ആവശ്യത്തിന് കരഞ്ഞോളൂ; ഉണ്ട പാത്രവും കഴുകണം, സൗന്ദര്യം മാത്രം പോര; പുരുഷ ദിനത്തിൽ സ്ത്രീകൾക്ക് പറയാനുള്ളത്
വനിതാദിനം പോലെ, മാതൃദിനം പോലെ എല്ലാവർഷവും പുരുഷൻമാർക്കും ഒരു ദിവസമുണ്ട്. നവംബർ 19നാണ് ആഗോളതലത്തിൽ അത് ആഘോഷിക്കപ്പെടുന്നത്. കുടുംബത്തിനും സമൂഹത്തിനും ലോകത്തിനും പുരുഷൻമാർ നൽകുന്ന പോസിറ്റീവ് മൂല്യം ഉയർത്തിക്കാട്ടി അവരുടെ ക്ഷേമത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് പുരുഷദിനാഘോഷത്തിന് പിന്നിലെ ഉദ്ദേശ്യം
വനിതാദിനം പോലെ, മാതൃദിനം പോലെ എല്ലാവർഷവും പുരുഷൻമാർക്കും ഒരു ദിവസമുണ്ട്. നവംബർ 19നാണ് ആഗോളതലത്തിൽ അത് ആഘോഷിക്കപ്പെടുന്നത്. കുടുംബത്തിനും സമൂഹത്തിനും ലോകത്തിനും പുരുഷൻമാർ നൽകുന്ന പോസിറ്റീവ് മൂല്യം ഉയർത്തിക്കാട്ടി അവരുടെ ക്ഷേമത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് പുരുഷദിനാഘോഷത്തിന് പിന്നിലെ ഉദ്ദേശ്യം
വനിതാദിനം പോലെ, മാതൃദിനം പോലെ എല്ലാവർഷവും പുരുഷൻമാർക്കും ഒരു ദിവസമുണ്ട്. നവംബർ 19നാണ് ആഗോളതലത്തിൽ അത് ആഘോഷിക്കപ്പെടുന്നത്. കുടുംബത്തിനും സമൂഹത്തിനും ലോകത്തിനും പുരുഷൻമാർ നൽകുന്ന പോസിറ്റീവ് മൂല്യം ഉയർത്തിക്കാട്ടി അവരുടെ ക്ഷേമത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് പുരുഷദിനാഘോഷത്തിന് പിന്നിലെ ഉദ്ദേശ്യം
ഇന്ന് രാജ്യാന്തര പുരുഷ ദിനം. സമൂഹത്തിലും കുടുംബത്തിലും പുരുഷന്മാർ വരുത്തുന്ന നല്ല മാറ്റങ്ങളെ ഓർക്കാനും അവരുടെ ക്ഷേമത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമാണ് രാജ്യാന്തര തലത്തിൽ ഈ ദിനം ആഘോഷിക്കുന്നത്. ഘടാഘടിയൻ ശരീരം, കട്ടി മീശ, മുഴക്കമുള്ള ശബ്ദം, എന്ത് വന്നാലും കണ്ണീര് പൊടിയാത്ത മനസ്സ്... അസ്സൽ പുരുഷൻ എന്നാൽ ഇങ്ങനെയാവണോ? അങ്ങനെയൊക്കെയായിരുന്നു സമൂഹത്തിന്റെ ധാരണയെങ്കിലും കടുപ്പത്തിന്റെ പുറന്തോട് പൊട്ടിച്ച് പുരുഷന്മാർ പുറത്തു കടക്കുന്നു എന്നാണ് വിവിധ പഠനങ്ങൾ പറയുന്നത്. ഇക്കൊല്ലത്തെ പുരുഷദിനത്തിന്റെ സന്ദേശം തന്നെ പുരുഷന്മാർക്കിടയിലെ ആത്മഹത്യ തടയുക എന്നതാണ്. സ്ത്രീകളെക്കാളും ആത്മഹത്യാ പ്രവണത കൂടുതൽ പുരുഷന്മാരിലാണത്രേ.
1960 കൾ മുതൽ പുരുഷന്മാർക്കായി ഒരു ദിനം വേണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും 1999 ൽ വെസ്റ്റ് ഇൻഡീസിലാണ് പുരുഷദിനം ഔദ്യോഗികമായി ആചരിച്ചു തുടങ്ങിയത്. രാജ്യാന്തര തലത്തിൽ ഈ ദിനത്തോടനുബന്ധിച്ച് പുരുഷന്മാരുടെ മാനസികാരോഗ്യം, ആൺകുട്ടികൾ നേരിടുന്ന അതിക്രമങ്ങൾ തുടങ്ങിയവയെക്കുറിച്ച് ബോധവൽക്കരണപ്രവർത്തനങ്ങൾ നടക്കാറുണ്ടെങ്കിലും നമ്മുടെ നാട്ടിൽ വനിതാദിനവും മാതൃദിനവും പോലെ പുരുഷദിനം ചർച്ചയാവാറില്ല. അതിന് പിന്നിലെ കാരണം തന്നെ പുരുഷനെക്കുറിച്ചുള്ള ചില തിരുത്തപ്പെടാത്ത ധാരണകളാവുമല്ലേ? സൗന്ദര്യം, സ്വഭാവം, അഭിരുചികൾ, ഭക്ഷണശീലം, വസ്ത്രധാരണം തുടങ്ങി എത്രയോ വിഷയങ്ങളിൽ പുരുഷൻമാരും വ്യത്യസ്തരാണ്. മാറുന്ന കാലത്തെ പുരുഷനെപ്പറ്റിയുള്ള സ്ത്രീകളുടെ വിചാരങ്ങൾ എന്തൊക്കെയാവും? പുരുഷദിനത്തിൽ വിവിധ മേഖലകളിലെ സ്ത്രീകൾ സംസാരിക്കുന്നു...
