90 ദിവസത്തിനുള്ളിൽ 9129 കോടി നിക്ഷേപം! 27–ാം വയസ്സിൽ ശതകോടീശ്വരൻ; ‘മുത്താണ്’ ഈ സൈബർ 365 ഉടമ
നൂറുകണക്കിനു ശതകോടീശ്വരൻമാരുടെ നാടാണ് ഇന്ത്യ. ഗൗതം അദാനി മുതൽ മുകേഷ് അംബാനി വരെയുള്ള വൻകിട വ്യവസായികൾ രാജ്യാന്തര വിപണിയിൽ നിറഞ്ഞുനിൽക്കുന്നു. ഇത്തരം കോടീശ്വരൻമാരുടെ കുതിപ്പും കിതപ്പുമാണ് രാജ്യാന്തര, ആഭ്യന്തര വിപണികളെ ഒരു പരിധിവരെ സ്വാധീനിക്കുന്നതും നിയന്ത്രിക്കുന്നതും. ഈ മേഖലയിലേക്ക് നിരവധി പുതിയ
നൂറുകണക്കിനു ശതകോടീശ്വരൻമാരുടെ നാടാണ് ഇന്ത്യ. ഗൗതം അദാനി മുതൽ മുകേഷ് അംബാനി വരെയുള്ള വൻകിട വ്യവസായികൾ രാജ്യാന്തര വിപണിയിൽ നിറഞ്ഞുനിൽക്കുന്നു. ഇത്തരം കോടീശ്വരൻമാരുടെ കുതിപ്പും കിതപ്പുമാണ് രാജ്യാന്തര, ആഭ്യന്തര വിപണികളെ ഒരു പരിധിവരെ സ്വാധീനിക്കുന്നതും നിയന്ത്രിക്കുന്നതും. ഈ മേഖലയിലേക്ക് നിരവധി പുതിയ
നൂറുകണക്കിനു ശതകോടീശ്വരൻമാരുടെ നാടാണ് ഇന്ത്യ. ഗൗതം അദാനി മുതൽ മുകേഷ് അംബാനി വരെയുള്ള വൻകിട വ്യവസായികൾ രാജ്യാന്തര വിപണിയിൽ നിറഞ്ഞുനിൽക്കുന്നു. ഇത്തരം കോടീശ്വരൻമാരുടെ കുതിപ്പും കിതപ്പുമാണ് രാജ്യാന്തര, ആഭ്യന്തര വിപണികളെ ഒരു പരിധിവരെ സ്വാധീനിക്കുന്നതും നിയന്ത്രിക്കുന്നതും. ഈ മേഖലയിലേക്ക് നിരവധി പുതിയ
നൂറുകണക്കിനു ശതകോടീശ്വരൻമാരുടെ നാടാണ് ഇന്ത്യ. ഗൗതം അദാനി മുതൽ മുകേഷ് അംബാനി വരെയുള്ള വൻകിട വ്യവസായികൾ രാജ്യാന്തര വിപണിയിൽ നിറഞ്ഞുനിൽക്കുന്നു. ഇത്തരം കോടീശ്വരൻമാരുടെ കുതിപ്പും കിതപ്പുമാണ് രാജ്യാന്തര, ആഭ്യന്തര വിപണികളെ ഒരു പരിധിവരെ സ്വാധീനിക്കുന്നതും നിയന്ത്രിക്കുന്നതും. ഈ മേഖലയിലേക്ക് നിരവധി പുതിയ യുവ കോടീശ്വരൻമാർ വരികയും ചെയ്യുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ ‘മെയ്ക്ക് ഇൻ ഇന്ത്യ’യുടെ ഭാഗമായി നിരവധി കമ്പനികൾ ഉയർന്നു വന്നപ്പോൾ അതിൽ ചില സ്റ്റാർട്ടപ്പുകളുടെ വളർച്ച അദ്ഭുതപ്പെടുത്തുന്നതായിരുന്നു. പേൾ കപൂർ എന്ന യുവസംരംഭകന്റെ ‘സൈബർ 365’ അത്തരം ഒരു കമ്പനിയാണ്.
