‘ഇപ്പോഴും അതേ പേടിയുണ്ട്, വിറയലുമുണ്ട്; എന്റെ മാത്രം രഹസ്യമായ ആ എഴുത്തുകൾ...’
കലപിലക്കാരിയായ കുട്ടിയെ അടക്കിയിരുത്താൻ മൂന്നു വയസ്സിലേ അക്ഷരം പഠിപ്പിച്ച അധ്യാപികയായ അമ്മ. പുസ്തകമെന്തെങ്കിലും കിട്ടിയാൽ അതിലേയ്ക്കു പൂണ്ട് പരിസരം മറന്നിരിക്കുമായിരുന്ന കുട്ടി. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ആദ്യം വായിച്ച പുസ്തകം മാലിയുടെ ‘പോരാട്ടം’ എന്ന നോവൽ ആയിരുന്നു. വീടിനു മുകളിലെ റബർ തോട്ടത്തിലെ നിറയെ ശിഖരങ്ങളുള്ള റബർ മരങ്ങളിലൊന്നിനു മുകളിൽ കയറി കാൽ താഴേയ്ക്കിട്ടിട്ട് തായ്ത്തടിയിൽ ചാരിയിരുന്നു വായനയിൽ മുഴുകിയിരുന്ന അക്ഷരക്കുട്ടിയെ ശല്യപ്പെടുത്താതെ ചുറ്റുമുള്ള മരങ്ങളിൽ വന്നിരിക്കാറുണ്ടായിരുന്നതു കൊറ്റികൾ. ഇന്ത്യൻ കരസേനയുടെ ദന്തൽ കോറിൽ ഡോക്ടറായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ച ലഫ്. കേണൽ ഡോ. സോണിയ ചെറിയാന്റെ ബാല്യകാലസമൃതികളിൽ എപ്പോഴും മറഞ്ഞുകൊണ്ടിരിക്കുന്നത് പുസ്തകത്താളുകളാണ്. ഇന്ത്യൻ റെയിൻബോ – ഒരു പട്ടാളക്കാരിയുടെ ഓർമക്കുറിപ്പുകൾ, അവളവൾ ശരണം എന്നീ രണ്ടു പുസ്തകങ്ങളിലും അസാധാരണ അനുഭവമെഴുത്ത് കാഴ്ചവയ്ക്കാൻ അവർക്കു സാധിച്ചത് വായനയോടുള്ള ഈ അഭിനിവേശംകൊണ്ടു കൂടിയാണ്. മരത്തിൽനിന്നു വീണു കയ്യൊടിഞ്ഞ ഏഴാം വയസ്സിൽ, ഒരു ദേശത്തിന്റെ കഥ വായിച്ച ആ പുസ്തകപ്രേമി – ഡോ. സോണിയ ചെറിയാൻ ‘മനോരമ ഓണ്‍ലൈൻ പ്രീമിയ’ത്തിൽ സംസാരിക്കുകയാണ്. തന്റെ വായനയെപ്പറ്റി, എഴുത്തിനെപ്പറ്റി, ജീവിതത്തെപ്പറ്റി...
കലപിലക്കാരിയായ കുട്ടിയെ അടക്കിയിരുത്താൻ മൂന്നു വയസ്സിലേ അക്ഷരം പഠിപ്പിച്ച അധ്യാപികയായ അമ്മ. പുസ്തകമെന്തെങ്കിലും കിട്ടിയാൽ അതിലേയ്ക്കു പൂണ്ട് പരിസരം മറന്നിരിക്കുമായിരുന്ന കുട്ടി. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ആദ്യം വായിച്ച പുസ്തകം മാലിയുടെ ‘പോരാട്ടം’ എന്ന നോവൽ ആയിരുന്നു. വീടിനു മുകളിലെ റബർ തോട്ടത്തിലെ നിറയെ ശിഖരങ്ങളുള്ള റബർ മരങ്ങളിലൊന്നിനു മുകളിൽ കയറി കാൽ താഴേയ്ക്കിട്ടിട്ട് തായ്ത്തടിയിൽ ചാരിയിരുന്നു വായനയിൽ മുഴുകിയിരുന്ന അക്ഷരക്കുട്ടിയെ ശല്യപ്പെടുത്താതെ ചുറ്റുമുള്ള മരങ്ങളിൽ വന്നിരിക്കാറുണ്ടായിരുന്നതു കൊറ്റികൾ. ഇന്ത്യൻ കരസേനയുടെ ദന്തൽ കോറിൽ ഡോക്ടറായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ച ലഫ്. കേണൽ ഡോ. സോണിയ ചെറിയാന്റെ ബാല്യകാലസമൃതികളിൽ എപ്പോഴും മറഞ്ഞുകൊണ്ടിരിക്കുന്നത് പുസ്തകത്താളുകളാണ്. ഇന്ത്യൻ റെയിൻബോ – ഒരു പട്ടാളക്കാരിയുടെ ഓർമക്കുറിപ്പുകൾ, അവളവൾ ശരണം എന്നീ രണ്ടു പുസ്തകങ്ങളിലും അസാധാരണ അനുഭവമെഴുത്ത് കാഴ്ചവയ്ക്കാൻ അവർക്കു സാധിച്ചത് വായനയോടുള്ള ഈ അഭിനിവേശംകൊണ്ടു കൂടിയാണ്. മരത്തിൽനിന്നു വീണു കയ്യൊടിഞ്ഞ ഏഴാം വയസ്സിൽ, ഒരു ദേശത്തിന്റെ കഥ വായിച്ച ആ പുസ്തകപ്രേമി – ഡോ. സോണിയ ചെറിയാൻ ‘മനോരമ ഓണ്‍ലൈൻ പ്രീമിയ’ത്തിൽ സംസാരിക്കുകയാണ്. തന്റെ വായനയെപ്പറ്റി, എഴുത്തിനെപ്പറ്റി, ജീവിതത്തെപ്പറ്റി...