∙ 'ഞാനും കുടുംബവും ' എന്ന ചിന്തയിൽ ഒതുങ്ങരുത്
പുരുഷൻ സൗഹൃദവും പരസ്പരബഹുമാനവും സൂക്ഷിക്കുന്ന ഒരാളാവണമെന്നാണ് സാമൂഹികപ്രവർത്തകയും കവയത്രിയുമായ ചിത്തിര കുസുമൻ ആഗ്രഹിക്കുന്നത്. അഭിപ്രായങ്ങൾ എതിരാണെങ്കിൽപ്പോലും അക്ഷമയില്ലാതെ കേട്ടിരിക്കാനും പറയുന്ന കാര്യത്തിൽ കഴമ്പില്ല എങ്കിൽ അത് അപമാനിക്കാത്ത രീതിയിൽ പറയാനും മനസ്സു കാണിക്കണം. ഒരിക്കലും ശാരീരികമായും മാനസികമായും ഉപദ്രവിക്കരുത്. തിരുത്തേണ്ട സ്വഭാവങ്ങൾ ചൂണ്ടിക്കാണിച്ചാൽ അതിന്റെ പേരിൽ ഈഗോ വച്ചുപുലർത്തരുത്. വീട്ടുപണികളിലും കുട്ടികളുടെ വളർച്ചയിലും തുല്യ ഉത്തരവാദിത്തം ഉണ്ടായിരിക്കണം.
ലോകകാര്യങ്ങളിലും ചുറ്റും നടക്കുന്ന കാര്യങ്ങളിലും മിനിമം ധാരണ ഉണ്ടാകണം. യുക്തിപരമായി ചിന്തിക്കുന്ന ആളാകണം. പരിസ്ഥിതിയോടും മറ്റു ജീവജാലങ്ങളോടും ബഹുമാനമുണ്ടാകണം. സ്ത്രീ എന്ന നിലയിൽ എന്നോട് കാണിക്കുന്നത് ഒരു പ്രത്യേകപരിഗണന ആയിരിക്കരുത്. അത് സാമൂഹികമായ തുല്യതാമനോഭാവം ആയിരിക്കണം. ആരെയും ബോഡി ഷെയ്മിങ് ചെയ്യരുത്. വ്യക്തിപരമായ ശുചിത്വം സൂക്ഷിക്കണം. 'ഞാനും കുടുംബവും ' എന്ന ചിന്തയിൽ ഒതുങ്ങാത്ത, സാമൂഹിക പ്രതിബദ്ധത ഉള്ള ആളായിരിക്കണം. അയാൾക്ക് താൽപര്യമുള്ള സമൂഹത്തിന് ഗുണകരമായ മേഖലകളിൽ സജീവമായ ഇടപെടലുകൾ നടത്തുന്നത് സന്തോഷമാണ്.
എന്റെ സ്‌പേസിനെയും സ്വന്തം സ്‌പേസിനെയും ബഹുമാനിക്കണം. ഒരു വ്യക്തി എന്ന നിലയിൽ സ്വന്തം സൗഹൃദങ്ങളും സന്തോഷങ്ങളും കാത്തുസൂക്ഷിക്കുകയും അത് പങ്കാളിക്കും അവകാശമുള്ളതാണ് എന്ന് അംഗീകരിക്കുകയും ചെയ്യണം. വായനയോ, ഇനിയുള്ള കാലത്ത് നല്ല എഴുത്തുകളും പ്രസംഗങ്ങളും കേൾക്കുന്ന ശീലമോ ഉണ്ടെങ്കിൽ സന്തോഷം. പേടിപ്പിക്കുന്ന രീതിയിൽ ഡ്രൈവ് ചെയ്യരുത്. ആരോഗ്യം ശ്രദ്ധിക്കുന്ന ആളാകണം. ഉയരവും താടിയും മീശയും ഇഷ്ടമാണ്.
∙ പുരുഷനിൽ പൊതുവേ ഈഗോ കൂടുതലാണ്
പുരുഷനിൽ പൊതുവേ ഈഗോ കൂടുതലാണെന്ന പക്ഷക്കാരിയാണ് ഗവേഷകവിദ്യാർഥിയായ ആലീസ് റീജ ഫെർണാണ്ടസ്. അത് അംഗീകരിക്കാനും മാറാനും തയാറാകുന്നവനാകണം. സ്വന്തം വീക്ഷണത്തിൽ നിന്ന് മാത്രം കാര്യങ്ങൾ കാണരുത്. അതുപോലെ തന്നെ ഭാര്യയുടെ വരുമാനത്തിന്റെ കണക്ക് ചോദിച്ചുനടക്കുന്ന പുരുഷനെ അംഗീകരിക്കാൻ കഴിയില്ല. പക്ഷേ പരസ്പരം സഹകരിച്ച് വീട്ടുചെലവുകളും മറ്റും ശ്രദ്ധിക്കാൻ തയാറാകുന്നവനുമാകണം. കുടുംബാംഗങ്ങളോടെല്ലാം ആശയവിനിമയം നടത്തുകയും സമൂഹത്തിൽ നല്ല ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന പുരുഷനെയാണ് ഇഷ്ടം. പക്ഷേ ഞാനാണ് കുടുംബത്തിലെ പ്രധാനി എന്ന മനോഭാവം അംഗീകരിക്കാനാകില്ല.
