അപൂർവ രോഗം കവർന്നെടുത്തത് 3 മക്കളെ; തുണയായ ഭാര്യയും പോയിട്ടും ജോർജ് തളർന്നില്ല, ചിരിയാണ് ജീവിതം
ന്യൂക്ലിയർ മെഡിസിൻ ശാസ്ത്രജ്ഞനായാണ് ജീവിതം പടുത്തുയർത്തിയതെങ്കിലും ഡോ.ജോർജ് സാമുവൽ പിന്നീട് മുറുകെപ്പിടിച്ചത് ശാസ്ത്രത്തെയല്ല, ഫലിതത്തെയാണ്. കണ്ണീരു മാത്രം വച്ചുനീട്ടിയ ജീവിതത്തോട് നൽകിയ മറുപടി കൂടിയായിരുന്നു അത്. അപൂർവ ജനിതകരോഗം നഷ്ടപ്പെടുത്തിയ മൂന്നു മക്കൾക്കായി ജോർജും ഭാര്യ എലിസബത്തും ഉറങ്ങാതെ കാത്തിരുന്നത് വർഷങ്ങൾ. രോഗം മാത്രമല്ല, അപകടത്തിന്റെ രൂപത്തിലും ഇതിനിടെ മരണം പരീക്ഷിക്കാനെത്തി. പക്ഷേ, അനുഭവങ്ങളുടെ കനൽച്ചൂടിൽ പൊള്ളി നിൽക്കുമ്പോഴും ‘ആർക്കാണ് ചിരിക്കാൻ ഇഷ്ടമില്ലാത്തത്’ എന്ന് നിറചിരിയോടെ അദ്ദേഹം ചോദിക്കുന്നു.. എൺപത്തിനാലു വർഷത്തിനിടെ കടന്നുപോകേണ്ടി വന്ന നിരാശയുടെ രാത്രികളെ പ്രത്യാശയുടെ പകലുകളാക്കി മാറ്റാൻ ജോർജ് കാണിച്ച മാജിക് എന്താണ്? എന്തായിരുന്നു അദ്ദേഹം നേരിട്ട പരീക്ഷണങ്ങൾ? ആ ജീവിതം വായിക്കാം...
ന്യൂക്ലിയർ മെഡിസിൻ ശാസ്ത്രജ്ഞനായാണ് ജീവിതം പടുത്തുയർത്തിയതെങ്കിലും ഡോ.ജോർജ് സാമുവൽ പിന്നീട് മുറുകെപ്പിടിച്ചത് ശാസ്ത്രത്തെയല്ല, ഫലിതത്തെയാണ്. കണ്ണീരു മാത്രം വച്ചുനീട്ടിയ ജീവിതത്തോട് നൽകിയ മറുപടി കൂടിയായിരുന്നു അത്. അപൂർവ ജനിതകരോഗം നഷ്ടപ്പെടുത്തിയ മൂന്നു മക്കൾക്കായി ജോർജും ഭാര്യ എലിസബത്തും ഉറങ്ങാതെ കാത്തിരുന്നത് വർഷങ്ങൾ. രോഗം മാത്രമല്ല, അപകടത്തിന്റെ രൂപത്തിലും ഇതിനിടെ മരണം പരീക്ഷിക്കാനെത്തി. പക്ഷേ, അനുഭവങ്ങളുടെ കനൽച്ചൂടിൽ പൊള്ളി നിൽക്കുമ്പോഴും ‘ആർക്കാണ് ചിരിക്കാൻ ഇഷ്ടമില്ലാത്തത്’ എന്ന് നിറചിരിയോടെ അദ്ദേഹം ചോദിക്കുന്നു.. എൺപത്തിനാലു വർഷത്തിനിടെ കടന്നുപോകേണ്ടി വന്ന നിരാശയുടെ രാത്രികളെ പ്രത്യാശയുടെ പകലുകളാക്കി മാറ്റാൻ ജോർജ് കാണിച്ച മാജിക് എന്താണ്? എന്തായിരുന്നു അദ്ദേഹം നേരിട്ട പരീക്ഷണങ്ങൾ? ആ ജീവിതം വായിക്കാം...
