‘ആദ്യ വെടിയുണ്ട എന്റെ നേർക്ക്’; കേണൽ വാട്ക്സിന് മുന്നിൽ കനൽമരമായി ജ്വലിച്ചവൾ, അക്കമ്മ ചെറിയാൻ
ഒരിടത്തൊരിടത്ത് ഉശിരുള്ളൊരു പെൺപോരാളി ഉണ്ടായിരുന്നു. മഹാരാജാവിന്റെ കൊട്ടാരത്തിലേക്ക് മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ച് പട നയിച്ചവൾ. വഴി മാറിയില്ലെങ്കിൽ നിറയൊഴിക്കുമെന്ന പട്ടാള മേധാവിയുടെ തിട്ടൂരത്തെ ഒറ്റനോട്ടം കൊണ്ട് ദഹിപ്പിച്ചവൾ. ‘ആദ്യ വെടിയുണ്ട എന്റെ നേർക്കാകട്ടെ’ എന്നു പറഞ്ഞ് ശില പോലെ നിന്നവൾ. 29 വയസ്സുകാരിയുടെ വിപ്ലവവീര്യത്തിനു മുന്നിൽ അടിയറവ് പറയേണ്ടിവന്നു മഹാരാജാവിന്. കേരളം ഒരിക്കലും മറക്കരുതാത്ത ആ ഉശിരിന്റെ പേരാണ്, അക്കമ്മ ചെറിയാൻ. തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നു മഹാത്മാഗാന്ധി വിശേഷിപ്പിച്ച ധീരവനിത. സമത്വത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടി പോരാടുന്ന സ്ത്രീകളുടെ നിത്യപ്രചോദനമായ അക്കമ്മയുടെ ജീവിതം, സമാനതകളില്ലാത്ത സമരമായിരുന്നു.

∙ വേണം, ഉത്തരവാദഭരണം
തിരുവിതാംകൂറിൽ ദിവാൻ സർ സി.പി.രാമസ്വാമി അയ്യർ കൊടികുത്തി വാഴുന്ന കാലം. ജനാധിപത്യ മര്യാദകൾ ലംഘിക്കപ്പെടുകയും ദിവാന്റെ തീരുമാനങ്ങൾ മാത്രം നടപ്പാവുകയും ചെയ്‌ത നാളുകൾ. ബ്രിട്ടിഷ് ഇന്ത്യയിൽ മന്ത്രിസഭകൾ രൂപീകരിക്കുമെന്ന 1935ലെ ഇന്ത്യാ ഗവൺമെന്റ് ആക്ടിന്റെ ചുവടുപിടിച്ച്, നാട്ടുരാജ്യങ്ങളിൽ ഉത്തരവാദഭരണം വേണമെന്ന ആവശ്യമുയർന്നു. പട്ടം താണുപിള്ളയുടെയും സി.കേശവന്റെയും ടി.എം.വർഗീസിന്റെയും നേതൃത്വത്തിൽ ദിവാൻ ഭരണത്തിനെതിരെ തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസ് സടകുടഞ്ഞെണീറ്റു. നേതാക്കളുടെ ആഹ്വാനംകേട്ട് പോരാട്ടവീഥിയിലേക്കു പതിനായിരങ്ങൾ കുതിച്ചെത്തി.
തിരുവനന്തപുരത്തു പ്രസംഗിക്കരുതെന്ന ആജ്‌ഞ ധിക്കരിച്ചതിനു പട്ടം താണുപിള്ള മുതലുള്ള നേതാക്കളും നൂറുകണക്കിനു സ്‌റ്റേറ്റ് കോൺഗ്രസ് പ്രവർത്തകരും ജയിലിലായി. കോൺഗ്രസ് നേതാക്കളുടെ ആഹ്വാനപ്രകാരം, 1938 സെപ്‌റ്റംബർ 21നു ശംഖുമുഖം കടപ്പുറത്ത് നടന്ന നിയമനിഷേധ സമ്മേളനത്തിനു നേരെ പൊലീസ് വെടിവച്ചു. 3 പേർ കൊല്ലപ്പെട്ടു. ഇതോടെ തിരുവിതാംകൂർ ഇളകിമറിഞ്ഞു. വാന്റോസ് ബംഗ്ലാവിൽനിന്നു സ്‌റ്റേറ്റ് കോൺഗ്രസ് പ്രവർത്തനം കൊച്ചിയിലേക്കു മാറ്റി.
