ശ്രീരാമന്‍ പ്രതിഷ്ഠ നടത്തിയ കണ്ണൂരിലെ ക്ഷേത്രം; നാഗങ്ങൾ ഫണമുയർത്തിനിന്ന കിണർ; അദ്ഭുതമായി ഉത്തരേന്ത്യൻ മാതൃകയിലെ കുളം
കണ്ണൂരിലെ അഞ്ചരക്കണ്ടിപ്പുഴയ്ക്കരികില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ ക്ഷേത്രമാണ് പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രം. വടക്കേ മലബാറിലെ പ്രധാന സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലൊന്ന്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തിൽ പഴനിയിലേതു പോലെ പടിഞ്ഞാറോട്ടാണ് ദര്‍ശനം. നാഗാരാധനയ്ക്കും പ്രസിദ്ധം. എല്ലാ വര്‍ഷവും ധനുമാസത്തില്‍ നടക്കുന്ന ആറു ദിവസത്തെ ഉത്സവത്തിന് ആയിരക്കണക്കിനു ഭക്തരാണ് ക്ഷേത്രത്തില്‍ എത്തുന്നത്. ഉത്തരേന്ത്യയിലും മറ്റും കാണപ്പെടുന്നതിന് സമാനമായി പടിക്കെട്ടുകളോടു കൂടിയ കിണറുകളുടെ രൂപത്തിലുള്ള ഇവിടുത്തെ കുളം വളരെ ആകർഷണീയമാണ്. ഇതിനു പുറമേ വാസ്തുവിദ്യയുടെ മനോഹാരിത വിളിച്ചോതുന്ന ഇവിടുത്തെ മറ്റ് നിർമിതികളും വിശ്വാസികൾക്കൊപ്പംതന്നെ സഞ്ചാരികളെയും പതിവായി ഇവിടേക്ക് എത്തിക്കുന്നു. എന്തെല്ലാമാണ് പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ മറ്റു പ്രത്യേകതകൾ? ഈ ക്ഷേത്രത്തിലെ കുളത്തിന് ‘നാഷനൽ വാട്ടർ ഹെരിറ്റേജ്’ പദവി നൽകുന്നതിലേക്കു നയിച്ച പ്രത്യേകതകൾ എന്തെല്ലാമാണ്?

∙ സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തിയത് ശ്രീരാമൻ
ശ്രീരാമന്‍റെ വനവാസകാലത്തോളം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന് എന്ന് ഐതിഹ്യം പറയുന്നു. ശ്രീരാമനാണ് ഇവിടുത്തെ പ്രതിഷ്ഠ നടത്തിയതത്രേ. അന്ന് ഇവിടം ഒരു അയ്യപ്പക്ഷേത്രമായിരുന്നു എന്നും പറയപ്പെടുന്നു. അക്കാലത്ത്, ബ്രഹ്മാവിനെ തടവിലാക്കിയതിന്‍റെ പ്രായശ്ചിത്തമായി പെരളശ്ശേരിയിലെ അയ്യപ്പൻകാവിലെ പൊട്ടക്കിണറ്റിൽ സർപ്പരൂപത്തിൽ ഏകാന്തവാസം നയിക്കുകയായിരുന്നു സുബ്രഹ്മണ്യന്‍. വെയിലും മഴയും കൊള്ളാതെ സർപ്പങ്ങൾ തന്നെ കിണറിനു മുകളിൽ ഫണം കുടയാക്കി പിടിച്ചു അദ്ദേഹത്തെ കാത്തുപോന്നു.
വനവാസകാലത്ത് ശ്രീരാമന്‍, ഹനുമാനോടും ലക്ഷ്മണനോടുമൊപ്പം ഇവിടെയെത്തിയപ്പോള്‍തന്നെ സുബ്രഹ്മണ്യന്‍റെ സാന്നിധ്യം അറിഞ്ഞു. ശ്രീരാമൻ ഇതിന്റെ കാരണങ്ങൾ ഹനുമാനോടും ലക്ഷ്മണനോടും വിശദമായി പറഞ്ഞു.
