‘നഷ്ടമാക്കിയത് കോടികളുടെ വിദേശനാണ്യം’: വരൂ പോകാം, മാലദ്വീപിനെ തോൽപിക്കുന്ന ലക്ഷദ്വീപ് കാഴ്ചകളിലേക്ക്...
‘ചലോ ലക്ഷദ്വീപ്...’ മനോഹരമായ ബംഗാരം ദ്വീപിന്റെ തീരത്ത് നിന്നുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം വൻ ചർച്ചയായി ദിവസങ്ങളേ ആയിട്ടുള്ളൂ. പക്ഷേ ലക്ഷദ്വീപിലേക്കു പോകണമെന്ന് മനസ്സ് ആഗ്രഹിച്ചാലും അവിടെ എത്തണമെങ്കില്‍ കടമ്പകൾ ഒട്ടേറെ കടക്കണം. എന്തൊക്കെയാണ് ലക്ഷദ്വീപിലെ കാഴ്ചകൾ, എങ്ങനെ അവിടെ എത്താനാവും, യാത്രയ്ക്ക് എത്ര സമയമെടുക്കും, ചെലവ് എത്രയാകും... ഒട്ടേറെ ചോദ്യങ്ങളാണ് ഇപ്പോൾ ഓരോ യാത്രാപ്രേമിയുടേയും മനസ്സിൽ. ലക്ഷദ്വീപില്‍ 2023ൽ സന്ദർശനം നടത്തിയ ജെയ്സൺ ജോസഫ് എഴുതുന്ന യാത്രാ വിവരണം വായിക്കാം, ‘കടമത്ത് തോണി അടുത്തപ്പോള്‍..’ ആദ്യ ഭാഗം.
‘ചലോ ലക്ഷദ്വീപ്...’ മനോഹരമായ ബംഗാരം ദ്വീപിന്റെ തീരത്ത് നിന്നുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം വൻ ചർച്ചയായി ദിവസങ്ങളേ ആയിട്ടുള്ളൂ. പക്ഷേ ലക്ഷദ്വീപിലേക്കു പോകണമെന്ന് മനസ്സ് ആഗ്രഹിച്ചാലും അവിടെ എത്തണമെങ്കില്‍ കടമ്പകൾ ഒട്ടേറെ കടക്കണം. എന്തൊക്കെയാണ് ലക്ഷദ്വീപിലെ കാഴ്ചകൾ, എങ്ങനെ അവിടെ എത്താനാവും, യാത്രയ്ക്ക് എത്ര സമയമെടുക്കും, ചെലവ് എത്രയാകും... ഒട്ടേറെ ചോദ്യങ്ങളാണ് ഇപ്പോൾ ഓരോ യാത്രാപ്രേമിയുടേയും മനസ്സിൽ. ലക്ഷദ്വീപില്‍ 2023ൽ സന്ദർശനം നടത്തിയ ജെയ്സൺ ജോസഫ് എഴുതുന്ന യാത്രാ വിവരണം വായിക്കാം, ‘കടമത്ത് തോണി അടുത്തപ്പോള്‍..’ ആദ്യ ഭാഗം.
‘ചലോ ലക്ഷദ്വീപ്...’ മനോഹരമായ ബംഗാരം ദ്വീപിന്റെ തീരത്ത് നിന്നുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം വൻ ചർച്ചയായി ദിവസങ്ങളേ ആയിട്ടുള്ളൂ. പക്ഷേ ലക്ഷദ്വീപിലേക്കു പോകണമെന്ന് മനസ്സ് ആഗ്രഹിച്ചാലും അവിടെ എത്തണമെങ്കില്‍ കടമ്പകൾ ഒട്ടേറെ കടക്കണം. എന്തൊക്കെയാണ് ലക്ഷദ്വീപിലെ കാഴ്ചകൾ, എങ്ങനെ അവിടെ എത്താനാവും, യാത്രയ്ക്ക് എത്ര സമയമെടുക്കും, ചെലവ് എത്രയാകും... ഒട്ടേറെ ചോദ്യങ്ങളാണ് ഇപ്പോൾ ഓരോ യാത്രാപ്രേമിയുടേയും മനസ്സിൽ. ലക്ഷദ്വീപില്‍ 2023ൽ സന്ദർശനം നടത്തിയ ജെയ്സൺ ജോസഫ് എഴുതുന്ന യാത്രാ വിവരണം വായിക്കാം, ‘കടമത്ത് തോണി അടുത്തപ്പോള്‍..’ ആദ്യ ഭാഗം.
‘ചലോ ലക്ഷദ്വീപ്...’ മനോഹരമായ ബംഗാരം ദ്വീപിന്റെ തീരത്തുനിന്നു കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം വൻ ചർച്ചയായി ദിവസങ്ങളേ ആയിട്ടുള്ളൂ. പക്ഷേ ലക്ഷദ്വീപിലേക്കു പോകണമെന്ന് മനസ്സ് ആഗ്രഹിച്ചാലും അവിടെ എത്തണമെങ്കില്‍ കടമ്പകൾ ഒട്ടേറെ കടക്കണം. എന്തൊക്കെയാണ് ലക്ഷദ്വീപിലെ കാഴ്ചകൾ, എങ്ങനെ അവിടെ എത്താനാവും, യാത്രയ്ക്ക് എത്ര സമയമെടുക്കും, ചെലവ് എത്രയാകും... ഒട്ടേറെ ചോദ്യങ്ങളാണ് ഇപ്പോൾ ഓരോ യാത്രാപ്രേമിയുടേയും മനസ്സിൽ. ലക്ഷദ്വീപില്‍ 2023ൽ സന്ദർശനം നടത്തിയ ജെയ്സൺ ജോസഫ് എഴുതുന്ന യാത്രാ വിവരണം വായിക്കാം, ‘കടമത്ത് തോണി അടുത്തപ്പോള്‍..’ ആദ്യ ഭാഗം.
