ഓസ്ട്രേലിയയ്ക്ക് ആറാം ലോകകിരീടം. ലോകകപ്പിലെ തുടർച്ചയായ 10 വിജയങ്ങൾക്ക് ശേഷം ഇന്ത്യയ്ക്ക് ഒരു പരാജയം. ലോകത്തെ ഒന്നാം നമ്പർ ടീം, പ്രതിഭകളുടെ ധാരാളിത്തം, എന്നിട്ടും ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് കാലിടറി. ഓസീസിന്റെ പ്രഫഷനൽ മികവിനു മുന്നിൽ.

ഓസ്ട്രേലിയയ്ക്ക് ആറാം ലോകകിരീടം. ലോകകപ്പിലെ തുടർച്ചയായ 10 വിജയങ്ങൾക്ക് ശേഷം ഇന്ത്യയ്ക്ക് ഒരു പരാജയം. ലോകത്തെ ഒന്നാം നമ്പർ ടീം, പ്രതിഭകളുടെ ധാരാളിത്തം, എന്നിട്ടും ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് കാലിടറി. ഓസീസിന്റെ പ്രഫഷനൽ മികവിനു മുന്നിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസ്ട്രേലിയയ്ക്ക് ആറാം ലോകകിരീടം. ലോകകപ്പിലെ തുടർച്ചയായ 10 വിജയങ്ങൾക്ക് ശേഷം ഇന്ത്യയ്ക്ക് ഒരു പരാജയം. ലോകത്തെ ഒന്നാം നമ്പർ ടീം, പ്രതിഭകളുടെ ധാരാളിത്തം, എന്നിട്ടും ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് കാലിടറി. ഓസീസിന്റെ പ്രഫഷനൽ മികവിനു മുന്നിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസ്ട്രേലിയയ്ക്ക് ആറാം ലോകകിരീടം. ലോകകപ്പിലെ തുടർച്ചയായ 10 വിജയങ്ങൾക്ക് ശേഷം ഇന്ത്യയ്ക്ക് ഒരു പരാജയം. ലോകത്തെ ഒന്നാം നമ്പർ ടീം, പ്രതിഭകളുടെ ധാരാളിത്തം, എന്നിട്ടും ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് കാലിടറി. ഓസീസിന്റെ പ്രഫഷനൽ മികവിനു മുന്നിൽ. 1983ൽ ഇന്ത്യയ്ക്ക് ആദ്യ ലോകകിരീടം സമ്മാനിച്ചതിൽ നിർണായകമായത് വിൻഡീസ് ഇതിഹാസം വിവ് റിച്ചാഡ്സിന്റെ ബാറ്റിൽനിന്ന് ഉയർന്നു പൊങ്ങിയ പന്ത് പിന്നിലേക്കോടി കൈപ്പിടിയിലാക്കിയ കപിൽ ദേവിന്റെ മികവായിരുന്നെങ്കിൽ ഇത്തവണത്തെ ഫൈനലില്‍ ഓസ്ട്രേലിയയ്ക്ക് ആദ്യ മേൽക്കൈ നൽകിയത് ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ ക്യാച്ച് പിന്നിലേക്ക് പറന്നുപിടിച്ച ട്രാവിസ് ഹെഡിന്റെ ഫീൽഡിങ് മികവാണ്. അതേ ഹെഡ്‌തന്നെ ബാറ്റുകൊണ്ടും വിസ്മയം തീർത്തപ്പോൾ തകർന്നടിഞ്ഞത് 140 കോടി ഇന്ത്യൻ ആരാധകരുടെ സ്വപ്നങ്ങളും. 

ലോകകപ്പിന്റെ തുടക്കം മുതൽ ഇന്ത്യ തുടർന്നുവന്ന ഫോമിൽ, ഫൈനൽ പരാജയം ആരാധകരുടെ ദുഃസ്വപ്നങ്ങളിൽ പോലുമുണ്ടായിരുന്നില്ല. എന്നാൽ, ക്രിക്കറ്റ് എന്നും അനിശ്ചിതത്വങ്ങളുടേതായിരുന്നു. ആദ്യ 2 ലോകകപ്പ് ടൂർണമെന്റുകളിൽനിന്ന് ഒരു വിജയംമാത്രം സ്വന്തമായിരുന്ന ഇന്ത്യയാണ് മൂന്നാം ലോകകപ്പിൽ കിരീടം ചൂടിയത്. എന്നാൽ ആദ്യ 2  ലോകകപ്പുകളിലും വിജയ കിരീടം ചൂടിയ വെസ്റ്റ് ഇൻഡീസ് ഇത്തവണത്തെ ലോകകപ്പിന് യോഗ്യത പോലും നേടിയില്ല. ഇത്തവണത്തെ ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിൽ അഫ്ഗാനിസ്ഥാനെതിരെ തോൽവിയുടെ വക്കിൽനിന്ന് ഓസ്ട്രേലിയെ തിരികെക്കൊണ്ടുവന്നത് ഗ്ലെൻ മാക്സ്‍വെല്ലിന്റെ ഒറ്റയാൾ പോരാട്ടമാണ്. ഇത്തരം അവിശ്വസനീയ കഥകളുടെ ചരിത്രമാണ് ലോകകപ്പ് ക്രിക്കറ്റിന് പറയാനുള്ളത്. അതിലേക്ക്...

ഗ്രേഗ് ചാപ്പലും രാഹുൽ ദ്രാവിഡും (Photo by AP)
ADVERTISEMENT

∙ സച്ചിനു പോലും അതു പറയേണ്ടി വന്നു

‘എനിക്കൊപ്പമുണ്ടായിരുന്ന ഭാര്യ അഞ്ജലിയും അതു കേട്ട് ഞെട്ടിപ്പോയി. ക്രിക്കറ്റ് താരങ്ങളെല്ലാം വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകകപ്പിന് ഏതാനും മാസം മാത്രമേ ബാക്കിയുള്ളൂ. അപ്പോഴാണ് സ്വന്തം ക്യാപ്റ്റനിൽ വിശ്വാസമില്ലാതെ അയാൾ ഇങ്ങനെ പറയുന്നത്. രാഹുൽ ദ്രാവിഡിനെ മാറ്റി എന്നെ ക്യാപ്റ്റനാക്കുക എന്ന ഗ്രെഗ് ചാപ്പലിന്റെ നിർദേശം ഞാൻ സ്വീകരിച്ചില്ല’, സച്ചിൻ തെൻഡുൽക്കർ തന്റെ ആത്മകഥയായ ‘പ്ലേയിങ് ഇറ്റ് മൈ വേ’യിൽ തുടർന്നെഴുതുന്നു. ‘അവർക്ക് ഉൾക്കൊള്ളാനാകുമോ എന്നു പോലും ചിന്തിക്കാതെ അയാൾ കളിക്കാരുടെ മേൽ തന്റെ മേധാവിത്തം നിറഞ്ഞ ആശയങ്ങൾ കുത്തിച്ചെലുത്തിക്കൊണ്ടിരുന്നു’. 