കണ്ണടച്ച് തുറക്കും നേരംകൊണ്ട് അത്യുന്നതങ്ങളിലേക്ക് കുതിച്ചുയർന്ന ടെക് കമ്പനി. ഫെബ്രുവരി ആദ്യവാരത്തിലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ കൂടിയാണ് പേൾ കപൂർ. 27–ാം വയസ്സിൽ തന്നെ കോടീശ്വരൻമാരുടെ പട്ടികയിൽ ഇടംനേടി സമൂഹ മാധ്യമങ്ങളിലും ഓൺലൈൻ ലോകത്തും ട്രെൻഡിങ് താരമായി നിറഞ്ഞുനിൽക്കുക എന്നത് ചെറിയ കാര്യമല്ല. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനും മുൻനിര ടെക്കിയുമായ പേൾ കപൂറിന്റെ യാത്ര ഏറെ ശ്രദ്ധേയമാണ്. വിദ്യാഭ്യാസം, പിന്തുണ, സ്വപ്നങ്ങൾ എന്നിവയുടെ ശരിയായ സംയോജനത്തിലൂടെ എന്തും സാധ്യമാകുമെന്ന ഓർമപ്പെടുത്തൽ എന്ന നിലയിൽ വളർന്നുവരുന്ന സംരംഭകർക്ക് പ്രചോദനം നൽകുന്ന ഒന്നാണ് പേളിന്റെ കഥ. ആരാണ് പേൾ കപൂർ? എന്താണ് യുവകോടീശ്വരന്റെ വിജയരഹസ്യം?
∙ 90 ദിവസത്തിനിടെ സൈബർ 365 ലേക്ക് വന്നത് 100 ദശലക്ഷം ഡോളർ
2023 മേയ് 2ന് പേൾ കപൂറും സഹ പ്രവർത്തകരും ചേർന്നാണ് യുകെ ആസ്ഥാനമായി വെബ്3, എഐ അടിസ്ഥാനമാക്കിയുള്ള ഒഎസ് സ്റ്റാർട്ടപ്പായ സൈബർ 365 കമ്പനി സ്ഥാപിച്ചത്. തുടർന്ന്, ജൂലൈ 20ന് സൈബർ 365 ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഉപസ്ഥാപനം പഞ്ചാബിലും ഔദ്യോഗികമായി റജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രാഥമിക ഘട്ടത്തിൽ സ്ഥാപകരും കപൂറിന്റെ സുഹൃത്തുക്കളുമാണ് നിക്ഷേപം നടത്തിയത്. തൊട്ടുപിന്നാലെ ജൂലൈ 25നാണ് കമ്പനിക്ക് 100 ദശലക്ഷം ഡോളറിന്റെ നിക്ഷേപം ലഭിച്ചത്. ഇതോടെ സൈബർ 365 രാജ്യത്തെ യൂണികോൺ സ്ഥാപനങ്ങളുടെ പട്ടികയിൽ 120 കോടി ഡോളർ (ഏകദേശം 9,840 കോടി രൂപ) ആസ്തിയോടെ 109–ാം സ്ഥാനം സ്വന്തമാക്കുകയും ചെയ്തു. സൈബർ 365 ന്റെ പ്രധാന ലക്ഷ്യങ്ങൾ എഐ, വെബ്3 അടിസ്ഥാനമാക്കിയുള്ള ഉൽപന്നങ്ങൾ തന്നെയാണ്. നവ ടെക് ഉൽപന്നങ്ങൾ വിപണിയിലെത്തിച്ച് സാങ്കേതിക ലോകത്ത് വിപ്ലവം സൃഷ്ടിക്കുകയാണ് സിഇഒ കപൂറിന്റെയും സിടിഒ സോനേശ്വർ സിങ്, സിഎഫ്ഒ സമിരാജ് സിങ് എന്നിവരുടെയും ലക്ഷ്യം.
കമ്പനി തുടങ്ങി ഫണ്ടിങ്ങിന്റെ രണ്ടാം ഘട്ടത്തിൽ (സീരീസ് എ ഫണ്ടിങ്) സ്ഥാപനം 100 ദശലക്ഷം ഡോളറാണ് സമാഹരിച്ചത്. കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന കമ്പനിയായ സ്രാം ആൻഡ് എംറാം (Sram & Mram) ഗ്രൂപ്പാണ് നിക്ഷേപത്തിന്റെ 8.3 ശതമാനവും നൽകിയത്.