ഒരിക്കൽ ബാലസുബ്രഹ്മണ്യൻ ബ്രഹ്മാവിനോട് ഓംകാരത്തിന്റെ പൊരുൾ ചോദിച്ചു. എന്നാൽ ബ്രഹ്മാവിനു അതിന്റെ അർഥം യഥാവിധി പറഞ്ഞു കൊടുക്കാൻ പറ്റിയില്ല. ഇതിൽ ദേഷ്യം വന്ന സുബ്രഹ്മണ്യൻ ബ്രഹ്മാവിനെ തടവിലിടാൻ വീരബാഹുവിനോട് പറഞ്ഞു. പ്രപഞ്ചസ്രഷ്ടാവായ ബ്രഹ്മാവ് തടവിലായത് പ്രപഞ്ചത്തിൽ സൃഷ്ടി നിലയ്ക്കാൻ കാരണമായി. പിന്നീട് പരമേശ്വരന്റെ നിർദേശപ്രകാരം ബ്രഹ്മാവിനെ സുബ്രഹ്മണ്യൻ മോചിപ്പിച്ചു. പക്ഷേ പ്രായശ്ചിത്തം ചെയ്യേണ്ടി വന്നു. കുറച്ചുകാലം ഏകാന്തതയിൽ അജ്ഞാതവാസത്തിൽ കഴിയേണ്ടി വന്നു. അതനുസരിച്ച് അയ്യപ്പൻ കാവിലെ പൊട്ടക്കിണറ്റിൽ സർപ്പരൂപത്തിൽ ഏകാന്തവാസം നയിച്ചു. വെയിലും മഴയും കൊള്ളാതെ സർപ്പങ്ങൾ തന്നെ കിണറിനു മുകളിൽ ഫണം കുടയാക്കി പിടിച്ചു അദ്ദേഹത്തെ കാത്തു പോന്നു. അതുകൊണ്ട് ഇവിടെ സുബ്രഹ്മണ്യസ്വാമിക്ക് സുപ്രധാന സ്ഥാനം നൽകി പൂജിക്കണമെന്നും ശ്രീരാമൻ പറഞ്ഞു.
അങ്ങനെ അവർ ക്ഷേത്രദർശനം നടത്തുകയും അവിടെ സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തേണ്ടതിന്റെ ഔചിത്യത്തെക്കുറിച്ച് അയ്യപ്പനുമായി ആശയവിനിമയം നടത്തുകയും ചെയ്തു. അയ്യപ്പൻ താൻ ഇരിക്കുന്ന പ്രധാന ശ്രീകോവിൽ സുബ്രഹ്മണ്യ പ്രതിഷ്ഠയ്‌ക്ക് തരാമെന്ന് പറഞ്ഞു. ആ ശ്രീകോവിലിന്റെ തെക്കുഭാഗത്തായി തനിക്ക് സ്ഥാനം നൽകിയാൽ മതിയെന്നും ശ്രീരാമനോട് പറഞ്ഞു. പ്രധാന ശ്രീകോവിലിന്റെ തെക്കു ഭാഗത്ത് കിഴക്കോട്ട് മുഖമായി ശ്രീകോവിൽ പണിത് അയ്യപ്പനെ അവിടെ പ്രതിഷ്ഠിച്ചു. സുബ്രഹ്മണ്യ സ്വാമിയെ സ്വീകരിക്കാൻ വേണ്ടിയെന്ന വണ്ണം അയ്യപ്പൻ ആദ്യം ഇരുന്ന ശ്രീകോവിലിന്റെ മുഖം കിഴക്കു ഭാഗമായിരുന്നത് മാറ്റി പടിഞ്ഞാറ് വശത്തെ പ്രവേശന കവാടത്തിനു നേരെയാക്കി. കിഴക്കേ നട അടച്ചാണ് മുഖം പടിഞ്ഞാറോട്ട് ആക്കിയത്. കിഴക്കേ നടയുടെ അവശിഷ്ടങ്ങൾ ഇന്നും ഇവിടെ കാണാം.
