സൗഹൃദം പുതുക്കാനെത്തിയ പാക്കിസ്ഥാനെ എറിഞ്ഞുവീഴ്ത്തിയ ‘മലയാളി’; കോലിയോട് പിണങ്ങി പടിയിറക്കം
അനിൽ രാധാകൃഷ്ണ കുംബ്ലെയുടെ മാന്ത്രിക വിരലുകളിൽ പിറന്ന ക്രിക്കറ്റിലെ പെർഫെക്ട് ടെസ്റ്റിന് 2024 ഫെബ്രുവരി 7ന് കാൽനൂറ്റാണ്ട് പൂർത്തിയായി. 1999ലെ പാക്കിസ്ഥാന്റെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം ടെസ്റ്റിന്റെ അവസാന ഇന്നിങ്സിലാണ് കുംബ്ലെ വിസ്മയം തീർത്തത്. ന്യൂഡൽഹി ഫിറോസ് ഷാ കോട്‌ല മൈതാനമാണ് (അരുൺ ജയ്റ്റ്ലി സ്റ്റേഡിയം) ആ റെക്കോർഡ് പ്രകടനത്തിന് സാക്ഷ്യം വഹിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്നിങ്സിൽ 10 വിക്കറ്റുകളും നേടി അനിൽ കുംബ്ലെ അന്ന് ക്രിക്കറ്റിലെ മറ്റൊരു ഇതിഹാസമായി.
അനിൽ രാധാകൃഷ്ണ കുംബ്ലെയുടെ മാന്ത്രിക വിരലുകളിൽ പിറന്ന ക്രിക്കറ്റിലെ പെർഫെക്ട് ടെസ്റ്റിന് 2024 ഫെബ്രുവരി 7ന് കാൽനൂറ്റാണ്ട് പൂർത്തിയായി. 1999ലെ പാക്കിസ്ഥാന്റെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം ടെസ്റ്റിന്റെ അവസാന ഇന്നിങ്സിലാണ് കുംബ്ലെ വിസ്മയം തീർത്തത്. ന്യൂഡൽഹി ഫിറോസ് ഷാ കോട്‌ല മൈതാനമാണ് (അരുൺ ജയ്റ്റ്ലി സ്റ്റേഡിയം) ആ റെക്കോർഡ് പ്രകടനത്തിന് സാക്ഷ്യം വഹിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്നിങ്സിൽ 10 വിക്കറ്റുകളും നേടി അനിൽ കുംബ്ലെ അന്ന് ക്രിക്കറ്റിലെ മറ്റൊരു ഇതിഹാസമായി.
അനിൽ രാധാകൃഷ്ണ കുംബ്ലെയുടെ മാന്ത്രിക വിരലുകളിൽ പിറന്ന ക്രിക്കറ്റിലെ പെർഫെക്ട് ടെസ്റ്റിന് 2024 ഫെബ്രുവരി 7ന് കാൽനൂറ്റാണ്ട് പൂർത്തിയായി. 1999ലെ പാക്കിസ്ഥാന്റെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം ടെസ്റ്റിന്റെ അവസാന ഇന്നിങ്സിലാണ് കുംബ്ലെ വിസ്മയം തീർത്തത്. ന്യൂഡൽഹി ഫിറോസ് ഷാ കോട്‌ല മൈതാനമാണ് (അരുൺ ജയ്റ്റ്ലി സ്റ്റേഡിയം) ആ റെക്കോർഡ് പ്രകടനത്തിന് സാക്ഷ്യം വഹിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്നിങ്സിൽ 10 വിക്കറ്റുകളും നേടി അനിൽ കുംബ്ലെ അന്ന് ക്രിക്കറ്റിലെ മറ്റൊരു ഇതിഹാസമായി.