പുരുഷ സൗന്ദര്യത്തെക്കുറിച്ച് പറഞ്ഞാൽ കറുത്ത നിറവും കട്ടിമീശയുമാണ് പുരുഷനെ സുന്ദരനാക്കുന്നതെന്ന് പറയും. അത്യാവശ്യം ഫാഷൻ സെൻസ് വേണം. സന്ദർഭത്തിന് അനുസരിച്ചുള്ള വസ്ത്രധാരണത്തിനുള്ള വകതിരിവുണ്ടായിരിക്കണം. കിട്ടുന്നതെന്തും വാരിവലിച്ച് കഴിക്കുന്ന ശീലമുള്ള പുരുഷനോട് യോജിപ്പില്ല. ശരീരം ശ്രദ്ധിക്കാതെ അമിതഭാരവുമായി കഴിയുന്നതിനെയും എതിർക്കുന്നു.
∙ സ്വന്തം ഇഷ്ടങ്ങളിൽ മാത്രം ജീവിക്കരുത്
കുടുംബത്തിലെ മറ്റ് വ്യക്തികൾ ഏത് മേഖലയിലാണെങ്കിലും അവരുടെ ഉത്തരവാദിത്തങ്ങൾ മനസിലാക്കുന്നവനും അംഗീകരിക്കുന്നവനുമാകണം പുരുഷനെന്നാണ് രാഷ്ട്രീയപ്രവർത്തകയായ അഡ്വ. ടി.പി.സിന്ധുമോൾക്ക് പറയാനുള്ളത്. കുടുംബം നന്നായി മുന്നോട്ട് കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം സ്ത്രീക്ക് മാത്രമല്ലെന്ന് തിരിച്ചറിഞ്ഞ് ആ കടമ ഏറ്റെടുക്കുന്ന പുരുഷനെ ബഹുമാനിക്കുന്നു. സ്വന്തം സൗഹൃദവലയങ്ങളിൽ മാത്രം കുടുങ്ങിക്കിടന്ന് നിലപാട് സ്വീകരിക്കുന്നതിനെ എതിർക്കുന്നു. വീട്ടിലുള്ളവർ പറയുന്ന കാര്യങ്ങളും ഗൗരവമായി കാണണം.
ഭാര്യ പറയുന്ന കൊച്ചുകാര്യങ്ങൾക്കും ചെവികൊടുക്കുന്നവനാകണം. ഇടപെടലും ശീലങ്ങളുമൊക്കെയാണ് ഒരു വ്യക്തിക്ക് സൗന്ദര്യം കൊടുക്കുന്നതെന്ന് കരുതുന്നു. വൈരൂപ്യം വിവാഹത്തിന് ശേഷവും സംഭവിക്കാം. പക്ഷേ പലപ്പോഴും അതൊരു ഘടകമാകുന്നില്ല. അടുക്കും ചിട്ടയും വൃത്തിയുമൊക്കെ ഓരോരുത്തരുടെ ശീലങ്ങളാണ്. എന്റെ വൃത്തി എന്റേത് മാത്രമാണ്, പങ്കാളി അങ്ങനെയാകണമെന്നില്ല. മാറ്റാൻ ശ്രമിച്ചുനോക്കിയിട്ട് നടന്നില്ലെങ്കിൽ അതുമായി പൊരുത്തപ്പെട്ടുപോകണമെന്നാണ് അഭിപ്രായം.
രണ്ട് ദിവസം കുളിച്ചില്ലെങ്കിലും അതിൽ പരാതി പറയാൻ തയാറല്ല. കാരണം ഓരോ വ്യക്തിയും വ്യത്യസ്തരാണ്, എന്റെ ശരികളിലേക്ക് എത്തിയേ തീരൂ എന്ന നിർബന്ധമില്ല. വസ്ത്രധാരണവും അതുപോലെ തന്നെയാണ്. എക്സിക്യൂട്ടീവ് സ്റ്റൈലിൽ ഭർത്താവ് വസ്ത്രം ധരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അത് അദ്ദേഹത്തിന് സുഖകരമല്ലെങ്കിൽ വിട്ടുവീഴ്ചയ്ക്ക് തയാറാണ്. ഹെയർ സ്റ്റൈലും സ്വന്തം ഇഷ്ടത്തിനാകാം. എന്നിരുന്നാലും മറ്റുള്ളവർ വിട്ടുവീഴ്ച ചെയ്യട്ടേ എന്ന മനോഭാവത്തോടെ സ്വന്തം ഇഷ്ടങ്ങളിൽ മാത്രം ജീവിക്കുന്ന പുരുഷനോട് യോജിക്കാനാകില്ല.
∙ പുരുഷൻ കരയണം, വികാരങ്ങൾ പ്രകടിപ്പിക്കണം
മാധ്യമപ്രവർത്തകയായ സീതാലക്ഷ്മിക്ക് പുരുഷൻ കരയുന്നവനാവണം എന്ന ആഗ്രഹമാണുള്ളത്. കരയുന്ന പുരുഷൻ ആകണം. വൈകാരികത പുറത്തുകാട്ടുന്ന ആളാവണം. സ്ത്രീയുടെ നേതൃത്വത്തെ അംഗീകരിക്കാനും എന്ത് ജോലിയും തുല്യമായി ചെയ്യാനുമുള്ള മനസ്സ് വേണം. സാമ്പത്തിക അച്ചടക്കവും ചെയ്യുന്ന മേഖലയിൽ കഠിനാധ്വാനവും സമർപ്പണവുമുള്ള പുരുഷനെ ഇഷ്ടമാണ്. ഏത് രാത്രിയിലും വിളിച്ച് ഒപ്പം കൂട്ടാമെന്നുള്ള വിശ്വാസം നേടിയെടുക്കുന്ന പുരുഷനെ ബഹുമാനിക്കുന്നു.