ന്യൂക്ലിയർ മെഡിസിൻ ശാസ്ത്രജ്ഞനായാണ് ജീവിതം പടുത്തുയർത്തിയതെങ്കിലും ഡോ.ജോർജ് സാമുവൽ പിന്നീട് മുറുകെപ്പിടിച്ചത് ശാസ്ത്രത്തെയല്ല, ഫലിതത്തെയാണ്. കണ്ണീരു മാത്രം വച്ചുനീട്ടിയ ജീവിതത്തോട് നൽകിയ മറുപടി കൂടിയായിരുന്നു അത്. അപൂർവ ജനിതകരോഗം നഷ്ടപ്പെടുത്തിയ മൂന്നു മക്കൾക്കായി ജോർജും ഭാര്യ എലിസബത്തും ഉറങ്ങാതെ കാത്തിരുന്നത് വർഷങ്ങൾ. രോഗം മാത്രമല്ല, അപകടത്തിന്റെ രൂപത്തിലും ഇതിനിടെ മരണം പരീക്ഷിക്കാനെത്തി. പക്ഷേ, അനുഭവങ്ങളുടെ കനൽച്ചൂടിൽ പൊള്ളി നിൽക്കുമ്പോഴും ‘ആർക്കാണ് ചിരിക്കാൻ ഇഷ്ടമില്ലാത്തത്’ എന്ന് നിറചിരിയോടെ അദ്ദേഹം ചോദിക്കുന്നു.. എൺപത്തിനാലു വർഷത്തിനിടെ കടന്നുപോകേണ്ടി വന്ന നിരാശയുടെ രാത്രികളെ പ്രത്യാശയുടെ പകലുകളാക്കി മാറ്റാൻ ജോർജ് കാണിച്ച മാജിക് എന്താണ്? എന്തായിരുന്നു അദ്ദേഹം നേരിട്ട പരീക്ഷണങ്ങൾ? ആ ജീവിതം വായിക്കാം...
ന്യൂക്ലിയർ മെഡിസിൻ ശാസ്ത്രജ്ഞനായാണ് ജീവിതം പടുത്തുയർത്തിയതെങ്കിലും ഡോ.ജോർജ് സാമുവൽ പിന്നീട് മുറുകെപ്പിടിച്ചത് ശാസ്ത്രത്തെയല്ല, ഫലിതത്തെയാണ്. കണ്ണീരു മാത്രം വച്ചുനീട്ടിയ ജീവിതത്തോട് നൽകിയ മറുപടി കൂടിയായിരുന്നു അത്. അപൂർവ ജനിതകരോഗം നഷ്ടപ്പെടുത്തിയ മൂന്നു മക്കൾക്കായി ജോർജും ഭാര്യ എലിസബത്തും ഉറങ്ങാതെ കാത്തിരുന്നത് വർഷങ്ങൾ. രോഗം മാത്രമല്ല, അപകടത്തിന്റെ രൂപത്തിലും ഇതിനിടെ മരണം പരീക്ഷിക്കാനെത്തി. പക്ഷേ, അനുഭവങ്ങളുടെ കനൽച്ചൂടിൽ പൊള്ളി നിൽക്കുമ്പോഴും ‘ആർക്കാണ് ചിരിക്കാൻ ഇഷ്ടമില്ലാത്തത്’ എന്ന് നിറചിരിയോടെ അദ്ദേഹം ചോദിക്കുന്നു..
എൺപത്തിനാലു വർഷത്തിനിടെ കടന്നുപോകേണ്ടി വന്ന നിരാശയുടെ രാത്രികളെ പ്രത്യാശയുടെ പകലുകളാക്കി മാറ്റാൻ ജോർജ് കാണിച്ച മാജിക് എന്താണ്? എന്തായിരുന്നു അദ്ദേഹം നേരിട്ട പരീക്ഷണങ്ങൾ? ആ ജീവിതം വായിക്കാം...
