അന്ന് നഗരം വിട്ടോടിയത് ലക്ഷങ്ങൾ; ‘മലിനജലം’ കുടിച്ച് തിരികെ വിളിച്ച ഉദ്യോഗസ്ഥർ; ഇന്ന് വജ്രശോഭയിൽ സൂറത്ത്
2023ൽ രാജ്യത്തെ നഗരങ്ങളുടെ ശുചിത്വ റാങ്കിങ്ങിൽ ഇൻഡോറിനൊപ്പം മറ്റൊരു നഗരം കൂടി ഇടംപിടിച്ചു; അതു ഗുജറാത്തിലെ സൂറത്താണ്; ഇന്ത്യയുടെ ഡയമണ്ട് നഗരമായ സൂറത്ത്. സൂറത്തിന് ഒട്ടും വൃത്തിയില്ലാത്ത ഒരു ചരിത്രമുണ്ട്. ആ ചളിക്കുണ്ടിൽ നിന്നാണു സൂറത്ത് ഉയർത്തെഴുന്നേറ്റു രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായി മാറിയത്.
2023ൽ രാജ്യത്തെ നഗരങ്ങളുടെ ശുചിത്വ റാങ്കിങ്ങിൽ ഇൻഡോറിനൊപ്പം മറ്റൊരു നഗരം കൂടി ഇടംപിടിച്ചു; അതു ഗുജറാത്തിലെ സൂറത്താണ്; ഇന്ത്യയുടെ ഡയമണ്ട് നഗരമായ സൂറത്ത്. സൂറത്തിന് ഒട്ടും വൃത്തിയില്ലാത്ത ഒരു ചരിത്രമുണ്ട്. ആ ചളിക്കുണ്ടിൽ നിന്നാണു സൂറത്ത് ഉയർത്തെഴുന്നേറ്റു രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായി മാറിയത്.
2023ൽ രാജ്യത്തെ നഗരങ്ങളുടെ ശുചിത്വ റാങ്കിങ്ങിൽ ഇൻഡോറിനൊപ്പം മറ്റൊരു നഗരം കൂടി ഇടംപിടിച്ചു; അതു ഗുജറാത്തിലെ സൂറത്താണ്; ഇന്ത്യയുടെ ഡയമണ്ട് നഗരമായ സൂറത്ത്. സൂറത്തിന് ഒട്ടും വൃത്തിയില്ലാത്ത ഒരു ചരിത്രമുണ്ട്. ആ ചളിക്കുണ്ടിൽ നിന്നാണു സൂറത്ത് ഉയർത്തെഴുന്നേറ്റു രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായി മാറിയത്.
2023ൽ രാജ്യത്തെ നഗരങ്ങളുടെ ശുചിത്വ റാങ്കിങ്ങിൽ ഇൻഡോറിനൊപ്പം ഒന്നാം സ്ഥാനം പിന്നിട്ട മറ്റൊരു നഗരമുണ്ട്; സൂറത്ത്. ഇന്ത്യയുടെ ഡയമണ്ട് നഗരമായ ഗുജറാത്തിലെ സൂറത്ത്. ഒരിക്കൽ പ്ലേഗിന് മുന്നിൽ തകർന്നു തരിപ്പണമായ ഒരു ചരിത്രമുണ്ട് സൂറത്തിന്. നൂറു പേരോളം മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകൾ. വൃത്തിയില്ലാത്ത ആ നഗരം വിട്ട് അന്ന് ലക്ഷക്കണക്കിന് പേർ പലായനം ചെയ്തു. ആ ചെളിക്കുണ്ടിൽ നിന്ന് രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി സൂറത്ത് മാറിയത് നിശ്ചയദാർഢ്യത്തിന്റെ കൂടി ചരിത്രമാണ്. എങ്ങനെയാണ് സൂറത്ത് ഈ നേട്ടം സ്വന്തമാക്കിയത്? ആ ചരിത്രത്തിൽ വിട്ടുപോകാൻ പാടില്ലാത്ത പേരുകൾ ആരുടെയൊക്കെയാണ്?
