കേരളത്തെ മാറ്റിയ ഒരു സമരം 100 വർഷങ്ങൾ പിന്നിടുന്നു. നാടിന്റെ സ്വാതന്ത്ര്യത്തിനായി തുടങ്ങിയ സമരം. പിന്നീട് നാടിന്റെ സാമൂഹിക സമത്വത്തിനായി തുടർന്ന സമരം. അനീതിക്കെതിരെ ചൂണ്ടിയ വിരൽ. അഴിമതിക്കെതിരെ ഉയർന്ന ശബ്ദം.

കേരളത്തെ മാറ്റിയ ഒരു സമരം 100 വർഷങ്ങൾ പിന്നിടുന്നു. നാടിന്റെ സ്വാതന്ത്ര്യത്തിനായി തുടങ്ങിയ സമരം. പിന്നീട് നാടിന്റെ സാമൂഹിക സമത്വത്തിനായി തുടർന്ന സമരം. അനീതിക്കെതിരെ ചൂണ്ടിയ വിരൽ. അഴിമതിക്കെതിരെ ഉയർന്ന ശബ്ദം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തെ മാറ്റിയ ഒരു സമരം 100 വർഷങ്ങൾ പിന്നിടുന്നു. നാടിന്റെ സ്വാതന്ത്ര്യത്തിനായി തുടങ്ങിയ സമരം. പിന്നീട് നാടിന്റെ സാമൂഹിക സമത്വത്തിനായി തുടർന്ന സമരം. അനീതിക്കെതിരെ ചൂണ്ടിയ വിരൽ. അഴിമതിക്കെതിരെ ഉയർന്ന ശബ്ദം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ പുലരിയിലേക്ക് ഉണരുമ്പോൾ വിഎസ് ജയിലിലായിരുന്നു. പൊലീസ് മർദ്ദിച്ച് അവശനാക്കി കാട്ടിൽ ഉപേക്ഷിക്കാനൊരുങ്ങിയ പുന്നപ്ര വയലാർ സമരനായകനായ 23 കാരൻ അന്ന് ആരോഗ്യം വീണ്ടെടുത്ത് വരുന്നതേയുള്ളൂ. അടുത്ത വർഷം ജയിൽ മോചിതനായെങ്കിലും ഒളിവിലെ ജീവിതം അവസാനിപ്പിച്ച് സ്വാതന്ത്ര്യത്തിലേക്ക് വരാൻ പിന്നെയും വേണ്ടി വന്നൂ, നാല് വർഷം. അഴിമതിയുടെയും അനീതിയുടെയും കയ്യേറ്റത്തിന്റെയും ഇങ്ങേത്തലപ്പത്ത് നിൽക്കുന്നവർക്കു വേണ്ടി പോരാടി തുടങ്ങിയ ക്ഷുഭിത യൗവ്വനം കൊടിയ ദുഷ്പ്രഭുത്വത്തിന് മുൻപിൽ തല നരയ്ക്കാത്തവനായി വളർന്നു വലുതാവുന്നത് പിന്നെ ലോകം കണ്ടൂ. വേലിയ്ക്കകത്ത് ശങ്കരൻ മകൻ അച്യുതാനന്ദനെ വിഎസ് എന്ന രണ്ടക്ഷരത്തിലേക്ക് ചുരുക്കിയ ഒരു നൂറ്റാണ്ട് സമരചരിത്രങ്ങളുടെ ഒരു കാലം കൂടിയാണ്. ജനകീയ സമരങ്ങളുടെ തലപ്പത്ത് നിലയുറപ്പിച്ച് ഒരു വിട്ടുവീഴ്ചകൾക്കും തയാറാവാതെ കേരളത്തിന്റെ ഒറ്റയാൾ പ്രതിപക്ഷമായി നിലകൊണ്ട ഒരാളുടെ സമരപരമ്പരകളുടെ കാലം. ആദർശങ്ങളിൽ നിന്ന് പിടിവിടാതെ നിന്നതിന് താൻ കൂടി രൂപം കൊടുത്ത പാർട്ടിയിൽ നിന്ന് പല തവണ അച്ചടക്ക നടപടി നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഒരു നിലപാടുകളിലും കുറ്റബോധമില്ലാതെയാവണം വിഎസ് ആയുസിന്റെ ഒരു നൂറ്റാണ്ട് പൂർത്തിയാക്കുന്നത്. 

∙ ഏട്ടന്റെ കണ്ണിലൂടെ നാലാംവയസിൽ വിഎസ് അമ്മയെ കണ്ടു 

ADVERTISEMENT

അമ്മ മരിക്കുമ്പോൾ അച്യുതാനന്ദന് നാല് വയസ്സായിരുന്നു പ്രായം. ചേട്ടൻ ഗംഗാധരന് 14. അച്യുതാനന്ദന് താഴെ പൊടിക്കുഞ്ഞുങ്ങളായ രണ്ടു പേർ; പുരുഷോത്തമനും ആഴിക്കുട്ടിയും. അക്കാലത്ത് ചികിത്സ കൊണ്ട് ഭേദപ്പെടുത്താനാവാത്ത വസൂരിയാണ് നാലു വയസ്സിൽ അച്യുതാനന്ദനെ അമ്മയില്ലാത്ത കുട്ടിയാക്കിയത്. വസൂരി വന്നാൽ മരണമല്ലാതെ മറ്റൊരു അവസാനവുമില്ലാതിരുന്ന കാലം. രോഗബാധിതയെ മാറ്റിപ്പാർപ്പിക്കുക മാത്രമാണ് ഏക വഴി. അക്കമ്മയെ മാറ്റിതാമസിപ്പിച്ചിരുന്ന ഓലപ്പുരയുടെ അടുത്തേക്ക് ഭർത്താവ് ശങ്കരൻ എല്ലാ ദിവസവും പോകും. മക്കളുടെ വിശേഷങ്ങൾ പറയും. താൻ മരിക്കാൻ പോകുകയാണെന്ന് തീർച്ചയായ ദിവസം അക്കമ്മ പറഞ്ഞു, ‘‘എനിക്ക് അവസാനമായി മക്കളെ കാണണം. അടുത്തേക്ക് കൊണ്ടു വരണ്ട. ദൂരെ മാറ്റി നിർത്തിയാൽ മതി.’’