∙ കൊച്ചിയോടു യാത്ര പറഞ്ഞ് ലക്ഷദ്വീപിലേക്ക്...
കാലം കുറെയായി കപ്പലും ലക്ഷദ്വീപും ഒരു മോഹമായി മനസ്സില്‍ കടന്നുകൂടിയിട്ട്. കപ്പലും ഞാനും തമ്മില്‍ ഒരു ആത്മബന്ധം പണ്ടേയുണ്ട്. എന്റെ പിതാവ് കൊച്ചിന്‍ കപ്പല്‍ നിര്‍മാണശാലയിലെ ജീവനക്കാരനായിരുന്നു. റാണി പദ്മിനി മുതല്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് പണിതുയര്‍ത്തിയ കപ്പലുകളെക്കുറിച്ചുള്ള ‘തള്ളുകള്‍’ കേട്ടാണ് ഞാന്‍ വളര്‍ന്നത്. അപ്പന്റെ കൂടെ ഒന്നുരണ്ടുതവണ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനുള്ളില്‍ കയറിയിട്ടുമുണ്ട്. ഒരിക്കല്‍ ഒരു ചരക്കുകപ്പലില്‍ കയറിയതിന്റെ ചില ഓര്‍മകളും എവിടെയോ അവശേഷിക്കുന്നുണ്ട്.
ലക്ഷദ്വീപ് യാത്രയുടെ ആസൂത്രണഘട്ടം മുതല്‍ കപ്പല്‍ കയറാനുള്ള ആവേശമായിരുന്നു മുന്നില്‍. കോവിഡ് ആരംഭിക്കുന്നതിനു തൊട്ടുമുൻപ് ലക്ഷദ്വീപിലേക്കുള്ള പെര്‍മിറ്റ് ലഭിച്ചതാണ്. എന്നാല്‍ ആ അവസരം കോവിഡ് കൊണ്ടുപോയി. പിന്നീട് 2023 വരെ കാത്തിരിക്കേണ്ടി വന്നു. കടമത്ത് ദ്വീപിലേക്കുള്ള പെര്‍മിറ്റാണ് ഇക്കുറി കിട്ടിയത്. ദ്വീപ് നിവാസിയും പാരഡൈസ് ട്രാവല്‍ ഏജന്‍സി ഉടമയും ബൈക്ക് റൈഡറുമൊക്കെയായ ഹസീബ് പള്ളമാണ് ഞങ്ങളുടെ യാത്രാ ചുമതലകള്‍ ഏറ്റെടുത്തിരിക്കുന്നത്. കപ്പല്‍യാത്രാ ചെലവും ഭക്ഷണവും താമസവും ദ്വീപിലെ യാത്രാചെലവുകളും ഗൈഡും അടക്കം 16,000 രൂപയാണ് ഒരാള്‍ക്ക് ഈടാക്കുന്നത്.
മേയ് 1 ന് തൊഴിലാളിദിനത്തിന്റെ അവധികൂടി ഉള്‍പ്പെടുത്തി യാത്ര പ്ലാന്‍ ചെയ്തു. ഏപ്രില്‍ 27 ന് കടമത്തേക്കുള്ള ടിക്കറ്റ് കിട്ടി. തിരികെയുള്ള ടിക്കറ്റ് മേയ് 6 നാണ് ഉണ്ടായിരുന്നത്. എന്നാല്‍ പലര്‍ക്കും അത്രയും ദിവസം അവിടെ തങ്ങാന്‍ കഴിയില്ലെന്നുള്ളതുകൊണ്ടു മറ്റേതെങ്കിലും ദ്വീപില്‍ നിന്നോ വിമാനമാര്‍ഗമോ തിരിച്ചുവരാം എന്ന തീരുമാനത്തില്‍ ഞങ്ങള്‍ യാത്രയ്ക്കു തയാറായി. പക്ഷേ, ആ തെറ്റായ തീരുമാനത്തിനു നല്‍കേണ്ടിവന്ന വില വലുതായിരുന്നു.
ഏപ്രില്‍ 27-ാം തീയതി എറണാകുളത്തെ ലക്ഷദ്വീപ് സ്‌കാനിങ്ങ് സെന്ററില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ടിക്കറ്റ്, പെര്‍മിറ്റ്, ലഗേജുകള്‍ എല്ലാം പരിശോധിച്ചശേഷം ഷിപ്പിങ്ങ് കോപ്പറേഷന്റെ വാഹനങ്ങളിലാണ് യാത്രക്കാരെ വാര്‍ഫിലേക്ക് എത്തിക്കുന്നത്. ലഗേജുകള്‍ കൊണ്ടുപോകുന്നതിനായി മറ്റൊരു വാഹനവും എത്തും. അറേബ്യന്‍ സീ എന്ന കപ്പലിലാണ് ഞങ്ങളുടെ യാത്ര. താരതമ്യേന ഒരു ചെറിയ കപ്പലാണ്. അറേബ്യന്‍ സീ കപ്പലിന്റെ ബങ്കറിലാണ് ഞങ്ങളുടെ ബര്‍ത്ത്.
∙ യാത്ര തുടങ്ങി; നിയന്ത്രണങ്ങളുണ്ട്...