വിഗ്രഹത്തിനായി ശ്രേഷ്ഠമായ ശില കണ്ടെത്താൻ ശ്രീരാമൻ ഹനുമാനെ പറഞ്ഞു വിട്ടു. വിഗ്രഹത്തിന് പോയ ഹനുമാൻ പ്രതിഷ്ഠാ മുഹൂർത്തമായിട്ടും തിരിച്ചെത്തിയില്ല. ശുഭമുഹുർത്തം തെറ്റാതിരിക്കാൻ ശ്രീരാമൻ തന്റെ കയ്യിലെ പെരുവള ഊരിയെടുത്ത് ബിംബത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. അപ്പോഴേക്കും ഹനുമാൻ ബിംബവുമായി എത്തി. ശ്രീരാമൻ വളയുടെ മുകളിൽ തന്നെ ബിംബം പ്രതിഷ്ഠിക്കാൻ നോക്കുന്നതു കണ്ട ഹനുമാൻ വള പിഴുതെടുത്ത് ബിംബം പ്രതിഷ്ഠിച്ചു കൂടെ എന്നു ചോദിച്ചു. വള തിരിച്ചെടുക്കാൻ ഹനുമാൻ ശ്രമിച്ചപ്പോൾ വള ഇളകിയില്ലെന്നു മാത്രമല്ല ഒരു സർപ്പം വന്നു വളയിൽ ഇരുന്നു വള എടുക്കരുതെന്ന് ഫണം ഉയർത്തി കാണിച്ചു. തുടർന്ന് ശ്രീരാമൻ വളയുടെ മുകളിൽ തന്നെ ബിംബം പ്രതിഷ്ഠിച്ചു. അങ്ങനെ പെരുവള ഊരി പ്രതിഷ്ഠിച്ചതിനാൽ സ്ഥലം പെരുവളശ്ശേരി എന്ന് അറിയപ്പെട്ടു, കാലാന്തരത്തിൽ ലോപിച്ചു പെരളശ്ശേരി എന്നു രൂപാന്തരം പ്രാപിച്ചു.
∙ നാഗരാജന് പ്രത്യേക സ്ഥാനം
കേരളത്തിലെ നാഗാരാധന നടക്കുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് പെരളശ്ശേരിയിലേത്. സുബ്രഹ്മണ്യസ്വാമി നാഗരൂപത്തിൽ വന്നതിനാലോ നാഗങ്ങൾ അദ്ദേഹത്തിന് കാവലിരുന്നതു കൊണ്ടോ ആവാം സുബ്രഹ്മണ്യ സ്വാമിയുടെ ശ്രീകോവിലിന്റെ നാലമ്പലത്തിനു പുറത്ത് മുറ്റത്ത് തെക്കു പടിഞ്ഞാറ് മൂലയിൽ നാഗത്തിനു പ്രത്യേക സ്ഥാനം നൽകിയിട്ടുള്ളത്.
∙ ശ്രീരാമ പ്രതിഷ്ഠ
ശ്രീരാമസ്വാമിക്ക് ക്ഷേത്രത്തിൽ പ്രത്യേക സ്ഥാനമുണ്ട്. സുബ്രഹ്മണ്യ സ്വാമിയുടെ ശ്രീകോവിലിന്റെ നാലമ്പലത്തിന്റെ അകത്തെ ചുറ്റിൽ കിഴക്ക്, തെക്ക് കോണിൽ ഒരു കണ്ണാടിക്കൂടും അതിൽ ഒരു ദീപവും ഉണ്ട്. ശ്രീരാമ സങ്കൽപമാണ് അവിടെ.
