മോദിയുടെ സ്റ്റേഡിയത്തിൽ ജയ് ഷായുടെ ടീം! പി.ടി. ഉഷയ്ക്ക് വിമാനം നൽകിയ രാജീവ് ഗാന്ധി; ക്രിക്കറ്റിൽ രാഷ്ട്രീയം പറയണോ?
ക്രിക്കറ്റിൽ രാഷ്ട്രീയം പറയണോ ? -Sports | World Cup Cricket India | Manorama Online Premium
ക്രിക്കറ്റിൽ രാഷ്ട്രീയം പറയണോ ? -Sports | World Cup Cricket India | Manorama Online Premium
ക്രിക്കറ്റിൽ രാഷ്ട്രീയം പറയണോ ? -Sports | World Cup Cricket India | Manorama Online Premium
തോൽവി അറിയാതെ ഇന്ത്യൻ ടീം ലോക കപ്പ് ഫൈനലിൽ എത്തിയത് പുതിയ ഭാരതത്തിന്റെ കുതിപ്പായി ചിത്രീകരിക്കപ്പെട്ടു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യൻ ടീം പരാജയപ്പെട്ടപ്പോൾ പ്രധാനമന്ത്രിക്കെതിരെ വിമർശനം ഉയർന്നു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വിശാലമായ ക്രീസിൽ ഏതാനും ഗൂഗ്ലികൾ എറിഞ്ഞ ശേഷമാണ് ഈ ലോകകപ്പ് സമാപിച്ചത്. ഇന്ത്യൻ ടീം നേടിയ ഓരോ സിക്സറിലും രാഷ്ട്രീയവും ബൗണ്ടറി കടന്നു. അതു പോലെ ഓരോ വിക്കറ്റിനുമൊപ്പം രാഷ്ട്രീയത്തിലും ചില ഹിറ്റ് വിക്കറ്റുകൾ. എന്തു കൊണ്ടാണ് ഇങ്ങനെ? ലോക കപ്പിന് ശേഷം ഉയരുന്ന പ്രധാന ചോദ്യങ്ങളിൽ ഒന്നാണിത്. അതിനു കാരണങ്ങളുണ്ട്. ക്രിക്കറ്റ് ഇന്ത്യയ്ക്ക് മതമാണ്. ഓരോ കാലത്തും അതിന് ഓരോ ദൈവങ്ങളുമുണ്ടാകും. അവരുടെ വിജയങ്ങളിൽ നമ്മൾ ആമോദത്തിന്റെ ആകാശങ്ങളിലേക്കുയരും. പരാജയങ്ങളിൽ നിരാശയുടെ പടുകുഴിയിൽ വീഴും.
എന്നിരുന്നാലും ‘മെൻ ഇൻ ബ്ലൂ’ ഓരോ ഇന്ത്യക്കാരന്റെയും ഹൃദയമാണ്. മറ്റേത് കായിക വിനോദങ്ങളിലെന്നതു പോലെയും ഇന്ത്യൻ ക്രിക്കറ്റിലും എപ്പോഴും രാഷ്ട്രീയമുണ്ടായിരുന്നു. എല്ലാം നോക്കിക്കാണുകയും നിയന്ത്രിക്കുകയും ചെയ്യുന്ന നാലാം അംപയർ. കാരണം രാഷ്ട്രീയക്കാരായിരുന്നു പലപ്പോഴും ക്രിക്കറ്റിന്റെ അധികാര സിംഹാസനങ്ങളിലിരുന്നത്. അവരില്ലാത്തപ്പോൾ അവരോട് വിധേയത്വമുള്ളവർ തന്നെയായിരുന്നു ഇന്ത്യൻ ക്രിക്കറ്റിനെ ഭരിച്ചത്. പക്ഷേ ക്രിക്കറ്റിലേക്കും അതിവൈകാരികതയും രാഷ്ട്രീയവും കലർന്നുതുടങ്ങിയത് അടുത്ത കാലത്താണ്.