2005 മുതൽ 2 വർഷം ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ കോച്ചായിരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് ‘ഇതിഹാസം’ ഗ്രെഗ് ചാപ്പലിനെ കുറിച്ച് തെൻഡുൽക്കർതന്നെ തുറന്നെഴുതിയത് ക്രിക്കറ്റ് ലോകത്തിനു മുഴുവൻ വലിയ ഞെട്ടലായിരുന്നു. ചാപ്പൽ പിന്നീട് ഇതൊക്കെ നിഷേധിച്ചെങ്കിലും അക്കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് കടന്നുപോയ അവസ്ഥ ഓർത്താൽ തെൻഡുൽക്കർ പറഞ്ഞത് ശരിയല്ലെന്ന് ആരും പറയില്ല, സൗരവ് ഗാംഗുലി എന്ന ‘ബംഗാൾ കടുവ’യെ ചാപ്പൽ അവഹേളിക്കുന്നതിനെതിരെ വലിയ പ്രതിഷേധങ്ങൾ പോലും അരങ്ങേറി. 2003ൽ ഓസ്ട്രേലിയയോട് ഫൈനലിൽ പരാജയപ്പെട്ട ഇന്ത്യൻ ടീമിനെ 2007ന് സജ്ജമാക്കാനായിരുന്നു ചാപ്പൽ കോച്ചായി വന്നത് എന്നതാണ് ഇതിലെ വൈരുധ്യം. ശ്രീലങ്കയോടും ബംഗ്ലദേശിനോടും തോറ്റ് ഗ്രൂപ്പ് ഘട്ടത്തിൽതന്നെ പുറത്താകാനായിരുന്നു ഇന്ത്യയുടെ വിധി.

ഗ്രെഗ് ചാപ്പൽ (Photo by PTI)

∙ ക്ലൈവ് ലോയ്ഡ് എന്ന നായകനും ചാപ്പൽ എന്ന ‘സ്ഥിരം’ വില്ലനും

ADVERTISEMENT

ചാപ്പലിന് പക്ഷേ ഇതൊന്നും പുത്തരിയല്ല, 1981ൽ ന്യൂസീലൻഡിന്റെ ഓസ്ട്രേലിയൻ പര്യടനത്തിലെ അവസാന മത്സരത്തിൽ സന്ദർശകർക്ക് വിജയിക്കാൻ അവസാന പന്തിൽ വേണ്ടിയിരുന്നത് 7 റൺസ്. അന്നത്തെ ഓസീസ് ടീം ക്യാപ്റ്റൻ ചാപ്പൽ, ബോളറായ സഹോദരൻ ട്രെവർ ചാപ്പലിനെകൊണ്ട് അവസാന പന്ത് 'അണ്ടർ ആം ബോൾ' ചെയ്യിച്ചു. അവസാന പന്തിൽ സിക്സടിച്ച് മത്സരം സമനില ആക്കാൻ ന്യൂസീലൻഡിനുള്ള അവസരം പോലും നിഷേധിക്കുന്നതായിരുന്നു ആ വിവാദ തീരുമാനം. 1975ൽ ആണ് പുരുഷ ലോകകപ്പ് ക്രിക്കറ്റിനു തുടക്കം. ആദ്യ ലോകകപ്പിന്റെ ഫൈനലിൽ ഓസ്ട്രേലിയയുമുണ്ടായിരുന്നു. ചാപ്പലിന്റെ മറ്റൊരു സഹോദരനും ഓസ്ട്രേലിയൻ ക്രിക്കറ്റിനെ പ്രഫഷനലാക്കുകയും ചെയ്ത ഇയാൻ ചാപ്പലായിരുന്നു ക്യാപ്റ്റൻ. ബാറ്റർ എന്നതിനൊപ്പം മീഡിയം പേസ് ബോളറിന്റെ റോളിലും ഗ്രെഗ് ചാപ്പലും. 

സാക്ഷാൽ ക്ലൈവ് ലോയ്ഡിന്റെ നേതൃത്വത്തിലുള്ള വെസ്റ്റ് ഇൻഡീസുമായുള്ള ഫൈനലിൽ ചാപ്പൽ 7 ഓവർ ബോൾ ചെയ്തെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല. ബാറ്റിങ്ങിനെത്തിയപ്പോൾ 15 റൺസിന് റൺ ഔട്ട് ആവുകയും ചെയ്തു. ക്യാപ്റ്റനായ ചാപ്പലായിരുന്നു ഓസീസിന്റെ ടോപ് സ്കോറർ – 62 റൺസ്. ഇംഗ്ലണ്ടായിരുന്നു ആദ്യ ലോകകപ്പിന്റെ വേദി. ലോകകപ്പിലെ ആദ്യ മത്സരം ഇംഗ്ലണ്ടും ഇന്ത്യയും തമ്മിൽ. 202 റൺസിന്റെ കൂറ്റൻ ജയമായിരുന്നു ഇംഗ്ലണ്ടിന് ഇന്ന് ലഭിച്ചത്. ഈ ടൂർണമെന്റിൽ ഈസ്റ്റ് ആഫ്രിക്കയ്ക്കെതിരെ വിജയിച്ചെങ്കിലും ഇംഗ്ലണ്ടിനോടും ന്യൂസീലൻഡിനോടും തോൽവി വഴങ്ങി ടൂർണമെന്റിൽ നിന്ന് പുറത്താകാനായിരുന്നു ഇന്ത്യയുടെ വിധി. ആതിഥേയരായ ഇംഗ്ലണ്ട് സെമിയിൽ ഓസ്ട്രേലിയയ്ക്കു മുന്നിൽ വീണു. 

ഫൈനൽ പോരാട്ടത്തിൽ വിൻഡ‍ീസിന് ആയിരുന്നു ആദ്യ ബാറ്റിങ്. റോയി ഫ്രെഡറിക്സും ഗോർഡോൻ ഗ്രീനിഡ്ജും ചേർന്ന ഓപ്പണിങ് സഖ്യം അധികം മുന്നോട്ടു പോയില്ല. ഡെന്നിസ് ലില്ലി, ജെഫ് തോംസൺ എന്നീ അന്നത്തെ ‘മരണ സ്ക്വാഡി’ന്റെ പേസിനു മുന്നിൽ ഇരുവരും വീണു. പിന്നാലെ എത്തിയ ആൽവിൻ കാളീചരണും അധികം ആയുസ്സുണ്ടായില്ല. അഞ്ചാമനായി ക്ലൈവ് ലോയ്‍ഡ് ക്രീസിലെത്തുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 50 എന്നതായിരുന്നു അന്നത്തെ പ്രതാപികളായ വിൻഡീസിന്റെ സ്കോർ‌. രോഹൻ കൻഹായിക്കെപ്പം (55) ഇന്നിങ്സ് കെട്ടിപ്പടുത്ത ലോയ്ഡ് മടങ്ങുമ്പോൾ വിൻഡീസ് സ്കോർ 5ന് 206. ലോയ്ഡ് 85 പന്തുകളിൽ 102. അന്ന് 60 ഓവറായിരുന്ന ബാറ്റിങ് അവസാനിക്കുമ്പോൾ വിൻഡീസ് സ്കോർ 8 വിക്കറ്റ് നഷ്ടത്തിൽ 291.