∙ ഗണപതി പ്രതിഷ്ഠ
സുബ്രഹ്മണ്യന്റെ ശ്രീകോവിലിനുള്ളിൽത്തന്നെ തെക്ക് അഭിമുഖമായാണു ഗണപതിയുടെ സ്ഥാനം. സുബ്രഹ്മണ്യ പ്രതിഷ്ഠ കഴിഞ്ഞ ശേഷം വീണ്ടും സീതാന്വേഷണത്തിനായി തെക്കേ ദിശയിലേക്ക് യാത്ര തുടർന്ന ശ്രീരാമവൃന്ദത്തിന്റെ തടസ്സങ്ങൾ മാറ്റുന്നതിനായാണ് ശ്രീരാമൻ തന്നെ ദക്ഷിണാഭിമുഖനായ ഗണപതിയെ പ്രതിഷ്ഠിച്ചത്.
∙ ആൽമരം
സുബ്രഹ്മണ്യ സ്വാമിയെ തൊഴുതതിനു ശേഷം വടക്കു ഭാഗത്തു കൂടി കിഴക്കേ മുറ്റത്ത് എത്തുമ്പോൾ അയ്യപ്പസ്വാമിയുടെ നാലമ്പലത്തിനു മുന്നിലുള്ള ആൽമരം കാണാം.
∙ പടിക്കെട്ടുകളോടു കൂടിയ ക്ഷേത്രക്കുളം
പെരളശ്ശേരി ക്ഷേത്രത്തിൽ എത്തുന്ന തീർത്ഥാടകരുടെ പ്രധാന ആകർഷണങ്ങളിലൊന്ന് ഇവിടുത്തെ കുളമാണ്. 1500 വർഷം മുൻപ് നിർമിച്ച പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രക്കുളം ‘സ്റ്റെപ്പ് വെൽ’ ഗണത്തിലാണ് ഉൾപ്പെടുന്നത്. ഉത്തരേന്ത്യയിൽ കാണപ്പെടുന്നതരം പടിക്കെട്ടുകളോടു കൂടിയ കിണറുകളുടെ രൂപത്തിലാണു കുളം. 62 സെന്റിൽ 19 മീറ്റർ ആഴത്തിലാണ് കുളം നിർമിച്ചിരിക്കുന്നത്. വാസ്തുവിദ്യാ ശൈലി പ്രതിഫലിപ്പിക്കുന്ന പടികളാണ് ഏറെ ആകർഷണം. 2 പതിറ്റാണ്ട് മുൻപ് ഒരു കോടി രൂപ ചെലവഴിച്ച് കുളം നവീകരിച്ചിരുന്നു. 2000 ജനുവരി എട്ടിനാണ് കുളത്തിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചത്. 2001 ജൂൺ 25നു നിർമാണം പൂർത്തിയായി. 2001 ഡിസംബർ 18ന് അന്നത്തെ കണ്ണൂർ ജില്ലാ കലക്ടർ ഡോ. വി.വേണു, നവീകരിച്ച കുളത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
നവീകരണ പ്രവൃത്തി തുടങ്ങുന്ന സമയത്ത് കാട് മൂടിക്കിടക്കുന്ന നിലയിലായിരുന്നു കുളം. കുളത്തിന്റെ 2 വശങ്ങൾ ചെങ്കൽ ഭിത്തി കെട്ടിയിരുന്നെങ്കിലും ഏകദേശം ഇടിഞ്ഞ നിലയിലായിരുന്നു. നിർമാണം ഏറ്റെടുത്തതോടെ 2 മോട്ടർ രാത്രി മുഴുവൻ പ്രവർത്തിപ്പിച്ച് കുളത്തിലെ വെള്ളം വറ്റിച്ചു. കുളത്തിലെ ചെളി നീക്കം ചെയ്യുകയായിരുന്നു പിന്നീട് ചെയ്തത്. ചെളി ഭൂരിഭാഗവും നീക്കിക്കഴിഞ്ഞതോടെ ആദ്യം കുളം നിർമിച്ച കാലത്ത് നാല് മൂലയിലും മധ്യത്തിലും പാകിയ നെല്ലിപ്പലക കണ്ടെത്തി. ഇതോടെയാണ് കുളത്തിന്റെ നവീകരണ പ്രവൃത്തി തുടങ്ങുന്നത്. ചെളി നീക്കം പൂർത്തിയായതോടെ കുളത്തിന്റെ വശം ചെങ്കൽ കെട്ടി ഉയർത്തുന്ന ജോലി തുടങ്ങി.