സ്വപ്ന തുല്യമായ ഒരു കുതിപ്പിനൊടുവിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയ്ക്കു മുൻപിൽ ഇന്ത്യ പതറി വീണപ്പോൾ അത് രാഷ്ട്രീയമായും ഉപയോഗിക്കപ്പെടുന്നത് അതിന്റെ മറുവശമാണ്. ജയിച്ചിരുന്നെങ്കിൽ അതെങ്ങനെ രാഷ്ട്രീയ ആയുധമായി മാറുമായിരുന്നോ അതിന്റെ മറുപുറമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. വിജയിച്ചിരുന്നെങ്കിൽ മറ്റൊന്നാകുമായിരുന്നു കാണേണ്ടിയിരുന്നത് എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല.
∙ ധരംശാലയിൽ കെട്ടിപ്പിടിച്ച് കോലിയും നവീനുൾ ഹഖും
അതിഥി ദേവോ ഭവ! എന്നതാണ് ഭാരതീയ സംസ്കാരത്തിന്റെ മുഖമുദ്ര. എതിരാളികളെങ്കിലും അതിഥികളായവരെ ദൈവങ്ങളെപ്പോലെയായിരുന്നു ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലും നമ്മൾ സ്വീകരിച്ചിരുന്നത്. അടുത്തകാലത്തായി അതിൽ നിന്നു വ്യത്യസ്തമായാണ് നമ്മുടെ ആരാധകർ പെരുമാറുന്നതെന്ന് സൂക്ഷിച്ചു നോക്കിയാൽ കാണാം. ഇന്ത്യയ്ക്കു മുൻതൂക്കമുണ്ടാകുമ്പോൾ ആർത്തിരമ്പുന്ന സ്റ്റേഡിയങ്ങൾ എതിരാളികൾ തുടർച്ചയായി 2 ഫോറടിക്കുമ്പോഴേക്ക് നിശബ്ദരായിപ്പോകുന്നത് ഒരു പക്ഷേ അതുകൊണ്ടായിരിക്കാം. സ്പോർട്സ്മാൻ സ്പിരിറ്റിനു പകരം അതിവൈകാരികതയും കളിക്കളത്തിൽ രാഷ്ട്രീയവും കടന്നു വരുമ്പോഴാണ് എതിർ ടീമിന്റെ കളിക്കാരനെ നമ്മൾ ശത്രുവായി കണ്ടു തുടങ്ങുന്നത്. നമ്മുടെ സ്വന്തം താരത്തെപ്പോലും ആക്ഷേപിക്കുന്നതും അതുകൊണ്ടാണ്.
ഒരു ക്യാച്ച് വിട്ടാൽ, ഒരു കളി തോറ്റാൽ കളിക്കാരന്റെ വീടാക്രമിക്കുന്നതും കോലം കത്തിക്കുന്നതുമൊക്കെ നമ്മൾ കണ്ടു തുടങ്ങിയിട്ട് എത്രകാലമായി. അതേ സമയം ഈ കാഴ്ച നാം കണ്ടതല്ലേ. ഇന്ത്യൻ താരം വിരാട് കോലിയും അഫ്ഗാനിസ്ഥാൻ താരം നവീനുൽ ഹഖും തമ്മിലുള്ള സൗഹൃദ നിമിഷമായിരുന്നു ലോകകപ്പിന്റെ പ്രഥമികഘട്ടത്തിലെ ധരംശാലയിൽ നടന്ന ഇന്ത്യ– അഫ്ഗാനിസ്ഥാൻ മത്സരത്തിലെ ഹൈലൈറ്റ്. കഴിഞ്ഞ ഐപിഎൽ മത്സരത്തിനിടെ, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരമായ കോലിയും ലക്നൗ സൂപ്പർ ജയ്ന്റ്സ് താരമായ നവീനും കൊമ്പുകോർത്തിരുന്നു. അതിനു ശേഷം ലോകകപ്പിലാണ് ഇരുവരും നേർക്കുനേർ വന്നത്. പിണക്കം മറന്ന് പരസ്പരം കൈകൊടുത്തും കെട്ടിപ്പിടിച്ചും സൗഹൃദം പുതുക്കുന്ന കോലിയെയും നവീനെയുമായിരുന്നു ഗ്രൗണ്ടിൽ കണ്ടത്. ഇത്തരം മനോഹര നിമിഷങ്ങളും ഈ ലോകകപ്പിനിടയിൽ കാണാൻ കഴിഞ്ഞു.
