ശിശു അല്ലാതായി മാറി വർഷങ്ങളായെങ്കിലും ശിശുദിനം എന്നു കേൾക്കുമ്പോൾ ഉള്ളിലെവിടെയോ വല്ലാത്ത സുഖമുള്ള ഓർമകളുടെ ഒരു തിരയിളക്കം. ഓരോ ദിവസം ഓരോന്ന് എന്ന ക്രമത്തിൽ കലണ്ടറിൽ കാണുന്ന മറ്റനേകം ദിനങ്ങൾക്കിടയിൽ ഒന്നു മാത്രം എന്ന രീതിയിൽ ശിശുദിനവും മാറിയിട്ടുണ്ട് എന്നുള്ളത് വസ്തുതയാണ്. പക്ഷേ ഞങ്ങളുടെ തലമുറയിൽ ശിശുദിനത്തിനു വലിയ പ്രാധാന്യമുണ്ടായിരുന്നു. ശിശുദിനത്തിനു കിട്ടുന്ന സ്റ്റാംപ് ആയിരുന്നു അന്ന് പ്രധാന ആകർഷണം. സ്റ്റാംപ് കലക്‌‌ഷൻ ഒരു ഹരമായി കൊണ്ടുനടക്കുന്നവർക്കു പ്രത്യേകിച്ച്. പിന്നെ വൈകിട്ട് നടക്കുന്ന ശിശുദിന റാലി. അതിൽ പങ്കെടുക്കാൻ കെഎസ്ആർടിസി അനുവദിച്ച സ്‌പെഷൽ ബസിൽ അങ്ങോട്ടും ഇങ്ങോട്ടും ചാച്ചാ നെഹ്‌റു സിന്ദാബാദ് എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചു കൊണ്ടുള്ള ഞങ്ങളുടെ പോക്കും വരവും. അവിടെ കിട്ടുന്ന പ്രത്യേക രുചിയുള്ള റോസ് മിൽക്ക്. അങ്ങനെയങ്ങനെ എന്തെല്ലാം ഓർമകൾ... വിഷയം കുട്ടികൾക്കിടയിലെ വായന ആണല്ലോ. ഇപ്പോൾ വായനയെ ഓർമിപ്പിക്കാൻ ഒരു വായനാദിനവും ഉണ്ട്. പക്ഷേ, ഞങ്ങളുടെ കുട്ടിക്കാലത്ത് എന്നും വായനാദിനം ആയിരുന്നു, ആർത്തി ആയിരുന്നു പുതിയ പുസ്തകങ്ങൾ കയ്യിൽ കിട്ടാൻ. ഓഫിസിൽനിന്ന് അച്ഛൻ വരുമ്പോൾ കയ്യിൽ കാണാറുള്ള ബാലരമ, അമ്പിളി അമ്മാവൻ, പൂമ്പാറ്റ ഒക്കെ നിവർത്തി ആ മണം ആസ്വദിച്ച് പടങ്ങൾ നോക്കി ആരും കാണാതെ ഒരു മൂലയിലെ കസേരയിൽ, ‌കഴിക്കാൻ എന്തെങ്കിലും എടുത്തുകൊണ്ട് ചുരുണ്ടു കൂടി ഒരിരിപ്പാണ്, ആഹാരം കഴിക്കാൻ വിളിക്കുന്നതു പോലും പലപ്പോഴും അറിയാറില്ല.