ലക്ഷദ്വീപ് സ്‌കാനിങ് സെന്ററില്‍നിന്ന് വിശദമായ പരിശോധനകള്‍ക്കുശേഷമാണ് കപ്പലിലേക്കു കയറേണ്ടത്. ഇതിനായി പെര്‍മിറ്റ് ടിക്കറ്റ് ഹാജരാക്കണം. ഇതിനായുള്ള ക്യൂവില്‍ ഞങ്ങളും കയറി. യാത്രാ രേഖകള്‍ പരിശോധിക്കുന്നതിനൊപ്പം ലഗേജുകളും സ്‌കാന്‍ ചെയ്യണം. മദ്യം, പുകയില ഉല്‍പന്നങ്ങള്‍ ഇവയൊന്നും ലക്ഷദ്വീപില്‍ അനുവദനീയമല്ല. ഇത്തരം സാധനങ്ങള്‍ കൊണ്ടുപോകുന്നതും വിലക്കിയിട്ടുണ്ട്. സ്‌കാനിങ്ങ് നടപടികള്‍ പൂര്‍ത്തിയാക്കിയാലുടന്‍ ഷിപ്പിങ് കോർപറേഷന്റെ ബസുകളില്‍ യാത്രക്കാരെ വാര്‍ഫിലേക്ക് കൊണ്ടുപോകും. അതിനുമുൻപേ ലഗേജുകള്‍ കൊണ്ടുപോകുന്നതിനായി ഒരു ലോറിയുണ്ടാവും. കപ്പലുകള്‍ നിരയായി അണിനിരക്കുന്ന കൊച്ചിതുറമുഖമാണിത്. യാത്രാകപ്പലുകളാണ് വാര്‍ഫിന്റെ ഈ ഭാഗത്തുള്ളത്. ചരക്കുകപ്പലുകള്‍ വല്ലാര്‍പാടത്താണ് എത്തുന്നത്. നിലവില്‍ ലക്ഷദ്വീപിലേക്കുള്ള ഏതാനും കപ്പലുകളും ചില ആഡംബര വിനോദസഞ്ചാര കപ്പലുകളുമാണ് ഇവിടെ നങ്കൂരമിട്ടിട്ടുള്ളത്.
ബസില്‍ നിന്നിറങ്ങി വല്ലവിധേനയും ഞങ്ങളുടെ ലഗേജുകള്‍ എടുക്കുന്നതിനുള്ള ഭഗീരഥ പ്രയത്‌നമായിരുന്നു പിന്നീട് നടന്നത്. ലഗേജുകള്‍ കിട്ടിയ ഉടന്‍ ഞങ്ങള്‍ കപ്പലില്‍ കയറാനുള്ള ക്യൂവില്‍ നിന്നു. അറേബ്യന്‍ സീ ഒരു കുഞ്ഞന്‍ കപ്പലാണ്. ഒരു താൽകാലിക ഇരുമ്പു പാലത്തിലൂടെ ഞങ്ങള്‍ കപ്പലില്‍ കയറി. ആളുകള്‍ ഒന്നിച്ചുകയറുന്നതിനാല്‍ സാമാന്യം തിരക്കുണ്ട്. കപ്പലിനുള്ളില്‍ ആദ്യമായി കയറുന്നതിന്റെ അപരിചിതത്വവും ഞങ്ങള്‍ക്കുണ്ട്. ഒരുതരത്തില്‍ കപ്പലിന്റെ ബങ്കറില്‍ ഞങ്ങളുടെ സീറ്റുകള്‍ കണ്ടെത്തിയശേഷം ഞങ്ങള്‍ കപ്പലൊന്നു ചുറ്റിക്കാണാന്‍ ഇറങ്ങി. ആദ്യം കപ്പലിന്റെ ഡെക്കിലൂടെ ഒന്നുചുറ്റിക്കറങ്ങി. ഈ സമയത്തും ആളുകള്‍ കപ്പലിലേക്ക് എത്തുന്നുണ്ട്. ലഗേജുകളൊക്കെയെടുത്ത് അവര്‍ കപ്പലിലേക്ക് കയറുകയാണ്.
കപ്പലിന്റെ മുന്‍ഭാഗത്ത് ചില യന്ത്രങ്ങളും വലിയ വടങ്ങളുമൊക്കെ കാണാം. ഇവിടെ നിന്നു നോക്കുമ്പോള്‍ അറബികടലിന്റെ തുറമുഖഭാഗം കാണാം. കപ്പലില്‍കയറി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കപ്പല്‍പുറപ്പെടുന്നതിന്റെ ലക്ഷണമൊന്നും കാണുന്നില്ല. കപ്പലിന്റെ പിന്‍ഭാഗത്ത് ഇപ്പോഴും ചരക്ക് കയറ്റിക്കൊണ്ടിരിക്കുകയാണ്. ലക്ഷദ്വീപിലേക്കുള്ള സാധനങ്ങളാണിവ. കപ്പലിലേക്ക് ക്രെയിന്‍ ഉപയോഗിച്ചാണ് ചരക്കു കയറ്റുന്നത്. കൊച്ചിയില്‍നിന്നുമാണ് ലക്ഷദ്വീപിലേക്കുള്ള സാധനങ്ങള്‍ എത്തിക്കുന്നത്. ഇത്തരം യാത്രാ കപ്പലുകളുടെ ഒരു ഭാഗം ഇതിനായി മാറ്റിവച്ചിരിക്കും. ഞങ്ങളുടെ കപ്പല്‍ പുറപ്പെടണമെങ്കില്‍ ഈ സാധനങ്ങള്‍ മുഴുവന്‍ കയറ്റിതീരണം. എങ്കില്‍ കപ്പലിന്റെ കന്റീനില്‍ പോയി അല്‍പം ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു.