∙ ടീമിന് പ്രോത്സാഹിപ്പിച്ച് മോദിയും സോണിയയും
ഈ ലോകകപ്പിലെ തോൽവിയുടെ പേരിൽ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തെയും പ്രധാനമന്ത്രിയെയും പരിഹസിക്കുന്ന എത്രയെത്ര ട്രോളുകളാണ് നമുക്ക് മുൻപിലൂടെ കടന്നു പോകുന്നത്. രാജ്യത്തിന്റെ ടീമിനെ പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രിയും മറ്റു നേതാക്കളുമെത്തുന്നത് സ്വഭാവികം മാത്രമായിട്ടും അത് വെറും തമാശയാകുന്നു. നേരത്തേ കണ്ട അതിവൈകാരികതയുടെയും തീവ്ര ദേശീയതയുടെയും മറുവശം മാത്രമാണിത്. 2011 ലോകകപ്പ് ഇന്ത്യ നേടിയപ്പോൾ ഡൽഹിയിൽ ജേതാക്കൾക്കു പ്രധാനമന്ത്രി നൽകിയ സ്വീകരണം ഓർക്കുക. അന്നത്തെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഡൽഹി തെരുവുകളിൽ ടീമിന് അഭിവാദ്യമർപ്പിക്കാനെത്തിയിരുന്നു.
ഇന്ത്യ നേട്ടങ്ങളുയർത്തുമ്പോൾ രാഷ്ട്രീയ നേതാക്കൾ അഭിനന്ദിക്കുന്നതും വിരുന്നൊരുക്കുന്നതും സ്വാഭാവികമായിരുന്നു. ആകെയുണ്ടായിരുന്ന വ്യത്യാസം അന്നു സമൂഹ മാധ്യമങ്ങളിൽ അതിന്റെ പേരിൽ വാക്കുതർക്കങ്ങളുണ്ടാകാറില്ലായിരുന്നു എന്നാണ്. ഇന്ന് അതല്ല സാഹചര്യം. ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീമാണ് ഇന്ത്യയുടേതെന്നു നിസ്സംശയം പറയാം. തികഞ്ഞ സന്തുലിതാവസ്ഥയുള്ള പ്രതിഭകളുടെ കൂട്ടപ്പൊരിച്ചിലാണ് ഈ ടീം. എല്ലാവരും ലോകോത്തര നിലവാരമുള്ളവർ. എന്നിട്ടും ഈ ടീമിനെ തന്നെ പലരും കാണുന്നത് പല ഭാവങ്ങളിലാണ്. ഇത് രാജ്യത്തെ കായിക മേഖലയ്ക്ക് പ്രത്യേകിച്ച് ക്രിക്കറ്റിന് നേരിടേണ്ടിവരുന്ന ഏറ്റവും വലിയ നിർഭാഗ്യമാണ്. ബിസിസിഐയുടെ തെറ്റായ സമീപനത്തെ വിമർശിച്ചാൽ അത് ജയ്ഷായ്ക്കെതിരായ വിമർശനമാവുന്നു. ജയ്ഷായിലൂടെ അത് രാഷ്ട്രീയത്തിലേക്കുമെത്തുന്നു.
