കാലിത്തൊഴുത്തിൽനിന്ന് കുതിച്ചുയർന്ന റോക്കറ്റുകൾ; വിക്രം സാരാഭായ്, ഇന്ത്യയുടെ ആകാശപ്പൂവ്!
ഒരിടത്തൊരിടത്ത് ഒരു തുമ്പപ്പൂ ഉണ്ടായിരുന്നു. ഉണ്ണാനും ഉടുക്കാനും വേണ്ടത്രയില്ലാത്ത മഹാരാജ്യത്തിന്റെ ആകാശപ്പൂവായിരുന്നു അത്. തിരുവനന്തപുരത്തെ കടലോര ഗ്രാമമായ ആ തുമ്പയുടെ മണൽപരപ്പിലൂടെ, സൈക്കിളിൽ പേലോഡ് വച്ച് നടക്കുന്ന രണ്ടു പേർ. പഴയ ജീപ്പിലായിരുന്നു റോക്കറ്റ്. ഘോഷയാത്രയായി ആൾക്കൂട്ടം മുന്നോട്ട്. 1963 നവംബർ 21ന് വൈകിട്ട് 6.25ന് ‘നൈക്ക് – അപ്പാഷെ’ പുകതുപ്പി കുതിച്ചുയർന്നു. ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണമായിരുന്നു. നമ്മൾ പിന്നീട് ചന്ദ്രനിലേക്കും ചൊവ്വയിലേക്കും സൂര്യനിലേക്കും വരെ കൈകൾ നീട്ടി. ബഹിരാകാശത്തെ നേട്ടങ്ങളാൽ ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ ഓർക്കേണ്ടൊരു മനുഷ്യനുണ്ട്, വിക്രം അംബാലാൽ സാരാഭായി. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ്. മണ്ണിൽനിന്നൊരു സ്വപ്നപ്പൂവിനെ
ഒരിടത്തൊരിടത്ത് ഒരു തുമ്പപ്പൂ ഉണ്ടായിരുന്നു. ഉണ്ണാനും ഉടുക്കാനും വേണ്ടത്രയില്ലാത്ത മഹാരാജ്യത്തിന്റെ ആകാശപ്പൂവായിരുന്നു അത്. തിരുവനന്തപുരത്തെ കടലോര ഗ്രാമമായ ആ തുമ്പയുടെ മണൽപരപ്പിലൂടെ, സൈക്കിളിൽ പേലോഡ് വച്ച് നടക്കുന്ന രണ്ടു പേർ. പഴയ ജീപ്പിലായിരുന്നു റോക്കറ്റ്. ഘോഷയാത്രയായി ആൾക്കൂട്ടം മുന്നോട്ട്. 1963 നവംബർ 21ന് വൈകിട്ട് 6.25ന് ‘നൈക്ക് – അപ്പാഷെ’ പുകതുപ്പി കുതിച്ചുയർന്നു. ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണമായിരുന്നു. നമ്മൾ പിന്നീട് ചന്ദ്രനിലേക്കും ചൊവ്വയിലേക്കും സൂര്യനിലേക്കും വരെ കൈകൾ നീട്ടി. ബഹിരാകാശത്തെ നേട്ടങ്ങളാൽ ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ ഓർക്കേണ്ടൊരു മനുഷ്യനുണ്ട്, വിക്രം അംബാലാൽ സാരാഭായി. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ്. മണ്ണിൽനിന്നൊരു സ്വപ്നപ്പൂവിനെ
ഒരിടത്തൊരിടത്ത് ഒരു തുമ്പപ്പൂ ഉണ്ടായിരുന്നു. ഉണ്ണാനും ഉടുക്കാനും വേണ്ടത്രയില്ലാത്ത മഹാരാജ്യത്തിന്റെ ആകാശപ്പൂവായിരുന്നു അത്. തിരുവനന്തപുരത്തെ കടലോര ഗ്രാമമായ ആ തുമ്പയുടെ മണൽപരപ്പിലൂടെ, സൈക്കിളിൽ പേലോഡ് വച്ച് നടക്കുന്ന രണ്ടു പേർ. പഴയ ജീപ്പിലായിരുന്നു റോക്കറ്റ്. ഘോഷയാത്രയായി ആൾക്കൂട്ടം മുന്നോട്ട്. 1963 നവംബർ 21ന് വൈകിട്ട് 6.25ന് ‘നൈക്ക് – അപ്പാഷെ’ പുകതുപ്പി കുതിച്ചുയർന്നു. ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണമായിരുന്നു. നമ്മൾ പിന്നീട് ചന്ദ്രനിലേക്കും ചൊവ്വയിലേക്കും സൂര്യനിലേക്കും വരെ കൈകൾ നീട്ടി. ബഹിരാകാശത്തെ നേട്ടങ്ങളാൽ ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ ഓർക്കേണ്ടൊരു മനുഷ്യനുണ്ട്, വിക്രം അംബാലാൽ സാരാഭായി. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ്. മണ്ണിൽനിന്നൊരു സ്വപ്നപ്പൂവിനെ
ഒരിടത്തൊരിടത്ത് ഒരു തുമ്പപ്പൂ ഉണ്ടായിരുന്നു. ഉണ്ണാനും ഉടുക്കാനും വേണ്ടത്രയില്ലാത്ത മഹാരാജ്യത്തിന്റെ ആകാശപ്പൂവായിരുന്നു അത്. തിരുവനന്തപുരത്തെ കടലോര ഗ്രാമമായ ആ തുമ്പയുടെ മണൽപരപ്പിലൂടെ, സൈക്കിളിൽ പേലോഡ് വച്ച് നടക്കുന്ന രണ്ടു പേർ. പഴയ ജീപ്പിലായിരുന്നു റോക്കറ്റ്. ഘോഷയാത്രയായി ആൾക്കൂട്ടം മുന്നോട്ട്. 1963 നവംബർ 21ന് വൈകിട്ട് 6.25ന് ‘നൈക്ക് – അപ്പാഷെ’ പുകതുപ്പി കുതിച്ചുയർന്നു. ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണമായിരുന്നു. നമ്മൾ പിന്നീട് ചന്ദ്രനിലേക്കും ചൊവ്വയിലേക്കും സൂര്യനിലേക്കും വരെ കൈകൾ നീട്ടി.