വി.എസ്.അച്യുതാനന്ദൻ (ഫയൽ ചിത്രം)

ഓലപ്പുരയ്ക്ക് അമ്പതു വാര അകലെ ശങ്കരൻ നാല് മക്കളുമായി വന്നു. ഓലപ്പുരയുടെ വിടവിലൂടെ അക്കമ്മ മക്കളെ കണ്ടു. ഗംഗാധരന്റെ കയ്യിലിരുന്ന് കളിക്കുന്ന ആഴിക്കുട്ടി. ഒപ്പം അച്യുതാനന്ദനും പുരുഷോത്തമനും. അമ്മയുടെ മുഖം മറഞ്ഞു പോകുന്നത് ഗംഗാധരൻ വ്യക്തമായി കണ്ടു. പിറ്റേന്ന് അക്കമ്മ മരിക്കുകയും ചെയ്തു. ഏട്ടന്റെ കണ്ണിൽ തറഞ്ഞ അമ്മയുടെ ആ മുഖമായിരുന്നു വിഎസിന്റെ ഏറ്റവും ശക്തമായ അമ്മയോർമ്മ. അത് വിഎസ് കണ്ടതല്ല, ഏട്ടൻ പലകുറി പറഞ്ഞു കൊടുത്ത, കേട്ടറിഞ്ഞ അമ്മയാണ്. ഒരേ അമ്മയുടെ വയറ്റിൽ പിറന്നതാണെങ്കിലും ഒരച്ഛന്റെ മക്കളായിരുന്നില്ല ഇരുവരും. ചെറുപ്രായത്തിൽ വിധവയായ അക്കമ്മ വിഎസിന്റെ അച്ഛൻ ശങ്കരനെ വിവാഹം കഴിക്കുമ്പോൾ ഗംഗാധരന് 9 വയസ്സായിരുന്നു. അമ്മയുടെ മരണശേഷം 11–ാം വയസ്സിൽ വിഎസിന് അച്ഛനെ കൂടി നഷ്ടപ്പെട്ടതോടെ ജീവിതത്തിലുടനീളം അച്ഛനും അമ്മയുമായി നിറഞ്ഞത് ഏട്ടൻ ഗംഗാധരനാണ്.

∙ ആദ്യത്തെ ആയുധം അരഞ്ഞാണം, അന്നു തുടങ്ങിയ പോരാട്ടം 

സജീവ രാഷ്ട്രീയത്തിന്റെ കാലത്ത് കേരളത്തിന്റെ ഒറ്റയാൾ പ്രതിപക്ഷമായി മാറിയ വിഎസിന്റെ സമര ചരിത്രങ്ങളുടെ ഏടുകൾ തുടങ്ങുന്നത് നാലാം ക്ലാസിലാണ്. ജാതിവെറിയോട് ഉറക്കെ ശബ്ദിച്ചായിരുന്നു ആ തുടക്കം. നാലാം ക്ലാസ് എത്തിയപ്പോൾ ആദ്യം പഠിച്ചിരുന്ന സ്കൂളിൽ നിന്ന് കളർകോട് എൽപി സ്കൂളിലേക്ക് വിഎസിനെ മാറ്റിച്ചേർത്തു. പക്ഷേ, ഇരുണ്ട നിറമുള്ള വിഎസിനെ, ജാതിപ്പേരു കൂട്ടി വിളിച്ചാണ് അവിടുത്തെ കുട്ടികൾ എതിരേറ്റത്. പല തവണ ഇത് തുടർന്നു. കുട്ടികൾ പേരു വിളിക്കാൻ തയാറായതേയില്ല. അച്ഛൻ ശങ്കരനോട് വിഷമം പറഞ്ഞപ്പോൾ, ‘‘അരയിൽ അരഞ്ഞാണമല്ലേ കിടക്കുന്നത്..?’’ എന്നായിരുന്നു ചോദ്യം.

പുന്നപ്ര–‌വയലാർ രക്തസാക്ഷിത്വത്തിന്റെ 50–ാം വാർഷികത്തോടനുബന്ധിച്ച് ഇഎംഎസ് പ്രസംഗിക്കുന്നു. വി.എസ്.അച്യുതാനന്ദൻ സമീപം (ഫയൽ ചിത്രം)
ADVERTISEMENT

അടുത്ത തവണ വിളി ഉയർന്നപ്പോൾ അച്യുതൻ അരയിലെ അരഞ്ഞാണമൂരി. പുന്നപ്ര വയലാർ സമരകാലത്ത് വാരിക്കുന്തമുണ്ടാക്കാനും തോക്കിനെ നേരിടാനും പരിശീലിപ്പിച്ച സമരനായകൻ കയ്യൂക്ക് വേണ്ടിടത്ത് അത് കാണിക്കണമെന്ന് തിരിച്ചറിഞ്ഞ നിമിഷം കൂടിയായിരിക്കണം അത്. അരഞ്ഞാണം കൊണ്ട് അടി കിട്ടിയവരാരും പിന്നെ അച്യുതനെ കളിയാക്കാൻ ധൈര്യപ്പെട്ടില്ല. അതേ സ്കൂളിൽ മിടുക്കനായ വിദ്യാർഥിയായി പഠനം തുടർന്നെങ്കിലും 11 വയസ്സിൽ അച്ഛൻ മരിച്ചതോടെ സ്കൂളിൽ നിന്നും ജീവിതമെന്ന പരീക്ഷാക്കാലത്തിലേക്ക് എടുത്തെറിയപ്പെട്ടു,

അച്യുതാനന്ദൻ. ദാരിദ്ര്യവും പട്ടിണിയും മാത്രം നിഴലായിരുന്ന പാർട്ടിപ്രവർത്തന കാലത്ത് പൊലീസിന്റെയും ഭരണകൂടത്തിന്റെയും നോട്ടപ്പുള്ളിയായി ഒളിച്ചു കഴിയുമ്പോഴും പക്ഷേ, അച്യുതാന്ദനെ പിടിച്ചു നിർത്തിയത് അച്ഛന്റെ ആ ചോദ്യമായിരിക്കണം, ‘‘അരയിൽ അരഞ്ഞാണമല്ലേ കിടക്കുന്നത്?’’

∙ പി.കൃഷ്ണ പിള്ള വിളിച്ചു, ആ തൊഴിലാളി നേതാവായി 

അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരിക്കുന്ന കാലത്താണ് ഒരു ബഹുരാഷ്ട്രകമ്പനി ടെക്നോപാർക്കിലേക്ക് വരാൻ തയാറെടുക്കുന്നത്. കുറഞ്ഞത് അയ്യായിരം പേർക്ക് തൊഴിൽ നൽകും. പക്ഷേ, കമ്പനിക്ക് ആകെ ഒരു നിബന്ധന മാത്രം – സ്ഥാപനത്തിൽ പണിമുടക്കുണ്ടാവരുത്. ഈ ആവശ്യവുമായി കമ്പനി മേധാവികൾ അച്യുതാന്ദനെ കാണാനെത്തി. മറുപടി പറയാൻ ഒരു നിമിഷം പോലും അച്യുതാനന്ദന് ആലോചിക്കേണ്ടി വന്നില്ല.

മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ (ഫയൽ ചിത്രം ∙ മനോരമ)
ADVERTISEMENT

പണിമുടക്കാനുള്ള അവകാശം തൊഴിലാളികളുടെ മൗലികാവകാശമാണെന്നും അതിനെ എതിർക്കുന്ന ഒന്നിനെയും സ്വാഗതം ചെയ്യാനാവില്ല എന്നുമായിരുന്നു അച്യുതാനന്ദന്റെ നിലപാട്.പഠനം നിർത്തിയതോടെ ആസ്പിൻവാൾ കയർ ഫാക്ടറിയിലെ തൊഴിലാളിയായി മാറിയിരുന്നു, അച്യുതാനന്ദൻ. ജോലി സമയം കഴിഞ്ഞാൽ തൊഴിലാളികളെ സംഘടിപ്പിക്കാനും അവരോട് അവകാശ നിഷേധങ്ങളെപ്പറ്റിയും സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളെപ്പറ്റിയും പറയാനും അച്യുതൻ സമയം കണ്ടെത്തി.

തീപ്പൊരി പ്രസംഗങ്ങൾ നേതാക്കളുടെ ശ്രദ്ധയിൽപ്പെട്ടു. കയർഫാക്ടറി ട്രേഡ് യൂണിയൻ രംഗത്തെ മികച്ച നേതാവായി പേരെടുത്ത അച്യുതാനന്ദനെ 1943 ലെ പാർട്ടിയുെട ആദ്യ സംസ്ഥാന സമ്മേളനത്തിനു ശേഷം സഖാവ് പി.കൃഷ്ണപിള്ള ആളെ വിട്ട് വിളിപ്പിച്ചു. ഫാക്ടറിയിലെ ജോലി വിട്ട് മുഴുവൻ സമയ പാർട്ടി പ്രവർത്തകനാകണമെന്നും കുട്ടനാട്ടിലെ കർഷക തൊഴിലാളികളെ സംഘടിപ്പിക്കണമെന്നുമായിരുന്നു ആവശ്യം. 

വി.എസ്.അച്യുതാനന്ദൻ (ഫയൽ ചിത്രം)

∙ കർഷകത്തൊഴിലാളികളുടെ സഖാവ്, പൂഴ്ത്തിവച്ച നെല്ല് പുറത്തെടുത്ത സംഘം 

കുട്ടനാട്ടിലെ കർഷക തൊഴിലാളികളുടെ അടുത്തേക്ക് വിഎസ് പോകുമ്പോൾ, ‘‘ആലപ്പുഴയിൽ നിന്ന് ഏതോ ഒരു നേതാവു വന്നിരിക്കുന്നു, തമ്പ്രാനുമായുള്ള ബന്ധം ഇല്ലാതാക്കാന്‍’’ എന്നായിരുന്നു അവരുടെ ഭാവം എന്ന് വിഎസ് ആത്മകഥയിൽ എഴുതിയിട്ടുണ്ട്. പക്ഷേ, ഒരു കൊല്ലത്തെ പ്രവർത്തനം കൊണ്ട് കാര്യങ്ങൾ മാറി. കൂലി കൊടുക്കാതിരിക്കുകയും കള്ള അളവുപാത്രം ഉപയോഗിച്ച് തൊഴിലാളികളെ പറ്റിക്കുകയും ചെയ്തിരുന്ന ജന്മിമാർക്ക് എതിരെയുള്ള സമരങ്ങൾ വിജയം കണ്ടു. അർഹമായ കൂലി വാങ്ങി, നെല്ലും ചുമന്ന് പാടവരമ്പത്തൂടെ നടന്നു പോകുന്ന തൊഴിലാളികൾ കുട്ടനാടിന്റെ കാഴ്ചയായി.

അച്യുതാനന്ദൻ ഒളിച്ചു താമസിച്ചിരുന്ന കർഷക തൊഴിലാളി കുടുംബത്തിലേക്ക് പാർട്ടി അംഗത്വം ചോദിച്ചെത്തിത്തുടങ്ങിയിരുന്നു തൊഴിലാളികൾ. രണ്ടാം ലോകമഹായുദ്ധം വഴി തുറന്ന കടുത്ത ക്ഷാമം തിരുവിതാംകൂറിലും പട്ടിണി മരണത്തിന് ആക്കം കൂട്ടുന്ന സമയമായിരുന്നു അത്. റേഷൻ വിതരണം ഏതാണ്ട് നിലച്ചു. ഉള്ള ധാന്യങ്ങൾ ജന്മിമാർ പൂഴ്ത്തിവെച്ചു. അച്യുതാനന്ദൻ കൺവീനറായി രൂപീകരിച്ച ദുരിതാശ്വാസ സമിതിയുടെ പ്രധാന ചുമതല പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുക എന്നതായിരുന്നു. പുന്നപ്രയിലെ കൃഷി പ്രമാണിമാരുടെ ഷെഡിൽ നെല്ലും തേങ്ങയും പൂഴ്ത്തിവെച്ചിരിക്കുന്നു എന്ന വിവരത്തെത്തുടർന്ന് അച്യുതാനന്ദന്റെ നേതൃത്തത്തിൽ അമ്പതോളം യുവാക്കൾ സംഘടിച്ചു.

‘ജനങ്ങളുടെ കൈപിടിച്ച്’: വി.എസ്.അച്യുതാനന്ദൻ പത്തനാപുരത്ത് (ഫയൽ ചിത്രം ∙ മനോരമ)

ഷെഡിന് കാവൽ നിർത്തിയിരുന്ന ഗുണ്ടാ സംഘവുമായി അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ളവർ ഏറ്റുമുട്ടി. അവർക്ക് പിടിച്ചു നിൽക്കാനായില്ല. ആളും ബഹളവും കൂടിയതോടെ ഒളിപ്പിച്ചു വച്ചിരുന്ന ഭക്ഷ്യധാന്യങ്ങൾ ജനങ്ങൾക്ക് വിതരണം ചെയ്യാൻ ദിവാന് ഉത്തരവിടേണ്ടി വന്നു.

∙ കാടിന് കൊടുക്കാതെ കാത്ത കള്ളൻ കോലപ്പൻ

പുന്നപ്ര വയലാർ സമരം ആളിപ്പടർന്ന സമയം. എണ്ണമില്ലാത്ത തൊഴിലാളികളാണ് അന്ന് വെടിവെപ്പിൽ മരിച്ചു വീണത്. ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്ന് ഇടിമുഴക്കത്തോടെ പ്രസംഗിച്ചു നിർത്തിയ വിഎസിനെ വീടു വീടാന്തരം പൊലീസ് തിരഞ്ഞു നടന്നു. ഒടുവിൽ ഒക്ടോബർ 28 ന് പൂഞ്ഞാറിൽ നിന്നായിരുന്നു അറസ്റ്റ്. ലോക്കപ്പിൽ നേരിടേണ്ടി വന്നത് ക്രൂര മർദ്ദനം. ‘‘രണ്ടു കാലുകളും ലോക്കപ്പിന്റെ അഴികളിലൂടെ അവർ പുറത്തെടുത്തു. അഴികൾക്ക് വിലങ്ങനെ രണ്ടു കാലിലും ലാത്തി വെച്ചു കെട്ടി. എന്നിട്ട് ലോക്കപ്പ് പൂട്ടി.