രണ്ടു കന്റീനുകളാണ് ഈ കപ്പലിലുള്ളത്. ഉച്ചയ്ക്ക് ചിക്കന്‍ ബിരിയാണിയാണ് കന്റീനില്‍ വിളമ്പുന്നത്. മുന്‍കൂര്‍ പണമടച്ചുവേണം ഭക്ഷണം വാങ്ങാന്‍. വൈകുന്നേരം 6 മണിയോടെ കപ്പല്‍ പുറപ്പെടാനുള്ള നടപടികള്‍ ആരംഭിച്ചു. രണ്ടു കൂറ്റന്‍കപ്പലുകള്‍ക്കിടയിലാണ് ഞങ്ങളുടെ കപ്പലുള്ളത്. ആദ്യം കപ്പലിലേക്കുള്ള പാലം ക്രെയിന്‍ ഉപയോഗിച്ച് കപ്പലിനുള്ളിലേക്ക് കയറ്റും. പിന്നീട് കപ്പല്‍ തുറമുഖവുമായി ബന്ധിപ്പിച്ചു നിര്‍ത്തിയിട്ടുള്ള വടങ്ങള്‍ വിടുവിക്കും. ഈ സമയമൊക്കെ കപ്പല്‍ നിയന്ത്രിക്കുന്നത് തുറമുഖത്തുനിന്നുള്ള ക്യാപ്ടനായിരിക്കും. കപ്പല്‍ തുറമുഖത്തുനിന്നും നടുക്കടലിലേക്ക് എത്തിക്കുന്നതിനുള്ള ചുമതല തുറമുഖത്തുനിന്നുള്ള ക്യാപ്റ്റനാണ്. വടങ്ങള്‍ വലിച്ചെടുക്കുന്നതിനും കൃത്യമായി ചുറ്റിവയ്ക്കുന്നതിനുമെല്ലാമായി പത്തോളം ജീവനക്കാര്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഏറ്റവുമൊടുവിലാണ് നങ്കൂരം ഉയര്‍ത്തുന്നത്. ഞങ്ങളുടെ കപ്പല്‍ കൊച്ചിയോട് യാത്ര പറയുകയാണ്...
∙ കപ്പൽ കടമത്തേയ്ക്ക്...
സമീപത്തെ കപ്പലുകളില്‍ വിളക്കുകള്‍ തെളിഞ്ഞിട്ടുണ്ട്. കപ്പല്‍ മെല്ലെ നീങ്ങിത്തുടങ്ങുകയാണ്. നിരയായി കിടക്കുന്ന കപ്പലുകള്‍ക്കിടയില്‍നിന്നും തുറമുഖ ചാലിലേക്ക് കപ്പല്‍ നീങ്ങുകയാണ്. കൊച്ചിയുടെ മാനം മെല്ലെ ചുവന്നു തുടങ്ങി. അറബിക്കടലിനും അതേ ചുവപ്പുനിറം. കരയില്‍നിന്നുള്ള ദീപക്കാഴ്ചകളും കപ്പലുകളിലെ ദീപങ്ങളും ചേര്‍ന്ന ഒരു ദീപപ്രപഞ്ചം തന്നെയുണ്ട് തീരത്ത്. കപ്പല്‍ മെല്ലെ നടുക്കടലിലേക്ക് നീങ്ങുകയാണ്. തുറമുഖത്തുനിന്നുള്ള ക്യാപ്റ്റനു പോകാന്‍ ബോട്ട് കപ്പലിനടുത്തേക്ക് വരുന്നുണ്ട്. ഒരു പ്രത്യേകതരം ബോട്ടാണിത്. കണ്‍ട്രോള്‍ റൂമിലിരുന്നാണ് ക്യാപ്റ്റന്‍ കപ്പല്‍ നിയന്ത്രിക്കുന്നത്. കപ്പല്‍ തുറമുഖം വിട്ടതോടെ ക്യാപ്റ്റന്‍ കപ്പലില്‍നിന്നും ബോട്ടിലേക്ക് കയറി. ഇതോടെ ബോട്ട് തിരികെ തുറമുഖത്തേക്ക് തിരിച്ചു. ഞങ്ങള്‍ നടുക്കടലിലേക്കും.
ബങ്കറില്‍ ഒരുറക്കം കഴിഞ്ഞ് ഉണരുമ്പോള്‍ നേരം പുലര്‍ന്നിരുന്നു. ആകാശത്ത് കാര്‍മേഘങ്ങള്‍ ഉണ്ട്. രാത്രിയില്‍ എപ്പോഴോ നല്ല മഴ പെയ്തിരുന്നു. നടുക്കടലിലെ സൂര്യോദയം കാണാനാണ് ഡെക്കിലെത്തിയത്. എന്നാല്‍ കാര്‍മേഘങ്ങള്‍ സൂര്യനെ മറച്ചുകളഞ്ഞു. നീലക്കടലും മേഘങ്ങള്‍ നിറഞ്ഞ നീലാകാശവുമാണ് കാഴ്ചകളിലെങ്ങും. കപ്പല്‍ സാമാന്യം വേഗത്തിലാണ് നീങ്ങുന്നത്. മണിക്കൂറില്‍ ഏകദേശം 40 നോട്ടിക്കല്‍ മൈല്‍വരെ വേഗതയില്‍ സഞ്ചരിക്കാന്‍ ഈ കപ്പലിനു കഴിയും. കപ്പലിന്റെ പിന്നില്‍നിന്നുള്ള കാഴ്ചകളും മനോഹരമാണ്. നെടുനീളൻ വഴിത്താരപോലെ തെളിയുന്ന കപ്പല്‍ ചാല്‍ ഇടയ്‌ക്കെപ്പോഴോ തെളിയുന്ന സൂര്യന്‍, മാനത്ത് കറുത്തിരുണ്ട കാര്‍മേഘങ്ങള്‍. അല്‍പസമയംകൂടി ഡെക്കില്‍ ചെലവഴിച്ചശേഷം ഞങ്ങള്‍ കന്റീനില്‍നിന്നും പ്രഭാതഭക്ഷണം കഴിച്ചു. ഏകദേശം പത്തുമണിയോടെ ഞങ്ങള്‍ അമനി ദ്വീപിന്റെ സമീപത്തെത്തി.