കലപിലക്കാരിയായ കുട്ടിയെ അടക്കിയിരുത്താൻ മൂന്നു വയസ്സിലേ അക്ഷരം പഠിപ്പിച്ച അധ്യാപികയായ അമ്മ. പുസ്തകമെന്തെങ്കിലും കിട്ടിയാൽ അതിലേയ്ക്കു പൂണ്ട് പരിസരം മറന്നിരിക്കുമായിരുന്ന കുട്ടി. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ആദ്യം വായിച്ച പുസ്തകം മാലിയുടെ ‘പോരാട്ടം’ എന്ന നോവൽ ആയിരുന്നു. വീടിനു മുകളിലെ റബർ തോട്ടത്തിലെ നിറയെ ശിഖരങ്ങളുള്ള റബർ മരങ്ങളിലൊന്നിനു മുകളിൽ കയറി കാൽ താഴേയ്ക്കിട്ടിട്ട് തായ്ത്തടിയിൽ ചാരിയിരുന്നു വായനയിൽ മുഴുകിയിരുന്ന അക്ഷരക്കുട്ടിയെ ശല്യപ്പെടുത്താതെ ചുറ്റുമുള്ള മരങ്ങളിൽ വന്നിരിക്കാറുണ്ടായിരുന്നതു കൊറ്റികൾ. ഇന്ത്യൻ കരസേനയുടെ ദന്തൽ കോറിൽ ഡോക്ടറായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ച ലഫ്. കേണൽ ഡോ. സോണിയ ചെറിയാന്റെ ബാല്യകാലസമൃതികളിൽ എപ്പോഴും മറഞ്ഞുകൊണ്ടിരിക്കുന്നത് പുസ്തകത്താളുകളാണ്. ഇന്ത്യൻ റെയിൻബോ – ഒരു പട്ടാളക്കാരിയുടെ ഓർമക്കുറിപ്പുകൾ, അവളവൾ ശരണം എന്നീ രണ്ടു പുസ്തകങ്ങളിലും അസാധാരണ അനുഭവമെഴുത്ത് കാഴ്ചവയ്ക്കാൻ അവർക്കു സാധിച്ചത് വായനയോടുള്ള ഈ അഭിനിവേശംകൊണ്ടു കൂടിയാണ്. മരത്തിൽനിന്നു വീണു കയ്യൊടിഞ്ഞ ഏഴാം വയസ്സിൽ, ഒരു ദേശത്തിന്റെ കഥ വായിച്ച ആ പുസ്തകപ്രേമി – ഡോ. സോണിയ ചെറിയാൻ ‘മനോരമ ഓണ്‍ലൈൻ പ്രീമിയ’ത്തിൽ സംസാരിക്കുകയാണ്. തന്റെ വായനയെപ്പറ്റി, എഴുത്തിനെപ്പറ്റി, ജീവിതത്തെപ്പറ്റി...
കലപിലക്കാരിയായ കുട്ടിയെ അടക്കിയിരുത്താൻ മൂന്നു വയസ്സിലേ അക്ഷരം പഠിപ്പിച്ച അധ്യാപികയായ അമ്മ. പുസ്തകമെന്തെങ്കിലും കിട്ടിയാൽ അതിലേയ്ക്കു പൂണ്ട് പരിസരം മറന്നിരിക്കുമായിരുന്ന കുട്ടി. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ആദ്യം വായിച്ച പുസ്തകം മാലിയുടെ ‘പോരാട്ടം’ എന്ന നോവൽ ആയിരുന്നു. വീടിനു മുകളിലെ റബർ തോട്ടത്തിലെ നിറയെ ശിഖരങ്ങളുള്ള റബർ മരങ്ങളിലൊന്നിനു മുകളിൽ കയറി കാൽ താഴേയ്ക്കിട്ടിട്ട് തായ്ത്തടിയിൽ ചാരിയിരുന്നു വായനയിൽ മുഴുകിയിരുന്ന അക്ഷരക്കുട്ടിയെ ശല്യപ്പെടുത്താതെ ചുറ്റുമുള്ള മരങ്ങളിൽ വന്നിരിക്കാറുണ്ടായിരുന്നതു കൊറ്റികൾ.
ഇന്ത്യൻ കരസേനയുടെ ദന്തൽ കോറിൽ ഡോക്ടറായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ച ലഫ്. കേണൽ ഡോ. സോണിയ ചെറിയാന്റെ ബാല്യകാലസമൃതികളിൽ എപ്പോഴും മറഞ്ഞുകൊണ്ടിരിക്കുന്നത് പുസ്തകത്താളുകളാണ്. ഇന്ത്യൻ റെയിൻബോ – ഒരു പട്ടാളക്കാരിയുടെ ഓർമക്കുറിപ്പുകൾ, അവളവൾ ശരണം എന്നീ രണ്ടു പുസ്തകങ്ങളിലും അസാധാരണ അനുഭവമെഴുത്ത് കാഴ്ചവയ്ക്കാൻ അവർക്കു സാധിച്ചത് വായനയോടുള്ള ഈ അഭിനിവേശംകൊണ്ടു കൂടിയാണ്. മരത്തിൽനിന്നു വീണു കയ്യൊടിഞ്ഞ ഏഴാം വയസ്സിൽ, ഒരു ദേശത്തിന്റെ കഥ വായിച്ച ആ പുസ്തകപ്രേമി – ഡോ. സോണിയ ചെറിയാൻ ‘മനോരമ ഓണ്‍ലൈൻ പ്രീമിയ’ത്തിൽ സംസാരിക്കുകയാണ്. തന്റെ വായനയെപ്പറ്റി, എഴുത്തിനെപ്പറ്റി, ജീവിതത്തെപ്പറ്റി...
? അധ്യാപകരായ ചെറിയാൻ മാഷിന്റെയും ത്രേസ്യാമ്മ ടീച്ചറിന്റെയും മകൾ വായനയിലേക്കും എഴുത്തിലേക്കും തിരിഞ്ഞത് എങ്ങനെയാണ്? പേരാവൂരിലെ കുട്ടിക്കാലത്തെ വായന, എഴുത്ത് അനുഭവങ്ങൾ പങ്കുവയ്ക്കാമോ
∙ കരിനീലയിൽ വെളുത്ത നക്ഷത്രങ്ങളുടെ പടമുള്ള ഒരുടുപ്പും, വെള്ളയും പച്ചയും യൂണിഫോമിട്ട കുറേ ചേച്ചിമാരും ആണ് മനസ്സിൽ തെളിയുന്ന ആദ്യത്തെ ഓർമ. അമ്മ ഉടുപ്പിട്ടു തരുന്നു. കൈപിടിച്ച് കൂട്ടിക്കൊണ്ടുപോവുന്ന ചേച്ചിമാർ. നാട്ടിൻപുറത്തെ സ്കൂളാണ്. സ്കൂളിനടുത്തുള്ള വീട്. ചിലപ്പോൾ ഉച്ചനേരത്തെ ബ്രേക്കിന് മുതിർന്ന കുട്ടികൾ വന്ന് സ്കൂളിലേക്ക് കൈപിടിച്ച് കൊണ്ടുപോകും. അവരുടെ കൂടെ വലിയ ക്ലാസിലെ ഇരുത്തം. ഒരു രണ്ട് - രണ്ടര വയസ്സൊക്കെയേ കാണൂ. കലപില വർത്തമാനം പറയുന്നതുകൊണ്ട് ചേച്ചിമാർക്ക് വലിയ ഇഷ്ടമായിരുന്നു എന്നു തോന്നുന്നു.
മൂന്നുവയസ്സിലേതന്നെ അക്ഷരം പഠിപ്പിച്ചത് ശല്യം കുറയ്ക്കാനാണെന്ന് അമ്മ പറയും. ഒരു പുസ്തകം കിട്ടിയാൽ ബഹളം വയ്ക്കാതെ ഏതെങ്കിലും മൂലയ്ക്ക് അതുംകൊണ്ട് അനങ്ങാതെ ഇരുന്നോളും. ചിത്രം വരക്കാൻ കളർ പെൻസിലുകൾ വാങ്ങിത്തന്നതും അതിനു വേണ്ടിത്തന്നെ. ബേബി സിറ്റിങ് പുസ്തകങ്ങൾ. ബേബി സിറ്റിങ് പെൻസിലുകളും! ഉദ്യോഗസ്ഥയായ അമ്മയുടെ സർവൈവൽ! സ്റ്റാഫ് മീറ്റിങ്ങിനായി ഉള്ളിലോട്ട് പോയ അപ്പയേയും അമ്മയേയും കാത്ത് പുറത്തെ കാത്തിരിപ്പിൽ സ്കൂൾ വരാന്തയിൽ കളർ ചോക്ക്കൊണ്ട് പടം വരച്ച് കളിക്കുമ്പോൾ ഇവൾ നന്നായി വരയ്ക്കുന്നുണ്ടല്ലോ എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി വരയുടെ ബാലപാഠങ്ങൾ പറഞ്ഞു തന്നത് ഡ്രോയിങ് മാസ്റ്റർ വാസുമാഷാണ്.
അമ്മയും ആ സ്കൂളിൽതന്നെ പഠിച്ചതായതു കൊണ്ട് അമ്മയുടെ അധ്യാപകർതന്നെ എന്റെയും അധ്യാപകരായി. അമ്മയോടുള്ള വാത്സല്യം കൂടെ എനിക്ക് കിട്ടി. വാസുമാഷും അമ്മയുടെ മാഷായിരുന്നു. മുത്തശ്ശിക്കഥകൾ ഒന്നും കേട്ടിട്ടില്ല. കഥകൾ പറഞ്ഞു തരാൻ മുത്തശ്ശിമാരൊന്നും കൂടെയില്ലായിരുന്നു. അമ്മവീട് പോലുമില്ലായിരുന്നു. അമ്മയ്ക്ക് അമ്മയില്ലല്ലോ. പക്ഷേ, കഥകൾക്ക് കുറവൊന്നും ഉണ്ടായിട്ടില്ല. ഒത്തിരി കഥകൾ അമ്മയും അപ്പയും കൂടെ പറഞ്ഞു തന്നിട്ടുണ്ട്. ചങ്ങമ്പുഴയുടെ ‘വാഴക്കുല’യും വൈലോപ്പിള്ളിയുടെ ‘മാമ്പഴ’വും ‘ചങ്ങാലിപ്രാവും’ ഒക്കെ ഉറക്കുകഥകളായി പകർന്നാടി.
വേനലവധിക്ക് കൂട്ടുകാരെല്ലാം അമ്മവീട്ടിൽ പോകുമ്പോൾ പോകാനിടമില്ലാത്ത ഞങ്ങൾ കശുമാവിൽ കയറിയും പേരയിൽ ഞാന്നും പുസ്തകം വായിച്ചും ഇവിടെത്തന്നെ കഴിഞ്ഞു. പരീക്ഷപ്പേപ്പർ നോക്കുന്ന, പ്രമോഷന്റെ വർക്കുകൾ ചെയ്യുന്ന തിരക്കുകാലത്ത് ഞങ്ങളെ ഒതുക്കാനുള്ള വഴിയും കഥാപുസ്തകങ്ങൾ തന്നെ. ആദ്യം വായിച്ച നോവൽ മാലിയുടെ ‘പോരാട്ട’മാണ്, ബാലനോവൽ. അന്ന് വീട്ടിൽ വൈദ്യുതിയില്ല. മണ്ണെണ്ണ വിളക്കാണ്. അക്ഷരങ്ങൾ കൂട്ടി പതുക്കെ പതുക്കെ വായിച്ചു തുടങ്ങി, പകുതിയായപ്പോഴേക്കും നല്ല സ്പീഡ് കിട്ടി. പിന്നെ ഉഷാറ് വായന.
പണ്ടത്തെ മൺകട്ട വീടിന്റെ മരപ്പലക അടിച്ച അരഭിത്തിയിൽ കൈകുത്തിക്കിടന്നാണ് വായന. ചുരുണ്ട മുടി മുന്നോട്ട് വീണ് മണ്ണെണ്ണ വിളക്കിൽനിന്ന് തീ പിടിക്കാതിരിക്കാൻ കെട്ടിവയ്ക്കാൻ നോക്കുകയും നീളം പോരാതെ വീണ്ടും അഴിഞ്ഞ് പടരുകയും ചെയ്യുന്നുണ്ട്, താഴത്തെ വയലിൽ നിന്ന് കയറി വന്ന ചാഴിയുടെ മണം അവിടെല്ലാം ചുറ്റിക്കറങ്ങുന്നുണ്ട്, മുറ്റത്തെ വാഴയിൽ ഒരു കടവാവൽ വന്ന് ബഹളത്തോടെ തൂങ്ങുന്നുണ്ട്. കുറച്ചൊരു പേടി വരുന്നുമുണ്ട്. എന്നാലും പുസ്തകം വായിച്ചു തീരാതെ അനങ്ങിയില്ല. തീർന്നപ്പോൾ രാത്രി വൈകിയിരുന്നു. പിന്നത് എത്ര തവണ വായിച്ചു.!
വായിച്ച് വായിച്ച് കാണാപ്പാഠമായ മാലിപ്പുസ്തകങ്ങൾ. പിന്നെ സുമംഗല, നരേന്ദ്രനാഥ്. വർണച്ചിത്രങ്ങളുള്ള റഷ്യൻ പുസ്തകങ്ങൾ. കയ്യിൽ കിട്ടിയ കുട്ടിക്കഥകളെല്ലാം കഴിഞ്ഞപ്പോൾ വലിയ പുസ്തകങ്ങളും ട്രാൻസ്‌ലേഷനുകളും ഒക്കെ വായിക്കാൻ തുടങ്ങി. മരത്തിൽ കയറി വീണ് കയ്യൊടിഞ്ഞ് രണ്ടായി നുറുങ്ങി, പ്ലാസ്റ്ററിട്ടിരുന്ന ഏഴു വയസ്സിലാണ് ‘ഒരു ദേശത്തിന്റെ കഥ’ വായിക്കുന്നത്. പല പ്രായക്കാർക്കായി നടത്തുന്ന പുസ്തകങ്ങളുടെ ചേരിതിരിവ് എനിക്കിപ്പോഴും കാര്യമായി മനസ്സിലാവാറില്ല - അന്ന് ഒറ്റത്തവണ വായിച്ചിട്ട് പിന്നെ ആരോ കൊണ്ടുപോയി നഷ്ടപ്പെട്ടു പോയ ‘കുട്ടികളും കളിത്തോഴരും’ എന്ന റഷ്യൻ പുസ്തകം വീണ്ടും അച്ചടിയിൽ വന്നു എന്നറിഞ്ഞപ്പോൾ അത് ഓൺലൈനിൽ വരുത്തി അന്നത്തെ അതേ കൊതിയോടെ വായിച്ചു തീർത്തത് അടുത്തിടെയാണ്!
മലഞ്ചെരിവിലെ വീട്. മേലെ റബർ തോട്ടം, താഴെ വയൽ. പുറകിലെ തോട്ടത്തിലെ റബർ മരങ്ങളിൽ കയറിയിരുന്നായിരുന്നു മിക്കപ്പോഴും വായന. പ്രിയപ്പെട്ട ഒരു റബർ മരം ഉണ്ടായിരുന്നു. നിറയെ ശിഖരങ്ങളുള്ളത്. അത്യാവശ്യം നല്ല ഉയരത്തിൽ കയറി കവട്ടക്കൊമ്പുകളുടെയിടയിൽ കാലിട്ട് വീഴാതുറപ്പിച്ച് തായ്ത്തടിയിൽ ചാരിയിരുന്ന് വായിക്കുമ്പോൾ വായനയ്ക്കൊരു രസം കൂടുതലുണ്ട്. തണുപ്പു കാലമെങ്കിൽ റബറു പൂക്കുന്ന മണം തണുത്ത വെയിലിൽ വട്ടം ചുറ്റിക്കറങ്ങും. റബർ തേനിന്റെ കട്ടുള്ള സുഗന്ധം! വേനലിലാണെങ്കിൽ റബർകായ പൊട്ടുന്ന പശ്ചാത്തല സംഗീതം. ഇടയ്ക്ക് അങ്ങ് താഴെ, വീട്ടിൽ എന്തു നടക്കുന്നു എന്നൊരു വിഹഗ വീക്ഷണം ആവാം.
പലഹാരങ്ങൾ എന്തെങ്കിലുമുണ്ടാക്കുന്നുണ്ടെങ്കിൽ കാറ്റിൽ മേലോട്ട് പറന്നുവരുന്ന മണം പിടിച്ച് ശടേന്ന് ചാടിയിറങ്ങിവരാം. പഠിക്കുന്ന പുസ്തകമാണോ കഥാപുസ്തകമാണോ വായിക്കുന്നത് എന്ന് അമ്മയ്ക്ക് മനസ്സിലാവാതിരിക്കാനും ഈ രീതി വളരെ സഹായകമാണ്! വീട്ടിലിരുന്ന്, പഠിക്കുന്ന പുസ്തകത്തിനുള്ളിൽ വച്ച് കഥാപുസ്തകം വായിക്കുമ്പോഴോ കട്ടിലിനടിയിൽ കിടന്ന് ‘കേരളശബ്ദം’ വായിക്കുമ്പോഴോ ഉള്ള, ആ ഏതു നേരവും പിടിക്കപ്പെടുമെന്ന ആശങ്ക ഈ മരമുകൾ വായനയ്ക്കില്ല! മേൽനോട്ടം നടത്താൻ താഴെ വയലിൽനിന്ന് മീൻ പിടിച്ച് കഴുത്തറ്റം വരെ തിന്നു നിറഞ്ഞ്, തിരിച്ച് വന്ന് തലയും തൂക്കിയിട്ട് റബർ മരത്തുഞ്ചത്തിരുന്ന് ധ്യാനിക്കുന്ന കൊക്കുകൾ (കൊറ്റികൾ) മാത്രം.
വായനക്കാരിയെ ശല്യപ്പെടുത്താതിരിക്കാൻ (അതോ തിരിച്ചോ) എന്റെ പുന്നാര വായനാമരം അവ എന്നും ഒഴിവാക്കിയിട്ടു. അതിനിടയ്ക്കെപ്പോഴോ കുഞ്ഞുകുഞ്ഞു കഥകൾ എഴുതാൻ തുടങ്ങി. നോട്ടുബുക്കിന്റെ ഒരു വശത്ത് നിറച്ചും പടങ്ങളൊക്കെ വരച്ച്, എഴുത്തിനേക്കാൾ കൂടുതൽ ഇലസ്ട്രേഷനൊക്കെയായി ആഘോഷമായാണ് എഴുത്ത്. ഏഴു വയസ്സിലോ എട്ടുവയസ്സിലോ മറ്റോ ഒരു കുഞ്ഞുനോട്ടുപുസ്തകം നിറയെ കഥകൾ എഴുതിയത് കയ്യിലുണ്ടായിരുന്നു. അത് ആരെയും കാണിക്കാതെ പൊന്നുപോലെ സൂക്ഷിച്ച് കൊണ്ടുനടന്നു. അനിയനും കസിൻസും അതു കണ്ടുപിടിക്കുകയും ഓരോ കഥയിലെ കാര്യങ്ങളും പറഞ്ഞ് വല്ലാതെ കളിയാക്കുകയും ചെയ്തതോടെ ആ പരിപാടി നിർത്തി.
പിന്നെ എപ്പോഴോ കവിതകൾ എഴുതാൻ തുടങ്ങി. അത് വളരെ വളരെ രഹസ്യമായിട്ടാണ്. കണ്ടുപിടിക്കപ്പെടുകയേ അരുത് എന്നതാണ് സ്ട്രാറ്റജി. അതിന് ഏറ്റവും നല്ല വഴി എഴുതിയ ഉടനെ കീറിക്കളയുക എന്നത് തന്നെയാണ്! ചിത്രരചന, പ്രസംഗം, ക്വിസ്, ഉപന്യാസം ഇതിനൊക്കെ കൂടുമായിരുന്നിട്ടും കഥയും കവിതയും എന്റെ മാത്രം രഹസ്യ ഉദ്യാനമായി തുടർന്നു. ഇതാ ഇവിടം വരെ. ആദ്യത്തെ ഫിക്‌ഷൻ വരാൻ പോവുകയാണ്, നോവൽ. കളിയാക്കലുകൾ പേടിച്ച്, എഴുതിയ കഥകളൊക്കെ കീറിക്കളഞ്ഞ പഴയ കുട്ടി ആദ്യമായി വെളിച്ചപ്പെടുകയാണ്. ഇപ്പോഴും അതേ പേടിയുണ്ട്. വിറയലുമുണ്ട്.
? കേവലം പട്ടാള അനുഭവമല്ല സോണിയയുടെ ആദ്യ പുസ്തകമായ ‘ഇന്ത്യൻ റെയിൻബോ’. പട്ടാള ജീവിതകാലത്തും അതിനു മുൻപും സോണിയ യാത്ര, സിനിമ, വായന അനുഭവങ്ങളിലൂടെ ആർജിച്ചെടുത്ത ഒട്ടേറെ നുറുങ്ങുകൾ ഈ പുസ്തകത്തിൽ ഉൾച്ചേർന്നിട്ടുണ്ട്. ആ പുസ്തകം എഴുതാനിടയായ സാഹചര്യവും അതിന്റെ എഴുത്തുരീതിയും വിശദമാക്കാമോ
∙ മാതൃഭൂമി വാരാന്തപ്പതിപ്പിലേക്ക് ഒരു കുറിപ്പ് അയച്ചു കൊടുത്തിരുന്നു; അനുകമ്പയുടെ ദേശാടനങ്ങൾ എന്ന പേരിൽ. തിരുവിതാംകൂറിലെ ജനറൽ ആശുപത്രിയിലേക്ക് നഴ്സുമാരായി സ്വിറ്റ്സർലൻഡിൽനിന്നു വന്ന പൗളീനയെയും കൂട്ടുകാരികളെയും കുറിച്ചായിരുന്നു അത്. പിന്നീട് നമ്മുടെ കേരളദേശത്തിനുതന്നെ അന്നമായും മലയാളിയുടെ ജീവസന്ധാരണത്തിന്റെ ഏറ്റവും മനുഷ്യപ്പറ്റുള്ള വേദിയായും മാറിയ കേരള നഴ്സിങ് പ്രഫഷന്റെ ചരിത്രത്തിൽനിന്നൊരു ഏട്. അതു പ്രസിദ്ധീകരിച്ചു വന്നു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വാരാന്തപ്പതിപ്പിലെ എഡിറ്റർ ശ്രീകാന്ത് കോട്ടയ്ക്കലിന്റെ ഫോൺ വന്നു. പട്ടാള ഓർമകൾ കോളമായി എഴുതിക്കൂടേ എന്നാണദ്ദേഹം ചോദിച്ചത്. എഴുതാം എന്നൊരു ധൈര്യമങ്ങ് തോന്നി.
കയ്യിൽ ഒരു ബുക്കും പെന്നും സൂക്ഷിച്ച് കാണുന്നതെല്ലാം വരച്ചും എഴുതിയും വയ്ക്കുന്ന കുഞ്ഞിലേ തൊട്ടുള്ള ശീലമാണ് ആ ധൈര്യം തന്നത്. മിലിട്ടറിയിൽ ചേർന്നപ്പോഴും അത് വിട്ടില്ല. ആർമിയിൽ ഫീൽഡ് പോസ്റ്റിങ്ങുകളിലാണ് ഏറ്റവും കൂടുതൽ യാത്രകൾ വേണ്ടി വരിക. ഫീൽഡിൽ കോംബാറ്റാണല്ലോ വേഷം. ഒട്ടേറെ പോക്കറ്റുകളുണ്ട് കോംബാറ്റ് യൂണിഫോമിന്. വലതുവശത്തെ പോക്കറ്റിലെപ്പോഴും ഒരു നോട്ട്പാഡ് കാണും. പേന വയ്ക്കാനുള്ള ഇടത് തോളിലെ പോക്കറ്റിൽ നിറമുള്ള പേനകളും. നിറയെ കുനുകുനാ എഴുതിയും കുത്തി വരച്ചുമിട്ട ആ നോട്ട് പാഡുകൾ ഓർമയെഴുത്തിന് ഉപകരിക്കും എന്ന് കരുതി.
അവിടെയാണ് പണി പാളിയത്! എത്രയാ ട്രാൻസ്ഫറുകൾ. ഒട്ടേറെ പെട്ടികൾ. പുസ്തകങ്ങളുടെതന്നെ പലപല പെട്ടികൾ. പല പെട്ടികളും കാലങ്ങളായി തുറക്കാതെ കിടക്കുന്നു. കുറച്ചെണ്ണം കിട്ടി. മിക്കതും കിട്ടിയില്ല. എത്ര ഓർത്തെടുക്കാനാവും എന്ന ആശങ്കയോടെയാണ് എഴുതിത്തുടങ്ങിയത്. പക്ഷേ, തുടങ്ങിയപ്പോൾ ആ പേടി മാറി.
രണ്ടു വർഷം വാരാന്തപ്പതിപ്പിൽ ‘പട്ടാളക്കാരിയുടെ ഓർമക്കുറിപ്പുകളുടെ’ കോളം തുടർന്നു. ഓരോ കോളവും തമ്മിൽ മൂന്നോ നാലോ ആഴ്ചകളുടെ ഇടവേള ലഭിച്ചു. അത് ഓർത്തെഴുതുവാനുള്ള സാവകാശം തന്നു. എഴുതാനും ശേഷം ചെത്താനും മിനുക്കാനും ചിന്തേരിടാനും ധാരാളം സമയം. അത് വളരെ നല്ലതായി തോന്നി. വാരാന്തപ്പതിപ്പിൽ ഓർമക്കുറിപ്പുകൾ വരുന്ന ഞായറാഴ്ച ദിവസം മെയിൽ ബോക്സിൽ വായനക്കാരുടെ എഴുത്തുകൾ വന്നു നിറയും. നിർദേശങ്ങളും അഭിനന്ദനങ്ങളും സ്വന്തമോർമകളുടെ പങ്കുവയ്ക്കലുകളുമൊക്കെയായി സ്നേഹക്കുറിപ്പുകൾ. ഞാനുമന്ന് സന്തോഷംകൊണ്ട് നിറയും. എനിക്കിതെല്ലാം പുതുമയാണല്ലോ, പ്രതീക്ഷിക്കാത്തതാണല്ലോ. എഴുത്ത് ഇത്രയും സ്നേഹം കൊണ്ടു വരുമെന്ന് അനുഭവിച്ചറിഞ്ഞു.
ജീവിതത്തിലെ ഏറ്റവും നല്ലൊരു കാലമായിരുന്നു ആ രണ്ടു വർഷം. വളരെ പഴ്സനൽ ആയി പറഞ്ഞാൽ ഈ ഓർമയെഴുത്തിൽ ഞാൻ വക്കോളം നന്ദിയുള്ളവൾ ആണ്. നിനച്ചിരിക്കാതെ, ഒരുപക്ഷേ, കുറച്ചധികം നേരത്തേ റിവേഴ്സിൽ ജീവിതത്തെക്കാണാനുളള ഒരവസരമാണ് കിട്ടിയത്. മുന്നിൽ നിന്ന് പുറകോട്ട് നോക്കുമ്പോൾ എല്ലാം ഭംഗിയുള്ളതായിരുന്നു എന്നു കാണുന്നു. സങ്കടങ്ങൾ പോലും നല്ലതായിരുന്നു, നല്ലതിനായിരുന്നു എന്ന ഒരു കാഴ്ച. ആ കാഴ്ച എന്നെ ശുദ്ധീകരിക്കുന്നുണ്ട്. ആ ഓർമക്കുറിപ്പുകൾ ക്രോഡീകരിച്ചതാണ് ഇന്ത്യൻ റെയിൻബോ എന്ന ഈ പുസ്തകം. രണ്ടു കുറിപ്പുകൾ മാത്രമേ വേറെ കൂട്ടിച്ചേർത്തിട്ടുള്ളു. അതിൽ ഒന്ന് മനോരമ ഓൺലൈനിലും മറ്റേത് ഇന്ത്യൻ എക്സ്പ്രസ് ഓൺലൈനിലും വന്നതാണ്.
? ‘അവളവൾ ശരണം’ പുസ്തകം പുറത്തിറങ്ങുന്നതിനു പിന്നിൽ എത്രനാളത്തെ പരിശ്രമമുണ്ട്? അതിലെ 20 ആഖ്യാനങ്ങൾ തയാറാക്കിയ അനുഭവം പങ്കുവയ്ക്കാമോ
∙ മിലിട്ടറി സർവീസിൽനിന്നുള്ള റിലീസിനു ശേഷമാണ്. കുറച്ചൊരു കാലം ക്ലിനിക്കിൽനിന്ന് ഒരു ബ്രേക്ക് എടുത്തു. മോന്റെ പ്ലസ്ടുക്കാലമാണ്. അവനു സപ്പോർട്ടായി രണ്ടു വർഷം വീട്ടിൽ ഇരിക്കാമെന്ന് കരുതി. എന്റെ മെറ്റേർണിറ്റി സമയത്ത് ആർമിയിൽ മെറ്റേർണിറ്റി ലീവ് വെറും രണ്ടുമാസമാണ്. ആനുവൽ ലീവും കൂടെ കൂട്ടുമ്പോൾ നാലുമാസം കിട്ടും. അങ്ങനെ കുഞ്ഞിനെ അഞ്ചാം മാസത്തിൽ ആയയുടെ അടുത്താക്കി ജോലിക്ക് പോയതിന് ഒരു പ്രായശ്ചിത്തമെന്ന നിലയിലായിരുന്നു അത് (ഇന്ന് മിലിട്ടറിയിൽ ആറുമാസം മെറ്റേർണിറ്റി ലീവും ചൈൽഡ് കെയർ ലീവും ഒക്കെയുണ്ട്).
അങ്ങനെ കുറച്ച് ഒഴിവു സമയം കിട്ടിയപ്പോൾ പഴയ പാഷൻ പതിയെ വേട്ടയാടാൻ തുടങ്ങി. സുഹൃത്തിന്റെ നിർബന്ധത്താൽ വീണ്ടുമെഴുതിത്തുടങ്ങി. ആദ്യത്തെ ആർട്ടിക്കിൾ പ്രസിദ്ധീകരിക്കാൻ കുറച്ചൊന്ന് ബുദ്ധിമുട്ടി. പല മാഗസിനുകൾക്കും ഓൺലൈനുകൾക്കും അയച്ചുകൊടുത്തിട്ടും മറുപടി ഒന്നും വന്നില്ല. മനോരമ ഓൺലൈനിന്റെ ജോവി എം. തേവരയാണ് ഒടുവിൽ ഒരു തുടക്കക്കാരിയിൽ വിശ്വാസം കാണിച്ചത്. ഒരുപക്ഷേ, അദ്ദേഹം കൂടെ ‘നോ’ പറഞ്ഞെങ്കിൽ ഞാൻ പതുക്കെ പൂട്ടിക്കെട്ടിയേനേ.
എഴുതിയിട്ട് ചുമ്മാ ഉപേക്ഷിക്കുന്ന ശീലമുള്ള എന്നെ ‘മാഗസിനുകൾക്ക് അയച്ചു കൊടുക്കൂ, ഒന്നെങ്കിലും പ്രസിദ്ധീകരിച്ച് വരട്ടെ’ എന്ന് പറഞ്ഞ് നിർബന്ധിച്ചതും പിന്നാലെ നടന്ന് അത് ചെയ്യിച്ചതും കൂട്ടുകാരി സീനയാണ്. പിന്നെ പതുക്കെ മറ്റുള്ള ഓൺലൈനുകളിലും കുറിപ്പുകൾ വന്നു തുടങ്ങി. ഇന്ത്യൻ എക്സ്പ്രസ്, ട്രൂ കോപ്പി. പിന്നെ മാതൃഭൂമി വാരാന്തപ്പതിപ്പ്, ഗൃഹലക്ഷ്മി. എഴുത്തുകളുടെ ആദ്യ വായനക്കാരി മിക്കപ്പോഴും കഥാകാരി പ്രിയ ജോസഫാണ്. പഴയ തെരേഷ്യൻ പ്രീഡിഗ്രിക്കാലക്കൂട്ടാണ്. വിമർശകയും തിരുത്തുകാരിയും നിർദ്ദേശകയും പ്രിയ തന്നെ.
യാത്രയിൽ, വഴികളിൽ കണ്ടുമുട്ടിയ സ്ത്രീകളെക്കുറിച്ചാണ് എഴുതിയത്. വായനയുടെ വഴിയിലും ജീവിതത്തിന്റെ വഴിയിലും അകക്കാമ്പിന്റെ ദൃഢത കൊണ്ട് എന്നെ അദ്ഭുതപ്പെടുത്തിയ എന്റെ പെണ്ണുങ്ങൾ. പല കാലങ്ങളിലായി വന്ന ഈ കുറിപ്പുകളുടെയെല്ലാം സമാഹാരമാണ് ‘അവളവൾ ശരണം’. ഏതെങ്കിലും വിധത്തിൽ ജീവിതത്തെ ഭംഗിയായി നേരിട്ട മനുഷ്യരുടെ കഥകളാണ്. ഇതിൽ എല്ലാ തരത്തിലും പ്രായത്തിലുമുള്ള സ്ത്രീകൾ ഉണ്ട്, എല്ലാ കാലത്തിൽ നിന്നുമുണ്ട്. ബുദ്ധന്റെ സ്ത്രീ യശോധര തൊട്ട് 2023ൽ വടക്കേയറ്റത്തെ അതിർത്തി ഗ്രാമത്തിൽ കണ്ട പതിനെട്ടുകാരി വരെയുണ്ട്. എഴുത്തുകാരികൾ, ഡോക്ടർമാർ, നഴ്സുമാർ, വയൽപ്പണിക്കാരികൾ, പട്ടാളക്കാരികൾ എല്ലാവരുമുണ്ട്. എന്റെ അമ്മയും മുത്തശ്ശിയുമുണ്ട്.