പ്രമുഖരെല്ലാം അഴിക്കുള്ളിലായതോടെ ഉത്തരവാദഭരണ പ്രക്ഷോഭത്തിന്റെ ഉണർവിനായി പാർട്ടി പുതിയ വഴി തേടി. എറണാകുളത്ത് സ്‌റ്റേറ്റ് കോൺഗ്രസ് ഓഫിസിലെ എം.എം.വർക്കി ഒരാശയം പങ്കുവച്ചു. വനിതയുടെ നേതൃത്വത്തിൽ മഹാരാജാവിന്റെ കൊട്ടാരത്തിലേക്കൊരു ജാഥ. പക്ഷേ, ആരു നയിക്കും? പലരെയും സമീപിച്ചിട്ടും രക്ഷയില്ല. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് അന്വേഷണം എത്തിനിന്നത്. കരിപ്പാപ്പറമ്പിൽ ചെറിയാന്റെയും വെട്ടിക്കാട് അന്നമ്മയുടെയും മകൾ അക്കമ്മയ്ക്കായിരുന്നു ചരിത്രനിയോഗം.
സ്കൂൾ ഹെഡ്‌മിസ്‌ട്രസായ അക്കമ്മ നേരത്തേതന്നെ ദിവാൻ ഭരണത്തിനെതിരെ സമരത്തിലാണ്. നിയമലംഘന പ്രസ്‌ഥാനത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിലും ധാരാളംപേർ അറസ്‌റ്റ് വരിച്ചിരുന്നു. അപ്പോൾ സംഘടനാ പ്രവർത്തനത്തിനും ഫണ്ട് പിരിവിനുമായി രംഗത്തെത്തിയത് അക്കമ്മയും കൂട്ടുകാരികളുമാണ്. കാഞ്ഞിരപ്പള്ളിയിൽ സമരസമിതിയുടെ ചുമതല ഉണ്ടായിരുന്ന വി.വി.വർക്കിയിൽനിന്നാണു തന്റേടിയായ അക്കമ്മയുടെ വിവരം എം.എം.വർക്കിക്കു ലഭിച്ചത്. സഹോദരി റോസമ്മ പുന്നൂസ്, സഹോദരൻ കെ.സി.വർക്കി എന്നിവരോടൊപ്പം അക്കമ്മ എറണാകുളത്തേക്കു തിരിച്ചു. അന്ന് കോൺഗ്രസിന്റെ സർവാധിപതി അഥവാ ഡിക്‌ടേറ്റർ ആയിരുന്നു കുട്ടനാട് രാമകൃഷ്‌ണപിള്ള. അദ്ദേഹത്തിന്റെ അറസ്‌റ്റിനെത്തുടർന്ന് 1938 ഒക്‌ടോബർ 21നു സ്‌റ്റേറ്റ് കോൺഗ്രസിന്റെ പന്ത്രണ്ടാമത്തെ സർവാധിപതിയായി അക്കമ്മ.