ചെങ്കൽ കൊണ്ട് നിർമിച്ച പടവുകൾക്ക് 2.5 മീറ്റർ വീതിയാണ്. പടവുകൾക്ക് ബലം കിട്ടാൻ ഇതിനു പിന്നിൽ ബെൽറ്റ് വാർത്തു. പിന്നീട് ബെൽറ്റിന്റെ പിന്നിലെ വിടവ് പൂഴി, ജെല്ലി എന്നിവ ഉപയോഗിച്ച് അടയ്ക്കുകയും ചെയ്തു. ഉറവ ലഭിക്കാൻ പടവുകളുടെ കല്ലിനിടയിൽ വശങ്ങൾ വരുന്ന ഭാഗത്ത് സിമന്റ് ഇട്ടിട്ടില്ല. ജോലിക്കാരിൽ ഏറെയും ഒഡീഷയിൽനിന്നുള്ളവരായിരുന്നു. നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ദേവസ്വം അധികൃതരുടെ നിരീക്ഷണം ഉണ്ടായിരുന്നു. കുളം നിർമാണത്തിന്റെ ഒരു ഘട്ടത്തിലും തൊഴിലാളി ക്ഷാമമോ നിർമാണ സാമഗ്രികളുടെ ക്ഷാമമോ പേരിനു പോലും അനുഭവപ്പെട്ടിട്ടില്ല.
കുളം നിർമാണത്തിന്റെ പകുതിഘട്ടം വരെ മിക്ക സമയവും കുളത്തിൽ ഒരു പാമ്പിനെ കാണാറുണ്ടായിരുന്നു. 2011ലെ വിഷു ദിനത്തിൽ ഒരു ജോലിക്കാരനെ പാമ്പ് കടിച്ചതിനെ തുടർന്ന് ചികിത്സ തേടിയതായും കരാറുകാരനായ മനോഹരൻ ഓർക്കുന്നു.
പൈതൃക പട്ടികയിൽ ഉൾപ്പെട്ടതിന്റെ പേരിൽ പുതിയ വികസന പ്രവർത്തനമൊന്നും പരിഗണനയിൽ ഇല്ല. മാത്രമല്ല ഇത്തരം ഒരു പട്ടികയിൽ ഉൾപ്പെട്ടത് സംബന്ധിച്ച് അറിയിപ്പുകളൊന്നും ഇതുവരെ ക്ഷേത്രം അധികൃതർക്ക് ലഭിച്ചിട്ടുമില്ല. മാധ്യമ വാർത്തയിൽനിന്നുള്ള വിവരം മാത്രമാണ് ഇതു സംബന്ധിച്ച് തങ്ങൾക്കുള്ളതെന്നാണു ക്ഷേത്രം അധികൃതർ പറയുന്നത്.
