കാത്തുനിന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും; രാജ്യം നല്കിയത് പരമോന്നത ബഹുമതി; കാർത്യായനി അമ്മയ്ക്ക് ഒന്നും അസാധ്യമല്ലായിരുന്നു
ആറു മക്കളുള്ള, വളരെ ചെറുപ്പത്തിൽ തന്ന വിധവയായ സ്ത്രീ. തൂപ്പു ജോലി ചെയ്ത് തന്റെയും മക്കളുടെയും വിശപ്പകറ്റിയ യൗവനം. പറക്കമുറ്റുന്നതിനു മുൻപ് തന്നെ 3 മക്കളുടെ മരണം കൂടി കാണേണ്ടി വന്ന നിരാലംബയായ സ്ത്രീ. അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് വായിക്കാൻ പഠിക്കണമെന്നതായിരുന്നു അവരുടെ ഏറ്റവും വലിയ സ്വപ്നം. എന്നാൽ കാലം ആ സ്ത്രീയെ കൊണ്ടുചെന്നെത്തിച്ചത് ലോകത്തിന്റെ നെറുകയിലായിരുന്നു. 98–ാം വയസ്സിൽ ഇന്ത്യയിൽ വനിതകൾക്കു നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയായ നാരീശക്തി പുരസ്കാരം നൽകി രാജ്യം അവരെ ആദരിച്ചു. 53 രാജ്യങ്ങൾ ഉൾപ്പെടുന്ന കോമൺവെൽത്ത് ലേണിങ്ങിന്റെ ഗുഡ്‌വിൽ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടു. ‘നഗ്നപാദയായ ചക്രവർത്തിനി’ എന്ന പേരിൽ വിദേശികൾ ആ അമ്മയെക്കുറിച്ച് പുസ്തകമെഴുതി. ഒക്ടോബർ 10ന് അന്തരിച്ച അക്ഷരമുത്തശ്ശി ചേപ്പാട് മുട്ടം പടീറ്റതിൽ കാർത്യായനിയമ്മയുടെ (101) ജീവിതം, പരാജയപ്പെട്ടു എന്നു കരുതുന്ന സകലർക്കും ഒരു മാതൃകയാണ്. ജീവിതത്തിൽ വിജയിക്കാനും സ്വപ്നങ്ങളെ സ്വന്തമാക്കാനും ‘വയസ്സ്’ ഒരു ഘടകമല്ല എന്നു തെളിയിച്ചുകൊണ്ടാണ് കാർത്യായനി അമ്മയുടെ മടക്കം.

∙ ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലം
ആലപ്പുഴ ചേപ്പാട്ട് കൃഷ്ണൻപിള്ളയുടെയും കല്യാണി അമ്മയുടെയും 6 പെൺമക്കളിൽ രണ്ടാമതായാണ് കാർത്യായനിയമ്മയുടെ ജനനം. അച്ഛന്റെ കൂലിപ്പണിയുടെ ബലത്തിൽ മുന്നോട്ടു പോകുന്ന കുടുംബത്തിൽ ഇളയ മക്കളെ നോക്കുന്നതായിരുന്നു കുഞ്ഞു കാർത്യായനിയുടെ ചുമതല. അതിനിടയിൽ സ്കൂളിൽ പോകാനോ അക്ഷരം പഠിക്കാനോ സാധിച്ചില്ല. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ മരിച്ചതോടെ അധികം വൈകാതെ അതേ നാട്ടുകാരനായ കൃഷ്ണൻപിള്ളയെ വിവാഹം കഴിച്ചു. ഇവർക്ക് ശങ്കരൻകുട്ടി, മണി, രത്നമ്മ, മോഹനൻ, പൊന്നമ്മ, അമ്മിണി എന്നീ 6 മക്കളും ജനിച്ചു. എന്നാൽ ഇളയ മകൾക്ക് 2 വയസ്സായപ്പോഴേക്കും അപകടത്തിൽപ്പെട്ട് ഭർത്താവ് മരിച്ചു. 6 കൈക്കുഞ്ഞുങ്ങളുമായി ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ കാർത്യായനി ജീവിക്കാനായി തൊഴിലന്വേഷിച്ച് വാതിലുകൾ മുട്ടാൻ തുടങ്ങി.
∙ ജീവിതത്തോട് പടവെട്ടിയ യൗവനം
കാർത്യായനിയുടെ അനിയത്തി ദേവസ്വത്തിൽ തൂപ്പുജോലിക്കാരിയായിരുന്നു. അവർ അവധിയെടുക്കുന്ന ദിവസങ്ങളിൽ ക്ഷേത്രങ്ങൾ വൃത്തിയാക്കുന്ന ജോലി ചെയ്യാൻ കാർത്യായനിക്ക് അവസരം കിട്ടി. പതിയെ അനിയത്തിയുടെ ബന്ധം വച്ച് മറ്റ് ജീവനക്കാരുടെ ഒഴിവിലും തൂപ്പു ജോലി ചെയ്യാൻ കാർത്യായനി നിയോഗിക്കപ്പെട്ടു. ക്ഷേത്രങ്ങളോടൊപ്പം അതിനോട് ചേർന്ന ഇല്ലങ്ങളും മഠങ്ങളും തൂത്തുവാരി, അടുക്കളപ്പണി ചെയ്യാനും കാർത്യായനിയെ ആളുകൾ നിയോഗിച്ചു. അര അണ മുതൽ 2 അണ വരെ, തുച്ഛമെങ്കിലും സ്ഥിരമായ വരുമാനവും കിട്ടിത്തുടങ്ങി. എന്നാൽ തന്റെയും 6 മക്കളുടെയും വിശപ്പകറ്റാൻ പലപ്പോഴും അത് മതിയാകാതെ വന്നു. അങ്ങനെ പോഷകാഹാരക്കുറവ് കാരണമുണ്ടായ പിത്താശയ രോഗം മൂലം തന്റെ 3 മക്കളുടെ മരണത്തിനും കാർത്യായനിയമ്മ സാക്ഷിയായി. അത് അവരെ വല്ലാതെ ഉലച്ചുകളഞ്ഞു. എങ്കിലും ഭഗവാനിലുള്ള ആശ്രയം മാത്രം കാർത്യായനി കൈവിട്ടില്ല.
∙ നടത്തം ജീവിതത്തിന്റെ ഇരുട്ടിനെതിരെ
വെളുപ്പിന് 2.30ന് ഉറക്കമുണരും. കുളിച്ച് നിർമാല്യത്തിനു മുൻപ് അമ്പലത്തിലെത്തണം. ചേപ്പാട് മുതൽ മുട്ടത്തെയും മാവേലിക്കരയിലെയും അമ്പലങ്ങളിലേക്ക് എത്തണമെങ്കിൽ 5 മുതൽ 8 കിലോമീറ്റർ വരെ നടക്കണം. രാത്രി ചൂട്ട് കത്തിച്ചാണ് നടത്തം. തനിച്ചുള്ള യാത്രയിൽ കൃഷ്ണഭഗവാനെ മുറുകെപ്പിടിക്കും. വർഷങ്ങളോളം ഇത്രയും കിലോമീറ്റർ ഒറ്റയ്ക്ക് നടന്നിട്ടും ആരും നോട്ടം കൊണ്ടു പോലും തന്നെ ഉപദ്രവിക്കാതിരുന്നത് ഭഗവാന്റെ അനുഗ്രഹമാണെന്ന് കാർത്യായനിയമ്മ മരിക്കുവോളം ഉറച്ച് വിശ്വസിച്ചു. വരുമാനം കൊണ്ട് മക്കൾക്ക് വിദ്യാഭ്യാസം നൽകാനും കാർത്യായനിക്ക് സാധിച്ചില്ല. എങ്കിലും അവരെ നന്നായി വളർത്തി. വിവാഹം കഴിപ്പിച്ചു. അവർക്ക് മക്കളുണ്ടായി. അങ്ങനെ കാർത്യായനി, കാർത്യായനി അമ്മൂമ്മയായി. (കാർത്യായനിയമ്മ ജീവിതത്തിലൊരിക്കലും ചെരിപ്പ് ധരിച്ചിട്ടില്ല. അങ്ങനെയാണ് പുസ്തകത്തിന് ‘നഗ്നപാദയായ ചക്രവർത്തിനി’ എന്ന പേര് ലഭിച്ചത്).
∙ സതി ടീച്ചറെ കണ്ടെത്തി, നിയോഗം പോലെ
ഒരു വൈകുന്നേരമായിരുന്നു സാക്ഷരതാ പ്രേരക് കെ.സതി എന്ന സതി ടീച്ചറും കാർത്യായനിയമ്മയും ആദ്യമായി കണ്ടു മുട്ടിയത്. മഠത്തിൽ നിന്ന് കിട്ടിയ ചുള്ളിക്കമ്പുകളും ചകിരിയും കെട്ടി തലച്ചുമടായി വീട്ടിലേക്ക് കൊണ്ടുവരുന്ന, ചെറിയ കൂനുള്ള അമ്മൂമ്മയെ സതി ടീച്ചർ ആദ്യ കാഴ്ചയിലേ ശ്രദ്ധിച്ചു. (അതിരാവിലെ എണീറ്റ് അമ്പലം തൂക്കാൻ പോയി രാത്രിയോടെ തിരിച്ചെത്തുന്ന കാർത്യായനിയമ്മയെ നാട്ടുകാർക്കും അത്ര പരിചയമില്ലായിരുന്നു). ‘അമ്മേ, നീട്ടമുള്ള കമ്പുകൾ വാഹനയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും’ സതി ടീച്ചർ പറഞ്ഞു. ഉടൻ തന്നെ ചുമട് നിലത്തിട്ട് കാർത്യായനിയമ്മ സതി ടീച്ചറെ നോക്കി മോണയില്ലാത്ത പല്ലുകാട്ടി ചിരിച്ചു. അതായിരുന്നു ആ സൗഹൃദത്തിന്റെ തുടക്കം. ആ നിമിഷം മുതൽ കാർത്യായനിയമ്മ തന്റെ ശിക്ഷണം സ്വീകരിക്കുകയായിരുന്നു എന്ന് ചിന്തിക്കാനാണ് ടീച്ചർക്കിഷ്ടം. പിന്നീട് സാക്ഷരതാ സർവേയ്ക്കിടയിൽ പഠിക്കാനുള്ള തന്റെ ആഗ്രഹം കാർത്യായനിയമ്മ സതിയോടു പങ്കുവച്ചു. ‘എന്നെ വായിപ്പിക്കാൻ പഠിപ്പിക്കാമോ’ എന്നായിരുന്നു കാർത്യായനിയമ്മയുടെ ആദ്യ ചോദ്യം. അമ്പലത്തിൽ വച്ച് ശ്ലോകങ്ങളും മറ്റും കാർത്യായിനിയമ്മ കേട്ട് പഠിച്ചിരുന്നു. മറ്റുള്ളവരെപ്പോലെ വായിക്കാൻ പഠിക്കണം എന്നതായിരുന്നു അവരുടെ ആഗ്രഹം. പത്രവും പുസ്തകവും സ്വന്തമായി വായിക്കാൻ ആ പ്രായത്തിലും അവർ കൊതിച്ചു.
∙ പഠനം രസകരം
അങ്ങനെ 96–ാം വയസ്സിൽ കാർത്യയനിയമ്മ പഠനം ആരംഭിച്ചു. അതിനായി കാർത്യായനിയമ്മയുടെ വീട്ടിൽ തന്നെ ക്ലാസ് മുറിയൊരുക്കി. 8 മാസം കൊണ്ടു വായിക്കാൻ പഠിച്ചു. കാഴ്ചയ്ക്കും മറ്റും കുഴപ്പമില്ലാതിരുന്നതിനാൽ കണ്ണടയില്ലാതെ വായിക്കാമായിരുന്നു. ദിവസവും പുലർച്ചെ മൂന്നിനും നാലിനും ഉണർന്നു പഠിക്കും. കുട്ടികൾക്ക് ട്യൂഷൻ ടീച്ചറെ കാണുമ്പോഴുള്ള സന്തോഷമായിരുന്നു കാർത്യായനിയമ്മയ്ക്ക് സതി ടീച്ചറെ കാണുമ്പോൾ. പഠനം ഉഷാറായി മുന്നോട്ടു പോയി. പരീക്ഷ ദിവസം നിലവിളക്ക് കത്തിച്ച് സ്വന്തമായി പൂജിച്ച പേനയുമായാണ് കാർത്ത്യായനിയമ്മ പരീക്ഷയ്ക്ക് പോയത്. പേടിയുണ്ടോ എന്ന ചോദ്യത്തിന് പൂർണ ആത്മവിശ്വാസത്തോട് ‘ഇല്ല’ എന്ന് മറുപടി. എന്നാൽ പരീക്ഷയെഴുതിയ ഏറ്റവും പ്രായമുള്ള പഠിതാവിന് സതി ടീച്ചർ ഉൾപ്പെടെയുള്ളവർ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഒടുവിൽ ഫലം വന്നപ്പോൾ 40,000 പേരെഴുതിയ അക്ഷരലക്ഷം പരീക്ഷയിൽ മിന്നുന്ന പ്രകടം നടത്തി ഒന്നാം സ്ഥാനം നേടി. കണക്കിനു മാത്രമായിരുന്നു മുഴുവൻ മാർക്ക് നഷ്ടമായത്. നഷ്ടപ്പെട്ട 2 മാർക്ക് എവിടെപ്പോയി എന്ന ചോദ്യത്തിന് മോണകാട്ടിയുള്ള ചിരിയോടെ ‘ആ, ആർക്കറിയാം’ എന്നതായിരുന്നു മറുപടി. ബാക്കി എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്ക് നേടി.
∙ പുരസ്കാരങ്ങളുടെ നെറുകയിലേക്ക്
ഒന്നാം റാങ്ക് നേടിയ സംസ്ഥാനത്തെ മുതിർന്ന വിദ്യാർഥിനിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് സർട്ടിഫിക്കറ്റ് സമ്മാനിച്ചത്. കവയത്രി സുഗതകുമാരിയും സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി.എസ്.ശ്രീകലയും ഉൾപ്പെടെയുള്ളവർ ചടങ്ങിൽ അതിഥികളായിരുന്നു. ‘ഒരു കവിത ചൊല്ലാമോ’ എന്ന് സർട്ടിഫിക്കറ്റ് വാങ്ങിയ കാർത്യായനിയമ്മയോട് സുഗതകുമാരി ടീച്ചറുടെ ചോദ്യം. മറുപടിക്ക് കാത്തി നിൽക്കേണ്ടി വന്നില്ല, ഉടനടി അമ്മ പാടിത്തുടങ്ങി. ‘മലരണിക്കാടുകൾ തിങ്ങിവിങ്ങി, മരതക കാന്തിയിൽ മുങ്ങി മുങ്ങി’ .. പാടിക്കഴിഞ്ഞപ്പോൾ സദസ്സ് ഒന്നടങ്കം കയ്യടിച്ചു. മിടുക്കി, മിടുമിടുക്കി, സുഗതകുമാരി ടീച്ചർ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു.
അമ്മയ്ക്ക് ചായ വേണോ? മുഖ്യമന്ത്രിയുടേതായിരുന്നു ചോദ്യം. വേണം, കാർത്യായനിയമ്മ മറുപടി നൽകി. പാലൊഴിച്ച ചായയോ, ഒഴിക്കാത്ത ചായയോ? മുഖ്യമന്ത്രി വീണ്ടും ചോദിച്ചു. പാലൊഴിച്ചില്ലെങ്കിൽ പിന്നെ ചായ ചായയാകുമോ... ഉരുളുക്കുപ്പേരി പോലെയായിരുന്നു കാർത്യായനിയമ്മയുടെ മറുപടി. മുഖ്യമന്ത്രി ഒരു നിമിഷം നിയന്ത്രണമില്ലാതെ ചിരിച്ചു. ‘ഇനി എന്തെങ്കിലും ആഗ്രഹമുണ്ടോ?’ അദ്ദേഹം വീണ്ടും ചോദിച്ചു. ‘ഉണ്ട്. എനിക്ക് കംപ്യൂട്ടറും ഇംഗ്ലിഷും പഠിക്കണം. 100–ാം വയസ്സിൽ 10–ാം ക്ലാസ് പരീക്ഷയെഴുതി നൂറിൽ നൂറും വാങ്ങണം. എന്നിട്ട് ഒരു ജോലി നേടണം’ ആ നിശ്ചയദാർഢ്യം കേരളത്തിന്റെ രാഷ്ട്രീയ നേതാവിനെ അമ്പരപ്പിച്ചു. തിരികെ ആലപ്പുഴയിലെത്തി മൂന്നു ദിവസത്തിനകം കംപ്യൂട്ടറുമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നേരിട്ട് കാർത്യായനിയമ്മയുടെ വീട്ടിലെത്തി.
∙ ആഗ്രഹം ആകാശത്തോളം
ഈ പ്രായത്തിലെന്ത് അക്ഷരം എന്നു ചിന്തിച്ചിരിക്കാതെ പുസ്തകം കയ്യിലെടുത്ത ആവേശത്തിനുള്ള ആദരമായി തൊണ്ണൂറ്റിയെട്ടാം വയസ്സിൽ നാരീശക്തി പുരസ്കാരം നൽകി രാജ്യം കാർത്യായനിയമ്മയെ ആദരിച്ചു. രാജ്യത്ത് വനിതകൾക്കു നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയാണ് ഈ പുരസ്കാരം. രാഷ്ട്രപതി റാംനാഥ് കോവിന്ദിൽ നിന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. സമ്മാനം സ്വീകരിക്കുന്നതിനായി കാർത്യായനിയമ്മ ആദ്യമായി വിമാനത്തിൽ കയറി. കന്നി വിമാനയാത്രയിൽ കൊച്ചുകുട്ടിയുടെ കൗതുകത്തോടെ അമ്മ കാഴ്ചകൾ കണ്ടു. ലാൻഡ് ചെയ്തപ്പോൾ മുതൽ വീൽചെയറിൽ ഇരുത്തി സുരക്ഷാ സൗകര്യങ്ങളോടെയായിരുന്നു കാർത്യായനിയമ്മയുടെ യാത്ര. നേട്ടങ്ങളിലെല്ലാം കൂടെയുള്ള സതി ടീച്ചർ ഇവിടെയും ഒപ്പമുണ്ടായിരുന്നു. തുടർന്ന് സർക്കാർ ചെലവിൽ കുത്തബ്മിനാറും ഇന്ത്യ ഗേറ്റും അടക്കമുള്ള സ്ഥലങ്ങളിൽ സന്ദർശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീട്ടിൽ കാർത്യായനിയമ്മയ്ക്കും സംഘത്തിനും അത്താഴവും ഒരുക്കിയിരുന്നു. അത്താഴ വിരുന്നിൽ പങ്കെടുക്കാനായി കാർത്യയനിയമ്മയ്ക്കൊപ്പം പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ നിമിഷങ്ങൾ സതി ടീച്ചർക്ക് ഇപ്പോഴും ഓർമയുണ്ട്. ഗേറ്റ് മുതൽ ആ ആഢംബര വീടിന്റെ ഓരോ ഗേറ്റിലും സുരക്ഷാ പരിശോധനകൾ. ഉദ്യാനത്തിൽ പല നിറങ്ങളിലും വലിപ്പത്തിലുമുള്ള പൂക്കൾ. വലിയ മുറ്റം നിറയെ മയിലുകൾ ഉലാത്തുന്നു. ആ കാഴ്ചകൾക്കപ്പുറം പ്രധാനമന്ത്രി കാർത്യയനിയമ്മയെ കാത്തിരുന്നു. മോദിയെ മലയാളത്തിലേക്കും കാർത്യായനിയമ്മയെ ഹിന്ദിയിലേക്കും തർജമ ചെയ്യാൻ ഉദ്യോഗസ്ഥർ. കുശലാന്വേഷണങ്ങൾക്കൊടുവിൽ ഭക്ഷണം. ഒടുവിൽ പോരാനായി ഇറങ്ങിയപ്പോൾ പ്രധാനമന്ത്രി കാർത്യായനിയമ്മയെ കൈകൾക്കൂപ്പി ഉപചാരപൂർവം യാത്രയയച്ചു. പ്രോട്ടോക്കോളിന് വിരുദ്ധമായി മോദിയുടെ തലയിൽ കൈകൾവച്ച് അനുഗ്രഹിച്ചാണ് കാർത്യായനിയമ്മ മടങ്ങിയത്. പിറ്റേന്ന് പകൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ വസതിയിലൊരുക്കിയ കേരളീയ വിരുന്നിനു ശേഷമാണ് കാർത്യായനിയമ്മയും സംഘവും കേരളത്തിലേക്ക് മടങ്ങിയത്. ചന്ദനമുട്ടിയിൽ തീർത്ത കൃഷ്ണ വിഗ്രഹം മുരളീധരൻ കാർത്യായനിയമ്മയ്ക്ക് സമ്മാനിച്ചു.
∙ വളർച്ച, ദേശത്തിനപ്പുറം
നേട്ടങ്ങളുടെ നടുവിലും കാർത്യായനിയമ്മ തന്റെ ലക്ഷ്യം മറന്നില്ല. മടങ്ങിയെത്തിയ അവർ നാലാം ക്ലാസിലെ പഠിത്തം ആരംഭിച്ചു. ഇതിനിടയിൽ 53 രാജ്യങ്ങളുൾപ്പെടുന്ന കോമൺവെൽത്ത് പ്രതിനിധി സംഘം മുട്ടത്തെ വീട്ടിൽ എത്തി കാർത്യായനിയമ്മയെ കണ്ടു. ഇവരെ മാതൃകയാക്കി അനൗപചാരിക വിദ്യാഭ്യാസം പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം. തുടർന്ന് കോമൺവെൽത്ത് ലേണിങ് ഗുഡ്‌വിൽ അംബാസഡർ പദവി കാർത്യായനിയമ്മയെ തേടിയെത്തി. കോമൺവെൽത്ത് രാജ്യങ്ങൾ വിവിധ ഭാഷകളിൽ പുറത്തിറക്കുന്ന ജേണലുകളിലും കാർത്യായനിയമ്മ ഇടംപിടിച്ചു. ഇവരുടെ ജീവിതത്തെ ആസ്പദമാക്കി ചലച്ചിത്രകാരനും ഷെഫുമായ വികാഷ് ഖന്ന ‘നഗ്‌നപാദയായ ചക്രവർത്തിനി’ എന്ന പേരിൽ പുസ്തകവും പ്രസിദ്ധീകരിച്ചു.
∙ കൊറോണയേയും അതിജീവിച്ചു
ജീവിതത്തിലൊരിക്കലും അസുഖങ്ങൾ കാർത്യായനിയമ്മയെ പിടികൂടിയിരുന്നില്ല. പ്രായം 100 പിന്നിട്ടപ്പോഴും കാഴ്ചശക്തിയും കേഴ്‌വിശക്തിയും എല്ലാം കാർത്യായനിയമ്മയുടെ വരുതിയിൽ നിന്നു. ശക്തമായ കൊറോണ തരംഗം നാട്ടിൽ ആഞ്ഞടിച്ചപ്പോഴും കാർത്യായനിയമ്മ കുലുങ്ങിയില്ല. ചിട്ടയായ ഭക്ഷണശീലം തന്നെയായിരുന്നു കാരണം. ഇലക്കറികളായിരുന്നു ഭക്ഷണത്തിലെ പ്രധാനി. പപ്പായ ഇല, പപ്പായയും മുതിരയും ഇട്ടുവച്ച തോരൻ, മുരിങ്ങയില, ചീര എന്നിവയായിരുന്നു ഇഷ്ട വിഭവങ്ങൾ. പുരയിടത്തിൽ നിന്ന് കിട്ടുന്നവ മാത്രമായിരുന്നു കഴിച്ചിരുന്നത്. ക്ഷേത്രങ്ങളുമായുള്ള ബന്ധം വെജിറ്റേറിയൻ ഭക്ഷണം ശീലിപ്പിച്ചു.
∙ മടക്കം ലക്ഷ്യത്തിലെത്തും മുന്നേ
എന്നാൽ 100–ാം വയസ്സിൽ രണ്ടാം വാക്സിൻ സ്വീകരിച്ച് ഒരുമാസത്തിനകം കാർത്യായനിയമ്മയ്ക്ക് പക്ഷാഘാതം പിടിപെട്ടു. പൂർണമായും കിടക്കയിലേക്ക് ജീവിതം ചുരുങ്ങി. മകൾ അമ്മിണിയുടെ മകളുടെ പേരിലുള്ള (കാർത്യായനിയമ്മയുടെ കൊച്ചുമകൾ) ലക്ഷം വീട് കോളനിയിലെ വീട്ടിൽ അവശനിലയിലായിരുന്നു അവസാന നാളുകൾ. സ്വന്തമായി ഒരു വീട് വേണമെന്ന ആഗ്രഹത്തോടെ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയിരുന്നെങ്കിലും സർക്കാർ അപേക്ഷ തള്ളി. അവശകാലത്ത് സഹായത്തിനായി ഹോം നഴ്സിനെ അനുവദിക്കണമെന്ന് സർക്കാരിനോട് അപേക്ഷിച്ചെങ്കിലും അതും ലഭിച്ചില്ല. 60 വയസ്സ് പിന്നിട്ട അമ്മിണി ജോലിക്ക് പോയി കിട്ടുന്നതിൽ നിന്നുള്ള വരുമാനമായിരുന്നു കാർത്യായനിയമ്മയുടെയും ഏക ആശ്രയം. എന്നാൽ അമ്മിണി ജോലിക്ക് പോകുന്ന പകൽ സമയങ്ങളിൽ പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാനാകാതെ കാർത്യായനിയമ്മ കട്ടിലിൽ കിടന്നു. ഈ സമയങ്ങളിൽ സതി ടീച്ചറായിരുന്നു ഏക ആശ്രയം. ഉച്ചയ്ക്ക് ഭക്ഷണം വാരി നൽകാനായി സതി ടീച്ചർ ഓടിയെത്തും. കാർത്യായനിയമ്മയെ തുടച്ച് വൃത്തിയാക്കി ഷീറ്റ് മാറ്റും. ഒന്നിച്ചുള്ള യാത്രയിൽ എപ്പഴോ സതി ടീച്ചറെ മകളായി കാർത്യായനിയമ്മയും കാർത്യായനിയമ്മയെ അമ്മയായി സതി ടീച്ചറും സ്വീകരിച്ചിരുന്നു.
ഒടുവിൽ കാർത്യായനിയമ്മ മരിക്കുന്നതിന് ഏതാനും ദിവങ്ങൾക്ക് മുൻപ് അവസാനമായി സംസാരിച്ചതും സതി ടീച്ചറോടായിരുന്നു. ഭക്ഷണം നൽകുന്നതിനിടെ ‘മതി’ എന്നായിരുന്നു അത്. താങ്ങും തണലുമായി മാറിയ ജീവിതയാത്രയ്ക്കിടയിൽ ‘മതി’ എന്ന വാക്കിന് നിർവചിക്കാനാവുന്നതിലും അർഥമുണ്ടെന്ന് സതിടീച്ചർ ഓർക്കുന്നു. ഒടുവിൽ കുടുംബാംഗങ്ങളെല്ലാം ചുറ്റും നിന്ന ആ രാത്രി കാർത്യായനിയമ്മയുടെ മരണം സ്ഥിരീകരിച്ചതും സതിടീച്ചറായിരുന്നു. തുളസിയിലയിൽ തൊട്ട് സതിടീച്ചർ നൽകിയ അവസാന നീരും കുടിച്ചിറക്കി കാർത്യായനിയമ്മ ലോകത്തോട് വിട പറഞ്ഞു.
‘‘അമ്മയുടെ മരണം എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. ചുറ്റും വല്ലാത്ത ശൂന്യത തോന്നുന്നു. എനിക്കും അമ്മയ്ക്കുമിടയിൽ ഒരു കാര്യം മാത്രമായിരുന്നു സാമ്യമുണ്ടായിരുന്നത്. ശ്രീകൃഷണനോടുള്ള ഭക്തിയായിരുന്നു അത്. ഞങ്ങളെ ഭഗവാൻ ഒന്നിപ്പിച്ചതാണെന്ന് ചിന്തിക്കാനാണ് എനിക്ക് ഇഷ്ടം’’, കണ്ണു നിറഞ്ഞ് വേദനയടക്കി സതിടീച്ചർ പറഞ്ഞു നിർത്തി.