ഇവിടെ കപ്പല്‍ നങ്കൂരമിടുന്നതിനുള്ള ജോലികൾ ഡെക്കില്‍ നടക്കുകയാണ്. ഈ സമയം ദ്വീപില്‍ നിന്നുള്ള ബോട്ടുകള്‍ കപ്പലിനു സമീപത്തേയ്‌ക്കെത്തി. കപ്പലില്‍നിന്നും ഈ ബോട്ടുകളിലാണ് ആളുകള്‍ കരയിലേക്കു പോവേണ്ടത് . അമനി ദ്വീപില്‍ വാര്‍ഫ് ഇല്ലാത്തതിനാല്‍ കപ്പല്‍ കരയിലേക്ക് അടുപ്പിക്കാനാവില്ല. ഇളകി മറിയുന്ന കടലില്‍ വളരെ പണിപ്പെട്ടാണ് ബോട്ടുകൾ കപ്പലിലേക്ക് അടുപ്പിക്കുന്നത്. ഈ സമയം കൂടുതല്‍ ബോട്ടുകള്‍ ദ്വീപില്‍നിന്ന് കപ്പലിനു സമീപത്തേക്ക് എത്തുന്നുണ്ട്. കൊച്ചിയില്‍നിന്ന് ഒരാഴ്ചയ്ക്കുശേഷം എത്തുന്ന കപ്പലാണിത്. ഇവരുടെ ഉറ്റവരും ഉടയവരുമൊക്കെയാണ് ഈ കപ്പലില്‍ എത്തുന്നത്. ബോട്ടില്‍നിന്ന് കുറെയാളുകള്‍ കപ്പലിലേക്കും കയറുന്നുണ്ട്. എന്തിനാണെന്ന് മനസ്സിലാകുന്നില്ല. കപ്പലില്‍നിന്ന് ലഗേജുകളൊക്കെ ഇറക്കി ആളുകള്‍ ഇറങ്ങിതുടങ്ങി. ഓരോ ബോട്ടിലും ഉള്‍ക്കൊള്ളാവുന്ന ആളുകള്‍ കയറികഴിയുമ്പോള്‍ ബോട്ടുകള്‍ കരയിലേക്ക് നീങ്ങും.
ഇങ്ങനെ പലതവണ ബോട്ടുകളെത്തിയാണ് ആളുകളെ കരയ്‌ക്കെത്തിക്കുന്നത്. അമിനി, കടമത്ത് ദ്വീപുകളിലേക്കുള്ള യാത്രക്കാരാണ് ഈ കപ്പലിലുള്ളത്. ആളുകള്‍ കരയ്ക്കെത്തികഴിഞ്ഞ് കപ്പലില്‍ കയറാനുള്ള ആളുകളുമായി ബോട്ടുകള്‍ വീണ്ടും കപ്പലിനടുത്തെത്തും ഈ സമയം വലിയ ബോട്ടുകളില്‍ ദ്വീപിലേക്കുള്ള ചരക്കിറക്കി തുടങ്ങും. ഏതാണ്ട് ആറുമണിക്കൂറുകള്‍ക്കുശേഷമാണ് അമിനിയുടെ തീരത്തുനിന്ന് കപ്പല്‍ കടമത്ത് ദ്വീപിലേക്ക് നീങ്ങിയത്. വൈകിട്ട് 7 മണിയോടെ ഞങ്ങള്‍ കടമത്ത് ദ്വീപിനു സമീപമെത്തി. നടുക്കടലില്‍ കപ്പല്‍ നങ്കൂരമിട്ടു . ഞങ്ങള്‍ക്കു പോകാനുള്ള ബോട്ടെത്തി. സമാന്യം വലിയ ബോട്ടാണ്. കപ്പലില്‍നിന്ന് ബോട്ടിലേക്കുള്ള കയറ്റം അല്‍പം ബുദ്ധിമുട്ടാണ്. ഓരോരുത്തരെയായി ശ്രദ്ധാപൂര്‍വ്വം വലിച്ചുകയറ്റണം. ലഗേജുകളുമെല്ലാമായി സൂക്ഷിച്ചുവേണം കയറാന്‍.
ധാരാളം സോളര്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്ന കടമത്ത് ദ്വീപിലെ നിലയത്തില്‍നിന്ന് രണ്ടുവര്‍ഷം മുന്‍പുവരെ വൈദ്യുതി ഉൽപാദിപ്പിച്ചിരുന്നു. നിലവില്‍ ഈ നിലയം പ്രവര്‍ത്തനരഹിതമാണ്. 2013ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് സ്ഥാപിതമായ നിലയത്തില്‍നിന്ന് 260 കിലോ വാട്ട് വൈദ്യുതി ഉൽപാദിപ്പിച്ചിരുന്നു.
ബോട്ടില്‍ ഉള്‍ക്കൊള്ളാവുന്ന ആളുകള്‍ കയറിക്കഴിഞ്ഞപ്പോള്‍ ബോട്ട് കപ്പലിനെ വിട്ടകന്നു. 36 മണിക്കൂറുകള്‍ ഈ കപ്പലിലാണ് ചെലവഴിച്ചത്. ഇനി ബോട്ടിൽ. തിരമാലകളില്‍ ആടിയുലഞ്ഞ് ബോട്ട് തീരത്തോടടുക്കുകയാണ്. പിന്നില്‍ നിശ്ശബ്ദയാത്രാമൊഴിയോതി അറേബ്യന്‍ സീയെന്ന കപ്പല്‍ ഒരു കടല്‍ക്കൊട്ടാരം പോലെ പ്രകാശിക്കുന്നുണ്ട്. മുന്നില്‍ അല്‍പം അകലെയായി ദ്വീപിലെ വെളിച്ചം കണ്ടുതുടങ്ങി. അങ്ങനെ ഞങ്ങളുടെ തോണി കടമത്തേക്ക് അടുക്കുകയാണ്.
