് ഗുണമേൻമയോടെ നിർമിക്കാനാവു എന്നതിന്റെ ഉദാഹരണമായിട്ടാണ് നെയ്ത്തുകാർ ഇതിനെ ചൂണ്ടിക്കാട്ടുന്നത്.
4 കട്ടകളായി മിനുസമുള്ള വെള്ളപേപ്പറിൽ പൊതിഞ്ഞാണ് കസവ് എത്തുന്നത്. ഗുണമേൻമ അനുസരിച്ച് ഇതിന്റെ വില വ്യത്യാസപ്പെടും. ആയിരത്തിൽ ആരംഭിച്ച് 24,000 വരെ വിലയുള്ളവയുണ്ട്. പഴയ കസവിൽ നിന്ന് സ്വർണം വേർതിരിക്കാനാവുമെന്നും ഇവിടെയുള്ളവർ പറയുന്നു. അതിനാലാവണം പഴയ കസവ് ഗ്രാമിന് 25 രൂപവരെ വിലയിൽ വാങ്ങുന്ന സ്ഥലങ്ങളുണ്ട്.
∙ ബാലരാമപുരം തേടി ഇന്നുമെത്തും ഒട്ടേറെപേർ
ബാലരാമപുരത്തെ ശാലിയാർ തെരുവിൽ നിരനിരയായുള്ള വീടുകൾ മാത്രമല്ലുള്ളത്. ബാലരാമപുരം വസ്ത്രങ്ങൾ വിൽക്കുന്ന ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും ഇവിടെയുണ്ട്. എംസി റോഡിൽ നിന്ന് ശാലിയാർ തെരുവിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള കസവ് ഹാന്റ്ലൂംസ് എന്ന വ്യാപാര സ്ഥാപനത്തിൽ ഓണത്തിരക്ക് കാര്യമായിട്ടുണ്ടെങ്കിലും കുറച്ച് സമയം സംസാരിക്കാൻ ഉടമയായ നാഗരാജൻ തയാറായി.
ദൂരദേശങ്ങളിൽ നിന്ന് ബാലരാമപുരം വസ്ത്രങ്ങൾ നേരിട്ട് കണ്ട് വാങ്ങാനെത്തുന്ന ഒട്ടേറെ പേരെ ഇവിടെ കാണാനായി. വിവാഹ ആവശ്യത്തിനായി കുടുംബത്തോടെ കസവ് പുടവ വാങ്ങാനെത്തിയവരും വേഷ്ടി വാങ്ങാനെത്തിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു. വടക്കൻ കേരളത്തിൽ നിന്നും ബാലരാമപുരം വസ്ത്രങ്ങൾക്കായി ആവശ്യക്കാരേറെ എത്താറുണ്ടെന്ന് നാഗരാജൻ പറഞ്ഞു.
എന്നാൽ ഇനിയൊരു 10 വർഷത്തിന് ശേഷം ബാലരാമപുരം കൈത്തറി ഓര്‍മയാകുമെന്ന ആശങ്കയാണ് ഈ വ്യാപാരി പങ്കുവയ്ക്കുന്നത്. തെറ്റുകുറ്റമില്ലാതെ നെയ്യുന്നവരുടെ എണ്ണം കുറയുകയാണ്. അവരുടെ അടുത്ത തലമുറ ഇതിലേക്ക് വരുന്നുമില്ല.
∙ കുഴിത്തറി കാണണമെന്ന ആഗ്രഹവുമായി പയറ്റുവിളയിലേക്ക്
2000 തറികൾ ശബ്ദിച്ച നാട്ടിലെത്തിയപ്പോൾ ഉണ്ടായ ഒരു സംശയം ആരാണ് ഈ തറികളൊക്കെ നിർമിച്ചതെന്നും എങ്ങനെയാണ് നിർമാണം എന്നുമായിരുന്നു. നെയ്ത്തുമായി ബന്ധപ്പെട്ട് ശാലിയാർ തെരുവുകളിലെ വീടുകളിൽ കണ്ട ഉപകരണങ്ങളിൽ മിക്കവയും മൂന്നും നാലും തലമുറ മുൻപ് നിർമിച്ചവയായിരുന്നു.
പനയുടെ തടിയിൽ നിർമിച്ച ഉപകരണം മുതൽ തേക്ക്, മുള എന്നിവ കൊണ്ട് നിർമിക്കപ്പെട്ടവ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. ആദ്യ കാലങ്ങളിൽ തമിഴ്നാട്ടിൽ നിന്നുമായിരുന്നു തറികൾ കൊണ്ടുവന്നത്. ബാലരാമപുരത്ത് നെയ്ത്തുകാരുടെ എണ്ണം കൂടിയതോടെ തറി നിർമിക്കുന്നവരും ഇവിടേക്ക് എത്തി. ഇപ്പോൾ ഉപയോഗിക്കുന്ന ഷട്ടിൽ തറികളുടെ നിർമാണത്തിന് മരത്തിന് പുറമെ ഇരുമ്പിന്റെ ഭാഗങ്ങളും ഉപയോഗിക്കുന്നുണ്ട്.