തെറ്റിപ്പോയാൽ തെറ്റിയെന്ന് പറയാനുള്ള മനസ്സും ഉണ്ടായിരിക്കണം. ഒരു പുരുഷന്റെ രൂപം, നിറം ഇതൊക്കെ വലിയ കാര്യമാണെന്ന് തോന്നിയിട്ടില്ല. പഴയ കുരുവിക്കൂടുമായി ഇന്നാരും ഇറങ്ങില്ലെന്ന് ഉറപ്പുണ്ട്. പുരുഷൻമാർ പൊതുവേ മുടിയിൽ അധികം പരീക്ഷണങ്ങളൊന്നും ചെയ്ത് കാണുന്നില്ല, അങ്ങനെ ചെയ്താൽതന്നെ ഒരു പരിധി വരെ അത് അവരുടെ സ്വാതന്ത്ര്യമാണെന്ന് അംഗീകരിക്കാൻ തയാറാണ്. അടിസ്ഥാനപരമായ ശുചിത്വമെങ്കിലും ഉണ്ടായിരിക്കണം. സ്വന്തം അടിവസ്ത്രം കഴുകാൻ മറ്റുള്ളവർക്ക് ഇട്ടുകൊടുക്കാതിരിക്കാനും ഉണ്ട പാത്രം കഴുകി വൃത്തിയാക്കാനുമുള്ള വകതിരിവ് പ്രതീക്ഷിക്കുന്നു.
നല്ല ആശയവിനിമയവും സാമൂഹികപ്രതിബദ്ധതയും വ്യക്തിപ്രഭാവം കൂട്ടുമെന്ന് കരുതുന്നു. അച്ഛനായാലും ആങ്ങളയായാലും ഭർത്താവായാലും സുഹൃത്തായാലും ഒരു പുരുഷനെക്കുറിച്ചുള്ള സങ്കൽപം ഇങ്ങനെതന്നെയായിരിക്കും.
∙ സ്ത്രീകളിൽ നിന്ന് പിന്തുണയും പ്രചോദനവും സ്വീകരിക്കണം
ശാരീരികമായും മനശാസ്ത്രപരമായും പുരുഷനും സ്ത്രീയും വ്യത്യസ്തരാണ്. അവന് ബഹുമാനവും അവൾക്ക് പരിഗണനയുമാണ് വേണ്ടതെന്നാണ് നർത്തകിയും വിദ്യാഭ്യാസ പ്രവർത്തകയുമായ ഡോ. മേഘ ജോബി പറയുന്നത്. കൊടുക്കുന്ന പരിഗണന അതിന്റെ പകുതിയെങ്കിലും തിരികെ നൽകാനുള്ള മനസ്സ് പുരുഷനുണ്ടാകണം. പലകാരണങ്ങൾ കൊണ്ട് സ്ത്രീകൾ പൊതുവേ വികാരവിക്ഷുബ്ധയായിരിക്കും. അതിനെ ഉൾക്കൊള്ളാനുള്ള മനസ് പുരുഷനുണ്ടാകണം.
കുട്ടികളുടെ ഉത്തരവാദിത്തം അമ്മയ്ക്ക് മാത്രമല്ലെന്ന് തിരിച്ചറിയാനുള്ള വിവേകവും വേണം. വെറുതേ പത്രം വായിച്ചിരുന്ന് ചായയ്ക്കായി മുറവിളി കൂട്ടുന്നതിന്റെ അപഹാസ്യത പുരുഷൻ മനസ്സിലാക്കണം. അതേസമയം കൂടുതൽ ഉത്തരവാദിത്തമുള്ള പുരുഷനൊപ്പം നിൽക്കണം. സുഹൃത്തായാലും ആങ്ങളയായാലും ഭർത്താവായാലും പ്രശ്നങ്ങളിൽ ഉപേക്ഷിക്കുന്നവനാകരുത്. ആണൊരുത്തൻ കൂടെയുണ്ടെങ്കിൽ കിട്ടുന്ന ധൈര്യമാണ് പലരുടെയും കരുത്ത്. സ്ത്രീകളിൽ നിന്ന് പിന്തുണയും പ്രചോദനവും സ്വീകരിക്കാൻ പുരുഷൻ മടി കാണിക്കുകയുമരുത്.
ബാഹ്യമായ സൗന്ദര്യത്തിൽ ഒരു വിശ്വാസവുമില്ല. കണ്ണിന് പരുക്ക് പറ്റി മുഖമാകെ വീങ്ങിവീർത്തിരിക്കുന്ന സമയത്താണ് ഭർത്താവ് ആദ്യം കാണുന്നതും ഇഷ്ടം അറിയിച്ചതും. ആ ഇഷ്ടത്തിൻറെ വ്യാപ്തി മനസിലാക്കാൻ അത് മതിയായിരുന്നു. അതുകൊണ്ട് തന്നെ ശാരീരികമായ പൂർണതയൊന്നും വിഷയമായില്ല. കൈകളിൽ സഞ്ചരിക്കുന്ന ഭർത്താവിനൊപ്പമാണ് അദ്ദേഹത്തിൻറെ നേട്ടങ്ങളിൽ പങ്കെടുക്കുന്നത്. മനസിൻറെ ഉറപ്പാണ് അന്നുമിന്നും കാണുന്നത്.