കാലുകളും പാദങ്ങളും ലോക്കപ്പ് അഴികൾക്കു പുറത്തും ബാക്കി ശരീര ഭാഗങ്ങൾ ലോക്കപ്പിനകത്തും. അകത്തു നിൽക്കുന്ന പൊലീസുകാർ തോക്കിന്റെ പാത്തി കൊണ്ട് എന്നെ ഇടിച്ചു. ഉരലിലിട്ട് നെല്ല് ഇടിക്കും പോലെ. പുറത്തുള്ള പൊലീസുകാർ രണ്ടു കാൽപാദങ്ങൾക്കകത്തും ചൂരൽ കൊണ്ട് മാറി മാറി തല്ലി.’’ എന്നാണ് ആത്മകഥയിൽ വിഎസ് എഴുതിയിരിക്കുന്നത്.

വിഎസിൽ നിന്ന് വിവരങ്ങളൊന്നും കിട്ടാഞ്ഞതോടെ മർദ്ദനത്തിന്റെ രീതി മാറി. ബയണറ്റ് പിടിപ്പിച്ച തോക്ക് ഉള്ളംകാലിലേക്ക് കുത്തിയിറക്കി. കാൽപാദം തുളഞ്ഞ് ബയണറ്റ് അപ്പുറത്തെത്തി. മരിച്ചെന്ന് കരുതിയ വിഎസിനെ കാട്ടിലുപേക്ഷിക്കാൻ പൊലീസുകാർ തീരുമാനിച്ചു. സ്റ്റേഷനിലുണ്ടായിരുന്ന കള്ളന്മാരെയും ഒപ്പം കൂട്ടി. കാട്ടിലെത്തുമ്പോൾ വിഎസിന് നേരിയ ശ്വാസമുണ്ടെന്ന് കള്ളൻ കോലപ്പന് മനസ്സിലായി. ജീവനുള്ളയാളെ കാട്ടിലുപേക്ഷിക്കാൻ ആവില്ലെന്ന് കോലപ്പൻ നിർബന്ധം പിടിച്ചതോടെയാണ് മൃതപ്രായനായ വിഎസിനെ പാലാ ജനറൽ ആശുപത്രിയില്‍ എത്തിക്കുന്നത്. ബയണറ്റ് തറഞ്ഞു കയറിയ ആ കാല് നിലത്തുകുത്താൻ ഒൻപത് മാസം വേണ്ടി വന്നു.

വി.എസ്.അച്യുതാനന്ദൻ (ഫയൽ ചിത്രം)

രാജവാഴ്ചയ്ക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരിൽ ഒരു വർഷം തടവ് ആദ്യം തന്നെ കോടതി വിധിച്ചിരുന്നു. അതുകൊണ്ട് ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് ഉണരുന്ന പുലരി അഴികൾക്കിടയിലൂടെയാണ് വിഎസ് കണ്ടത്. 

∙ കൂരിരുട്ടിലും മുനിഞ്ഞു കത്തിയ കുടുംബം

 ‘‘പുസ്തകവും ബുക്കുമൊക്കെ ഇല്ലാതിരുന്നത് എങ്ങനെയെങ്കിലും പരിഹരിക്കാമായിരുന്നു, ഒരു നേരമെങ്കിലും എന്തെങ്കിലും കഴിച്ചു കൊണ്ടു പോകണ്ടേ...’’, എന്നാണ് താൻ കടന്നു വന്ന ദാരിദ്ര്യകാലത്തെപ്പറ്റി വിഎസ് ഒരിക്കൽ പറഞ്ഞത്. പഠനം നിർത്തി തൊഴിലാളിയായ വിഎസിനോട് മുഴുവൻ സമയ പാർട്ടിപ്രവർത്തകനാവാൻ പി. കൃഷ്ണപിള്ള ആവശ്യപ്പെടുമ്പോൾ എന്റെ വരുമാനം കൊണ്ടു കൂടിയാണ് കുടുംബം കഴിഞ്ഞു പോകുന്നത് എന്നായിരുന്നു വിഎസിന്റെ ആദ്യ മറുപടി. അത് യാഥാർഥ്യവുമായിരുന്നു. പക്ഷേ, അനുജന്റെ മനസ്സു കണ്ട ഏട്ടൻ ഗംഗാധരൻ കുടുംബത്തെ മുഴുവൻ തന്റെ തോളിലേക്ക് ചാരിവച്ച് അനുജനെ തൊഴിലാളി ലോകത്തിന് വിട്ടു കൊടുത്തു.

പൊലീസിനെ പേടിച്ച് ഒളിച്ചു കഴിഞ്ഞിരുന്ന കാലത്ത് ആരെങ്കിലും വഴി വിഎസ് വീട്ടിലേക്ക് സന്ദേശയമക്കും– ‘‘രാത്രി രണ്ടു പേരുണ്ടാവും കഴിക്കാൻ.’’ അനുജത്തി ആഴിക്കുട്ടി ഭക്ഷണം തയാറാക്കി വെക്കും. അടുക്കളയുടെ വാതിൽ പാതി ചാരിയിടും. രാത്രി ശബ്ദം കേട്ടുണർന്നാൽ ഒരു പാത്രത്തിൽ നിന്ന് മൂന്നോ നാലോ പേർ കഴിക്കുന്നത് കാണാം. അതിൽ കൊച്ചണ്ണനുമുണ്ടാവും എന്നാണ് ആഴിക്കുട്ടി ആ കാലത്തെ ഓർത്തെടുത്തിരുന്നത്. പുന്നപ്ര വയലാർ സമരം കൊടുമ്പിരി കൊണ്ട സമയത്ത് വിഎസിന്റെ വെന്തലത്തറ വീട്ടിൽ പൊലീസ് രാജമുദ്ര പതിച്ചു. ഉടുതുണിയോടെ വീട് ഒഴിഞ്ഞു കൊടുക്കണം എന്നാവശ്യപ്പെട്ടു. വീട്ടിലുണ്ടായിരുന്നത് ആഴിക്കുട്ടി മാത്രമാണ്. ഇത് അച്യുതാനന്ദന്റെ വീടല്ല, ഗംഗാധരന്റെ വീടാണെന്ന് ആഴിക്കുട്ടി പൊലീസിനോട് മറുപടി പറഞ്ഞു.