ഇയാൻ ചാപ്പൽ (Photo by PTI)

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലയ്ക്കു വേണ്ടി ഓപ്പണർ അലൻ ടേണർ 40 റൺസ് നേടി. ഇയാൻ ചാപ്പൽ 62. അവസാന വിക്കറ്റിൽ ജെഫ് തോംസൺ 21, ഡെന്നിസ് ലില്ലി 16 എന്നിങ്ങനെ റൺസ് കൂട്ടിച്ചേർത്തെങ്കിലും ഓസീസ് പോരാട്ടം 274 റൺസിൽ അവസാനിച്ചു. ഓസ്ട്രേലിയയുടെ 5 ബാറ്റർമാർ റൺ ഔട്ട് ആയി എന്നത് കളിയിൽ നിർണായകമായി. അലൻ‌ ടേണർ, ഇയാൻ ചാപ്പൽ, ഗ്രെഗ് ചാപ്പൽ എന്നിവരുടെ റൺ ഔട്ടുകൾക്ക് കാരണക്കാരനായതോ, സാക്ഷാൽ സർ വിവിയൻ റിച്ചാഡ്സും. 5 റൺ മാത്രമേ ആ ബാറ്റിൽനിന്ന് പിറന്നുള്ളൂ. എങ്കിലും ഫീൽഡിൽ കാണിച്ച വേഗവും കൃത്യതയും അനുപമമായിരുന്നു. ഫൈനലിൽ സെഞ്ചറി നേടുകയും ഒരു വിക്കറ്റെടുക്കുകയും ചെയ്ത നായകൻ ലോയ്ഡ് തന്നെയായിരുന്നു മാൻ ഓഫ് ദ് മാച്ച്. 1992 വരെ ലോകകപ്പിൽ മാൻ ഓഫ് ദ് സീരീസ് പുരസ്കാരം ഉണ്ടായിരുന്നില്ല.

ADVERTISEMENT

∙ വീണ്ടും വിൻഡീസ്, വിവ് റിച്ചാഡ്സിന്റെ ‘രണ്ടാം’ വരവ്

1975ൽ വിൻഡീസിന് ലോകകപ്പിനായി ബാറ്റുകൊണ്ട് കാര്യമായി ഒന്നും ചെയ്യാനായില്ലെങ്കിലും രണ്ടാം ലോകകപ്പ് വിവിയൻ റിച്ചാഡ്സ് എന്ന ഇതിഹാസ താരത്തിന്റേതായിരുന്നു. ഇംഗ്ലണ്ടിൽ തന്നെയായിരുന്നു 1979ലെ ലോകകപ്പും. ചാംപ്യൻമാരായ വിൻഡീസിന് ഇന്ത്യയായിരുന്നു ആദ്യ മത്സരത്തിലെ എതിരാളികൾ. കരീബിയൻ പടയ്ക്ക് 9 വിക്കറ്റ് വിജയം. വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, ന്യൂസീലൻഡ് ടീമുകളോട് തോറ്റ് ഇന്ത്യ ലോകകപ്പിൽനിന്നു പുറത്തായി.

ന്യൂസീലൻഡിനെ തോൽപ്പിച്ച് ഇംഗ്ലണ്ടും പാക്കിസ്ഥാനെ തകർത്ത് വിൻഡീസും ഫൈനലിൽ. ആദ്യ ബാറ്റിങ് വിൻഡീസ്. നാലാം വിക്കറ്റിൽ റിച്ചാ‍ഡ്സും ക്ലൈവ് ലോയ്ഡും ചേർന്നതോടെ സ്കോർ 3–55 എന്ന നിലയിൽ നിന്ന് ചലിച്ചു തുടങ്ങി. 99ൽ നിൽക്കെ ലോയ്ഡ് മടങ്ങി. പിന്നീടെത്തിയ കോളിസ് കിങ് റിച്ചാഡ്സിനു പിന്തുണയുമായി തകർത്തടിച്ചതോടെ സ്കോർ 238ൽ എത്തി. കോളിസ് 66 പന്തിൽ 86. ബാറ്റിങ് അവസാനിക്കുമ്പോൾ റിച്ചാഡ്സ് 157 പന്തിൽ 138 റൺസുമായി പുറത്താകാതെ നിന്നു. ആകെ 9 വിക്കറ്റ് നഷ്ടത്തിൽ 286 റൺസ്.

ലോകക്കപ്പ് 2023 കിരീടത്തിനരികെ വിവിയൻ റിച്ചാഡ്സ് (Photo by Manvender Vashist Lav/ PTI)

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റേത് മികച്ച തുടക്കമായിരുന്നു. ആദ്യ വിക്കറ്റ് പോയത് 129 റൺസുള്ളപ്പോൾ. മൈക്ക് ബ്രിയേർലി – 64, ജെഫ് ബോയ്കോട്ട് – 57 എന്നിങ്ങനെയായിരുന്നു ഓപ്പണർമാരുടെ സ്കോറുകൾ. എന്നാൽ ഇരുവരും പോയതോടെ ഇംഗ്ലിഷ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നു. ഗ്രഹാം ഗൂച്ച് ഇടയ്ക്ക് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും 32 റൺസിൽ പോരാട്ടം അവസാനിച്ചു. 51 ഓവർ പൂർത്തിയാകുമ്പോൾ ഇംഗ്ലണ്ടിന് നേടാനായത് 194 റൺസ് മാത്രം. 92 റൺസ് വിജയവുമായി വിൻഡീസിന് രണ്ടാം ലോകകിരീടം. നിർണായക ഇന്നിങ്സ് പടുത്തയർത്തിയ റിച്ചാഡ്സിന് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം ലഭിച്ചെങ്കിലും അതിന് അർഹതയുള്ള മറ്റൊരാൾ കൂടി ആ ഫൈനലിൽ ഉണ്ടായിരുന്നു. ‘ബിഗ് ബേർഡ്’ എന്ന പേരിൽ അറിയപ്പെടുന്ന പേസർ ജോയൽ ഗാർണർ. 11 ഓവറിൽ വെറും 38 റൺസ് മാത്രം വിട്ടുകൊടുത്ത് ഇംഗ്ലണ്ടിന്റെ 5 വിക്കറ്റുകളാണ് ഗാർണർ അന്ന് കൊയ്തത്.