ശിശു അല്ലാതായി മാറി വർഷങ്ങളായെങ്കിലും ശിശുദിനം എന്നു കേൾക്കുമ്പോൾ ഉള്ളിലെവിടെയോ വല്ലാത്ത സുഖമുള്ള ഓർമകളുടെ ഒരു തിരയിളക്കം. ഓരോ ദിവസം ഓരോന്ന് എന്ന ക്രമത്തിൽ കലണ്ടറിൽ കാണുന്ന മറ്റനേകം ദിനങ്ങൾക്കിടയിൽ ഒന്നു മാത്രം എന്ന രീതിയിൽ ശിശുദിനവും മാറിയിട്ടുണ്ട് എന്നുള്ളത് വസ്തുതയാണ്. പക്ഷേ ഞങ്ങളുടെ തലമുറയിൽ ശിശുദിനത്തിനു വലിയ പ്രാധാന്യമുണ്ടായിരുന്നു. ശിശുദിനത്തിനു കിട്ടുന്ന സ്റ്റാംപ് ആയിരുന്നു അന്ന് പ്രധാന ആകർഷണം. സ്റ്റാംപ് കലക്‌‌ഷൻ ഒരു ഹരമായി കൊണ്ടുനടക്കുന്നവർക്കു പ്രത്യേകിച്ച്. പിന്നെ വൈകിട്ട് നടക്കുന്ന ശിശുദിന റാലി. അതിൽ പങ്കെടുക്കാൻ കെഎസ്ആർടിസി അനുവദിച്ച സ്‌പെഷൽ ബസിൽ അങ്ങോട്ടും ഇങ്ങോട്ടും ചാച്ചാ നെഹ്‌റു സിന്ദാബാദ് എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചു കൊണ്ടുള്ള ഞങ്ങളുടെ പോക്കും വരവും. അവിടെ കിട്ടുന്ന പ്രത്യേക രുചിയുള്ള റോസ് മിൽക്ക്. അങ്ങനെയങ്ങനെ എന്തെല്ലാം ഓർമകൾ... വിഷയം കുട്ടികൾക്കിടയിലെ വായന ആണല്ലോ. ഇപ്പോൾ വായനയെ ഓർമിപ്പിക്കാൻ ഒരു വായനാദിനവും ഉണ്ട്. പക്ഷേ, ഞങ്ങളുടെ കുട്ടിക്കാലത്ത് എന്നും വായനാദിനം ആയിരുന്നു, ആർത്തി ആയിരുന്നു പുതിയ പുസ്തകങ്ങൾ കയ്യിൽ കിട്ടാൻ. ഓഫിസിൽനിന്ന് അച്ഛൻ വരുമ്പോൾ കയ്യിൽ കാണാറുള്ള ബാലരമ, അമ്പിളി അമ്മാവൻ, പൂമ്പാറ്റ ഒക്കെ നിവർത്തി ആ മണം ആസ്വദിച്ച് പടങ്ങൾ നോക്കി ആരും കാണാതെ ഒരു മൂലയിലെ കസേരയിൽ, ‌കഴിക്കാൻ എന്തെങ്കിലും എടുത്തുകൊണ്ട് ചുരുണ്ടു കൂടി ഒരിരിപ്പാണ്, ആഹാരം കഴിക്കാൻ വിളിക്കുന്നതു പോലും പലപ്പോഴും അറിയാറില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശിശു അല്ലാതായി മാറി വർഷങ്ങളായെങ്കിലും ശിശുദിനം എന്നു കേൾക്കുമ്പോൾ ഉള്ളിലെവിടെയോ വല്ലാത്ത സുഖമുള്ള ഓർമകളുടെ ഒരു തിരയിളക്കം. ഓരോ ദിവസം ഓരോന്ന് എന്ന ക്രമത്തിൽ കലണ്ടറിൽ കാണുന്ന മറ്റനേകം ദിനങ്ങൾക്കിടയിൽ ഒന്നു മാത്രം എന്ന രീതിയിൽ ശിശുദിനവും മാറിയിട്ടുണ്ട് എന്നുള്ളത് വസ്തുതയാണ്. പക്ഷേ ഞങ്ങളുടെ തലമുറയിൽ ശിശുദിനത്തിനു വലിയ പ്രാധാന്യമുണ്ടായിരുന്നു. ശിശുദിനത്തിനു കിട്ടുന്ന സ്റ്റാംപ് ആയിരുന്നു അന്ന് പ്രധാന ആകർഷണം. സ്റ്റാംപ് കലക്‌‌ഷൻ ഒരു ഹരമായി കൊണ്ടുനടക്കുന്നവർക്കു പ്രത്യേകിച്ച്. പിന്നെ വൈകിട്ട് നടക്കുന്ന ശിശുദിന റാലി. അതിൽ പങ്കെടുക്കാൻ കെഎസ്ആർടിസി അനുവദിച്ച സ്‌പെഷൽ ബസിൽ അങ്ങോട്ടും ഇങ്ങോട്ടും ചാച്ചാ നെഹ്‌റു സിന്ദാബാദ് എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചു കൊണ്ടുള്ള ഞങ്ങളുടെ പോക്കും വരവും. അവിടെ കിട്ടുന്ന പ്രത്യേക രുചിയുള്ള റോസ് മിൽക്ക്. അങ്ങനെയങ്ങനെ എന്തെല്ലാം ഓർമകൾ... വിഷയം കുട്ടികൾക്കിടയിലെ വായന ആണല്ലോ. ഇപ്പോൾ വായനയെ ഓർമിപ്പിക്കാൻ ഒരു വായനാദിനവും ഉണ്ട്. പക്ഷേ, ഞങ്ങളുടെ കുട്ടിക്കാലത്ത് എന്നും വായനാദിനം ആയിരുന്നു, ആർത്തി ആയിരുന്നു പുതിയ പുസ്തകങ്ങൾ കയ്യിൽ കിട്ടാൻ. ഓഫിസിൽനിന്ന് അച്ഛൻ വരുമ്പോൾ കയ്യിൽ കാണാറുള്ള ബാലരമ, അമ്പിളി അമ്മാവൻ, പൂമ്പാറ്റ ഒക്കെ നിവർത്തി ആ മണം ആസ്വദിച്ച് പടങ്ങൾ നോക്കി ആരും കാണാതെ ഒരു മൂലയിലെ കസേരയിൽ, ‌കഴിക്കാൻ എന്തെങ്കിലും എടുത്തുകൊണ്ട് ചുരുണ്ടു കൂടി ഒരിരിപ്പാണ്, ആഹാരം കഴിക്കാൻ വിളിക്കുന്നതു പോലും പലപ്പോഴും അറിയാറില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശിശു അല്ലാതായി മാറി വർഷങ്ങളായെങ്കിലും ശിശുദിനം എന്നു കേൾക്കുമ്പോൾ ഉള്ളിലെവിടെയോ വല്ലാത്ത സുഖമുള്ള ഓർമകളുടെ ഒരു തിരയിളക്കം. ഓരോ ദിവസം ഓരോന്ന് എന്ന ക്രമത്തിൽ കലണ്ടറിൽ കാണുന്ന മറ്റനേകം ദിനങ്ങൾക്കിടയിൽ ഒന്നു മാത്രം എന്ന രീതിയിൽ ശിശുദിനവും മാറിയിട്ടുണ്ട് എന്നുള്ളത് വസ്തുതയാണ്. പക്ഷേ ഞങ്ങളുടെ തലമുറയിൽ ശിശുദിനത്തിനു വലിയ പ്രാധാന്യമുണ്ടായിരുന്നു. ശിശുദിനത്തിനു കിട്ടുന്ന സ്റ്റാംപ് ആയിരുന്നു അന്ന് പ്രധാന ആകർഷണം. സ്റ്റാംപ് കലക്‌‌ഷൻ ഒരു ഹരമായി കൊണ്ടുനടക്കുന്നവർക്കു പ്രത്യേകിച്ച്. പിന്നെ വൈകിട്ട് നടക്കുന്ന ശിശുദിന റാലി. അതിൽ പങ്കെടുക്കാൻ കെഎസ്ആർടിസി അനുവദിച്ച സ്‌പെഷൽ ബസിൽ അങ്ങോട്ടും ഇങ്ങോട്ടും ചാച്ചാ നെഹ്‌റു സിന്ദാബാദ് എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചു കൊണ്ടുള്ള ഞങ്ങളുടെ പോക്കും വരവും. അവിടെ കിട്ടുന്ന പ്രത്യേക രുചിയുള്ള റോസ് മിൽക്ക്. അങ്ങനെയങ്ങനെ എന്തെല്ലാം ഓർമകൾ...

വിഷയം കുട്ടികൾക്കിടയിലെ വായന ആണല്ലോ. ഇപ്പോൾ വായനയെ ഓർമിപ്പിക്കാൻ ഒരു വായനാദിനവും ഉണ്ട്. പക്ഷേ, ഞങ്ങളുടെ കുട്ടിക്കാലത്ത് എന്നും വായനാദിനം ആയിരുന്നു, ആർത്തി ആയിരുന്നു പുതിയ പുസ്തകങ്ങൾ കയ്യിൽ കിട്ടാൻ. ഓഫിസിൽനിന്ന് അച്ഛൻ വരുമ്പോൾ കയ്യിൽ കാണാറുള്ള ബാലരമ, അമ്പിളി അമ്മാവൻ, പൂമ്പാറ്റ ഒക്കെ നിവർത്തി ആ മണം ആസ്വദിച്ച് പടങ്ങൾ നോക്കി ആരും കാണാതെ ഒരു മൂലയിലെ കസേരയിൽ, ‌കഴിക്കാൻ എന്തെങ്കിലും എടുത്തുകൊണ്ട് ചുരുണ്ടു കൂടി ഒരിരിപ്പാണ്, ആഹാരം കഴിക്കാൻ വിളിക്കുന്നതു പോലും പലപ്പോഴും അറിയാറില്ല.