ഇതോടെ സൈബർ 365 സ്റ്റാർട്ടപ്പിന്റെ മൂല്യം 120 കോടി ഡോളറിലെത്തി (ഏകദേശം 9840 കോടി രൂപ). അതായത് തുടങ്ങി കേവലം 90 ദിവസത്തിനുള്ളിലാണ് ഇത്രയും വലിയ നിക്ഷേപം കമ്പനിയെ തേടിയെത്തിയത്. കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിന്റെ രേഖകളനുസരിച്ച് ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നാണ് സൈബർ 365 ന്റെ ഇന്ത്യൻ ഓഫിസ് പ്രവർത്തിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുമ്പോൾ തന്നെ റജിസ്റ്റർ ചെയ്ത ഓഫിസ് പഞ്ചാബിലെ ഹോഷിയാർപൂരിലാണ്.
∙ വെബ്3 ഒഎസിന്റെ സ്രഷ്ടാവ്
1997ൽ കാൺപൂരിലാണ് പേൾ കപൂർ ജനിച്ചത്. ബ്രിട്ടനിൽ ഫയൽ ചെയ്ത രേഖകൾ പ്രകാരം ബിസിനസ്, സാങ്കേതിക മേഖലകളിൽ കപൂറിന് ഏറെ വർഷത്തെ പ്രവർത്തന പരിചയമുണ്ട്. മുൻനിര സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയിട്ടുള്ള യുവകോടീശ്വരന്റേത് മികച്ച വിദ്യാഭ്യാസ പശ്ചാത്തലമാണെന്നും രേഖകൾ പറയുന്നു. ലോകത്തെ ഏറ്റവും പ്രശസ്തമായ ലണ്ടനിലെ ക്യൂൻ മേരി യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ്ങിൽ എംഎസ്‌സി നേടിയിട്ടുള്ളത്. ആധുനിക ഉൽപന്നങ്ങളുമായി എഐ സമന്വയിപ്പിക്കാൻ ആഗ്രഹിക്കുന്ന വിവിധ പ്രോജക്ടുകളിലും പേൾ കപൂർ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
സൈബർ 365 സ്ഥാപിച്ച അദ്ദേഹം ബ്ലോക്ക്ചെയിനും സൈബർ സുരക്ഷയും മികച്ചതാക്കാൻ പരീക്ഷണങ്ങളും ഗവേഷണവും തുടരുകയാണ്. സൈബർ 365 ന് മുൻപ് അദ്ദേഹം എഎംപിഎം സ്റ്റോറിൽ സാമ്പത്തിക ഉപദേഷ്ടാവായും ആന്റിയർ സൊലൂഷൻസിന്റെ ബിസിനസ് ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2022 ഫെബ്രുവരിയിൽ അദ്ദേഹം ബില്യൺ പേ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചു. സൈബർ 365 ൽ കപൂറിന് 110 കോടി ഡോളറിന്റെ (ഏകദേശം 9,129 കോടി രൂപ) ആസ്തിയുണ്ട്. കമ്പനിയിലെ ഭൂരിഭാഗം ഓഹരിയും കപൂറിന്റെ കൈവശമാണ്. വെബ്3 ഒഎസിന്റെ സ്രഷ്ടാവ് എന്നാണ് പേൾ കപൂർ പരക്കെ അറിയപ്പെടുന്നത്. സ്ഥാപനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെല്ലാം നിയന്ത്രിക്കുന്നതും അദ്ദേഹം തന്നെ. നോ ലൈൻസ് റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡ്, ബില്യൺ പേ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്, ബ്രോക്ക് ഫാർമസ്യൂട്ടിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ മൂന്ന് കമ്പനികളുടെ ഡയറക്ടർ കൂടിയാണ് കപൂർ.