∙ സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ പലായനം!
1994ൽ മഹാരാഷ്ട്രയിൽ ആദ്യം റിപ്പോർട്ട് ചെയ്ത ‘പ്ലേഗ്’ എന്ന പകർച്ചവ്യാധി സൂറത്തിനെ കടന്നാക്രമിക്കാൻ അധികം സമയമെടുത്തില്ല. സൂറത്തിന്റെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്ലേഗ് അതിരൂക്ഷമായി പടർന്നു പിടിച്ചു. വീടുകളിൽ നിന്നും ഭക്ഷണശാലകളിൽ നിന്നും വഴിയോരങ്ങളിലേക്ക് തള്ളിയിരുന്ന മാലിന്യങ്ങളിൽ ബാക്ടീരിയകൾ പെരുകി. പകർച്ചവ്യാധിക്കു മുന്നിൽ സൂറത്ത് തകർന്നു തരിപ്പണമായി. രണ്ട് ലക്ഷത്തോളം പേരാണ് അന്ന് സൂറത്തിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നും പലായനം ചെയ്തത്. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ പലായനമായിരുന്നു അത്.
800 കോടി രൂപയ്ക്കു മുകളിൽ സാമ്പത്തിക നഷ്ടം വന്നുവെന്നാണ് കണക്ക്. സൂറത്തിനെ ആ നാശത്തിലേക്ക് തള്ളിവിട്ടതിന്റെ പഴി മുഴുവൻ സൂറത്തിലെ മുനിസിപ്പൽ കോർപറേഷന് കേൾക്കേണ്ടി വന്നു. മാലിന്യം ശേഖരിക്കാനോ തരംതിരിക്കാനോ സംസ്കരിക്കാനോ ഉള്ള ഒരു സംവിധാനവും സൂറത്തിൽ ഉണ്ടായിരുന്നില്ല. പ്ലേഗിനു മുൻപ് തന്നെ മലേറിയയും കോളറയും സൂറത്തിൽ വലിയ നാശം വിതച്ചിരുന്നു. രോഗ വ്യാപനത്തെ തുടർന്ന് ജനവാസം വിരളമായി അക്ഷരാർഥത്തിൽ ചെളിക്കുണ്ടായി മാറിയിരുന്ന അവസ്ഥയിൽ നിന്ന് തിരികെ വരാൻ സൂറത്തിനുള്ള ആദ്യ പ്രേരണ അന്നു കേട്ട പഴികളായിരുന്നു. അവിടെ നിന്നാണ് വൃത്തിയിലേക്കുള്ള സൂറത്തിന്റെ യാത്ര തുടങ്ങുന്നത്.
∙ സൂറത്തിന്റെ സ്വന്തം റാവു സാഹിബ്
പ്ലേഗ് തരിപ്പണമാക്കിയ അവസ്ഥയിൽ നിന്ന് സൂറത്ത് എങ്ങനെ തിരിച്ചു വന്നുവെന്ന ചോദ്യത്തിന്റെ ഉത്തരം എസ്.ആർ.റാവു എന്ന പേരാണ്. 1995ൽ സൂറത്ത് മുനിസിപ്പൽ കമ്മിഷണറായി നിയോഗിക്കപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥൻ. ‘‘ഉദ്യോഗസ്ഥപരമായി നോക്കിയാൽ ആ നിയമനം ആത്മഹത്യാപരമായിരുന്നു. യുദ്ധമുഖത്ത് എന്നതുപോലെ സൂറത്ത് വൃത്തിയാക്കിയെടുക്കുക എന്ന വഴി മാത്രമാണ് എനിക്ക് മുന്നിലുണ്ടായിരുന്നത്.’’ എന്നാണ് പിൽക്കാലത്ത് സൂറത്തിൽ മുനിസിപ്പൽ കമ്മിഷണറായതിനെപ്പറ്റി എസ്.ആർ.റാവു പറഞ്ഞത്.