വി.എസ്.അച്യുതാനന്ദൻ (വര : ഹരി.പി.ജി ∙ മനോരമ)

രാജ്യദ്രോഹം ചെയ്തു നടക്കുന്ന ആളുമായി ഈ വീടിന് ബന്ധമില്ലെന്നും അച്യുതാനന്ദൻ ഇവിടെ വരാറില്ലെന്നും ആഴിക്കുട്ടി തീർത്തു പറഞ്ഞതോടെ സംശയമില്ലാതെ പൊലീസ് മടങ്ങി. ഈ പാർട്ടിയും പ്രവർത്തനവും മതിയാക്കിക്കൂടേ എന്ന് ഏട്ടൻ ഗംഗാധരൻ ഒരു തവണയേ അച്യുതനോട് ചോദിച്ചിട്ടുള്ളൂ. ബയണറ്റ് കുത്തിയിറക്കിയ കാൽ നിലത്തു തൊടാനാവാതെ അവശനും ക്ഷീണിതനുമായി മാറിയ അനുജനെ പൊലീസ് ജീപ്പിൽ നിലത്തിരുത്തി ഷൂസ് കൊണ്ട് ആഞ്ഞു ചവിട്ടുന്നത് കണ്ട വേദനയിലാരുന്നു അത്. നീട്ടിയൊരു മൂളൽ മാത്രമായിരുന്നു മറുപടി. എന്നത്തെയും പോലെ അനുജന്റെ മനസ്സ് തൊട്ടറിഞ്ഞ ഏട്ടൻ പിന്നെയൊരിക്കലും അതാവർത്തിച്ചുമില്ല.

∙ വസുമതി ആദ്യം എത്തിയത് ശുപാർശയ്ക്കായി

പാർട്ടിയും കുടുംബവും ഒന്നിച്ചു പോകില്ലെന്നും അതുകൊണ്ട് വിവാഹം കഴിക്കാനില്ല എന്നുമായിരുന്നു വിഎസിന്റെ തീരുമാനം. ഒടുവിൽ തീരുമാനം തിരുത്തി വിഎസ് വിവാഹിതനായത് 44–ാം വയസ്സിലാണ്. ജീവിതസഖിയായി മാറിയ വസുമതിയും സജീവ പാർട്ടി പ്രവർത്തക. വസുമതി ആദ്യം വിഎസിനെ കാണാനെത്തിയതാവട്ടെ സ്കൂളിലെ അധ്യാപികയുടെ ഒഴിവിലേക്ക് തന്നെ ശുപാർശ ചെയ്യണം എന്ന ആവശ്യമായാണ്.

വി.എസ്.അച്യുതാനന്ദനും വസുമതിയും വിവാഹനാളിൽ (ഫയൽ ചിത്രം)

ഒപ്പമെത്തിയ പാർട്ടി പ്രവർത്തകനാണ് വസുമതിക്ക് വേണ്ടി അന്ന് എംഎൽഎ ആയിരുന്ന വിഎസിനോട് കാര്യങ്ങൾ പറഞ്ഞത്. ജാള്യത കാരണം വസുമതി ഒന്നും മിണ്ടിയില്ല. എന്തായാലും ആ ജോലി വസുമതിക്ക് കിട്ടിയില്ല. നഴ്സിങ് പഠനം കഴിഞ്ഞ് സെക്കന്തരാബാദിൽ ജോലി ചെയ്യുമ്പോഴാണ് വസുമതിയെ നേടി സന്ദേശമെത്തുന്നത്. ഉടൻ നാട്ടിലെത്തുക. വിവാഹം നിശ്ചയിച്ചിരിക്കുന്നു. വരൻ വി.എസ്.അച്യുതാനന്ദൻ എംഎൽഎ. ലളിതമായിരുന്നു പാർട്ടി നടത്തിയ വിവാഹം. വിവാഹപ്പിറ്റേന്ന് വധുവിനെ വീട്ടിൽ തനിച്ചാക്കി വരൻ തിരുവനന്തപുരത്തേക്ക് പാഞ്ഞു.

നിയമസഭ സമ്മേളനമുണ്ട്. മൂത്തമകൾ ആശയെ പ്രസവിക്കാൻ ആശുപത്രിയിലേക്ക് വസുമതി തനിച്ചാണ് പോയത്. മൂന്നു ദിവസത്തിനു ശേഷം പ്രസവം നടന്നു. അന്ന് ആലപ്പുഴ കലക്ടറേറ്റിൽ എന്തോ യോഗത്തിന് വന്ന വിഎസ് തനിക്ക് മകൾ ജനിച്ചതറിഞ്ഞ് ആശുപത്രിയിൽ പോയി. മകളെ കണ്ടു, മടങ്ങി. ഒരാഴ്ചയ്ക്കു ശേഷം പാർട്ടി പ്രവർത്തകർ എത്തിയാണ് വസുമതിയെയും മകളെയും ഡിസ്ചാർജ് ചെയ്യുന്നത്.

വി.എസ്.അച്യുതാനന്ദൻ, ഭാര്യ വസുമതിക്കൊപ്പം (ഫയൽ ചിത്രം ∙ മനോരമ)

∙ ആരാണ് ആ മിനിറ്റ്സുകൾക്ക് തീയിട്ടത്, മാരാരിക്കുളം എന്ന കടങ്കഥ 

ആദ്യ തിരഞ്ഞെടുപ്പിൽ തോൽവി രുചിച്ചാണ് വിഎസിന്റെ പാർലമെന്ററി രംഗത്തെ തുടക്കം. 1965 ൽ അമ്പലപ്പുഴ മണ്ഡലത്തിൽ വിഎസ് തോറ്റു. 1967 ൽ അതേ മണ്ഡലത്തിൽ 9515 വോട്ടുകളുടെ ഭൂരിപക്ഷം. 1970 ൽ അതേ മണ്ഡലത്തിൽ വീണ്ടും വിജയം. 1977 സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിട്ട തിരഞ്ഞെടുപ്പുകളിൽ ഒന്നായിരുന്നു. അന്ന് പരാജയപ്പെട്ടവരിൽ വിഎസും ഉണ്ടായിരുന്നു. പിന്നീട് മത്സര രംഗത്ത് നീണ്ട 14 വർഷത്തെ ഇടവേള. 1991 ൽ മാരാരിക്കുളത്താണ് വീണ്ടും മത്സരിക്കുന്നത്. വൻഭൂരിപക്ഷത്തിൽ വിജയിച്ച വിഎസ് 1996 ൽ എല്ലാ എക്സിറ്റ് പോൾ ഫലങ്ങളെയും പരാജയപ്പെടുത്തി മാരാരിക്കുളത്ത് തോറ്റു.

ആ തിരഞ്ഞെടുപ്പിൽ വിഎസ് മത്സരിക്കണമോ എന്നതും പാർട്ടിക്കുള്ളിലെ തർക്ക വിഷയമായിരുന്നു. പാർട്ടി സെക്രട്ടേറിയറ്റിൽ വോട്ടിങ് നടത്തിയാണ് വിഎസ് മത്സരിക്കാമെന്ന് തീരുമാനിച്ചത്. വിഎസിന് കിട്ടിയത് ഒൻപത് വോട്ട്, എതിർപക്ഷത്തിന് അഞ്ചും. അതിന്റെ പിറ്റേന്നായിരുന്നു വിഎസ് മാരാരിക്കുളത്ത് നാമനിർദേശപത്രിക സമർപ്പിച്ചതും. വിഎസിന്റെ തോൽവി കോൺഗ്രസ് ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് വിഎസ് മടങ്ങും വരെ വിജയം ആഘോഷിക്കാന്‍ പോലും കോൺഗ്രസ് മടിച്ചു. പരാജയം പാർട്ടി പരിശോധിക്കും എന്നു മാത്രം പ്രതികരിച്ച വിഎസ്, മുഖ്യമന്ത്രിയായി നായനാരെ പിന്തുണച്ച ശേഷം ഇലക്‌ഷൻ കമ്മിറ്റി ഓഫിസിൽ എത്തുമ്പോഴേക്കും തിരഞ്ഞെടുപ്പ് കാലത്തെ പ്രവർത്തനങ്ങളുടെ രേഖകളും മിനിട്സും തീയിട്ട് നശിപ്പിച്ചിരുന്നു.