എം.എസ്. അജോയ് കുമാർ (Photo: Special Arrangement)
ADVERTISEMENT

എന്റെ കാര്യം പറയുകയാണെങ്കിൽ ക്രമേണ കുട്ടികളുടെ പുസ്തകങ്ങൾക്കൊപ്പം ഞാൻ കയ്യിൽ കിട്ടുന്ന എന്തും വായിക്കാൻ തുടങ്ങി. അമ്മൂമ്മയുടെ വലിയ തടി അലമാരയിലെ ,മാർത്താണ്ഡ വർമ, ജാഹ്നവി, ധർമരാജ, വിക്രമാദിത്യൻ, മാക്സിം ഗോർക്കിയുടെ അമ്മ, അങ്ങനെ അർഥം മനസിലാക്കാതെ വായിച്ചു കൂട്ടിയവ എത്രയെത്ര. ക്രമേണ ലൈബ്രറിയിൽനിന്ന് കിട്ടിയ കാനം, മുട്ടത്തു വർക്കി, കോട്ടയം പുഷ്പനാഥ്‌, നീലകണ്ഠൻ പരമാര അങ്ങനെ പോയി വായന. വിദേശത്തുനിന്നുള്ള ബന്ധു സമ്മാനിച്ച ടിൻ ടിൻ, ആസ്റ്റെറിക്സ്, ആർച്ചി, റിച്ചീ റിച്ച്, അമർ ചിത്രകഥ, ഫാന്റം, മാൻഡ്രേക്ക്... അങ്ങനെ വായന വളർന്ന് ഒടുവിൽ നന്തനാരും ഉണ്ണിക്കുട്ടന്റെ ലോകവുമൊക്കെ കടന്ന് ബഷീറും എംടിയും വികെഎന്നും സിഡ്‌നി ഷെൽടണും ഇർവിങ് വാലസുമൊക്കെ വഴി ലോകസാഹിത്യത്തിൽ എത്തി നിന്നു.

ഒരു സുഹൃത്ത് പുതിയ ഒരു പുസ്തകം എങ്ങനെയെങ്കിലും കൈക്കലാക്കി എന്നറിഞ്ഞാൽ അസൂയയോടെ, അതൊന്നു വായിക്കാൻ കിട്ടാനായി വീടിനു പുറത്തു പോയി നിൽക്കുകയും, അതിനു വേണ്ടി അവരുടെ കാലു പിടിക്കാൻ വരെ തയാറാവുകയും ചെയ്യുമായിരുന്ന കാലമുണ്ടായിരുന്നു. ഇതൊക്കെ പറഞ്ഞാൽ ഇപ്പോൾ ആരെങ്കിലും വിശ്വസിക്കുമോ!

ഇത് എന്റെ മാത്രം കഥയല്ല. അൻപതുകളിലോ അതിനു മുകളിലോ ഉള്ള പ്രായമുള്ള സകല മലയാളികളുടെയും കഥ ഏകദേശം ഇതു തന്നെ ആയിരിക്കണം. ടിവി, കംപ്യൂട്ടർ, വിഡിയോ ഗെയിം അങ്ങനെയുള്ള മറ്റു വിനോദോപാധികളുടെ അക്കാലത്തെ അഭാവം ഈ വായനാ ഭ്രാന്തിന് ഒരു പ്രധാന കാരണംതന്നെ ആയിരുന്നിരിക്കാം. ടിവി ഒരു കേട്ടുകേൾവിയും സിനിമ മാസത്തിൽ ഒരിക്കലോ മറ്റോ കിട്ടുന്ന ഒരു അപൂർവ സമ്മാനവും ആയ കാലമായിരുന്നല്ലോ അത്.

∙ രാത്രി വരുന്ന ‘ഡ്രാക്കുള’!

പണ്ടൊക്കെ ഒരു പുസ്തകം കിട്ടാൻ ആർത്തിയോടെ ലൈബ്രറികളിൽ പോയി നിന്ന കാലം ഇപ്പോഴും ഓർമയിലുണ്ട്. ലൈബ്രേറിയന്റെ ഒരു ചിരിക്കായി കാത്തു നിന്നിട്ടുണ്ട്, ആ ചിരി കിട്ടാനായി കൂട്ടുകാർ തമ്മിൽ മത്സരമാണ്. കാരണം ലൈബ്രേറിയാൻ ‘പ്രസാദിച്ചാലേ’ നല്ല പുസ്തകങ്ങൾ വായിക്കാൻ കിട്ടൂ. അല്ലെങ്കിൽ ചോദിക്കുന്ന പുസ്തകങ്ങൾ ഒക്കെ, ‘‘ഇപ്പോൾ ഇല്ല‌, ആരോ എടുത്തു’’ എന്നെല്ലാമുള്ള കള്ളം കേൾക്കേണ്ടി വരും. അതുപോലെത്തന്നെ ഒരു സുഹൃത്ത് പുതിയ ഒരു പുസ്തകം എങ്ങനെയെങ്കിലും കൈക്കലാക്കി എന്നറിഞ്ഞാൽ അസൂയയോടെ, അതൊന്നു വായിക്കാൻ കിട്ടാനായി വീടിനു പുറത്തു പോയി നിൽക്കുകയും, അതിനു വേണ്ടി അവരുടെ കാലു പിടിക്കാൻ വരെ തയാറാവുകയും ചെയ്യുമായിരുന്ന കാലമുണ്ടായിരുന്നു. ഇതൊക്കെ പറഞ്ഞാൽ ഇപ്പോൾ ആരെങ്കിലും വിശ്വസിക്കുമോ എന്നറിയില്ല. 

(ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

വെക്കേഷന് നാട്ടിൽ വരുന്ന ബന്ധുക്കൾ സമ്മാനമായി കോമിക്കുകൾ ആവണേ കൊണ്ടുവരുന്നതെന്ന് എത്രയോ തവണ പ്രാർഥിച്ചിട്ടുണ്ട്. ഡ്രാക്കുള പോലുള്ള ചില പേടിപ്പെടുത്തുന്ന പുസ്തകങ്ങളും കുറ്റാന്വേഷണ കഥകളും വായിക്കാൻ അനുവാദം ഇല്ലാതിരുന്നതിനാൽ ആരും കാണാതെ കട്ടിലിനടിയിൽ ഒളിച്ചിരുന്നാവും വായന. രാത്രി ആവുമ്പോൾ അതിലെ കഥാപാത്രങ്ങൾ അലമാരയുടെയോ കതകിന്റെയോ പിറകിൽ ഒളിച്ചിരിപ്പുണ്ടെന്നു സംശയം തോന്നും. പേടിയുടെ കാരണം പുറത്തു പറഞ്ഞാൽ അടി കിട്ടും എന്നുള്ളതിനാൽ ഇടയ്ക്കുണ്ടാവുന്ന മൂത്രശങ്ക പോലും രാവിലെ വരെ അടക്കിവച്ച് കിടക്കും. 