ഇനി ഒരു പകർച്ചവ്യാധി വരാതെ നോക്കുക എന്നതായിരുന്നു ആദ്യ വെല്ലുവിളി. റാവുവിന്റെ വരവോടെ അതുവരെ കാര്യമായൊന്നും ചെയ്യാതിരുന്ന സൂറത്ത് മുനിസിപ്പാലിറ്റി ഉണർന്നു പ്രവർത്തിച്ചു തുടങ്ങി. ‘എസി ടു ഡിസി’ എന്നതായിരുന്നു റാവുവിന്റെ മുദ്രാവാക്യം. ശീതീകരിച്ച മുറികളിൽ നിന്ന് ദിവസേനയുള്ള ജോലികളിലേക്ക് എന്നതായിരുന്നു അതുകൊണ്ട് അർഥമാക്കിയിരുന്നത്. സൂറത്തിലെ ആറ് സോണുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ എല്ലാ ദിവസവും രാവിലെ 7 മുതൽ നഗരത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് നേരിട്ട് ഉറപ്പുവരുത്തി റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം.
ചുരുക്കി പറഞ്ഞാൽ ഉദ്യോഗസ്ഥർ പുറത്തിറങ്ങി പണിയെടുക്കാൻ തുടങ്ങി. മാലിന്യസംസ്കരണത്തിനുള്ള വഴികൾ അടച്ച് നിർമിച്ചിരുന്ന അനധികൃത കെട്ടിടങ്ങൾ ഇടിച്ചു നിരത്തി. റോഡുകൾക്ക് വീതി കൂട്ടി. നഗരം വൃത്തിയാകാൻ തുടങ്ങി. സൂറത്തിൽ ഒരു മുനിസിപ്പൽ കോർപറേഷൻ ഉണ്ടെന്നും പ്രവർത്തിക്കാൻ കഴിയുമെന്നും റാവു ജനങ്ങളെ ബോധ്യപ്പെടുത്തി. കടകളിലും മറ്റ് പൊതുസ്ഥലങ്ങളിലും ചവറ്റു കൊട്ടകൾ നിർബന്ധമാക്കി. അത് ചെയ്യാത്തവരിൽ നിന്ന് പിഴയും ഈടാക്കി. ‘സുലഭ്’ എന്ന പേരിൽ പണം കൊടുത്ത് ഉപയോഗിക്കാവുന്ന ശുചിമുറികളും വഴിയോരങ്ങളിൽ സ്ഥാപിച്ചു.
ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്ന് സൂറത്തിനുള്ള പ്രതിവർഷ വരുമാനം കേട്ടു ഞെട്ടരുത്; 140 കോടി രൂപ. 1875 കിമീ നീളം വരുന്ന പൈപ്‌ലൈനുകളാൽ ബന്ധിപ്പിക്കപ്പെട്ടതാണു സൂറത്തിലെ സുവിജ് (ശുചിമുറി മാലിന്യ) ശൃംഖല. നഗരത്തിലെ 99% ശുചിമുറികളും ഈ ശൃംഖലയിൽ ബന്ധിപ്പിച്ചിരിക്കുന്നു.
50 ലക്ഷത്തോളം ആളുകൾ താമസിക്കുന്ന ഒരു നഗരം വൃത്തിയാക്കി തുടങ്ങുകയെന്നത് എളുപ്പമായിരുന്നില്ല. 1997 ൽ റാവു അവിടെ നിന്ന് മാറുമ്പോഴേക്കും കാര്യമായ മാറ്റങ്ങൾ സൂറത്തിന് വന്നിരുന്നു. സർക്കാരിനു മാത്രമായി ഇത് മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നും സൂറത്ത് തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ പൊതു സ്വകാര്യ പങ്കാളിത്തം പരമാവധി പ്രയോജനപ്പെടുത്തി. വീടുകളിൽ നിന്നുള്ള മാലിന്യ ശേഖരണം മുതൽ അതിന്റെ സംസ്കരണം വരെയുള്ള കാര്യങ്ങളിൽ സൂറത്ത് ഇന്ന് ആശ്രയിക്കുന്നതു സ്വകാര്യ പങ്കാളിത്തമാണ്.
