‘ഇനിയും പൊരുതും, മാജിക്ക് മായയല്ല ശാസ്ത്രം; എന്നെ ഭീഷണിപ്പെടുത്തി കൊല്ലുമെന്നു പറഞ്ഞു’
കറുത്ത കോട്ടും തൊപ്പിയും കയ്യിൽ ഒരു മാന്ത്രിക വടിയുമായി അയാൾ സ്റ്റേജിലേക്ക് നടന്നു കയറി. മാന്ത്രിക വടി ആൾക്കൂട്ടത്തിന് നേരെ വീശി അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചു... ഞൊടിയിടയിൽ ആ മാന്ത്രിക വടി നല്ല ഭംഗിയുള്ള പൂക്കളായി മാറി....ആർപ്പുവിളിയോടെ എല്ലാവരും കയ്യടിച്ചപ്പോൾ അദ്ദേഹം വടി മാറ്റിവച്ച് ഉറക്കെ പറഞ്ഞു, അടുത്ത മാജിക് ചെയ്യാൻ നിങ്ങളിലൊരാളുടെ സഹായം വേണം. ആരു വരും?
കറുത്ത കോട്ടും തൊപ്പിയും കയ്യിൽ ഒരു മാന്ത്രിക വടിയുമായി അയാൾ സ്റ്റേജിലേക്ക് നടന്നു കയറി. മാന്ത്രിക വടി ആൾക്കൂട്ടത്തിന് നേരെ വീശി അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചു... ഞൊടിയിടയിൽ ആ മാന്ത്രിക വടി നല്ല ഭംഗിയുള്ള പൂക്കളായി മാറി....ആർപ്പുവിളിയോടെ എല്ലാവരും കയ്യടിച്ചപ്പോൾ അദ്ദേഹം വടി മാറ്റിവച്ച് ഉറക്കെ പറഞ്ഞു, അടുത്ത മാജിക് ചെയ്യാൻ നിങ്ങളിലൊരാളുടെ സഹായം വേണം. ആരു വരും?
കറുത്ത കോട്ടും തൊപ്പിയും കയ്യിൽ ഒരു മാന്ത്രിക വടിയുമായി അയാൾ സ്റ്റേജിലേക്ക് നടന്നു കയറി. മാന്ത്രിക വടി ആൾക്കൂട്ടത്തിന് നേരെ വീശി അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചു... ഞൊടിയിടയിൽ ആ മാന്ത്രിക വടി നല്ല ഭംഗിയുള്ള പൂക്കളായി മാറി....ആർപ്പുവിളിയോടെ എല്ലാവരും കയ്യടിച്ചപ്പോൾ അദ്ദേഹം വടി മാറ്റിവച്ച് ഉറക്കെ പറഞ്ഞു, അടുത്ത മാജിക് ചെയ്യാൻ നിങ്ങളിലൊരാളുടെ സഹായം വേണം. ആരു വരും?
കറുത്ത കോട്ടും തൊപ്പിയും കയ്യിൽ ഒരു മാന്ത്രിക വടിയുമായി അയാൾ സ്റ്റേജിലേക്ക് നടന്നു കയറി. മാന്ത്രിക വടി ആൾക്കൂട്ടത്തിന് നേരെ വീശി അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചു... ഞൊടിയിടയിൽ ആ മാന്ത്രിക വടി നല്ല ഭംഗിയുള്ള പൂക്കളായി മാറി....ആർപ്പുവിളിയോടെ എല്ലാവരും കയ്യടിച്ചപ്പോൾ അദ്ദേഹം വടി മാറ്റിവച്ച് ഉറക്കെ പറഞ്ഞു, അടുത്ത മാജിക് ചെയ്യാൻ നിങ്ങളിലൊരാളുടെ സഹായം വേണം. ആരു വരും?