∙ കടമത്ത് ദ്വീപില്‍
അത്യാവശ്യം സൗകര്യങ്ങളുള്ള ഒരു വീട്ടിലാണ് ഞങ്ങള്‍ക്ക് താമസം ഒരുക്കിയിരിക്കുന്നത്. ഒരാള്‍ക്ക് 300 രൂപയാണ് ദിവസം വാടക ഈടാക്കുന്നത്. പിറ്റേന്ന് രാവിലെത്തന്നെ ഞങ്ങള്‍ ദ്വീപ് സന്ദര്‍ശനം ആരംഭിച്ചു. തെങ്ങുംതോപ്പുകള്‍ക്കിടയിലൂടെ ചെറിയ വഴികളിലൂടെയാണ് യാത്ര. ആദ്യം പോയത് മൗലാന മസ്ജിദ് എന്ന ഒരു ചെറിയ പള്ളിയിലേക്ക്. തെങ്ങും തോപ്പിനു നടുവിലുള്ള ഈ പള്ളിക്കു സമീപം മനോഹരമായ ഒരു കടല്‍തീരമുണ്ട്. ലഗൂണുകള്‍ നിറഞ്ഞ ഈ തീരം ടെട്രോ പാഡുകൾ ഉപയോഗിച്ച് സംരക്ഷിച്ചിട്ടുണ്ട്. ഇത്ര മനോഹരമായ ഒരു കടല്‍തീരം കേരളത്തിലെവിടെയും കാണാനാവില്ല. ഏറെ നേരം ഫോട്ടോയെടുത്തും പ്രകൃതി സൗന്ദര്യം ആസ്വദിച്ചും ഈ തീരത്ത് ചെലവഴിച്ചു. ഇവിടെനിന്ന് കടമത്ത് ദ്വീപിലെ പോലീസ് സ്റ്റേഷനിലെക്കാണ് പോയത്.
ലക്ഷദ്വീപിലേക്കുള്ള ഞങ്ങളുടെ എന്‍ട്രി അവിടെ രേഖപ്പെടുത്തേണ്ടതുണ്ട്. കള്ളന്മാരും കൊള്ളക്കാരുമില്ലാത്ത ഈ ദ്വീപില്‍ ഇത്തരം സാങ്കേതിക കാര്യങ്ങള്‍ക്കു മാത്രമാണ് പോലീസ് സ്റ്റേഷനെ സമീപിക്കുന്നത്. പൊലീസ് സ്റ്റേഷനിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഞങ്ങള്‍ മറ്റുചില കാഴ്ചകളിലേക്കുകൂടി പോയി. അതിലൊന്ന് കടല്‍തീരത്ത് പടർന്നു കിടക്കുന്ന 250 വര്‍ഷം പഴക്കമുള്ള ഒരു ആല്‍മരമാണ്. 2004ല്‍ സുനാമി തീരത്തേക്ക് അഞ്ഞടിച്ചപ്പോള്‍ ഈ മരം കടപുഴകിയെങ്കിലും കാലക്രമേണ മരം വീണ്ടും തളിരിടുകയായിരുന്നു.
ലക്ഷദ്വീപിന്റെ മണ്ണില്‍ മനുഷ്യരെത്തുന്നതിനും മുൻപ് ഉയര്‍ന്നുവന്ന ഈ മരം ഇന്നും തലയെടുപ്പോടെ കടലിനെ വെല്ലുവിളിച്ചിച്ച് പടർന്നു നിൽക്കുകയാണ്. ഈ കൂറ്റന്‍ മരത്തിന്റെ വേരുകളില്‍ കയറി ഇരുന്ന് ഊഞ്ഞാലാടിയും ശിഖരങ്ങളില്‍കയറി ഫോട്ടോയെടുത്തും ആല്‍മരത്തണലിൽ അല്‍പനേരമിരുന്നും ആളുകള്‍ യാത്രാനുഭവങ്ങള്‍ വേറിട്ടതാക്കുന്നുണ്ട്. തെങ്ങും പൂവരശും മാത്രമുള്ള ലക്ഷദ്വീപിലെ ഒരു വേറിട്ടകാഴ്ചയായി ഈ ആല്‍മരം മാറുന്നുണ്ട്. ലക്ഷദ്വീപ് ദിനങ്ങളിലെ സായാഹ്നം ഞങ്ങള്‍ ചെലവഴിച്ചത് ബീച്ചുകളിലാണ്. കടല്‍ തീരത്തുകൂടി ഓടിയും നടന്നും ചിലപ്പോഴൊക്കെ ചാടിക്കളിച്ചും ഞങ്ങള്‍ സായാഹ്നങ്ങളെ അവിസ്മരണീയമാക്കി.
∙ ഗതകാല പ്രതാപത്തിന്റെ ശേഷിപ്പുകൾ...