∙ രാജധാനിയിൽ അക്കമ്മയുടെ പുറപ്പാട്
ഡിക്‌ടേറ്ററെ എവിടെ കണ്ടാലും അറസ്‌റ്റ് ചെയ്യണമെന്ന് കൽപന വന്നു. എറണാകുളത്തുനിന്ന് പാലക്കാട്, മധുര, ചെങ്കോട്ട, കൊല്ലം വഴി ട്രെയിനിലാണ് അക്കമ്മ തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചത്. റെയിൽവേ ബ്രിട്ടിഷ് ഭരണത്തിൻ കീഴിലായതിനാൽ തിരുവിതാംകൂർ ഭരണകൂടത്തിന് അക്കമ്മയെ അറസ്‌റ്റ് ചെയ്യാനായില്ല. കൊച്ചിൻ എക്‌സ്‌പ്രസിൽ കയറും മുൻപ്, ഹെഡ്‌മിസ്‌ട്രസ് പദവി രാജിവച്ചെന്ന് അറിയിച്ച് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്‌കൂളിലേക്ക് അക്കമ്മ കമ്പിയടിച്ചു. പറവൂർ മുതൽ കന്യാകുമാരി വരെയുള്ള പ്രദേശങ്ങളിൽനിന്നു പതിനായിരങ്ങൾ വേഷപ്രച്‌ഛന്നരായി തിരുവനന്തപുരത്തേക്കു നീങ്ങി.
ഖദർധാരികളെ കൂട്ടത്തോടെ സിപിയുടെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. എന്നിട്ടും തമ്പാനൂർ സ്‌റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ വീരനായികയെ വരവേൽക്കാൻ മനുഷ്യസമുദ്രം ഇരമ്പിയാർത്തു.
1114 തുലാം ഏഴിന് (1938 ഒക്ടോബർ 23) ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ ആട്ടത്തിരുനാളായിരുന്നു. മഹാരാജാവിന്റെ ജന്മദിനം തിരുവിതാംകൂറിന് ആഘോഷമാണ്. പക്ഷേ ആ തുലാം ഏഴ് പതിവുപോലെ ആയിരുന്നില്ല. മഹാരാജാവിനെ മുഖം കാണിക്കാനും അവകാശപത്രിക സമർപ്പിക്കാനും വെട്ടിമുറിച്ചകോട്ടയിലേക്ക് അക്കമ്മയുടെ പുറപ്പാടായിരുന്നു അന്ന്. സാമ്രാജ്യത്വത്തിനും രാജവാഴ്‌ചയ്‌ക്കും എതിരെ ജനാധിപത്യത്തെ അണിനിരത്താനുള്ള രാജധാനി മാർച്ച്. വൈകിട്ട് അഞ്ചുമണിക്ക് മഹാജനപ്രവാഹത്തെ നയിച്ച് അക്കമ്മ രാജസന്നിധിയിലേക്ക് നീങ്ങി. വെളുത്ത ഖദറും ഗാന്ധിത്തൊപ്പികളും പാൽക്കടലിലെ തിരമാലകളെപ്പോലെ അടിവച്ചടിവച്ച് മുന്നേറി.
വഞ്ചീശമംഗളത്തിനു പകരം രാജവീഥിയിൽ ഗാന്ധിജിക്കും കോൺഗ്രസിനും ജയ് മുഴങ്ങി. തുറന്ന ജീപ്പിൽ നിന്നുകൊണ്ട്, അരലക്ഷത്തോളം വരുന്ന ജനക്കൂട്ടത്തെ നയിച്ചെത്തിയ അക്കമ്മയെ കണ്ടാൽ, അധർമത്തെ ചവിട്ടിത്താഴ്‌ത്തി വിരാജിക്കുന്ന ദുർഗാദേവിയെ പോലെ തോന്നിയെന്ന് ഇ.എം.കോവൂർ എഴുതി. ആൾക്കൂട്ടത്തോട് അക്കമ്മ പറഞ്ഞു: ‘‘ഈ സമരം പൗരാവകാശങ്ങൾക്കായുള്ള ഒന്നായി പരിമിതപ്പെടുത്താൻ ശ്രമമുണ്ട്. നാം അനുഭവിച്ച ദുരിതങ്ങൾക്കും ത്യാഗങ്ങൾക്കുംശേഷം സ്‌റ്റേറ്റ് കോൺഗ്രസ് പൗരാവകാശങ്ങൾകൊണ്ടു തൃപ്‌തിപ്പെടുമെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. പൗരാവകാശങ്ങൾ ഉറപ്പുവരുത്താൻ ജനാധിപത്യ വ്യവസ്‌ഥയിലേ സാധ്യമാകൂ’’.