∙ മൊഹാലിയും റാഞ്ചി ഒഴിവാക്കയത് എന്തിന്, ആരാധകർ എവിടെപ്പോയി
ഇത്തവണ ക്രിക്കറ്റ് ലോകകപ്പിന് വേദി നിശ്ചയിച്ചപ്പോൾത്തന്നെ വിവാദങ്ങൾ തുടങ്ങിയിരുന്നു. മൊഹാലിയും റാഞ്ചിയുമൊക്കെ ഒഴിവാക്കപ്പെട്ടതിൽ പലരും രാഷ്ട്രീയം കണ്ടു. ഉദ്ഘാടനവും സമാപനവും അഹമ്മദാബാദിലായപ്പോൾ അതും രാഷ്ട്രീയമായി. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്നാണ് നരേന്ദ്രമോദി സ്റ്റേഡിയമെന്നത് വിമർശകർ പരിഗണിക്കപ്പെട്ടതേയില്ല. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ വീസ വൈകിയതിലും അവരുടെ പരിശീലന മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിലാക്കിയതുമൊക്കെ സുരക്ഷയുടെ പേരിലായിരുന്നുവെങ്കിലും അതിലും ചെറിയ രാഷ്ട്രീയമുണ്ടായിരുന്നു. ഐസിസി ലോകകപ്പായിട്ടും പാക്ക് ആരാധകർക്ക് വീസ നിഷേധിക്കപ്പെട്ടു. ടൂർണമെന്റിനിടെ ബംഗ്ലദേശി ആരാധകന്റെ കയ്യിലെ കടുവയെ വലിച്ചു കീറിയതിനു പിന്നിലും ക്രിക്കറ്റിൽ കലർന്ന രാഷ്ട്രീയത്തിനു പങ്കുണ്ടായിരുന്നു.
ഏതു ഭിന്നതകൾക്കും മീതെ ലോകത്തെ ഒരുമിപ്പിച്ചു നിർത്തുന്നതാണ് കായിക മേളകൾ. പുതിയ വേഗവും ഉയരങ്ങളും ദൂരങ്ങളും മാത്രമാണ് അവിടെ കണക്കാക്കപ്പെടുന്നത്. സ്പോർട്സിനെ സ്പോർട്സായി കണ്ടാൽ അതു സ്പോർട്സായിത്തന്നെ നിലനിൽക്കും. കായിക മേഖലയ്ക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് അധികാരികളുടെ പിന്തുണ. പി.ടി. ഉഷയ്ക്കു പരിശീലനത്തിന് കോഴിക്കോട് – ഡൽഹി എയർ ഇന്ത്യ വിമാനം ഏർപ്പെടുത്തിക്കൊടുത്ത രാജീവ് ഗാന്ധിയെ ഓർക്കുക. സാമ്പത്തിക സാഹചര്യങ്ങൾ മാറുമ്പോൾ സ്പോർട്സിന് കിട്ടുന്ന പിന്തുണയിലും സ്വഭാവികമായ പുരോഗതിയുണ്ടാകും. അത് അംഗീകരിക്കപ്പെടേണ്ടതു തന്നെയാണ്. കായിക താരത്തിന്റെ അർപണബോധം അന്നും ഇന്നും എന്നും ഒരുപോലെയിരിക്കും. അതിനാവണം പ്രാമുഖ്യം. രാഷ്ട്രീയക്കാർ തലപ്പത്തിരിക്കുന്നത് സ്പോർട്സിന് ഗുണമേ ചെയ്യൂ. രാഷ്ട്രീയം അമിതമാകുമ്പോൾ സ്പോർട്സ് സ്പോർട്സല്ലാതാവുകയും ചെയ്യും.
∙ മാന്യന്മാരുടെ ‘കളി’ എന്നാൽ, പലപ്പോഴും കാണികൾ അത് മറക്കുന്നു
ലോകകപ്പിന്റെ പ്രഥമികഘട്ടത്തിൽ നടന്ന ഇന്ത്യ – പാക്കിസ്ഥാൻ മത്സരത്തിനിടെ പാക്ക് താരത്തിന്റെ വിക്കറ്റ് വീണപ്പോൾ സ്റ്റേഡിയത്തിൽ അലയടിച്ച തരത്തിലുള്ള ‘മുദ്രാവാക്യങ്ങൾ’ അതുവരെ ക്രിക്കറ്റ് മൈതാനങ്ങൾക്ക് പരിചിതമല്ലാത്ത ഒന്നായിരുന്നു. കളിക്കളത്തിനകത്തും പുറത്തും ഇത് സൃഷ്ടിച്ച അലയൊലികളും ചെറുതല്ലായിരുന്നു. ഈ സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചകൾ നടന്നിരുന്നു. ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റതിന് പിന്നാലെ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളായ ട്രാവിസ് ഹെഡ്, ഗ്ലെൻ മാക്സ്‌വെൽ എന്നിവരുടെ ഭാര്യമാർക്കു നേരെ ചില ഇന്ത്യൻ ആരാധകർ അഴിച്ചുവിട്ടത് ലൈംഗികച്ചുവയുള്ള അധിക്ഷേപങ്ങളായിരുന്നു. ട്രാവിസ് ഹെഡിന്റെ ഒരു വയസ്സുകാരി മകളെപ്പോലും ആ ആൾക്കൂട്ടം വെറുതേ വിട്ടില്ലെന്നത് അത്യന്തം വേദനാജനകമായി.