മാന്ത്രിക വടി പൂവായി മാറിയതിന്റെ അമ്പരപ്പ് മാറാതിരുന്ന കുട്ടികളെല്ലാം പരസ്പരം നോക്കി. ഇനി എന്തായിരിക്കും അടുത്ത അദ്ഭുതമെന്ന് ചിന്തിച്ചിരുന്ന ആ അഞ്ചാം ക്ലാസുകാരനെ മാന്ത്രിക വടി നീട്ടി അദ്ദേഹം വിളിച്ചു. സ്റ്റേജിലെത്തി ചുറ്റും നോക്കിയെങ്കിലും ഒന്നും മനസ്സിലാകാതെ കൂട്ടത്തിൽ ഭാഗ്യവാൻ ഞാനാണല്ലോ എന്നോർത്ത് ത്രില്ലടിച്ച് അവനവിടെ നിന്നു.
പെട്ടെന്നാണ് മാജിക്കുകാരൻ മാന്ത്രിക വടി മാറ്റി വച്ച് ഒരു പേപ്പറെടുത്തത്. പെട്ടെന്ന് പേപ്പർ കത്തിച്ചപ്പോൾ ആ കുഞ്ഞു മനസ്സൊന്ന് പിടഞ്ഞു. എന്തിനാണ് എന്നെ വിളിച്ച് തീ കത്തിച്ചതെന്നോർത്ത് ആവലാതിപ്പെട്ടു. എന്നാൽ പേടി അവന്റെ മുഖത്തെത്തുന്നതിനു മുമ്പേ തീയിൽ കുറച്ച് മണൽവാരിയിട്ട് മാജിക്കുകാരൻ തന്റെ മാജിക്ക് തുടങ്ങി. ‘ഇനി മോൻ വന്ന് ആ പേപ്പർ ഒന്ന് തുറന്ന് നോക്ക്’. ചോദ്യം കേട്ടപാടെ അവൻ പേപ്പർ തുറന്നു. ദാ ഇരിക്കുന്നു നല്ല ചൂടുള്ള പരിപ്പുവട. കൂടി നിന്നവരെല്ലാം കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.
പിന്നീട് ഓരോ നമ്പറുകളുമായി അയാൾ മാജിക്ക് തുടർന്നെങ്കിലും അന്നെങ്ങനെയാണ് ആ പേപ്പറിൽ പരിപ്പുവട എത്തിയതെന്ന ചോദ്യം ആ അഞ്ചാംക്ലാസുകാരനെ അലട്ടി കൊണ്ടിരുന്നു. ഒരുപാട് ആലോചിച്ച് പലരോടും ചോദിച്ച ശേഷമാണ് അത് മാജിക്കാണെന്നും അയാൾ കാണിക്കുന്നതൊക്കെ കാണിക്കണമെങ്കിൽ ആളുകളെ അമ്പരപ്പിക്കാമെന്നും അവൻ അറിഞ്ഞത്. ദിവസങ്ങൾ നീണ്ടുപോയെങ്കിലും അന്ന് കേട്ട ‘മാജിക്’ എന്ന വാക്ക് അവൻ മനസ്സിൽ കുറിച്ചിട്ടു. ഒരിക്കലെങ്കിലും അതുപോലെയാകണമെന്ന ചിന്തയിൽ.
20–ാമത്തെ വയസ്സിലും അവൻ മാജിക്കിനെ മറന്നില്ല. വായുവിൽ നിന്ന് ഭസ്മമെടുക്കുക, തിളച്ച തീയിൽ ചാടുക തുടങ്ങി നാടിന്റെ വിവിധ സ്ഥലങ്ങളിലിരുന്ന് വ്യാജ സിദ്ധൻമാർ വിശ്വാസമെന്ന പേരിൽ കാട്ടികൂട്ടുന്ന കോപ്രായങ്ങൾക്ക് പിന്നിൽ മാജിക്കല്ലേ എന്ന ചിന്തയും ആ ഇരുപതുകാരനെ ഒരു മജീഷ്യനാക്കി മാറ്റി. മാജിക്കിന്റെ വിവിധ വശങ്ങളറിഞ്ഞ് ജനങ്ങളിലേക്കെത്തി, സിദ്ധൻമാർ കാണിച്ചു കൂട്ടുന്നതെല്ലാം വിശ്വാസമല്ല, അതു വെറും മാജിക്കാണെന്ന് അവൻ കാണിച്ചു കൊടുത്തു. അന്നത്തെ ആ ചിന്തയും ആഗ്രഹവും ഒരുമിച്ചപ്പോൾ കേരളം കണ്ടത് ബോധവൽക്കരണത്തിലൂടെ മാജിക്കിനെ ജനങ്ങൾക്കു മുന്നിൽ തുറന്നു കാട്ടിയ തിരുവനന്തപുരം സ്വദേശി മജീഷ്യൻ നാഥിനെയാണ്.
43 വർഷമായി മാജിക്ക് എന്ന കലയെ ജീവനായി കണ്ട മജീഷ്യൻ നാഥ്. പ്രതിസന്ധികളൊരുപാട് ഉണ്ടായെങ്കിലും ജീവനായി കണ്ട മാജിക്കിനെ ഇന്നും ജീവവായുവായി കാണുന്ന മജീഷ്യൻ നാഥ് ജീവിത വിശേഷവും മാജിക് വിശേഷവും മനോരമ ഓൺലൈൻ പ്രീമിയവുമായി പങ്കുവക്കുന്നു.
∙ ഇതൊന്നും മായയല്ല, ശാസ്ത്രമാണ്
1980ലാണ് അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ബോധവൽക്കരണമായി മാജിക് എന്ന കലയെ ഉപയോഗിക്കാം എന്ന് മജീഷ്യൻ നാഥ് ചിന്തിച്ചു തുടങ്ങിയത്. "ജനങ്ങൾക്ക് കൃത്യമായ ബോധവൽക്കരണമുണ്ടെങ്കിൽ ആരെയും പറ്റിക്കാനാവില്ലെന്ന കാര്യം എനിക്ക് മനസ്സിലായി. ഒന്നരകൊല്ലത്തോളം തെരുവിൽ നിന്ന് സിദ്ധൻമാരും മറ്റും ചെയ്യുന്ന ശൂലം കുത്തിയിറക്കല്‍, പൾസ് നിർത്തുക എന്നകാര്യമൊക്കെ ചെയ്തു. യഥാർഥത്തിൽ അതൊന്നും ദിവ്യാദ്ഭുതമല്ല. പുരോഗമന പ്രസ്ഥാനങ്ങളുമായുള്ള ബന്ധമാണ് ഇന്നു കാണുന്ന എന്നിലേക്കുള്ള മാറ്റത്തിന് കാരണം. ഒരുപാട് വായിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു. കിട്ടുന്നതെല്ലാം വായിച്ചു. വായനയിൽ നിന്നാണ് ഞാനും പലതും പഠിച്ചത്.
കേരളത്തിലെ ജനങ്ങൾക്ക് രാഷ്ട്രീയ ബോധമുണ്ട്, പക്ഷേ, സാംസ്കാരികമായി പലർക്കും ബോധവൽക്കരണം ആവശ്യമുണ്ടെന്നും തോന്നി. അന്ധവിശ്വാസങ്ങളെ പറ്റിയും അനാചാരങ്ങളെ പറ്റിയുമെല്ലാം വായിച്ചു. സിദ്ധൻമാർ കാണിക്കുന്നതൊക്കെ തട്ടിപ്പാണെന്ന് മനസ്സിലാകണമെങ്കിൽ ആദ്യം നമ്മൾ സാംസ്കാരികമായിട്ട് ഉയരണം. അക്കാലത്ത് പലരും ചൂഷണത്തിന് വിധേയമായത് അറിവില്ലായ്മ കൊണ്ടാണ്. അതു മാറ്റിയെടുക്കാൻ വേണ്ടി മാത്രമേ ഞാൻ ശ്രമിച്ചുള്ളു. വായിച്ചറിഞ്ഞതിൽ നിന്ന് സാധാരണക്കാരനായ ഞാനിതൊക്കെ കാണിച്ചാൽ നിസാരമാണ് ഈ സംഭവമെന്ന് ജനങ്ങൾക്ക് മനസ്സിലാകുമെന്ന് തോന്നി. അങ്ങനെ ഞാനും ഒരു മാജിക്കുകാരനായി.