അനിൽ രാധാകൃഷ്ണ കുംബ്ലെയുടെ മാന്ത്രിക വിരലുകളിൽ പിറന്ന ക്രിക്കറ്റിലെ പെർഫെക്ട് ടെസ്റ്റിന് 2024 ഫെബ്രുവരി 7ന് കാൽനൂറ്റാണ്ട് പൂർത്തിയായി. 1999ലെ പാക്കിസ്ഥാന്റെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം ടെസ്റ്റിന്റെ അവസാന ഇന്നിങ്സിലാണ് കുംബ്ലെ വിസ്മയം തീർത്തത്. ന്യൂഡൽഹി ഫിറോസ് ഷാ കോട്‌ല മൈതാനമാണ് (അരുൺ ജയ്റ്റ്ലി സ്റ്റേഡിയം) ആ റെക്കോർഡ് പ്രകടനത്തിന് സാക്ഷ്യം വഹിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്നിങ്സിൽ 10 വിക്കറ്റുകളും നേടി അനിൽ കുംബ്ലെ അന്ന് ക്രിക്കറ്റിലെ മറ്റൊരു ഇതിഹാസമായി.
∙ പെർഫെക്ട് 10
ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ച ഇന്ത്യ – പാക്ക് ടെസ്റ്റ് പരമ്പരയിലാണ് അനിൽ കുംബ്ലെയുടെ മാസ്മരിക പ്രകടനം പിറവിയെടുത്തത്. 1989–90ൽ ഇന്ത്യ പാക്കിസ്ഥാനിലേക്ക് പര്യടനം നടത്തിയശേഷം ഇന്ത്യ–പാക്ക് പോരാട്ടങ്ങൾ മുടങ്ങി കിടക്കുകയായിരുന്നു. സച്ചിൻ തെൻഡുൽക്കറുടെ ടെസ്റ്റ്– ഏകദിന അരങ്ങേറ്റ മത്സരങ്ങൾക്ക് ചുക്കാൻ പിടിച്ച പരമ്പരയായിരുന്നു 1989 – 90 പര്യടനം. അതിനുശേഷം ഇരുരാജ്യങ്ങളും പരമ്പരകളിൽ നേർക്കുനേർ ഏറ്റുമുട്ടിയിരുന്നില്ല. ഇതിനിടെ 1992ൽ പാക്കിസ്ഥാൻ ഏകദിന ക്രിക്കറ്റിലെ ലോകചാംപ്യൻമാരാവുകയും ചെയ്തു.
ഇരു ടീമുകളും തമ്മിലുള്ള പരമ്പരകൾ മുടങ്ങിയതിന് കാരണം ഒന്നുമാത്രം: ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം അത്ര ഉൗഷ്മളമായിരുന്നില്ല. നീണ്ട നാളത്തെ കാത്തിരിപ്പിനുശേഷം, അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ ആത്മാർഥമായ ശ്രമമാണ് ഇരുരാജ്യങ്ങൾ തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കാൻ ഇടയാക്കിയത്. ക്രിക്കറ്റ് നയതന്ത്രം അന്ന് വലിയ വിജയമാവുകയും ചെയ്തു. രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ആ പരമ്പരയിൽ ഉൾപ്പെടുത്തിയിരുന്നത്.
ഇതിഹാസതുല്യരായ നായകൻമാരായിരുന്നു ഇരു ടീമുകളുടേതും. ഇന്ത്യയെ മുഹമ്മദ് അസ്ഹറുദ്ദീനും സന്ദർശക ടീമിനെ വസീം അക്രമും നയിച്ചു. ആദ്യ മത്സരം ചെന്നൈയിലും രണ്ടാമത്തേത് രാജ്യതലസ്ഥാനത്തും. ആദ്യ മത്സരം സന്ദർശകർ 12 റൺസിന് ജയിച്ചു. രണ്ടാം മത്സരത്തിന് വേദിയായത് ന്യൂഡൽഹി. 1999 ഫെബ്രുവരി 4, ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. നായകൻ അസ്ഹറുദ്ദീന്റെയും (67) ഓപ്പണർ സദഗോപൻ രമേഷിന്റെയും (60) മികച്ച ഇന്നിങ്സുകളുടെ ബലത്തിൽ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 252 റൺസ് പടുത്തുയർത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്ക് പട 172ന് പുറത്തായി. 32 റൺസ് നേടിയ ഷാഹിദ് അഫ്രീദിയായിരുന്നു ടോപ് സ്കോറർ. സ്പിന്നർമാരാണ് ഇന്ത്യയെ രക്ഷിച്ചത്. അനിൽ കുംബ്ലെ നാലു വിക്കറ്റുകളും ഹർഭജൻ സിങ് മൂന്ന് വിക്കറ്റുകളും പിഴുതു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 339 റൺസ് എന്ന ഭേദപ്പെട്ട സ്കോർ കണ്ടെത്തി. സഖ്‌ലൈൻ മുഷ്താഖ് രണ്ട് ഇന്നിങ്സുകളിലും 5 വിക്കറ്റുകൾ വീതം സ്വന്തമാക്കി. (ചെന്നൈ ടെസ്റ്റിലും ഇതേ നേട്ടം സഖ്‌ലൈൻ മുഷ്താഖ് നേടിയിരുന്നു). 324/7 എന്ന നിലയിലാണ് മൂന്നാം ദിവസം ഇന്ത്യൻ ഇന്നിങ്സ് അവസാനിപ്പിച്ചത്. നാലാം ദിനം. ഫെബ്രുവരി 7. രാവിലെതന്നെ ഇന്ത്യയുടെ ശേഷിച്ച മൂന്ന് വിക്കറ്റുകളും നഷ്ടമായി.