മരം കയറാനും കറങ്ങി നടക്കാനും വല്ലാത്ത താൽപര്യം ഉണ്ടായിരുന്ന ഞാൻ പക്ഷേ, പുതിയ പുസ്തകം ഏതെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ മനസ്സു മാറ്റും. കളിക്കാൻ വിളിക്കുന്ന കൂട്ടുകാരോട് ഞാൻ അവിടെ ഇല്ലെന്നു പറയാൻ എത്രയോ തവണ അമ്മൂമ്മയോട് അപേക്ഷിച്ചിരിക്കുന്നു.

സത്യം പറഞ്ഞാൽ ഒരു പരിധി വരെ അക്കാലത്തെ മാതാപിതാക്കളും ആ വായനാശീലത്തെ എതിർത്തിട്ടില്ല. പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളൂ. ഇന്നത്തെ പോലെ ഫ്ലാറ്റുകളും വീടുകളുംകൊണ്ട് നിറഞ്ഞിട്ടില്ലാത്തതിനാൽ അവധി ദിവസങ്ങളിലും വെക്കേഷൻ കാലങ്ങളിലും സമീപത്തെ പറമ്പുകളിലെ സകല മരങ്ങളിലും വലിഞ്ഞു കയറി അപകടകരമായ അഭ്യാസങ്ങൾ കാഴ്ചവച്ചിരുന്ന കുട്ടിക്കുറുമ്പുകാരെ വീടിനുള്ളിൽ ഒരു പരിധി വരെ തളച്ചിടാൻ വായനയ്ക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടുമായിരിക്കാം മാതാപിതാക്കൾ വായനയെ പ്രോത്സാഹിപ്പിച്ചത്. മരം കയറാനും കറങ്ങി നടക്കാനും വല്ലാത്ത താൽപര്യം ഉണ്ടായിരുന്ന ഞാൻ പക്ഷേ, പുതിയ പുസ്തകം ഏതെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ മനസ്സു മാറ്റും. കളിക്കാൻ വിളിക്കുന്ന കൂട്ടുകാരോട് ഞാൻ അവിടെ ഇല്ലെന്നു പറയാൻ എത്രയോ തവണ അമ്മൂമ്മയോട് അപേക്ഷിച്ചിരിക്കുന്നു.

(ഫയൽ ചിത്രം: മനോരമ)

∙ ഷെഫും ഭക്ഷണപ്രേമിയും!

മറ്റുള്ള വിനോദോപാധികളേക്കാൾ വായനയ്ക്ക് ഒരു വലിയ പ്രത്യേകതയും ഗുണവുമുണ്ട്. എന്നോട് വായനയെപ്പറ്റി ചോദിച്ച പലരോടും ഞാനത് പറഞ്ഞിട്ടുമുണ്ട്. പണ്ട് ഏതെങ്കിലുമൊക്കെ കഥകൾ വായിച്ചുകൊണ്ടിരുന്ന അല്ലെങ്കിൽ അമ്മൂമ്മയോ മറ്റോ വായിച്ചു കൊടുത്തിരുന്ന കഥകൾ കേട്ടുകൊണ്ടിരുന്ന ഒരു കുട്ടിയുടെ മനസ്സിൽ ആ കഥ ദൃശ്യവൽക്കരിക്കപ്പെടുകയാണു ചെയ്യുന്നത്. കഥയിലെ പല കാര്യങ്ങളും  കുട്ടി അവന്റേതായ രീതിയിൽ മനസ്സിൽ കാണും. കുതിരപ്പുറത്തു വാളുംകൊണ്ടു വരുന്ന രാജകുമാരന് ഓരോ കുട്ടികളുടെ മനസ്സിലും ഓരോ രൂപമാകും ഉണ്ടാവുക. ആ കഥകൾതന്നെ ഇക്കാലത്ത് ടിവിയിലൂടെയും മൊബൈലിലൂടെയുമെല്ലാം വിവിധ മാധ്യമങ്ങൾ പകർന്നുതരുമ്പോൾ അത് അതേപടി കാണുന്നതല്ലാതെ ആ കുട്ടിയുടെ ക്രിയാത്മകമായ ചിന്തകളൊന്നും പ്രവർത്തിക്കില്ല. അതായത്, പലപല ചേരുവകൾ വാങ്ങിത്തന്ന് നമ്മളോട് ഭക്ഷ്യ വിഭവങ്ങൾ ഉണ്ടാക്കാൻ പറയുന്നതും നമ്മൾ ആ വിഭവം ഓർഡർ ചെയ്തു വാങ്ങുന്നതും തമ്മിലുള്ള വ്യത്യാസം.

ADVERTISEMENT

ആദ്യത്തെ കുട്ടി നല്ലൊരു ഷെഫ് (കഥാകാരൻ) ആയി മാറാൻ സാധ്യത ഉള്ളപ്പോൾ രണ്ടാമത്തെ കുട്ടി കിട്ടുന്നത് അതേപടി വിഴുങ്ങുന്ന ഒരു ഭക്ഷണപ്രേമി (വെറും കാഴ്ചക്കാരൻ) ആയി മാറാനാണു സാധ്യത. അൻപതുകളോടെ അത്തരം ഭ്രാന്തു പിടിച്ച വായന നിന്നു എന്നു ഞാൻ പറഞ്ഞല്ലോ. അതിനു ശേഷമുള്ള, ഇപ്പോൾ നാൽപതുകളിലും മുപ്പതുകളിലും എത്തിയ ഒരു തലമുറയിൽ ഭൂരിപക്ഷവും, എൻട്രൻസ്, റാങ്ക്, എൻജിനീയർ, ഡോക്ടർ എന്നിങ്ങനെ ‘വാർത്തുവച്ച’ തലമുറയായി മാറുന്നു. എന്തുകൊണ്ടോ വായന പാഠപുസ്തകങ്ങളിൽ മാത്രം ഒതുക്കണമെന്നും ജീവിത വിജയം കൈവരിച്ച ശേഷം മതി ബാക്കിയെല്ലാം എന്നു ശാഠ്യം പിടിക്കുന്ന മാതാപിതാക്കളുടെ ‘തലമുറ’യും ഇതോടൊപ്പം വളർന്നുവന്നു. ടിവി, വിഡിയോ, മൊബൈൽ ഗെയിം എന്നിവയുടെ കടന്നു വരവും അവരെ വായനയിൽനിന്ന് ഒരു പരിധി വരെ അകറ്റിയിട്ടുണ്ടാകാം. മേൽപ്പറഞ്ഞതിനൊക്കെ അപവാദമായിരുന്ന കുട്ടികളും ഇപ്പറഞ്ഞ എല്ലാ തലമുറകളിലും ഉണ്ടാവാം. അതായത് വായന ഇല്ലാതിരുന്ന അൻപതുകാരും, ഉണ്ടായിരുന്ന നാൽപതുകാരും മുപ്പതുകാരും ഉണ്ടാവാം. പൊതുവേ പറഞ്ഞെന്നേ ഉള്ളൂ.