ലോകകപ്പിന്റെ ഉദ്ഘാടന മത്സരമായിരുന്ന ഇംഗ്ലണ്ട് – ന്യൂസീലൻഡ് പോരാട്ടത്തിൽ ഒഴിഞ്ഞുകിടന്ന അഹമ്മദാബാദ് സ്റ്റേഡിയമായിരുന്നു മറ്റൊരു പ്രധാന ചർച്ചാവിഷയം. ലോകകപ്പുപോലെയുള്ള ഒരു വലിയ ടൂർണമെന്റ് നടത്തുന്നതിൽ ബിസിസി വൻ പരാജയമാണെന്ന് വരുത്തിതീർക്കാനായി നടത്തിയ അത്തരം പരാമർശങ്ങൽക്ക് പിന്നിലും ശക്തമായ രാഷ്ട്രീയ അജൻഡ ഉണ്ടായിരുന്നു. ബിസിസിഐയെ ആകെ വിമർശിച്ചെങ്കിലും അവടെയും ഉന്നം ജയ്ഷായിലേക്കും അതുവഴി രാഷ്ട്രീയത്തിലേക്കും ആയിരുന്നു. എന്നാൽ, അവിടെയും കളിയെ കളിയായി കാണുന്നവർക്ക് ചിത്രം വ്യക്തമായിരുന്നു. 1.32 ലക്ഷം കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന നരേന്ദ്രമോദി സ്റ്റേഡിയത്തിലേക്ക് അതിന്റെ മൂന്നിൽ ഒന്ന് കാണികൾ എത്തിയാൽ പോലും അത് വളരെ ചെറിയ ആൾക്കൂട്ടമായി തോന്നും.
എന്നാൽ ഇന്ത്യയിലെ തലപ്പൊക്കമുള്ള മറ്റ് പല സ്റ്റേഡിയങ്ങളിലേക്കും ഇത്രയും കാണികൾ എത്തിയാൽ ഗാലറി നിറഞ്ഞു കവിയും. 40,000 – 50,000 വരെയാണ് ഇന്ത്യയിലെ മറ്റുപല സ്റ്റേഡിയങ്ങളിലെയും ആകെ സീറ്റുകളുടെ എണ്ണം. ഇന്ത്യ– ഓസ്ട്രേലിയ ഫൈനൽ പോരാട്ടത്തിനിടെ ബാറ്റ് ചെയ്തുകൊണ്ടിരുന്ന വിരാട് കോലിയുടെ അടുത്തേക്ക് പാഞ്ഞെത്തിയ ആരാധകനും സമൂഹമാധ്യമങ്ങളിൽ പലതരത്തിലുള്ള ചർച്ചകൾക്ക് വഴിമരുന്ന് പാകിയിരുന്നു. പലസ്തീൻ – ഇസ്രയേൽ പോരാട്ടവുമായി വരെ ആ സംഭവത്തിന് നിറങ്ങൾ നൽകപ്പെട്ടു. പ്രാഥമിക ഘട്ടത്തിൽ ചെന്നൈയിൽ ഇന്ത്യ– ഓസ്ട്രേലിയ മത്സരം നടന്നപ്പോഴും ഇതുപോലെ ഒരു ആരാധകൻ കളിക്കളത്തിലേക്ക് പാഞ്ഞുകയറിയത് ചർച്ചയായിരുന്നു.