∙ അവിശ്വസനീയ അനുഭവങ്ങളുമായി കരാറുകാരൻ
കുളത്തിന്റെ നിർമാണ സമയത്ത് മറക്കാനാകാത്ത ഒട്ടേറെ അനുഭവങ്ങൾ ഉണ്ടായതായി കരാറുകാരൻ മനോഹരൻ പറയുന്നു. അന്ന് കണ്ണൂരിൽ നാഷനൽ ഹൈവേ വിഭാഗം സൂപ്രണ്ട് ആയിരുന്ന പവിത്രസാഗറിന്റെ നിർബന്ധത്തെ തുടർന്നാണ് കുളം നവീകരണത്തിന്റെ കരാർ ലഭിക്കുന്നത്. കുളം പണിതാൽ കുളം തോണ്ടും എന്ന പഴമൊഴി തന്നെ അസ്വസ്ഥനാക്കി. എങ്കിലും നിർബന്ധത്തിനു വഴങ്ങി ക്വട്ടേഷൻ ഒരാൾ വശം കൊടുത്തുവിട്ടു. അയാൾ ക്ഷേത്രത്തിനു മുന്നിലെ ആരയാൽത്തറയ്ക്ക് മുന്നിലെത്തിയപ്പോൾ ഒരു സ്വാമി വന്ന് ‘‘ഇവിടെ ഇരിക്കൂ’’ എന്ന് അയാളോട് പറഞ്ഞു. അൽപനേരം കഴിഞ്ഞപ്പോൾ ‘‘ഇനി പോകാം’’ എന്നും പറഞ്ഞു. അതനുസരിച്ച് ദേവസ്വം ഓഫിസിൽ പോയി ക്വട്ടേഷൻ നൽകി തിരിച്ചു വന്ന് സ്വാമിയെ തിരക്കി. എന്നാൽ ക്വട്ടേഷൻ നൽകാൻ പോയ ആൾക്ക് സ്വാമിയെ കാണാൻ കഴിഞ്ഞില്ല.
ക്വട്ടേഷൻ അംഗീകരിച്ചതോടെ കുളത്തിന്റെ ജോലി ആരംഭിക്കാൻ ദേവസ്വം അധികൃതരിൽനിന്ന് നിർദേശം വന്നു. ജോലി തുടങ്ങുന്നതിനു മുന്നോടിയായി സമീപത്തെ ഒരു ജ്യോത്സ്യനെ കാണാൻ പോയി. ആയിരം ആളെ കൊന്നാലുള്ള പാപം പോകാൻ ഒരു കുളം നിർമിച്ചാൽ മതിയെന്നായിരുന്നു ജ്യോത്സ്യന്റെ വാക്ക്. ഇതിനു ശേഷം ജ്യോത്സ്യൻ പറഞ്ഞതു പ്രകാരം തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിൽ തൊഴാൻ പോയപ്പോൾ ഉണ്ടായ അനുഭവവും കരാറുകാരൻ പങ്കുവച്ചു. ക്ഷേത്രത്തിൽ കയറുമ്പോൾതന്നെ എതിരെ വന്ന ഒരാൾ പെരളശ്ശേരി കുളം നിർമിക്കാൻ പോകുന്നത് താങ്കളാണെന്ന് അറിയാമെന്നും ഉടൻ തന്നെ ജോലി ആരംഭിച്ചു കൊള്ളൂ എന്നും പറഞ്ഞു. ക്ഷേത്രത്തിൽ പോയി തിരിച്ചു വന്ന ശേഷം പിന്നീട് അയാളെ കാണാൻ സാധിച്ചില്ല. കുളം നിർമാണത്തിന്റെ പകുതിഘട്ടം വരെ മിക്ക സമയവും കുളത്തിൽ ഒരു പാമ്പിനെ കാണാറുണ്ടായിരുന്നുവെന്നും 2011ലെ വിഷു ദിനത്തിൽ ഒരു ജോലിക്കാരനെ പാമ്പ് കടിച്ചതിനെ തുടർന്ന് ചികിത്സ തേടിയതായും മനോഹരൻ ഓർക്കുന്നു.
∙ പരിഗണനയിലുള്ള വികസന പ്രവർത്തനം
ക്ഷേത്രത്തിനോട് ചേർന്ന് ഊട്ടുപുര, പാർക്കിങ് സൗകര്യം, ഡോർമട്രി എന്നിവ നിർമിക്കാൻ ഒരു ഏക്കർ സ്ഥലം ദേവസ്വം ബോർഡ് വാങ്ങിയിട്ടുണ്ട്. നിർമാണ പ്രവർത്തനം തുടങ്ങിയിട്ടില്ല
∙ പ്രധാന ഉത്സവങ്ങൾ
ധനു മാസം 4ന് രാത്രി കൊടിയേറുന്നതോടെ 6 ദിവസം നീണ്ടു നിൽക്കുന്ന പ്രധാന ഉത്സവം ആരംഭിക്കും. എല്ലാ മലയാള മാസവും ആയില്യം നാൾ വിശേഷ ദിവസമാണ്. നാഗപൂജയ്ക്ക് പ്രാധാന്യമുള്ള ദിവസമാണ് ആയില്യം. തുലാം സംക്രമമാണ് മറ്റൊരു വിശേഷ ദിവസം. തുലാം സംക്രമത്തിന് കാവേരി സംക്രമം എന്നും പേരുണ്ട്. അന്നേദിവസം കാവേരി നദിയിലെ ജലം ഇവിടത്തെ കിണറിലും കുളത്തിലും എത്തുന്നു എന്നാണ് വിശ്വാസം. എല്ലാ മാസവും വരുന്ന വെളുത്ത ഷഷ്ഠി ദിവസങ്ങളും വിശേഷമാണ്.