∙ സമ്പത്താകുന്ന മലിന ജലം
കൊച്ചിയിൽ 144 കോടി രൂപ ചെലവിട്ടു നിർമിക്കാൻ ഉദ്ദേശിച്ചിരുന്ന ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് ‘വെള്ളത്തിൽ വരച്ച വര’ പോലെയായ കഥ ആദ്യഭാഗത്തിൽ പറഞ്ഞില്ലേ. അത്തരം ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്ന് സൂറത്തിനുള്ള പ്രതിവർഷ വരുമാനം കേട്ടു ഞെട്ടരുത്; 140 കോടി രൂപ. 1875 കിമീ നീളം വരുന്ന പൈപ് ലൈനുകളാൽ ബന്ധിപ്പിക്കപ്പെട്ടതാണു സൂറത്തിലെ സുവിജ് (ശുചിമുറി മാലിന്യ) ശൃംഖല. നഗരത്തിലെ 99% ശുചിമുറികളും ഈ ശൃംഖലയിൽ ബന്ധിപ്പിച്ചിരിക്കുന്നു. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ കോർപറേഷനു കീഴിൽ 11 ശുചിമുറി സംസ്കരണ പ്ലാന്റുകളാണ് (എസ്ടിപി) സൂറത്തിലുള്ളത്.
പ്രതിദിനം 115 ദശലക്ഷം മലിന ജലമാണു ശുദ്ധീകരിക്കുന്നത്. ഇതിൽ ഏറ്റവും വലുത് പ്രതിദിനം 40 ദശലക്ഷം ലീറ്റർ വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ള ബാംറോളിയിലെ പ്ലാന്റാണ്. സാധാരണ എസ്ടിപി പ്ലാന്റുകളിൽ 2 ഘട്ട ശുദ്ധീകരണം നടത്തി വെള്ളം ചെടികൾ നനയ്ക്കാനും കാർഷികാവശ്യത്തിനും ഉപയോഗിക്കുകയാണു പതിവ്. എന്നാൽ ഈ പ്ലാന്റിൽ മൂന്നു ഘട്ടമായാണു ശുദ്ധീകരണം. അൾട്രാ ഫിൽട്രേഷൻ സംവിധാനം, ആക്ടിവേറ്റഡ് കാർബൺ ഫിൽറ്റർ, റിവേഴ്സ് ഓസ്മോസിസ് എന്നിവയുൾപ്പെട്ട അവസാന ഘട്ടം കൂടി കഴിയുന്നതോടെ വെള്ളം 100% ശുദ്ധമാകും.
നമ്മുടെ നാട്ടിലെ കോർപറേഷൻ സെക്രട്ടറിമാരെ പോലെ സൂറത്തിൽ മുനിസിപ്പൽ കമ്മിഷണർമാരാണുള്ളത്. ഐഎഎസ് ഉദ്യോഗസ്ഥരെയാണ് ഈ പദവിയിൽ നിയോഗിക്കുന്നത്. സൂറത്തിലെ മുനിസിപ്പൽ കമ്മിഷണർമാരായി ചുമതലയേൽക്കുന്നവർ ആദ്യം ചെയ്യുന്ന കാര്യങ്ങളിലൊന്ന് ബാംറോളിയിലെ പ്ലാന്റ് സന്ദർശിക്കുകയാണ്. വെറുതെ സന്ദർശിക്കുക മാത്രമല്ല, മലിനജലത്തിൽ ശുദ്ധീകരിച്ചെടുത്ത വെള്ളം കുടിക്കുകയും ചെയ്യും. ആ സംവിധാനത്തെ അവർ പൂർണമായി വിശ്വസിക്കുന്നുവെന്നതിന് ഇതിൽപരം തെളിവെന്തു വേണം. സൂറത്തിലെ വിപുലമായ ടെക്സ്റ്റൈൽ വ്യവസായത്തിനും ധാരാളം വെള്ളം വേണം. ഇങ്ങനെ ശുദ്ധീകരിക്കുന്ന വെള്ളമാണ് ടെക്സ്റ്റൈൽ യൂണിറ്റുകൾക്കും നൽകുന്നത്.