പരമ്പരാഗതമായി കസവ് പുടവകൾ നെയ്തെടുക്കാൻ ഉപയോഗിച്ചത് കുഴിത്തറികളായിരുന്നു എന്ന് നെയ്തുകാരിൽ നിന്ന് മനസ്സിലായി. വ്യാപാരിയായ നാഗരാജനിൽ നിന്ന് ഇപ്പോഴും കുഴിത്തറികൾ ഉപയോഗിച്ച് നെയ്യുന്ന രാമചന്ദ്രനെ കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുവരെ രാമചന്ദ്രൻ കുഴിത്തറിയിൽ കസവു വസ്ത്രം നെയ്തിട്ടുണ്ട്.
ബാലരാമപുരത്തിന് തൊട്ടടുത്തുള്ള പയറ്റുവിളയെന്ന സ്ഥലത്താണ് രാമചന്ദ്രൻ താമസിക്കുന്നത്. വീടിനോട് ചേർന്നാണ് രാമചന്ദ്രന്റെ നെയ്ത്തുശാല. കുഴിത്തറിയിൽ നെയ്യുന്നയാൾ അരയോളം ആഴമുള്ള ഒരു കുഴിയിൽ ഇറങ്ങി നിന്നാണ് പുടവ നെയ്യുന്നത്. ഓടം എന്നറിയപ്പെടുന്ന മുളയിൽ നിർമിച്ച ചെറു ഉപകരണം ഇരു കൈകളിലേക്കും വേഗത്തിൽ ഓടിച്ച് അവർ താളത്തില്‍ നെയ്യുന്നു.
∙ കസവിന് എന്നും പ്രിയം, വിദേശത്ത് നിന്നുവരെ ഓർഡറുകൾ
രാമചന്ദ്രന്റെ നെയ്ത്തുശാലയിൽ തൊഴിലാളികൾ സ്വർണവർണമുള്ള കസവ് പുടവ നെയ്യുന്ന തിരക്കിലായിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്നുപോലും ഇവിടേയ്ക്ക് ഓർഡറുകൾ എത്താറുണ്ട്. വിദേശത്ത് താമസമാക്കിയ മലയാളി കുടുംബങ്ങൾ മക്കളുടെ വിവാഹത്തിന് കേരളീയ പാരമ്പര്യം കൈവിടാൻ ഒരുക്കമല്ല. ഇതാണ് ബാലരാമപുരത്തേക്ക് പുടവയുടെ അന്വേഷണം എത്താൻ കാരണം. യുഎസിലേക്ക് ഉൾപ്പെടെ കയറ്റി അയയ്ക്കാനുള്ള പുടവകൾ ഇവിടെ നെയ്തെടുക്കുന്നുണ്ട്.
പുറത്ത് നിന്ന് ഓർഡർ നൽകുന്നവരിൽ പലരും പുടവയിൽ കസവ് ഡിസൈനുകളും നൽകാറുണ്ട്. ഇതനുസരിച്ച് സാരി നെയ്യാൻ ആഴ്ചകളാവും വേണ്ടിവരുന്നത്. സാധാരണ ഡിസൈനുകളുള്ള ഒരു വിവാഹ പുടവ കുഴിത്തറിയിൽ നെയ്യണമെങ്കിൽ അഞ്ചുദിവസത്തോളം പണി ചെയ്യേണ്ടി വരും. ശംഖും മയിലും നിറഞ്ഞ ഡിസൈനുകളുള്ള പുടവകള്‍ ഇവിടെ കാണാന്‍ കഴിഞ്ഞു. അരലക്ഷത്തിനും മുകളിലാണ് വിവാഹത്തിനായി നെയ്യുന്ന കസവ് പുടവയുടെ വില. സൂറത്തിൽ നിന്ന് വരുത്തുന്ന മുന്തിയ കസവാണ് ഇവിടെ നെയ്ത്തിന് ഉപയോഗിക്കുന്നത്. ഓർഡറുകൾ അനുസരിച്ച് കേരളത്തിന് പുറത്തേയ്ക്കും ഒട്ടേറെപ്പേർക്ക് രാമചന്ദ്രൻ പുടവകൾ നെയ്തു നൽകാറുണ്ട്.
ബാലരാമപുരത്തെ തറികളുടെ ശബ്ദം ദിനം കഴിയുന്തോറും കുറയുകയാണ്. ഇനിയൊരുകാലത്ത് കേരളത്തനിമയുള്ള ബാലരാമപുരം വസ്ത്രങ്ങൾ നമുക്ക് ലഭിക്കുമോ എന്നുപോലും സംശയമാണ്. ആവശ്യക്കാരേറെയുണ്ടെങ്കിലും നെയ്ത്തുകാരിൽ പുതുതലമുറ ഇല്ലെന്നതാണ് കാരണം. തലമുറകളായി പകർന്നുനൽകിയ ഈ കരവിരുത് അന്യം നിന്നുപോകാതിരിക്കാൻ വിശേഷ അവസരങ്ങളിൽ കൈത്തറി വസ്ത്രങ്ങൾ ശീലമാക്കാൻ നാം ഓർക്കണം. അതിനൊപ്പം ഒരിക്കലെങ്കിലും ബാലരാമപുരത്തെ നെയ്ത്തുഗ്രാമത്തിലേക്ക് വരണം. കാരണം പറഞ്ഞറിയിക്കാൻ കഴിയാത്ത ഈ കാഴ്ചകൾ നേരിട്ടു കാണാനുള്ളതാണ്.
English Summary: History and Current Status of Balaramapuram Kaithari Village