∙ ആണിന് പെൺതുണ വേണം എന്ന് കൂടി പറയണം
ലിംഗസമത്വത്തിന്റെ പ്രാധാന്യം പുരുഷൻ മനസ്സിലാക്കണം എന്നാണ് ഡോക്ടർ അമൃത. കെ. സുനി ഓർമിപ്പിക്കുന്നത്. ലിംഗസമത്വത്തിന് പ്രാധാന്യമുള്ള ഈ കാലത്ത് നിന്ന് പറയുമ്പോൾ പെണ്ണിന് ആൺതുണ എന്ന് മാത്രമല്ല ആണിന് പെൺതുണ വേണം എന്ന് കൂടി പറയണം. അന്യപുരുഷൻമാരെക്കുറിച്ചുള്ള സങ്കൽപം യാഥാർത്ഥ്യമാകാനുള്ള ശ്രമം സ്വന്തം വീട്ടിൽ നിന്ന് തുടങ്ങണം. മെൻസസ് സമയത്തെ വേദനയിൽ ചൂട് വെള്ളമോ ഇഷ്ടപ്പെട്ട ഭക്ഷണമോ വേണോ എന്ന് അന്വേഷിക്കുന്ന സഹോദരന് നാളെ അവന്റെ കൂട്ടുകാരികളോടും അങ്ങനെ ചോദിക്കാൻ മടിയുണ്ടാകില്ല.
സഹോദരീ സഹോദരബന്ധത്തിലെ ഈ മാറ്റം നാളെ സമൂഹത്തിന്റെ പുരുഷകേന്ദ്രീകൃത മനോഭാവത്തിനെ മാറ്റാൻ പോകുന്നതാണ്. എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യവും അടുപ്പവും കുടുംബത്തിലുണ്ടെങ്കിൽ മറ്റ് സ്ത്രീകളെ മനസ്സിലാക്കാൻ കഴിയുന്ന പുരുഷനായി ഇന്നത്തെ ആൺകുട്ടി മാറും. വിദേശരാജ്യങ്ങളിൽ ഗർഭകാലം മുതലുള്ള അവസ്ഥ അമ്മയാകാനൊരുങ്ങുന്ന സ്ത്രീയോട് മാത്രമല്ല അച്ഛനാകാനൊരുങ്ങുന്ന വ്യക്തിയോടും വിവരിക്കും. പ്രസവവും കുഞ്ഞിനെ വളർത്തലുമൊക്കെ തന്റെയും ഉത്തരവാദിത്തമാണെന്ന് തിരിച്ചറിയുന്ന പുരുഷൻമാരാണ് അവർ.
ലേബർ റൂമിലേക്ക് പ്രവേശനം അനുവദിച്ചാൽപോലും അതിന് തയാറാകാത്ത പുരുഷൻമാരുണ്ട് ഇവിടെ. അതേസമയം ഇത്തരം നിർണായകസന്ദർഭങ്ങൾ സുന്ദരമായി കൈകാര്യം ചെയ്യുന്ന പുരുഷൻമാരെ ഇഷ്ടപ്പെടുന്നു. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴിച്ചുനിർത്തിയാൽ വ്യക്തിബന്ധങ്ങളിൽ മാന്യത പുലർത്തുന്ന പുരുഷൻമാരുണ്ട്. തേച്ചു എന്ന വാക്കിന് ഇന്ന് പ്രസക്തിയില്ല. പരസ്പരം പറഞ്ഞ് അവസാനിപ്പിക്കുകയാണ്. ഇഷ്ടവും അനിഷ്ടവും പരസ്പര ബഹുമാനത്തോടെയായിരിക്കണം. ശാരീരികമായ സൗന്ദര്യം നിരർത്ഥകമാണ്. നമ്മളെ സ്വീകരിക്കാത്ത പിന്തുണയ്ക്കാത്ത ഒരുവൻ എത്രസുന്ദരനായാലും ഒരു കാര്യവുമില്ല. സ്വഭാവഗുണമില്ലാത്ത അതിസുന്ദരന്റെ സൗഹൃദം പോലും ആഗ്രഹിക്കുന്നില്ല.
∙ ശവങ്ങളിലുമുണ്ട് ലക്ഷണമൊത്ത പുരുഷൻ
ഇൻക്വസ്റ്റ് ഫൊട്ടോഗ്രാഫറായ വി.വി.ബിന്ദു താൻ കണ്ട ശവങ്ങളിലെ പ്രത്യേകതകളിലൂടെയാണ് പുരുഷനെക്കുറിച്ച് വിവരിക്കുന്നത്. ഇൻക്വസ്റ്റ് ഫൊട്ടോഗ്രാഫർ എന്ന നിലയിൽ ആയിരക്കണക്കിന് ശവശരീരങ്ങൾ കണ്ടിരിക്കുന്നു. സ്ത്രീയുടെയും പുരുഷൻറെയും നഗ്നമായ ശവശരീരങ്ങൾ കാണുമ്പോൾ വ്യത്യസ്ത വികാരമാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. മരിച്ച് കഴിഞ്ഞിട്ടും ആകർഷണീയതയ്ക്ക് ഒരു കുറവുമില്ലാത്ത സ്ത്രീശരീരങ്ങളുണ്ട്. അതുപോലെ തന്നെ ലക്ഷണമൊത്ത പുരുഷൻ എന്ന് തോന്നിക്കുന്ന പുരുഷമൃതദേഹങ്ങളും കണ്ടിട്ടുണ്ട്. വിരിഞ്ഞ മാറിടം, കരുത്തുള്ള കൈകൾ, ബലവത്തായ ശരീരം, ലക്ഷണമൊത്ത അരക്കെട്ട്... ഇതൊക്കെ കാണുമ്പോൾ കരുത്തനായ മനുഷ്യൻ എന്ന് പൊലീസ് ഉദ്യോഗസ്ഥർ പോലും പറയാറുണ്ട്.