ഇനി പാക്കിസ്ഥാന്റെ ഊഴം. ലക്ഷ്യം 420 റൺസ്. ബാക്കിയുള്ളത് ഒന്നര ദിവസംകൂടി. ഇന്ത്യൻ ബോളിങ് ഓപ്പൺ ചെയ്തത് ജവഗൽ ശ്രീനാഥും വെങ്കടേഷ് പ്രസാദും. ഓപ്പണർമാരായ സഈദ് അൻവറും അഫ്രീദിയും ചേർന്ന് 101 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയപ്പോൾ പാക്ക് ജയം മണത്തുതുടങ്ങിയതാണ്. പിന്നെയായിരുന്നു കുംബ്ലെയുടെ ‘എഴുന്നള്ളത്ത്’. പേസർമാർ പരാജയപ്പെട്ട സ്ഥാനത്താണ് കുംബ്ലെ കൊടുങ്കാറ്റായി വീശിയത്. ഉച്ചയൂണിന് ശേഷം തന്റെ 9–ാം ഓവറിലാണ് കുംബ്ലെ ചരിത്ര നേട്ടത്തിലേക്കുള്ള ആദ്യ ചുവടുവച്ചത്.
ഒന്നിനു പിറകേ ഒന്നായി ആദ്യ ആറു വിക്കറ്റുകളും കുംബ്ലെയുടെ പോക്കറ്റിൽ. ഇതോടെ 10 വിക്കറ്റുകളും നേടാം എന്നൊരു തോന്നൽ. 128ൽ നിൽക്കെയായിരുന്നു ആറാം വിക്കറ്റ് വീണത് (സയീദ് അൻവർ). ഒൻപതാമതായി സഖ്‌ലൈൻ മുഷ്താഖിനെ എൽബിയിൽ കുടുക്കി. ഇതോടെ 9 വിക്കറ്റുകൾ കുംബ്ലെയുടെ പേരിലേക്ക് ചേർക്കപ്പെട്ടു. 10–ാം വിക്കറ്റ് ആർക്ക്? 9 വിക്കറ്റ് വീണശേഷം ശ്രീനാഥ് ഓഫ് സൈഡിലും ലെഗ് സൈഡിലും വൈഡുകൾ എറിഞ്ഞു. എന്നാൽ താൻ അങ്ങനെ ആവശ്യപ്പെട്ടിരുന്നില്ലെന്ന് മത്സരശേഷം കുംബ്ലെ പറഞ്ഞിരുന്നു. ഇനി ബാക്കി നിൽക്കുന്നത് നായകൻ അക്രമും 11–ാമൻ വഖാർ യൂനിസും. കുംബ്ലെ പ്രതീക്ഷിച്ചത് യൂനിസിന്റെ വിക്കറ്റാണ്. എന്നാൽ കുംബ്ലെയുടെ പന്തിൽ നായകനെത്തന്നെ വി.വി.എസ്. ലക്ഷ്മൺ പിടിച്ചു പുറത്താക്കി. 10 വിക്കറ്റ് എന്ന അമാനുഷിക പ്രകടനം! ടെസ്റ്റ് ക്രിക്കറ്റിന്റെ 120 വർഷത്തെ ചരിത്രത്തിൽ അപൂർവ സംഭവം.