∙ ഇൻഡോർ തന്നെ മാതൃക
വൃത്തിയിലേക്കുള്ള യാത്രയിൽ ഇൻഡോർ തന്നെയാണ് സൂറത്തിന്റെയും മാതൃക. വൃത്തി വേണമെങ്കിൽ അതു വീടുകളിൽ നിന്നു തുടങ്ങണം. വീടുകളിലെ മാലിന്യത്തിന്റെ തരംതിരിക്കലാണ് ആദ്യ പടി. വൃത്തിയുടെ ഈ തത്വശാസ്ത്രം ജനങ്ങളെ പഠിപ്പിക്കുന്നതിൽ ഘട്ടം ഘട്ടമായി സൂറത്ത് വിജയിച്ചു. ആദ്യമെല്ലാം എതിർപ്പുകളുണ്ടായി. പക്ഷേ, അതിനെയെല്ലാം സമർഥമായി മറികടന്നു.‘ഗാഡീ വാലാ ആയാ ഗർസേ കച്ചറ നികാലാ…’ എന്ന പാട്ടും മുഴക്കി മാലിന്യ ശേഖരണ ലോറി സൂറത്തിലെ കത്താർഗാം രാധേശ്യാം സൊസൈറ്റിയിലെ വീടുകൾക്കു മുന്നിലെത്തി.
ലോറിയിൽ പ്രധാനമായും 3 ഭാഗങ്ങൾ. പച്ച, നീല, ചുവപ്പ്. പച്ചയിൽ ജൈവ മാലിന്യവും നീലയിൽ ഖര മാലിന്യങ്ങളും ചുവപ്പിൽ ഹാനികരമായ മാലിന്യങ്ങളും ശേഖരിക്കും. സാനിറ്ററി നാപ്കിൻ നിക്ഷേപിക്കാൻ പ്രത്യേക ഭാഗവുമുണ്ട്. സൂറത്ത് കോർപറേഷന് ഇത്തരത്തിൽ 551 മാലിന്യ ശേഖരണ ലോറികളുണ്ട്. രാവിലെ 9 മുതൽ ഒന്നു വരെയും വൈകിട്ട് 3 മുതൽ 7 വരെയും 2 ഷിഫ്റ്റുകളിലായാണു വീടുകളിൽ നിന്നുള്ള മാലിന്യ ശേഖരണം. എല്ലാ ലോറികളിലും ജിപിഎസുണ്ട്. കൺട്രോൾ റൂമിൽ നിന്ന് ഈ വാഹനങ്ങൾ നിരീക്ഷിക്കാം.
∙ മാലിന്യം തള്ളൽ കേന്ദ്രത്തിൽ നിന്ന് ഡ്രീം സിറ്റിയിലേക്ക്
ഡയമണ്ട് റിസർച് ആൻഡ് മെർക്കന്റൈൽ (ഡ്രീം) സിറ്റി അഥവാ സ്വപ്ന നഗരമാണ് സൂറത്തിലെ ഖജോദ്. സൂറത്തിന്റെ വളർച്ചയുടെയും വികാസത്തിന്റെയും ചിത്രം. ഇന്ത്യയിലെ മാത്രമല്ല, ലോകത്തെ തന്നെ വജ്ര വ്യവസായത്തിന്റെ ഹബ്ബാണ് ഡ്രീം സിറ്റി. ഭാവിയിൽ രാജ്യത്തെ വജ്ര വ്യവസായ കമ്പനികളുടെയെല്ലാം പ്രവർത്തന, വിപണന കേന്ദ്രമായി ഡ്രീം സിറ്റി മാറും. വജ്രവ്യവസായവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരുമിച്ചു ലഭ്യമാകുന്നുവെന്നതാണു ഡ്രീം സിറ്റിയുടെ പ്രത്യേകത. ഇതേ ഖജോദിനോട് ചേർന്നായിരുന്നു പണ്ട് സൂറത്ത് നഗരത്തിലെ മാലിന്യമെല്ലാം കൊണ്ടു വന്നു തള്ളിയിരുന്നതെന്ന് വിശ്വസിക്കാനാവുമോ.