വി.എസ്.അച്യുതാനന്ദൻ, പിണറായി വിജയൻ (ഫയൽ ചിത്രം ∙ മനോരമ)

2001 ൽ വിഎസ് മലമ്പുഴയില്‍ സ്ഥാനാർഥിയായി. പിന്നീട് ഏറ്റവും ഒടുവിൽ മത്സരിച്ച 2016 ലെ തിര‌ഞ്ഞെടുപ്പ് വരെ മലമ്പുഴയായിരുന്നു വിഎസിന്റെ തട്ടകം. കാർക്കശ്യമുള്ള നേതാവില്‍ നിന്ന് കുട്ടികളുടെ അപ്പൂപ്പനായി സൗമ്യനായ നേതാവാക്കി വിഎസിനെ മാറ്റിയത് മലമ്പുഴയാണ്. ഓരോ തവണയും ഭൂരിപക്ഷം ഉയർത്തി വിഎസിനെ മലമ്പുഴ ചേർത്തു പിടിച്ചു. 1992 ലും 2001 ലും 2011 ലും പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വിഎസ് 15 വർഷമാണ് കേരളത്തിന്റെ പ്രതിപക്ഷ സ്ഥാനത്തിരുന്നത്. 2006 മേയിൽ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമ്പോൾ 82 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രി.

2011 ൽ കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്ന രാഹുൽ ഗാന്ധി വിഎസിന്റെ പ്രായത്തെ പരിഹസിച്ചതിനെപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ നാല് വരി കവിതയായിരുന്നു വിഎസ് നൽകിയ മറുപടി; 

‘‘തലനരയ്ക്കുവതല്ലെൻ വൃദ്ധത്വം
തല നരയ്ക്കാത്തതല്ലെന്‍ യുവത്വവും
കൊടിയ ദുഷ്പ്രഭുത്വത്തിനു തിരുമുമ്പില്‍ 
തല കുനിക്കാത്തതാണ് എന്റെ യൗവനം’’

പക്ഷാഘാതം നിശബ്ദനാക്കിയ 2019 വരെയും ആ വരികളുടെ ചൂട് ഉൾക്കൊണ്ടു തന്നെയായിരുന്നു വിഎസിന്റെ ജീവിത സമരം. 

സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വി.എസ്.അച്യുതാനന്ദൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ (ഫയൽ ചിത്രം ∙ മനോരമ)

∙ നോവായി അഴീക്കോടൻ രാഘവൻ, ടിപി

വിഎസിനെ പിടിച്ചുലച്ച സംഭവങ്ങളിൽ ഒന്നായിരുന്നു സഖാവ് അഴീക്കോടൻ രാഘവന്റെ അരുംകൊല. ഒപ്പം പ്രവർത്തിച്ച സഖാവ്. നാലു വയസ്സിന്റെ മാത്രം പ്രായവ്യത്യാസം. കൊല നടന്ന് മൂന്നാം ദിവസം വിഎസ് നിയമസഭയിൽ അടിയന്തര പ്രമേയം കൊണ്ടുവന്നു. 1972 സെപ്റ്റംബർ 25. മരണം ചർച്ച ചെയ്യണമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സംസാരിക്കവേ പല തവണ വിഎസിന്റെ ശബ്ദമിടറി, വാക്കുകൾ മുറിഞ്ഞു. ഉറ്റ സുഹൃത്തിന്റെ വിയോഗത്തിൽ തളർന്നുലഞ്ഞു പോയ സഖാവിനെ സഭ കേട്ടിരുന്നു.

വിഎസ് അത്തരത്തിൽ വേദനയുടെ ഒരു തണൽമരമായി മാറുന്നത് 2012 ലും കേരളം കണ്ടു. സഖാവ് ടി.പി.ചന്ദ്രശേഖരൻ വധിക്കപ്പെട്ടപ്പോഴായിരുന്നു അത്. പാർട്ടിയുടെ എല്ലാ തിട്ടൂരങ്ങളെയും മറികടന്ന് ടിപിയുടെ വീട്ടിലേക്ക് അന്ന് വിഎസ് പോയി. വിഎസിന്റെ കൈകൾ കൂട്ടിപ്പിടിച്ച് കെ.കെ.രമ കരയുന്ന ദൃശ്യം ചാനലുകളിൽ നിറഞ്ഞു. നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം കൂടിയായിരുന്നു അന്ന്. ചന്ദ്രശേഖരൻ ‘കുലംകുത്തി’ ആണെന്ന് പിണറായി പറഞ്ഞപ്പോൾ, ചന്ദ്രശേഖരൻ ധീരനായ കമ്മ്യൂണിസ്റ്റ് ആയിരുന്നു എന്ന പ്രസ്താവനയിൽ വിഎസ് എല്ലാക്കാലത്തും ഉറച്ചു നിന്നു.

കെ.കെ.രമയെ ആശ്വസിപ്പിക്കുന്ന വിഎസ് (ഫയൽ ചിത്രം)

ചന്ദ്രശേഖരനെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് മുൻകൂട്ടി അറിഞ്ഞ വിഎസ് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ബൈക്കിലെ തനിച്ചുള്ള യാത്ര ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് പുറത്തുവന്നു. ടിപി കൊലപാതകത്തിൽ വിഎസ് എടുത്ത പക്ഷമാണ് വിഎസിനെ പാർട്ടിക്കുള്ളിലെ പ്രതിപക്ഷമാക്കിയതും.

∙ ‘പെൺവാണിഭക്കാരെ റോഡിലൂടെ കൈയ്യാമം വച്ച് നടത്തിക്കും’  

മുഖ്യമന്ത്രിയായിരിക്കുമ്പോൾ വാണിജ്യ വകുപ്പിൽ അസിസ്റ്റന്റ് കമ്മിഷണറായ ഒരു സ്ത്രീയുടെ പരാതി വിഎസിന് മുന്നിലെത്തി. ഡെപ്യൂട്ടി കമ്മിഷണറായി പ്രമോഷന് അർഹതയുണ്ടെങ്കിലും എട്ട് വർഷമായി അത് നിഷേധിക്കപ്പെടുന്നു എന്നായിരുന്നു പരാതി. പരാതി കേട്ട വിഎസ് നോക്കാം എന്ന് മറുപടി നൽകി. ധനമന്ത്രിയെയും മേലുദ്യോഗസ്ഥനെയും കൂടി കാണാനും നിർദേശിച്ചു. മേലുദ്യോഗസ്ഥനാണ് തടസ്സമെന്നായിരുന്നു അവരുടെ വിഷമത്തോടെയുള്ള മറുപടി.