വായിച്ചു കിട്ടിയ അറിവിലൂടെയാണ് ഞാൻ മാജിക് ചെയ്യാൻ തുടങ്ങിയത്. എനിക്കു ഗുരുക്കന്മാരില്ല. കോയമ്പത്തൂരൊക്കെ പണ്ട് മാജിക്കിന്റെ സാധനങ്ങൾ വിൽക്കുന്ന കടകളുണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ട് അവിടെ പോയാണ് മാജിക്കിനു വേണ്ടിയുള്ള സാധനങ്ങൾ മേടിച്ചിരുന്നത്. ഇതെവിടെ കിട്ടും എന്നൊന്നും മജീഷ്യൻമാർ പറഞ്ഞു തരില്ല. നമ്മള്‍ തന്നെ അന്വേഷിച്ചു കണ്ടെത്തണം. കൊച്ചു കൊച്ചു സാധനങ്ങൾ വാങ്ങി പരിശീലനം ചെയ്തു. പിന്നീട് മറ്റുള്ളവർക്ക് കാണിച്ചു കൊടുത്തു. ആദ്യം 10 മിനിറ്റായിരുന്നു. പിന്നീടത് അരമണിക്കൂറായി, പിന്നെ ഒന്നര മണിക്കൂർ വരെ നീണ്ടു. അപ്പോഴാണ് എന്തുകൊണ്ട് മാജിക് തന്നെ ഒരു ജോലിയാക്കി മാറ്റിക്കൂടായെന്ന് ചിന്തിച്ച് തുടങ്ങിയത്".
∙ ബോധവൽക്കരണവും മാജിക്കും, ജീവിക്കാൻ വളരെ പാടാണ്
മാജിക് കൊണ്ടൊക്കെ ജീവിക്കാൻ പറ്റുമോ എന്നൊക്കെ വലിയ തോന്നലുണ്ടായിരുന്നു. തുടക്കത്തിലൊക്കെ വളരെ തുച്ഛമായ പൈസയായിരുന്നു ഓരോ ഷോയ്ക്കും ലഭിക്കുക. ഒരു ഷോ കഴിയുമ്പോള്‍ കിട്ടുന്നത് 50 രൂപയായിരുന്നു. ആ തുക കൊണ്ട് ജീവിക്കുക വളരെ പ്രയാസമായിരുന്നു. വർഷങ്ങൾ കഴിഞ്ഞപ്പോൾ അത് 100 ആയി. പിന്നീട് കൂടുതൽ പണം കിട്ടാൻ തുടങ്ങി. പണം കിട്ടി തുടങ്ങിയപ്പോൾ ചെറിയ ട്രൂപ്പൊക്കെ ഉണ്ടാക്കി ഷോ കുറച്ചു കൂടി വിപുലീകരിച്ചു. അന്നൊക്കെ പ്രോഗ്രാമുകൾ കിട്ടാൻ വളരെ പ്രയാസമായിരുന്നു. എന്റെ മാജിക്ക് ബോധവൽക്കരണ മാജിക്കാണ്, അതൊന്നും അന്ന് ആർക്കും അത്ര പരിചിതമായിരുന്നില്ല. പലരോടും പലപ്പോഴായി പറഞ്ഞ് പറഞ്ഞാണ് പരിപാടികൾ കിട്ടിയത്.
ആദ്യ 3–4 വർഷമൊക്കെ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. പിന്നീട് ‘ബോധവൽക്കരണം മാജിക്കിലൂടെ’ എന്ന എന്റെ മേഖല കുറച്ചു കൂടി വലിപ്പം ഉള്ളതാണെന്ന് മനസ്സിലായി. അങ്ങനെ ആരും ആ വഴി തിരഞ്ഞെടുക്കാത്തതുകൊണ്ട് എനിക്ക് എതിരാളികൾ കുറവായിരുന്നു. നമ്മൾ കണ്ടുശീലിച്ച മാജിക്കിന്റെ എല്ലാ ചേരുവകളും മാജിക്കിൽ ഞാനും കൊണ്ടു വന്നു. അതിനൊപ്പം തന്നെ ജനങ്ങളെ ബോധവൽക്കരിക്കാനും ശ്രമിച്ചു.