 

∙ അന്ന് ലോകം അമ്പരന്നു, ‘കപിലിന്റെ ചെകുത്താൻമാരു’ടെ വരവ്

ആദ്യ രണ്ടു ലോകകപ്പിലെ 6 മത്സരങ്ങളിൽ ഒരണ്ണത്തിൽ മാത്രം വിജയിച്ച ഒരു ഏഷ്യൻ ടീം മൂന്നാമത്തെ ലോകകപ്പ് നേടുക! ഒരുപക്ഷേ അവിശ്വസനീയമെന്ന് പറയാവുന്ന ഒന്നായിരുന്നു ആ ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനം. ആദ്യ മത്സരം ആദ്യ രണ്ടു ലോകകപ്പുകളും സ്വന്തമാക്കിയ വിൻഡീസുമായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 34 റൺസ് വിജയം. 120 പന്തുകളിൽ 89 റൺസ് നേടിയ യശ്പാൽ ശർമയാണ് അന്ന് കൂട്ടത്തകർച്ചയിൽനിന്ന് ഇന്ത്യയെ രക്ഷിച്ചത്. സന്ദീപ് പാട്ടീൽ – 36, റോജർ ബിന്നി – 27 എന്നിങ്ങനെയായിരുന്നു മറ്റു സ്കോറുകൾ. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് നിരയിൽ ഗ്രീനിഡ്ജും ഹെയ്ൻസും റിച്ചാഡ്സും ലോയ്ഡും അടങ്ങിയ വമ്പൻ നിര. പക്ഷേ ഇന്ത്യൻ ബൗളർമാരുടെ മാസ്മരിക പ്രകടനത്തിനു മുന്നിൽ വിൻഡീസ് 34 റൺസ് അകലെ വീണു. 37 റൺസ് വീതമെടുത്ത ആൻഡി റോബർട്സും ജോയൽ ഗാർണറുമായിരുന്നു വിൻഡീസ് ടോപ് സ്കോറർമാർ. റോജർ ബിന്നിയും രവി ശാസ്ത്രിയും 3 വീതം വിക്കറ്റുകൾ നേടിയെങ്കിലും 89 റൺസ് നേടിയ യശ്പാൽ ശർമയായിരുന്നു മാൻ ഓഫ് ദി മാച്ച്.

1983 ലോകക്കപ്പ് കിരീടം നേടിയ ഇന്ത്യൻ ടീം (From Archive)

ഇന്ത്യയുടെ അടുത്ത മത്സരം സിംബാബ്‍വെയുമായിട്ടായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വെ 155 റൺസിന് ഓൾ ഔട്ടായി. മദൻ ലാൽ 27 റൺസ് വഴങ്ങി 3 വിക്കറ്റെടുത്തു. റോജർ ബിന്നിക്ക് 2 വിക്കറ്റുകളും ലഭിച്ചു. 3 റൺ ഔട്ടുകളായിരുന്നു സിംബാബ്‍വെ ഇന്നിങ്സിലെ പ്രത്യേകത. 37.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ സിംബാബ്‍വെ സ്കോർ മറികടന്നു. സന്ദീപ് പാട്ടീൽ – 50, മെഹീന്ദർ അമർനാഥ് – 44 എന്നിങ്ങനെയായിരുന്നു ഇന്ത്യൻ ഇന്നിങ്സിലെ ടോപ് സ്കോറുകൾ. 3 സിംബാബ്‍വെ വിക്കറ്റുകൾ പിഴുത മദൻലാലായിരുന്നു മാൻ ഓഫ് ദ് മാച്ച്.

ഇന്ത്യയുടെ അടുത്ത മത്സരം ഓസ്ട്രേലിയയുമായി. 60 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ അടിച്ചുകൂട്ടിയത് 320 റൺസ്. ട്രെവർ ചാപ്പൽ – 110, കിം ഹ്യൂസ് – 52, ഗ്രഹാം യാലോപ് – 66 എന്നിവരായിരുന്നു പ്രധാന സ്കോറർമാർ. കപിൽ ദേവിന് 5 വിക്കറ്റ്. മറുപടി ബാറ്റിങ്ങിൽ പക്ഷേ, ഇന്ത്യൻ നിര പതറി. കെ.ശ്രീകാന്ത് – 39, കപിൽ ദേവ് – 40, മദൻ ലാൽ – 27 എന്നിങ്ങനെയായിരുന്നു ടോപ് സ്കോറുകൾ. ഇന്ത്യ കേവലം 158 റൺസിന് ഓൾ ഔട്ട് ആയപ്പോൾ ഓസ്ട്രേലിയയ്ക്ക് 162 റൺസ് വിജയം. ട്രെവർ ചാപ്പൽ മാൻ ഓഫ് ദി മാച്ച്.

1983 ലെ ലോകകപ്പ് വിജയികളായ ഇന്ത്യൻ ടീം രാഷ്ട്രപതി ഗ്യാനി സെയിൽസിങിനൊപ്പം (From Archive)

വെസ്റ്റ് ഇൻഡീസുമായി രണ്ടാം വട്ടം മുഖാമുഖം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 60 ഓവറിൽ 282 റൺസ്. വിവ് റിച്ചാഡ‍്സിനു വീണ്ടും സെഞ്ചറി – 119. ലോയ്ഡ്–41, ഹെയ്ൻസ് – 38 എന്നിങ്ങനെയായിരുന്നു പ്രധാന സ്കോറുകൾ. റോജർ ബിന്നിക്ക് 3 വിക്കറ്റുകൾ. മറുപടി ബാറ്റിങ്ങിൽ പക്ഷേ, ഇന്ത്യക്ക് ലക്ഷ്യം പിഴച്ചു. 66 റണ്ണിന് വിൻഡീസിന് വിജയം. അമർനാഥ് – 80, ദിലിപ് വെങ്സർക്കാർ – 32, കപിൽ ദേവ് – 36 എന്നിവരായിരുന്നു മുൻനിര സ്കോറർമാർ. സെഞ്ചറി നേട്ടത്തോടെ വിവ് റിച്ചാഡ്സ് വീണ്ടും മാൻ ഓഫ് ദ് മാച്ച്.

‌മറ്റൊരു ഐതിഹാസിക ഇന്നിങ്സിനാണ് ക്രിക്കറ്റ് ലോകം അടുത്തതായി സാക്ഷ്യം വഹിച്ചത്. ഡങ്കൻ ഫ്‍ളച്ചറിന്റെ സിംബാബ്‍വെ വീണ്ടും എതിരാളികൾ. മുൻപത്തെ കളിയിൽ സിംബാബ്‍വെയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലുമായിരുന്നു ഇന്ത്യൻ ടീം. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ഇന്ത്യയുടെ 5 മുൻനിര ബാറ്റർമാർ കൂടാരം കയറി. സ്കോർബോർഡിൽ അപ്പോഴുള്ളത് 17 റൺസ്. പിന്നീടായിരുന്നു കപിൽ എന്ന നായകന്റെ ഇന്നിങ്സ്. ആദ്യം റോജർ ബിന്നിക്കൊപ്പം 60 റൺസിന്റെ കൂട്ടുകെട്ട്, പിന്നീട് മദൻ ലാലിനെപ്പം 62 റണ്ണിന്റെയും. അടുത്തത് സയ്യിദ് കിർമാനിയുടെ ഊഴമായിരുന്നു. കിർമാനിയെ സാക്ഷി നിർത്തി കപിൽ സിംബാബ്‍വെ ബോളർമാരെ പ്രഹരിച്ചു തുടങ്ങി. വെറും 70 ബോളിൽ കപിൽ സെഞ്ചറിയിലെത്തി. ഒടുവിൽ 60 ഓവർ കഴിയുമ്പോൾ 16 ഫോറും 6 സിക്സറുകളുമായി കപിൽ 175 നോട്ട്ഔട്ട്. ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 266. മറുപടി ബാറ്റിങ്ങിൽ സിംബാബ്‍വെ ഇന്ത്യയെ മറികടക്കാൻ ശ്രമിച്ചെങ്കിലും പിഴച്ചു. 73 റൺസ് എടുത്ത കെവിൻ കുറാൻ ആയിരുന്നു ടോപ് സ്കോറർ. 57 ഓവറിൽ 235 സിംബാബ്‍വെ ഓൾഔട്ട്. ഇന്ത്യക്ക് 31 റൺസ് വിജയം. 175 റൺസും ഒരു വിക്കറ്റും 2 ക്യാച്ചുമായി കപിലിന് മാൻ ഓഫ് ദ് മാച്ച്.