∙ കനൽമരം പോലെ ജ്വലിച്ചവൾ
കോട്ടവാതിലിനു മുന്നിൽ അക്കമ്മയെയും സമരക്കാരെയും പൊലീസ് തടഞ്ഞു. ഗുണ്ടാപ്പൊലീസ് അഴിഞ്ഞാടി. എന്നിട്ടും കോൺഗ്രസ് പ്രവർത്തകരെ അക്കമ്മ ശാന്തരാക്കി നിർത്തി. തടങ്കലിലുള്ള രാഷ്‌ട്രീയ നേതാക്കളെ വിട്ടയയ്‌ക്കണം എന്നായിരുന്നു സമരക്കാരുടെ ആവശ്യം. പട്ടാള മേധാവി കേണൽ വാട്‌കിസ് ലോറി നിറയെ പട്ടാളക്കാരുമായി കുതിച്ചെത്തി. സമരക്കാർ വഴിമാറിയില്ല. അക്കമ്മയുടെ അടുത്തേക്കു വാട്‌കിസ് നടന്നു വന്നു. എന്നിട്ട് താക്കീതോടെ പറഞ്ഞു: ‘വഴി മാറണം, ഇല്ലെങ്കിൽ ജനക്കൂട്ടത്തിലേക്ക് ഞാൻ നിറയൊഴിക്കും.’ വാട്‌കിസ് തോക്കുയർത്തിയപ്പോൾ കനൽമരം കണക്കെ അക്കമ്മ ജ്വലിച്ചു.
സമരക്കാരെ മൃഗീയമായി തല്ലിച്ചതച്ച പട്ടാളത്തിന്റെ ക്രൂരതകൾ പടനായികയുടെ മനസ്സിൽ പെരുമ്പറ കൊട്ടി. ‘ഈ ജനക്കൂട്ടത്തെ നയിക്കുന്ന എന്റെ നെഞ്ചിൽത്തന്നെ ആദ്യത്തെ നിറയൊഴിക്ക്’ എന്നുപറഞ്ഞ്, ഹാരങ്ങൾ വലിച്ചുമാറ്റി അക്കമ്മ നെഞ്ചുംവിരിച്ച് നിന്നു. ആ ധൈര്യത്തിനു മുന്നിൽ ഞെട്ടിയ വാട്‌കിസിന്റെ കൈ താനേ താണു. തൊപ്പിയുയർത്തി ഗുഡ്‌നൈറ്റ് പറഞ്ഞ് വാട്കിസ് കോട്ടയ്‌ക്കകത്തേക്ക് വലിഞ്ഞു. ഈ അവസ്ഥയിൽ ക്രമസമാധാനം പാലിക്കാൻ അശക്‌തരാണെന്ന് പട്ടാള മേധാവിയും പൊലീസ് കമ്മിഷണറും മഹാരാജാവിനെ ബോധിപ്പിച്ചു. എന്നിട്ടും നിവേദക സംഘത്തെ കാണാൻ രാജാവ് കൂട്ടാക്കിയില്ല.
കോൺഗ്രസ് പ്രവർത്തകരെ തമ്പാനൂരിലെ മൈതാനത്തേക്ക് ആനയിച്ച അക്കമ്മ, അവിടെ പ്രതിഷേധ യോഗം ചേർന്നു. ആ സമരകാഹളത്തിൽ കൊട്ടാരം വിറച്ചു. ഒടുവിൽ, സർ സിപിയുടെ പിടിവാശിക്കെതിരെ ജയിൽ വിമോചന രേഖയിൽ മഹാരാജാവ് ഒപ്പിട്ടു. എല്ലാ രാഷ്‌ട്രീയത്തടവുകാരെയും വിട്ടയയ്ക്കാനും തീരുമാനിച്ചു. വെടിയുണ്ടയെ ഭയക്കാത്ത പെൺകരുത്തിന്റെ നേതൃശേഷിയിൽ തിരുവിതാംകൂറിലെ സകല രാഷ്‌ട്രീയ തടവുകാരും അന്നു രാത്രി സ്വാതന്ത്ര്യത്തിലേക്ക് ചുവടുവച്ചു.