ബഹിരാകാശത്തെ നേട്ടങ്ങളാൽ ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ ഓർക്കേണ്ടൊരു മനുഷ്യനുണ്ട്, വിക്രം അംബാലാൽ സാരാഭായി. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ്. മണ്ണിൽനിന്നൊരു സ്വപ്നപ്പൂവിനെ മാനത്തോളം വളർത്തിയ അദ്ഭുതപ്രതിഭാസം.
∙ ആകാശസ്വപ്നത്തിന് നറുപുഞ്ചിരി!
58 സെന്റിമീറ്റർ വ്യാസമുള്ള ഒരു അലുമിനിയഗോളമാണു മനുഷ്യ ചരിത്രത്തിന്റെ ഗതി മാറ്റിയത്. ആദ്യ മനുഷ്യനിർമിത ഉപഗ്രഹമായ സ്‌പുട്‌നിക് ഒന്ന്, 1957 ഒക്‌ടോബർ നാലിനു സോവിയറ്റ് യൂണിയൻ വിക്ഷേപിച്ചതോടെ ബഹിരാകാശയുഗം പിറന്നു. സോവിയറ്റ് യൂണിയനും യുഎസും പരസ്പരം മത്സരിച്ചതോടെയാണ് മറ്റു രാജ്യങ്ങളും ബഹിരാകാശത്തേക്ക് കണ്ണെറിഞ്ഞത്. അനന്തവിഹായസ്സിൽ ഇന്ത്യയുടെ കയ്യൊപ്പും വേണമെന്നു പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു ആശിച്ചു. സുഹൃത്തും ശാസ്‌ത്രജ്‌ഞനുമായ ഡോ. ഹോമി ജഹാംഗീർ ഭാഭയെയാണ് 1961ൽ ദൗത്യം ഏൽപിച്ചത്.
ഭാഭ രൂപീകരിച്ച ശാസ്‌ത്രസംഘത്തിന്റെ അമരക്കാരനായിരുന്നു ഡോ. വിക്രം സാരാഭായി. കാന്തിക ഭൂമധ്യരേഖയ്‌ക്കു മുകളിൽ അന്തരീക്ഷത്തിലെ വൈദ്യുതകാന്തിക പ്രതിഭാസങ്ങൾ പഠിക്കേണ്ടതിനെപ്പറ്റി പറഞ്ഞ് രാജ്യാന്തര വേദികളിൽ സാരാഭായി പേരെടുത്തിരുന്നു. സൗണ്ടിങ് റോക്കറ്റുകളെന്ന ചെറു റോക്കറ്റുകൾ ഉപയോഗിച്ച് ഇവ ഫലപ്രദമായി നടത്താമെന്നും അദ്ദേഹം വാദിച്ചു. ഇന്ത്യയുടെ തെക്കേയറ്റത്തെ വിശാലമായ കടൽത്തീരങ്ങൾക്ക് അരികിലൂടെ കാന്തിക ഭൂമധ്യരേഖ കടന്നുപോകുന്നതായി സാരാഭായി മനസ്സിലാക്കി.
ദക്ഷിണാർധ ഗോളത്തിൽ രാജ്യാന്തര സഹകരണത്തോടെ റോക്കറ്റ് വിക്ഷേപണ സംവിധാനങ്ങൾ ഉണ്ടാകണമെന്ന് ഐക്യരാഷ്ട്ര സംഘടന ശുപാർശ ചെയ്‌തത് സാരാഭായിയുടെ നയതന്ത്ര വിജയമായി. റോക്കറ്റിന്റെയും മിസൈലിന്റെയും സാങ്കേതികവിദ്യ ഏകദേശം സമാനമാണ്. അതിനാൽ റോക്കറ്റ് വിക്ഷേപണത്തിൽ ഇന്ത്യ താൽപര്യം കാണിച്ചപ്പോൾ മറ്റു രാജ്യങ്ങൾ സംശയിച്ചു. ആ രാഷ്‌ട്രങ്ങളെയും വിശ്വാസത്തിലെടുത്ത് ഐക്യരാഷ്ട്ര സംഘടനയുടെ ആശീർവാദത്തോടെയാണ് സാരാഭായി കരുക്കൾ നീക്കിയത്.
വിക്ഷേപണകേന്ദ്രം തുടങ്ങാനുള്ള സ്ഥലം തേടി സാരാഭായിയും സംഘവും അലഞ്ഞു. ഒടുവിൽ വേളിക്കായലിനു സമീപം കടലുരുമ്മി കിടക്കുന്ന തുമ്പയെന്ന കൊച്ചുഗ്രാമം കണ്ടെത്തി. തുമ്പ ഒരു ഔഷധച്ചെടിയാണെന്നും ഇത് കാടുപിടിച്ച് വളരുന്ന ഇടമായതിനാലാണ് പ്രദേശത്തിന് ആ പേരെന്നും അറിഞ്ഞപ്പോൾ സാരാഭായിക്ക് സന്തോഷമായി. ഫ്രാൻസിസ് പുണ്യാളൻ പണികഴിപ്പിച്ചതെന്നു വിശ്വസിക്കപ്പെടുന്ന മഗ്‌ദലനമറിയം പള്ളിയും ബിഷപ്പിന്റെ അരമനയും മത്സ്യത്തൊഴിലാളികളുടെ കുടിലുകളുമുള്ള നാടായിരുന്നു തുമ്പ. ഇതെല്ലാം ഒഴിപ്പിച്ചാലേ വിക്ഷേപണത്തറ ഒരുക്കാനാകൂ.
വിശ്വാസവുമായി ബന്ധപ്പെട്ടതായതിനാൽ ഇടപെടാൻ ഭരണ, രാഷ്‌ട്രീയ നേതൃത്വം മടിച്ചു. പക്ഷേ ഈ നാട്ടിലെ ജനങ്ങളെ സാരാഭായിക്കു വിശ്വാസമായിരുന്നു. ബിഷപ് പീറ്റർ ബർനാർഡ് പെരേരയെ ചെന്നുകണ്ട് സാരാഭായി സംസാരിച്ചു. പിറ്റേന്നു ഞായറാഴ്ച കുർബാന സമയത്തു പള്ളിയിലേക്കു വരാൻ ബിഷപ് പറഞ്ഞു. പ്രാർഥനയ്ക്കുശേഷം അൾത്താരയിലേക്കു സാരാഭായിയെ ബിഷപ് ക്ഷണിച്ചു. എന്നിട്ടു വിശ്വാസികളോടായി പറഞ്ഞു: ‘‘മഹാനായ ശാസ്‌ത്രജ്ഞനാണ് ഇദ്ദേഹം. ജനനന്മ എന്ന ഒരേ ലക്ഷ്യത്തിനാണ് ഞങ്ങൾ രണ്ടുപേരുടെയും ശ്രമം. അദ്ദേഹത്തിനു നമ്മുടെ സ്‌ഥലം വേണം. കുഞ്ഞുമക്കളേ, നിങ്ങളെന്തു പറയുന്നു?’’.
പള്ളിയിൽ നിശബ്‌ദത പരന്നു. ഏതാനും നിമിഷങ്ങൾക്കകം വിശ്വാസികളെല്ലാം എഴുന്നേറ്റുനിന്നു, ഒറ്റസ്വരത്തിൽ പറഞ്ഞു: ആമേൻ! കൈമാറിക്കിട്ടിയ ആ പള്ളി, ശാസ്‌ത്രത്തിന്റെ പരീക്ഷണശാലയായി. ബിഷപ്പിന്റെ അരമന ഓഫിസുമായി. സാരാഭായിയുടെ ഇടപെടലിൽ റോക്കറ്റും റഡാറും യുഎസിൽ നിന്നെത്തിച്ചു. റോക്കറ്റിൽ നിറയ്‌ക്കാനുള്ള സോഡിയം ബാഷ്‌പം ഫ്രാൻസ് നൽകി. കംപ്യൂട്ടറും ശാസ്‌ത്രജ്‌ഞർക്കുള്ള ഹെലികോപ്റ്ററും സോവിയറ്റ് യൂണിയന്റെ സംഭാവനയായിരുന്നു. മാനത്തു സ്വർണമേഘം വരച്ചുചേർത്താണു തുമ്പയിൽനിന്ന് ‘നൈക്ക്–അപ്പാഷെ’ കുതിച്ചത്. ശീതസമരം രൂക്ഷമായ അക്കാലത്തും രാജ്യങ്ങളുടെ കൂട്ടായ്‌മയെന്ന അസാധ്യതയെ സാധ്യമാക്കിയാണു സാരാഭായിയും ഇന്ത്യയും സ്വപ്നം തൊട്ടത്.
∙ കോസ്‌മിക് രശ്‌മിയും മൃണാളിനിയും
1919 ഓഗസ്റ്റ് 12ന് ഗുജറാത്തിലെ അഹമ്മദാബാദിലാണു വിക്രം സാരാഭായിയുടെ ജനനം. വ്യവസായിയും ഗാന്ധിയനും പുരോഗമനവാദിയുമായ അംബാലാൽ സാരാഭായിയുടെയും സരളാദേവിയുടെയും എട്ടു മക്കളിൽ ആറാമൻ. കുഞ്ഞുന്നാളിലേ ശാസ്ത്രത്തോടായിരുന്നു കമ്പം. ദേശീയ നേതാക്കൾ വീട്ടിൽ നിത്യസന്ദർശകരായിരുന്നു. അവരുമായുള്ള ഇടപെടലുകളും വിക്രമിനെ സ്വാധീനിച്ചു. വീട്ടിലൊരുക്കിയ സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. അഹമ്മദാബാദിലെ കോളജിൽനിന്ന് ഇന്റർമീഡിയറ്റ് പാസ്സായി. ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക്. 1939ൽ ബിരുദം നേടി തിരിച്ചെത്തിയ വിക്രം സാരാഭായി, ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പഠിതാവായി.
നൊബേൽ ജേതാവ് ഡോ. സി.വി.രാമന്റെ കീഴിൽ, കോസ്‌മിക് രശ്‌മികളെപ്പറ്റി ഗവേഷണം. പരീക്ഷണത്തിന് ആവശ്യമായ പല ഉപകരണങ്ങളും സ്വന്തമായി നിർമിച്ചു. മലയാളിയായ സ്വാതന്ത്ര്യസമര സേനാനി അമ്മു സ്വാമിനാഥന്റെ മകളും നർത്തകിയുമായ മൃണാളിനി സ്വാമിനാഥനെ പ്രണയിച്ചതും ജീവിതസഖിയാക്കിയതും ഇക്കാലത്താണ്. നർത്തകി മല്ലിക സാരാഭായിയും കാർത്തികേയ സാരാഭായിയുമാണു മക്കൾ. ഇവിടെവച്ചാണു ഹോമി ജെ.ഭാഭയെ പരിചയപ്പെട്ടതും. 1945ൽ രണ്ടാം ലോകയുദ്ധം അവസാനിച്ചതോടെ സാരാഭായി കേംബ്രിജിലേക്കു പോയി.
കുടുംബസുഹൃത്തായ മഹാകവി രവീന്ദ്രനാഥ ടഗോറാണു പ്രവേശനത്തിനു കത്ത് നൽകിയത്. 1947ൽ പിഎച്ച്ഡി നേടി മടങ്ങിയെത്തിയ സാരാഭായി അഹമ്മദാബാദിൽ ഫിസിക്കൽ റിസർച് ലബോറട്ടറി സ്‌ഥാപിക്കാനുള്ള ഒരുക്കം തുടങ്ങി. അന്തരീക്ഷത്തെയും കോസ്‌മിക് രശ്മിയെയും പഠിക്കുകയായിരുന്നു ലക്ഷ്യം. ബഹിരാകാശത്തുനിന്നുള്ള വികിരണങ്ങളെപ്പറ്റിയും അവ ഭൂമിയിൽ സൃഷ്‌ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഗവേഷണത്തിനും തീരുമാനിച്ചു. 1952ൽ സി.വി.രാമൻ തറക്കല്ലിട്ട ഗവേഷണശാല 1954ൽ നെഹ്‌റുവാണ് ഉദ്‌ഘാടനം ചെയ്തത്.
ഒരു മേഖലയിൽ മാത്രമൊതുങ്ങാൻ സാരാഭായി ഇഷ്ടപ്പെട്ടില്ല. ആതിര എന്ന പേരിൽ പ്രശസ്തമായ അഹമ്മദാബാദ് ടെക്‌സ്‌റ്റൈൽ ഇൻഡസ്‌ട്രീസ് റിസർച് അസോസിയേഷൻ (ATIRA) സ്ഥാപിച്ചത് 1947ലാണ്. വ്യവസായ നവീകരണത്തിനു ശാസ്‌ത്രീയ പഠനങ്ങൾ നടത്തുന്നതിനായി 1955ൽ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്‌റ്റഡീസ് ആരംഭിച്ചു.
ഈ രണ്ടു സ്‌ഥാപനങ്ങളുടെയും ഡയറക്‌ടറുടെ തിരക്കിനിടയിലും അഹമ്മദാബാദ്, തിരുവനന്തപുരം, കൊടൈക്കനാൽ, ഗുൽമാർഗ് എന്നിവിടങ്ങളിൽ കോസ്‌മിക് രശ്‌മികളെക്കുറിച്ചു പഠിക്കാനെത്തി. സൂര്യന്റെ ഉപരിതലത്തിലെ മാറ്റങ്ങൾക്കും ഭൂമിയിലെത്തുന്ന കോസ്‌മിക് രശ്‌മികളുടെ എണ്ണത്തിനും തമ്മിൽ ബന്ധമുണ്ടെന്നു തെളിയിച്ചു. ഈ ഗവേഷണത്തിന് 1962ൽ ശാന്തിസ്വരൂപ് ഭട്‌നഗർ അവാർഡ് നേടി. ബറോഡയിലും മുംബൈയിലും കൊൽക്കത്തയിലുമായി കുടുംബത്തിന്റെ വ്യവസായ സാമ്രാജ്യവും സാരാഭായി വ്യാപിപ്പിച്ചു.
സെന്റർ ഫോർ എൻവയൺമെന്റൽ പ്ലാനിങ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റി (സിഇപിടി), കമ്യൂണിറ്റി സയൻസ് സെന്റർ, ദർപ്പൺ അക്കാദമി ഫോർ പെർഫോമിങ് ആർട്സ് (മൃണാളിനി സാരാഭായിക്കൊപ്പം), അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ, കൽപാക്കം ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ, കൊൽക്കത്തയിലെ വേരിയബിൾ എനർജി സൈക്ലോട്രോൺ പ്രോജക്ട്, ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ഇസിഐഎൽ), ബിഹാറിലെ യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയവും സാരാഭായിയാണ് ആരംഭിച്ചത്.
∙ കാലിത്തൊഴുത്ത്, ഇന്ത്യയുടെ ആദ്യ സ്‌പേസ് ലാബ്!
1957ലെ സ്‌പുട്‌നിക് വിക്ഷേപണത്തോടെ സോവിയറ്റ് യൂണിയനും യുഎസും പോര് തുടങ്ങിയപ്പോഴാണു സാരാഭായിയുടെ മനസ്സിലും മോഹങ്ങൾ നാമ്പിട്ടത്. ഹോമി ജെ.ഭാഭ ആയിരുന്നു ഇന്ത്യയുടെ അണുശക്‌തി ഗവേഷണത്തിന്റെ തലവൻ. കോസ്‌മിക് കിരണങ്ങളിലും ബഹിരാകാശത്തിലും ഭാഭയ്ക്കു താൽപര്യമുണ്ടായിരുന്നു. കലയോടും സംസ്‌കാരത്തോടും ഇഷ്ടമുള്ളവരായിരുന്നു സുഹൃത്തുക്കളായ ഭാഭയും സാരാഭായിയും. എന്നാൽ, ആയുധങ്ങൾ വികസിപ്പിക്കുന്നതിൽ സാരാഭായിക്കു താൽപര്യമില്ലായിരുന്നു. ആശയവിനിമയത്തിനും കാലാവസ്ഥ, കൃഷി, ധാതുനിക്ഷേപം എന്നീ മേഖലകളിൽ ഗവേഷണത്തിനും ഉപഗ്രഹ സാങ്കേതികവിദ്യയ്ക്കും റോക്കറ്റ് പദ്ധതി ഇന്ത്യയ്ക്ക് ആവശ്യമാണെന്ന് അദ്ദേഹത്തിനു തോന്നി.
ആണവായുധങ്ങൾ വികസിപ്പിക്കുന്നതിലായിരുന്നു ഭാഭയുടെ ശ്രദ്ധ. ഇതിനായി വ്യവസായി ജെ.ആർ.ഡി. ടാറ്റയുടെ സഹായത്തോടെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച് (ടിഐഎഫ്ആർ) ഭാഭ ആരംഭിച്ചു. ബഹിരാകാശ ഗവേഷണത്തിനായി ഭാഭയുടെ കീഴിലുള്ള അണുശക്തി വകുപ്പിനെ 1961 ഓഗസ്റ്റിൽ നെഹ്റു ചുമതലപ്പെടുത്തി. അടുത്ത വർഷം ഇന്ത്യൻ നാഷനൽ കമ്മിറ്റി ഫോർ സ്‌പേസ് റിസർച്് (INCOSPAR) സ്ഥാപിച്ചു. സാരാഭായി ആയിരുന്നു ചെയർമാൻ. കോടാനുകോടി മനുഷ്യർ ഭക്ഷണത്തിന് യുഎസ് ഗോതമ്പിനെ ആശ്രയിക്കുമ്പോൾ ഇന്ത്യ ബഹിരാകാശദൗത്യം ആരംഭിച്ചത് പലരുടെയും നെറ്റിചുളിപ്പിച്ചു. പക്ഷേ, ശാസ്ത്രജ്ഞരോടു മുന്നോട്ടുപോകാൻ നെഹ്റു പറഞ്ഞു.
സാരാഭായ് റിക്രൂട്ട് ചെയ്ത യുവാക്കളിൽ ഒരാളായിരുന്നു എ.പി.ജെ.അബ്ദുൽ കലാം. പിന്നീട് ഇന്ത്യയുടെ രാഷ്ട്രപതിയായ കലാമിന്, ഭൗതികശാസ്ത്രത്തിൽ ഡിപ്ലോമ മാത്രമേയുള്ളൂ. പക്ഷേ, എയ്‌റോ സ്‌പേസ് എൻജിനീയറിങ്ങിൽ മിടുക്കനായിരുന്നു. 1963 നവംബറിൽ തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്‌റ്റേഷൻ തയാറായി. താമസസ്ഥലം ദൂരെയായതിനാൽ നടന്നും സൈക്കിളിലുമായിരുന്നു ശാസ്ത്രജ്ഞരുടെ യാത്ര. സൈക്കിൾ ചവിട്ടാനറിയാത്ത കലാം, പോക്കറ്റിലോ ബാഗിലോ റോക്കറ്റ് ഭാഗങ്ങളുമായി മറ്റുള്ളവരുടെ സൈക്കിളിൽ പിൻസീറ്റിൽ ഇരുന്നാണു വന്നുപോയത്.
ആദ്യകാല റോക്കറ്റുകൾ വിക്ഷേപണത്തറയിൽ എത്തിക്കാൻ കാളവണ്ടിയും സൈക്കിളും ആയിരുന്നു ആശ്രയം. പള്ളിക്കു മുന്നിലെ തെങ്ങിൻതോപ്പിലായിരുന്നു വിക്ഷേപണത്തറ. അടുത്തുള്ള പ്രൈമറി സ്‌കൂൾ ലോഞ്ച് ഓഫിസായും പിന്നീട് ടെക്‌നിക്കൽ ലൈബ്രറിയായും രൂപം മാറി. പഴയ കാലിത്തൊഴുത്ത് ആയിരുന്നു ഇന്ത്യയുടെ ആദ്യ സ്‌പേസ് ലാബ്. നാസയിൽനിന്നു ധൃതിയിൽ പരിശീലനം നേടിയ എൻജിനീയർമാരും സാരാഭായിയുടെ ആത്മവിശ്വാസവുമായിരുന്നു മൂലധനം. ഇന്ത്യയിലെ ആദ്യ വിക്ഷേപണത്തിൽ ഫ്രഞ്ച് നിർമിത സോഡിയം പേലോഡിനെ ‘നൈക്ക്–അപ്പാഷെ’ 180 കിലോമീറ്റർ ഉയരത്തിലെത്തിച്ചു. 6000 യുഎസ് ഡോളറായിരുന്നു ചെലവ്.
കാറ്റിന്റെ ദിശ, വേഗം, വ്യാപനം, മർദം എന്നിവ കണ്ടുപിടിക്കാനായിരുന്നു ദൗത്യം. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരവും ലഭിച്ചു. തദ്ദേശീയമായി വികസിപ്പിച്ച ആദ്യ സൗണ്ടിങ് റോക്കറ്റായ രോഹിണി–75 (RH-75) 1967–ലാണ് വിക്ഷേപിച്ചത്. റഷ്യയിൽനിന്ന് 1975ൽ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ടയുടെ മാസ്റ്റർമൈൻഡും സാരാഭായിയുടേതാണ്.
1966ൽ വിമാനാപകടത്തിൽ ഭാഭ മരിച്ചപ്പോൾ, അണുശക്‌തി വകുപ്പിന്റെ അധ്യക്ഷസ്‌ഥാനം സാരാഭായി ഏറ്റെടുത്തു. സാരാഭായി പറഞ്ഞു, ‘‘നമുക്ക് അന്യരുടെ പുറകേ പോകേണ്ട കാര്യമില്ല. സ്വാശ്രയത്വമാണു ലക്ഷ്യം. മറ്റുള്ളവരുടെ മുന്നിൽ നാം കാഴ്‌ചക്കാരായിക്കൂടാ.’’ ഇൻകോസ്പാർ 1969ൽ ഐഎസ്ആർഒ ആയപ്പോഴും സാരാഭായി ആയിരുന്നു അധ്യക്ഷൻ. ഇന്ത്യ സ്വന്തമായി ചെറിയ റോക്കറ്റുകൾ നിർമിച്ചു. ആദ്യ ഉപഗ്രഹ വിക്ഷേപണ വാഹനമായ എസ്‌എൽവി-3ന്റെ രൂപകൽപന തയാറാക്കി. ഇന്ത്യയുടെ ഉപഗ്രഹം റഷ്യയിൽനിന്നു വിക്ഷേപിക്കാനുള്ള ചർച്ചയും ആരംഭിച്ചു. വലിയ റോക്കറ്റുകൾ വിക്ഷേപിക്കാൻ ശ്രീഹരിക്കോട്ടയിൽ കേന്ദ്രം തുടങ്ങി.
നാസയുമായി സാരാഭായ് നടത്തിയ ചർച്ചയുടെ ഫലമായി 1975ൽ രാജ്യത്ത് ഉപഗ്രഹ സഹായത്തോടെ ടെലിവിഷൻ പ്രക്ഷേപണം ആരംഭിച്ചു. 2400 പിന്നാക്ക ഗ്രാമങ്ങളിൽ ആധുനിക വിദ്യാഭ്യാസം എത്തിക്കാനുള്ള ആ സ്വപ്നപദ്ധതി സൈറ്റ് എന്ന പേരിൽ ലോകശ്രദ്ധ നേടി. ബഹിരാകാശ ഗവേഷണങ്ങൾക്കായി അഹമ്മദാബാദിൽ എക്‌സ്‌പിരിമെന്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ എർത്ത് സ്‌റ്റേഷൻ, മഹാരാഷ്‌ട്രയിൽ ഓവർസീസ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ സെന്റർ, ബെംഗളൂരുവിൽ സാറ്റലൈറ്റ് സെന്റർ തുടങ്ങിയവയും സാരാഭായ് സ്ഥാപിച്ചു.
∙ ആരായിരുന്നു കമല?
ബഹിരാകാശ ഗവേഷണങ്ങളെപ്പറ്റി ചിന്തിക്കുമ്പോഴും ഇന്ത്യയിലെ സാധാരണക്കാരായിരുന്നു സാരാഭായിയുടെ മനസ്സിൽ. കൃഷിക്കാരെയും നിരക്ഷരരെയും പാവപ്പെട്ടവരെയും എങ്ങനെ സഹായിക്കാമെന്ന് ആലോചിച്ചു. അനൗപചാരിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ അഹമ്മദാബാദിൽ കമ്യൂണിറ്റി സയൻസ് സെന്റർ തുടങ്ങി. ഭരണച്ചുമതലകളുടെ തിരക്കിലും സാരാഭായിയും ഗവേഷണ വിദ്യാർഥികളും ചേർന്ന് അൻപതിലേറെ ശാസ്‌ത്രപ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചു. മൃണാളിനിയുമായി പ്രണയദാമ്പത്യം തുടരുന്നതിനിടെയാണ് വിക്രം സാരാഭായിയുടെ ജീവിതത്തിലേക്ക് മറ്റൊരു സുന്ദരി എത്തിയത്. ലഹോർ സ്വദേശിനി ഡോ. കമലാ ചൗധരി. മൃണാളിനിയുടെ സഹപാഠിയും സുഹൃത്തുമാണ്.
1943ൽ മൃണാളിനിക്കൊപ്പം കശ്‌മീരിൽനിന്നു മടങ്ങുമ്പോൾ റെയിൽവേ സ്‌റ്റേഷനിലാണു കമലയെ സാരാഭായ് ആദ്യം കണ്ടത്. മജിസ്‌ട്രേട്ടായിരുന്ന ഭർത്താവ് കൊല്ലപ്പെട്ടതോടെ ഇരുപതാം വയസ്സിൽ കമല വിധവയായിരുന്നു. ഉന്നത വിദ്യാഭ്യാസം നേടിയാണ് അവർ വേദനകൾ മറികടന്നത്. വർഷങ്ങൾക്കുശേഷം അഹമ്മദാബാദ് ടെക്‌സ്‌റ്റൈൽ ഇൻഡസ്‌ട്രീസ് റിസർച് അസോസിയേഷനിൽ ഇൻഡസ്‌ട്രിയൽ സൈക്കോളജി വിഭാഗം മേധാവിയായി കമല വന്നപ്പോൾ സാരാഭായ് വീണ്ടും കണ്ടു. ‘ദർപ്പണ’ കലാസംഘവുമായി മൃണാളിനി വിദേശയാത്ര പോയതോടെ സാരാഭായിയുടെ മനസ്സിലേക്കു കമല കുടിയേറി. ഈ ബന്ധത്തിന്റെ പേരിൽ കുടുംബജീവിതം ഉലയാതിരിക്കാൻ സാരാഭായ് ശ്രദ്ധിച്ചു.
∙ ആ സംശയങ്ങൾ ഇപ്പോഴും ബാക്കി
വിനയം, ലാളിത്യം, സാഹോദര്യം തുടങ്ങിയ ഗുണങ്ങളാൽ ശാസ്ത്രലോകത്ത് സാരാഭായി ഇന്ത്യയുടെ സംസ്‌കാരമായി മാറി. ‘‘ബഹളങ്ങൾക്കിടയിൽ സംഗീതം ശ്രവിക്കാൻ കഴിയുന്നവർക്കേ ഉന്നതമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിയൂ’’ എന്നു സാരാഭായി ആവർത്തിച്ചു. വിമാനത്താവളത്തിലെ വിഐപി മുറി ഉപയോഗിക്കാത്ത, വിമാനത്തിലെ ഭക്ഷണം കഴിക്കാത്ത സെലിബ്രിറ്റി. വെള്ള ജുബ്ബയും പൈജാമയും ധരിച്ച് ചിരിക്കുന്ന മുഖവുമായേ സാരാഭായിയെ കാണാനാകൂ. 1971 ഡിസംബർ 28ന് തുമ്പ റെയിൽവേ സ്റ്റേഷൻ ശിലാസ്‌ഥാപന ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം തിരുവനന്തപുരത്തെത്തി.
പ്രിയപ്പെട്ട കോവളം കൊട്ടാരത്തിൽ 29ന് രാത്രി 12 വരെ ശാസ്‌ത്രജ്‌ഞരുമായി കൂടിക്കാഴ്ച. 30ന് രാവിലെ 6ന് റൂം ബോയി മുറിയിൽ മുട്ടി. മറുപടിയില്ല. സാരാഭായിയുടെ പ്രൈവറ്റ് സെക്രട്ടറിയെ അറിയിച്ചു. വാതിൽ തള്ളിത്തുറന്ന് നോക്കിയപ്പോൾ വിശ്രമത്തിലെന്ന പോലെ സാരാഭായി മലർന്നു കിടക്കുകയാണ്. ഡോക്‌ടർ വന്നു പരിശോധിച്ചു, സാരാഭായി ഇനിയില്ലെന്നായിരുന്നു മറുപടി. 52–ാം വയസ്സിൽ ആ ആകാശപ്പൂവ് വാടിവീണു. വിവരം അഹമ്മദാബാദിലുള്ള മൃണാളിനിയെ അറിയിച്ചു. ഹൃദ്രോഗമാണു മരണകാരണമെന്നായിരുന്നു ഔദ്യോഗിക സ്‌ഥിരീകരണം. മൃതദേഹ പരിശോധന മാത്രം മതി, പോസ്‌റ്റുമോർട്ടം വേണ്ട എന്ന് തീരുമാനമായി.