ഇതിനുമുൻപ് 1956ൽ ഇംഗ്ലണ്ട് ബോളർ ജിം ലേക്കർ നടത്തിയ പ്രകടനത്തിന്റെ തനിയാവർത്തനം. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു തവണ ഒഴികെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽപ്പോലും സംഭവിക്കാത്ത അപൂർവനിമിഷം. കുംബ്ലെയുടെ 17.5 ഓവർ മാത്രം നീണ്ട ഉജ്വലമായ സ്പെല്ലിലായിരുന്നു ഈ 10 വിക്കറ്റുകളും വീണത്. 17.5–9–37–10 എന്നതായിരുന്നു ആ സ്പെൽ. ഇതിനിടെ തലനാരിഴയ്ക്ക് നഷ്ടമായത് രണ്ട് ഹാട്രിക് അവസരങ്ങൾകൂടിയാണ്.
കുംബ്ലെയുടെ ആ മാസ്മരിക ഇന്നിങ്സ് ഇങ്ങനെ സംഗ്രഹിക്കാം: 26.3–9–74–10. അനിൽ കുംബ്ലെ തന്നെയായിരുന്നു കളിയിലെ കേമൻ. കുംബ്ലെയുടെ 10 വിക്കറ്റ് നേട്ടത്തിൽ മറ്റൊന്ന് മറന്നു. അന്ന് ഇന്ത്യ 212 റൺസിന് ആ മത്സരം ജയിച്ചു. പരമ്പര സമനില 1–1.
ഇതോടെ റെക്കോർഡുകൾ പലതും കടപുഴകി. ഒരു ഇന്നിങ്സിൽ കൂടുതൽ വിക്കറ്റുകൾ എന്ന അപൂർവ നേട്ടത്തിൽ ജിം ലേക്കറിനൊപ്പമെത്തി. ജാസുഭായ് പട്ടേലിന്റെ പേരിലുണ്ടായിരുന്ന ബോളിങ്ങിലെ മികച്ച ഇന്ത്യൻ ഇന്നിങ്സ് (9/69, ഓസ്ട്രേലിയയ്ക്കെതിരെ, കാൻപുർ, 1959) കുംബ്ലെ തിരുത്തിക്കുറിച്ചു. 10 വിക്കറ്റ് നേട്ടത്തെപ്പറ്റി കളി തീർന്നയുടൻ കുംബ്ലെ പ്രതികരിച്ചു: ‘എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല’. അനിൽ കുംബ്ലെയുടെ കരിയറിലെ 51–ാം ടെസ്റ്റ് എന്ന പ്രത്യേകതയും ആ മത്സരത്തിനുണ്ടായിരുന്നു.
∙ മുൻപേ നടന്ന ജിം ലേക്കർ, പിന്നാലെ അജാസ് പട്ടേൽ
ഇന്നിങ്സിൽ 10 വിക്കറ്റുകൾ ഒരാൾ തന്നെ എറിഞ്ഞു വീഴ്ത്തുക! 147 വർഷത്തെ പാരമ്പര്യമുള്ള ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ എല്ലാ ബാറ്റർമാരെയും പുറത്താക്കുക എന്ന അപൂർവനേട്ടം സ്വന്തമാക്കിയത് മൂന്ന് താരങ്ങൾ മാത്രമാണ്. ആദ്യത്തെയാൾ ഇംഗ്ലണ്ടിന്റെ ജിം ലേക്കർ ആണ്. രണ്ടാമൻ അനിൽ കുംബ്ലെ. പിന്നീട് ന്യൂസീലൻഡിന്റെ അജാസ് പട്ടേൽ. മൂവരും സ്പിന്നർമാർ എന്നത് യാദൃച്ഛികം.
1956ൽ മാഞ്ചസ്റ്റർ ഓൾഡ് ട്രഫോർഡിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കുമ്പോൾ, രണ്ടാം ഇന്നിങ്സിലാണ് ലേക്കർ 10 വിക്കറ്റുകളും പിഴുത് ‘പെർഫെക്ട് ടെൻ’ പൂർത്തിയാക്കിയത്. ആദ്യ ഇന്നിങ്സിൽ ലേക്കറിന് ഈ നേട്ടം കൈവരിക്കാനായില്ലെങ്കിലും അതിന് സമാനമായ പ്രകടനം തന്നെ കാഴ്ചവച്ചു– ഒൻപത് വിക്കറ്റുകൾ. അതോടെ ആ ടെസ്റ്റിലെ അദ്ദേഹത്തിന്റെ ആകെ വിക്കറ്റുകളുടെ എണ്ണം 19 എന്ന മാന്ത്രിക സംഖ്യയിലെത്തി.