‘സമരവഴിയിൽ’, വി.എസ്.അച്യുതാനന്ദൻ (ഫയൽ ചിത്രം)

മുഖ്യമന്ത്രി സംഭവം അന്വേഷിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രശ്നത്തിന് പരിഹാരമായി. അർഹതപ്പെട്ട പ്രമോഷൻ അവർക്ക് ലഭിച്ചു. കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും കയർ തൊഴിലാളികൾക്കും എൻഡോസൾഫാൻ ദുരിതബാധിതർക്കും ഒക്കെ വേണ്ടി ഭരണപക്ഷത്തും നിന്നും പ്രതിപക്ഷത്തും നിന്നും വിഎസിന്റെ ശബ്ദം കൊടുങ്കാറ്റായി നിയമസഭയിലും പുറത്തും അലയടിച്ചു. പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും ആയിരുന്ന 2001 മുതൽ 2016 വരെ അഴിമതിയുടെയും അനീതികളുടെയും പ്രതിപക്ഷമായിരുന്നു വിഎസ്, പാർട്ടിക്കുള്ളിലും പുറത്തും. കേരളത്തിൽ ആദ്യമായി ‘കടാശ്വാസ കമ്മിഷൻ’ നിലവിൽ വന്നത് വിഎസ് സർക്കാരിന്റെ കാലത്താണ്. പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും കേരളത്തിൽ ഹരിതരാഷ്ട്രീയത്തിന് അടിത്തറ പാകിയെന്ന ആളെന്നും കാലം വിഎസിനെ അടയാളപ്പെടുത്തും.

മതികെട്ടാൻ മേഖലയിലെ സംഘടിത കൈയ്യേറ്റത്തിനെതിരെ ശബ്ദമുയർത്തി വിഎസ് മതികെട്ടാൻ മല കയറുമ്പോൾ പ്രായം 78 ആണ്. ആ സമരം ഫലം കണ്ടു. തൊട്ടടുത്ത വർഷം മതികെട്ടാൻ ചോലയെ ദേശീയ ഉദ്യാനമായി മാറ്റാൻ സർക്കാർ തീരുമാനിച്ചു. വിഎസ് സർക്കാർ കൊണ്ടുവന്ന ‘നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം’ കേരളത്തിലെ നെൽവയലുകൾക്ക് ലഭിച്ച ജീവിതം നീട്ടിക്കിട്ടലായിരുന്നു. കേന്ദ്രസർക്കാർ അത്തരമൊരു നിയമത്തെക്കുറിച്ച് ചിന്തിക്കാൻ 2010 ആയി എന്നറിയുമ്പോഴാണ് വിഎസ് ഉയർത്തിപ്പിടിച്ച ഹരിതരാഷ്ട്രീയത്തിന്റെ പ്രസക്തി മനസ്സിലാവുക. 

എൻഡോസൾഫാൻ വിഷയത്തിൽ വിഎസ് നടത്തിയ ഏകദിന ഉപവാസത്തിൽ നിന്ന് (ഫയൽ ചിത്രം ∙ മനോരമ)

സ്ത്രീപീഡകർക്കും പെൺവാണിഭക്കാർക്കും എതിരെ സന്ധിയില്ലാത്ത നിലപാട് സ്വീകരിച്ച നേതാവ് കൂടിയാണ് വിഎസ്. ‘പെൺവാണിഭക്കാരെ റോഡിലൂടെ കൈയ്യാമം വച്ച് നടത്തിക്കും’ എന്ന വിഎസിന്റെ പ്രസ്താവന കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചതാണ്. കവിയൂർ പീഡനക്കേസിലും കിളിരൂർ കേസിലും പ്രതിപക്ഷത്തും ഭരണപക്ഷത്തും ഇരുന്ന് വിഎസ് സ്വീകരിച്ച നടപടികൾ അതിന്റെ തെളിവായിരുന്നു. കവിയൂർ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങിനെ രണ്ടു തവണ വിഎസ് നേരിട്ടു കണ്ടു. 

∙ കടൽ കാണാൻ കുട്ടിയോ, കടലും വറ്റിക്കുന്ന ഗോർബേച്ചേവോ 

പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന നവകേരള യാത്രയുടെ സമാപനം. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ഇടപെട്ട ശേഷമാണ് സമാപന വേദിയിലേക്ക് വിഎസ് എത്തുന്നത്. ആ വേദിയിൽ പിണറായി ഒരു പരാമർശം നടത്തി. ‘‘ഒരു കുട്ടി കടൽ കാണാൻ വന്നു.

തിരമാലകൾ കണ്ട് കുട്ടിക്ക് സന്തോഷമായി. കുട്ടി വേഗം പോയി ഒരു ബക്കറ്റുമായി വന്ന് അതിൽ വെള്ളം കോരി. ബക്കറ്റിൽ നോക്കുമ്പോൾ തിര കാണുന്നില്ല. കുട്ടിയുടെ പ്രയാസം കണ്ട് ബക്കറ്റിലെ വെള്ളം പറഞ്ഞൂ, അല്ലയോ കുട്ടീ സമുദ്രത്തിന്റെ മാർത്തട്ടിനോട് ചേർന്നു നിന്നാലേ ഞാൻ തിരയാവൂ. അപ്പോഴാണ് എനിക്ക് ശക്തി വരുന്നത്.’’ അടുത്ത ദിവസം ഗോർബച്ചേവുമാരുടെ കാലത്ത് കടലും വറ്റിപ്പോകുമെന്നും അന്ന് ബക്കറ്റിലെടുക്കാൻ പോലും വെള്ളമുണ്ടാവില്ലെന്നും വിഎസ് തിരിച്ചടിച്ചു.  വിഎസ് –പിണറായി പോര് മറ നീക്കി പുറത്തുവന്ന സന്ദർഭങ്ങളിൽ ഒന്നുമാത്രമായിരുന്നു അത്.

പിണറായി വിജയനും വി.എസ്.അച്യുതാനന്ദനും (ഫയൽ ചിത്രം ∙ മനോരമ)

വിഎസിന്റെ വലംകൈ ആയാണ് പിണറായി പാർട്ടിയിൽ എത്തിയതെങ്കിലും പിന്നീട് ഇരുവരും രണ്ടു പക്ഷമായി വളർന്നത് ചരിത്രം. 2007 ൽ അച്ചടക്കം ലംഘിച്ചതിന്റെ പേരിൽ ഇരുവരെയും പിബിയിൽ നിന്ന് പുറത്താക്കുകയും തിരിച്ചെടുക്കുകയും ചെയ്തിരുന്നു. 2009 ൽ ലാവ്‌ലിൻ കേസിൽ പിണറായിക്കെതിരെ വിഎസ് പാർട്ടിവിരുദ്ധമായി പരസ്യനിലപാട് സ്വീകരിച്ചതോടെ ആ പോര് വളർന്നു. 2012 ൽ ടിപി ചന്ദ്രശേഖരനെ കുലംകുത്തി എന്ന് പിണറായി വിശേഷിപ്പിച്ചപ്പോൾ അത് വിജയന്റെ മാത്രം നിലപാടാണെന്നായിരുന്നു വിഎസിന്റെ പ്രതികരണം.