∙ പിടി തരാത്ത രോഗം
‘‘നിന്റെ ഭാര്യ എലിസബത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും. അവന് യോഹന്നാൻ എന്നു പേരിടണം’’ എന്ന ബൈബിൾ വചനത്തിൽ ജോർജ് സാമുവൽ കണ്ണുമടച്ച് വിശ്വസിച്ച ഒരു കാലമുണ്ടായിരുന്നു. അത് ഭാര്യയുടെ പേര് എലിസബത്ത് എന്നായതുകൊണ്ടല്ല, കടുത്ത ഈശ്വരവിശ്വാസി ആയിരുന്നതുകൊണ്ടുമാത്രം. പ്രതീക്ഷിച്ചതു പോലെ ആൺകുഞ്ഞ് പിറന്നു. ജോണി എന്ന് പേരുമിട്ടു. കുട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് തുടക്കത്തിൽ ഡോക്ടർമാർ സംശയമൊന്നും പ്രകടിപ്പിച്ചിരുന്നില്ല.
ഒരിക്കൽ അദ്ദേഹത്തിന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ട നാലു വയസ്സുകാരൻ മകൻ ജോണി, ‘‘കുരുടന് കാഴ്ച നൽകിയ ദൈവത്തോട് പ്രാർഥിക്കൂ..വിഷമിക്കേണ്ട’’ എന്ന് പറഞ്ഞുവത്രേ. ആരോ പറഞ്ഞു കൊടുത്ത ബൈബിൾ കഥ ഓർത്തെടുത്തായിരുന്നു ആ സാന്ത്വനിപ്പിക്കൽ.
പക്ഷേ, പിന്നീട് ചെറിയ ശ്വാസതടസ്സം ജോണിയെ ബുദ്ധിമുട്ടിച്ചു തുടങ്ങി. ശ്വാസതടസ്സവും കഫവും കൂടിയതോടെ ചികിത്സ ആരംഭിച്ചു. പക്ഷേ, അതിനുശേഷവും ജോണിക്ക് ശ്വസിക്കാനും പാൽ കുടിക്കാനുമുള്ള പ്രയാസം തുടർന്നു. വായിൽ ഒഴിച്ചു കൊടുക്കുന്ന പാൽ ഉള്ളിലേക്കിറക്കാൻ കഴിയാതെ മൂക്കിൽക്കൂടി പുറത്തേക്കു വരാൻ തുടങ്ങി. ഭക്ഷണം ഇറക്കുന്ന കുഴലും ശ്വാസനാളവും തമ്മിൽ ബന്ധിപ്പിക്കപ്പെടുക എന്ന ഗുരുതരമായ അവസ്ഥയാവാം എന്ന് ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചു. പക്ഷേ, അപ്പോഴും എന്താണ് യഥാർഥ കാരണം എന്ന് കണ്ടെത്തിയിരുന്നില്ല.
രോഗ നിർണയത്തിനായി ജോർജും ഭാര്യ എലിസബത്തും അമേരിക്കയിലെ വിദഗ്ധ ഡോക്ടർമാരുടെ സഹായം തേടി. പക്ഷേ, ശ്രമം വിഫലമായിരുന്നു. എന്താണ് മകനെ ബാധിച്ചിരിക്കുന്ന അസുഖമെന്നറിയാൻ പിന്നെയും വേണ്ടിവന്നു നീണ്ട 12 വർഷം. ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരാവുന്ന ‘സിസ്റ്റിക് ഫൈബ്രോയിസ്’ ആയിരുന്നു ജോർജിന്റെ കുടുംബത്തെ കീഴ്മേൽ മറിച്ച ആ അസുഖം. ശ്വാസകോശം, കരൾ, പാൻക്രിയാസ് എന്നിവയുടെ ഒക്കെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്ന അസുഖമാണിത്. നിരന്തരമായുണ്ടാവുന്ന ശ്വാസകോശ അണുബാധകളും ശ്വാസമെടുക്കാനുള്ള തടസ്സങ്ങളുമാണ് പലപ്പോളും വേഗത്തിൽ മരണകാരണമാവുക. ഈ ജനിതകവൈകല്യമാവട്ടെ പൂർണമായും ചികിത്സിച്ചു ഭേദമാക്കുക എന്നത് ഏറെക്കുറെ അസാധ്യമാണു താനും.
രോഗം എന്തെന്ന് കണ്ടെത്താനാവാതെ മകനുമായി ആശുപത്രികളിൽനിന്ന് ആശുപത്രികളിലേക്ക് ഓടുമ്പോൾ നിസ്സഹായനായ ഒരു പിതാവ് എന്ന നിലയിൽ താൻ അനുഭവിച്ച ആത്മസംഘർഷങ്ങൾ ജോർജിന് ഇപ്പോഴും ഓർമയുണ്ട്. ഒരിക്കൽ അദ്ദേഹത്തിന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ട നാലു വയസ്സുകാരൻ മകൻ ജോണി, ‘‘കുരുടന് കാഴ്ച നൽകിയ ദൈവത്തോട് പ്രാർഥിക്കൂ... വിഷമിക്കേണ്ട’’ എന്ന് പറഞ്ഞുവത്രേ. ആരോ പറഞ്ഞു കൊടുത്ത ബൈബിൾ കഥ ഓർത്തെടുത്തായിരുന്നു ആ സാന്ത്വനിപ്പിക്കൽ. 18 വയസ്സു വരെ പോലും ജീവിക്കില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയ ജോണിയെ രോഗത്തിന് വിട്ടു കൊടുക്കാതെ ജോർജും ഭാര്യ എലിസബത്തും കാത്തു സൂക്ഷിച്ചത് 32 വർഷമാണ്. പക്ഷേ, അതിനിടെ മറ്റു പല ദുരന്തങ്ങൾക്കും ജോണിക്ക് സാക്ഷിയാവേണ്ടിയും വന്നു.
∙ മകൻ പോയതറിയിക്കാതെ ആ മീറ്റിങ്
ജോണിക്ക് മൂന്നു വയസ്സായപ്പോഴായിരുന്നു രണ്ടാമത്തെ മകൻ ഷെറിയുടെ ജനനം. ജോണിക്ക് സ്ഥിരീകരിച്ചത് ജനിതക രോഗബാധയായതുകൊണ്ടു തന്നെ കടുത്ത ആശങ്കയിലും അതോടൊപ്പം പ്രതീക്ഷയിലുമായിരുന്നു രണ്ടാമത്തെ ഗർഭകാലത്ത് ഇരുവരും കഴിഞ്ഞുപോന്നത്. ആരോഗ്യത്തോടെ ജനിച്ച ആ കുട്ടി തങ്ങൾക്കൊപ്പം എക്കാലവും ഉണ്ടാവും എന്ന പ്രതീക്ഷയ്ക്ക് പക്ഷേ വലിയ ആയുസ്സ് ഉണ്ടായില്ല. ജനിതക രോഗത്തിന്റെ കണങ്ങൾ ഷെറിയുടെ ശരീരത്തിലുമുണ്ടെന്ന് വൈകാതെ കണ്ടെത്തി.
തുടക്കത്തിൽ ജോണിയുടെ അത്രയും വഷളായ രോഗാവസ്ഥ ഷെറിക്ക് ഉണ്ടായിരുന്നില്ല. പക്ഷേ, ഒന്നരമാസം പ്രായമുള്ളപ്പോൾ ഷെറിക്കും ശ്വാസതടസ്സമുണ്ടായി. എന്തെങ്കിലും ചെയ്യാനാവും മുൻപുതന്നെ ശ്വാസം നിലച്ച് ശരീരം നീല നിറമായി മാറിയിരുന്നു. കൈക്കുഞ്ഞുമായി എലിസബത്ത് ആശുപത്രിയിലേക്ക് പാഞ്ഞെത്തുമ്പോഴേക്കും ഉറക്കമില്ലാത്ത ആശുപത്രി കാലങ്ങൾക്കൊന്നും കാത്തുനിൽക്കാതെ ഷെറി ലോകം വിട്ടു പോയി.
മകൻ മരിക്കുമ്പോൾ ജോർജ് കലിഫോർണിയയിൽ ആയിരുന്നു. എല്ലിലെ അർബുദവുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് നാട്ടിൽ നിന്ന് ആ മരണവാർത്ത എത്തുന്നത്. ഹൃദയം പിടിച്ചുലയ്ക്കുന്ന ആ വാർത്ത കേട്ടിട്ടും ജോർജ് സംയമനം നഷ്ടപ്പെടുത്താതെ ചർച്ച തുടർന്നു. ഒടുവിൽ ചർച്ച കഴിഞ്ഞ ശേഷമാണ് തന്റെ മകൻ ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് മരിച്ചുപോയെന്ന് അദ്ദേഹം സഹപ്രവർത്തകരോട് വെളിപ്പെടുത്തുന്നത്. മകന്റെ മരണവാർത്ത കേട്ടിട്ടും ദുഃഖം കടിച്ചുപിടിച്ച് ജോലി തുടർന്നത് എങ്ങനെയെന്ന് സഹപ്രവർത്തകർ അദ്ഭുതപ്പെട്ടപ്പോൾ, ദൈവീക സമാധാനം കൊണ്ടാണ് താൻ ദുഃഖം മറികടക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
എത്രകാലം ജീവിക്കും എന്ന് ഒരുറപ്പും ഡോക്ടർമാർ നൽകാതിരുന്ന ജോണിയെ മാതാപിതാക്കളുടെ ഇച്ഛാശക്തി 32 വയസ്സുവരെ കൊണ്ടെത്തിച്ചു. പക്ഷേ, അതിനിടെ രണ്ട് സഹോദരങ്ങളുടെയും പിന്നെ നിഴലായി കൂടെ നിന്ന അമ്മയുടെയും മരണത്തിന്റെ വേദന കൂടി താങ്ങേണ്ടി വന്നൂ, ജോണിക്ക്.
മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ജോർജ് അന്നു വൈകുന്നേരം നാട്ടിലേക്ക് ട്രങ്ക് കോൾ ബുക്ക് ചെയ്തു. അത്താഴത്തിനു മുൻപ് ടെലിഫോൺ ഓപറേറ്ററെ വിളിച്ച് ഒന്നുകൂടി ഓർമപ്പെടുത്തുകയും ചെയ്തു. പക്ഷേ, വീട്ടിലേക്ക് ബുക്ക് ചെയ്ത ആ കോൾ വഴി തെറ്റിയെത്തിയത് വേറെ ഒരാൾക്കാണ്. ജീവിതപ്രതിസന്ധികൾ മൂലം മനസ്സുമടുത്ത ഒരു ‘അജ്ഞാതൻ’ ആയിരുന്നു അങ്ങേത്തലയ്ക്കൽ. മകന്റെ മരണവാർത്തയിൽ ഉലഞ്ഞുപോയിരുന്ന ജോർജ് അന്ന് ആ വ്യക്തിയോട് ഏറെ നേരം സംസാരിച്ചു, പ്രതിസന്ധികളെ മറികടക്കാൻ കഴിയുമെന്ന് തന്റെ ജീവിതം ചൂണ്ടിക്കാണിച്ച് ഓർമപ്പെടുത്തി. കടുത്ത നിരാശയിലൂടെ കടന്നുപോകുമ്പോഴും മറ്റുള്ളവരുടെ സങ്കടങ്ങൾക്ക് ചെവി കൊടുക്കാൻ ജോർജ് അതിനകം പഠിച്ചിരുന്നു. ആകെ ഉലഞ്ഞുപോയ ആ രാത്രി വഴിതെറ്റിയെത്തിയ ആ കോൾ ഒരർഥത്തിൽ ജോർജിന് ജീവിതത്തിലേക്ക് നീട്ടിയ പിടിവള്ളിയായിരുന്നു.
∙ ഇടവേളയില്ലാത്ത പരീക്ഷണങ്ങൾ
ഷെറിയുടെ മരണശേഷം ജനിച്ച മൂന്നാമത്തെ കുട്ടിയായിരുന്നു ആനി. മകളായത് കാരണമാവാം ആൺമക്കളെ ബാധിച്ച അപൂർവ ജനിതക രോഗത്തിന്റെ കണികകൾ ആനിയെ വെറുതെ വിട്ടു. വിധിയുടെ പരീക്ഷണകാലഘട്ടത്തിനിടെ ലഭിച്ച സന്തോഷത്തിന്റെ ചെറിയ ഇടവേളയായിരുന്നു അത്. നാലാമത്തെ മകനായി വൈകാതെ റോണി പിറന്നു. ആനിക്കു വേണ്ടിയുള്ള കാത്തിരിപ്പ് വിഫലമാകാഞ്ഞതുപോലെ അടുത്ത കുട്ടിയും രോഗമില്ലാതെ ജനിക്കുമെന്ന പ്രതീക്ഷയിലാണ് ആ കാലവും കടന്നു പോയത്. ആൺകുട്ടിയാണെന്നറിഞ്ഞതോടെ പ്രതീക്ഷയ്ക്കൊപ്പം ആധിയും വളർന്നു. ശ്വാസതടസ്സമുണ്ടാകുന്നുണ്ടോ രോഗലക്ഷണമുണ്ടോ എന്ന് നോക്കി നോക്കി എണ്ണിത്തീർത്ത ദിനങ്ങൾ. പക്ഷേ, പ്രാർഥനകൾ വിഫലമായി. റോണിയുടെ ശ്വാസകോശത്തിനെയും വെറുതെ വിടാൻ ആ രോഗം ഒരുക്കമായിരുന്നില്ല.
റോണിയും അസുഖബാധിതനാണ് എന്നറിഞ്ഞ ദിവസം എങ്ങനെയാണ് കടന്നുപോയതെന്ന് പറയാൻ ജോർജിന് ഇപ്പോഴും വാക്കുകളില്ല. അസുഖബാധിതരായ രണ്ടു മക്കളെയും പറ്റാവുന്നത്രയും കാലം കണ്ണിലെ കൃഷ്ണമണി പോലെ കാക്കുക എന്നതായിരുന്നു പിന്നീട് ജോർജിന്റെയും എലിസബത്തിന്റെയും ലക്ഷ്യം. ശ്വാസോച്ഛാസം ചെയ്യുന്നതിനു വേണ്ടി ലണ്ടനിൽനിന്ന് ഇറക്കുമതി ചെയ്ത ഇലക്ട്രോണിക് ഉപകരണത്തിന്റെ സഹായത്തോടെ ജോണിയുടെയും റോണിയുടെയും ആരോഗ്യസ്ഥിതി കുറച്ചൊക്കെ മെച്ചപ്പെട്ടു.
പക്ഷേ, മരുന്നില്ലാത്ത ആ രോഗം മക്കൾ വളരുന്നതിനനുസരിച്ച് വളർന്നുകൊണ്ടേയിരുന്നു. ഒടുവിൽ 22–ാം വയസ്സിൽ റോണി മരിച്ചു. ആദ്യ മകനായ ജോണി പക്ഷേ അപ്പോഴും ജീവിതത്തോടുള്ള പോരാട്ടം തുടരുകയായിരുന്നു. എത്രകാലം ജീവിക്കും എന്ന് ഒരുറപ്പും ഡോക്ടർമാർ നൽകാതിരുന്ന ജോണിയെ മാതാപിതാക്കളുടെ ഇച്ഛാശക്തി 32 വയസ്സുവരെ കൊണ്ടെത്തിച്ചു. പക്ഷേ, അതിനിടെ രണ്ട് സഹോദരങ്ങളുടെയും പിന്നെ നിഴലായി കൂടെ നിന്ന അമ്മയുടെയും മരണത്തിന്റെ വേദന കൂടി താങ്ങേണ്ടി വന്നു ജോണിക്ക്.
∙ മക്കൾക്കായി എല്ലാം മാറ്റി വച്ച എലിസബത്ത്
സുവോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ എലിസബത്ത് തിരുവല്ല മാർത്തോമ കോളജിലും പിന്നീട് മുംബൈ വിൽസൺ കോളജിലും അധ്യാപികയായിരുന്നു. പക്ഷേ, മക്കളുടെ അപൂർവ ജനിതക രോഗം ക്ലാസ്മുറിയിലെ ഒരുപാട് കുട്ടികളിൽനിന്ന് മക്കളുടെ മാത്രമായി എലിസബത്തിനെ ചുരുക്കി. കൂടുതൽ കരുതലും പരിചരണവും ആവശ്യമുള്ള മക്കൾക്കൊപ്പം ഉണ്ടാവുകയാണ് തന്റെ ആദ്യ പരിഗണനയെന്നത് എലിസബത്ത് ഒറ്റയ്ക്ക് എടുത്ത തീരുമാനമായിരുന്നു. മക്കളും സംഗീതവും ആയിരുന്നു എലിസബത്തിന്റെ സന്തോഷങ്ങൾ. ജോലിയുമായി ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് ജോർജ് പോയപ്പോഴും മക്കളുടെ നിഴലായി എലിസബത്ത് ഒപ്പം നിന്നു. ഒപ്പമുണ്ടാവുക മാത്രമല്ല, രോഗത്തിന് ഒന്നും ചെയ്യാനാവില്ലെന്ന് അവരെ പറഞ്ഞു പഠിപ്പിക്കുക കൂടി ചെയ്തു.
പക്ഷേ, രണ്ട് മക്കളുടെ മരണത്തിനു ശേഷം വിധി വീണ്ടുമെത്തിയത് എലിസബത്തിനെ കൂട്ടിക്കൊണ്ടുപോകാനായിരുന്നു. നീണ്ട കാലം മക്കൾക്കായി ഉറക്കമൊഴിച്ച എലിസബത്തിന്റെ മരണത്തോടെ ആ വീടുതന്നെ ഉറങ്ങിപ്പോയി. ഭാര്യയുടെ മരണത്തോടെ അൻപത്തൊമ്പതാം വയസിൽ ന്യൂക്ലിയർ മെഡിസിൻ മേഖലയിലെ ജോലി ഉപേക്ഷിച്ച് ജോർജ് മകൻ ജോണിക്ക് കാവലായി എത്തി. മുംബൈ ഭാഭാ ആണവ ഗവേഷണ സെൻററിൽ ശാസ്ത്രജ്ഞനായി തുടക്കമിട്ട് ലോസ്ആഞ്ചലസിലെ ബേ ഹാർബർ ആശുപത്രിയിൽ വൈദ്യ ശാസ്ത്രത്തിൽ ആണവോർജത്തിന്റെ സാധ്യത കണ്ടുപിടിക്കുകയും പിന്നീട് ലോകാരോഗ്യ സംഘടനയിൽ കൺസൽറ്റന്റ് ആകുകയും വരെ നീണ്ട ജോലി അങ്ങനെ അവസാനിച്ചു. എലിസബത്തിന് തൊട്ടു പിന്നാലെ ജോണിയും ലോകത്തോടു വിട പറഞ്ഞു.
∙ കരുത്തായത് വിശ്വാസവും ഹാസ്യവും
ജീവിതത്തെ ശിഥിലമാക്കാൻ കെൽപ്പുള്ള ദുരന്തങ്ങൾ ആഞ്ഞടിച്ചപ്പോഴും കണ്ണീരണിഞ്ഞ മറ്റു ജീവിതങ്ങൾക്ക് തന്നിലൂടെ എങ്ങനെ സാന്ത്വനം പകരാം എന്നായിരുന്നു ജോർജിന്റെ ചിന്ത. അത് നിറവേറ്റിയതാവട്ടെ ഫലിതത്തെ കൂട്ടു പിടിച്ചും. തമാശകൾ പറഞ്ഞും എഴുതിയും മറ്റുള്ളവർക്കൊപ്പം സ്നേഹം പങ്കുവച്ചും സംസാരിച്ചും അദ്ദേഹം സമയം ചെലവഴിച്ചു. അനേകം പുസ്തകങ്ങൾ രചിച്ചു. അതിലൊന്നാണ് 'ചിരിയും അൽപം കാര്യവും'. അനുദിന ജീവിതത്തിൽ നാം കാണുന്ന രംഗങ്ങളിലെ വൈരുധ്യങ്ങളുടെ പൊരുളുകൾ നർമത്തിൽ ചാലിച്ച് രചിച്ചിട്ടുള്ളതാണ് ജോർജിന്റെ പുസ്തകങ്ങൾ.
ദുരന്തങ്ങളിൽ പിടിച്ചു നിൽക്കാനും പ്രതീക്ഷയോടെ മുന്നോട്ടു പോകാനും ജോർജിനെ പ്രേരിപ്പിച്ച മറ്റൊരു വലിയ ഘടകം ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസമായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിൽ നിന്ന് റേഡിയോ ഫാർമസിയിലും മിൻ-ഫുള്ളർ തിയോളജിക്കൽ സെമിനാരിയിൽനിന്ന് സ്കൂൾ ഓഫ് മിഷൻസിലും ഡോക്റേറ്റ് നേടിയത് അതുകൊണ്ടാണ്. ശാസ്ത്രവും വേദശാസ്ത്രവും തമ്മിൽ ഏറ്റുമുട്ടാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്ന് ജീവിതത്തിൽനിന്ന് മനസ്സിലാക്കാൻ കഴിഞ്ഞെന്നും ജോർജ് പറയുന്നു.