അങ്ങനെ ഒരു ടെസ്‌റ്റ് മത്സരത്തിൽ ഏറ്റവും അധികം വിക്കറ്റുകൾ പിഴുതതിനുള്ള ബഹുമതി ജിം ലേക്കർ സ്വന്തം പേരിൽ കുറിച്ചു. രണ്ടാം ഇന്നിങ്സിൽ അദ്ദേഹം കൈവരിച്ച 53/10 എന്ന ബോളിങ് പ്രകടനം ഒരു ഇന്നിങ്‌സിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനമായി ഇന്നും നിലനിൽക്കുന്നു. 60 വർഷങ്ങൾക്കുശേഷവും ഈ റെക്കോർഡുകൾ ലോകത്തിലെ ഒരു ബോളർക്കും തിരുത്താനായിട്ടില്ല. 1956ലെ ആഷസ് പരമ്പരയിലാണ് ജയിംസ് ചാൾസ് ലേക്കർ ചരിത്രം കുറിച്ചത്.
ഓഫ് സ്‌പിന്നിന് ഏറെ പ്രചാരമില്ലാത്ത കാലത്താണ് ലേക്കർ ഇംഗ്ലണ്ട് ടീമിൽ എത്തുന്നത്. സ്‌പിൻ കളിച്ച് പരിചയമില്ലാത്ത ഓസ്‌ട്രേലിയൻ താരങ്ങൾ ഓൾഡ് ട്രഫോർഡിൽ ലേക്കറുടെ പന്തുകൾക്കു മുന്നിൽ അടിയറവു പറഞ്ഞപ്പോൾ ഇംഗ്ലണ്ട് ടീമിൽ ആരും അദ്ഭുതപ്പെട്ടില്ല. ഇംഗ്ലണ്ട് ബോളർ ഗ്രഹാം ലോക്ക് ആദ്യ ഇന്നിങ്‌സിൽ നേടിയ ഒരു വിക്കറ്റ് മാത്രമാണ് ലേക്കറിന് ലഭിക്കാതെ പോയത്. ആ മത്സരം ഇംഗ്ലണ്ട് ഇന്നിങ്‌സിനും 170 റൺസിനും വിജയിച്ചു.
കുംബ്ലെയ്ക്കുശേഷം ചരിത്രം ആവർത്തിക്കാൻ ഭാഗ്യം ലഭിച്ചത് ഇന്ത്യയിൽത്തന്നെ പിറന്ന ന്യൂസീലൻഡിന്റെ അജാസ് പട്ടേലിനാണ്. 2021–22ലെ കിവീസിന്റെ ഇന്ത്യൻ പര്യടനത്തിലെ മുംബൈ ടെസ്റ്റിലാണ് അജാസ് 10 വിക്കറ്റ് നേട്ടം കൈവരിച്ചത്. പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിലാണ് അദ്ദേഹം 10 വിക്കറ്റുകളും വീഴ്ത്തിയത്. ഇന്ത്യൻ വംശജനായ അജാസ് എട്ടാം വയസ്സിൽ കുടുംബത്തോടൊപ്പം മുംബൈയിൽനിന്നു ന്യൂസീലൻഡിലേക്കു കുടിയേറിയതാണ്.
22 വർഷം മുൻപ് അനിൽ കുംബ്ലെ 10 വിക്കറ്റ് നേട്ടം കൈവരിച്ചപ്പോൾ ടീമിലുണ്ടായിരുന്ന 2 പേർ ആ മത്സരത്തിന്റെ ഭാഗമായി വാങ്കഡെ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഇന്ത്യൻ പരിശീലകനായി രാഹുൽ ദ്രാവിഡും മത്സരത്തിലെ മാച്ച് റഫറിയായി ജവഗൽ ശ്രീനാഥും. നിർഭാഗ്യമെന്നു പറയട്ടെ ആ മത്സരത്തിൽ അജാസിന്റെ ടീമിന് വിജയിക്കാനായില്ല. 372 റൺസിന്റെ കൂറ്റൻ വിജയവുമായി ഇന്ത്യ അജാസിന് ചുട്ട മറുപടി കൊടുത്തു. രണ്ട് ഇന്നിങ്സുകളിലായി 212 റൺസ് നേടിയ മായങ്ക് അഗർവാളായിരുന്നു അന്ന് കളിയിലെ കേമൻ.
∙ ഇന്ത്യയുടെ സ്പിൻ എൻജിനീയർ
ഇന്ത്യ കണ്ട ഏറ്റവും മികച്ച ലെഗ് സ്‌പിന്നർ എന്ന പേര് സമ്പാദിച്ച കളിക്കാരനാണ് അനിൽ രാധാകൃഷ്‌ണ കുംബ്ലെ. ഇന്ത്യയുടെ സ്പിൻ എൻജിനീയർ. ഏകദിന ക്രിക്കറ്റിലായാലും ടെസ്‌റ്റ് ക്രിക്കറ്റിലായാലും വിക്കറ്റ് വേട്ടയിൽ ഒന്നാം സ്‌ഥാനത്തുള്ള ഇന്ത്യക്കാരൻ എന്ന റെക്കോർഡിനുടമയാണ് അദ്ദേഹം. 2 പതിറ്റാണ്ടുകാലം (1990–2008) രാജ്യാന്തര ക്രിക്കറ്റിൽ നിറഞ്ഞുനിന്ന കുംബ്ലെ 132 ടെസ്റ്റുകളും 271 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 619 വിക്കറ്റും ഏകദിനത്തിൽ 337 വിക്കറ്റും സ്വന്തം.
ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിൽ ലോകത്ത് നാലാം സ്ഥാനത്തുള്ള കുംബ്ലെ, ടെസ്‌റ്റ് ക്രിക്കറ്റിൽ 600ൽ ഏറെ വിക്കറ്റുകൾ നേടിയ ആദ്യ ഇന്ത്യക്കാരൻകൂടിയാണ്. ബാറ്റിങ്ങിലും ഒരു അപൂർവ റെക്കോർഡിന് ഉടമയാണ് കുംബ്ലെ. ആദ്യ ടെസ്‌റ്റ് സെഞ്ചറി നേടാൻ ഏറ്റവും കൂടുതൽ ടെസ്‌റ്റുകളും (118) ഇന്നിങ്‌സുകളും (151) വേണ്ടിവന്ന താരം എന്ന ബഹുമതിയാണ് കുംബ്ലെയുടെ പേരിലുള്ളത്.
∙ തിളങ്ങിയ നായകൻ
ഇന്ത്യൻ ടെസ്‌റ്റ് ടീമിന്റെ മുപ്പതാം നായകനാണ് അനിൽ കുംബ്ലെ. ടെസ്‌റ്റ് ക്രിക്കറ്റിൽ ഇന്ത്യ അരങ്ങേറിയതിന്റെ 75–ാം വാർഷികം ആഘോഷിച്ച വേളയിൽ ഇന്ത്യയുടെ 409–ാം ടെസ്‌റ്റ് മത്സരത്തിലാണ് കുംബ്ലെ ഇന്ത്യൻ നായകന്റെ കുപ്പായമണിഞ്ഞത്. പത്തിൽ പത്ത് വിക്കറ്റ് നേട്ടം സമ്മാനിച്ച ഫിറോസ് ഷാ കോട്‌ല പിച്ച് ഒരിക്കൽ കൂടി അന്ന് അനിൽ കുംബ്ലെയ്‌ക്കൊപ്പം നിന്നു. 2007 നവംബറിലായിരുന്നു ആ ടെസ്റ്റ് മത്സരം. എതിരാളികൾ പാക്കിസ്ഥാൻ തന്നെ. 2007–08 ഇന്ത്യ–പാക്ക് ടെസ്‌റ്റ് പരമ്പരയിലെ ആദ്യ മത്സരമായിരുന്നു അത്. നായകനായി അരങ്ങേറിയ ടെസ്‌റ്റിൽതന്നെ ഇന്ത്യയ്ക്കും കുംബ്ലെയ്‌ക്കു വിജയം. 6 വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. രണ്ട് ഇന്നിങ്സിലുമായി ഏഴു വിക്കറ്റ് നേടിയ അനിൽ കുംബ്ലെയായിരുന്നു അന്നും കളിയിലെ കേമനും.