25 ഓളം വിഷയങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികളാണ് ചെയ്തത്. 95–96 കാലഘട്ടത്തിലൊക്കെ എയ്ഡ്സ് ജനങ്ങളെ വല്ലാതെ പേടിപ്പെടുത്തുന്നൊരു അസുഖമായിരുന്നു. അന്ന് ഏതാണ്ട് 1500ഓളം വേദികളിൽ എയ്ഡ്സ് ബോധവൽക്കരണ പരിപാടി െചയ്തു. അതിനുശേഷമാണ് ഒരു മജീഷ്യൻ എന്ന രീതിയിൽ പലരും എന്നെ അറിഞ്ഞു തുടങ്ങിയത്. കൂടുതലായും ബോധവൽക്കരണ പരിപാടികൾ ആയതുകൊണ്ട് പിന്നീടുള്ളവരും അത്തരം ഷോകള്‍ ചെയ്യാൻ വേണ്ടി മാത്രമേ വിളിച്ചിരുന്നുള്ളു. അതുകൊണ്ട് തന്നെ ഉത്തരവാദിത്തവും കൂടി.
ബോധവൽക്കരണം എന്നത് ജനങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യമാണ്. പെട്ടെന്ന് മടുക്കും. എല്ലാവരെയും പങ്കെടുപ്പിച്ച് നിർത്തിയാൽ മാത്രമേ സംഗതി വിജയിക്കൂ. അതിനുള്ള ശ്രമങ്ങളാണ് ചെയ്യുന്നത്. മാജിക്കിന് വേണ്ടി കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ചിട്ടുണ്ട്.
∙ രോഗം എന്നെ തളർത്തിയില്ല, ഞാൻ പോരാടി
എങ്ങനെ ഞാനൊരു മാജിക്കുകാരനായി എന്ന് എന്നെ അറിയാവുന്ന എല്ലാവരും ചോദിച്ചിട്ടുണ്ട്. പലർക്കും ഇപ്പോഴും ഞാൻ മജീഷ്യനായത് വിശ്വസിക്കാനായിട്ടില്ല. ജീവിതം മാജിക്കാണ് എന്നു പറഞ്ഞ് ഞാൻ ഇറങ്ങിയപ്പോൾ എന്റെ കുടുംബവും പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. വലിയ വരുമാനമൊന്നും അന്ന് കിട്ടിയിരുന്നില്ലെങ്കിലും ജീവിക്കാനുള്ള പണം ഞാൻ മാജിക്കിലൂടെയാണ് ഉണ്ടാക്കിയത്. പക്ഷേ, മായകൾ ഒരുപാട് കാട്ടിയെങ്കിലും ജീവിതത്തിൽ പലപ്പോഴും അത് കാണിക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ കിട്ടിയ പണം കൊണ്ട് അന്നന്നത്തെ ഭക്ഷണം കഴിക്കുക എന്നല്ലാതെ മറ്റൊന്നും ചിന്തിച്ചിരുന്നില്ല. വീടിനെ പറ്റിയെല്ലാം ഞാൻ മറന്നുപോയതാണ്. വീടെന്ന സ്വപ്നം മറ്റുള്ളവർ ചേർന്നാണ് യാഥാർഥ്യമാക്കിയത്.
ലോക്ഡൗൺ എല്ലാവരുടെയും ജീവിതത്തിൽ കറുത്തൊരേടാണ്. എനിക്കും അതങ്ങനെ തന്നെയായിരുന്നു. അന്നാണ് കാൻസറിനെതിരെ മറ്റുള്ളവരിൽ അവബോധം സൃഷ്ടിച്ച് മാജിക്കിലൂടെ അവർക്ക് അതിനെ പറ്റി പറഞ്ഞു കൊടുത്ത ഞാനും ഒരു കാൻസർ രോഗിയാണെന്ന് മനസ്സിലായത്. മടുപ്പു പിടിച്ച ലോക്ഡൗണ്‍ കാലത്താണ് താടിയെല്ലിന് വേദന എന്ന പേരിൽ അസുഖം എന്നിലേക്കെത്തുന്നത്. ആദ്യമത് കാര്യമാക്കിയില്ലെങ്കിലും പിന്നെ ഹോസ്പിറ്റലിൽ ചികിത്സ തേടി.