സ്കൂളിലേക്കുള്ള യാത്രയിൽ പാഠപുസ്തകം വായിക്കുന്ന വിദ്യാർഥിനി (ഫയൽ ചിത്രം: മനോരമ)

ഇനി ഈ തലമുറയുടെ കാര്യം പറഞ്ഞാൽ അതൊരു അദ്ഭുതമാണ്, ഒരു ബാലസാഹിത്യകാരൻ എന്ന നിലയിൽ പ്രത്യാശയുമാണ്, നേരത്തേ പറഞ്ഞ ഗെയിംസ്, ടിവി, മൊബൈൽ, സമൂഹമാധ്യമ, ഒടിടി പ്ലാറ്റുഫോമുകൾ തുടങ്ങിയവ. പണ്ടൊന്നും ചിന്തിക്കാനാവാത്ത തലത്തിൽ വായനയുടെ ബദലുകൾ എത്തി നിൽക്കുന്ന ഇക്കാലത്ത് ഇപ്പോഴത്തെ ബാല്യ കൗമാരക്കാർ, അതിനൊപ്പംതന്നെ വായനയെ ഗാഢമായി പുണരുന്ന കാഴ്ചയാണ് ചുറ്റിലും കാണുന്നത്. സത്യത്തിൽ വളരെ സന്തോഷം തോന്നാറുണ്ട്. വായന മരിച്ചു, നാളെ മരിക്കും എന്നൊക്കെ പലരും പറയുമ്പോൾ ഉറക്കെ പറയണമെന്നുണ്ട്, ഇല്ല, വായന ഒരിക്കലും മരിക്കില്ല. വായനയെ ആർക്കും കൊല്ലാനും കഴിയില്ല.

∙ സന്തോഷം തരുന്ന വായന

എന്താണ് ഇങ്ങനെയൊരു വായനയെ സ്നേഹിക്കുന്ന കുഞ്ഞുതലമുറ വീണ്ടും വളരാൻ കാരണം എന്നു ഞാൻ ഇടയ്ക്ക് ആലോചിക്കാറുണ്ട്. ഒരുപക്ഷേ തങ്ങളുടെ മുൻ തലമുറ ആസ്വദിച്ചതും പല കാരണങ്ങളാൽ സാധിക്കാതിരുന്നതുമായ വായന തങ്ങളുടെ മക്കൾക്കുണ്ടാവണം എന്ന ചിന്ത നേരത്തേ ഞാൻ പറഞ്ഞ 30–40 വയസ്സുകാർക്കിടയിൽ ഉള്ളതു തന്നെയാവാം കാരണം. ഒരു കുറ്റബോധത്തോടെ അവർ തങ്ങളുടെ മക്കളുടെ വായനാശീലം വളർത്താൻ ശ്രമിക്കുന്നു, അതിൽ വിജയിക്കുന്നു. 

കോമിക് പുസ്തകം വായിക്കുന്ന കുട്ടികൾ (ഫയൽ ചിത്രം: മനോരമ)

കുട്ടികളുടെ വായനാശീലം കൂടുന്നു എന്നു ഞാൻ പറഞ്ഞത് വ്യക്തമായ സ്വയം ബോധ്യത്തിന്റെ കൂടി അടിസ്ഥാനത്തിൽ ആണ്. എന്റെ പുസ്തകങ്ങൾ വേണമെന്നു പറഞ്ഞു വിളിക്കുന്ന ചില മാതാപിതാക്കൾ പറയാറുള്ളത്, ‘‘ചേട്ടാ അവർ നല്ല പുസ്തകങ്ങൾ വായിച്ചു വളരണം, അതിനു വേണ്ടിയാണ് ഞാൻ ഇത്തരം പുസ്തകങ്ങൾ വാങ്ങിക്കുന്നത്’’ എന്നാണ്. ചിലർ പറയുന്നതാവട്ടെ, ‘‘ഇംഗ്ലിഷ് പുസ്തകങ്ങൾ കുട്ടികൾ ധാരാളം വായിക്കുന്നുണ്ട്, മലയാളം കൂടി വായിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. അതിനു വേണ്ടിയാണ് ഈ പുസ്തകങ്ങൾ വേണമെന്നു പറഞ്ഞത്’’ എന്നാണ്. രണ്ടു രീതിയിൽ ആയാലും വല്ലാത്ത സന്തോഷം തോന്നും. നല്ല പുസ്തകം വായിച്ചു വളരണം എന്നതും മാതൃഭാഷാപുസ്തകങ്ങൾ കൂടി വായിക്കണം എന്നതും എന്തു നല്ല തോന്നലുകൾ ആണ്.

അതുതന്നെയാണ്, ഇത്തരം ചിന്തകൾ ഉള്ള മാതാപിതാക്കൾ തന്നെയാണ്, ഈ കുഞ്ഞു തലമുറയുടെ അനുഗ്രഹം, ശക്തി. അവർ വായിച്ചു വളരുന്നതിന് ശക്തമായ അടിസ്ഥാനം പകരണം. വെറുതെ പഠിത്തം പഠിത്തമെന്നു മാത്രം ഉരിയാടിക്കൊണ്ടിരിക്കാതെ, ജീവിത വിജയമെന്നാൽ നല്ലൊരു ജോലി മാത്രമാണെന്ന് പറഞ്ഞു പഠിപ്പിക്കാതെ അതിനൊപ്പം നല്ല വായനയും വേണമെന്ന് അവരെ മനസിലാക്കിക്കൊടുക്കണം. അതിനവരെ സഹായിക്കണം. അങ്ങനെ ചെയ്യുന്ന എല്ലാ മാതാപിതാക്കൾക്കും ഇരിക്കട്ടെ ഈ ശിശുദിനത്തിൽ ഒരു ബിഗ് സല്യൂട്ട് എന്റെ വക.

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽനിന്നുള്ള ചിത്രം ∙ മനോരമ

(എം.എസ്. അജോയ് കുമാർ എഴുതിയ മൂന്ന് കുട്ടി അനുഭവങ്ങൾ കൂടി വായിച്ചാലോ...’

∙ ‘‘അങ്ങനെ ഒരു പ്രധാനമന്ത്രിയോ, കൊള്ളാമല്ലോ..’’