ഒടുവിൽ 2015 ലെ പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ തലേന്ന് വിഎസ് ‘പാർട്ടി വിരുദ്ധൻ’ ആണെന്ന പരസ്യമായ ആക്ഷേപം. വിഎസിന്റെ പാർട്ടിവിരുദ്ധത അക്കമിട്ടു പറയുന്ന റിപ്പോർട്ട് തയാറാക്കിയാണ് 17 വർഷത്തെ പാർട്ടി സെക്രട്ടറി സ്ഥാനം പിണറായി ഒഴിഞ്ഞത്. താൻ കൂടി രൂപം കൊടുത്ത പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിൽ നിന്ന് വിഎസ് അന്ന് മൗനമായി ഇറങ്ങി നടന്നു.

നവകേരള യാത്രയുടെ സമാപന വേദിയിൽ വി.എസ്. അച്യുതാനന്ദൻ (ഫയൽ ചിത്രം)

പിണറായിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കൊണ്ടുവന്ന 2016 ലെ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ വിഎസിന്റെ പേരുണ്ടായിരുന്നില്ല. ജനവികാരം പരിഗണിച്ച് വിഎസിനെ ഉൾപ്പെടുത്തി പിന്നീട് ‘ഔദ്യോഗിക പട്ടിക’യിറക്കേണ്ടി വന്നു പാർട്ടിക്ക്. 93–ാം വയസ്സിലും എല്ലാ മണ്ഡലങ്ങളിലും വിഎസ് ‘ക്രൗഡ് പുള്ളർ’ ആവുന്ന കാഴ്ചയാണ് പിന്നെ കേരളം കണ്ടത്. പക്ഷാഘാതം തളർത്തുന്നതിന് തൊട്ടുമുൻപുള്ള വട്ടിയൂർക്കാവിലെ ഉപതിരഞ്ഞെടുപ്പിലും  താരപ്രചാരകൻ  ആയിരുന്നു വിഎസ്. വിഎസ് പക്ഷവും പിണറായി പക്ഷവുമാക്കി പാർട്ടിയെ മാറ്റിയത് ഇരുവരും പിന്തുടരുന്ന ആശയരീതികളിലെ സമീപനമാണ്. പക്ഷേ, വിഎസ് ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, ‘‘അദ്ദേഹം പാർട്ടിയുടെ മൂലധനമാണ്’’ എന്നു മാത്രമായിരുന്നു ഒരിക്കൽ പിണറായിയുടെ മറുപടി.

∙ നൂറ്റാണ്ടിന്റെ നായകൻ

പുന്നപ്ര വയലാർ സമരത്തിന്റെ ഭാഗമായി ജയിലിൽ അടക്കപ്പെടുമ്പോൾ വിഎസ് എന്ന ക്ഷുഭിത യൗവ്വനത്തിന് 23 വയസ്സാണ് പ്രായം. 17 വയസ്സിൽ തുടങ്ങിയ പാർട്ടി പ്രവർത്തനം കുട്ടനാടും ആലപ്പുഴയും മലമ്പുഴയും കടന്ന് കേരളമൊട്ടാകെ നീളുമ്പോൾ വിഎസ് പടർന്നു കയറിയത് സാധാരണക്കാരായ ജനങ്ങളുടെ മനസ്സിലാണ്.

‘പോരാട്ടവഴിയിൽ’; വി.എസ്.അച്യുതാനന്ദൻ (ഫയൽ ചിത്രം)

പ്രഫ.എം.കുഞ്ഞാമന്റെ ആത്മകഥയിൽ, കേരള സർവകലാശാലയിലെ ജോലി ഉപേക്ഷിച്ച് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ ചേരുന്നതിന് മുൻപായി വിഎസിനെ കാണാൻ പോകുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. അവിടെ നമ്മളിൽ ഒരാളെപ്പോലെ വിഎസ് ഇരിക്കുന്നു എന്നാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. വിഎസ് രാഷ്ട്രീയ ജീവിതത്തിൽ ഉടനീളം സ്വീകരിച്ച നിലപാടുകളും നയിച്ച സമരങ്ങളും നോക്കിയാൽ വിഎസ് എക്കാലത്തും ജനപക്ഷത്താണ് എന്ന് നിസംശയം പറയാം. 

‘‘ആഹാരമില്ലായ്മയായിരുന്നു ഒരിക്കൽ എന്റെ ആരോഗ്യം. അണികളുടെ സഖാവേ എന്ന വിളി മതി മനസ്സും വയറും നിറയാൻ..’’ എന്ന് വിഎസ് പറഞ്ഞതായി ‘വിഎസിന്റെ ആത്മരേഖ’ എന്ന പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. 15 വർഷം പ്രതിപക്ഷ നേതാവും 5 വര്‍ഷം മുഖ്യമന്ത്രിയും അതിലധികം കാലം ജനനേതാവും ആയിരുന്ന ഒരാൾ ഒരു നൂറ്റാണ്ടു കാലം അഴിമതിയുടെയോ മറ്റ് ആരോപണങ്ങളുടെയോ റെഡ് സിഗ്നൽ ഇല്ലാതെ പൂർത്തിയാക്കുന്നു എന്നത് വിഎസിന് മാത്രം കഴിയുന്ന യാദൃശ്ചികതയാവാം. പൊതുപ്രവർത്തനം എന്നത് ഭരണം കയ്യിലുള്ളപ്പോൾ അനായാസേന ചെയ്യാവുന്ന പ്രവർത്തനമാണെന്ന ധാരണയെക്കൂടിയാണ് വിഎസ് എന്ന ശക്തനായ പ്രതിപക്ഷ നേതാവ് തിരുത്തിയത്.

വി.എസ്.അച്യുതാനന്ദൻ (ഫയൽ ചിത്രം)

അഥവാ വിഎസ് സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻമാറിയ കാലം അടയാളപ്പെടുത്തുന്നത് സിപിഎം ജനകീയ സമരങ്ങളെ ഏറ്റെടുക്കുന്നതിൽ നിന്ന് സമരങ്ങളെ തള്ളിപ്പറയുന്നതിലേക്കുള്ള ദൂരം കൂടിയാണ്. വിഎസ് ഒരു നൂറ്റാണ്ടിന്റെ ഗരിമയാണ്. അന്ധകാരത്തിൽ ഇടയ്ക്കിടെ എത്തുന്ന ഒരു കൊള്ളിയാൻ വെട്ടം!

English Summary:

The transformation Of VS Achuthanadan from CPM Organiser To Mass Leader

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT