എട മോനെ ഇതു വെറും തോക്കല്ല! റോക്കറ്റ് പോലെ വിടണം ഈ ‘സിറിഞ്ചുണ്ട’; കാറ്റിന്റെ കണക്കു തെറ്റിയാൽ ഇതു മരണവെടി
‘ആന മയക്കി’! നല്ല പോലെ തലയ്ക്കു പിടിക്കുന്ന മദ്യത്തിന് ഒരു കൂട്ടം മദ്യപർ ഇട്ട പേരാണിത്. ആനയെ പോലും മയക്കും എന്ന് അർഥം പറയാം, വീര്യത്തിന്റെ അളവും അറിയാം. ആനമയക്കിയെ മദ്യപർ മയക്കിക്കൊണ്ടു പോയിക്കഴിഞ്ഞാണ് യഥാർഥ ആനമയക്കിയുടെ വരവ്. കാട്ടാനയും കടുവയും കൂട്ടമായി നാട്ടിലേക്ക് ഇറങ്ങിയതോടെ മയക്കുവെടി നാട്ടിൽ
‘ആന മയക്കി’! നല്ല പോലെ തലയ്ക്കു പിടിക്കുന്ന മദ്യത്തിന് ഒരു കൂട്ടം മദ്യപർ ഇട്ട പേരാണിത്. ആനയെ പോലും മയക്കും എന്ന് അർഥം പറയാം, വീര്യത്തിന്റെ അളവും അറിയാം. ആനമയക്കിയെ മദ്യപർ മയക്കിക്കൊണ്ടു പോയിക്കഴിഞ്ഞാണ് യഥാർഥ ആനമയക്കിയുടെ വരവ്. കാട്ടാനയും കടുവയും കൂട്ടമായി നാട്ടിലേക്ക് ഇറങ്ങിയതോടെ മയക്കുവെടി നാട്ടിൽ
‘ആന മയക്കി’! നല്ല പോലെ തലയ്ക്കു പിടിക്കുന്ന മദ്യത്തിന് ഒരു കൂട്ടം മദ്യപർ ഇട്ട പേരാണിത്. ആനയെ പോലും മയക്കും എന്ന് അർഥം പറയാം, വീര്യത്തിന്റെ അളവും അറിയാം. ആനമയക്കിയെ മദ്യപർ മയക്കിക്കൊണ്ടു പോയിക്കഴിഞ്ഞാണ് യഥാർഥ ആനമയക്കിയുടെ വരവ്. കാട്ടാനയും കടുവയും കൂട്ടമായി നാട്ടിലേക്ക് ഇറങ്ങിയതോടെ മയക്കുവെടി നാട്ടിൽ
‘ആന മയക്കി’!
നല്ല പോലെ തലയ്ക്കു പിടിക്കുന്ന മദ്യത്തിന് ഒരു കൂട്ടം മദ്യപർ ഇട്ട പേരാണിത്. ആനയെ പോലും മയക്കും എന്ന് അർഥം പറയാം, വീര്യത്തിന്റെ അളവും അറിയാം. ആനമയക്കിയെ മദ്യപർ മയക്കിക്കൊണ്ടു പോയിക്കഴിഞ്ഞാണ് യഥാർഥ ആനമയക്കിയുടെ വരവ്. കാട്ടാനയും കടുവയും കൂട്ടമായി നാട്ടിലേക്ക് ഇറങ്ങിയതോടെ മയക്കുവെടി നാട്ടിൽ താരമായി. കടുവ നാട്ടിൽ ഇറങ്ങിയാൽ മുറവിളി ഉയരും. വയ്ക്കടാ വെടി, മയക്കുവെടി. സത്യത്തിൽ വെടിവയ്പുമായി മയക്കുവെടിക്കു വല്യ ബന്ധമൊന്നുമില്ല. വെടിമരുന്നിന്റെ ഗന്ധം ചില മയക്കുവെടിക്ക് ഉണ്ടെന്നു മാത്രം. അതേ സമയം ആനമയക്കി അടിക്കുന്ന കുടിയന്മാരുമായി മയക്കുവെടി കൊണ്ട മൃഗങ്ങൾക്കു താരതമ്യം ഉണ്ടുതാനും.
അതാണ് ആരെയും മയക്കുന്ന മയക്കുവെടിയുടെ രഹസ്യം. ഇക്കാര്യം ഉണ്ടയില്ലാവെടിയല്ല. എന്നാൽ മയക്കുവെടി സത്യത്തിൽ ഉണ്ടയില്ലാ വെടിയാണ്. വെടി പറയുന്നതല്ല. ആന പോലും മയങ്ങുന്ന മരുന്നാണ് മയക്കുവെടിയുടെ ഉള്ളിലുള്ളത്. അങ്ങനെ പറഞ്ഞാൽ മയക്കുവെടി എന്നതിനു പകരം മയക്കുകുത്തിവയ്പ് എന്നു പറഞ്ഞാലും തെറ്റില്ല. ഒരു വെടിക്ക് രണ്ടു പക്ഷി എന്നത് ഭാഷാപ്രയോഗമാണ്. പക്ഷേ ഒരു മയക്കുവെടിക്ക് രണ്ടു കാട്ടാന വീഴില്ലെന്നു മാത്രമല്ല ഒരാനയ്ക്ക് ഒന്നിലേറെ മയക്കുവെടി വേണ്ടിയും വരും. ആരെയും മയക്കുന്നതാണ് മയക്കുവെടിയുടെ രഹസ്യം. അതേ സമയം കണക്കു തെറ്റിയാൽ മൃഗങ്ങൾ മയങ്ങുക മാത്രമല്ല ചത്തു പോകുകയും ചെയ്യും. അതാണ് പാലക്കാട് മയക്കുവെടിയേറ്റ പുലിക്ക് പറ്റിയതും.
∙ അമ്പും വില്ലുംകൊണ്ട് പറത്തുന്ന സിറിഞ്ചുണ്ട!
ഡാർട്ട്, അതാണ് മയക്കുവെടിയുടെ ഇംഗ്ലിഷ്. മരുന്നു നിറച്ച ഒരു സിറിഞ്ചാണ് ഡാർട്ട്. ഡാർട്ട് ഗൺ എന്ന തോക്ക് ഉപയോഗിച്ചാണ് പൊതുവേ വെടിവയ്ക്കാറുള്ളത്. സത്യത്തിൽ വെടിവയ്ക്കുകയല്ല തോക്ക് ഉപയോഗിച്ച് ഈ സിറിഞ്ച് പറത്തി വിടുകയാണ് ചെയ്യുന്നത്. സിനിമയിൽ വെടി വയ്ക്കുന്നതു പോലെ നെഞ്ചിന് നേരെയല്ല ഈ വെടി. റോക്കറ്റ് വിടുന്നതു പോലെ 45 ഡിഗ്രിയിൽ മുകളിലേക്ക് വിടുന്നു. പ്രൊജക്ട് ചെയ്യുക എന്നാണ് ശാസ്ത്രീയമായി പറയുന്നത്. കനം കുറഞ്ഞ വെടിയുണ്ട നേരെ പോയി ലക്ഷ്യത്തിൽ പതിക്കും. പക്ഷേ നീളവും കനവും കൂടിയ സിറിഞ്ചാകട്ടെ പറത്തി വിട്ടാൽ താഴേക്ക് പതിക്കും. ഈ സ്വഭാവം കണക്കിലെടുത്താണ് ലക്ഷ്യത്തിന് അകലെ വച്ച് സിറിഞ്ച് പറത്തി വിടുന്നത്.
ട്രജക്ടറി എന്നു പേരുള്ള വളഞ്ഞ പാതയിലൂടെ അന്തരീക്ഷത്തിൽ പറന്ന് ഡാർട്ട് 90 ഡിഗ്രിൽ ചെരിഞ്ഞ് മൃഗത്തിന്റെ മേലേക്ക് പതിക്കുന്നു. 15 സെന്റിമീറ്റർ മുതൽ ഒരടി വരെ നീളമുള്ളതാണ് സിറിഞ്ചുണ്ട. 5 സെന്റിമീറ്റർ നീളമുള്ള വാൽഭാഗത്ത് ഒരു തൂവലും ചേർത്താണ് സിറിഞ്ചുണ്ടയുടെ നിർമാണം. സിറിഞ്ച്, സൂചി, തൂവൽ ഘടിപ്പിച്ച വാൽഭാഗം എന്നിവ ചേരുന്നതാണ് ഡാർട്ട് ഉപകരണം. വെടിയുണ്ട പോലെ അല്ല അമ്പ് പോലെയോ മിസൈൽ പോലെയോ ആണ് രൂപം എന്ന് ചുരുക്കം. തോക്കു മാത്രമല്ല വെടിവയ്ക്കാൻ ഉപയോഗിക്കുന്നത്. അമ്പും വില്ലും, തെറ്റാലി, വലിയ എയർഗൺ, ഊതി വിടുന്ന ബ്ലോ ഗൺ എന്നിവ ഉപയോഗിച്ചും സിറിഞ്ച് പറത്തി വിടുന്നു. എയർ പ്രഷറിന് പുറമെ കാർബൺ ഡയോക്സൈഡ് മർദം ഉപയോഗിച്ച് തോക്ക് പ്രവർത്തിപ്പിക്കുന്ന രീതിയും ചില സ്ഥലങ്ങളിലുണ്ട്. തൊലിക്ക് കട്ടി കൂടിയ മൃഗങ്ങളെ വീഴ്ത്താൻ അലൂമിനിയം സിറിഞ്ചാണ് ഉപയോഗിക്കുന്നത്.
∙ കടുവയ്ക്ക് ഒരു അനസ്തീസിയ നൽകിയാലോ ?
ശസ്ത്രക്രിയയ്ക്ക് വേണ്ടി മനുഷ്യന് മയക്കുമരുന്നു നൽകിയാൽ അനസ്തീസിയ എന്നാണ് പറയുന്നത്. പക്ഷേ കടുവയെ കൂട്ടിലാക്കാൻ ഇതേ മയക്കു മരുന്നു നൽകിയാൽ അതു മയക്കുവെടിയായി മാറും. സത്യത്തിൽ അനസ്തീസിയ പോലെയുള്ള ഒരു കുത്തിവയ്പാണ് മയക്കുവെടിയിൽ നൽകുന്നത്. ഒരു മരുന്നിനു പകരം ഒരു കൂട്ടം മരുന്നുകളുടെ മിശ്രിതവും ഉപയോഗിക്കും. അനസ്തീസിയയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളും മയക്കുവെടിയിലുമുണ്ട്. മരുന്നിന്റെ അളവിൽ മാറ്റമുണ്ടെന്നു മാത്രം. ലക്ഷ്യമിടുന്ന മൃഗങ്ങളുടെ ശരീരഭാരം, സ്വഭാവം എന്നിവ കണക്കിലെടുത്താണ് മരുന്നിന്റെ അളവ് നിശ്ചയിക്കുന്നത്.
കീറ്റമിൻ, സൈലാസിൻ, അസി പ്രൊമാസിൻ, മെടിറ്റോമിഡിൻ തുടങ്ങി നിരവധി മരുന്നുകളുണ്ട്. മുൻപൊക്കെ നിക്കോട്ടിൻ കലർന്ന മരുന്നുകളാണ് നൽകിയിരുന്നത്. മരുന്നുകളിൽ കൂടുതലും വിദേശ നിർമിതമാണ്. കാര്യമായ ഉപയോഗവും വിൽപനയും ഇല്ലാത്തതിനാൽ ഇന്ത്യയിൽ ഉൽപാദനം കുറവാണെന്നതാണ് കാരണം. പഴയ മരുന്നും പുതിയ മരുന്നുകളും തമ്മിലുള്ള പ്രധാന വ്യത്യാസം സുരക്ഷാ തോതാണ്. മരുന്നിന്റെ അളവ് അൽപം കൂടിയാലും കാര്യമായ പ്രശ്നമില്ല.
പൊതുവേ കാട്ടാന, കടുവ, പുലി എന്നിവയ്ക്കാണ് മയക്കുവെടി കൂടുതലായും വേണ്ടി വരുന്നത്. നാട്ടിൽ അക്രമാസക്തമായാൽ മയക്കുവെടി വച്ച് പിടിക്കും. പരീക്ഷണങ്ങൾക്കായും പിടിക്കാൻ വേണ്ടിയും മാനുകൾക്കു നേരെയും ഇവ പ്രയോഗിക്കാറുണ്ട്. വന്യമൃഗങ്ങളെ വെടിവയ്ക്കാനുള്ള അനുമതി നൽകുന്നത് വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡനാണ്. നാട്ടാനകളെ വെടിവയ്ക്കാൻ അനുമതി നൽകുന്നത് പൊലീസും കലക്ടറുമാണ്. പ്രത്യേകം പരിശീലനം ലഭിച്ചവരാണ് വെടിവയ്പുകാർ. പരീശീലനം ലഭിച്ച വെറ്ററിനറി ഡോക്ടർമാർ, അവരുടെ സാന്നിധ്യത്തിൽ വെടിവയ്പുകാർ എന്നിവരാണ് വെടി വയ്ക്കുന്നത്. വന്യമൃഗ ശല്യം കൂടുതൽ ആയതോടെ രൂപീകരിച്ച റാപിഡ് റെസ്പോൺസ് ടീം അംഗങ്ങൾ കാര്യക്ഷമതയോടെ വെടിവയ്ക്കുന്നുണ്ട്. വെടിവയ്പിനായുള്ള തോക്ക് അടക്കമുള്ള ഉപകരണങ്ങളും ഇവർക്ക് ലഭ്യമാക്കിയിട്ടുണ്ട്.
∙ നമ്മുടെ മണം പോലും കടുവയ്ക്ക് കിട്ടരുത്
അതീവ ശ്രദ്ധ വേണ്ട ഒന്നാണ് വെടിവയ്പ്. വെടിവയ്പിന് രണ്ടു ഘട്ടങ്ങളുണ്ട്. വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ ആദ്യം സ്ഥലം പരിശോധിക്കും. മൃഗത്തെ നിരീക്ഷിക്കും. തുടർന്ന് വെടിവയ്ക്കേണ്ട സ്ഥലത്തിന്റെ പ്രത്യേകത മനസ്സിലാക്കുമെന്ന് വനംവകുപ്പ് മുൻ ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ഇ.കെ. ഈശ്വരൻ പറയുന്നു. ‘ശരാശരി 40 മീറ്റർ അകലെ നിന്നാണ് വെടിവയ്ക്കുന്നത്. 70 മീറ്റർ വരെ ദൂരത്തുനിന്നും വെടിവയ്ക്കാം. മൃഗം നിൽക്കുന്ന പ്രദേശം വളരെ പ്രധാനപ്പെട്ടതാണ്. ചതുപ്പിലാണെങ്കിൽ മൃഗം വെടി കൊണ്ട് പുതഞ്ഞു വീഴാൻ സാധ്യതയുണ്ട്. തൊട്ടടുത്ത് വെള്ളമുണ്ടെങ്കിൽ മുങ്ങി മരിക്കാം. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് വെടി വയ്ക്കുന്നത്’-ഡോ. ഈശ്വരൻ വ്യക്തമാക്കുന്നു. ആരും കരുതുന്ന പോലെ ലളിതമല്ല ദൗത്യം.
സിറിഞ്ചുണ്ട പോകുന്ന വഴിക്ക് മരത്തിൽ തട്ടാം. പുല്ലിന്റെ ഉയർന്ന ഭാഗത്ത് ഡാർട്ടിന്റെ തൂവൽ തട്ടിയാൽ ലക്ഷ്യം പാളും. മൃഗം നിൽക്കുന്ന സ്ഥലത്തെ കാറ്റും പ്രധാനമാണ്. കാറ്റിന്റെ എതിർദിശയിൽ വേണം വെടിവയ്ക്കാൻ. വെടിവയ്പുകാരന്റെ ശരീരത്തിൽ തട്ടിയ കാറ്റ് മൃഗത്തിന്റെ അടുത്ത് എത്തിയാൽ അതിന് അപകടം മനസ്സിലാകും. അതിനാൽ കാറ്റിന്റെ ദിശ കണക്കിലെടുത്താണ് വെടിവയ്ക്കാൻ നിൽക്കുന്നത്. കാറ്റും അന്തരീക്ഷത്തിലെ മർദവും കണക്കിലെടുത്താണ് വെടിവയ്ക്കുന്നത്. ദൂരം അനുസരിച്ച് തോക്കിന്റെ മർദം ക്രമീകരിക്കും. ഒരു ബാർ മർദത്തിന് നിശ്ചിത ദൂരം ഡാർട്ട് പറക്കും. അതും കണക്കിലെടുക്കണം. മാംസപേശികൾക്കിടയിലാണ് വെടി വയ്ക്കേണ്ടത്. വയറും നെഞ്ചും ഒഴികെ എവിടെ വേണമെങ്കിലും ലക്ഷ്യമിടാം. തുടയിലോ കഴുത്തിലോ ആണ് പൊതുവെ വെടിവയ്ക്കാറുള്ളത്.
∙ ‘കിക്ക്’ വിടുമ്പോൾ വീണ്ടും വെടി
പാലക്കാട്ട് കമ്പിയിൽ കുടുങ്ങിയ പുലി മയക്കുവെടിയേറ്റാണോ മരിച്ചത്? അടുത്ത കാലത്ത് ഉയർന്ന ചോദ്യങ്ങളിലൊന്നാണിത്. മദ്യവും മയക്കുവെടിയും തമ്മിലുള്ള സാദൃശ്യവും ഇവിടെയാണ്. മദ്യം അകത്തു ചെന്നാൽ എങ്ങനെയാണോ അങ്ങനെത്തന്നെയാണ് മയക്കുവെടി ഏറ്റാലും. അതായത് കിറുങ്ങി കിറുങ്ങി നടക്കാം. വെടിയേറ്റാൽ 15 മിനിറ്റിനകം മൃഗം വീഴും. വെടിയുടെ ശബ്ദവും സിറിഞ്ചിന്റെ വേദനയും മൂലം ചിലപ്പോൾ ഓടും. ആനയാണെങ്കിൽ ഈ 15 മിനിറ്റിനുള്ളിൽ ഒരു കിലോമീറ്ററോളം ഓടും. മാത്രമല്ല ഏകദേശം 40 മിനിറ്റു കഴിയുമ്പോൾ 'കിക്ക്' വിടും. അപ്പോൾ വീണ്ടും ഓരോ വെടി അല്ലെങ്കിൽ ഡോസ് കൊടുക്കണം. ഇടയ്ക്ക് ഓരോന്ന് ‘അടിക്കുന്നതു’ പോലെ. മയക്കുവെടി വച്ച അരിക്കൊമ്പനെ ഇടയ്ക്കിടെ വെടി വച്ചതെന്തിനാണെന്ന് ഇപ്പോൾ പിടികിട്ടിയോ. വളരെ ശാന്തമായി നിൽക്കുന്ന മദ്യപാനി ഒരെണ്ണം കഴിച്ചാൽ തന്നെ ഫിറ്റാകും.
അതേ സമയം ടെൻഷൻ അടിച്ചു നിൽക്കുമ്പോൾ നാലെണ്ണം അകത്തു ചെന്നാലും ഒന്നുമാകില്ല. അതു തന്നെയാണ് മയക്കുവെടിയിലും സംഭവിക്കുന്നതെന്ന് ഡോ. ഈശ്വരൻ പറയുന്നു. ‘അക്രമാസക്തരായ മൃഗങ്ങൾക്ക് കൂടുതൽ ഡോസ് മരുന്നു വേണ്ടിവരും’. കുടിച്ചു കരൾ കളയരുതെന്ന് എല്ലാവരും മദ്യപാനികളെ ഉപദേശിക്കും. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വിഷാംശം പുറത്തുകളയുന്നത് കരളും വൃക്കയും മറ്റുമാണ്. കമ്പിവേലിയിലും മറ്റും കുടുങ്ങി ആന്തരികാവയവങ്ങൾ തകർന്ന നിലയിലുള്ള മൃഗങ്ങൾക്ക് മയക്കുവെടിയേറ്റാൽ അത് ആരോഗ്യത്തെ ബാധിക്കും. അതീവ ശ്രദ്ധയും പരിചരണവും ചികിത്സയും നൽകിയില്ലെങ്കിൽ മൃഗം രക്ഷപ്പെടാനുള്ള സാധ്യത കുറവാണ്. മനുഷ്യരുടെ ആരോഗ്യനില നോക്കിയ ശേഷമാണ് അനസ്തീസിയ നൽകുന്നത്. കടുവയുടെ കരളിന്റെ ആരോഗ്യം നോക്കി മയക്കുവെടി വയ്ക്കാൻ പറ്റില്ലല്ലോ. പലപ്പോഴും സംഭവിക്കുന്നതും ഇതാണ്. ഒന്ന് പാളിയാൽ മതി മയക്കുവെടി മരണ വെടിയാകാൻ.