ഡ്രീം സിറ്റിയോട് ചേർന്ന് ഗുജറാത്ത് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള 188 ഹെക്ടർ വരുന്ന സ്ഥലമാണ് സൂറത്ത് കോർപറേഷൻ മാലിന്യങ്ങൾ കൊണ്ടു മൂടിയിരുന്നത്. 2002 മുതൽ 2014 വരെയുള്ള 12 വർഷം അവിടെ തുടർച്ചയായി മാലിന്യം തള്ളി. ഒടുവിൽ ഹരിത ട്രൈബ്യൂണൽ പിടികൂടി. കുന്നുകൂടി കിടക്കുന്ന മാലിന്യമെല്ലാം സംസ്കരിക്കണമെന്നു നിർദേശിച്ചു. ബയോ ക്യാപ്പിങ് നടത്തി ആറര ലക്ഷം ചതുരശ്രയടി സ്ഥലം വീണ്ടെടുത്തു. വൃത്തിയുള്ള നഗരമാകാൻ മാലിന്യം ശരിയായി സംസ്കരിക്കണമെന്നു സൂറത്ത് കോർപറേഷൻ തിരിച്ചറിഞ്ഞതിന്റെ ലക്ഷണങ്ങൾ നമുക്കു ഖജോദിൽ കാണാം.
ഡ്രീം സിറ്റിക്കു വേണ്ടിയുള്ള ഗോൾഫ് കോഴ്സും ക്രിക്കറ്റ് പിച്ചും പാർക്കുമെല്ലാം പണിയുന്നതു ബയോ ക്യാപ്പിങ് നടത്തി വീണ്ടെടുത്ത സ്ഥലത്താണ്. ഖജോദിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിനു പകരം ഉമ്പർ ഗ്രാമത്തിൽ 287 കോടി രൂപ ചെലവിൽ പുതിയ മാലിന്യ സംസ്കരണ കേന്ദ്രം നിർമിക്കാനാണു സൂറത്ത് കോർപറേഷന്റെ പദ്ധതി. ഖജോദിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ ദുർഗന്ധം ഡ്രീം സിറ്റിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന ആക്ഷേപം ശക്തമായിരുന്നു. ഈ സാഹചര്യത്തിൽ എത്രയും വേഗം ഉമ്പർ ഗ്രാമത്തിലെ പദ്ധതി ആരംഭിക്കാനാണു കോർപറേഷൻ അധികൃതർ ശ്രമിക്കുന്നത്.
∙ തിരികെ പിടിക്കുന്ന ചേരിയുടെ വൃത്തി
സൂറത്ത് പോലെ വലിയ നഗരങ്ങൾ നേരിടുന്ന വലിയ പ്രശ്നം ചേരികളുടെ ബാഹുല്യവും മറ്റു സംസ്ഥാനങ്ങളിൽ നിന്നു ജോലി തേടിയുള്ള കുടിയേറ്റം കൂടുതലാണെന്നതുമാണ്. സൂറത്തിലെ മൊത്തം ജനസംഖ്യയിൽ 30–40% പേർ താമസിക്കുന്നത് ഇത്തരം ചേരികളിലാണ്. 1994ൽ പ്ലേഗ് പൊട്ടിപ്പുറപ്പെട്ട ശേഷം സൂറത്ത് കോർപറേഷൻ ആദ്യം ചെയ്തത് ഇത്തരം ചേരികളുടെ നിലവാരം മെച്ചപ്പെടുത്തുകയായിരുന്നു. അനധികൃതമായി നിർമിച്ച ചേരികൾ പലതും ഒഴിപ്പിച്ചു. അവർക്കു ബദൽ താമസ സൗകര്യങ്ങൾ ഒരുക്കി. മിക്ക േചരികളിലും ശുചിമുറികൾ ഉണ്ടായിരുന്നില്ല.