മലയാളം മീഡിയത്തിൽ പഠിച്ചുകൊണ്ടിരുന്നതിനാൽ ആവണം ഞാൻ ചിൽഡ്രൻസ് ഡേ എന്നു കേട്ടിട്ടേ ഇല്ല. ശിശുദിനം, അതായിരുന്നു അന്നൊക്കെ ആ ദിവസത്തിന്റെ പേര്, ഒരു ദിവസം ഉച്ച ആയപ്പോൾ സ്‌കൂളിൽനിന്ന് ഞങ്ങളെ എല്ലാവരെയും കൂടി ഒരുക്കിക്കെട്ടി മ്യൂസിയത്തിനു മുന്നിലേക്കു കൊണ്ടു പോയി. ശിശുദിന റാലി ആണത്രേ. അവിടെ വച്ചാണ് ആദ്യമായി തണുത്ത റോസ് മിൽക്ക് കുടിക്കുന്നത്. എവിടെ ചൂണ്ടിക്കാണിച്ചാലും, ‘‘ഏയ്.. അത് കൊള്ളൂല, ജലദോഷം പിടിക്കും’’ എന്ന് പറയുന്ന അച്ഛൻ അടുത്തില്ലായിരുന്നല്ലോ. റോസ്‌മിൽക്കും ഒരു ബണ്ണും വരുന്ന എല്ലാ കുട്ടികൾക്കും ഉണ്ട്. അതും കുടിച്ച് ഞങ്ങൾ റോസ് നിറത്തിൽ ഉള്ള മീശയുമായി നിന്നു.

വെള്ള ഷർട്ടും തോന്നിയ നിറത്തിൽ ഉള്ള നിക്കറും ഇട്ട, യൂണിഫോം എന്താണെന്നു കേട്ടിട്ടില്ലാത്ത ചെട്ടികുളങ്ങര സ്കൂളിലെ കുട്ടികളെ, അതായത് ഞങ്ങളെ, തിളങ്ങുന്ന യൂണിഫോമിൽ നിന്നിരുന്ന ഹോളി ഏഞ്ചൽസ്, കാർമൽ, ലയോള എന്നീ സ്കൂളുകളിലെ കുട്ടികൾ ‘‘ഇവനൊക്കെ എവിടന്നു വന്നെടാ’’ എന്ന രീതിയിൽ രൂക്ഷമായി നോക്കി. അതു വകവയ്ക്കാതെ ഞങ്ങൾ മാർച്ച്‌ പാസ്റ്റിനുള്ള ക്യൂവിൽ കയറി നിന്നു. അൽപം കഴിഞ്ഞപ്പോൾ ഒരു മീശക്കാരൻ സാർ വന്ന് ഞങ്ങളെ തോണ്ടിയെടുത്ത് ആ വരിയുടെ ഏറ്റവും പുറകിൽ കൊണ്ടിട്ടു. കാരണം കാണാൻ ഒരു ചേലില്ലത്രേ, കുറച്ചു കഴിഞ്ഞു മാർച്ച്‌ പാസ്റ്റ് തുടങ്ങാൻ ഉള്ള ബാൻഡ് മേളം കേട്ടപ്പോൾ കൂടെ ഉണ്ടായിരുന്ന മൊട്ട ഗോപൻ അലറി.

‘‘ഇന്ദിരാ ഗാന്ധി ഇന്ദിരാ ഗാന്ധി..’’

ഞങ്ങൾ അന്തംവിട്ട് എത്തിനോക്കി, ഏതോ ഒരു കൊച്ചു പെൺകുട്ടി ഒരു തുറന്ന ജീപ്പിൽ വരുന്നു, നെഞ്ചിൽ ഒരു റോസാപ്പൂവും ഉണ്ട്. അയ്യോ ഇതല്ലല്ലോ ഇന്ദിരാ ഗാന്ധി. അപ്പോൾ മൊട്ട ഗോപൻ പറഞ്ഞു. ‘‘എനിക്കറിഞ്ഞു കൂടാ, ഇപ്പൊ ആ പോലീസുകാരൻ പറഞ്ഞു ഇതാ പ്രധാനമന്ത്രി വരുന്നൂന്ന്’’. ഇതു കേട്ടപ്പോൾ ഞങ്ങളുടെ കൂടെ വന്ന രമണി ടീച്ചർ പറഞ്ഞു, ‘‘ഈ കുട്ടീടെ ഒരു കാര്യം. അതേയ് കുട്ട്യോൾടെ പ്രധാനമന്ത്രിയാ, ഇന്ദിരാ ഗാാന്ധി അല്ലാട്ടാ’’.

(ചിത്രീകരണം: അജോയ് കുമാർ)

അങ്ങനെ ഒരു പ്രധാനമന്ത്രിയോ, കൊള്ളാമല്ലോ. അങ്ങനെ മാർച്ച്‌ പാസ്റ്റ് തുടങ്ങി. പള പളാ യൂണിഫോംധാരികളുടെ പിന്നാലെ ഒരു അവശിഷ്ടം പോലെ ഞങ്ങളും നടന്നു, സെൻട്രൽ സ്റ്റേഡിയത്തിൽ എത്തി, ‘പ്രധാനമന്ത്രി’ പ്രസംഗിച്ചു, വേറെ പലരും പ്രസംഗിച്ചു, ഞങ്ങൾ അവിടെ ഇരുന്ന് ഉറക്കം തൂങ്ങി, ഒടുവിൽ വിളിച്ചുകൊണ്ടു വന്ന അതേ കെഎസ്ആർടിസി ബസിൽതന്നെ ഞങ്ങളെ തിരിച്ചു സ്‌കൂളിൽകൊണ്ട് വിട്ടു, അതിൽ ഇരുന്നു പോകവേ ആവേശംകൊണ്ട് മോട്ട ഗോപൻ ഉറക്കെ നെഹ്‌റുവിന് അഭിവാദ്യം അർപ്പിക്കാൻ തുടങ്ങി.

സ്റ്റേഡിയത്തിൽ ആരോ വിളിക്കുന്നതു കേട്ടാണ് അവനാ വാക്ക് കിട്ടിയത്. ഞങ്ങൾ എല്ലാരും തൊണ്ട പൊട്ടുമാറ് ഉച്ചത്തിൽ ഏറ്റു വിളിച്ചു, റോഡിലെ ജനം അദ്ഭുതത്തോടെ ബസിലേക്ക് നോക്കിയപ്പോൾ ഞങ്ങളുടെ ആവേശം ഇരട്ടിച്ചു. അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ രമണി ടീച്ചർ സംഹാര രുദ്രയായി വന്നു, ടീച്ചറിനെ അത്ര ദേഷ്യത്തിൽ ഞങ്ങൾ കണ്ടിട്ടേ ഇല്ല.

‘‘കുട്ട്യോളെ, ഇനി ഇങ്ങനെ വിളിച്ചാൽ ഞാൻ ബസീന്നു പിടിച്ചു വെളീൽ തള്ളും ട്ടാ’’

‘‘എന്താ ടീച്ചർ? നെഹ്‌റു കുട്ടികളെ ഒരുപാടു സ്നേഹിച്ചിരുന്ന നേതാവല്ലേ, ആ ഓർമയ്ക്കല്ലേ ശിശുദിനം? പിന്നെ ഇങ്ങനെ ജയ് വിളിച്ചാൽ എന്താ?’’