കോവളം കൊട്ടാരത്തിലേക്ക് ജനമൊഴുകി. ദിവസം 20 മണിക്കൂർ വരെ ജോലി ചെയ്‌തിരുന്ന സാരാഭായിയുടെ മുഖത്ത് അപ്പോഴും പുഞ്ചിരി മാഞ്ഞിരുന്നില്ല. ജനങ്ങളും ശാസ്‌ത്രജ്‌ഞരും പൊട്ടിക്കരഞ്ഞു. ആകസ്മിക വിയോഗത്തിൽ അവരിൽ അവിശ്വസനീയത നിറഞ്ഞിരുന്നു. ഹോമി ജെ.ഭാഭ വിമാനാപകടത്തിലാണ് മരിച്ചത്. അതിനുശേഷമാണ് ഇന്ത്യയുടെ മറ്റൊരു പ്രഗൽഭനായ സാരാഭായിയുടെ മരണം. സാരാഭായിയുടെ അന്ത്യത്തെപ്പറ്റി വിശദമായി അന്വേഷിക്കണമെന്നും പോസ്റ്റ്‌മോർട്ടം വേണ്ടതായിരുന്നുവെന്നും അഭിപ്രായമുയർന്നു. സ്വാഭാവിക മരണമല്ലെന്നും വിദേശ ശക്‌തികൾക്കു പങ്കുണ്ടെന്നും അഭ്യൂഹം പരന്നു. ആ സംശയങ്ങളെല്ലാം ബാക്കിയാക്കി ഉച്ചയോടെ മൃതദേഹവുമായി വിമാനം അഹമ്മദാബാദിലേക്കു പറന്നു.
∙ ഉയരത്തിൽ ത്രിവർണം
തുമ്പയായിരുന്നു ഇന്ത്യയുടെ ആകാശസ്വപ്നങ്ങളുടെ മോഹമണ്ണ്. തെലങ്കാനയിലെ സ്റ്റാർട്ടപ്പായ സ്‌കൈറൂട്ട് എയ്‌റോസ്‌പേസിന്റെ ‘വിക്രം–എസ്’ എന്ന രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് 2022ൽ ശ്രീഹരിക്കോട്ടയിൽനിന്ന് കുതിച്ചപ്പോൾ സാരാഭായ് വീണ്ടും പുഞ്ചിരിച്ചിട്ടുണ്ടാകും. പതിറ്റാണ്ടുകൾക്കിപ്പുറം ചെലവു കുറഞ്ഞ വിക്ഷേപണങ്ങൾക്കായി യുഎസ് അടക്കമുള്ള രാജ്യങ്ങളും സ്വകാര്യ കമ്പനികളും ഐഎസ്ആർഒയുടെ സഹായം തേടുന്നു. തിരുവനന്തപുരത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന് നമ്മൾ വിക്രം സാരാഭായ് സ്പേസ് സെന്റർ എന്നും, ചന്ദ്രനിലെ ഒരു ഗർത്തത്തിന് ഇന്റർനാഷനൽ അസ്‌ട്രോണമിക്കൽ യൂണിയൻ സാരാഭായ് ക്രേറ്റർ എന്നും പേരിട്ടു.
പത്മഭൂഷനും പത്മവിഭൂഷനും നൽകി രാജ്യം ഈ പ്രതിഭയെ ആദരിച്ചു. ചന്ദ്രനിലെ ദക്ഷിണധ്രുവത്തിൽ ആദ്യമായി സോഫ്റ്റ്‌ലാൻഡ് ചെയ്ത ചന്ദ്രയാൻ മൂന്നിന്റെയും മുൻഗാമി ചന്ദ്രയാൻ രണ്ടിന്റെയും ലാൻഡറിന്റെ പേരും വിക്രം എന്നായിരുന്നു.
‘‘ഒരു വികസ്വര രാഷ്‌ടത്തിൽ ബഹിരാകാശ പ്രവർത്തനങ്ങൾ വേണോയെന്ന് ചിന്തിക്കുന്നവരുണ്ട്. മനുഷ്യന്റെയും സമൂഹത്തിന്റെയും പ്രശ്‌നങ്ങൾ തീർക്കാൻ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണമെന്നു ഞങ്ങൾക്കു നിർബന്ധമാണ്. അതിൽ ആരുടെയും പിന്നിലാകാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല.’’– വിക്രം സാരാഭായ് എന്ന ദേശസ്നേഹിയായ ശാസ്ത്രപ്രതിഭ കൊളുത്തിയ ജ്വാലയിൽ, അതിരില്ലാത്ത ആകാശത്ത് ത്രിവർണസ്വപ്നം തിളങ്ങിക്കൊണ്ടേയിരിക്കുന്നു.