പൊതു– സ്വകാര്യ– സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെ ശുചിമുറികൾ നിർമിക്കാൻ പ്രത്യേക പദ്ധതികൾ തയാറാക്കി. അത്തരം ശുചിമുറികളെ പൈപ്പ്‌ലൈൻ വഴി മാലിന്യ സംസ്കരണ പ്ലാന്റുമായി ബന്ധിപ്പിച്ചു. അങ്ങനെ ഘട്ടം ഘട്ടമായി ചേരികളെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ നിന്നു മോചിപ്പിച്ചു. നിലവിൽ ഭൂരിഭാഗം ചേരികളിലും മതിയായ ശുചിമുറി സൗകര്യവും മാലിന്യ സംസ്കരണ സംവിധാനങ്ങളുമുണ്ട്. ഇതിന്റെ പരിപാലനം എൻജിഒകളെ ഏൽപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഈ ശുചിമുറികൾ എപ്പോഴും വൃത്തിയായിരിക്കും.
∙ പ്രശ്ന പരിഹാരത്തിനു സമയ ക്രമം
ശുചിത്വ പരിപാലനം, മാലിന്യ സംസ്കരണം എന്നിവയുമായി ബന്ധപ്പെട്ടു പൊതുജനങ്ങൾ നൽകുന്ന പരാതികളുടെ സ്വഭാവം അനുസരിച്ച് അവ പരിഹരിക്കാൻ നിശ്ചിത സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. 24 മണിക്കൂർ, 48 മണിക്കൂർ, 72 മണിക്കൂർ, 3 ദിവസം, 7 ദിവസം എന്നിങ്ങനെ ഓരോ പരാതികൾ പരിഹരിക്കാനും സമയമുണ്ട്. ആ സമയത്തിനുള്ളിൽ പ്രശ്നത്തിനു പരിഹാരം കണ്ടില്ലെങ്കിൽ ചുമതലയുള്ള ഉദ്യോഗസ്ഥൻ മറുപടി പറയേണ്ടി വരും.
അഴുക്കുചാലുകൾ എവിടെയെങ്കിലും നിറഞ്ഞൊഴുകുന്നതായി പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ പരിഹാരം കണ്ടെത്തണം. തെരുവു വിളക്കുകൾ മാറ്റാനുള്ള സമയം 3 ദിവസമാണ്. പുതിയ ഡ്രെയ്‌നേജ് കണക്‌ഷന് അപേക്ഷ ലഭിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ കൊടുക്കണം. തെരുവിൽ മാലിന്യം കിടക്കുന്നതായി വിവരം ലഭിച്ചാൽ അത് 24 മണിക്കൂറിനുള്ളിൽ വൃത്തിയാക്കണം.
∙ നമ്മളെങ്ങനെ വാട്ടർ പ്ലസ് നഗരമാകും?
വ്യക്തി ശുചിത്വം കാത്തു സൂക്ഷിക്കുന്നതിൽ ഏറെ മുൻപന്തിയിലുള്ള മലയാളികൾ പരിസര ശുചിത്വത്തിന്റെ കാര്യത്തിൽ അത്ര മുന്നിലല്ല എന്നു മാത്രമല്ല, ഏറെ പിന്നിലുമാണ്. നമ്മുടെ നഗരങ്ങളിൽ പലയിടങ്ങളിലും പൊതു ശുചിമുറികൾ ഇല്ല. ഉള്ളവയുടെ കാര്യമാകട്ടെ ആകെ കഷ്ടവും. പണം കൊടുത്ത് ഉപയോഗിക്കുന്ന ശുചിമുറിക്കു പോലും ഒരു വൃത്തിയുമില്ലെന്നത് കണ്ടറിഞ്ഞ യഥാർഥ്യം. ശുചിത്വനഗരമാകണമെങ്കിൽ നല്ല ശുചിമുറികൾ തീർച്ചയായും വേണം. മലിനജലം പൂർണമായി സംസ്കരിച്ച ശേഷമേ പുറത്തേക്ക് ഒഴുക്കാവൂ. അങ്ങനെയുള്ള നഗരങ്ങൾക്കാണു കേന്ദ്ര നഗരകാര്യ മന്ത്രാലയം വാട്ടർ പ്ലസ് നഗര പദവി നൽകുന്നത്.