∙ സമീപത്തെ മറ്റു ക്ഷേത്രങ്ങൾ
മക്രേരി അയ്യപ്പൻകാവ് മഹാദേവക്ഷേത്രം
നാരോത്ത് മഹാവിഷ്ണു ക്ഷേത്രം
രാങ്ങോത്ത് ഭഗവതി ക്ഷേത്രം
പെരളശ്ശേരി കുഞ്ഞിമൂലോത്ത് ശിവക്ഷേത്രം
രണ്ടമ്പല ദർശനം
മക്രേരി അമ്പലം: പെരളശ്ശേരിയിൽ പ്രതിഷ്ഠയ്ക്കായി ഹനുമാൻ കൊണ്ടുവന്ന ശില അടുത്തുതന്നെ മറ്റൊരു ക്ഷേത്രം പണിത് അവിടെ പ്രതിഷ്ഠിച്ചതായും വിശ്വാസമുണ്ട്. മർക്കടനായ ഹനുമാൻ പ്രതിഷ്ഠിച്ച സ്ഥലമായതിനാൽ മർക്കടശ്ശേരി എന്ന് അവിടം അറിയപ്പെട്ടു. കാലാന്തരത്തിൽ അത് ലോപിച്ച് മക്രേരി എന്ന് അറിയപ്പെട്ടു. ഇന്നും പെരളശ്ശേരി ദർശനം പൂർത്തിയാകണമെങ്കിൽ മക്രേരിയിലും കൂടി ദർശനം നടത്തണമെന്നാണ് പറയുക. രണ്ട് ക്ഷേത്രങ്ങളും ഒരുമിച്ച് ദർശിക്കുന്നത് രണ്ടമ്പല ദർശനം എന്നാണ് അറിയപ്പെടുന്നത്.
∙ പെരളശ്ശേരി ക്ഷേത്രത്തിലേക്ക് എങ്ങനെ എത്താം
കണ്ണൂർ – കൂത്തുപറമ്പ് റോഡിൽ പെരളശ്ശേരി ടൗണിൽ ഇറങ്ങി 10 മീറ്റർ വടക്ക് നടന്നാൽ ക്ഷേത്രത്തിനു മുന്നിലെ അരയാൽ തറയിലും ഇവിടെ നിന്ന് 15 മീറ്റർ കിഴക്ക് നടന്നാൽ ക്ഷേത്രസന്നിധിയിലും എത്താം.
∙ തിരശ്ശീലയിലെ പെരളശ്ശേരി
ജയറാം അഭിനയിച്ച അമൃതം, മമ്മൂട്ടിയുടെ കറുത്ത പക്ഷികൾ, ആര്യാടൻ ഷൗക്കത്ത് സംവിധാനം ചെയ്ത ദൈവനാമത്തിൽ തുടങ്ങിയ സിനിമയുടെ ഏതാനും ഭാഗങ്ങൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ ഒട്ടേറെ ആൽബം, സീരിയൽ എന്നിവയുടെ ചിത്രീകരണവും ഇവിടെ നടന്നിട്ടുണ്ട്. എന്നാൽ നിലവിൽ ഇവിടെ ചിത്രീകരണത്തിന് അനുമതി ഇല്ല.