സ്റ്റേറ്റ് കോൺഗ്രസിന്റെ നിരോധനവും നീങ്ങി. പിറ്റേന്നു വൈകിട്ടത്തെ മഹായോഗത്തിൽ സ്‌റ്റേറ്റ് കോൺഗ്രസിന്റെ പ്രസിഡന്റ് പദം പട്ടം താണുപിള്ളയെ അക്കമ്മ തിരിച്ചേൽപ്പിച്ചു. 101 കാളകളെ പൂട്ടിയ രഥത്തിൽ നാട്ടുകാർ സമരനായികയെ വരവേറ്റു. പിന്നീട് പലതവണ അക്കമ്മ ജയിലിലായി. ഈ ധീരപോരാട്ടങ്ങളുടെ കഥയറിഞ്ഞപ്പോഴാണ്, തിരുവിതാകൂറിലെ ഝാന്‍സി റാണി എന്ന് അക്കമ്മയെ ഗാന്ധിജി പ്രശംസിച്ചത്.
∙ ജീവിതം ഒരു സമരം
പെൺകുട്ടികളെ പഠിപ്പിക്കണമെന്ന ചിന്തയില്ലാത്ത കാലത്തായിരുന്നു അക്കമ്മയുടെ ബാല്യം. ‘നീയൊരു പെണ്ണാണ്’ എന്ന് നാടുംവീടും ഇടയ്ക്കിടെ ഓർമിപ്പിക്കും. പക്ഷേ, ഞങ്ങളുടെ കുടുംബത്തിലെ രീതികൾ തിരിച്ചായിരുന്നെന്ന് ‘ജീവിതം ഒരു സമരം’ എന്ന ആത്മകഥയിൽ അക്കമ്മ പറഞ്ഞു. ചെറിയാനും അന്നമ്മയ്‌ക്കും 5 ആണും 3 പെണ്ണുമാണ് മക്കൾ. 1909 ഫെബ്രുവരി 15ന് രണ്ടാമത്തെ സന്താനമായാണ് അക്കമ്മയുടെ ജനനം. നന്നായി പഠിപ്പിച്ച് അക്കമ്മയെ വലിയ ഒരാളാക്കണം എന്നായിരുന്നു ഇച്ചായൻ എന്ന അപ്പൻ, ചെറിയാന്റെ ആഗ്രഹം. പെൺമക്കൾ കടബാധ്യതയല്ലേ എന്നു ചോദിച്ച ബന്ധുവിനോട്, ‘അവരെന്റെ കടമല്ല, ധനമാണ്’ എന്നു പറഞ്ഞു.
കാഞ്ഞിരപ്പള്ളിയിലെ ഗവ. ഗേൾസ് പ്രൈമറി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അക്കമ്മ ബിഎ പാസായ വർഷം 52-ാം വയസ്സിൽ ഇച്ചായൻ മരിച്ചു. എറണാകുളം സെന്റ് തെരേസാസ് കോളജിൽനിന്നു ബിഎയും മദ്രാസ് യൂണിവേഴ്‌സിറ്റിയിൽനിന്ന് എൽടിയും പാസ്സായ അക്കമ്മ, കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്‌കൂളിലെ ഹെഡ്‌മിസ്‌ട്രസ് ആയിരിക്കെയാണ് ചരിത്രസമരത്തിലേക്ക് ഇറങ്ങിനടന്നത്. അമ്മച്ചിയുടെ അസാമാന്യ ധൈര്യം ഇല്ലായിരുന്നെങ്കിൽ സിപിയുടെ പട്ടാളത്തെയും നാട്ടുകാരുടെ അപവാദങ്ങളെയും ഒരേസമയം നേരിടാൻ പറ്റുമായിരുന്നില്ലെന്ന് അക്കമ്മ പറഞ്ഞു.
