610 കിലോയിൽനിന്ന് 68 കിലോയിലേക്ക്: 33–ാം വയസ്സിൽ ഞെട്ടിക്കുന്ന മാറ്റം; ലോകത്തെ അമ്പരപ്പിച്ച് സൗദി; ഇതെങ്ങനെ?
Mail This Article
‘ഡാ തടിയാ...’ എന്ന് സിനിമാപ്പേര് കേൾക്കുമ്പോൾ ചിരി വരും. കാരണം അതൊരു കോമഡിപ്പടമാണ്. എന്നാൽ യഥാർഥ ജീവിതത്തിൽ ആരെങ്കിലും നിങ്ങളെ തടിയാ എന്നു വിളിച്ചാൽ സങ്കടം വരില്ലേ? കല്യാണം മുതൽ തൊഴിൽ വരെ പ്രതിസന്ധിയിലാക്കുന്ന അമിതവണ്ണം ജീവിതത്തിലെ ഏറ്റവും വലിയ വില്ലനായി മാറുന്ന അവസ്ഥയാണ്. സമൂഹമാധ്യമങ്ങളുടെ വ്യാപനത്തോടെ പ്രത്യേകിച്ചും. ‘എന്റെ ശരീരം, രണ്ട് ബിരിയാണി കൂടുതൽ തിന്നുന്നത് എന്റെ ഇഷ്ടം’ എന്ന് സിനിമയിലെ നായകൻ പറയുമ്പോൾ കയ്യടിക്കാം. പക്ഷേ ശരീരഭാര നിയന്ത്രണം എന്നും പലരുടെയും മുന്നിലെ വലിയ വെല്ലുവിളിയാണ്. കേവലം 100 ഗ്രാം ശരീരഭാരം കൂടിപ്പോയതിന്റെ പേരിലാണ് ഒളിപിംക്സിൽ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് മെഡൽ നഷ്ടമായത്. അത്തരത്തിൽ എണ്ണിയാൽ തീരാത്തത്ര നഷ്ടങ്ങളുടെ കണക്കുകളാണ് അമിതവണ്ണക്കാര്‍ക്ക് പറയാനുണ്ടാകുക. അപ്പോൾപ്പിന്നെ 610 കിലോഗ്രാം ഭാരമുള്ള ഒരാൾ ജീവിതത്തിൽ എന്തുമാത്രം ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടാകും? ഇനി പറയാൻ പോകുന്നത് സൗദി അറേബ്യൻ പൗരനായ ഖാലിദ് ബിൻ മൊഹ്‌സെൻ ഷാരിയുടെ ജീവിത കഥയാണ്. 2013ൽ ലോകത്തിലെ ഏറ്റവും ഭാരമേറിയ മനുഷ്യനായാണ് ഖാലിദ് അറിയപ്പെട്ടിരുന്നത്. 610 കിലോഗ്രാം ആയിരുന്നു അന്ന് ഖാലിദിന്റെ ഭാരം. ജീവനു തന്നെ ഭീഷണിയായി ശരീരഭാരം ഉയർന്നതോടെ ഖാലിദ് വീട്ടിലിരിപ്പായി. എന്നാൽ ഖാലിദിനെ രക്ഷിക്കാൻ സൗദി രാജാവ് തന്നെ രംഗത്തു വന്നു. പിന്നെ, നടന്നതെല്ലാം അദ്ഭുതങ്ങളായിരുന്നു.