ടെസ്റ്റ് ക്രിക്കറ്റിൽ കുംബ്ലെ ഇന്ത്യയെ നയിക്കുമ്പോൾ ഏകദിന ടീമിന്റെ നായകൻ മഹേന്ദ്ര സിങ് ധോണിയായിരുന്നു. ഇന്ത്യയിൽ ആദ്യമായിട്ടാണ് ടെസ്‌റ്റ് ടീമിനും ഏകദിന ടീമിനും പ്രത്യേകം നായകൻമാരെ നിയമിച്ചത് ലോക ക്രിക്കറ്റിൽ ഒട്ടേറെ നേട്ടങ്ങൾ സ്വന്തം പേരിൽ കുറിച്ചിട്ടുളള കുംബ്ലെ നായകൻ എന്ന നിലയിലും റെക്കോർഡ് സൃഷ്‌ടിച്ചാണ് അരങ്ങേറ്റം കുറിച്ചത്. ടെസ്‌റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സര പരിചയവുമായി (118 ടെസ്‌റ്റുകൾ) നായക സ്‌ഥാനത്തെത്തിയ താരമാണ് കുംബ്ലെ.
111 ടെസ്‌റ്റുകൾക്ക് ശേഷം ഓസ്‌ട്രേലിയയുടെ നായകനായ സ്‌റ്റീവ് വോയാണു തൊട്ടുപിന്നിൽ. കുംബ്ലെ ഇന്ത്യയെ നയിച്ചത് 14 ടെസ്റ്റിൽ – 3 ജയം, 5 തോൽവി, 6 സമനില. 2002ൽ ഒരു ഏകദിനത്തിൽ ഇന്ത്യൻ നായകൻ. അതിൽ വിജയം. ലോക ക്രിക്കറ്റിൽത്തന്നെ സ്‌പിന്നർമാർ നായകൻമാരാകുന്നത് വളരെ അപൂർവമാണ്. ഇന്ത്യയിൽ തന്നെ സ്‌പിന്നർമാർ ടെസ്റ്റ് നായകൻമാരായത് മൂന്നു പേർ മാത്രം – എസ്. ചന്ദ്രശേഖറും ബിഷൻ സിങ് ബേദിയും കുംബ്ലെയും. പാർട്ട് ടൈം സ്‌പിന്നർ എന്ന നിലയിൽ വേണമെങ്കിൽ രവി ശാസ്ത്രിയെയും ഈ ഗണത്തിൽ പെടുത്താം.
∙ ഉടക്കിപ്പിരിഞ്ഞ പരിശീലകൻ
വിരമിച്ചശേഷം ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തും കുംബ്ലെയെത്തി. 2016 ജൂണിലാണ് അദ്ദേഹം ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് ടീമുകളുടെ ഉപദേശക റോളിൽ തിളങ്ങിയതും രാജ്യാന്തര രംഗത്തെ അനുഭവ സമ്പത്തും കാര്യങ്ങൾ അവസാന നിമിഷം അന്ന് കുംബ്ലെയ്ക്ക് അനുകൂലമാക്കി. എന്നാൽ നായകൻ വിരാട് കോലിയുമായുള്ള ബന്ധം അത്ര നല്ലതായിരുന്നില്ല. 2017 ജൂണിൽ ഇംഗ്ലണ്ടിൽ നടന്ന ചാംപ്യൻസ് ട്രോഫിക്ക് തൊട്ടുമുൻപാണ് ക്യാപ്റ്റൻ കോലി പരിശീലകൻ കുംബ്ലെയ്ക്കെതിരെ തിരിഞ്ഞത്. ഇതോടെ രഹസ്യമായിരുന്ന കോച്ച്– ക്യാപ്റ്റൻ പോര് പരസ്യമായി.
പരിശീലകന്റെ കാലാവധി തീരാറായ കുംബ്ലെയ്ക്ക് ഇതിനിടെ ബിസിസിഐ കാലാവധി നീട്ടിക്കൊടുക്കുകയും ചെയ്തു. എന്നാൽ ചാംപ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാനോടു തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ കുംബ്ലെ രാജിവച്ചു. കോലിയുമായി ഒത്തുപോകാനാവില്ലെന്നും ബന്ധം മോശമായതുകൊണ്ടാണ് താൻ രാജിവയ്ക്കുന്നതെന്നും അദ്ദേഹം ബിസിസിഐയോടു വ്യക്തമാക്കുകയും ചെയ്തു. ഇരുവരും തമ്മിൽ സംസാരിച്ചിട്ടുപോലും 6 മാസത്തോളമായി എന്ന വിവരം ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചു. തുടർന്ന് 2017 ജൂണിൽ കോച്ചില്ലാതെയാണ് ഇന്ത്യ വിൻഡീസ് പര്യടനത്തിനായി പോയത്.