ചിലരുടേത് വയറൊക്കെ ചാടി വീർത്ത ശരീരമാണ്. മറ്റ് ചിലർ തളർന്നൊടിഞ്ഞ് തൂങ്ങി...സൗന്ദര്യം മരണത്തിലും വിട്ടുപോകുന്നില്ല എന്നാണ് തോന്നിയിട്ടുള്ളത്. എല്ലാ ഈഗോയും തൻപോരിമയും അവസാനിക്കുന്നത് കൊണ്ട് അതിൻറെ സൗന്ദര്യം മൃതദേഹത്തിനുണ്ടെന്നും തോന്നിയിട്ടുണ്ട്. ചിലർ കണ്ണൊക്കെ തുറന്ന് ചിരിച്ചുകിടക്കുന്നത് പോലെ തോന്നും. ആ നോട്ടവും ചിരിയും മറക്കാൻ കഴില്ല. ഇവർ ജീവിച്ചിരുന്നപ്പോൾ എത്ര സുന്ദരൻമാരായിരുന്നിരിക്കും എന്ന് അത് കണ്ട് ഞങ്ങൾ പറയാറുണ്ട്.
പക്ഷേ ആ സൗന്ദര്യം ബാഹ്യം മാത്രമാണെന്ന വ്യക്തിപരമായ അഭിപ്രായമുണ്ട്. കൂടെയുള്ളവരുടെ കുറ്റവും തെറ്റുമൊക്കെ മനസ്സിലാക്കി തിരുത്തുന്നവനാണ് യോഗ്യൻ. അവൻറെ വസ്ത്രധാരണമോ, ശീലങ്ങളോ ഒന്നും വിഷയമല്ല. കൂടെ നിൽക്കുന്നവരെ സംരക്ഷിക്കുന്നതാണ് പുരുഷന് കൽപ്പിക്കുന്ന ഏറ്റവും വലിയ യോഗ്യത.
∙ നല്ല പുരുഷൻ സത്യസന്ധനാവണം
വീട്ടമ്മയായ കുമാരി ഗോപാലകൃഷ്ണന് പറയാനുള്ളത് നല്ല പുരുഷൻ സത്യസന്ധനും എല്ലാവരോടും നല്ലവണ്ണം പെരുമാറുന്ന ആളുമായിരിക്കണമെന്നാണ്. മനസ്സ് നന്നായിരിക്കണം. സൗന്ദര്യ സങ്കൽപങ്ങളോ ഫാഷൻ താൽപര്യങ്ങളോ ഇല്ലേയില്ല. പക്ഷേ വൃത്തിയായ വസ്ത്രധാരണമായിരിക്കണം. ഒരുപാട് സ്വത്തുള്ളവനാകണം എന്നില്ല, പക്ഷേ ബുദ്ധിമുട്ടില്ലാതെ ജീവിച്ചു പോകാൻ കഴിയുന്നവനാകണം. സൂക്ഷിച്ച് ചെലവാക്കണം,കഠിനാധ്വാനിയായ ആളായിരിക്കണം, കൃത്യനിഷ്ഠ വേണം. വീട്ടുജോലികളിൽ സഹായിക്കണം, സ്ത്രീകൾക്ക് ബഹുമാനം നൽകുന്ന ആളായിരിക്കണം.
∙ ആൺക്കോയ്മ വേണ്ടേ വേണ്ട
പൊതുവെ എത്ര മാത്രം പുരോഗമനവാദിയാണെന്ന് പറഞ്ഞാലും ഉള്ളിൽ അത് സംഭവിക്കുന്നില്ലെന്നാണ് കോളജ് വിദ്യാർഥിനിയായ പി.എൻ. പാർവതിക്ക് പറയാനുള്ളത്. മിക്ക ആൺകുട്ടികൾക്കും പെൺകുട്ടികൾ കൌതുകകരമോ ആകർഷകമോ ആയ ഒരു കാഴ്ച വസ്തുവാണ്. പല സിനിമകളും അത്തരത്തിലുള്ള മനോഭാവത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ ടീനേജുകാരെ അവതരിപ്പിക്കുന്നുണ്ട്. അത് അവരെ സ്വാധീനിക്കുന്നുമുണ്ട്. ഈ മനോഭാവം പെൺകുട്ടികളുടെ പൂർണവിശ്വാസം നേടിയെടുക്കുന്നതിന് ആൺകുട്ടികൾക്ക് തടസമാകും.
വാക്കിലും പ്രവ്യത്തിയിലും സത്യസന്ധത പുലർത്തുന്ന ആൺകുട്ടികളോട് കുറച്ച് കൂടി അടുപ്പം തോന്നാറുണ്ട്. എത്ര സ്വാതന്ത്ര്യം പറഞ്ഞാലും ഉള്ളിൽ ആൺക്കോയ്മ സൂക്ഷിക്കുന്നവരെ ഇന്നത്തെ പെൺകുട്ടികൾ ഇഷ്ടപ്പെടില്ല. പകരം സൗഹൃദവും നർമമവും സൂക്ഷിക്കുന്നവരെ അത്ര പെട്ടെന്നൊന്നും ഒരു പെൺകുട്ടിയും മറക്കില്ല.
∙ സ്ത്രീകളെ അംഗീകരിക്കാനും മാനിക്കാനും ശീലിക്കണം.
സ്ത്രീകളും പുരുഷൻമാരും സമൂഹത്തിലെ അഭിവാജ്യഘടകങ്ങളാണെന്നാണ് സാമൂഹികപ്രവർത്തക അഡ്വ. ശുഭലക്ഷ്മി ഓർമിപ്പിക്കുന്നത്. പലപ്പോഴും അച്ഛൻ. സഹോദരൻ, സുഹൃത്ത്, ഭർത്താവ് എന്നീ നിലകളിലാണ് പുരുഷൻ വിലയിരുത്തപ്പെടുന്നത്. അതേസമയം ജനാധിപത്യരാഷ്ട്രത്തിലെ പൗരൻ എന്ന നിലയിൽ കൂടി പുരുഷനെ കാണണം. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള വ്യത്യസ്തവിഭാഗങ്ങളുമായി അവന് ഇടപഴകേണ്ടിവരും. അപ്പോഴൊക്കെ പുരുഷകേന്ദ്രീകൃതമായ സൂമഹം പഠിപ്പിച്ചുവച്ച മനോഭാവത്തിൽ നിന്ന് മാറേണ്ടിവരും.
ഉദാഹരണത്തിന് പ്രസവാവധിയെടുക്കേണ്ടത് സ്ത്രീ മാത്രമല്ല താനും അതിന്റെ ഭാഗമാണെന്ന ബോധ്യമുണ്ടാകണം. വിവാഹസമയത്ത് ചോദിച്ചു വാങ്ങേണ്ടതല്ല സ്ത്രീധനമെന്നും സ്ത്രീക്ക് അവളുടെ രക്ഷിതാക്കൾ എന്തെങ്കിലും നൽകിയാൽ അത് അവളുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണെന്നും തിരിച്ചറിഞ്ഞ് പെരുമാറണം. അടുക്കളയിൽ ദോശ ഉണ്ടാക്കുന്നത് മുതൽ ചന്ദ്രനിലെ പര്യവേക്ഷണം വരെ സ്ത്രീയ്ക്കും പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞ് മാനിക്കാനറിയണം. തന്നോട് ഇടപഴകുന്ന ഓരോ സ്ത്രീയോടും അവരുടെ സ്ഥാനമനുസരിച്ച് അംഗീകരിക്കാനും മാനിക്കാനും ശീലിക്കണം.
∙ പ്രശ്നങ്ങൾ തുറന്നു പറയുന്നവരല്ല പുരുഷന്മാർ
സ്ത്രീകളുടെ പുരുഷന്മാരെക്കുറിച്ചുള്ള സങ്കൽപം തന്നെ മാറേണ്ടതുണ്ടെന്നാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ റാണി രജനി പറയുന്നത്. സ്നേഹം, പരിഗണന, സംരക്ഷണം തുടങ്ങിയവ എല്ലാവരുടെയും ആവശ്യമാണ്. പിറന്നാളിനോ വിവാഹവാർഷികത്തിനോ സമ്മാനം വാങ്ങിച്ചു നൽകുന്നില്ല എന്നത് പോലും വലിയ തർക്കത്തിലേക്കും വഴക്കിലേക്കും നയിക്കും. സ്വന്തം വീട്ടുകാരെ ഗൗനിക്കുന്നില്ല, മാനിക്കുന്നില്ല, ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നില്ല തുടങ്ങി പുരുഷൻമാരെക്കുറിച്ചുള്ള പരാതികൾ അനവധിയാണ്. ഇതൊക്കെ പറയുമ്പോഴും മറ്റൊരാളുടെ ഇഷ്ടത്തിലേക്ക് ഇറങ്ങിച്ചെന്ന് അതൊക്കെ ആകാൻ ശ്രമിച്ചുകൊണ്ടാണ് മിക്ക സ്ത്രീകളും തങ്ങളുടെ സങ്കൽപങ്ങളെക്കുറിച്ച് പറയുന്നത്.
തുടർന്ന് പഠിക്കാൻ ഭർത്താവ് വിടുമെന്നും ജോലിക്ക് പോകാൻ സമ്മതിക്കുമെന്നും പുറത്ത് കൊണ്ടുപോകുമെന്നും ഡ്രസ് വാങ്ങിത്തരുമെന്നുമൊക്കെ അവർ അഭിമാനത്തോടെ പറയുന്നു. ഇതൊക്കെ ചെയ്യുന്ന ആളായിരിക്കണം തങ്ങളുടെ പുരുഷൻ എന്ന് നിഷ്കർഷിക്കുന്നു. വാസ്തവത്തിൽ ഇത്തരം ചിന്താഗതികൾക്ക് ഒരു പരിധിവരെ മാറ്റം വരേണ്ടിയിരിക്കുന്നു. ശ്രദ്ധയും പരിഗണനയുമൊക്കെ മറ്റൊരാളിൽ നിന്ന് പ്രതീക്ഷിച്ച് നിരാശപ്പെടുന്നതിന് പകരം സ്വയം അതൊക്കെ വളർത്തിയെടുക്കുകയാണ് വേണ്ടത്. പൊതുവേ സ്ത്രീകളെപ്പോലെ പ്രശ്നങ്ങൾ തുറന്ന് പറയുന്ന സ്വഭാവക്കാരല്ല പുരുഷൻമാർ. ശാരീരികമായും മാനസികമായും വൈകാരികമായും പുരുഷനും സ്ത്രീയും വ്യത്യാസപ്പെട്ടിരിക്കുന്നു.