കടമത്ത് ദ്വീപിലെ മറ്റൊരു വൈകുന്നേരം ദ്വീപിന്റെ വടക്കന്‍ പ്രദേശങ്ങള്‍ കാണുകയെന്ന ലക്ഷ്യത്തോടെ ഞങ്ങള്‍ ഇറങ്ങി. ഓട്ടോറിക്ഷയിലാണ് യാത്ര. ദ്വീപിന്റെ വടക്കേ അറ്റത്തുള്ള വൈറ്റ് സാൻഡ് ബീച്ചും വാട്ടര്‍ സ്‌പോര്‍ട് സെന്റര്‍ എന്നറിയപ്പെടുന്ന ടൂറിസം സെന്ററുമാണ് കാണാനുദേശിക്കുന്നത്. വഴിമധ്യേ ടൂറിസം സെന്ററിന്റെ ഭാഗമായുള്ള കോട്ടേജുകളുടെ ഒരു സമുച്ചയം കണ്ടു. പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായെന്ന് പരിസരം കണ്ടാല്‍ മനസ്സിലാകും. ശാന്തസുന്ദരമായ ബീച്ചിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്തിരുന്ന കുഞ്ഞന്‍ കോട്ടേജുകള്‍ ബീച്ചിന്റെ സൗന്ദര്യം പൂര്‍ണമായും ആസ്വദിക്കാന്‍ കഴിയും വിധമാണ് ഒരുക്കിയിരിക്കുന്നത്. കോട്ടേജുകളുടെ മുന്‍വശത്ത് കാറ്റാടി മരങ്ങളാണ് തണല്‍ വിരിക്കുന്നുണ്ട്. ഗതകാലപ്രതാപത്തിന്റെ ശേഷിപ്പുകള്‍ മാത്രമായി ഈ കോട്ടേജും പരിസരവും മാറിക്കഴിഞ്ഞു.
ഈ കോംപൗണ്ടില്‍ അല്‍പസമയം ചെലവഴിച്ചശേഷം ഞങ്ങള്‍ മറ്റൊരു ബീച്ച് സ്‌പോട്ടിലേക്ക് നീങ്ങി. ഇവിടെ കടലിലേക്ക് ഇറങ്ങി ഒരു റാംപ് നിര്‍മ്മിച്ചിട്ടുണ്ട്. നീലക്കടലിന്റെ അഭൗമമായ സൗന്ദര്യം തന്നെയാണ് ഈ തീരത്തിന്റെ പ്രത്യേകത. ലഗൂണുകള്‍ നിറഞ്ഞ തീരത്തേക്ക് ശാന്തമായി ഒഴുകുന്ന തിരമാലകള്‍. ഫോട്ടോ ഷൂട്ടിന് ഏറെ അനുയോജ്യമാണ്. മണ്‍സൂണില്‍ കപ്പലിലെത്തുന്ന യാത്രക്കാരെ ബോട്ടില്‍ ഇവിടെയാണ് ഇറക്കുന്നത്. ഇവിടെനിന്ന് പലപ്പോഴും വെള്ളത്തിലൂടെ നടന്ന് ഈ റാംപ് വഴിയാണ് യാത്രക്കാര്‍ കരപറ്റുന്നത്.
കടല്‍ കടഞ്ഞെടുത്ത ഒരു കാവ്യം പോലെ സുന്ദരമായ തീരം. നീലവാനിനു കീഴില്‍ വെള്ളിമേഘത്തേരുകള്‍ തണല്‍ വിരിക്കുമ്പോള്‍ തീരത്തിന് എന്തെന്നില്ലാത്ത ഭംഗി. ഈ തീരത്തു ജനിക്കാത്തതില്‍ ഞാനിപ്പോള്‍ ദുഃഖിതനാണ്.
ഈ റാംപിലേക്കു കയറ്റിയാണ് ഞങ്ങളുടെ ഡ്രൈവര്‍ ഓട്ടോ നിര്‍ത്തിയിരിക്കുന്നത്. എത്ര സമയം ചെലവഴിച്ചാലും മുഷിയാത്ത ഈ തീരത്തുനിന്ന് ഞങ്ങള്‍ ഒരു സൗരോര്‍ജനിലയത്തിലേക്കാണ് പോയത്. ധാരാളം സോളര്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്ന ഈ നിലയത്തില്‍നിന്ന് രണ്ടുവര്‍ഷം മുന്‍പുവരെ വൈദ്യുതി ഉൽപാദിപ്പിച്ചിരുന്നു. നിലവില്‍ ഈ നിലയം പ്രവര്‍ത്തനരഹിതമാണ്. 2013ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് സ്ഥാപിതമായ നിലയത്തില്‍നിന്ന് 260 കിലോ വാട്ട് വൈദ്യുതി ഉൽപാദിപ്പിച്ചിരുന്നു. ലക്ഷദ്വീപിലെ മറ്റു പല സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സംഭവിച്ചതുപോലെതന്നെ ഈ നിലയവും ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്.
∙ കടല്‍ കടഞ്ഞെടുത്ത കാവ്യം
ഇനിയാണ് ഞങ്ങള്‍ കടമത്ത് ദ്വീപിലെ ഏറ്റവും മനോഹരമായ ഭൂപ്രദേശത്തേക്ക് പ്രവേശിക്കുന്നത്. കോവിഡിന് മുന്‍പുവരെ വിനോദസഞ്ചാരികളുടെ പറുദീസായായിരുന്നു ഇവിടം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാട്ടര്‍ സ്‌പോര്‍ട് സെന്ററും റിസോർട്ടുകളും നിരവധി വില്ലകളും കോട്ടേജുകളും സ്പായും എല്ലാമായി സഞ്ചാരികള്‍ കടമത്തിന്റെ സൗന്ദര്യത്തില്‍ ആറാടിയിരുന്ന ഇടം. ഉയര്‍ന്ന നിലവാരത്തിലുള്ള കെട്ടിടങ്ങളാണ് ഇവിടെ സ്ഥാപിച്ചിരുന്നത്.