∙ മുൻതൂക്കം ഡിജിറ്റൽ സുരക്ഷയ്ക്ക്, ഏതാണ് ഉൽപന്നം
ഡിജിറ്റൽ പ്ലാറ്റ്ഫോം സുരക്ഷ, സുസ്ഥിരത, ഊർജ കാര്യക്ഷമത എന്നിവയിലാണ് സൈബർ 365 കാര്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി (എസ്ഡിജി) പൊരുത്തപ്പെടുന്നതാണ് കമ്പനിയുടെ പ്രവർത്തനങ്ങളെന്ന് പറയാം. 2024 മേയ് അവസാനത്തോടെ ഭാവി പദ്ധതികളുടെ ഭാഗമായി കമ്പനി നേറ്റീവ് ടോക്കൺ (‘നേറ്റീവ് ടോക്കൺ’ എന്ന പദം നിർദിഷ്ട ബ്ലോക്ക്ചെയിനിൽ സൃഷ്ടിച്ച ഒരു ടോക്കണിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു) പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഇതോടൊപ്പം തന്നെ സൈബർ 365ന്റെ സ്വപ്ന പദ്ധതികളിൽ ചിലതും അവതരിപ്പിച്ചേക്കാം. ഒരു നോൺ-കസ്റ്റോഡിയൽ ഡെഫി (പരമ്പരാഗത സാമ്പത്തിക സേവനങ്ങളായ വായ്പ, കടം വാങ്ങൽ, ആസ്തി കൈകാര്യം ചെയ്യൽ എന്നിവയിൽ വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന ബ്ലോക്ക്ചെയിൻ അധിഷ്ഠിത സംവിധാനം– DeFi) വോലറ്റിന്റെയും ഇന്ധന പമ്പുകളിലെ എഐ ക്യാഷ്‌ലെസ് സ്റ്റോറുകളുടെയും അവതരണമാണ് പ്രതീക്ഷിക്കുന്നത്.
ഗ്ലോബലൈസേഷൻ 3.0, സുസ്ഥിരത എന്നിവയിൽ ഊന്നൽ നൽകുന്ന വെബ്3, എഐ, സൈബർ സുരക്ഷ എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന മേഖലകളിലേക്കാണ് കമ്പനിയുടെ പ്രധാന ശ്രദ്ധ നീങ്ങുന്നത്. ആസ്ഥാനം ലണ്ടനിൽ ആണെങ്കിലും പ്രവർത്തനങ്ങളെല്ലാം ഇന്ത്യയിലാണ് നടക്കുന്നത്. ഇന്ത്യയെ കമ്പനി പ്രവർത്തനങ്ങളുടെ പ്രഭവകേന്ദ്രമായി സ്ഥാപിക്കാനാണ് പേൾ കപൂർ ആഗ്രഹിക്കുന്നത്. പമ്പുകളിലെ എഐ ക്യാഷ്‌ലെസ് സ്റ്റോറുകൾ, ഡെഫി (DeFi) വോലറ്റ് എന്നിങ്ങനെയുള്ള നിരവധി പ്രോജക്ടുകൾ കമ്പനിയുടെ ലിസ്റ്റിലുണ്ടെങ്കിലും കമ്പനി സ്ഥാപിച്ച് ഒൻപത് മാസം പിന്നിടുമ്പോഴും കാര്യമായ ഉൽപന്നങ്ങളൊന്നും സൈബർ 365 പുറത്തിറക്കിയിട്ടില്ല എന്നത് മറ്റൊരു വസ്തുതയാണ്. അതായത് ഇതുവരെ കമ്പനി ഒരു ഉൽപന്നവും അവതരിപ്പിച്ചിട്ടില്ല, ആൽഫ, ബീറ്റ ഘട്ടങ്ങളിൽ പോലും ഉൽപന്നങ്ങളൊന്നും പുറംലോകം കണ്ടിട്ടില്ല. നിരവധി ഉൽപന്നങ്ങൾ അവതരിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് മാത്രമാണ് കമ്പനി അവകാശപ്പെടുന്നത്.
∙ നിക്ഷേപം നടത്തിയവർ ചില്ലറക്കാരല്ല
സ്രാം ആൻഡ് എംറാം ഗ്രൂപ്പിന്റെ സമീപകാല നിക്ഷേപങ്ങളിൽ ചിപ് ഫാബ്രിക്കേഷൻ ഫാക്ടറിയ്ക്ക് നൽകിയ 364 കോടി ഡോളറും സ്പൈസ് എക്സ്പ്രസിന്റെ എയർ കാർഗോ ബിസിനസിന് നൽകിയ 100 ദശലക്ഷം ഡോളറും ഉൾപ്പെടുന്നു. ഇതേ ഗ്രൂപ്പാണ്് സൈബർ 365ലും വൻ നിക്ഷേപം നടത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 100 ദശലക്ഷം ഡോളർ മൂലധനം ഉപയോഗിച്ച് വെബ്3, എഐ ഉൽപന്നങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ ഞങ്ങൾ ഇപ്പോൾ സുസജ്ജരാണ് എന്നാണ് വൻ നിക്ഷേപം സമാഹരിച്ചതിനു ശേഷം സൈബർ 365ന്റെ സഹസ്ഥാപകൻ വഗേല പറഞ്ഞത്.