‘‘അതന്നെയാ പറഞ്ഞെ, മൂപ്പരെ ഇങ്ങനെ അപമാനിക്കല്ലേന്ന്’’

‘‘അപമാനമോ?’’

‘‘അതേയ് നീ ഒക്കെ വിളിച്ചതുപോലെ ചോച്ചാ നെഹ്‌റു കീ ജയ് അല്ല...’’

‘‘പിന്നെ?’’

‘‘ചാച്ചാ നെഹ്‌റു കീ ജയ്’’

∙ ‘‘സത്യം പറയെടീ, നീ അല്ലേ ആ കിരാത യക്ഷി’’

ഡിസംബറിലെ ഒരു രാത്രി. പുറത്തു വീശുന്ന ശീതക്കാറ്റിനെ പ്രതിരോധിക്കാൻ ഡിറ്റക്റ്റീവ് മാർക്സിൻ തന്റെ ഓവർ കോട്ടിന്റെ പോക്കറ്റിൽനിന്ന് ഒരു ഹാഫ് എ കൊറോണ ചുരുട്ടെടുത്തു കത്തിച്ച് പുക പുറത്തേക്കൂതി. പിന്നെ ആ യുവതിയോട് ചോദിച്ചു. ‘‘നൈൽ നദിയുടെ വശ്യതയും ആമസോൺ കാടുകളുടെ വന്യതയും ചേർന്ന സുന്ദരീ, നീ ആരാണ്?’’

‘‘അഹങ്കാരീ, .മുട്ടയിൽനിന്നു വിരിഞ്ഞില്ല. അവൻ അച്ഛന്റെ ഷർട്ടും എടുത്തിട്ട് സിഗരറ്റു കുറ്റി എടുത്തു വായിലും വച്ച് സാഹിത്യം പറയുന്നു..’’

അമ്മൂമ്മ അലറി.

ജീവിതത്തിൽ ആദ്യമായി വായിച്ച കുറ്റാന്വേഷണ പുസ്തകം ആയിരുന്നു കോട്ടയം പുഷ്പനാഥിന്റെ ചുവന്ന മനുഷ്യൻ, ബാലരമയും അമ്പിളി അമ്മാവനും പൂമ്പാറ്റയും വായിച്ചിരുന്ന സമപ്രായക്കാർക്കിടയിൽ ലൈബ്രറിയിൽനിന്ന് ആരെങ്കിലും കൊണ്ടുവയ്ക്കുന്ന അത്തരം പുസ്തകങ്ങൾ വായിച്ചിരുന്ന രവിക്കുട്ടൻ രാത്രിയുടെ അന്ത്യയാമങ്ങളിൽ താനറിയാതെ ഡിറ്റക്റ്റീവ് മാർക്സിൻ ആയി മാറുമായിരുന്നു.

(ചിത്രീകരണം: അജോയ് കുമാർ)

‘‘സത്യം പറയെടീ, നീ അല്ലേ ആ കിരാത യക്ഷി’’ എന്ന് അലറിക്കൊണ്ട് രവിക്കുട്ടൻ അനിയത്തിയുടെ തലയിൽ പൗഡർ ടിൻ എടുത്തെറിഞ്ഞ ദിവസം വീട്ടിനുള്ളിൽ ഡിറ്റക്ടീവ് നോവലുകൾ നിരോധിക്കപ്പെട്ടു. പിന്നെ രഹസ്യമായിട്ടായിരുന്നു വായന.

ഡ്രാക്കുളയുടെ അങ്കി എന്ന പുസ്തത്തിന്റെ പേര് റാക്കുളയുടെ തങ്കി എന്ന് ലൈബ്രേറിയനോട് തെറ്റിച്ചു പറഞ്ഞ് ചമ്മി അതുംകൊണ്ട് വന്നു വായിച്ച രവിക്കുട്ടൻ ഉറങ്ങുന്നതിനു മുൻപ് അലമാരയുടെ പിറകിലും കട്ടിലിന്റെ അടിയിലുമെല്ലാം ഡ്രാക്കുള ഒളിച്ചിരിപ്പുണ്ടോ എന്നു പല തവണ നോക്കി. രാത്രി മൂത്രം ഒഴിക്കാൻ എണീറ്റ അച്ഛനെ കണ്ടു പേടിച്ച്, എവിടെനിന്നോ  ഒപ്പിച്ചു വച്ചിരുന്ന കുരിശെടുത്തു കാണിച്ച് ‘‘പുറത്തു പോ പിശാചേ’’ എന്ന് ഉറക്കെ അലറി കയ്യോടെ അടി വാങ്ങി.

അങ്ങനെ ഒക്കെ ഒരു കാലം. മാർക്സിൻ എലിസബത്ത് ജോൺസൺ, പുഷ്പരാജ്, മോഹിനി,ബാനർജി... അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ സ്വന്തം ആളുകളായി മാറി. പിന്നീട് വായന വളർന്ന് വികെഎൻ, ബഷീർ, എംടി, മുകുന്ദൻ, ആനന്ദ് വഴി കോനൻ ഡോയൽ, ഇർവിങ് വാലസ്, റോബർട്ട് ലഡ്‌ലം, ഷെൽഡൺ, സ്റ്റീഫൻ കിങ് അങ്ങനെ പോയെങ്കിലും കോട്ടയം പുഷ്പനാഥും മുട്ടത്തു വർക്കിയും കാനവുമെല്ലാം ഉള്ളിൽ എവിടെയോ എന്നും ഉണ്ടായിരുന്നു, സുന്ദര സുരഭിലമായ ഒരു വായനക്കാലം കുട്ടിക്കാലത്തു സമ്മാനിച്ച മഹാന്മാർ.

ഇനി വീണ്ടും ഇതൊക്കെ പഴയ ആവേശത്തോടെ വായിച്ചു തീർക്കണം. തനിയെ രാത്രി ഇരുന്നു പേടിയോടെ വായിക്കുമ്പോൾ അമ്മൂമ്മയോ അച്ഛനോ പിന്നിലൂടെ വന്ന് ‘‘ഡാ പഠിക്കാനുള്ള സമയത്ത് ഇതാണോ വായന’’ എന്ന് ഉറക്കെ ചോദിച്ചു ഞെട്ടിച്ചാലോ? അങ്ങനെ ഒരു പ്രതീക്ഷ ഉള്ളിൽ എവിടെയോ.

∙ അന്നുറപ്പായി, വായന ഒരിക്കലും മരിക്കില്ല

മാസങ്ങൾക്കു മുൻപാണ് ഒരു വിളി വരുന്നത്.

‘‘ഹെലോ അജോയ് കുമാർ സാറല്ലേ?’’