അവിശ്വസനീയ യാത്രയായിരുന്നു അവിടം മുതൽ ഇന്ത്യയുടേത്. അടുത്ത കളി വീണ്ടും ഓസ്ട്രേലിയയുമായി. യശ്പാൽ ശർമ–40, സന്ദീപ് പാട്ടിൽ – 30, കപിൽ ദേവ് – 28, കെ.ശ്രീകാന്ത്– 24 എന്നിവരുടെ മികവിൽ ഇന്ത്യ 247 റൺസെടുത്തു. അതുവരെ കാണാത്ത തകർച്ചയാണ് ഓസ്ട്രേലിയയെ കാത്തിരിക്കുന്നത് എന്ന് അപ്പോൾ ആരുമറിഞ്ഞില്ല. ഓസ്ട്രേലിയ 38.2 ഓവറിൽ 129 റൺസിന് ഓൾഔട്ട്. 21 റൺസും 4 വിക്കറ്റും നേടിയ റോജർ ബിന്നി മാൻ ഓഫ് ദി മാച്ച്. മദൻലാലിനും നാലു വിക്കറ്റ് സ്വന്തമാക്കി.

ഇന്ത്യയുടെ പ്രഥമ ക്രിക്കറ്റ് ലോകകപ്പ് വിജയത്തിന്റെ അവിസ്മരണീയ നിമിഷം. 1983 ജൂൺ 25ന് ലോർഡ്സിൽ നടന്ന ഫൈനലിൽ വിൻഡീസിന്റെ അവസാന ബാറ്റർ മൈക്കൽ ഹോൾഡിങ് പുറത്തായി മടങ്ങുമ്പോൾ വിജയസ്മരണികയായി സ്റ്റംപുകൾ പിഴുതെടുക്കുകയാണ് ഇന്ത്യൻ താരങ്ങളായ യശ്പാൽ ശർമയും (ഇടത്) റോജർ ബിന്നിയും. (Photo from Archive)

അടുത്ത എതിരാളികൾ ഇംഗ്ലണ്ട്. ആതിഥേയർക്ക് ബാറ്റിങ്. ഒരാൾക്ക് പോലും അർധ സെഞ്ചറി നേടാൻ കഴിയാതിരുന്ന മത്സരത്തിൽ ഇംഗ്ലണ്ട് 213ന് ഓൾഔട്ട്. കപിൽ–4 വിക്കറ്റ് പിഴുതപ്പോൾ ബിന്നിയും അമർനാഥും രണ്ടു വിക്കറ്റുകൾ വീതം നേടി. മറുപടി ബാറ്റിങ്ങിൽ യശ്പാൽ ശർമ–61, സന്ദീപ് പാട്ടിൽ– 51, അമർനാഥ് – 46, എന്നിവരുടെ മികവിൽ ഇന്ത്യ 54.4 ഓവറിൽ ലക്ഷ്യം മറികടന്നു. 2 വിക്കറ്റും 36 റൺസും നേടിയ അമർനാഥ് മാൻ ഓഫ് ദ് മാച്ച്. ഇന്ത്യ ഫൈനലിൽ. എതിരാളികൾ രണ്ടു വട്ടവും ചാംപ്യൻമാരായ വെസ്റ്റ് ഇൻഡീസ്.

1983 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനൽ ഇന്ത്യയ്ക്ക് ഒരു ചരിത്രമുഹൂർത്തം തന്നെയായിരുന്നു. സിനിമയും എഴുത്തുമെല്ലാമായി ആ കഥകൾ തലമുറകളായി പറഞ്ഞുപോരുന്നു. ഇന്ത്യൻ ബാറ്റിങ് 183ൽ അവസാനിച്ചപ്പോൾ മിക്കവരും തന്നെ ഇന്ത്യയ്ക്കുള്ള സാധ്യതകൾ എഴുതിത്തള്ളിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 14 ഓവർ കഴിയുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 53 റൺസ്. ക്രീസിൽ 27 ബോളിൽ 33 റൺസുമായി സൂപ്പർ ഫോമിൽ നിൽക്കുന്ന സാക്ഷാൽ വിവ് റിച്ചാഡ്സും ക്ലൈവ് ലോയ്ഡും. അടുത്തത് മദൻലാലിന്റെ ബൗളിങ്. ഉയർത്തിയടിച്ച പന്തിനെ ലക്ഷ്യമാക്കി പിന്നിലേക്കോടുന്ന കപിൽ. ആ പന്ത് കൈക്കലാക്കിയതോടെ ഇന്ത്യ എടുത്തുയർത്തിയത് ആദ്യ ലോകകപ്പ് കൂടിയാണ്. വിഖ്യാതമായ വെസ്റ്റ് ഇൻഡീസ് ബാറ്റിങ് നിര 140 റൺസിന് തകർന്നടിഞ്ഞു. ഇന്ത്യക്ക് 43 റൺസിന്റെ വിജയവും ലോകകപ്പും. ഇന്ത്യയിൽ ക്രിക്കറ്റിന്റെ തന്നെ ചരിത്രം തിരുത്തിയെഴുതിയ സംഭവമായിരുന്നു ഇത്. 3 വിക്കറ്റും 26 റൺസും നേടിയ അമർനാഥ് മാൻ ഓഫ് ദ് മാച്ച്. ഇന്ത്യ ചാംപ്യൻമാർ.

1983 ലെ ലോകകപ്പ് വിജയികളായ ഇന്ത്യൻ ടീം അംഗങ്ങളായ കപിൽ ദേവും സുനിൽ ഗവാസ്കറും ട്രോഫിയുമായി (From Archive)

∙ ചാംപ്യൻമാർക്ക് തുടക്കത്തിലേ വീഴ്ച, പക്ഷേ സെമി വരെയെത്തിയ പോരാട്ടം

ഇംഗ്ലണ്ടിനു പുറത്തു നടന്ന ആദ്യ ലോകകകപ്പ്. 60 ഓവറിൽനിന്ന് 50 ഓവറായി മത്സരം ചുരുക്കിയതും ഈ ലോകകപ്പിലാണ്. ഇന്ത്യയിലും പാക്കിസ്ഥാനിലുമായി നടന്ന റിലയൻസ് ലോകകപ്പിൽ ഇന്ത്യയുടെ തേരോട്ടം അവസാനിച്ചത് സെമിയിൽ. ഓസ്ട്രേലിയയോട് ഒരു റണിന് പരാജയം ഏറ്റുവാങ്ങിയാണ് തുടക്കം. എന്നാൽ പിന്നീട് എല്ലാ മത്സരങ്ങളും വിജയിച്ച് സെമിയിലേക്ക്. അവിടെ പക്ഷേ, ഇന്ത്യയെ 35 റൺസിന് പരാജയപ്പെടുത്തിയ ഇംഗ്ലണ്ട് ൈഫനലിലെത്തി. ഗ്രഹാം ഗൂച്ചിന്റെ 115 ആയിരുന്നു കളിയിലെ ഉയർന്ന സ്കോർ. മൈക്ക് ഗെറ്റിങ്–56, അലൻ ലാംബ് – 32 റൺസുമെടുത്തു. സ്പിന്നർ മനീന്ദർ സിങ് –3, കപിൽ ദേവ്– 2 വിക്കറ്റുകളും നേടി. 