ഈ നിക്ഷേപം ഞങ്ങളുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുക മാത്രമല്ല, വെബ്3 രംഗത്ത് മികച്ച മുന്നേറ്റം നടത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്പനി തുടങ്ങി മൂന്ന് മാസത്തിനുള്ളിൽ യൂണികോൺ പദവി കൈവരിക്കുന്നത് ശ്രദ്ധേയമായ നേട്ടം തന്നെയാണ്. കോയിൻസ്വിച്ച് കൂബർ, കോയിൻഡിസിഎക്സ് എന്നിവയാണ് യൂണികോൺ ടാഗ് ഉള്ള ശ്രദ്ധേയമായ ഇന്ത്യയിലെ മറ്റു വെബ്3, ക്രിപ്റ്റോ സ്റ്റാർട്ടപ്പുകൾ. സ്രാം ആൻഡ് എംറാം ഗ്രൂപ്പിന്റെ പിന്തുണയുള്ള മറ്റൊരു ബ്ലോക്ക്ചെയിൻ യൂണികോൺ 5ഇരെ (5ire) 2021 ൽ സ്ഥാപിക്കുകയും ഒരു വർഷത്തിനുശേഷം യൂണികോൺ ആയി മാറുകയും ചെയ്തിരുന്നു.
∙ മുന്നിലുള്ളത് വൻ വെല്ലുവിളികൾ
സൈബർ 365 മേധാവി പേൾ കപൂറിനു മുന്നിലുള്ളത് വൻ വെല്ലുവിളികളാണ്. ടെക് ലോകത്ത് എഐ, വെബ്3 മേഖലകളിൽ വലിയ മുന്നേറ്റം പ്രകടമാണ്. പിടിച്ചു നിൽക്കാൻ വിപണിയെ ആകർഷിക്കുന്ന ഉൽപന്നങ്ങൾ വേണ്ടിവരും. വളർച്ചാ ഘട്ടത്തിൽ പോലും സ്റ്റാർട്ടപ്പുകൾക്ക് ഗണ്യമായ തുക അനുവദിക്കുന്നതിൽ വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകൾ ജാഗ്രത പുലർത്തുന്ന സമയം കൂടിയാണിത്. ഡെകാകോണുകൾ യൂണികോൺ ആയി മാറുകയും യൂണികോണുകൾ സൂണികോണിലേക്ക് നീങ്ങുകയും ചെയ്യുമ്പോൾ സൈബർ 365 ന്റെ പെട്ടെന്നുള്ള കുതിപ്പ് പല സ്ഥാപകരും വിശകലന വിദഗ്ധരും അദ്ഭുതത്തോടെയാണ് നിരീക്ഷിക്കുന്നത്. സൈബർ 365 ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് അനുചിതമായ ഒരു മാതൃക തന്നെ സൃഷ്ടിച്ചേക്കാമെന്നും കരുതുന്നു.
∙ പുതിയ ഉൽപന്നങ്ങൾ ശ്രദ്ധയോടെ...
ക്രിപ്റ്റോ മേഖലയിലെ രാജ്യത്തെ നിയന്ത്രണപരമായ തിരിച്ചടികളും പ്രതികൂല വിപണി സാഹചര്യങ്ങളും കാരണം പില്ലോ, ഫ്ലിന്റ് മണി, വീട്രേഡ് എന്നീ മൂന്ന് ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ ഇന്ത്യയിലെ ക്രിപ്‌റ്റോ ബിസിനസ് അവസാനിപ്പിക്കുന്നതിലേക്ക് വരെ നയിച്ചു. ഇതിനാൽ തന്നെ സമയമെടുത്ത് കൂടുതൽ നിക്ഷേപം ഉപയോഗിച്ചാകും സൈബർ 365ന്റെ പുതിയ ഉൽപന്നങ്ങൾ അവതരിപ്പിക്കുക. സൈബർ 365 പുറത്തുവിട്ട രേഖകളിൽ കമ്പനിയുടെ ഉൽപന്ന ഓഫറുകളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഈ ഉൽപന്നങ്ങൾക്കായുള്ള ആശയപരമായ ചട്ടക്കൂടിനെയും അവ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന പരിവർത്തന മാറ്റത്തെ കുറിച്ചും വിശദീകരിക്കുന്നു.
എന്നിരുന്നാലും, ഈ ഓരോ ഉൽപന്നത്തിന്റെയും സാങ്കേതിക സങ്കീർണതകൾ വെളിപ്പെടുത്തിയിട്ടില്ല. ഭാവിയിൽ ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത കമ്പനി പ്രകടിപ്പിക്കുന്നുണ്ടെങ്കിലും വ്യക്തമായ ഒരു ഉൽപന്നവും ഇതുവരെ വാഗ്ദാനം ചെയ്തിട്ടില്ല എന്നതാണ് യാഥാർഥ്യം. ലൂണ പിആർ സ്ഥാപകയായ നികിത സച്ച്‌ദേവ് ഉൾപ്പെടെ ഏതാനും വ്യക്തികളെ സൈബർ 365 അടുത്തിടെ ഉപദേശകരായി ഉൾപ്പെടുത്തിയിരുന്നു. എസ്എൻജിഎൽആർ ഗ്രൂപ്പ് സഹ സ്ഥാപകൻ ഡാനിയൽ ഡീമേഴ്സ് സൂറിച്ച് ഫിലിം ഫെസ്റ്റിവലിലെ എക്സിക്യൂട്ടീവ് ബോർഡ് അംഗമായ മാർബുഗർ, ചലച്ചിത്ര നിർമാതാവും ഉപദേശകയുമായ അന്റോണിയ മാർട്ടിന ഡൂറിഷ് എന്നിവരാണ് ഉപദേശകരുടെ ലിസ്റ്റിലുള്ള മറ്റുള്ളവർ.
∙ സൈബർ 365 കമ്പനിക്കെതിരെയും ആശങ്ക
വെബ്3 രംഗത്തെ ആർക്കും സൈബർ 365 കമ്പനി എന്താണ് ചെയ്യുന്നതെന്നോ അതിന്റെ സ്ഥാപകർ ആരെന്നോ പരിചിതമല്ലാത്തതിനാൽ, ക്രിപ്‌റ്റോ സ്റ്റാർട്ടപ്പ് കമ്മ്യൂണിറ്റിയിൽ നിയമപരമായ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. നിരവധി വ്യവസായ പ്രമുഖർ ഈ സ്റ്റാർട്ടപ്പിന്റെയും സ്ഥാപകരുടെയും വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നുമുണ്ട്. ഒട്ടനവധി ബ്ലോക്ക്‌ചെയിൻ ആപ്ലിക്കേഷനുകൾ ഉൾക്കൊള്ളുന്ന വിപണിയിൽ നിയന്ത്രണങ്ങളും സങ്കീർണതകളും നിലനിൽക്കുമ്പോള്‍ തന്നെ പുതിയ ഉൽപന്നങ്ങൾ ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ നൽകുമെന്ന് തന്നെയാണ് സൈബർ 365 പറയുന്നത്.
അതേസമയം, ഉൽപന്നങ്ങളുടെ കൃത്യമായ ഓഫറുകളില്ലാത്ത, വരുമാനവുമില്ലാത്ത ഒരു സ്റ്റാർട്ടപ്പ് ആരംഭിച്ച് കേവലം മൂന്ന് മാസത്തിനുള്ളിൽ യൂണികോൺ ആയി മാറുന്നത് ഈ മേഖലയിലുള്ളവർ അദ്ഭുതത്തോടെയും ഒപ്പം ആശങ്കയോടെയുമാണ് നോക്കിക്കാണുന്നത്. 2024 ന്റെ തുടക്കത്തിൽ തന്നെ പേൾ കപൂർ എന്ന ടെക്കിയെ സൈബർ ലോകത്ത് വൻ തരംഗമായി ആഘോഷിക്കുമ്പോഴും ഭാവി കാര്യങ്ങളുടെ കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നു. കമ്പനിയുടേതായ ഉൽപന്നങ്ങൾ അവതരിപ്പിച്ച് വിജയിക്കുമ്പോൾ മാത്രമാണ് ഒരു കമ്പനിക്ക് ഭാവി വെല്ലുവിളികളെ നേരിടാൻ സാധിക്കുക.