ഒരു സ്ത്രീ ആണോ കുട്ടി ആണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ശബ്ദം, ഞാൻ പറഞ്ഞു.

‘‘അതേ, ആരാണ്’’

‘‘സാറെ എന്റെ പേരേ അനുമോദ് എന്നാണേ, ഞാൻ നെടുമങ്ങാട് സ്‌കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്നു. സാറിന്റെ പുസ്തകം വായിച്ചു സാറെ, അപ്പം മുതലേ വിളിക്കണം എന്ന് വിചാരിച്ചു സാറെ, ഇപ്പഴാണ് അമ്മൂമ്മ വിളിച്ചു തന്നത്, അടിപൊളി ബുക്ക് സാറെ, ഇതൊക്കെ സത്യം തന്നേ സാറെ? ആ കഥ ഒക്കെ?’’

ചിത്രം: മനോരമ

ഒറ്റ ശ്വാസത്തിൽ ആ കുട്ടി ചോദിച്ച ചോദ്യങ്ങൾ ആണ്, സാധാരണ ഗതിയിൽ എന്നെ സാർ എന്ന് ആര് വിളിച്ചാലും ചേട്ടൻ മതി സാർ വിളി വേണ്ട എന്നാണ് ഞാൻ പറയാറ്, പക്ഷെ ഇതിപ്പോ ഒരു കൊച്ചു കുട്ടി ആയതുകൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല. ‘‘ഞാൻ അമ്മൂമ്മേടെ കയ്യിൽ കൊടുക്കാമെ’’ എന്ന് പറഞ്ഞ് അവൻ ഫോൺ കൈമാറി. ‘‘സാറേ ക്ഷമിക്കണേ, അവൻ സാറിനെ വിളിക്കണം എന്നും പറഞ്ഞു കുറെ ദിവസം കൊണ്ടേ ഇവിടെക്കിടന്നു ബഹളമാണ്, മൂന്നോ നാലോ തവണ ആ പുസ്തകം എടുത്തോണ്ട് വന്നു, എന്നെ വായിച്ചു കേൾപ്പിക്കൽ ആണ് പണി, അവനെ ഞാൻ ആണ് വളർത്തുന്നത്, അച്ഛനും അമ്മേം ഇല്ല, സാറിന് ഒന്നും തോന്നല്ലേ’’.

ഞാൻ പറഞ്ഞു. ‘‘കൊള്ളാം എന്ത് തോന്നാൻ, സന്തോഷമേ ഉള്ളു, അവനെ മിടുക്കനായി വളർത്തണം, എന്റെ പുതിയ പുസ്തകങ്ങൾ ഞാൻ അയച്ചു തരാം കേട്ടോ, അഡ്രസ് അയക്കണേ..’’. പിന്നെയും കുറേക്കാലം കഴിഞ്ഞ് അവരുടെ ഫോൺ വന്നു. ‘‘ഞാൻ അയയ്ക്കാമെന്നു പറഞ്ഞ പുസ്തകങ്ങൾ അയച്ചില്ല, അവൻ എന്നും ചോദിക്കും, പിന്നെ കവി മധുസൂദനൻ നായർ സാറിന്റെ നമ്പർ വേണം, അവനു വിളിക്കാൻ ആണെ’’ന്ന്. ഞാൻ നമ്പർ തപ്പിയെടുത്ത് അയച്ചു കൊടുത്തു. ഇതുപോലെ എത്രയെത്രെ ഫോൺ കോളുകൾ, എല്ലാ പുസ്തകങ്ങളും വായിച്ച കുഞ്ഞുങ്ങളുടെ സംശയങ്ങൾ, എന്നെ കാണാൻ വേണ്ടി അച്ഛനെയോ അമ്മയെയോ വിളിച്ചുകൊണ്ട് ഓഫിസിലും വീട്ടിലും വരുന്നവർ, അവർ കഥകളെ സ്നേഹിക്കുന്നു. സംശയങ്ങൾ ചോദിക്കുന്നു. അടുത്ത പുസ്തകം എന്നാണ് ഇറങ്ങുന്നതെന്നു ചോദിക്കുന്നു. 

കുട്ടികൾക്കൊപ്പം എം.എസ്. അജോയ് കുമാർ . (Photo Arranged)

വായന മരിക്കുന്നോ? ഒരിക്കലുമില്ല. കഴിയുന്നതും ചടങ്ങുകൾ ഒഴിവാക്കുന്ന ഒരാൾ എന്ന നിലയിൽ പല സ്‌കൂളുകളിൽനിന്നുമുള്ള ക്ഷണം ഞാൻ സ്നേഹത്തോടെ നിരസിക്കാറുണ്ട്. ഒരിക്കൽ ജഗതി യുപി സ്‌കൂളിൽ പോകേണ്ടി വന്നു. മിക്ക കുഞ്ഞുങ്ങളും അടുത്തുള്ള ചെങ്കൽ ചൂള എന്ന സ്ഥലത്തെ സാധാരണ തൊഴിലാളികളുടെ മക്കളാണ്. പക്ഷേ സ്‌കൂൾ ലൈബ്രറിയിലെ എന്റെ പുസ്തകങ്ങൾ വായിച്ച അവർ സ്നേഹത്തോടെ ചുറ്റും കൂടി, ഒരുപാട് കാര്യങ്ങൾ ചോദിച്ചു. വല്ലാത്ത ഒരു അനുഭവമായിരുന്നു. അതിനു ശേഷം എല്ലാ ക്ലാസ് മുറികളിലും ഹെഡ്‌മാസ്റ്റർക്കൊപ്പം പോയിരുന്നു. സകല ക്ലാസിലും ഓരോ ചെറുവായനശാല തയാറാക്കിയിരിക്കുന്നു. എന്തൊരു സന്തോഷം തോന്നിയെന്നോ. വായന ഒരിക്കലും മരിക്കില്ല. വളരുകയേ ഉള്ളൂ. വളർന്ന് വലിയൊരു വടവൃക്ഷമായി തണലേകി അതിങ്ങനെ നിൽക്കും ലോകാവസാനത്തോളം.

(എം.എസ്. അജോയ് കുമാർ, തിരുവനന്തപുരം സ്വദേശി, റെയിൽവേ ഉദ്യോഗസ്ഥൻ. എഴുത്തുകാരനും കാർട്ടൂണിസ്റ്റുമാണ്. 2011ലെ സംസ്ഥാന ബാല സാഹിത്യ അക്കാദമി പുരസ്കാരവും ഇന്ത്യൻ റൂമിനേഷൻ അവാർഡും നേടിയ ‘അങ്ങനെ ഒരു മാമ്പഴക്കാലം’ ഉൾപ്പടെ ഏഴു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.)

English Summary:

Author and Cartoonist MS Ajoy Kumar Fondly Reminiscing About His Childhood Reading on Children's Day