സിംഗപ്പൂർ ഹഗ്ഗായി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫാക്കൽറ്റി ഡീനായും ജോർജ് പ്രവർത്തിച്ചിരുന്നു. തിരുവല്ലയിൽ ‘ഒലിവ് ദൈവശാസ്ത്ര സ്ഥാപനം’ തുടങ്ങി 20 സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികളെ പരീശീലിപ്പിക്കുന്നതിനും മുൻകയ്യെടുത്തു. ‘‘മൂല്യങ്ങൾ പഠിപ്പിക്കുന്നതിനേക്കാൾ സ്വയം സ്വീകരിക്കപ്പെടേണ്ടതാണ്’’ എന്ന് ജോർജ് സാമുവേൽ പറയുന്നു. ജീവിതാനുഭവങ്ങളുടെ വേദനയിലിരിക്കുന്നവർക്കു സാന്ത്വനമാവുക എന്നതാണ് തന്റെ അതിജീവനം എന്നാണ് ജോർജ് പറയുന്നത്.
∙ ജീവിതം കാത്തുവച്ച ആ മകൾ
മകൾ ആനിക്കും മരുമകൻ മനോജിനും കൊച്ചുമകൻ നിക്കിക്കും ഒപ്പമാണ് ഇപ്പോൾ ജോർജ് സാമുവലിന്റെ ജീവിതം. രോഗം വിട്ടുനൽകിയ മകളേയും ഒരിക്കൽ കൈവിട്ടു പോകുമെന്ന് ജോർജ് ഭയന്നിട്ടുണ്ട്. അപകടത്തിന്റെ രൂപത്തിലായിരുന്നു അത്. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുവാനായി ജോർജും മകളുടെ കുടുംബവും കാറിൽ യാത്ര ചെയ്യുകയായിരുന്നു. എതിരെ വന്ന ജീപ്പുമായി കൂട്ടിയിടിക്കാതിരിക്കാൻ കാർ വെട്ടിച്ചെങ്കിലും നിയന്ത്രണം വിട്ടു. കാർ റോഡിൽ നിന്ന് പന്ത്രണ്ട് അടി താഴെയുള്ള തടാകത്തിലേക്ക് പതിച്ചു. മരണത്തെ മുന്നിൽ കണ്ട നിമിഷം. പക്ഷേ വീഴ്ചയ്ക്കിടെ മരം രക്ഷകനായി. കാർ അതിലിടിച്ചുനിന്നു. ഫയർഫോഴ്‌സ് എത്തി കാറിന്റെ ചില്ല് തകർത്താണ് പുറത്തെത്തിച്ചത്. കാർ മുഴുവനായും തകർന്നു. തലനാരിഴയ്ക്കാണ് മരണത്തിൽനിന്ന് രക്ഷപ്പെട്ടതെന്ന് ആനി ഓർക്കുന്നു.
84 വയസ്സ് പിന്നിട്ട ജോർജ് സാമുവലിന് ഒരു ജീവിതത്തിൽ കടന്നുപോകാവുന്നത്രയും യാതനകൾ അനുഭവിച്ചിട്ടും ആരോടും പരാതി ബാക്കിയില്ല. ഒരു മകൾ തനിക്കുണ്ടല്ലോ എന്നാണ് സന്തോഷം. ന്ലൂക്ലിയർ മെഡിസിനിൽ ഇനിയും നൽകാനാവുമായിരുന്ന സംഭാവനകളെക്കാളും ജോർജിനെ സന്തോഷിപ്പിക്കുന്നത് തന്റെ സാമീപ്യംകൊണ്ടും സംസാരം കൊണ്ടും സമാധാനിപ്പിക്കാനും ചിരിപ്പിക്കാനും കഴിയുന്ന മനുഷ്യരാണ്. ചിരി ഏത് പിരിമുറക്കമാണ് ഇല്ലാതാക്കാത്തത് എന്ന് തന്റെ ജീവിതെ തൊട്ട് ജോർജ് ചോദിക്കുമ്പോൾ ഏതു വേദനയും നിസ്സാരമായിപ്പോകും.