കേരളത്തിലെ ഒരു നഗരത്തിനും വാട്ടർ പ്ലസ് നഗര പദവിയില്ല. മലിന ജല കുഴലുകൾ നേരിട്ടു കനാലുകളിലേക്കും പുഴയിലേക്കും കായലുകളിലേക്കും തുറന്നു വച്ച നമുക്കെങ്ങനെ കിട്ടാനാണു വാട്ടർ പ്ലസ് പദവി? ശുചിത്വ നഗരമാകാനുള്ള യാത്രയിൽ നമുക്ക് ആദ്യമുണ്ടാകേണ്ടതും ആധുനിക ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റുകളാണ്. പ്രാദേശിക എതിർപ്പുകളുടെ പേരിൽ ഇത്തരം പദ്ധതികൾ മണ്ണിൽ കുഴിച്ചു മൂടരുത്. നമ്മുടെ മാലിന്യം ഉൾക്കൊള്ളാൻ ഇവിടുത്തെ ജലാശയങ്ങൾക്കു കഴിയാതായി തുടങ്ങി. അതുണ്ടാക്കുന്ന പ്രത്യാഘാതം അതിഭീകരമായിരിക്കും.
∙ നമുക്കും വേണ്ടേ നല്ല റാങ്കിങ്!
രാജ്യത്തെ ശുചിത്വ നഗരങ്ങളായതുകൊണ്ട് ഇൻഡോറിലും സൂറത്തിലും നിരത്തിൽ പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്നു കരുതരുത്. ലക്ഷക്കണക്കിന് ആളുകൾ താമസിക്കുന്ന വലിയ നഗരമാകുമ്പോഴുള്ള പ്രശ്നങ്ങൾ ആ നഗരങ്ങൾക്കുണ്ട്. പക്ഷേ, ആ പ്രശ്നങ്ങളെ മറികടക്കാൻ അവർ നടത്തുന്ന ശ്രമങ്ങളുടെ വിജയമാണ് ഈ ശുചിത്വ പദവി. ഒരു ശ്രമവും നടത്താത്തതിനാൽ നമ്മൾ റാങ്കിങ്ങിൽ താഴേക്കു പോകുന്നു. ‘സ്വച്ഛ് സർവേക്‌ഷൻ സർവേ’യ്ക്ക് ആവശ്യമായ വിവരങ്ങളുടെ ക്രോഡീകരണം പ്രധാനപ്പെട്ടതാണ്.
നമ്മുടെ നഗരങ്ങൾ ഈ സർവേയ്ക്ക് ആവശ്യമായ വിവര ശേഖരണത്തിലും ക്രോഡീകരണത്തിലും സമർപ്പണത്തിലും കാര്യമായ ശ്രമങ്ങൾ നടത്തുന്നില്ല. ജനങ്ങൾക്കു വോട്ടു ചെയ്യാനുള്ള ഓപ്ഷനും സർവേയിലുണ്ട്. ഇൻഡോറും സൂറത്തുമെല്ലാം പ്രാദേശികതലത്തിൽ വളരെയേറെ പ്രചാരണങ്ങൾ ഇതിനു വേണ്ടി നടത്തുന്നു. എന്നാൽ നമ്മൾ ഇതൊരു പൊതു പ്രചാരണമായി മാറ്റിയിട്ടേയില്ല. ശുചിത്വ സർവേയിൽ മുന്നിലെത്താനുള്ള ബോധപൂർവമായ ശ്രമങ്ങൾ നമ്മുടെ നഗരങ്ങൾ നടത്തണമെന്നു ചുരുക്കം.