സ്‌കൂബ ഡൈവിങ്, സ്‌നോര്‍ക്കലിങ്, സ്പീഡ്‌ബോട്ട് സവാരി, വാട്ടര്‍ സൈക്ലിങ് തുടങ്ങിയ ജലവിനോദങ്ങൾക്കുള്ള സൗകര്യങ്ങളും പരിശീലനകേന്ദ്രങ്ങളും ഇവിടെയുണ്ട്. കാറ്റാടിമരങ്ങള്‍ നിറഞ്ഞ കോംപൗണ്ട്. കോടികള്‍ മുടക്കി നിര്‍മിച്ച ഗെസ്റ്റ്ഹൗസുകളും അനുബന്ധ റസ്റ്ററന്റുകളുമെല്ലാം ഇന്നും പുതുമ നഷ്ടപ്പെടാതെ നില്‍ക്കുന്നുണ്ട്. ടൈല്‍ പാകിയ നടപ്പുവഴികളാണ്. കടലിന്റെ നീലിമയും സദാവീശുന്ന കാറ്റുകൂടിയാകുമ്പോള്‍ ഇവിടം സ്വര്‍ഗ സമാനമാകും. സഞ്ചാരികളെ ഹെലികോപ്റ്ററില്‍ എത്തിക്കുന്നതിനുള്ള ഹെലിപാഡും ഇവിടെ സജ്ജമാക്കിയിരുന്നു. ഈ റോഡിന്റെ വടക്കുഭാഗത്താണ് കടമത്തുദ്വീപിലെ ഏറ്റവും മനോഹരമായ ബീച്ചുള്ളത്.
വെള്ളമണല്‍ നിറഞ്ഞ ഈ ബീച്ചിലേക്ക് പൂവരശുകള്‍കിടയിലൂടെയുള്ള വഴിയിലൂടി ഇറങ്ങാം. കടലഴകിന്റെ മുഴുവന്‍ ഭാവങ്ങളും ആവാഹിച്ചു മെനഞ്ഞെടുത്ത ഒരു അദ്ഭുത തീരം തന്നെയാണ് ഈ മുനമ്പ്. ഇതിന്റെ ആകൃതിയും സ്ഥാനവുമെല്ലാം കടലിന്റെ ഗതിയനുസരിച്ച് മാറി മറിയുമത്രെ. ചിലപ്പോള്‍ ഈ മുനമ്പ് ഒരു തുരുത്തായി രൂപാന്തരപ്പെടും. മറ്റു ചിലപ്പോള്‍ വലതുവശത്തേക്കോ ഇടതുവശത്തേക്കോ വളഞ്ഞുമെല്ലാം ഇവിടെ കാണപ്പെടാറുണ്ട്. നിലവില്‍ നേര്‍രേഖയിലാണ് മുനമ്പ് ഉള്ളത്. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നതിനാല്‍ ദ്വീപില്‍ അല്‍പം പള്ളയും മരത്തിന്റെ ഉണങ്ങിയ അവശിഷ്ടങ്ങളുമൊക്കെ അടിഞ്ഞുകൂടിയിട്ടുണ്ട്. എങ്കിലും നീലക്കടലിനു നടുവിലെ ഈ വെള്ള മുനമ്പ് അതിമനോഹരമാണ്. കടല്‍ കടഞ്ഞെടുത്ത ഒരു കാവ്യം പോലെ സുന്ദരമായ തീരം. നീലവാനിനു കീഴില്‍ വെള്ളിമേഘത്തേരുകള്‍ തണല്‍ വിരിക്കുമ്പോള്‍ തീരത്തിന് എന്തെന്നില്ലാത്ത ഭംഗി. ഈ തീരത്തു ജനിക്കാത്തതില്‍ ഞാനിപ്പോള്‍ ദുഃഖിതനാണ്.
കടല്‍ സൗന്ദര്യം കാണാന്‍ മാലദ്വീപ് തേടിപ്പോകുന്ന മലയാളികള്‍ എന്തുകൊണ്ട് ലക്ഷദ്വീപിനെ ഒരു സാധ്യതയാക്കുന്നില്ല. അധികാരികളുടെ കെടുകാര്യസ്ഥതതന്നെയാണ് ഇത്തരം തീരങ്ങള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നതിനു പിന്നില്‍. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ സ്‌പോര്‍ട് സെന്ററിന്റെ പതനം. അനേകം ദ്വീപുനിവാസികള്‍ക്ക് തൊഴിലും വരുമാനമാര്‍ഗവുമായിരുന്ന സ്‌പോര്‍ട് സെന്റര്‍ അടച്ചുപൂട്ടിയതിലൂടെ രാജ്യത്തിനു നഷ്ടമായത് കോടികള്‍ വരുന്ന വിദേശ നാണ്യമാണ്. ദ്വീപ് നിവാസികളോടുള്ള ഒരു വെല്ലുവിളിപോലെയാണ് ഈ സെന്ററിന്റെ പ്രവര്‍ത്തനം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുൽ പട്ടേൽ അവസാനിപ്പിച്ചത്. എന്നാല്‍ ഇത്തരം തീരുമാനങ്ങള്‍ എന്തിന്റെ പേരിലായാലും ഗുണകരമാവില്ല. പള്ളപിടിച്ചും കാടുകയറിയും ഈ മനോഹരതീരം നശിക്കുന്നതു കാണുമ്പോള്‍ എവിടെയോ ഒരു നീറ്റല്‍.
അവസാനിക്കുന്നില്ല കടമത്ത് ദ്വീപിലെ മനോഹരക്കാഴ്ചകൾ, ഒപ്പം ലക്ഷദ്വീപിലെ രുചികരമായ ഭക്ഷണങ്ങളുടെ വിശേഷങ്ങളും ... വായിക്കാം അടുത്ത ഭാഗത്തിൽ ... (ഫ്രീലാൻസ് ജേണലിസ്റ്റാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)