ജയിൽവാസം ജീവിതത്തിന്റെ ഭാഗമായിരുന്നു. 1938ൽ ദേശസേവികാ സംഘം സ്ഥാപിച്ച് യുവതികളെ സ്വാതന്ത്ര്യ സമരത്തിലേക്ക് അടുപ്പിച്ച അക്കമ്മ, ‘കേരളത്തിന്റെ ജൊവാൻ ഓഫ് ആർക്ക്’ എന്നും അറിയപ്പെട്ടു. ക്വിറ്റ് ഇന്ത്യ സമരവേളയിൽ 1942ൽ സ്റ്റേറ്റ് കോൺഗ്രസിന്റെ ആക്ടിങ് പ്രസിഡന്റുമായി. ഇന്ത്യാരാജ്യം സ്വതന്ത്രമായപ്പോൾ, അധികാര രാഷ്‌ട്രീയത്തിന്റെ യുദ്ധതന്ത്രങ്ങൾക്കു മുന്നിൽ അക്കമ്മ പകച്ചു.
1947ൽ കാഞ്ഞിരപ്പള്ളിയിൽനിന്ന് തിരുവിതാംകൂർ ലെജിസ്‌ലേറ്റീവ് അസംബ്ലിയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അർഹതയുണ്ടായിട്ടും 2 തവണ മന്ത്രിസ്‌ഥാനം വഴുതിപ്പോയി. സ്‌റ്റേറ്റ് കോൺഗ്രസിന്റെ വർക്കിങ് കമ്മിറ്റിയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 2 വോട്ടിനാണു തോറ്റത്. ആഗ്രഹിച്ചിട്ടും മീനച്ചിൽ ലോക്‌സഭാ മണ്ഡലത്തിലെ പാർട്ടി സ്‌ഥാനാർഥിത്വം കിട്ടിയുമില്ല. സ്വാതന്ത്യ്രസമര സേനാനിയും എംഎൽഎയുമായിരുന്ന വി.വി.വർക്കിയെ 1952ല്‍ വിവാഹം ചെയ്തു. 1954ൽ സ്വതന്ത്രയായി പാർലമെന്റിലേക്ക് മത്സരിക്കുമ്പോൾ പ്രസവത്തിനായി വെല്ലൂർ ആശുപത്രിയിലായിരുന്നു അക്കമ്മ.
തോൽവിയും വലിയ സാമ്പത്തിക ബാധ്യതയുമാണു ബാക്കിയായത്. 1967ൽ കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസിനായി മത്സരിച്ചപ്പോഴും ബലിയാടായി. പതിയെ അക്കമ്മ രാഷ്ട്രീയത്തിൽനിന്ന് അകന്നു. സ്വാതന്ത്ര്യസമരത്തിലെ സംഭാവനകൾ പരിഗണിച്ച് വി.വി.വർക്കിയെയും അക്കമ്മ ചെറിയാനെയും താമ്രപത്രം നൽകി സർക്കാർ ആദരിച്ചു. കമ്യൂണിസ്റ്റ് നേതാവ് ഇഎംഎസിനെക്കാൾ 3 മാസത്തെ മൂപ്പ് കൂടുതലുണ്ടെങ്കിലും തലപ്പൊക്കമുള്ള പദവികൾ ഏറെയൊന്നും കേരളത്തിന്റെ ഉരുക്കുവനിതയെ തേടിയെത്തിയില്ല. തിരുവനന്തപുരത്ത് താമസിക്കവെ, 1982 മെയ് അഞ്ചിന് 73–ാം വയസ്സിൽ അവർ വിടപറഞ്ഞു. കവടിയാറിൽ രാജ്‌ഭവനു മുന്നിൽ അക്കമ്മയുടെ പൂർണകായ പ്രതിമയുണ്ട്, തലകുനിക്കാത്ത പോരാളിയുടെ ജ്വലിക്കുന്ന ഓർമയായി..!