മറുപടി ബാറ്റിങ്ങിൽ ഇന്ത്യ മുഹമ്മദ് അസറുദ്ദീൻ – 64, കപിൽ ദേവ് – 30, കെ.ശ്രീകാന്ത് – 30 എന്നിവരിലൂടെ തിരിച്ചടിക്ക് ശ്രമിച്ചെങ്കിലും 45.3 ഓവറിൽ 219 റൺസിന് പോരാട്ടം അവസാനിച്ചു. ഇംഗ്ലണ്ടിന് 35 റൺസ് വിജയം. സെഞ്ചറിക്കരുത്തിൽ ഗ്രഹാം ഗൂച്ച് മാൻ ഓഫ് ദ് മാച്ച്. പാക്കിസ്ഥാനെ സെമിയിൽ പരാജയപ്പെടുത്തി ഫൈനലിലെത്തിയ ഓസ്ട്രേലിയ ഈഡൻ ഗാർഡൻസിൽ നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ 7 റണ്ണിന് പരാജയപ്പെടുത്തി ചാംപ്യന്മാരായി. ഓസ്ട്രേലിയൻ ബാറ്റിങ്ങിന് നിർണായക അടിത്തറ നൽകിയ 75 റൺ നേട്ടത്തിലൂടെ ഡേവിഡ് ബൂൺ മാൻ ഓഫ് ദ് മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.

∙ ഏകദിന ക്രിക്കറ്റിന്റെ ദിശ മാറുന്നു, ദക്ഷിണാഫ്രിക്ക ലോകകപ്പിൽ, കപ്പ് പാക്കിസ്ഥാന്

ഏകദിന ക്രിക്കറ്റിലേക്ക് ഒട്ടേറെ ‘പരിഷ്കാര’ങ്ങൾ‌ കൊണ്ടുവന്ന ലോകകപ്പാണ് ഓസ്ട്രേലിയയിലും ന്യൂസീലൻഡിലുമായി നടന്ന 1992ലെ ടൂർണമെന്റ്. വെള്ള വസ്ത്രങ്ങൾക്ക് പകരം ടീമുകൾ തങ്ങളുടെ കളർ ജഴ്സികളണിഞ്ഞത് ഈ ലോകകപ്പിലാണ്. വെള്ള പന്ത് ഉപയോഗിച്ച ആദ്യ ലോകകപ്പും ഇതുതന്നെ. ആദ്യമായി മാൻ ഓഫ് ദ് സീരീസ് ഏർപ്പെടുത്തിയതും 1992ലാണ്. ഏതാനും മത്സരങ്ങൾ രാത്രിയും പകലുമായി നടക്കുകയും ചെയ്തു. 21 വർഷം വർണവിവേചനത്തിന്റെ പേരിൽ മാറ്റി നിർത്തിയിരുന്ന ദക്ഷിണാഫ്രിക്കയുടെ തിരിച്ചു വരവിന് സാക്ഷ്യം വഹിച്ച ലോകകപ്പ് കൂടിയാണ് ഇത്. കുപ്രസിദ്ധമായ മഴ നിയമത്തിലൂടെ ദക്ഷിണാഫ്രിക്ക സെമിയിൽ പുറത്താവുന്നതും പിന്നാലെ ഡക്‌വർത്ത്–ലൂയിസ് നിയമം വരുന്നതും ഈ ലോകകപ്പിലാണ്.

ഗ്രെഹാം ഗൂച്ച് (Photo by MIKE FIALA / AFP)

സിഡ്നിയിൽ നടന്ന ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിന്റെ പേരിൽ കൂടിയാണ് ഈ ലോകകപ്പ് അറിയപ്പെടുന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സച്ചിൻ തെൻഡുൽക്കർ – 54, അജയ് ജഡേജ – 46, കപിൽ ദേവ് – 35, അസറുദ്ദീൻ – 32 എന്നിവരുടെ ബലത്തിൽ 7 വിക്കറ്റിന് 216 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാനെ ഇന്ത്യൻ ബോളർമാർ വരിഞ്ഞുമുറുക്കിയതോടെ പാക് ഇന്നിങ്സ് 173 റൺസിൽ അവസാനിച്ചു. ആമിർ സെഹൈൽ – 62, ജാവേദ് മിയാൻദാദ് – 40 എന്നിവർ പൊരുതിയെങ്കിലും 2 വിക്കറ്റുകൾ വീതം നേടിയ കപിൽ, മനോജ് പ്രഭാകർ, ജവഗൽ ശ്രീനാഥ് എന്നിവരുടെ ബലത്തിൽ ഇന്ത്യ 49 റൺസിന് വിജയച്ചു. 54 റൺസും ഒരു വിക്കറ്റും നേടിയ സച്ചിൻ മാൻ ഓഫ് ദ് മാച്ച്. പല മത്സരങ്ങളും മഴ കൊണ്ടുപോവുകയും വിവാദമായ മഴ നിയമം പ്രയോഗിക്കലുംകൊണ്ട് അറിയപ്പെട്ട ലോകകപ്പ് കൂടിയാണിത്. വെസ്റ്റ് ഇൻഡീസിനോടും ന്യൂസീലൻഡിനോടും ദക്ഷിണാഫ്രിക്കയോടും തോറ്റ ഇന്ത്യ പിന്നാലെ പുറത്തായി. 

ന്യൂസീലൻഡിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി ഫൈനലിലെത്തിയ പാക്കിസ്ഥാനും മഴയുടെ സഹായത്തോടെ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയ ഇംഗ്ലണ്ടും തമ്മിലുള്ള സെമി മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു. ക്യാപ്റ്റൻ ഇമ്രാൻ ഖാൻ 72 റൺ‌സ് അടിച്ചുകൂട്ടിയ മത്സരത്തിൽ മിയാൻദാദ് – 58, ഇൻസമാം ഉൾ–ഹഖ് – 42, വാസിം അക്രം – 33 എന്നിവരും തിളങ്ങിയതോടെ പാക് സ്കോർ 249. മറുപടി ബാറ്റിങ്ങിൽ നീൽ ഫെയർബ്രദർ– 62, അലൻ ലാംബ് – 31 എന്നിവരൊഴിച്ചാൽ ഇംഗ്ലണ്ട് തകർന്നു. ഇംഗ്ലണ്ട് സ്കോർ 227ൽ അവസാനിച്ചതോടെ പാക്കിസ്ഥാന് 22 റൺസ് വിജയവും ആദ്യ ലോകകപ്പും. വസീം അക്രം, മുഷ്താഖ് അഹമ്മദ് എന്നിവർ മൂന്നു വിക്കറ്റുകൾ വീതം നേടി. 33 റണ്ണും മൂന്നും വിക്കറ്റും നേടിയ അക്രമായിരുന്നു മാൻ‌ ഓഫ് ദ് മാച്ച്. ലോകകപ്പിൽ ആകെ 456 റൺസ് നേടിയ ന്യൂസീലൻഡിന്റെ മാർട്ടിൻ ക്രോ ആയിരുന്നു ലോകകപ്പിലെ ആദ്യ മാൻ ഓഫ് ദ് സീരീസ്.