കാലമോ വിധിയോ നിരാർദ്രമായി വർത്തിച്ച ചിലർ സുമധുരമായി ജീവിതത്തെ അഭിമുഖീകരിച്ചതിന്റെ ചില വർത്തമാനങ്ങളാണ് ഈ കുറിപ്പുകളുടെ പൊതുധാര. കുറേക്കൂടി തെളിച്ചമുള്ള ഒരു ലോകത്തിനു വേണ്ടി കഠിനാധ്വാനം ചെയ്ത സ്ത്രീകൾ. അതിനു വേണ്ടി പരിശ്രമിച്ച പരസഹസ്രം മനുഷ്യരോട് ഒപ്പം ചേർന്ന് നടക്കാൻ ഇച്ഛാശക്തിയും ധൈര്യവും കാട്ടിയവർ! ഒരു കൊളാഷ് പോലെയാണ് ഇത് ചെയ്തിരിക്കുന്നത്. ഭയങ്കരമായ യൂണിഫോമിറ്റി ഒന്നും ഇല്ല. സ്ത്രീ എന്ന നിലയിലുള്ള ആന്തരികസത്തയും സ്വഭാവവും മാത്രമാണ് ഈ കുറിപ്പുകളുടെ പൊതുസ്വഭാവം.
? ഇപ്പോൾ വായനയിലുള്ള പുസ്തകങ്ങളെപ്പറ്റി പറയാമോ
∙ ഷീലാ ടോമിയുടെ ‘വല്ലി’. വയനാടൻ മലകൾ തുടങ്ങുന്നതിന്റെ തൊട്ടു താഴെയാണ് ഞങ്ങളുടെ വീട്. ഇങ്ങേവശത്തെ അടിവാരം. പഞ്ഞിമേഘങ്ങളുടെ ഭസ്മക്കുറി തൊട്ട് ചമഞ്ഞൊരുങ്ങി നീലപ്പച്ച വയനാടൻ മലകൾ കിഴക്കേ ആകാശം മറച്ച് കണ്ണിനു മുൻപിൽ നിവർന്നങ്ങനെ നിൽക്കും. ഞങ്ങളുടെ സ്വന്തം സൂര്യൻ ആ മലകളിൽ നിന്നാണ് ഉദിച്ചുണർന്ന് വരുന്നത്. ഞങ്ങളുടെ കാറ്റും ഞങ്ങളുടെ കഥകളും പറന്ന് വരുന്നതും അവിടുന്ന് തന്നെ. അടിയോർക്ക് വേണ്ടി കുരിശേറിയ വർഗീസും വിലങ്ങണിഞ്ഞ അജിതയും വള്ളിയൂർക്കാവിലെ അടിമ ലേലവും ഉണ്ണിയച്ചിക്കഥയും ഒക്കെ അപ്പയുടെയും അമ്മയുടെയും ഉറക്കുകഥകളിൽ പലവട്ടം കടന്നുവന്നിട്ടുണ്ട്. ഇതൊക്കെ കൊണ്ട് കൂടിയാവും ‘വല്ലി’യുമായി നന്നായി അലിഞ്ഞുചേരാൻ പറ്റുന്നുണ്ട്.
ബോബി ജോസ് കട്ടിക്കാടിന്റെ ‘വെറുമോർമ്മതൻ കുരുന്നു തൂവൽ എന്ന പുസ്തകമാണ് അടുത്തത്. കുഞ്ഞിക്കുഞ്ഞി ഓർമത്തുണ്ടുകളിലൂടെ വിരിഞ്ഞുവരുന്ന ഒരു വലിയ പ്രപഞ്ചം. അതിന് മുകളിലും താഴെയുമായി, ആകാശത്തിലും ഭൂമിയിലുമായി എത്ര അടരുകൾ. എത്ര ചിറകുകൾ, എത്ര ഇലകൾ, എത്ര വേരുകൾ! ആണ്ടാളപ്പക്ഷി (പെരുമാൾ മുരുകൻ), കട്ടിങ് ഫോർ സ്റ്റോൺ (ഏബ്രഹാം വർഗീസ്), മാഡം കമ്മിഷണർ (മീരാൻ ചഡ്ഡാ ബോർവാങ്കർ) എന്നിവയാണു മറ്റു പുസ്തകങ്ങൾ.
? മലയാളത്തിൽ ഡോ.സോണിയ ചെറിയാൻ പിന്തുടരുന്ന എഴുത്തുകാർ ആരൊക്കെയാണ്
∙ മാധവിക്കുട്ടിയും ബഷീറും ഒ.വി. വിജയനും എന്റെ ജീവനാണ്. എംടി, സക്കറിയ, സാറ ജോസഫ്, കെ.ആർ. മീര, അഷ്ടമൂർത്തി. കവികളിൽ വീരാൻ കുട്ടി, ഷീജാ വക്കം, സുധീർ രാജ്. ഇങ്ങനെ ചോദിച്ചാൽ പറയാൻ കുറച്ചുപാടാണ്! മിക്കവാറും എല്ലാവരെയും വായിക്കാറുണ്ട്. പിന്തുടരാറുണ്ട്, മിക്കവരെയും ഇഷ്ടമാണ്. എന്നുമെന്നതു പോലെ വായിക്കുന്നത് ആരെയെന്ന് ചോദിച്ചാൽ ബോബി ജോസ് കട്ടിക്കാടാണത്.