സ്ത്രീകളെപ്പോലെ പുരുഷൻമാർക്കും ഹോർമോൺ പ്രശ്നമുണ്ട്. അത് അയാളുടെ സ്വഭാവത്തിലും പ്രവൃത്തിയിലും പ്രതിഫലിച്ചെന്ന് വരാം. സമ്മർദവും ഹോർമോൺ വ്യതിയാനവും മറ്റും ലൈംഗികകാര്യങ്ങളെയും ബാധിക്കും. രക്തസമ്മർദ്ദവും പ്രമേഹവുമൊക്കെ ജീവിതത്തെ മാറ്റിമറിച്ചേക്കും. അത്തരം കാര്യങ്ങളെക്കുറിച്ച് ധാരണയില്ലാത്ത സ്ത്രീകൾ അയാളെ തെറ്റിദ്ധരിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തെന്നു വരാം. ചുരുക്കത്തിൽ പരസ്പരം മനസിലാക്കുക എന്നതാണ് പുരുഷനിലും സ്ത്രീകളിലും വേണ്ടത്. അത് ജീവിതത്തിൻറെ ഏതെങ്കിലും ഒരു ഘട്ടത്തിൽ സംഭവിക്കേണ്ടതല്ല. കുടുംബം മുതൽ അതിനുള്ള തയാറെടുപ്പോ ശീലമോ ഉണ്ടായിരിക്കണം.
∙ അക്ഷരംപ്രതി അനുസരിക്കാനില്ല
വിശാലമായ നെറ്റിത്തടം, തീക്ഷ്ണമായ കണ്ണുകൾ, നീണ്ട നാസിക, വെട്ടിയൊതുക്കിയ താടിയും മീശയും, നല്ല ഉയരത്തിൽ മെലിഞ്ഞ ശരീരം, വൃത്തിയുള്ള ആകർഷകമായ വസ്ത്രധാരണം തുടങ്ങി പുരുഷനെ പലർക്കും ‘ആകർഷകമാക്കുന്ന’ ഘടകങ്ങൾ അനവധിയുണ്ടാകും. പാണ്ഡിത്യവും നേതൃപാടവവും സംഘാടനമികവുമൊക്കെ അതിന്റെ തിളക്കവും കൂട്ടിയേക്കാം. പക്ഷേ ജീവിത പങ്കാളിയായോ നല്ല സുഹൃത്തായോ ഒരു സ്ത്രീ ആഗ്രഹിക്കുന്നത് ഇത്തരം പ്രത്യേകതകളൊന്നുമല്ലെന്നാണ് വിവിധ അഭിപ്രായങ്ങൾ വിളിച്ചുപറയുന്നത്. നർമബോധവും ദയയും സഹജീവികളോടുള്ള സ്നേഹവും മിക്കവരും ഇഷ്ടപ്പെടുന്നു. തങ്ങളെക്കാൾ പ്രായക്കൂടുതലുള്ള പുരുഷനെയാണ് അധികം സ്ത്രീകളും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത്
പഴയ കാലത്തെ അപേക്ഷിച്ച് സ്ത്രീകൾ വിശാലമായ ലോകത്തിലേക്ക് ഇറങ്ങി വന്നതോടെ അവർക്ക് കൃത്യമായ കാഴ്ചയും കാഴ്ച്ചപ്പാടുമുണ്ട്. കൂടെയുള്ള പുരുഷൻ പറയുന്നത് അക്ഷരം പ്രതി ഞാൻ അനുസരിക്കുമെന്നും ഒരു കാര്യത്തിലും എതിരഭിപ്രായം പറയില്ലെന്നും പറയുന്നവരെ കാണാൻ തന്നെയില്ല. അങ്ങനെ കഴിയുന്നവരുണ്ടെങ്കിൽ തന്നെ അത് സാഹചര്യങ്ങളുടെ സമ്മർദം കൊണ്ടുമാത്രമായിരിക്കുമെന്നും കൂടി സ്ത്രീകൾ പറഞ്ഞുവയ്ക്കുന്നുണ്ട്. പുരുഷന്മാരുടെ മാനസികാരോഗ്യമാണല്ലോ ഇക്കൊല്ലത്തെ പുരുഷദിനത്തിന്റെ സന്ദേശം. എല്ലാഭാരവും ചുമലിലേയ്ക്ക് ഒറ്റയ്ക്ക് എടുത്തു വച്ച്, ഒപ്പം ജീവിക്കുന്നവരെ അടക്കിഭരിച്ച്, കടിച്ചാൽപൊട്ടാത്ത മനസ്സുമായി ജീവിക്കേണ്ടെന്നേ, നമുക്ക് ഒന്നിച്ചു മുന്നോട്ടു പോകാം സുഹൃത്തേ എന്നു തന്നെയാണ് പുതിയ കാലത്തെ പുരുഷന്മാരോട് വിവിധ മേഖലകളിലെ സ്ത്രീകളുടെ പുരുഷദിനസന്ദേശം.