 

1992 ലെ ലോകക്കപ്പ് കിരീടവുമായി പാക്കിസ്ഥാൻ ക്യാപ്റ്റൻ ഇമ്രാൻ ഖാൻ (Photo by AFP)

∙ ഇന്ത്യ കരഞ്ഞ ദിവസം, ശ്രീലങ്കയ്ക്ക് ആദ്യ കപ്പ്

ഇന്ത്യയിലും പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായാണ് 1996ലെ ലോകകപ്പ് നടന്നത്. ഒരുപക്ഷേ ഇന്ത്യ മറക്കാനാഗ്രഹിക്കുന്ന ലോകകപ്പ് കൂടിയാണിത്. സെമിയിൽ ശ്രീലങ്കയോട് പരാജയപ്പെട്ടായിരുന്നു ‌ഇന്ത്യയുടെ മടക്കം. ആദ്യം ബാറ്റ് ചെയ്ത ലങ്ക 8 വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തപ്പോൾ ഈഡൻ ഗാർഡൻസിൽ ഇന്ത്യയുടെ കണ്ണീർ വീണു. സനത് ജയസൂര്യ അടക്കമുള്ള 3 മുൻനിര ബാറ്റർമാരെ തുടക്കത്തിലേ നഷ്ടമായെങ്കിലും അരവിന്ദ ഡിസിൽവ– 66, റോഷൻ മഹാനാമ –58, അർജന രണതുംഗ –35, ഹഷൻ തിലകരത്നെ – 32 എന്നിവരുടെ തോളിലേറി ലങ്ക സ്കോർ പടുത്തുയർത്തി. മികച്ച മറുപടിയാണ് ഇന്ത്യ തുടക്കത്തിൽ നൽകിയത്. 

തെൻഡുൽക്കർ –65, സഞ്ജയ് മഞ്ജരേക്കർ –25 പ്രതീക്ഷ നൽകുകയും ചെയ്തു. എന്നാൽ തെൻഡുൽക്കർ പുറത്തായതോടെ ഇന്ത്യൻ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നു. ഇതോടെ 35–ാം ഓവറിൽ ഇന്ത്യൻ സ്കോർ 8 വിക്കറ്റിന് 120 എന്ന നിലയിലായി. ഇതോടെ ഒരു ലക്ഷത്തോളം വരുന്ന കാണികൾ ഇളകി. മൈതാനത്തേക്ക് കുപ്പികളും മറ്റുമെറിഞ്ഞതോടെ 20 മിനിറ്റ് കളി നിർത്തി വച്ചു. എന്നാൽ കാണികളുടെ അക്രമം വർധിച്ചതോടെ മാച്ച് റഫറിയായ ക്ലൈവ് ലോയ്ഡ് ശ്രീലങ്കയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. അന്ന് 10 റൺസെടുത്ത് പുറത്താകെ നിന്ന വിനോദ് കാംബ്ലി കരഞ്ഞുകൊണ്ട് മൈതാനം വിടുന്നത് ഹൃദയഭേദകമായ കാഴ്ചയായി. അരവിന്ദ ഡി സിൽവയായിരുന്നു മാൻ ഓഫ് ദ് മാച്ച്.

ലഹോറിൽ നടന്ന ഫൈനലിൽ ഓസ്ട്രേലിയ 7 വിക്കറ്റ് നഷ്ടത്തിൽ 241 റൺസ് എന്ന ഭേദപ്പെട്ട സ്കോർ ഉയർത്തി. മാർക് ടെയ്‍ലർ – 74, റിക്കി പോണ്ടിങ് – 45, മൈക്കൽ ബെവൻ – 36 എന്നിവരായിരുന്നു സ്കോറർമാർ. എന്നാൽ ശ്രീലങ്കയെ സംബന്ധിച്ച് ഈ സ്കോർ മറികടക്കുക ബുദ്ധിമുട്ടായിരുന്നില്ല. ജയസൂര്യയെ തുടക്കത്തിലേ നഷ്ടപ്പെട്ടിട്ടും കീഴടങ്ങാതെ പൊരുതിയ അരവിന്ദ ഡി സിൽവ– 107, അശാങ്ക ഗുരുസിൻഹ – 65, ക്യാപ്റ്റൻ അർജുന രണതുംഗ – 47 എന്നിവരിലൂടെ ലങ്ക തിരിച്ചടിച്ചു. ഫലം 46.2 ഓവറിൽ ഓസ്ട്രേലിയൻ സ്കോർ മറികടന്നു. ലോകകപ്പ് ശ്രീലങ്കയ്ക്ക്. സെഞ്ചറിയും 3 വിക്കറ്റും നേടിയ അരവന്ദ ഡിസിൽവയായിരുന്നു മാൻ ഓഫ് ദ് മാച്ച്. ആകെ 221 റൺസും ഏഴു വിക്കറ്റുകളും നേടിയ ജയസൂര്യ മാൻ ഓഫ് ദ് സീരീസും.

1996 ലെ ലോകകപ്പ് കിരീടവുമായി ശ്രീലങ്കൻ ക്യാപ്റ്റൻ അർജുന രണതുംഗ (Photo by sayeed Khan / AFP)

 

∙ വീണ്ടും നിർഭാഗ്യത്തിൽത്തട്ടി ദക്ഷിണാഫ്രിക്ക; ഓസീസ് മേധാവിത്വം

ഇംഗ്ലണ്ടിലായിരുന്നു 1999ലെ ലോകകപ്പ് നടന്നത്. 4 വർഷത്തെ ഇടവേളയ്ക്കു പകരം അത്തവണ 3 വർഷത്തിനു ശേഷം മത്സരം നടത്താൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തീരുമാനിക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ ദക്ഷിണാഫ്രിക്കയോടും സിംബാബ്‍വെയോടും ഇന്ത്യ തോൽവി വഴങ്ങി. പിന്നീട് കെനിയ, ശ്രീലങ്ക, പാക്കിസ്ഥാൻ ടീമുകളെ തോൽപ്പിച്ചെങ്കിലും ഓസീസിനോടും കിവികളോടും പരാജയപ്പെട്ടതോടെ പുറത്തേക്കുള്ള വഴി കണ്ടു. അത്തവണ കപ്പ് നേടാൻ സാധ്യത കൽപ്പിക്കപ്പെട്ട ടീമായിരുന്നു ദക്ഷിണാഫ്രിക്ക. ഏവരേയും മുൾമുനയിൽ നിർത്തിയ സെമിയിൽ അലൻ ഡൊണാൾഡ് റൺഔട്ടാകുമ്പോൾ ഒറ്റയ്ക്ക് പൊരുതിയ ലാൻസ് ക്ലൂസ്‍നെറുടെ പോരാട്ടം വിഫലമായി. ഇരുകൂട്ടരുടെയും റൺ തുല്യം – 213. സൂപ്പർ സിക്സിലെ മികച്ച പ്രകടത്തിന്റെ അടിസ്ഥാനത്തിൽ ഓസീസ് ഫൈനലിൽ. 18 റൺസും 4 വിക്കറ്റ് നേട്ടവുമായി ഷെയ്ൻ വോൺ മാൻ ഓഫ് ദ് മാച്ച്.