∙ അത്മവിശ്വാസത്തിന്റെ പ്രതീകം
2002ലെ ഇന്ത്യയുടെ വെസ്‌റ്റ് ഇൻഡീസ് പര്യടനത്തിലെ നാലാം ടെസ്‌റ്റിൽ മെർവിൻ ധില്ലന്റെ പന്തിൽ താടിയെല്ലിന് പരുക്കേറ്റെങ്കിലും അതൊന്നും വകവയ്‌ക്കാതെ ഇന്ത്യക്കുവേണ്ടി പന്തെറിയാനെത്തിയ അനിൽ കുംബ്ലെയെ മറക്കാനാവില്ല. ആന്റിഗ്വയിലെ സെന്റ് ജോൺസായിരുന്നു വേദി. അന്ന് തലയിൽ ബാൻഡേജിട്ട് പത്ത് ഓവറുകളും എറിഞ്ഞ് ബ്രയാൻ ലാറയുടെ വിക്കറ്റും സ്വന്തമാക്കിയ കുംബ്ലെ ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ അധ്യായമാണ് എഴുതിച്ചേർത്തത്. പിന്നീട് താടിയെല്ലിന് ശസ്‌ത്രക്രിയ നടത്തിയാണ് കുംബ്ലെ ക്രിക്കറ്റ് ലോകത്തേക്ക് തിരികെയെത്തിയത്.
∙ ക്രിക്കറ്റിലെ ജംബോ
ക്രിക്കറ്റ് ലോകത്ത് ജംബോ എന്നൊരു വിളിപ്പേരു കുംബ്ലെയ്ക്കുണ്ട്. സഹതാരമായിരുന്ന നവ്ജ്യോത് സിങ് സിദ്ദുവായിരുന്നു ആ പേര് സമ്മാനിച്ചത്. ഇറാനി ട്രോഫി ടൂർണമെന്റിനിടെ കുംബ്ലെ എറിഞ്ഞ പന്ത് അപ്രതീക്ഷിതമായി ബൗൺസ് ചെയ്തു. അതുകണ്ട സിദ്ദു ‘ജംബോ ജെറ്റ്’ എന്നു കമന്റടിച്ചു. ജംബോ ജെറ്റ് പിന്നീടു ‘ജംബോ’ ആയി മാറുകയായിരുന്നു.
∙ കേരളത്തിന്റെ സ്വന്തം
കേരളവുമായി കുംബ്ലെയ്ക്ക് ഒരു പൊക്കിൾക്കൊടി ബന്ധമുണ്ടെന്നത് മലയാളികൾക്ക് അഭിമാനിക്കാവുന്ന ഘടകമാണ്. കുംബ്ലെയുടെ കുടുംബവേരുകൾ കേരളത്തിലാണ്. കുംബ്ലെയുടെ പിതാവ് കെ. എൻ. കൃഷ്‌ണസ്വാമി കാസർകോട് ജില്ലയിലെ കുമ്പള സ്വദേശിയാണ്. ജന്മസ്‌ഥലത്തിന്റെ ഓർമയ്‌ക്കായിട്ടാണത്രെ മകന്റെ പേരിനൊപ്പം കുംബ്ലെ എന്നു ചേർത്തത്. 1970 ഒക്ടോബർ 17ന് ബെംഗളൂരുവിലാണ് കുംബ്ലെയുടെ ജനനം. കുമ്പളയിൽ നിന്നു കർണാടകയിലേക്കു ചേക്കേറിയ മാതാപിതാക്കൾ മകന്റെ പേരിനൊപ്പം ചേർത്ത നാട്ടുപേര് –കുമ്പള– ലോപിച്ചു കുംബ്ലെ ആയി. കുമ്പളക്കാരും ആ സ്നേഹത്തിനു പ്രതിനന്ദി കാട്ടി; കുമ്പളയിലെ ഒരു റോഡിന് അവർ അനിൽ കുംെബ്ലയുടെ പേരാണു നൽകിയത്.