എന്റെ വൻകുടലിൽ കാൻസറാണെന്ന് അന്നാണ് തിരിച്ചറിഞ്ഞത്. രോഗമെന്ന് കേട്ടപ്പോൾ തന്നെ മനസ്സിൽ ഞാൻ ഉറപ്പിച്ചതാണ് ഇതിൽ നിന്ന് എനിക്ക് പുറത്തുവരണം. മറ്റുള്ളവർക്ക് മുന്നിൽ കാൻസറിനെ പറ്റിയുള്ള മാജിക്ക് കാണിക്കുമ്പോൾ എന്നെ തന്നെ ഉദാഹരണമാക്കാൻ പറ്റണം. അസുഖം അറിഞ്ഞെങ്കിലും ചികിത്സിക്കാനുള്ള പണമൊന്നും കയ്യിൽ ഉണ്ടായിരുന്നില്ല. ലക്ഷങ്ങൾ വേണമെന്നാണ് ആശുപത്രിയിൽ നിന്ന് അറിഞ്ഞത്. പക്ഷേ, ജീവിതത്തിൽ മാജിക്കിന്റെ ശക്തി അന്നെനിക്ക് മനസ്സിലായി. എന്റെ മാജിക്ക് കണ്ടും അല്ലാതെയും എന്നെ അറിയുന്ന ഒരുപാട് പേർ സഹായവുമായി എത്തി. ഏതാണ്ട് 25 ലക്ഷം രൂപയോളം കിട്ടി. അസുഖം വന്ന സങ്കടത്തേക്കാൾ മനുഷ്യർ എന്നെ ഇത്രത്തോളം സ്നേഹിക്കുന്നുണ്ടല്ലോ എന്ന സന്തോഷമായിരുന്നു അന്നെനിക്ക്.
തിരുവനന്തപുരത്ത് ആർസിസിയിലാണ് ചികിത്സ നടത്തിയത്. എല്ലാ ദിവസവും എട്ടു മണിക്ക് റേഡിയേഷനാണ്. ഈ സർജറിയും റേഡിയേഷനും കീമോയുമൊക്കെ കഴിഞ്ഞാൽ ബാക്കി സമയത്ത് ഞാൻ സ്കൂളുകളിലും മറ്റും ബോധവൽക്കരണ ക്ലാസുകൾ എടുക്കാൻ പോകുമായിരുന്നു. കാരണം എനിക്ക് കാശിന് ആവശ്യമുണ്ടായിരുന്നു. ആകെയുള്ള മാജിക് വിട്ടാൽ പിന്നെ പൈസയുണ്ടാക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് പല വേദനകളും സഹിച്ച് ഞാൻ മറ്റുള്ളവരെ അമ്പരപ്പിച്ചിട്ടുണ്ട്. ആ സമയത്ത് നമുക്ക് രോഗപ്രതിരോധ ശേഷി കുറവായിരിക്കും. അതുകൊണ്ട് തന്നെ പേടിയുണ്ടായിരുന്നു.
മറ്റുള്ളവരുമായി കൂടുതൽ ഇടപഴകരുതെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. പരിപാടിക്കിടെ ആരും എന്റെ അടുത്തേക്ക് വരരുതെന്ന് പറയും. സർജറി സമയത്ത് മാത്രമാണ് മാജിക്കിൽ നിന്ന് വിട്ടു നിന്നത്. അസുഖം വന്നെങ്കിലും മാജിക്കിൽ സജീവമാകാൻ തന്നെയായിരുന്നു തീരുമാനം. അന്ന് സ്കൂളുകളിലും മറ്റും മാജിക്കുമായി നടന്നതുകൊണ്ടാണ് ഇന്നും ഞാൻ ഇങ്ങനെയൊക്കെ ജീവിക്കുന്നത്. അല്ലെങ്കിൽ ഇതിനൊന്നും പറ്റില്ലായിരുന്നു.
∙ കൊല്ലുമെന്ന് വരെ പലരും ഭീഷണിപ്പെടുത്തി
ബോധവൽക്കരണ മാജിക്കാണ് ഞാൻ ചെയ്യുന്നത്. പല വിഷയങ്ങൾ അതിൽ വരാറുണ്ടെങ്കിലും ലഹരിക്കെതിരെ ഒരു ക്യാംപെയ്ൻ തന്നെ നടത്തിയിരുന്നു. കേരളത്തിൽ വർധിച്ചു വരുന്ന മയക്കുമരുന്നും മദ്യവുമൊക്കെ എന്റെ മാജിക്കിന് വിഷയങ്ങളായി. പക്ഷേ, മറ്റു ബോധവൽക്കരണങ്ങൾ പോലെയല്ല, അതിൽ പലരും അസ്വസ്ഥരായിരുന്നു. ലഹരി മാഫിയക്കെതിരെ മാജിക് ചെയ്തു തുടങ്ങിയ അന്നു മുതൽ ഞാൻ അവരുടെ കണ്ണിലെ കരടാണ്. ഒരുപാട് പേർ എന്നെ പലപ്പോഴും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കൊല്ലും എന്നുവരെ പറഞ്ഞു.
നിങ്ങൾ മാജിക് കാണിച്ചോ എന്നാൽ ലഹരിക്കെതിരെയുള്ള മാജിക്കൊന്നും വേണ്ട എന്നാണ് പലരും വിളിച്ച് ഭീഷണിപ്പെടുത്തിയത്. എംഡിഎംഎക്കെതിരെയെല്ലാം ശക്തമായി പ്രതികരിച്ചപ്പോൾ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുമായിരുന്നു. ഞാൻ എവിടെയെങ്കിലും പോകുമ്പോഴൊക്കെ എന്റെ വാഹനത്തെ പിന്തുടർന്ന് വന്നിട്ടുണ്ട്. പക്ഷേ, എത്ര പേടിപ്പിച്ചാലും ഇതിൽ നിന്നൊന്നും പിന്നോട്ടില്ലെന്ന് ഞാൻ ഉറപ്പിച്ചതാണ്. സമൂഹത്തിന് വേണ്ടിയായിരുന്നു എന്റെ പോരാട്ടം. നമ്മുടെ കുട്ടികളെ ഈ ലഹരിക്കെണിയിൽ നിന്ന് രക്ഷിക്കണം. എനിക്ക് പറ്റുന്നപോലെ പോരാടും.
ഒരു കൗതുകത്തിൽ നിന്നാണ് നാഥ് മാജിക്കിനെ ഇഷ്ടപ്പെട്ട് തുടങ്ങിയത്. എന്നാൽ മാജിക്കിനൊപ്പം ജീവിച്ചപ്പോൾ അതുമാത്രം മതി കൂട്ടിന് എന്നാണ് നാഥ് ചിന്തിച്ചത്. 20 വയസ്സിൽ തുടങ്ങിയ മാജിക്ക് 43 വർഷമായിട്ടും കൂടെ തന്നെ കൊണ്ടു നടക്കുകയാണ് ഇദ്ദേഹം. ഭാര്യ രജനിക്കൊപ്പം തിരുവനന്തപുരത്താണ് താമസം. മക്കൾ രണ്ടുപേരും ബെംഗളൂരുവിലാണ്. പറ്റുന്ന കാലം വരെ ഒരു മാജിക്കുകാരനായി അറിയപ്പെടാനാണ് നാഥ് ആഗ്രഹിക്കുന്നത്. നാഥിന് മാജിക്ക് മായിക ലോകത്ത് വിലസാനല്ല, ജനങ്ങളുടെ കണ്ണു തുറപ്പിക്കാനുള്ളതാണ്.
English Summary: How Magician Nath uses Magic against Social Evils