ന്യൂസീലൻഡിനെ 9 വിക്കറ്റിന് തകർത്ത് പാക്കിസ്ഥാനും ഫൈനലിലെത്തിയെങ്കിലും ഓസീസിനു മുന്നിൽ തകർന്നടിഞ്ഞു. രണ്ടക്കം കണ്ട പാക്കിസ്ഥാൻകാർ അഞ്ചു പേർ. 39 ഓവറിൽ 132ന് ഓൾഔട്ട്. വീണ്ടും ഷെയ്ൻ വോണിന്റെ ബൗളിങ് വിസ്മയം. 9 ഓവറിൽ 33 റൺസിന് 4 വിക്കറ്റ്. ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ചടങ്ങു തീർക്കുക എന്ന ബാധ്യത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആഡം ഗിൽക്രൈസ്റ്റ് –54, മാർക്ക് വോ– 34, റിക്കി പോണ്ടിങ് – 24 എന്നിവരിലൂടെ വിജയത്തിലേക്ക്. ഓസീസിന് വീണ്ടും കിരീടം. ഷെയ്ൻ വോൺ മാൻ ഓഫ് ദേ മാച്ച് നേടിയപ്പോൾ 281 റൺസും 17 വിക്കറ്റും നേടിയ ക്ലൂസ്നെർ മാൻ ഓഫ് ദ് സീരിസായി തിരഞ്ഞെടുക്കപ്പെട്ടു.

2003 ലെ ലോകകപ്പ് കിരീടത്തിൽ മുത്തമിടുന്ന ഓസ്ട്രേലിയൻ താരങ്ങൾ (Photo by YOAV LEMMER / AFP)

∙ 20 വർഷങ്ങൾക്ക് ഇപ്പുറവും ഇന്ത്യയുടെ വഴിമുടക്കി ഓസീസ്

21–ാം നൂറ്റാണ്ടിലെ ആദ്യ ലോകകപ്പിന് വേദിയായത് ദക്ഷിണാഫ്രിക്കയായിരുന്നു. 2003ൽ ജൊഹനാസ്ബർഗിൽ നടന്ന ഫൈനലിൽ നേർക്കുനേർ വന്നത് സൗരവ് ഗാംഗുലിയുടെ ഇന്ത്യയും റിക്കി പോണ്ടിങ്ങിന്റെ ഓസീസും. ഓസ്ട്രേലിയൻ ബാറ്റിങ് കരുത്തിന് മുന്നില്‍ ഇന്ത്യയ്ക്കു കാലിടറി. ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങ് മികച്ച സെഞ്ചറിയുമായി (140) മുന്നിൽ നിന്ന് നയിച്ചപ്പോൾ, 88 റൺസ് നേടിയ ഡാമിയൻ മാർട്ടിൻ മികച്ച പിന്തുണ നൽകി. 50 ഓവറിനൊടുവിൽ ഓസീസ് ഇന്ത്യയ്ക്കുമുന്നില്‍ വച്ച വിജയലക്ഷ്യം 360 റൺസ്. എന്നാൽ ബാറ്റർമാർ കൃത്യമായ ഇടവേളകളിൽ ഒന്നിനു പിന്നാലെ മറ്റൊന്നായി കൂടാരംകയറിയപ്പോൾ ഇന്ത്യയ്ക്ക് ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത് 125 റൺസിന്റെ വമ്പൻ പരാജയം. 

2011 ലോകകപ്പ് കിരീടനേട്ടത്തിന് ശേഷം സച്ചിനെ തോളിലേന്തി ഇന്ത്യൻ താരങ്ങളുടെ ആഘോഷം (Photo by William WEST/ AFP)

20 വർഷത്തിനു ശേഷം ഇന്ത്യയിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഇന്ത്യ പരാജയപ്പെടുന്നത് ഓസീസിന്റെ പ്രഫഷണൽ മികവിനോടാണ്. എന്നാൽ ഇതിനിടയിൽ ഇന്ത്യൻ ക്രിക്കറ്റ് ഒരുപാട് മാറി. 2007ൽ ലോകകപ്പിൽ ചാപ്പലിന്റെ കോച്ചിങ് ഉണ്ടാക്കിയ ആശയക്കുഴപ്പവും പേറി കളിക്കാനിറങ്ങിയ ഇന്ത്യ ഗ്രൂപ്പ് തലത്തിൽ തന്നെ പുറത്തായിരുന്നു. എന്നാൽ വലിയൊരു തിരിച്ചുവരവ് 2011ൽ ഇന്ത്യൻ ക്രിക്കറ്റിനെ കാത്തിരിക്കുന്നുണ്ടായിരുന്നു, വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിനൊടുവിൽ അരലക്ഷത്തോളം കാണികളെ സാക്ഷിയാക്കി ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം ചൂടി. എം.എസ്.ധോണി ലോകകിരീടം ഏറ്റുവാങ്ങി. 

2015ലും 2019ലും സെമിയിൽ കാലിടറിയ ടീം ഇന്ത്യ, ഇത്തവണത്തെ ലോകകപ്പിൽ ഫൈനലിലേക്ക് എത്തിയത് സെമിഫൈനൽ ഉൾപ്പെടെ തുടർച്ചയായ 10 മത്സരങ്ങളും വിജയിച്ചാണ്. എന്നാൽ, വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയോടെ ഫൈനൽ മത്സരം കണ്ട കോടിക്കണക്കിന് ആരാധകരെ കണ്ണീരിലാഴ്ത്തിക്കൊണ്ടാണ് കളി അവസാനിച്ചത്. ഇന്ത്യയുടെ ഫൈനൽ പരാജയത്തിനപ്പുറം, എക്കാലവും ഓർത്തുവയ്ക്കാനാകുന്ന മനോഹരങ്ങളായ ഒട്ടേറെ നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ടാണ് 2023 ലോകകപ്പിന് തിരശീല വീഴുന്നത് എന്നതിൽ ആശ്വസിക്കാം. ആ മനോഹര നിമിഷങ്ങളിലേറെയും സമ്മാനിച്ചതും ടീം ഇന്ത്യതന്നെയായിരുന്നു.

English Summary:

India-Australia Final, the Uncertainty and Beauty of the Cricket World Cup

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT